സുനിത വില്യംസും ബാരി ബുച്ച് വില്‍മോറും ഇല്ലാതെ സ്റ്റാര്‍ലൈനര്‍ ഭൂമിയില്‍ തിരിച്ചെത്തി. ഇരുവരുടെയും മടങ്ങിവരവ് ആശയക്കുഴപ്പത്തിലായി ബഹിരാകാശത്ത് തുടരുകയാണ്. ബോയിങ് സ്റ്റാര്‍ലൈനര്‍ എന്ന ബഹിരാകാശ പേടകത്തില്‍ മനുഷ്യരെയും വഹിച്ചുകൊണ്ടുള്ള പരീക്ഷണ പറക്കലിന്റെ ഭാഗമായിട്ടാണ് ഇന്ത്യന്‍ വംശജയായ സുനിത വില്യംസും അമേരിക്കക്കാരനായ ബാരി ബുച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐ.എസ്.എസ്) എത്തിയത്. എട്ട് ദിവസത്തെ ദൗത്യമായിരുന്നു അവരുടെ പ്ലാന്‍. യാത്രയില്‍ തന്നെ ബഹിരാകാശ വാഹനത്തിന്റെ ത്രസ്റ്ററുകളില്‍ (വാഹനം നിയന്ത്രിക്കാനായി ഉപയോഗിക്കുന്ന വളരെ ചെറിയ റോക്കറ്റുകള്‍) പ്രശ്‌നങ്ങളും ഹീലിയം ചോര്‍ച്ചയും ഉണ്ടായിരുന്നു. അതുകൊണ്ട് ആ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ അതേ വാഹനത്തില്‍ തിരിച്ചുവരുന്നത് അപകടമായതിനാലാണ് അവര്‍ക്ക് ബഹിരാകാശ നിലയത്തില്‍ തന്നെ കഴിയേണ്ടിവന്നത്. ജൂണ്‍ 13നോ 14നോ തിരിച്ചുവരേണ്ട ബഹിരാകാശ യാത്രികര്‍ തിരിച്ചുവരാന്‍ കഴിയാതെ അവിടെയാണുള്ളത്. എട്ടു ദിവസത്തെ മിഷനായി നടത്തിയ യാത്ര ഇപ്പോള്‍ എട്ടു മാസത്തിലേക്ക് നീളുകയാണ്.
നാസയുടെ കൊമേഷ്യല്‍ ക്രൂ പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഇരുവരും ഐഎസ്എസിലേക്ക് പോയത്. ഈ പ്രോഗ്രാമിനെ കുറിച്ച് പറയുന്നതിന് മുന്‍പ് നാസയുടെ തന്നെ മറ്റൊരു പദ്ധതിയായ COTSനെ (കൊമേര്‍ഷ്യല്‍ ഓര്‍ബിറ്റല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സര്‍വീസസ്) കുറിച്ച് അറിയണം. നാസയ്ക്ക് പല അവസരങ്ങളിലും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക് ചരക്ക് (cargo) എത്തിക്കേണ്ടതായിട്ടുണ്ട്. അതിനുവേണ്ടി നാസയുടെ ബഹിരാകാശ പേടകങ്ങളും ടെക്‌നോളജിയും ഉപയോഗിക്കുന്നതിന് പകരം സ്വകാര്യ കമ്പനികളുടെ ബഹിരാകാശ വാഹനങ്ങള്‍ ഉപയോഗിച്ച് ഐഎസ്എസിലേക്ക് ചരക്ക് എത്തിക്കുന്നതിനുള്ള പ്രോഗ്രാമാണ് കൊമേര്‍ഷ്യല്‍ ഓര്‍ബിറ്റല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെര്‍വീസസ്. ഇതിനുവേണ്ടി സ്‌പേസ് എക്‌സ്, ഓര്‍ബിറ്റല്‍ സയന്‍സ് എന്നീ രണ്ടു കമ്പനികളെ നാസ തിരഞ്ഞെടുത്തു. അവര്‍ ഈ പദ്ധതി വളരെ വിജയകരമായി മുന്നോട്ടുകൊണ്ടുപോയി. അതുവഴി ബഹിരാകാശ നിലയത്തിലേക്ക് ചരക്ക് എത്തിക്കുന്നതിനുവേണ്ടി ചിലവാക്കിയിരുന്ന ഭീമമായ തുക കുറയ്ക്കാന്‍ നാസയ്ക്ക് സാധിച്ചു. ഈ അവസരത്തിലാണ് ചരക്ക് എത്തിക്കാന്‍ സ്വകാര്യ കമ്പനികളെ ആശ്രയിക്കുന്നതുപോലെ നാസയുടെ ബഹിരാകാശ സഞ്ചാരികളെ ഐഎസ്എസില്‍ എത്തിക്കാന്‍ എന്തുകൊണ്ട് സ്വകാര്യ കമ്പനികളെ ആശ്രയിച്ചു കൂടാ എന്ന ചിന്ത നാസയ്ക്ക് ഉണ്ടായത്.
