ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റില്‍ രാജ്യത്തിന്റെ ഒറ്റുകാര്‍ ചിലരെങ്കിലും കടന്നു കൂടിയിരിക്കുന്നു എന്നാണ് ഒടുവില്‍ കിട്ടുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. നയപരമായ വിയോജിപ്പുകള്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ഉണ്ടായിരിക്കുകയും അത് പാര്‍ലമെന്റില്‍ പ്രകടിപ്പിക്കുകയും ചെയ്യുക എന്നത് ആരോഗ്യകരമായ ജനാധിപത്യത്തിന്റെ ലക്ഷണമാണ്. ഭരണപക്ഷത്തോടുള്ള വിയോജിപ്പുകള്‍ രാജ്യത്തോടുള്ള വിരോധമായി മാറുകയും രാജ്യത്തെ ഒറ്റുകൊടുക്കാന്‍ പോലും തയ്യാറാകുകയും ചെയ്യുന്ന പാര്‍ട്ടികളും നേതാക്കളും നമ്മുടെ ജനാധിപത്യത്തിന് ഭൂഷണമല്ല. തുടര്‍ച്ചയായി പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തുവാന്‍ പ്രതിപക്ഷം ഉന്നയിക്കുന്ന കാരണങ്ങള്‍ പലതും യുക്തിക്കു നിരക്കുന്നതല്ല. ജനാധിപത്യ മാര്‍ഗ്ഗത്തില്‍ ഭരിക്കാന്‍ ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ അഞ്ചു വര്‍ഷം ഉത്തരവാദിത്വമുള്ള പ്രതിപക്ഷമായി പ്രവര്‍ത്തിക്കുക എന്ന ശൈലിയില്‍ നിന്ന് ഭാരതത്തിലെ പ്രതിപക്ഷം വ്യതിചലിച്ചിട്ട് നാളേറെയായി. അവര്‍ വ്യവസ്ഥാപിത മാര്‍ഗ്ഗത്തില്‍ അധികാരത്തില്‍ വന്ന ഒരു ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശത്രുരാജ്യങ്ങളുടെയും ഭാരതവിരുദ്ധരായ അന്താരാഷ്ട്ര ശക്തികളുടെയും സഹായം തേടുന്നു എന്നിടത്താണ് ഒറ്റുകാരുടെ കര്‍മ്മം നിര്‍വഹിക്കുന്നത്. മൂന്നാം തവണയും നരേന്ദ്ര മോദി അധികാരത്തില്‍ വന്നതോടെ കടുത്ത നിരാശയില്‍ പെട്ടുപോയ കോണ്‍ഗ്രസ് രാജ്യതാല്‍പ്പര്യങ്ങള്‍ തന്നെ ബലികഴിച്ചുകൊണ്ട് അട്ടിമറികള്‍ സ്വപ്‌നം കണ്ടുതുടങ്ങിയിരിക്കുന്നു. കര്‍ഷക സമരത്തിന്റെ മറവില്‍ ഇത്തരമൊരു അട്ടിമറി അവര്‍ സ്വപ്‌നം കണ്ടിരുന്നു. ഏറെ സംയമനത്തോടെയും അവധാനതയോടെയും ഭരണപക്ഷം പ്രശ്‌നം കൈകാര്യം ചെയ്തതോടെ കോണ്‍ഗ്രസ് നിരാശയില്‍ പെട്ടു പോയി. ബംഗ്ലാദേശിലേതിനു സമാനമായ ഒരു ഭരണകൂട അട്ടിമറി