ശൂരമ്പട ഉത്സവം കഴിഞ്ഞു. ജനം പിരിഞ്ഞുപോയി. സമയം രാത്രി എട്ട് മണി. കുറച്ചു പരിചയക്കാര്‍ ആല്‍ത്തറയ്ക്കല്‍ നിന്ന് ചര്‍ച്ചയാണ്. കാര്യമെന്താണ് എന്ന് തിരക്കി ഞാനും കൂടി.
ഇത്തവണത്തെ ഉത്സവത്തിന് ഉപയോഗിച്ച കൊടിയാണ് വിഷയം. ചുവപ്പ്, വെളുപ്പ്, നീല നിറത്തില്‍ ചെറിയ കൊടിക്കൂറ. ഫ്രാന്‍സിന്റെ കൊടി പോലെ ഒരു കൊടി ഇതാര് ഡിസൈന്‍ ചെയ്തു? വല്ല ഫുട്ബാള്‍ ഫാനും?
പണിക്കരേട്ടന്‍ പറഞ്ഞു ‘സാധാരണ ക്ഷേത്രങ്ങളില്‍ ഒന്നുകില്‍ കാവിക്കൊടി അല്ലെങ്കില്‍ പരമ്പരാഗത ചുവപ്പ്, കറുപ്പ്, വെള്ള, മഞ്ഞ നിറത്തിലുള്ള കൊടിക്കൂറ. ഇത് രണ്ടുമല്ലാതെ ആരുടെ പണിയാണോ എന്തോ? ഒരു തരം സെക്കുലറിസം?’
‘സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തത് പ്രസിദ്ധ സാഹിത്യകാരിയെ പറഞ്ഞു പറ്റിച്ച മതേതരക്കാരനല്ലേ പിന്നെ അങ്ങനെയേ വരൂ’ നമ്പ്യാരങ്കിള്‍ നീരസത്തോടെ പറഞ്ഞു.
‘ഇതൊക്കെ ചൂണ്ടിക്കാണിക്കുന്ന നമ്മളാണത്രെ എന്തിലും ഏതിലും വര്‍ഗ്ഗീയത കാണുന്ന വര്‍ഗ്ഗീയവാദികള്‍?’
‘ഇപ്പോള്‍ മലബാറിലെ മിക്ക ഉത്സവങ്ങള്‍ക്കും നോട്ടീസടിക്കുന്നവര്‍ ക്ഷേത്രക്കമ്മറ്റിക്കാരല്ല, പരസ്യ സ്‌പോണ്‍സേര്‍സ് തന്നെയാണ്. ഇറച്ചിക്കടകള്‍, കുഴിമന്തിക്കടകള്‍ എന്നിവയുടെ വന്‍ പരസ്യങ്ങളാണ് ഉത്സവ നോട്ടീസുകളില്‍. അത്രയും പണം ലാഭിക്കാമല്ലോ എന്നായിരിക്കും കമ്മിറ്റിക്കാര്‍ കരുതുന്നത്. പക്ഷേ അങ്ങനെ നോട്ടീസ് അടിച്ചു കൊടുക്കുന്നവര്‍ക്ക് ഈ വിശ്വാസത്തോട് എന്ത് പുച്ഛമായിരിക്കും!’
‘ഇതിന്റെയൊക്കെ പിന്നില്‍ വല്ല അജണ്ടയുണ്ടോ എന്നാര്‍ക്കറിയാം?’
‘ക്ഷേത്രം നാട്ടിലെ ഒരു സ്ഥാപനം മാത്രമായി കണക്കാക്കുന്ന മതേതര രാഷ്ട്രീയക്കാരാണ് അതിനു പിന്നില്‍. ‘നമ്മുടെ’ എന്ന വാക്ക് ഏതിലെങ്കിലും കണ്ടാല്‍ ഉറപ്പിച്ചോളൂ അത് നിങ്ങളുടെ മാത്രമല്ല മറ്റുള്ളവരുടെയും കൂടിയാകുന്നു എന്നാണ്. പിന്നെ ചോദ്യങ്ങളില്ല.’