മനുഷ്യരെ ബഹിരാകാശത്തു അയക്കുന്നതിന് നാസയ്ക്ക് സ്വന്തമായി ധാരാളം പദ്ധതികള്‍ ഉണ്ടായിരുന്നു(human spaceflight program). അതില്‍ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയായിരുന്നു സ്‌പേസ് ഷട്ടില്‍ പ്രോഗ്രാം. ഓരോ ബഹിരാകാശ യാത്രയ്ക്കും കോടിക്കണക്കിന് രൂപയാണ് നാസയും അമേരിക്കന്‍ ഗവണ്‍മെന്റും ചിലവാക്കിയിരുന്നത്. അതിനെതിരെ ജനങ്ങള്‍ക്കിടയില്‍ ആരോപണങ്ങള്‍ നിലനിന്നിരുന്നു. കൂടാതെ അത് വളരെ അപകടം നിറഞ്ഞതുമായിരുന്നു. സ്‌പേസ് ഷട്ടില്‍ പ്രോഗ്രാമിന്റെ ഭാഗമായി നടത്തിയ ബഹിരാകാശ യാത്രകളില്‍ 1986 ല്‍ ചലഞ്ചര്‍ ദുരന്തവും 2003 ല്‍ ഇന്ത്യന്‍ വംശജയായ കല്പന ചൗള ഉള്‍പ്പെടെയുള്ളവരുടെ ജീവനെടുത്ത കൊളമ്പിയ ദുരന്തവും ഉണ്ടായി. ഇത്രയും അപകടം ഉള്ള കാര്യം ഭീമമായ തുക മുടക്കി ചെയ്യുമ്പോള്‍ ഓരോ വര്‍ഷവും നാലോ അഞ്ചോ തവണയില്‍ കൂടുതല്‍ യാത്ര നടത്താന്‍ സാധിക്കാതെ വന്നു. അങ്ങനെയാണ് നാസ കൊമേഴ്‌സ്യല്‍ ക്രൂ പ്രോഗ്രാം മുന്നോട്ടുവെക്കുന്നത്. അമേരിക്കന്‍ സ്വകാര്യകമ്പനികളുടെ പങ്കാളിത്തത്തിലൂടെ അമേരിക്കയില്‍ നിന്ന് ബഹിരാകാശ സഞ്ചാരികളെ ഐഎസ്എസിലേക്കും പുറത്തേക്കും സുരക്ഷിതവും വിശ്വസനീയവും ചെലവ് കുറഞ്ഞതുമായ രീതിയില്‍ എത്തിക്കുക എന്നതാണ് കൊമേഴ്‌സ്യല്‍ ക്രൂ പ്രോഗ്രാമിന്റെ ലക്ഷ്യം.
ബോയിങ് സ്റ്റാര്‍ലൈനറിന്റെ വഴി
1972ല്‍ മനുഷ്യനെ അവസാനമായി ചന്ദ്രനിലെത്തിച്ച ചാന്ദ്ര ദൗത്യമായ അപ്പോളോ 17ന് ശേഷം നാസക്ക് സ്വന്തമായി ബഹിരാകാശ വാഹനങ്ങള്‍ ഉണ്ടായിരുന്നില്ല. 1981ലാണ് മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന നാസയുടെ സ്‌പേസ് ഷട്ടിലുകളുടെ ബഹിരാകാശയാത്ര തുടങ്ങുന്നത്. 2011ല്‍ നാസ ആ പദ്ധതി അവസാനിപ്പിച്ചു. അതുകൊണ്ട് 2011നു ശേഷം വീണ്ടും നാസക്ക് സ്വന്തമായി ബഹിരാകാശ വാഹനങ്ങള്‍ ഇല്ലാത്ത സ്ഥിതി വന്നു. അതേസമയം റഷ്യയുടെ ബഹിരാകാശ ഏജന്‍സി ആയിട്ടുള്ള റോസ്‌കോസ്‌മോസിലെ human spaceflight ആയ സോയൂസ് വാഹനങ്ങള്‍ ബഹിരാകാശത്തേക്ക് നിരന്തരം യാത്ര നടത്തിക്കൊണ്ടിരുന്നു.
