(നൂറുവര്‍ഷം മുമ്പ് നടന്ന വൈക്കം സത്യഗ്രഹസമരം ഹിന്ദുക്കളിലെ സകല ജാതിക്കാര്‍ക്കും ക്ഷേത്രത്തിലെ പൊതുവഴിയിലൂടെ നടക്കാനുള്ള അവകാശത്തിനായിരുന്നു. ജാതിയില്‍ അവര്‍ണരെന്ന് ചിലര്‍ നിര്‍ണ്ണയിച്ചവര്‍ക്ക് ക്ഷേത്രവഴി വിലക്കിക്കൊണ്ടുള്ള തീണ്ടല്‍പ്പലകകള്‍ അവിടവിടെ വൈക്കം ക്ഷേത്ര പരിസരത്ത് സ്ഥാപിച്ചിരുന്നു. ‘അവര്‍ണര്‍’ എന്നു വിലക്കപ്പെട്ട അവര്‍ക്ക് നടപ്പവകാശം നേടിക്കൊടുക്കാന്‍ ‘സവര്‍ണര്‍’ എന്ന് വിഭജിക്കപ്പെട്ടവരാണ് വൈക്കത്ത് സത്യഗ്രഹം നടത്തിയത്. വഴിവിലക്ക് ലംഘിച്ച കൂത്താട്ടുകുളം പാലക്കുഴി സ്വദേശി രാമന്‍ ഇളയത് എന്ന ‘സവര്‍ണ’നെ അടിച്ചുവീഴ്ത്തി കണ്ണില്‍ ചുണ്ണാമ്പും കമ്മട്ടിപ്പാലും ചേര്‍ന്ന മിശ്രിതം ഒഴിച്ച് കാഴ്ച കളഞ്ഞു. ജാതിമാടമ്പിമാരുടെ ഗുണ്ട, പാലക്കാട്ടുകാരന്‍ വേലുപ്പിള്ളയാണത് ചെയ്തത്. ഇളയതിന് നഷ്ടമായ കാഴ്ച, പിന്നീട് ശ്രീനാരായണ ഗുരു വിധിച്ച മരുന്ന് പ്രയോഗിച്ച്, ഭാഗികമായി തിരികെ കിട്ടി. ഇളയത് പാലക്കുഴിയില്‍ ഒരു വിദ്യാലയം പണിത്, സകല ജാതിക്കാര്‍ക്കും അവിടെ പ്രവേശനം നല്‍കി. ശ്രീ അയ്യങ്കാളിയാണ് സ്‌കൂള്‍ ഉദ്ഘാടനം ചെയ്തത്. സകല സ്വത്തും സാമൂഹ്യ പ്രവര്‍ത്തനത്തിന് നല്‍കിയ രാമന്‍ ഇളയത് അനാഥനായി, തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് അജ്ഞാതനായി, മരിച്ചു കിടന്നു. യാദൃച്ഛികമായി ശ്രീ കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടാണ് അത് രാമന്‍ ഇളയതാണെന്ന് തിരിച്ചറിഞ്ഞത്. ‘ജാതിച്ചുണ്ണാമ്പ്’ ഇക്കാലത്തും പല തരത്തില്‍ വീണ്ടും വ്യാപകമായി പ്രയോഗിക്കപ്പെടുകയാണ്. കാഴ്ച ഇല്ലാത്തവര്‍ കൂടുന്നു. പലപല ‘ഇണ്ടംതുരുത്തു’കളിലിരുന്ന് ചുണ്ണാമ്പെഴുത്തുകാര്‍ രസിക്കുന്നു. പലഇളയതുമാര്‍ക്കും കാഴ്ച പോകുന്നു. ചികിത്സിക്കാന്‍ ‘ഗുരു’ക്കന്മാരില്ലാതാകുന്നു. അജ്ഞാത ജഡങ്ങള്‍ പെരുകുന്നു. എങ്ങോട്ടുള്ള ഏതുവഴികളിലും ജാതിക്കാട് വളരുന്നു. വേണ്ടതില്ലേ നമുക്ക് പുതിയ ചൂണ്ടുപലകകള്‍…)
ചുണ്ണാമ്പ് കണ്ണില്‍ത്തേച്ചൂ, കാണാതെപോകാന്‍ വഴി
കണ്ണീരും മരച്ചേപോയ് കമ്മട്ടിപ്പാലും ചേരെ.
വൈക്കത്തെ വഴിത്താരപോലുമേ പിടഞ്ഞേപോയ്,
മൂക്കിന്മേല്‍ വിരല്‍വെച്ചു നിന്നുപോല്‍ നൃശംസത!