‘അല്ലെങ്കിലും ഇനി എല്ലാം വഖഫിന്റേതാകും. തിരുവിതാംകൂര്‍ ദേവസ്വം വക, മലബാര്‍ ദേവസ്വം വക, സാമൂതിരി വക, എന്നിവയെല്ലാം മാറി വഖഫ് വക മാത്രം. അങ്ങനെ വേണം എന്നാണ് കോണ്‍ഗ്രസ്സ് രാഷ്ട്രീയം പറയുന്നത്. അതില്‍ അവര്‍ വിജയിച്ചിരിക്കുന്നു. സകല വാര്യര്‍മാരെയും അമ്പലവാസികളെയും അങ്ങനെ പറഞ്ഞ് വിശ്വസിപ്പിച്ചിരിക്കുന്നു.’
‘ഹ..ഹ..ഹ..’ എല്ലാവരും ചിരിച്ചു.
‘അങ്ങനെ ക്ഷേത്ര മതില്‍ക്കെട്ടില്‍ തന്നെ കഴിയേണ്ട എന്ന് പറഞ്ഞു സകല കാളകളെയും ആനകളെയും വലിച്ചു പുറത്തിടും. കൂട്ടത്തില്‍ വാദ്യക്കാരെയും സംഗീത – നൃത്ത – കലകളെയും.
വഖഫ് അള്ളാഹുവിന്റെയാണെങ്കിലും പ്രമേയപ്രകാരം സെക്കുലര്‍ ആണ്.’ നമ്പ്യാരങ്കിള്‍ പറഞ്ഞു.
‘യുവജനോത്സവത്തില്‍ ഭരതനാട്യം, കുച്ചിപ്പുടി, ക്ലാസ്സിക്കല്‍ സംഗീതം തുടങ്ങിയവയില്‍ നിന്നും ഹിന്ദു ദേവതാ നാമങ്ങള്‍ മാറ്റി വേറെ നാമങ്ങള്‍ തിരുകി കയറ്റുന്നത് പതിവാണല്ലോ’ എന്ന് പണിക്കരേട്ടന്‍.
‘ശരിയാണ്, ത്യാഗരാജസ്വാമികള്‍, മുത്തുസ്വാമിദീക്ഷിതര്‍, ശ്യാമശാസ്ത്രികള്‍ ഇവരുടെയെല്ലാം കീര്‍ത്തനങ്ങളും മറ്റും ഫ്യൂഷന്റെ പേരില്‍ മാറ്റം വരുത്തി പാടുന്നുണ്ടത്രേ. ഇതിപ്പോള്‍ ആന്ധ്ര, തമിള്‍നാട്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളിലും പതിവാണ്. ഇതിനെതിരെ പ്രതിഷേധം ശക്തമാണ്.’
‘ഭക്തി വഴിഞ്ഞൊഴുകുന്ന ത്യാഗരാജ കൃതികള്‍ എങ്ങനെ വരികള്‍ മാറ്റി പാടും?’
ഞാന്‍ പറഞ്ഞു ‘എന്നാല്‍ അത് സംഭവിക്കുന്നുണ്ട്. അതിലെ ഭക്തി പലര്‍ക്കും അലോസരമുണ്ടാക്കുന്നുവത്രേ.’
സംഗീത തല്പരനായ പണിക്കരേട്ടന്‍ പറഞ്ഞു.
‘കഷ്ടം!.. കവിയോഗി ഋഷി ശുദ്ധാനന്ദ ഭാരതി ത്യാഗരാജ സ്വാമികളെപ്പറ്റി ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു ‘ത്യാഗരാജന്‍ രാമനാമ ക്ഷേത്രമാണ്. തേനൂറും സംഗീതത്തില്‍ രാമന്റെ അപദാനങ്ങള്‍ പാടുന്ന രാമകോകിലമാണ്. ചലനവിന്യാസത്തില്‍ മീരയും, ഭക്തിയില്‍ കബീര്‍ദാസും, സംഗീതത്തില്‍ പുരന്ധരദാസനും ദര്‍ശനത്തില്‍ നമ്മാള്‍വാറുമാണ് ത്യാഗരാജന്‍.’