1998ലാണ് നാസയും റഷ്യയും ജപ്പാനും യൂറോപ്പും കാനഡയും ചേര്‍ന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ (ഐ.എസ്.എസ്) നിര്‍മാണം തുടങ്ങുന്നത്. 2011ല്‍ ഐഎസ്എസ് പൂര്‍ണമായി പ്രവര്‍ത്തിച്ചു തുടങ്ങുമ്പോഴേക്കും അമേരിക്കയ്ക്ക് അവരുടെ ബഹിരാകാശ യാത്രികരെ അവിടേക്കയക്കാന്‍ സ്വന്തമായി വാഹനം ഉണ്ടായിരുന്നില്ല. റഷ്യയുടെ സോയൂസ് വാഹനത്തില്‍ സീറ്റുകള്‍ വാടകയ്ക്ക് എടുത്താണ് നാസ ബഹിരാകാശ യാത്രികരെ ഐഎസ്എസില്‍ എത്തിച്ചത്. പക്ഷെ അതും വളരെ ചിലവേറിയതായിരുന്നു. 2006ല്‍ ഒരാളെ ഐ.എസ്.എസില്‍ എത്തിക്കാന്‍ 20 മില്ല്യണ്‍ ആണ് നാസയ്ക്ക് ചിലവായതെങ്കില്‍ 2020ല്‍ അത് 90 മില്ല്യണായി ഉയര്‍ന്നു. റഷ്യയുടെ സോയൂസ് വാഹനത്തില്‍ സീറ്റുകള്‍ക്ക് കനത്ത വാടക നല്കണമെന്നതിനേക്കാള്‍ നാസക്കും അമേരിക്കക്കും പ്രശ്‌നമായത് ചന്ദ്രനില്‍ മനുഷ്യനെ ഇറക്കിയ രാജ്യത്തിന് സ്വന്തമായി ബഹിരാകാശ വാഹനം ഇല്ല എന്ന വസ്തുതയാണ്.
ഇതിന് പരിഹാരമായിട്ടാണ് 2011ല്‍ തന്നെ നാസ കൊമേഴ്‌സ്യല്‍ ക്രൂ പ്രോഗ്രാം കൊണ്ടുവന്നത്. അതിന്റെ ഭാഗമായി തിരഞ്ഞെടുത്ത സ്‌പേസ് എക്‌സ്, ബോയിങ് എന്നീ കമ്പനികള്‍ക്ക് ബഹിരാകാശ വാഹനം വികസിപ്പിച്ചെടുക്കാന്‍ 2014ല്‍ നാസ കരാര്‍ കൊടുത്തു. ഒന്നല്ലെങ്കില്‍ മറ്റേ വാഹനം ഉണ്ടാകണം എന്ന തീരുമാനമനുസരിച്ചാണ് നാസ രണ്ടു പ്രൈവറ്റ് കമ്പനികള്‍ക്ക് കോണ്‍ട്രാക്ട് നല്‍കിയത്. സ്‌പേസ് എക്‌സ് COTS പദ്ധതിയിലെ പ്രധാനപ്പെട്ട കമ്പനിയായിരുന്നു. ആറു വര്‍ഷം കഴിഞ്ഞപ്പോള്‍ സ്‌പേസ് ഏക്‌സിന്റെ ക്രൂ ഡ്രാഗണ്‍ വാഹനം തയ്യാറായി. അത് 2020 മുതല്‍ നാസയുടെ സഞ്ചാരികളെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കും തിരിച്ചും അയക്കുന്നുണ്ട്.പത്ത്‌വര്‍ഷം കൊണ്ട് ബോയിങ് കമ്പനി സ്റ്റാര്‍ലൈനര്‍ എന്ന ബഹിരാകാശ വാഹനം ഉണ്ടാക്കിയെടുത്തു. സഞ്ചാരികളില്ലാത്ത ആദ്യത്തെ വിക്ഷേപണം 2017ല്‍ പ്ലാന്‍ ചെയ്തുവെങ്കിലും എല്ലാ പ്രശ്‌നങ്ങളും തീര്‍ത്ത് 2019ല്‍ മാത്രമാണ് വിക്ഷേപിക്കാനായത്. മൂന്ന് പാരച്യൂട്ടില്‍ ഒന്നു തുറക്കാത്ത പ്രശ്‌നം ഉണ്ടായെങ്കിലും പരീക്ഷണം വിജയമായിരുന്നു എന്ന് ബോയിങ്ങും നാസയും പ്രഖ്യാപിച്ചു. 