ഒര്‍ഹാന്‍ പാമുക്കിന്റെ നൊബേല്‍ സമ്മാനം ലഭിച്ച കൃതിയാണ് “The museum of Innocenceഠ കിന്റില്‍ എഡിഷനില്‍ 349 രൂപയ്ക്ക് ലഭിക്കുന്ന ഈ കൃതി അതിന്റെ കെട്ടിലും മട്ടിലുമൊക്കെ ലഭിക്കണമെങ്കില്‍ വലിയ വിലയാകും. ഇതൊരു വെറും പ്രണയ കഥയാണ്. പ്രണയം പല രീതിയില്‍ ആവിഷ്‌ക്കരിക്കാം. ലൈല മജ്‌നുവും റോമിയോ ആന്റ് ജൂലിയറ്റും രമണനുമൊക്കെ വിഖ്യാതങ്ങളായ പ്രണയ ഗാഥകളാണ്. എല്ലാ കൃതികള്‍ക്കുള്ളിലും പ്രണയമുണ്ടാകാറുണ്ടെങ്കിലും പ്രണയം മാത്രം ഇതിവൃത്തമായി അപൂര്‍വ്വം കൃതികളേ ഉണ്ടായിട്ടുള്ളൂ. ഈ കൃതിയും അത്തരത്തിലുള്ളതാണ്. തുറന്ന പ്രണയാവിഷ്‌കാരം പലപ്പോഴും പൈങ്കിളി കൃതികള്‍ക്കാവും രൂപം നല്‍കുക. പാമുക്കിന്റെ കൃതിയും അങ്ങനെ ആകേണ്ടിയിരുന്നതാണ്. പാമുക്കിന്റെ തൂലിക അങ്ങനെയൊരു അവസ്ഥയില്‍ നിന്നും കൃതിയെ രക്ഷിക്കുന്നു.
നോവല്‍ എഴുതുന്നതിനുമുന്‍പുതന്നെ പാമുക്ക് ഒരു മ്യൂസിയം സ്ഥാപിക്കാന്‍ തുടങ്ങിയിരുന്നുവത്രേ! 2008ല്‍ നോവല്‍ പബ്ലിഷ് ചെയ്തു. അപ്പോഴേയ്ക്കും മ്യൂസിയത്തിനുവേണ്ട സാമഗ്രികള്‍ അദ്ദേഹം ശേഖരിച്ചുകഴിഞ്ഞിരുന്നു. 2012-ല്‍ തുര്‍ക്കിയിലെ ഇസ്താംബുള്‍ ജില്ലയിലുള്ള കൂക്കുര്‍കുമ (Cukurcuma) എന്നയിടത്ത് അതു സ്ഥാപിച്ചുവത്രേ! 19-ാം നൂറ്റാണ്ടിലെ മാതൃകയിലുള്ള ഒരു തടി വീട്ടിലാണ് മ്യൂസിയത്തിലെ വസ്തുക്കള്‍ പ്രദര്‍ശിച്ചിരിക്കുന്നത്. ധാരാളം കലാകാരന്മാര്‍ മ്യൂസിയത്തിന്റെ നിര്‍മിതിയുമായി സഹകരിച്ചിരുന്നു. മ്യൂസിയത്തിന്റെ നിര്‍മ്മാണവും അതിന്റെ പ്രചരണവുമൊക്കെയാണ് കൃതിയെ ലോകത്തിന്റെ മുന്‍പിലെത്തിച്ചത്. കഥാകൃത്തിന്റെ ഉള്ളിലുള്ള സംസ്‌കാരസംഘര്‍ഷം കൃതിയിലുമുണ്ട്.