‘ശരിയാണ്. ഭക്തിയാണ് മുഖ്യം. അതാണ് ശരിയായ ഭാവം. ഭക്തിയില്‍ മുഴുകിയ ഹൃദയത്തില്‍ നിന്ന് പുറപ്പെട്ട ആലാപനങ്ങളാണ് കീര്‍ത്തനങ്ങളെല്ലാം. ഭാവം, രാഗം, താളം എന്നല്ലേ? സ്വാതി തിരുനാള്‍ കൃതികള്‍ നോക്കൂ ‘പത്മനാഭ പാഹി’ എന്നതൊക്കെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് വന്നതാണ്. അപ്പോള്‍ ഭക്തി എടുത്ത് മാറ്റാം എന്ന് ചിലര്‍ കരുതിയാല്‍ എന്താവും സ്ഥിതി?’
‘ഈയിടെ ‘അജിതാ ഹരേ’ ഫ്യൂഷനാക്കിയപ്പോള്‍ ഒരു ലക്ഷത്തിനടുത്ത് ആളുകള്‍ കണ്ടു ഇഷ്ടപ്പെട്ടു. പക്ഷെ യഥാര്‍ത്ഥ കഥകളി പദം വെറും ആയിരത്തി അഞ്ഞൂറ് പേരേ കണ്ടുള്ളൂവത്രേ. എന്ന് കരുതി ഒറിജിനലിനെ നശിപ്പിച്ച് വേണോ ആനന്ദം കണ്ടെത്താന്‍?’
‘ഇപ്പോള്‍ നമ്മുടെ പൊതു ചടങ്ങുകളിലെല്ലാം എല്ലാവര്‍ക്കും സ്വീകാര്യമായത് എന്ന വിധത്തില്‍ തട്ടിക്കൂട്ട് പ്രാര്‍ത്ഥനകള്‍ കേള്‍ക്കുന്നുണ്ട്. സൂക്ഷിച്ചാല്‍ വൈകൃതം മനസ്സിലാക്കാം. എന്തിനാണ് ഇങ്ങനെ? അപ്പോള്‍ ആര്‍ക്കാണ് ഇത്ര അസഹിഷ്ണുത?’
‘ഇത്തരം വെറുപ്പ് കാണിക്കുന്നവരാണ് സ്‌നേഹത്തിന്റെ കട തുറന്നിരിക്കുന്നത്.’നമ്പ്യാരങ്കിള്‍ അതിനെ രാഷ്ട്രീയവല്‍ക്കരിച്ചു.
‘ഇങ്ങനെ ക്ലാസ്സിക്കല്‍ സംഗീതം മാത്രമല്ല പരമ്പരാഗതമായ പലതും വികലമാക്കുന്നുണ്ട്. മാര്‍ക്‌സിസ്റ്റു പാര്‍ട്ടി അവരുടെ സമ്മേളനങ്ങള്‍ക്ക് തെയ്യവും തിറയും ഉപയോഗിക്കുക, മുത്തപ്പന്റെ അമ്പലം ഉണ്ടാക്കി വെക്കുക, വികലമായ കൈകൊട്ടിക്കളി കളിക്കുക തുടങ്ങി പല നാസ്തിക വൈകൃതങ്ങളും ചെയ്യുന്നുണ്ട്. അതെല്ലാം മതനിന്ദാ ഗണത്തില്‍ പെടുത്തേണ്ടതാണ്.’
‘ശരിയാണ്. തിരുവാതിര, കൈകൊട്ടിക്കളി എന്ന പേരില്‍ ഇപ്പോള്‍ നടക്കുന്നത് ഡബ്ബാ കൂത്താണ്, പെണ്ണുങ്ങള്‍ മുണ്ടും വേഷ്ടിയും ഉടുത്ത് ഉറഞ്ഞു തുള്ളിയാല്‍ അതു കൈകൊട്ടിക്കളിയാവുമോ?’