അജ്ഞാനമില്ലാതാക്കാന്‍ ജ്ഞാനത്തിന്‍ മഷിക്കോലാല്‍
അഞ്ജനമെഴുതിക്കും വിദ്യയാം ഗുരുത്വമേ
പാണ്ഡിത്യം പ്രഭുത്വം ചേര്‍ന്നിങ്ങനെ പ്രഹരിക്കെ
പാതിത്യം പറ്റിപ്പോയീ ജാതിയാല്‍, മനുജര്‍ക്കും
കണ്ണുകള്‍ മങ്ങീതെന്നാല്‍, ഉള്ളിലെക്കണ്‍വെട്ടത്തെ
കണ്ണുനീര്‍ത്തെളിപോലെ തിളക്കിത്തെളിയിച്ചു
രാമനാ,ണിളയതാണെന്നല്ല, പാലക്കുഴി-
ക്കാരനാണയാള്‍, പക്ഷേ, കണ്ണുകള്‍ തുറപ്പിച്ചു
അതിനും ഗുരുവായി, ഗുരു ശ്രീ നാരായണന്‍,
അവിടുന്നല്ലോ ചൊല്ലിക്കൊടുത്തൂ മരുന്നപ്പോള്‍
പര്‍പ്പടപ്പുല്ലിന്‍നീരൊരമ്മതന്‍ മുലപ്പാലില്‍
കൃത്യമായ് ചേര്‍ത്തിട്ടങ്ങ് ധാരകോരിയവാറെ
കണ്ണിനും കാഴ്ച, കൂടെയുള്‍ക്കാഴ്ച, ‘ഇളയത്-
മൂത്തു,’ തന്‍ ലക്ഷ്യംനേടാന്‍ വിദ്യതന്‍ തിരിനീട്ടി
പള്ളിക്കൂടവും കെട്ടി, കെട്ടൊന്നുമില്ലാതങ്ങു-
സര്‍വര്‍ക്കും പ്രവേശിക്കാന്‍ വാതിലും തുറന്നിട്ടു
‘പഞ്ചമി’ക്കില്ലാ പഠിച്ചീടുവാനവകാശ-
മെങ്കിലിന്നെല്ലാം തീയാല്‍ ഭസ്മമാക്കീടും സത്യം
എന്നങ്ങു ഗര്‍ജ്ജിച്ചൊരാ സിംഹമാം അയ്യങ്കാളി
കത്തിച്ചു ദീപം, വെട്ടം പകര്‍ന്നൂ നാട്ടിന്നാകെ.
ശ്രീവിവേകാനന്ദന്‍ നല്‍കീ ജ്യോതിസ്സ്, ‘ടി.കെ.’യുടെ-
രാഗത്തിലിച്ഛാശക്തി, ത്യാഗത്താല്‍ ദേശസ്നേഹം
ഉത്സാഹം, ദൃഢനിഷ്ഠയൊക്കവേ ചേര്‍ന്നിട്ടൊന്നായ്
‘രാമ’ന്റെ ദൗത്യം തീക്ഷ്ണം മായാത്ത ചരിത്രമായ്.
സങ്കടം, ചുണ്ണാമ്പിന്നും കമ്മട്ടിപ്പാലില്‍ ചേര്‍ത്ത്
കണ്ണിലേക്കൊഴിക്കുന്നൂ കൂലിക്കാര്‍ കുഴപ്പക്കാര്‍.
അന്ധത സമൂഹത്തിനുണ്ടാക്കി പുരോഗതി-
യൊന്നാകെ വിലക്കുന്നൂ നാശത്തിന്‍ വഴിയൂടെ
ഇന്നത്തെ ‘വേലൂപ്പിള്ള’മാരിവര്‍, മൂന്നാംനാളില്‍
കുറ്റബോധത്താല്‍ സ്വയം ചത്തന്ന്, വേലൂപ്പിള്ള.
ചരിത്രം തിരിയാത്ത വേലുവിന്‍ പിന്‍ഗാമികള്‍
സകലം മുടിക്കുന്നൂ നാടിനെ, രാജ്യത്തേയും
കാഴ്ചവീണ്ടെടുക്കുവാന്‍, മരുന്നോ വിധിക്കുവാന്‍
കാഴ്ചവട്ടത്തില്‍, വെട്ടത്തില്ലാതായ് ഗുരുക്കന്മാര്‍
അന്ധരാകുന്നൂ, ചിലര്‍ അന്ധരായ് നടിക്കുന്നൂ,
സങ്കടം! ചുണ്ണാമ്പിന്ന് സര്‍വത്ര കൊഴുക്കുന്നു.
സര്‍വതും, സമ്പത്താകെ സര്‍വര്‍ക്കായ് നല്‍കി സ്വയം
രാമന്മാര്‍ നിരത്തിങ്കല്‍ മൃതരായ് കിടക്കുന്നൂ
ആരുമേയറിയാതെ, നാഥനില്ലാതേ വീഴ്കേ
ഊരിലെങ്ങുമേ കാണ്മാനില്ലാതായ് ‘കുറൂര’ന്മാര്‍
ക്രൂരത പകരക്കാരായി വാഴുന്നു കഷ്ടം
‘ഇണ്ടത്തിന്‍ തുരുത്തു’കള്‍ പിന്നെയും രചിക്കുന്നൂ-
‘ശാങ്കരസ്മൃതി വ്യാജം,’ പറിച്ചു കീറാനില്ലാ-
‘കൃഷ്ണന്മാര്‍ നമ്പ്യാതിരി’; ജ്ഞാനദായകവൃന്ദം.