തുര്‍ക്കി കിഴക്കിനും പടിഞ്ഞാറിനുമിടയിലുള്ള ഒരു പടിവാതിലാണ്. പ്രധാന മതം ഇസ്ലാമായതിനാല്‍ കടുത്ത യാഥാസ്ഥിതിക നിലപാടുകള്‍ സമൂഹത്തെ എന്നും സ്വാധീനിക്കുന്നുണ്ട്. ഒര്‍ഹാന്‍ പാമുക്കിന്റെ ഹൃദയത്തിലും ആ നിലപാടുകളുണ്ട്. അദ്ദേഹത്തിന്റെ മഞ്ഞ് (Snow) എന്ന നോവലില്‍ ഇസ്താംബൂളിലെ യൂണിവേഴ്‌സിറ്റികളില്‍ തട്ടം നിരോധിച്ചിരുന്നതിനാല്‍ അതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യുന്ന പെണ്‍കുട്ടികളെക്കുറിച്ച് പറയുന്നുണ്ട്. ഇത്തരം ആത്മഹത്യകള്‍ ഇസ്താംബൂളില്‍ പടര്‍ന്നുപിടിച്ചതായും അദ്ദേഹം സൂചിപ്പിക്കുന്നു. അതില്‍നിന്ന് മനസ്സിലാക്കാനാവുന്നത് പാമുക്ക് ഉള്ളുകൊണ്ട് യാഥാസ്ഥിതിക പക്ഷത്താണെന്നാണ്. എഡ്വേര്‍ഡ് സെയ്ദിന്റെ (Edward Said) ഓറിയന്റലിസ്റ്റ് കാഴ്ചപ്പാടുകളോട് വലിയ യോജിപ്പുള്ള വ്യക്തിയാണ് പാമുക്ക്. ജനനം കൊണ്ട് പലസ്തീനിയന്‍ ക്രിസ്ത്യാനിയായിരുന്ന സെയ്ദ് പക്ഷേ പലസ്തീനിയന്‍ പോരാട്ടത്തിന്റെ അനുകൂലിയായിരുന്നു. പോസ്റ്റ് കൊളോണിയല്‍ സ്റ്റഡീസില്‍ പ്രശസ്തനായിരുന്ന ഈ അര്‍ദ്ധ പലസ്തീനിയന്‍, അര്‍ദ്ധലെബനീസ് ക്രിസ്ത്യന്‍ വംശജന്‍ അമേരിക്കയില്‍ താമസിച്ചുകൊണ്ട് അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ നിരന്തരം എഴുതിക്കൊണ്ടിരുന്നു. ലോകത്തെവിടെയും ഭിന്നിപ്പുകള്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്ന അമേരിക്കന്‍ നിലപാട് എല്ലാത്തരം ശക്തികളേയും പോറ്റി വളര്‍ത്തുന്ന രീതിയിലാണ്. അത് അമേരിക്കയുടെ ലിബറല്‍ മനോഭാവമായി പലരും കണക്കാക്കുന്നു. എന്നാലതിനു പിറകില്‍ പലതരം ചതിക്കുഴികളുണ്ട്. പലസ്തീനിനെ പിന്‍താങ്ങുന്നവരേയും ഇസ്രായേലിനെ പിന്‍താങ്ങുന്നവരേയും ഒരേ പോലെ പ്രോത്സാഹിപ്പിക്കുകയും രണ്ടുകൂട്ടര്‍ക്കും ആയുധം വില്‍ക്കുകയുമാണ് ആയുധലോബികളാല്‍ നിയന്ത്രിക്കപ്പെടുന്ന അമേരിക്കന്‍ സര്‍ക്കാരിന്റെ തന്ത്രപരമായ നിലപാട്.