ഭാരതത്തിലും സ്വപ്‌നം കാണുന്നവരുണ്ട്. നക്‌സലൈറ്റുകളുടെയും ജിഹാദികളുടെയും മറ്റും സഹായവും ഇത്തരം അട്ടിമറി ശ്രമങ്ങള്‍ക്കു പിന്നിലുണ്ടാവും. ഇത്തരം ശക്തികളാണ് കര്‍ഷക സമരം വീണ്ടും സജീവമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ്സിന്റെ പിന്നിലുള്ള അന്താരാഷ്ട്ര ശക്തികളെ ഈ അടുത്ത കാലത്ത് പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഭരണപക്ഷ എം.പി.മാര്‍ തുറന്നുകാട്ടുക ഉണ്ടായി. രാജ്യസഭയില്‍ ബിജെപി എം.പി.സാംബിത് പാത്ര ശതകോടീശ്വരനും ഭാരതവിരുദ്ധനുമായ ജോര്‍ജ്ജ് സോറോസുമായി രാഹുലിനുള്ള ബന്ധം തുറന്നുകാട്ടിയതോടെ കോണ്‍ഗ്രസ് അങ്ങാടിയില്‍ തുണി അഴിഞ്ഞ അവസ്ഥയിലായി. രാജ്യത്തെ വന്‍ ഒറ്റുകാരന്‍ എന്നാണ് രാഹുലിനെ സാംബിത് പാത്ര വിശേഷിപ്പിച്ചത്. ലോക്‌സഭയിലാകട്ടെ ഇതേ വിഷയം ഉന്നയിച്ച് ബിജെപി എം.പി നിഷികാന്ത് ദുബെ കോണ്‍ഗ്രസ്സിനെ പ്രതിരോധത്തിലാക്കി.
വിവിധ രാജ്യങ്ങളിലെ ഭരണകൂടങ്ങളെ അട്ടിമറിക്കാന്‍ പല മാര്‍ഗ്ഗങ്ങളും അവലംബിച്ചു പോരുന്ന ജോര്‍ജ്ജ് സോറോസ് നരേന്ദ്ര മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന് പരസ്യ പ്രസ്താവന നടത്തിയിട്ടുള്ള വ്യക്തിയാണ്. ഹംഗേറിയക്കാരനും അമേരിക്കന്‍ വ്യവസായിയുമായ ഇയാള്‍ കടുത്ത ഇടതുപക്ഷ സഹചാരിയാണ്. മോദി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ഒരു മില്യണ്‍ ഡോളര്‍ മാറ്റി വച്ചിട്ടുള്ള വ്യക്തിയാണ് ജോര്‍ജ് സോറോസ്. ഇയാള്‍ പണം നല്‍കി പ്രവര്‍ത്തിക്കുന്ന ഫോറം ഓഫ് ഡമോക്രാറ്റിക് ലീഡേഴ്‌സ് – ഏഷ്യ പെസഫിക് എന്ന സംഘടനയുമായി സോണിയക്കുള്ള ബന്ധത്തെ രാജ്യസഭാ എം.പിയും ബിജെപി വക്താവുമായ സുധാംശു ചതുര്‍വേദി തുറന്നു കാട്ടുകയുണ്ടായി. സോണിയ ഉപാദ്ധ്യക്ഷ പദവി വഹിക്കുന്ന ഈ സംഘടന ജമ്മുകാശ്മീരിനെ സ്വതന്ത്രരാജ്യമായാണ് കണക്കാക്കിപ്പോരുന്നത്. അതുകൊണ്ടാണ് കാശ്മീരിന്റെ വിഘടന പ്രവണതയ്ക്ക് സഹായകമായി നിന്ന370-ാം വകുപ്പ് നരേന്ദ്ര മോദി റദ്ദുചെയ്തതിനെ കോണ്‍ഗ്രസ് എതിര്‍ക്കുന്നത്.
