കോണ്‍ഗ്രസ് പാര്‍ട്ടി കാണിച്ച വലിയ രാഷ്ട്രീയ പിഴവ് എന്ന് ഭരണഘടനാ ശില്‍പി ഡോ. ഭീംറാവു അംബേദ്കറിനെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള ഇപ്പോഴത്തെ സമര നാടകങ്ങളെ വിശേഷിപ്പിക്കാം. ബിജെപിയെ ആക്രമിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ്, ചരിത്രബോധം നഷ്ടപ്പെട്ട പാര്‍ട്ടിയായി പ്രവര്‍ത്തിച്ചുകൊണ്ട് സ്വയം പണിമേടിച്ചു കൊണ്ടിരിക്കുന്നു.
ഡോ. അംബേദ്കറോടുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ദ്രോഹം ചരിത്രപരമായി തെളിയപ്പെട്ടതാണ്. അംബേദ്കര്‍ തന്നെ ഇതിനെ കുറിച്ച് നിരവധി പ്രസംഗങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും തുറന്നു പറഞ്ഞിട്ടുണ്ട്. 1932ലെ പൂന കരാറില്‍ ദളിത് വിഭാഗങ്ങള്‍ക്ക് സീറ്റ് ഉറപ്പാക്കാന്‍ നടത്തിയ ശ്രമത്തില്‍ ഗാന്ധിജിയുടെ നിരാഹാരവും, അംബേദ്കറിന്റെ വഴക്കിരിപ്പും ചരിത്രത്തിലെ കറുത്ത അധ്യായങ്ങളാണ്. അംബേദ്കര്‍ തന്നെ ഗാന്ധിജിയെ ‘ഇരട്ടമുഖം കാണിക്കുന്ന രാഷ്ട്രീയക്കാരന്‍’ എന്ന് വിമര്‍ശിച്ചിരുന്നു.
ജവഹര്‍ലാല്‍ നെഹ്‌റു അംബേദ്കറോടുള്ള അവഗണനയില്‍ മുഖ്യ പങ്കുവഹിച്ചതായി ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നു. കേന്ദ്ര മന്ത്രിസഭയില്‍ നിയമ വകുപ്പ് എന്ന രണ്ടാം നിരവകുപ്പ് മാത്രം നല്‍കി അംബേദ്കറെ ഒതുക്കാനുള്ള നീക്കവും, പാര്‍ലമെന്ററി സമിതികളില്‍ നിന്നും ഒഴിവാക്കലും ഇതിന്റെ ഉദാഹരണങ്ങളാണ്. അംബേദ്കറോട് കോണ്‍ഗ്രസിന് എപ്പോഴും നിഷേധാത്മക സമീപനമായിരുന്നു. 1946ലെ ഭരണഘടനാ നിര്‍മാണ സമിതിയിലേക്ക് അംബേദ്കറെ ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസ് തുടക്കത്തില്‍ തയാറായില്ല. പശ്ചിമബംഗാളിലെ ഒരു ദളിത് നേതാവ് സ്ഥാനം ഒഴിഞ്ഞത് കൊണ്ടാണ് അദ്ദേഹം അംഗമായത്. അതുപോലെ, 1952ലും 1954ലും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പുകളില്‍ അംബേദ്കറുടെ പരാജയം കോണ്‍ഗ്രസിന്റെ രാഷ്ട്രീയ അജണ്ടകളുടെ പ്രതിഫലനമായിരുന്നു. സംവരണ വിരുദ്ധ നിലപാടുകള്‍ നിലനിറുത്തിയ കോണ്‍ഗ്രസ്, ദളിത് പിന്നോക്ക വിഭാഗങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിച്ചതും ചരിത്രത്തിന്റെ ഭാഗമാണ്. നെഹ്‌റുവിന്റെ 1961ലെ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് എഴുതിയ കത്ത് ഇതിന്റെ തെളിവായി പരിഗണിക്കാം: “I dislike any kind of reservation, more particularly in service, which leads to inefficiency and second-rate standards.’