ഇന്ത്യയില്‍ ഖാലിസ്ഥാന്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിനു പിറകിലുള്ളതും അമേരിക്കന്‍ താല്പര്യം തന്നെ. മണിപ്പൂരില്‍ കുക്കി തീവ്രവാദികളുടെ കൈകളിലും അമേരിക്കന്‍ ആയുധങ്ങളുണ്ട്. കമ്മ്യൂണിസത്തെ അടിച്ചമര്‍ത്തുന്ന അമേരിക്കതന്നെയാണ് ഇന്ത്യയിലെ മാവോയിസ്റ്റ് ഭീകരര്‍ക്ക് ക്രിസ്ത്യന്‍ മിഷനറിമാരുടെ സഹായത്തോടെ ആയുധങ്ങളെത്തിച്ചുകൊടുക്കുന്നതും. ഇത്തരം ഇരട്ടത്താപ്പുകളെ തങ്ങളുടെ ഉദാര മനസ്‌കതയാക്കി അവതരിപ്പിക്കാന്‍ അമേരിക്കയ്ക്ക് കഴിയുന്നു. ലോകം അതുതെറ്റിദ്ധരിക്കുകയും ചെയ്യുന്നു. ആയുധ വില്പനയാണ് അമേരിക്ക എന്ന രാജ്യത്തിന്റെ പ്രധാന വരുമാനമാര്‍ഗ്ഗം. അവ നിര്‍മ്മിക്കുന്നതോ മുഖ്യമായും ജൂതന്മാരായ ശാസ്ത്രജ്ഞന്മാരുടെ ബുദ്ധിയുടെ പിന്‍ബലത്തോടെയാണ്. അക്കാരണം കൊണ്ടാണ് അവര്‍ എക്കാലത്തും ഇസ്രായേലിനെ പിന്‍താങ്ങുന്നത്. അമേരിക്കയിലെ ആയുധക്കമ്പനികളില്‍ മിക്കതിന്റെയും ഉടമസ്ഥരും ജൂതന്മാരാണ്. അമേരിക്കയുടെ ബഹുസ്വരത തട്ടിപ്പിന്റെ ഒരിരയാണ് ഒര്‍ഹാന്‍ പാമുക്ക് എന്നു പറയാം. തുര്‍ക്കിയില്‍ മതതീവ്രവാദശക്തികളും കുര്‍ദിഷ് മുസ്ലീങ്ങളും തമ്മില്‍ വര്‍ഷങ്ങളായി നടന്നുവരുന്ന സംഘര്‍ഷമുണ്ട്. അവിടെയൊക്കെ മുട്ടനാടുകളെക്കൊണ്ട് തമ്മില്‍ തല്ലിച്ച് ചോര കുടിക്കുന്ന സൃഗാലതന്ത്രമാണ് അമേരിക്ക സ്വീകരിച്ചിട്ടുള്ളത്. നാറ്റോ സഖ്യത്തില്‍ അംഗമായിട്ടുള്ള ഒരേ ഒരു അക്രൈസ്തവ രാജ്യമാണ് തുര്‍ക്കി. എന്നിരിക്കിലും തുര്‍ക്കിയിലെ സംസ്‌കാരവൈവിധ്യങ്ങളെക്കൊണ്ട് തമ്മില്‍ തല്ലിക്കുന്നതില്‍ യു.എസ്. ഒരിക്കലും ശ്രമിക്കാതിരുന്നിട്ടില്ല. പ്രത്യക്ഷത്തില്‍ ഒരു ലിബറല്‍ പാശ്ചാത്യ പക്ഷപാതിയായി പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും സൂക്ഷ്മപാരായണത്തില്‍ പാമുക്ക് ഒരു കടുത്ത മതവാദിയാണെന്നു മനസ്സിലാക്കാനാവും.
തുര്‍ക്കിയുടെ ഓട്ടോമന്‍ പാരമ്പര്യത്തിലൂന്നി നില്‍ക്കുന്നതാണ് ഒര്‍ഹാന്‍ പാമുക്കിന്റെ എഴുത്ത്. My name is red എന്ന അദ്ദേഹത്തിന്റെ കൃതിയില്‍ എനിഷ്‌തേ (Enishte) എന്ന കഥാപാത്രം””East and West Belong to me’ എന്നു പറയുന്നുണ്ട്. അത് തുര്‍ക്കിയുടെ ഇന്നത്തെ സംസ്‌കാര പ്രതിസന്ധിയെ ആണ് സൂചിപ്പിക്കുന്നത്. മതതീവ്രവാദശക്തികള്‍ അനുനിമിഷം പിടിമുറുക്കിക്കൊണ്ടിരിക്കുന്ന രാജ്യമാണ് തുര്‍ക്കി. ഇപ്പോഴത്തെ ഭരണാധികാരിയായ എര്‍ദുഗാന്‍ അവര്‍ക്ക് വളവും വെള്ളവുമൊഴിക്കുന്ന ആളുമാണ്. അതേസമയം മുസ്ലീങ്ങള്‍ തന്നെയായ കുര്‍ദ് ഗോത്രവര്‍ഗ്ഗക്കാരെ നിര്‍ദ്ദയം കൊന്നൊടുക്കുന്ന വ്യക്തിയുമാണ്. തുര്‍ക്കിയുടെ മനസ്സ് കടുത്ത മതവര്‍ഗീയ പാരമ്പര്യത്തിലേയ്ക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നതാണ്. എന്നാല്‍ അവരുടെ യൂറോപ്പിലുള്ള കിടപ്പും യൂറോപ്പിനെ കണ്ടു പഠിച്ച പാശ്ചാത്യ ശീലങ്ങള്‍ വിട്ടുപോകാനുള്ള മടിയും എല്ലാതുര്‍ക്കിക്കാരന്റെ മനസ്സിലുമുണ്ട്. അതൊക്കെത്തന്നെയാണ് ഒര്‍ഹാന്‍ പാമുക്കിന്റെ മനസ്സിലുമുള്ളത്.
