സുപ്രീം കോടതിയിലെ 50-ാമത് ചീഫ് ജസ്റ്റിസ് ആയ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ജഡ്ജിയായിരിക്കെ അദ്ദേഹത്തെ കാണുന്നത് റംസാന്‍ കാലത്തെ ചന്ദ്രിക കാണുമ്പോലെ കുളിര്‍മ്മയുള്ളതായിരുന്നു ജമാഅത്തെ ഇസ്ലാമിയടക്കമുള്ള ഇസ്ലാമിസ്റ്റുകള്‍ക്ക്. എന്നാല്‍ ചീഫ് ജസ്റ്റിസായി അദ്ദേഹം മാറിയ ശേഷം അവര്‍ നോക്കിയപ്പോള്‍ കാണുന്നത് ചന്ദ്രികയല്ല, പകരം ഇബിലീസിനെയാണ്. എന്ത് പറ്റി ഈ ചന്ദ്രികയ്ക്ക്? അച്ഛന്‍ ചന്ദ്രചൂഡിനെപ്പോലെ വലിയ പുരോഗമനവാദി എന്നുമാത്രമല്ല ഹിന്ദുത്വക്കാര്‍ക്ക് അപ്രിയനുമായിരുന്നു മകന്‍ ചന്ദ്രചൂഡും എന്ന് ഇസ്ലാമിസ്റ്റ് പച്ച പത്രങ്ങള്‍ അഭിമാനം കൊണ്ടതാണ്. അതുകൊണ്ടു തന്നെ ചന്ദ്രചൂഡന് എന്തു പറ്റി എന്ന് അന്വേഷിക്കണമല്ലോ. ആ പണി അവര്‍ വിശ്വസ്തനായ ദുഷ്യന്ത് ദുബെയെ ഏല്പിച്ചു. ദുബെ അന്വേഷിക്കുക മാത്രമല്ല കാരണം കണ്ടെത്തുകയും ഇസ്ലാമിസ്റ്റുകള്‍ക്കു വേണ്ടി പണിയെടുത്ത് ലാഭരഹിതമായി ഡിജിറ്റല്‍ ന്യൂസ് വെബ് സൈറ്റ് നടത്തുന്ന സിദ്ധാര്‍ത്ഥ വരദരാജന്റെ ‘വയറി’ല്‍ കരണ്‍ഥാപ്പറിന് നല്‍കിയ അഭിമുഖം വഴി താന്‍ കണ്ടെത്തിയ വിവരം ലോകത്തെ അറിയിക്കുകയും ചെയ്തു. റംസാന്‍ ചന്ദ്രിക ഇബിലീസായതിന്റെ കാരണമെന്താണെന്നോ?- മോദിസ്പര്‍ശം!
ഹാദിയക്കേസ്സില്‍ ഹാദിയയുടെ വിവാഹം നിയമവിരുദ്ധമാണെന്നു പറഞ്ഞ ഹൈക്കോടതി വിധി ചന്ദ്രചൂഡ് റദ്ദാക്കിയപ്പോഴാണ് ഇസ്ലാമിസ്റ്റുകള്‍ റംസാനിലെ ചന്ദ്രിക കണ്ടത്. പിന്നെ അതങ്ങ് തെളിഞ്ഞുവരികയാണ്. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ യുവതികള്‍ക്ക് ശബരിമലയില്‍ ദര്‍ശനം നടത്താമെന്ന് ഉറപ്പിച്ചു വിധിയെഴുതിയത് ചന്ദ്രചൂഡായിരുന്നു. മീഡിയ വണ്‍ ചാനലിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് എടുത്തു കളഞ്ഞത് അദ്ദേഹമായിരുന്നു. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ചെവിക്കുപിടിച്ച് നിലക്ക് നിര്‍ത്തിയതും മുത്തലാഖ് വിഷയത്തില്‍ ക്രിമിനല്‍ കേസ്സില്‍ കുടുങ്ങുന്നവര്‍ക്ക് മുന്‍കൂര്‍ജാമ്യം അനുവദിച്ചതും ഒക്കെ ചന്ദ്രചൂഡിന്റെ വിധിയായി പുറത്തുവന്നു. അതേ ചന്ദ്രചൂഡാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരിക്കെ വാരാണസി ജ്ഞാന വാപി പള്ളിയില്‍ ക്ഷേത്രാവശിഷ്ടമുണ്ടോ എന്നറിയാന്‍ പുരാവസ്തു സര്‍വ്വേ നടത്താന്‍ അനുവദിച്ചത്. കഴിഞ്ഞില്ല, ആരാധനാലയ നിയമത്തിലെ വകുപ്പുകള്‍ ചികഞ്ഞ് പള്ളികളില്‍ സര്‍വ്വേ നടത്താന്‍ അപേക്ഷിക്കുന്നവര്‍ക്ക് അവസരമുണ്ടാക്കിയത്. 370-ാം വകുപ്പ് റദ്ദാക്കിയതിനെ അംഗീകരിച്ചത്. കഴിഞ്ഞ സപ്തംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചന്ദ്രചൂഡിന്റെ വീട് സന്ദര്‍ശിക്കുകയും ഗണപതി പൂജയില്‍ പങ്കെടുക്കുകയും ചെയ്തു. ഇതു കണ്ടെത്തിയതോടെ ദുബെ അസുഖം തിരിച്ചറിഞ്ഞു മോദി സ്പര്‍ശം. അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ അനുവദിക്കുന്നവിധി തനിക്ക് വെളിപ്പെട്ടത് ദൈവത്തില്‍ നിന്നാണെന്ന് ചന്ദ്രചൂഡ് പറഞ്ഞതോടെ ദുബെയുടെ കണ്ടെത്തല്‍ ഉറപ്പിക്കപ്പെട്ടു.