ആഗമങ്ങളില്‍മുങ്ങിയാനന്ദം കണ്ടെത്തുന്നോരാ-
യാളുകള്‍ മാറുന്നേരമാത്മബോധവും ചേരും.
ചരിത്രം ചൂണ്ടിക്കാട്ടി നില്‍ക്കുന്നൂ പലകകള്‍
ചെരിച്ചേ വായിച്ചെന്നാല്‍ തെല്ലുമേ ഫലം കിട്ടാ.
ചൂണ്ടുന്ന പലകകള്‍ ചുറ്റിലും വെക്കാം വീണ്ടും
ഭാവിക്ക് നടന്നീടാന്‍ നേര്‍വഴിതുറന്നീടാം
തീണ്ടാതെപോകാം തീണ്ടല്‍പ്പലക, ചൂണ്ടിക്കാട്ടാം
തീണ്ടിക്കാന്‍ വിഷം, കാത്തു കഴിയും മൂര്‍ഖന്മാരെ.
ആരുണ്ട്? സത്യഗ്രഹം ശീലിച്ചാല്‍ ഗ്രഹിക്കുന്ന-
താരാണ്? ചേരുന്നാര്? തത്ത്വമീ വൈക്കംവഴി.
അടിക്കുറിപ്പ്:
പഞ്ചമി: ഈ പെണ്‍കുട്ടിക്ക് സ്‌കൂളില്‍ പഠിപ്പു നിഷേധിച്ചതിനെതിരേയാണ് ശ്രീ അയ്യങ്കാളി തിരുവനന്തപുരം ഊരുട്ടമ്പലം സര്‍ക്കാര്‍ സ്‌കൂള്‍ തീയിട്ടനശിപ്പിച്ചതും അത് സ്‌കൂളുകളില്‍ ജാതിയില്‍ പിന്നാക്കമെന്ന് ചിലര്‍ വിശേഷിപ്പിച്ചിരുന്ന കുട്ടികള്‍ക്ക് പ്രവേശന വിപ്ലവമായതും.
ടി.കെ: ടി.കെ.മാധവന്‍ എന്ന സാമൂഹ്യ പരിഷ്‌കരണ പ്രവര്‍ത്തക നേതാവ്, വൈക്കം സമര നായകരില്‍ പ്രധാനി.
വേലൂപ്പിള്ള: പാലക്കാട്ടുകാരനായ ഇയാളാണ് രാമന്‍ ഇളയതിന്റെ കണ്ണില്‍ ചുണ്ണാമ്പൊഴിച്ചത്.
കുറൂര്‍: കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്. സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലും കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും സജീവമായിരുന്ന സാമൂഹ്യ പ്രവര്‍ത്തകന്‍.
ഇണ്ടംതുരുത്തി മന: വൈക്കത്തെ പ്രമാണിത്തമുള്ള മനയായിരുന്ന ഇണ്ടംതുരുത്തി. ദേവന്‍ നീലകണ്ഠന്‍ നമ്പ്യാതിരിയായിരുന്ന നാഥന്‍. ഇദ്ദേഹമാണ് സവര്‍ണ്ണ ജാതിക്കാരുടെ നായകനായി പ്രവര്‍ത്തിച്ചത്.
ശാങ്കരസ്മൃതി: ആദിശങ്കരന്‍ രചിച്ചതെന്ന് വിശ്വസിപ്പിച്ച് വൈക്കം സത്യഗ്രഹ സമരത്തില്‍ മഹാത്മാ ഗാന്ധിയെപ്പോലും തെറ്റിദ്ധരിപ്പിക്കാന്‍ ചെങ്ങന്നൂര്‍ സ്വദേശിയായ ശങ്കരന്‍ പോറ്റി തയാറാക്കിയ വ്യാജ പ്രമാണ ഗ്രന്ഥം.
കൃഷ്ണന്‍ നമ്പ്യാതിരി: ചെങ്ങന്നൂര്‍ സ്വദേശിയായ അദ്ധ്യാപകന്‍. ജോലി ഉപേക്ഷിച്ച് വൈക്കം സത്യഗ്രഹത്തില്‍ ചേര്‍ന്നു. ഇദ്ദേഹമാണ് ശാങ്കര സ്മൃതി ആദിശങ്കരന്റേതല്ലെന്ന് കണ്ടെത്തിയത്. കൃഷ്ണന്‍ നമ്പ്യാതിരിയാണ് പില്‍ക്കാലത്ത് ആഗമാനന്ദ സ്വാമികളായത്.