ഏതൊരു കാര്യം ചെയ്യുമ്പോഴും സംഘം അതിന്റെ കാര്യകര്‍ത്താക്കളില്‍ നിന്ന്, സ്വയംസേവകരില്‍ നിന്ന് പ്രതീക്ഷിക്കുന്നത് പൂര്‍ണതയാണ്. അതുകൊണ്ട്, തന്നില്‍ നിക്ഷിപ്തമായ കര്‍ത്തവ്യം പൂര്‍ണതയോടെ നിര്‍വ്വഹിക്കുക, എന്നതായിരിക്കും സംഘകാര്യകര്‍ത്താക്കളുടെയും സ്വയംസേവകരുടെയും ലക്ഷ്യം. സംഘത്തിന്റെ സര്‍സംഘചാലകനായിരുന്ന സുദര്‍ശന്‍ജി ഈ വിഷയത്തില്‍ അത്യന്തം നിഷ്‌ക്കര്‍ഷ പുലര്‍ത്തിയിരുന്നു. സംഘഗീതങ്ങളുടെ കാര്യമായാലും ശാരീരിക്, ബൗദ്ധിക് വിഷയങ്ങളായാലും പൂര്‍ണതക്കുവേണ്ടി പരിശ്രമിക്കുക എന്നത് അദ്ദേഹത്തിന്റെ സ്വഭാവവിശേഷമായിരുന്നു. മാത്രമല്ല, അനേകം വിഷയങ്ങളില്‍ അദ്ദേഹത്തിന് അനുപമമായ പരിജ്ഞാനവുമുണ്ടായിരുന്നു. ശാരീരിക് വര്‍ഗുകളിലായാലും സംഘശിക്ഷാവര്‍ഗ്ഗുകളിലായാലും, ശാരീരികുമായി ബന്ധപ്പെട്ട വളരെ ചെറിയ കാര്യങ്ങള്‍ പോലും എങ്ങനെയാണ് പരിശീലിപ്പിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളില്‍ അദ്ദേഹം സ്വയം നടത്തിയ പ്രയോഗങ്ങള്‍, ശാരീരികിനെ സംബന്ധിക്കുന്ന ഓരോ ക്രിയയും എന്തുകൊണ്ട് നിശ്ചയിക്കപ്പെട്ട അതേ രീതിയില്‍ തന്നെ ചെയ്യണം എന്നീ കാര്യങ്ങളെല്ലാം യുക്തിഭദ്രവും ശാസ്ത്രശുദ്ധവുമായി പറഞ്ഞുകൊടുക്കുവാനും പരിശീലിപ്പിക്കുവാനും അദ്ദേഹത്തിന് അദ്വീതീയമായ കഴിവ് ഉണ്ടായിരുന്നു.
അദ്ദേഹത്തെ സംഘപ്രവര്‍ത്തനത്തിനു വേണ്ടി അസമില്‍ നിയോഗിച്ചപ്പോള്‍, അസമിനെക്കുറിച്ച് സമഗ്രമായി പഠിച്ച് അദ്ദേഹം തയ്യാറാക്കിയ മാര്‍ഗ്ഗരേഖ വളരെ അമൂല്യമായ ഒന്നാണ്. ഏതൊരു പ്രശ്‌നത്തെയും അതിന്റെ അടിവേരുകളിലേക്ക് ഇറങ്ങിച്ചെന്ന് പഠനം നടത്തുക എന്നത് അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു. അദ്ദേഹം സംഘത്തിന്റെ അഖില ഭാരതീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖിന്റെ ചുമതല വഹിച്ചിരുന്ന സമയത്ത്, ‘സാംസ്‌കാരിക ആക്രമണം നടക്കുന്നതെങ്ങനെ? ചരിത്രം വികലമാക്കപ്പെടുന്നതെങ്ങനെ?’ എന്ന വിഷയം അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടു. ഈ വിഷയത്തെക്കുറിച്ച് പഠിക്കാന്‍ അദ്ദേഹം ചെന്നൈയിലെത്തി. അവിടത്തെ ചരിത്രരേഖാ ശേഖരണം ((Archive) മുഴുവന്‍ അരിച്ചുപെറുക്കി ബന്ധപ്പെട്ട രേഖകള്‍ പഠിക്കുകയും, ലൈബ്രറികള്‍ സന്ദര്‍ശിച്ച് പുസ്തകങ്ങള്‍ കണ്ടെത്തി വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തശേഷം അദ്ദേഹം ഉദാഹരണങ്ങള്‍ നിരത്തി, യുക്തിഭദ്രമായി നടത്തിയ പ്രഭാഷണം അദ്വിതീയമായിരുന്നു.