കോണ്‍ഗ്രസിനെയും കമ്മ്യൂണിസ്റ്റുകാരെയും, മുസ്ലിം വിഭാഗത്തെയും അംബേദ്കര്‍ വിമര്‍ശിച്ചത് പോലെയും തുറന്ന് കാട്ടിയത് പോലെയും ആരും ചെയ്തിട്ടില്ല. ഡോ. ബി.ആര്‍. അംബേദ്കറുടെ Pakistan or the Partition of India എന്ന കൃതിയില്‍ ഇസ്ലാമും മുസ്ലിം സമൂഹവും സംബന്ധിച്ചുള്ള അനവധി ആശയങ്ങള്‍ വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ട്. ഇന്ത്യന്‍ വിഭജനത്തിന്റെ കാരണങ്ങള്‍, മതപരമായ പ്രശ്‌നങ്ങള്‍, മുസ്ലിം ലീഗിന്റെ നിലപാടുകള്‍ എന്നിവയുടെ വിശകലനമാണ് പുസ്തകം. ഇസ്ലാമിന്റെ രാഷ്ട്രീയ ദര്‍ശനത്തില്‍ മതത്തെയും രാജ്യത്തെയും വേര്‍തിരിച്ച് കാണുന്നില്ലെന്നും മതത്തിന്റെ ആധികാരികതയെ മറികടക്കാന്‍ മുസ്ലിം സമൂഹത്തിന് പ്രയാസമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ‘ഇസ്ലാം സത്യമായൊരു മുസ്ലിമിന് ഇന്ത്യയെ മാതൃഭൂമിയായി കാണാനും ഒരു ഹിന്ദുവിനെ സഹോദരനായി കണക്കാക്കാനും സാധിക്കില്ല’ എന്ന വാചകം സിദ്ധാന്തപരമായ വിശകലനത്തിന്റെ ഭാഗമാണ്. അദ്ദേഹത്തിന് ഇന്ത്യയിലെ മുസ്ലിം സമൂഹത്തിന്റെ പരമ്പരാഗത മതസാമൂഹിക ആസക്തിയെ ചോദ്യം ചെയ്യാനായിരുന്നു ഉദ്ദേശ്യം. മുസ്ലിം ലീഗിന്റെ വിഭജനസിദ്ധാന്തം വിശാല ദേശീയ ഐക്യത്തെ വെല്ലുവിളിക്കുന്നത്് ആണെന്നും മുസ്ലിം പേഴ്‌സണല്‍ ലോയും ഖിലാഫത്തും വിശാലമായ പൗരന്‍മാരുടെ ഏകീകരണത്തെ തടസപ്പെടുത്തുന്നുമെന്നും അംബേദ്ക്കര്‍ നിരീക്ഷിച്ചു.
കമ്മ്യൂണിസ്റ്റുകാര്‍ ഭരണഘടനയെ അംഗീകരിക്കാത്തത് സംബന്ധിച്ചുള്ള ഡോ. ബി.ആര്‍. അംബേദ്കറിന്റെ പ്രസംഗങ്ങളും ഇന്നും പ്രസക്തമാണ്. ഭരണഘടനാ നിര്‍മാണസഭയില്‍ കമ്മ്യൂണിസ്റ്റുകള്‍ക്കെതിരെ നടത്തിയ പ്രസ്താവനകള്‍ ചരിത്രപരമായി സുപ്രധാനമാണ്. ഭരണഘടനയുടെ രൂപകല്പനയും ജനാധിപത്യ പരിപാലനത്തിനുള്ള അടിസ്ഥാനവും സംരക്ഷിക്കാന്‍ അദ്ദേഹം ശക്തമായ നിലപാട് സ്വീകരിച്ചു.
“Why do the communists condemn the Indian Constitution? Is it because it is really a bad Constitution? I venture to say no. The Communist Party wants a Constitution based upon the principle of the Dictatorship of the Proletariat. They condemn the Constitution because it is based upon parliamentary democracy.’എന്നായിരുന്നു അദ്ദേഹം ഭരണഘടനാ നിര്‍മാണസഭയില്‍ പറഞ്ഞത്.