എല്ലാവരും ചിരിച്ചപ്പോള്‍ പണിക്കരേട്ടന്‍ തെല്ലു അമര്‍ഷത്തോടെ പറഞ്ഞു.
‘വല്ലാത്ത കഷ്ടം തന്നെ. എന്തായാലും ഇതെല്ലാം നമ്മുടെ സംസ്‌കാരത്തോട് ചെയ്യുന്ന പാതകമാണ്. ശാസ്ത്രീയ കലകളുടെ അന്ത:സ്സത്തയെ നുള്ളിക്കളഞ്ഞുകൊണ്ടുള്ള വികല അനുകരണങ്ങളെ നാം ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്.’
‘ശരിയാണ്. ആരെങ്കിലും ആവശ്യപ്പെട്ടതിനനുസരിച്ച് ധനമോഹികളായ കലാകാരന്മാര്‍ എന്തും ചിട്ടപ്പെടുത്തിക്കൊടുക്കുന്നുണ്ടല്ലോ. കലകളുടെ നാശത്തിന് അത്തരക്കാരും കാരണക്കാരാണ്. ഒരു തരം ‘ന്താപ്പോ’ സംസ്‌കാരം ആവേശിച്ചവരുണ്ട്. അവര്‍ ഒന്നിലും പവിത്രത ദര്‍ശിക്കുന്നില്ല. വിളക്കില്ലാതെ കഥകളി കളിച്ചാല്‍ എന്താ?, ബലിക്കല്ലില്‍ ചവിട്ടി നിന്നാല്‍ എന്താ?, നാക്കില വലത്തോട്ട് തിരിച്ചു വെച്ചാല്‍ എന്താ? അങ്ങനെ അനേകം അരുതായ്മകള്‍ ചോദ്യം ചെയ്താലെന്താ? ഒന്നൂല്ല്യ.’
‘പോയി പോയി ശബരിമലയില്‍ സര്‍ക്കാര്‍ ഒളിച്ചുകടത്തിയ ആ അന്യമത സ്ത്രീ ‘ഉപയോഗിച്ച സാനിട്ടറി നാപ്കിന്‍’ കയ്യില്‍ കരുതിയിരുന്നു ശ്രീകോവിലിലേക്കെറിയാന്‍ എന്ന് വരെ അഭ്യൂഹങ്ങള്‍ പരന്നപ്പോള്‍ ചാനല്‍ ആങ്കര്‍ നികേഷ് കുമാര്‍ ചോദിച്ചതും ‘അതുകൊണ്ട് ന്താപ്പോ?’ എന്നായിരുന്നു. ഇതേ’ന്താപ്പോക്കാര്‍’ ‘മുസ്ലിം സ്ത്രീകള്‍ പള്ളിയില്‍ കയറിയാല്‍ എന്താ?’ എന്നോ, ‘കന്യാസ്ത്രീകള്‍ കുമ്പസാരം ഏറ്റുവാങ്ങിയാല്‍ എന്താ?’, എന്നോ മറ്റോ ചോദിക്കില്ല. ഇപ്പോള്‍ അഞ്ചു ശതമാനം ജനസംഖ്യയേ കൂടുതല്‍ ഉള്ളുവെങ്കിലും ക്രൂശിക്കേണ്ടത് എപ്പോഴും ഒരു കൂട്ടരെ തന്നെ. രാഷ്ട്രീയ ശരികള്‍ നോക്കണമല്ലോ.’