2019ല്‍ തന്നെ രണ്ടാമത്തെ പരീക്ഷണപറക്കല്‍ നടന്നു. പക്ഷേ അതില്‍ വാഹനം തെറ്റായ ഭ്രമണപഥത്തില്‍ പോയതിനാല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ഡോക്ക് ചെയ്യാനാവാതെ പരീക്ഷണം പൂര്‍ണ്ണ പരാജയമായി. 2022 മെയ് മാസത്തില്‍ നടന്ന അടുത്ത വിക്ഷേപണം വിജയിച്ചു. സഞ്ചാരികള്‍ ഇല്ലാത്ത മൂന്നാമത്തെ ടെസ്റ്റ് ഉണ്ടായിരുന്നില്ല. അതായത് മൂന്നില്‍ രണ്ടു പരാജയങ്ങള്‍ നേരിട്ടിട്ടും നാസയും ബോയിങ്ങും അടുത്ത പറക്കലില്‍ മനുഷ്യരെ കയറ്റിത്തന്നെ പോകാന്‍ തീരുമാനിക്കുകയായിരുന്നു.
ആരോഗ്യ കാര്യത്തില്‍ ആശങ്ക
ദൗത്യം നീളുന്നതോടെ സുനിതയ്ക്കും ബുചിനും നേരിടേണ്ടി വരുന്ന ശാരീരിക അസ്വസ്ഥതകളെയും ആരോഗ്യ പ്രശ്‌നങ്ങളെയും കുറിച്ച് ആശങ്ക ഉയരുന്നുണ്ട്. ഒരിക്കല്‍ സുനിത ഇന്ത്യയില്‍ എത്തി കുട്ടികളുമായി സംവദിച്ചപ്പോള്‍ പറഞ്ഞ ചില കാര്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നുണ്ട്. ബഹിരാകാശത്ത് കഴിയുമ്പോള്‍ മുടിയും നഖവും വേഗത്തില്‍ വളരുമെന്നും ശരീരത്തിന്റെ ഉയരം വര്‍ദ്ധിക്കുമെന്നുമാണ് സുനിത പറഞ്ഞത്. എന്നാല്‍ ഇതെല്ലാം താത്കാലികമാണ്. ഭൂമിയിലേക്ക് മടങ്ങി വരുന്നതോടെ ശരീരത്തില്‍ ഗുരുത്വാകര്‍ഷണം സ്വാധീനം ചെലുത്താന്‍ തുടങ്ങും. അതോടെ ശരീരത്തിന്റെ ഉയരം സാധാരണ ഉയരത്തിലേക്ക് മാറും. പക്ഷെ അത് നട്ടെല്ലിന് വേദന ഉണ്ടാക്കിയേക്കാം. ഭൂമിയില്‍ തിരിച്ചെത്തിയാലും കാര്യങ്ങള്‍ സാധാരണ രീതിയിലേക്ക് മാറാന്‍ സമയമെടുക്കും. ദൗത്യം നീളുമ്പോള്‍ യാത്രികര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ഇതില്‍ ഒതുങ്ങില്ല. മൈക്രോ ഗ്രാവിറ്റി കാരണം അസ്ഥിക്ഷയം ഉണ്ടാവും. ഇതിനെ പ്രതിരോധിക്കാന്‍ പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ച് വ്യായാമം ചെയ്യണം. അണുവികിരണം, പരിമിതമായ ജീവിത സാഹചര്യങ്ങള്‍, ഒറ്റപ്പെടല്‍, ഉറക്കത്തില്‍ വന്ന മാറ്റം എന്നിവയെല്ലാം ശാരീരികവും മാനസികവുമായ സമ്മര്‍ദ്ദത്തിന് ഇടയാക്കും. രോഗപ്രതിരോധ സംവിധാനത്തെ വരെ അത് ബാധിക്കാം. അണുവികിരണം പോലുള്ളവ ബഹിരാകാശ യാത്രികര്‍ക്ക് ഇന്നും പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ്.
