വിജനതയിലെരിവേനല്‍ വിരചിപ്പതെന്താണ്
വിജയത്തിനുരുകിയേ വിളയാവൂ എന്നാണ്
വിവശാന്ധകാരങ്ങള്‍ക്കൊടുവില്‍ വിഭാകരന്‍
വിടരുന്നപകലിന്റെ വിലയേറുമെന്നാണ്
വിമലമാകാതെ തലങ്ങും, വിലങ്ങുമീ
വിധിയെന്നുവിലപിച്ച ശോകവിന്ന്യാസങ്ങള്‍
വിലയംകൊതിയ്ക്കയാണെങ്കിലും വിലപേശല്‍
വിട്ടുമാറാതുള്ള ചാപല്യവേലകള്‍
വിനയമില്ലാത്ത വിധങ്ങളെലാളിച്ചു
വിലസുന്നചെയ്തികള്‍ വിജയത്തിലെത്തുമോ
വിഹിതവിലാസങ്ങള്‍ വിശ്വദു:ഖത്തിന്റെ
വിലയറിയാതെ വിവേകത്തിലെത്തുമോ
വിഷമാണുഭോഗങ്ങളേറുന്ന ജാതകം
വിഷമങ്ങളാത്മീയ സുഖമെന്നു നിശ്ചയം
വിഷയങ്ങളനവധി, അതിലുണ്ടുവിസ്മൃതി
വിട്ടുമാറാത്ത വിഷാദത്തിനൗഷധി
വിഭവങ്ങളൊക്കെയും വാദിച്ചു നേടുന്ന
വികൃതികള്‍ക്കൊടുവില്‍ വിവശരാകുന്നു നാം
വിളയാടിയൊടുവിലീ വേദനപ്പൂഴിയില്‍
വീഴുന്നവെണ്ണീറി, നില്ല വിലാസങ്ങള്‍
വിള്ളലുണ്ടായാലേ വിങ്ങുംപ്രകാശത്തിന്‍
വിസ്മയംവന്നു, വിളങ്ങാനിടവരൂ
വിസ്താരമല്ല വിഹാരികള്‍ക്കുത്തമം
വിത്തില്‍വടവൃക്ഷ വിമലൈക ദര്‍ശനം
വിട്ടുമാറാത്ത വിവശാന്ധ്യവ്യാധികള്‍
വിശ്വവസന്തങ്ങളാകുംവരേയ്ക്കുനാം
വിശ്വസിപ്പോരുടെ വേദവാതായനം
വിഘ്‌നങ്ങള്‍നീക്കി വിളിച്ചുതുറക്കുക
വിളികേള്‍പ്പതുണ്ടോ വിഭാതവേദത്തിന്റെ
വിളനിലത്തേയ്‌ക്കൊരു വീഥിയുണ്ടാക്കുക
വിളിയാളമായ് കാറ്റുവിലപിയ്ക്കയാണിതാ*
വിഴലില്‍നിന്നുയിര്‍കൊണ്ടു വീണ്ടുംതളിര്‍ക്കുക**
*വിളിയാളം – അശരീരി
**വിഴല്‍ – വീഴ്ച