അവസാനകാലത്ത് താന്‍ ബുദ്ധമതം സ്വീകരിക്കാന്‍ കാരണം പട്ടികജാതി സമൂഹം കമ്മ്യൂണിസത്തിലേയ്ക്ക് പോകുന്നത് തടയാനാണെന്നും അംബേദ്കര്‍ പറയുന്നുണ്ട്. ‘സ്വാതന്ത്ര്യത്തോടെ ജനങ്ങള്‍ക്കിടയില്‍ ഉണര്‍വ് ഉണ്ടാകുന്നത് സ്വാഭാവികമാണ്. പട്ടികജാതി സമൂഹം ഇതുവരെ ചൂഷണത്തിന് ഇരയായിരുന്നു.അങ്ങനെയുള്ള സമൂഹം കമ്മ്യൂണിസത്തിന് ഇരയായി മാറുന്നു. പട്ടികജാതി സമൂഹം കമ്മ്യൂണിസത്തിന് ഇരയായി മാറണമെന്നും അതിനിടെ ദേശീയ താല്‍പര്യം നഷ്ടപ്പെടണമെന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍, അവര്‍ക്ക് ഒരു ദിശാബോധം നല്‍കേണ്ടത് അനിവാര്യമാണെന്ന് ഞാന്‍ കരുതുന്നു.’ (‘ഡോ. അംബേദ്കര്‍ ഔര്‍ സാമാജിക് ക്രാന്തി കി യാത്ര’).
ഡോ. ബി.ആര്‍.അംബേദ്കറും ആര്‍എസ്എസ്സും തമ്മിലുള്ള ബന്ധം ചരിത്രപരമായി ശ്രദ്ധേയമാണ്. അംബേദ്കര്‍ ആര്‍എസ്എസിനെയും അതിന്റെ നേതാക്കളെയും കുറിച്ച് വ്യക്തമായ ധാരണയോടെ സമീപിച്ചിരുന്നു. ദത്തോപാന്ത് ഠേംഗ്ഡി ആര്‍എസ്എസ് പ്രചാരകനാണെന്ന അറിവോടെയാണ് അംബേദ്കര്‍ പട്ടികജാതി ഫെഡറേഷനിലെ ഉത്തരവാദിത്വം അദ്ദേഹത്തിനു നല്‍കിയത്. 1952-56 കാലയളവില്‍ താങ്ങും തണലുമായ ഠേംഗ്ഡി, അംബേദ്കറിന്റെ വിശ്വസ്ത പ്രവര്‍ത്തകനായിരുന്നു.1935ല്‍ പൂനെയിലെ ആര്‍എസ്എസ് ശിക്ഷാ വര്‍ഗ് സന്ദര്‍ശിച്ച അംബേദ്കര്‍, സംഘ സ്ഥാപകനായ ഡോ. ഹെഡ്‌ഗേവാറുമായി ആശയവിനിമയം നടത്തി. 1939ലെ സംഘ പരിപാടിയില്‍ കൂടി പങ്കെടുത്തതോടെ ആര്‍എസ്എസിന്റെ സാമൂഹിക ചിന്തകള്‍ അദ്ദേഹത്തിന് കൂടുതല്‍ മനസ്സിലായി. ഗാന്ധി വധത്തെ തുടര്‍ന്ന് ആര്‍എസ്എസിന്മേല്‍ നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍, അംബേദ്കര്‍ നിരോധനം നീക്കുന്നതിനായി ശക്തമായി പിന്തുണച്ചത് ചരിത്രരേഖകളില്‍ തെളിവുണ്ട്. സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കറിന്റെ കത്തുകള്‍, അംബേദ്കറിനോടുള്ള നന്ദിയും രാഷ്ട്രീയസാമൂഹിക സമീപനങ്ങളും പ്രകടമാക്കുന്നവയാണ്. ഇന്ത്യയുടെ നിയമപരമായ സമഗ്രതയും സാമൂഹിക നീതിയും ഉറപ്പാക്കാന്‍ അംബേദ്കറിന്റെ പ്രവര്‍ത്തനങ്ങള്‍ ദേശീയ മതേതര മൂല്യങ്ങളുമായി ഒത്തുപോകുന്നതായിരുന്നു. ഇന്ത്യയുടെ ഭരണഘടനയുടെ അടിത്തറയില്‍ നിന്നു രാജ്യത്തിന്റെ സാമൂഹിക സാംസ്‌കാരിക മാറ്റത്തിന് അദ്ദേഹം എപ്പോഴും ഊന്നല്‍ നല്‍കിയിരുന്നു. അദ്ദേഹവും ആര്‍എസ്എസും തമ്മിലുള്ള സഹകരണത്തെ ചരിത്രത്തിന് മൂടിവയ്ക്കാന്‍ സാധിക്കില്ല.