മ്യൂസിയം ഓഫ് ഇന്നൊസെന്‍സ് ഒരു ത്രികോണ പ്രണയകഥമാത്രമാണ്. മാംസനിബദ്ധമായ അറേബ്യന്‍ പ്രണയ സങ്കല്പം തന്നെയാണ് പാമുക്കും പിന്‍തുടരുന്നത്.
“”After all, a woman who doesn’t love cats is never going to be make a man happy”’എന്നെഴുതുന്ന നോവലിസ്റ്റിന്റെ മനസ്സില്‍ സ്ത്രീ പുരുഷനെ തൃപ്തിപ്പെടുത്താനുള്ള ഉപകരണം മാത്രമാണെന്ന പഴഞ്ചന്‍ സങ്കല്പമുണ്ടെന്നു വ്യക്തം. അറേബ്യന്‍ പ്രണയകഥകളിലെ സുല്‍ത്താന്മാരെ അനുസ്മരിപ്പിക്കുന്നതാണ് ഈ നോവലിലെ നായകനായ കെമാലിന്റെ (Kemal) പ്രണയം. നായികയായ ഫസൂനോട് (Fusun) അയാള്‍ക്കു തോന്നുന്ന പ്രണയം തീര്‍ത്തും ലൈംഗിക പ്രചോദിതമാണെന്ന് പറയാം. സിബല്‍ (Sibel) എന്ന യുവതിയുമായി വിവാഹമുറപ്പിച്ച ശേഷമാണ് കെമാല്‍ ഒരു ഹാന്റ്ബാഗ് ഷോപ്പിലെ ജീവനക്കാരിയും ബന്ധുവുമായ ഫസൂനോട് അടുക്കുന്നത്. വൈകാതെ തന്നെ അവര്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുകയും ചെയ്യുന്നു. രണ്ടുപേരോടുമൊപ്പം ജീവിക്കാമെന്നായിരുന്നു കെമാലിന്റെ ചിന്ത. എന്നാല്‍ ഫസൂന്‍ അതിനാഗ്രഹിക്കുന്നില്ല. കെമാലിന്റെ മനസ്സു മാറുന്നില്ലെന്നു മനസ്സിലാക്കിയ ഫസൂന്‍ അയാളുടെ എന്‍ഗേജുമെന്റ് പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം യാത്രാമൊഴിപോലും പറയാതെ അപ്രത്യക്ഷയാകുന്നു. എന്നാല്‍ കെമാലിന് കാമുകിയുടെ വേര്‍പിരിയല്‍ ഉള്‍ക്കൊള്ളാനാവുന്നില്ല. സിബലിനെ ചേര്‍ത്തു പിടിക്കാന്‍ അയാള്‍ ശ്രമിക്കുന്നെങ്കിലും സാധിക്കുന്നില്ല. ഫസൂനെ വീണ്ടും അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നെങ്കിലും അയാളുടെ കത്തുകള്‍ക്കൊന്നും അവള്‍ മറുപടി നല്‍കുന്നില്ല. ഒടുവില്‍ അവള്‍ കെമാലിന്റെ കത്തിനു മറുപടി നല്‍കുന്നു. അവളിപ്പോള്‍ വിവാഹിതയാണ്. പരസ്പരം കാണുന്നത് വെറും അപരിചിതരായ ബന്ധുക്കളെപ്പോലെയാകണമെന്ന നിബന്ധനയില്‍ അവര്‍ വീണ്ടും കാണുന്നു. അയാള്‍ എത്ര നിര്‍ബന്ധിച്ചിട്ടും ബന്ധം പുനരാരംഭിക്കാന്‍ അവള്‍ തയ്യാറാകുന്നില്ല. ഓരോ തവണ ഫസൂനിന്റെ വീടു സന്ദര്‍ശിക്കുമ്പോഴും അവള്‍ക്ക് പ്രിയപ്പെട്ട എന്തെങ്കിലുമൊന്ന് അയാള്‍ അവിടെനിന്നും എടുത്തുകൊണ്ടുപോകുന്നു.