‘ഏത് കല്ലിലും പൂവിലും ചെടിയിലും മലയിലും പുഴയിലും തൂണിലും തുരുമ്പിലും പവിത്രത ദര്‍ശിക്കുന്നവരും ആ ദര്‍ശനത്തെ ഏതു വിധേനയും ഇല്ലായ്മ ചെയ്യാന്‍ വഴികളാലോചിക്കുന്നവരും തമ്മിലുള്ള വടംവലി കേരളത്തിലുള്ള പോലെ എവിടെയും കാണില്ല.’ പണിക്കരേട്ടന്‍ തത്വചിന്തകനായി.
‘ചോരന്മാര്‍ക്കെന്ത് പവിത്രത? രാവണന്‍ സീതയെ കട്ടുകൊണ്ടുപോകുമ്പോള്‍ അന്യന്റെ ഭാര്യയാണെന്ന് തെല്ലെങ്കിലും ഓര്‍ത്തുവോ? വെറുതെയല്ല രാമായണത്തില്‍’ അധ്വരത്തിങ്കല്‍ ചെന്ന് ശുനകന്‍ പുരോഡാശം കൊണ്ടുപോകുന്നതു പോലെ’ എന്ന വരികള്‍ എഴുതിയത്. പവിത്രമായ യജ്ഞവേദിയിലെ ഏറ്റവും പ്രധാനമായ സാധനം – അഗ്‌നിയിലേയ്ക്ക് നെയ്യൊഴിക്കുന്ന കയില് – പുരോഡാശം – അത് ശുനകന്‍ കടിച്ചെടുത്ത് കൊണ്ടുപോയാല്‍ എങ്ങനെയിരിക്കും അതുപോലെ എന്ന്. രാവണനെ ശുനകനോട് ഉപമിച്ചിരിക്കുന്നു.’
‘ശരിയാണ് ശുനകന്റെ പ്രവര്‍ത്തിയാണ് ഇപ്പൊ ഈ ന്താപ്പൊക്കാര്‍’ ചെയ്യുന്നത്? പക്ഷെ രാവണന്‍ സര്‍വ്വ പ്രധാനമായ അതിന്റെ മേന്മ കണ്ടു തനിക്കാക്കാന്‍ നോക്കുമ്പോള്‍ ഈ വൈതാളികര്‍ വിദേശ തത്വചിന്തകളുടെ പ്രബലത്തില്‍ ഭാരതീയമായ സകല കലകളുടെയും ശാസ്ത്രങ്ങളുടെയും ഉള്ളില്‍ കുടികൊള്ളുന്ന സനാതന മൂല്യത്തെ എടുത്ത് കളഞ്ഞു ഉപയോഗിക്കാന്‍ നോക്കുന്നു. മഹാമോശം.’
‘ശരിയാണ്. എന്നാല്‍ ഉള്ളില്‍ ഉണ്ണിപ്പിണ്ടിയില്ലാതെ എന്ത് വാഴ? ഉള്ളിലെ സ്ഥായിയായ ആത്മബലം ഈശ്വരീയത അത് തന്നെയാണ് ഭാരതത്തിലെ സര്‍വ്വ കലകളുടെയും ശാസ്ത്രങ്ങളുടെയും ആധാരം.’ പണിക്കരേട്ടന്‍ പറഞ്ഞു.
‘ചക്കയിലെ ചുള പറിച്ചെറിഞ്ഞു അതില്‍ മറ്റു പഴങ്ങള്‍ വെച്ച് ഉപയോഗിക്കാന്‍ നോക്കുംപോലെയാണ് ഈ ഫ്യുഷനും മറ്റും. അതിന്റെ വ്യാപനം മൂലം യുവതലമുറ വ്യാജമായതിനെ സ്വീകരിക്കുകയും യാഥാര്‍ഥ്യമായതിനെ തിരസ്‌ക്കരിക്കുകയും ചെയ്യും. തനതായതിനെ നശിപ്പിക്കാതെ പുതിയ കലകള്‍ ഉണ്ടാവട്ടെ.’നമ്പ്യാരങ്കിളിന്റെ ആ ഉപദേശത്തോടെ ഞങ്ങള്‍ ശുഭരാത്രി പറഞ്ഞു പിരിഞ്ഞു.