ആല ചാരിയാല്‍ ചാണകം മണക്കും, ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും എന്നൊരു ചൊല്ലുണ്ട്. ഈ ചൊല്ലിന്റെ അര്‍ത്ഥമറിയണമെങ്കില്‍ എ.കെ.ജി സെന്ററിലേക്കും കെ.പി.സി.സി ആസ്ഥാനത്തേക്കും നോക്കിയാല്‍ മതി എന്നാണ് രാഷ്ട്രീയ നിരീക്ഷക സിങ്കങ്ങളായ മാധ്യമവീരന്മാര്‍ ഉരിയാടുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിജയന്‍ സഖാവ് അയല്‍വാസിയായ സ്റ്റാലിന്റെ ആലയില്‍ ചാരിയിരുന്ന് പെരിയോറെ പുകഴ്ത്തിയത് വൈക്കത്തെ മാലോകര്‍ കണ്ടതാണ്. കരുണാനിധി കുടുംബ സ്വത്താക്കി വെച്ച തമിഴ്‌നാട്ടിലെ മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കാന്‍ മകന്‍ ഉദയനിധിയെ സനാതന ധര്‍മ്മവിരുദ്ധ ടോണിക്ക് നല്‍കി പോഷിപ്പിച്ചെടുക്കുന്ന രാഷ്ട്രീയ പരീക്ഷണത്തിലാണ് സ്റ്റാലിനിപ്പോള്‍. പുത്രവാത്സല്യത്തില്‍ വിജയന്‍ സഖാവും പിന്നിലല്ലല്ലോ. കഴിഞ്ഞ ദിവസം വൈക്കത്ത് തന്തൈ പെരിയോര്‍ ഇ.വി.രാമസ്വാമി വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുത്തതിന്റെ ഓര്‍മ്മക്കായുള്ള ലൈബ്രറി ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് സ്റ്റാലിന്റെ ആലയില്‍ ചാരാന്‍ വിജയന്‍ സഖാവിന് അവസരം കിട്ടിയത്. ഇതിന്റെ ഫലം വൈകാതെ അറിയാനും കഴിഞ്ഞു. രണ്ടു നാള്‍ കഴിഞ്ഞ് ശിവഗിരി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം നടത്തിയ പ്രസംഗം ചാണകത്തിന്റെ ദുര്‍ഗന്ധം സംസ്ഥാനമാകെ പടര്‍ത്തി. ശ്രീനാരായണ ഗുരുവിനെ സനാതത ധര്‍മ്മത്തിന്റെ വക്താവാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന ടോണിക്ക് സ്റ്റാലിന്റെ ആല ചാരിയപ്പോള്‍ കിട്ടിയതു തന്നെ. ഇതേ ടോണിക്ക് കഴിച്ച ഉദയനിധി കുറച്ചുനാള്‍ മുമ്പ് കാണിച്ച ലക്ഷണവും ഇതു തന്നെയായിരുന്നു. തന്റെ പ്രസംഗം വിവാദമായപ്പോള്‍ താനതില്‍ ഉറച്ചുനില്‍ക്കുന്നു എന്ന ഉദയനിധിയുടെ അതേ വാക്കുകള്‍ തന്നെയാണ് ശിവഗിരി പ്രസംഗം വിവാദമായപ്പോള്‍ വിജയന്‍ സഖാവില്‍ നിന്നും കേട്ടത്.
ഇത് സംഭവിക്കുമ്പോള്‍ കെ.പി.സി.സി ആസ്ഥാനത്ത് വേറൊരു സംഗതിയാണ് ചൂടുപിടിച്ചു നടക്കുന്നത്. എന്‍. എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ എന്ന ചന്ദനം ചാരിയ രമേശ് ചെന്നിത്തല പരത്തുന്ന സുഗന്ധത്തെക്കറിച്ചുള്ള ചര്‍ച്ച മാധ്യമലോകത്ത് പൊടിപൊടിക്കുന്നതിന്റെ ലഹരിയാണ് അവിടെ. എന്നാല്‍ ഈ ചന്ദനഗന്ധം ഒട്ടും ആസ്വദിക്കാന്‍ കഴിയുന്നില്ല പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. വിജയന്‍ സഖാവ് പടര്‍ത്തിയ ചാണക ദുര്‍ഗന്ധം കാരണം ശ്വാസം മുട്ടുകയാണത്രേ കെ.പി.സി.സി. ഓഫീസില്‍ പ്രതിപക്ഷനേതാവിന്റെ മുറിയിലിരിക്കുന്ന അദ്ദേഹത്തിന്. സനാതനധര്‍മ്മ വിരോധം ശരിയല്ലെന്നും കാവിവല്‍ക്കരണം എന്ന് പറയാന്‍ പാടില്ല എന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യാനിറങ്ങിയ സ്റ്റാലിന്റെ ഇടത്തും വലത്തുമായി ഒരേ മുന്നണിയില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ സതീശന്‍ സനാതന ധര്‍മ്മവാദിയാകുന്നതിന്റെ പൊരുള്‍ മനസ്സിലാവുന്നില്ല കോണ്‍ഗ്രസ്സുകാര്‍ക്ക്. ഏതായാലും ഒരു പഴഞ്ചൊല്ലിന്റെ പൊരുളറിയാതെ കുന്തം പിടിച്ചു നില്‍ക്കുകയാണ് കേരളത്തിലെ സഖാക്കളും കോണ്‍ഗ്രസ്സുകാരും