അച്ഛന്റെ മരണശേഷം അവള്‍ നിലവിലെ ഭര്‍ത്താവുമായി പിരിയുന്നു. പഴയ കാമുകീ കാമുകര്‍ വീണ്ടും അടുക്കുന്നു. എന്നാല്‍ വിധി അവരുടെ പ്രണയസാഫല്യത്തിന് വിലങ്ങുതടിയാകുന്നു. ഒരു കാര്‍ അപകടത്തില്‍ ഫസൂന്‍ കൊല്ലപ്പെടുന്നു. ആകെ തകര്‍ന്ന കെമാല്‍ അവളില്‍ നിന്നും ശേഖരിച്ച വസ്തുക്കള്‍ കൊണ്ട് ഒരു മ്യൂസിയം ഉണ്ടാക്കുന്നു. അവളുടെ കമ്മലും കര്‍ച്ചീഫും തുടങ്ങി എല്ലാ വസ്തുക്കളും അയാള്‍ പ്രദര്‍ശിപ്പിക്കുന്നു. അതിന് “”Let everyone know, I lived a very happy life” എന്നൊരു ന്യായീകരണവും അയാള്‍ നല്‍കുന്നു. പ്രത്യക്ഷത്തില്‍ നൂറില്‍ താഴെ പേജുകളില്‍ ബഷീറിന്റെ ബാല്യകാല സഖിയൊക്കെപ്പോലെ പറഞ്ഞു പോകാവുന്ന ഒരു പൈങ്കിളി പ്രണയകഥയേ ഇതിലുള്ളൂ. പക്ഷേ 728 പുറങ്ങളില്‍ തന്റെ വികാര പ്രപഞ്ചം മുഴുവന്‍ തുറന്നുവിട്ടാണ് പാമുക്ക് കൃതി പൂര്‍ണമാക്കുന്നത്. ഫെറ്റിഷിസം(Fetishism) എന്ന മനോരോഗത്തിന്റെ ലക്ഷണങ്ങളാണ് കെമാലിലുളളത്. എതിര്‍ലിംഗത്തില്‍ പെട്ടയാള്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളോടും വസ്തുക്കളോടും ലൈംഗികാവയവങ്ങള്‍ക്കു പകരം മറ്റേതെങ്കിലും അവയവങ്ങളോടും പ്രത്യേകിച്ച് പാദങ്ങളോടും ഒക്കെ തോന്നുന്ന പ്രത്യേക അടുപ്പത്തെയാണ് ഈ മനോരോഗം സൂചിപ്പിക്കുന്നത്. ആ രോഗാവസ്ഥയെ പാമുക്ക് മനോഹരമായ കലാസൃഷ്ടിയാക്കി മാറ്റുന്നു.
