പൂനെ: സേവനവും ത്യാഗവുമാണ് ഹിന്ദുത്വത്തിൻ്റെ അടയാളങ്ങളെന്നു ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . പൂനെ ഹിന്ദു ആദ്ധ്യാത്മിക സേവാ സൻസ്ഥാൻ സംഘടിപ്പിച്ച സേവാ മഹോത്സവത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു സർസംഘചാലക് . ‘ഹിന്ദുത്വം സനാതനമായ ജീവിതധര്‍മ്മമാണ് . സേവനം പരമമായ ധർമ്മമാണെന്നതാണ് ഋഷിദർശനം. സേവാധർമ്മമാകട്ടെ മാനവികതയുടെ ധർമ്മമാണ്’, അദ്ദേഹം പറഞ്ഞു.
സേവനം പ്രശസ്തിക്ക് വേണ്ടിയാകരുതെന്ന് സർസംഘചാലക് പറഞ്ഞു. ദേശ, കാല, സാഹചര്യങ്ങൾ വിലയിരുത്തി സേവനസമീപനം രൂപീകരിക്കണം. എല്ലാവരെയും ഉൾക്കൊണ്ട്, എല്ലാവർക്കും വേണ്ടി , എല്ലാവരോടും ചേർന്ന് എന്നതാണ് സ്വീകരിക്കേണ്ട മാർഗം. സേവനത്തിലൂടെ പ്രകടമാകേണ്ടത് മനുഷ്യത്വമാണ്. അത് തന്നെയാണ് ലോകത്തിൻ്റെ ധർമ്മം, സർസംഘചാലക് പറഞ്ഞു. നമ്മൾ ലോകസമാധാനത്തിനുവേണ്ടി മുദ്രാവാക്യം വിളിക്കുമ്പോൾ ഇതര രാജ്യങ്ങളിൽ ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്നതെന്താണെന്ന് മനസ്സിലുണ്ടാവേണ്ടത് ആവശ്യമാണ്. അവരെയും മുന്നിൽ കണ്ടുവേണം സേവനത്തിൻ്റെ തലം വിശാലമാകേണ്ടത്. ലോകം നമുക്ക് ഉപഭോഗവസ്തുവല്ല, നമ്മൾ കൂടി ഉൾപ്പെടുന്നതാണ്. ഈ ബോധം നമുക്കുണ്ടെങ്കിൽ, കുടുംബം, സമൂഹം, ഗ്രാമം, രാജ്യം, രാഷ്ട്രം എന്നിവയ്ക്കായി സമർപ്പിക്കാൻ നാം സജ്ജരാവും, മോഹൻ ഭാഗവത് പറഞ്ഞു.
ദേശവും സമൂഹവും പാരമ്പര്യവും ചേർന്നതാണ് രാഷ്ട്രമെന്ന് സ്വാമി ഗോവിന്ദ് ദേവ് ഗിരി ജി മഹാരാജ് പറഞ്ഞു. ഛത്രപതി ശിവാജി സേവനം ആരാധനയാണെന്ന പാഠമാണ് പകർന്നത്. അത് സമാജത്തോടുള്ള കടപ്പാടല്ല , അദ്ദേഹം പറഞ്ഞു. ഇസ്‌കോൺ മേധാവി ഗൗരംഗ് പ്രഭു, ആചാര്യ ലഭേഷ് മുനി മഹാരാജ്, ഗുണ്വന്ത് കോത്താരി, കൃഷ്ണകുമാർ ഗോയൽ, അശോക് ഗുണ്ടേച്ച, സുനന്ദ രതി, സഞ്ജയ് ഭോസ്ലെ തുടങ്ങിയവർ സംബന്ധിച്ചു.
ശിക്ഷൺ പ്രസാരക് മണ്ഡലി കോളജ് ഗ്രൗണ്ടിൽ സേവാ മഹോത്സവം 22 ന് സമാപിക്കും. മഹാരാഷ്ട്രയിലെ നിരവധി ക്ഷേത്രങ്ങൾ, സാമൂഹിക, അദ്ധ്യാത്മിക സംഘടനകൾ, ആശ്രമങ്ങൾ, ക്ഷേത്രങ്ങൾ എന്നിവയുടെ സേവന പ്രവർത്തനങ്ങളുടെ പ്രദർശനം ഇതിൻ്റെ ഭാഗമായുണ്ടാകും.