പടിയിറങ്ങുന്ന നേരത്തു നിത്യവും
പറയുമെന്നേ വിളിക്കണം ചെന്നു നീ
വിറ പുരണ്ടൊരക്കയ്യാലനുഗ്രഹം
ചൊരിയുമെന്നെയമ്മാറോടുചേര്‍ത്തുടന്‍
നിറയുമെന്‍ മിഴി രണ്ടും തുടച്ചിട്ടു-
കരതലം കൊണ്ടു കെട്ടിപ്പുണരുവാന്‍-
തുനിയു, മപ്പൊഴാ ഗദ്ഗദങ്ങള്‍ മൂടി
തുടരെയെങ്ങോ മുറിയുന്ന വാക്കുകള്‍…..!
ഇനിയുമെപ്പോള്‍ വരു,മെന്നു ചോദിച്ചു
മറുപടിയ്ക്കായ് പാതിവഴിവന്നു നില്‍ക്കുവാന്‍-
ഇനിയുമാര്‍ക്കുമാവില്ലൊരുനാളു, മെന്‍-
വ്യഥകളാറ്റുന്ന സംഗീതമാകുവാന്‍!
പ്രിയതമെന്നുമീ വാക്കുകള്‍ക്കപ്പുറം-
പ്രണയമായിരുന്നച്ഛനോടെപ്പൊഴും,
വ്രണിതചിത്തനാമെന്നെവിട്ടെന്തിനീ-
വിമലമാം വിഹായസ്സിലേക്കെത്തി നീ?
മുറിയുമിന്നെന്റെ വാക്കുകള്‍ക്കര്‍ത്ഥവും-
മിഴിവുമേകിനിന്നാ വിളക്കിന്‍ പ്രഭ
മിഴിയടച്ചതാ മുന്നില്‍ കരിന്തിരി-
യെരിയുകയായ് പിരിയുവാനെന്നപോല്‍.
പിരിയുവാനെനിയ്ക്കാവില്ലൊരിയ്ക്കലും
സ്മൃതിമധുരമപ്പുഞ്ചിരിപ്പൊന്മുഖം!
സ്വയമിറക്കുന്നു ശോകമാം കൈപ്പുനീര്‍,
ക്ഷണികജീവിതത്തിന്‍ കലാശക്കളി
നിറയുമാത്മസംഘര്‍ഷത്തിലാഴ്ത്തി നീ
പടികടന്നങ്ങു പോകുവതെന്തിനായ്!
അഹിതമെന്തോ പറഞ്ഞുപോയെങ്കിലും
അനുനയിപ്പിയ്ക്കുമെപ്പൊഴും സ്‌നേഹമേ
തളരുകയാണിവിടെ ഞാ,നേകനെ-
ന്നറിയുമിപ്പൊഴിന്നേറെ വൈകീടവേ!
പറയുവാനേറെയെങ്കിലും മൗനത്തി-
ന്നറയില്‍വെച്ചു നടന്നുനീങ്ങീടവേ,
അറിയുമിന്നുഞാനച്ഛന്റെ സാന്ത്വന-
സ്മൃതികളെല്ലാം മനസ്സില്‍ കുറിയ്ക്കയായ്.
ദുരിതകാണ്ഡങ്ങളേറെയും താണ്ടി ഞാന്‍
സഹനഭൂവിലിന്നേകനായ് നില്‍ക്കവേ,
വരികയെന്നരികത്തീ നറുമലര്‍-
ദലപുടങ്ങളൊന്നര്‍ച്ചിച്ചിടട്ടെ ഞാന്‍.
പിടയുമെന്റെ മനസ്സിന്റെ നൊമ്പര-
പ്പടികളില്‍ വന്നിരിയ്ക്കയാണച്ഛനും!
അരികില്‍ ഞാനുള്ളതാണച്ഛനെപ്പൊഴും –
അതുലസന്തോഷമേകുന്നതത്രയും,
അതിനുമപ്പുറത്തൊന്നുമില്ലെന്നതാ –
ണവിടെ നിന്നുംഒഴുകും നിമന്ത്രണം.
പറയുവാനില്ലൊരാളുമെന്നച്ഛ, നി-
ന്നിവിടെ മൗനം കിടപ്പതെന്തിങ്ങനെ?!
ഒടുവിലെന്നെത്തനിച്ചാക്കിയെന്തിനോ-
വിടപറഞ്ഞച്ഛനെന്നോടിതേവിധം.
അനുനയിപ്പിക്കുവാനേറെയാളുകള്‍,
അതിലുമേറെ ഉപചാരവാക്കുകള്‍
അവയിലൊന്നും ഒതുങ്ങാത്തതാം മഹാ-
പ്രതിഭയാണെനിയ്ക്കച്ഛനെക്കാലവും.
മധുരമാകും മൊഴികളാല്‍ ജീവിത-
മധുപകര്‍ന്നതാണച്ഛനെല്ലാരിലും,
ശ്രുതിസുഭഗമാം ഗാനമായ് നിന്നതില്‍-
വ്യഥകളെല്ലാമകന്നുനിന്നാരിലും.
സുകൃതമായിരുന്നച്ഛനെന്‍ ജീവനില്‍
ഇനിയുമെന്നെ വിളിച്ചുണര്‍ത്തീടുവാന്‍,
ഇനിയുമമൃതചുംബനമൊന്നു നല്‍കുവാന്‍
ഇനിയുമാനന്ദഭരിതമാം ജീവിത-
മൃദുല മുഗ്ധഭാവങ്ങള്‍ പകര്‍ത്തുവാന്‍,
ഇനിയുമൊന്നെന്നെ നോക്കിച്ചിരിയ്ക്കുവാന്‍,
ഇനിയുമ, ക്കരംകൊണ്ടു തലോടുവാന്‍
ഇനിയുമൊന്നെന്നെ വാരിപ്പുണരുവാന്‍-
അരികിലെന്നോ വരും; കാത്തുനില്‍പ്പു ഞാന്‍.