പ്രസാധകന്‍ മാസികയില്‍ (ഡിസംബര്‍ ലക്കം) പ്രിയ ഉണ്ണികൃഷ്ണന്‍ എഴുതിയിരിക്കുന്ന കഥയുടെ പേര് ‘ഫാലോഫോബിയ’ എന്നാണ്. ഇതും ഒരു മനോരോഗത്തെയാണ് പ്രതിനിധീകരിക്കുന്നത്. പുരുഷവിദ്വേഷമാണ് സ്ത്രീസ്വാതന്ത്ര്യം എന്നു ധരിച്ചുവച്ചിരിക്കുന്ന മനോഭാവത്തിന്റെ തുടര്‍ച്ചയാണ് ഈ കഥയും. ഫാലോഫോബിയ എന്നത് പുരുഷന്മാരോടും പുരുഷലൈംഗികതയോടും തോന്നുന്ന ഭയമാണ്. തിക്തമായ ജീവിതാനുഭവങ്ങളുണ്ടാകുന്നവര്‍ക്ക് അത്തരം വിരക്തി ഉണ്ടാവുന്നത് സ്വാഭാവികം. എന്നാല്‍ ഏതെങ്കിലും സംഭവവുമായി ബന്ധപ്പെട്ടുണ്ടാകുന്ന രതിവിരക്തി ഫാലോഫോബിയ ആണെന്ന് പറയാനാവില്ല. എങ്കിലും അങ്ങനെയൊരു പേര് കഥയ്ക്ക് ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എങ്കിലും കഥയെ തലക്കെട്ടിനു ചേര്‍ന്നവിധം വികസിപ്പിക്കാന്‍ എഴുത്തുകാരിക്ക് കഴിയുന്നില്ല.
ഉണ്ണികൃഷ്ണന്‍ കളീക്കല്ലിന്റെ കഥ ‘ഭിത്തി’ യും വായനയെ വേണ്ടത്ര പ്രോത്സാഹിപ്പിക്കുന്നില്ല. ഭിത്തി എന്നത് (പ്രസാധകന്‍) പ്രതീകാത്മകമായാണ് കഥാകൃത്ത് ഉപയോഗിക്കുന്നത്. അത് മതങ്ങളാകാം വിശ്വാസങ്ങളോ വിലക്കുകളോ എന്തുമാകാം. മനുഷ്യരുടെ സ്വച്ഛന്ദമായ ഇടപെടുലകളെ തടയുന്ന എന്തിനേയും ഭിത്തിയായി കണക്കാക്കാം. അതെന്താണെന്ന് കഥാകൃത്ത് തെളിച്ചു പറയുന്നില്ല. ഇത്തരം സിംബലിസ്റ്റ് സമീപനം സാഹിത്യത്തില്‍ കാല്പനികതയുടെ അന്ത്യത്തില്‍ത്തന്നെ തുടങ്ങിയതാണ്. ജി. ശങ്കരക്കുറുപ്പിന്റെ സൂര്യകാന്തിപോലുള്ള കവിതകളിലൂടെ നമ്മളത് ആവോളം വാരിക്കുടിച്ചതാണ്. ഇപ്പോള്‍ ഉണ്ണികൃഷ്ണന്‍ കളീക്കല്‍ അവതരിപ്പിക്കുമ്പോള്‍ നമുക്ക് പുതുമ അനുഭവപ്പെടുന്നില്ല. ‘പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍’ എന്നേ തോന്നുന്നുള്ളൂ. പഴയ ഉള്ളടക്കത്തെ പുതിയ രീതിയില്‍ ആവിഷ്‌ക്കരിക്കുമ്പോഴാണ് സൗന്ദര്യം ഉല്‍പ്പാദിതമാകുന്നത്. അതിന് കവിക്കും കഥാകൃത്തിനും കൈവശമുള്ള ആയുധം ഭാഷയാണ്. അതിനെ തേച്ചുമിനുക്കി ഉപയോഗിക്കണം. അതൊന്നും ഈ കഥയില്‍ കാണാനില്ല. എങ്കിലും ശരാശരിയ്ക്കു മുകളില്‍ നില്‍ക്കുന്നവയാണ് ഉണ്ണികൃഷ്ണന്റേയും പ്രിയ ഉണ്ണികൃഷ്ണന്റേയും കഥകള്‍. എന്നാല്‍ രണ്ടും മേന്മയുള്ള കഥകളാണെന്ന് പറയാന്‍ വയ്യ.