രാജ്യത്തിന്റെ ഭരണഘടനയെ രൂപപ്പെടുത്തിക്കൊടുത്ത ഭരണഘടനാ ശില്‍പിക്ക് ഭാരതരത്‌നം സമ്മാനിക്കാന്‍ പോലും കോണ്‍ഗ്രസ് തയാറായില്ല. അതേസമയം നെഹ്‌റുവും ഇന്ദിരാ ഗാന്ധിയും സ്വയം ഭാരതരത്‌നം ഏറ്റുവാങ്ങുകയും ചെയ്തു. 1989ല്‍ ബിജെപി പിന്തുണയോടെ വി.പി.സിങ് പ്രധാനമന്ത്രിയായപ്പോഴാണ് അംബേദ്കറിന് ‘ഭാരതരത്‌ന’ സമ്മാനിച്ചത്. അതുവരെ കോണ്‍ഗ്രസ് അദ്ദേഹത്തെ വളരെയധികം അവഗണിക്കുകയായിരുന്നു. അംബേദ്കറുടെ ജന്മസ്ഥലമായ മൗയില്‍ സ്മാരകം സ്ഥാപിക്കാനുള്ള അഭ്യര്‍ത്ഥന നെഹ്‌റു തള്ളിയിരുന്നു. അംബേദ്കറുടെ ജന്മസ്ഥലമായ മൗവ്, വിദ്യാഭ്യാസ സ്ഥലമായ ലണ്ടണ്‍, ദീക്ഷാഭൂമിയായ നാഗ്പൂര്‍, അവസാന നാളുകളില്‍ കഴിഞ്ഞ ദല്‍ഹിയിലെ അലിപ്പൂര്‍ റോഡ്, അദ്ദേഹത്തെ സംസ്‌കരിച്ച മുംബൈയിലെ ചൈത്യഭൂമി എന്നിവ പ്രാധാന്യമുള്ള സ്ഥലങ്ങളായി പ്രധാനമന്ത്രിമാരായ വാജ്‌പേയിയും നരേന്ദ്ര മോദിയും വികസിപ്പിച്ചു. 2015ല്‍, ജനുവരി 26 ഭരണഘടനാ ദിനമായി പ്രഖ്യാപിക്കുകയും ഡോ. അംബേദ്കര്‍ അന്താരാഷ്ട്ര കേന്ദ്രം സ്ഥാപിക്കുകയും ചെയ്തു. 2018ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദല്‍ഹിയിലെ ഡോ. അംബേദ്കര്‍ സ്മാരകത്തിന്റെ ഉദ്ഘാടനം നടത്തി.
അംബേദ്കറെ ഉയര്‍ത്തിപ്പിടിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ ചരിത്രപരമായ തെറ്റുകള്‍ മറച്ചുവെയ്ക്കാനുള്ള രാഷ്ട്രീയ നാടകങ്ങള്‍ മാത്രമാണ്. ബിജെപി ഈ വിഷയത്തെ സജീവമായി പ്രചരിപ്പിച്ച് കോണ്‍ഗ്രസിന്റെ പ്രതിച്ഛായയ്ക്ക് വലിയ തിരിച്ചടിയാകും. അതേസമയം, സ്വതന്ത്ര ഇന്ത്യയുടെ വളര്‍ച്ചയ്ക്കും സമൂഹത്തിന്റെ വികസനത്തിനും ഡോ.അംബേദ്കറിന്റെ സംഭാവനകള്‍ എക്കാലത്തും ഉജ്ജ്വലമായി നിലകൊള്ളുന്നുണ്ടെന്നതാണ് ചരിത്രസത്യവും കാലത്തിന്റെ വിധിയും. ഡോ.അംബേദ്കറിന്റെ ജീവിതം ഭാരതീയ സമൂഹത്തിന്റെ സാംസ്‌കാരികവും സാമൂഹികവുമായ ജാഗ്രതയ്ക്ക് പ്രചോദനമാണ്. അദ്ദേഹത്തിന്റെ ആശയങ്ങളും പോരാട്ടങ്ങളും രാഷ്ട്രീയ പ്രേരിതമായി മറക്കാനുള്ള ശ്രമങ്ങള്‍ ചരിത്രവസ്തുതകള്‍ കൊണ്ട് ഒരിക്കലും മായ്ക്കാനാകില്ല.