ഭാരതത്തിന്റെ ഭരണാധികാരം തങ്ങള്‍ക്ക് കുടുബാവകാശമായി കിട്ടിയതാണെന്നു ധരിച്ചിരുന്ന കോണ്‍ഗ്രസ്സുകാര്‍ തുടര്‍ച്ചയായി മൂന്നു തവണ അധികാരത്തിനു പുറത്തായതോടെ കരയില്‍ പിടിച്ചിട്ട മീനിന്റെ അവസ്ഥയിലായി. അതിജീവനത്തിന് അധികാരം കൂടിയേതീരൂ എന്ന അവസ്ഥയിലെത്തിപ്പെട്ടിരിക്കുന്ന അവര്‍ അതിനായി ശത്രുരാജ്യങ്ങളുടെ വരെ സഹായം തേടിയിരുന്നു. പാകിസ്ഥാനില്‍ പോയി മോദിയെ അട്ടിമറിക്കാന്‍ സഹായം തേടിയ മണിശങ്കര്‍ അയ്യര്‍ പാകിസ്ഥാനെ നാം മാനിച്ചില്ലെങ്കില്‍ അവര്‍ നമുക്കെതിരെ അണുബോംബ് പ്രയോഗിച്ചുകളയും എന്നു വരെ പ്രസ്താവിക്കുക ഉണ്ടായി. ഭാരതത്തെ ഏതുവിധേനയും സാമ്പത്തികമായി തകര്‍ക്കുക എന്ന വിദേശ ശക്തികളുടെ താത്പര്യത്തിനനുസരിച്ചാണ് ഭാരതത്തിലെ വന്‍ വ്യവസായികളെ കോണ്‍ഗ്രസ് ലക്ഷ്യം വച്ചിരിക്കുന്നത്. ബഹുരാഷ്ട്ര കുത്തകകള്‍ക്കു വേണ്ടി ഭാരതീയ ബിസിനസ് ശക്തികളെ പൊളിച്ച് നല്‍കാം എന്നു കരാറേറ്റതിന്റെ ഭാഗമാണ് കോണ്‍ഗ്രസ് അദാനിക്കെതിരെ ഉറഞ്ഞുതുള്ളുന്നത്. 2023 ന്റെ തുടക്കത്തില്‍ ജര്‍മ്മനിയിലെ മ്യൂണിച്ച് ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ ജോര്‍ജ് സോറോസ് നടത്തിയ പ്രസംഗത്തില്‍ അദാനി ഗ്രൂപ്പ് ഓഹരി മൂല്യം പെരുപ്പിച്ച് കാട്ടി സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലാഭം ഉണ്ടാക്കിയെന്നും ഇത് ഭാരത പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പോവുകയാണെന്നും പ്രസ്താവിച്ചു. ജോര്‍ജ്ജ് സോറോസിന്റെ നാവായി പാര്‍ലമെന്റില്‍ ശബ്ദിച്ചത് കോണ്‍ഗ്രസ് നേതാക്കളായിരുന്നു. സോറോസ് ഫണ്ടുചെയ്യുന്ന ‘ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്ട്’ എന്ന അന്വേഷണാത്മക മാധ്യമ സ്ഥാപനം ഭാരത സമ്പത് വ്യവസ്ഥയെ തകര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി നടത്തുന്ന കപട വെളിപ്പെടുത്തലുകള്‍ അതേ സമയം പാര്‍ലമെന്റില്‍ ഉന്നയിച്ച് പ്രശ്‌നമുണ്ടാക്കുക എന്ന പണിയാണ് രാഹുല്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഭാരത മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ച രാഹുലിന്റെ ജോഡോ യാത്രയുടെ പ്രായോജകനും സോറോസ് തന്നെയായിരുന്നു എന്ന കാര്യം പുറത്തു വന്നുകഴിഞ്ഞു. 1947 രാഷ്ട്ര വിഭജനത്തിലേയ്ക്കു നയിച്ച കോണ്‍ഗ്രസ്സിന്റെ അധികാരമോഹം രാഷ്ട്ര നശീകരണത്തിനായി ഇപ്പോള്‍ പരിശ്രമിക്കുകയാണ്. ഒറ്റുകാര്‍ക്ക് ജനാധിപത്യത്തില്‍ സ്ഥാനമില്ലെന്ന് ഭാരതം കോണ്‍ഗ്രസ്സിനെ ഓരോ തിരഞ്ഞെടുപ്പിലും പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്.