സുനിത വില്യംസിന്റെ മൂന്നാമത്തെ ബഹിരാകാശ യാത്രയായിരുന്നു ഇത്തവണത്തേത്. 322 ദിവസങ്ങള്‍ ഐ.എസ്.എസ്സില്‍ കഴിഞ്ഞിട്ടുള്ള സുനിത വില്യംസ് ബഹിരാകാശത്തെ തന്റെ രണ്ടാമത്തെ വീടാണെന്നാണ് പലപ്പോഴും വിശേഷിപ്പിച്ചത്. ബഹിരാകാശത്തിലെ നീണ്ട താമസത്തെക്കുറിച്ച് അവര്‍ ആശങ്കകളൊന്നും പ്രകടിപ്പിച്ചിട്ടില്ല. എന്നാല്‍ അവരിപ്പോള്‍ വന്‍തോതില്‍ ശരീരഭാരം കുറയുന്നതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. കുഴിഞ്ഞ കണ്ണുകള്‍, ഒട്ടിയ കവിള്‍, ക്ഷീണിച്ച ശരീരം- ഇത്രയും അവശതയില്‍ സുനിതയെ ഇതിനുമുന്‍പ് കണ്ടിട്ടില്ല. സഹയാത്രികനായ ബുച് വില്‍മോറിനൊപ്പം ഭക്ഷണം കഴിക്കുന്ന സുനിത വില്യംസിന്റെ ഏറ്റവും പുതിയ ചിത്രം എല്ലാവരിലും ആശങ്ക ഉണര്‍ത്തിക്കഴിഞ്ഞു. അത് ശരീരഭാരം ഗണ്യമായി കുറയുന്നതിനെക്കുറിച്ചും പോഷകങ്ങളുടെ പോരായ്മകളെക്കുറിച്ചും ഭയം ജനിപ്പിക്കുന്നുണ്ട്. നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ബഹിരാകാശയാത്രികരുടെ ഭക്ഷണം തീര്‍ന്നോ എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. ഇതിന് മറുപടിയായി, ഐഎസ്എസിന് മതിയായ മുന്‍കരുതല്‍ ഉണ്ടെന്ന് നാസ വ്യക്തമാക്കിയിട്ടുണ്ട്. ഭക്ഷണം, വെള്ളം, വസ്ത്രം, ഓക്‌സിജന്‍ എന്നിവയുള്‍പ്പെടെ ക്രൂവിന് ആവശ്യമായ എല്ലാ കാര്യങ്ങളും ബഹിരാകാശ നിലയത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. 8,200 പൗണ്ട് ഭക്ഷണം, ഇന്ധനം, അവശ്യസാധനങ്ങള്‍, എന്നിവയുമായി രണ്ട് ബഹിരാകാശ വാഹനങ്ങള്‍ അടുത്തിടെ ഐഎസ്എസില്‍ എത്തിയിട്ടുള്ളതായും നാസ വ്യക്തമാക്കി.
ബഹിരാകാശത്ത് ദീര്‍ഘനേരം ചെലവഴിക്കുന്ന ബഹിരാകാശയാത്രികരുടെ ഒരു സാധാരണ പ്രശ്‌നമാണിത്. ദീര്‍ഘ കാലത്തേക്ക് ഭാരമില്ലായ്മ അനുഭവപ്പെടുന്ന ബഹിരാകാശ സ്റ്റേഷനില്‍ കഴിഞ്ഞാല്‍ എല്ലുകള്‍ക്കും മസിലുകള്‍ക്കും ശോഷണം ഉണ്ടാവും. ഇത് സുനിതയെയും ബാധിച്ചിട്ടുണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. ശാരീരിക പ്രക്രിയകളിലെല്ലാം വ്യത്യാസമുണ്ടാകും. ഗുരുത്വാകര്‍ഷണമില്ലാത്തതിനാല്‍ ശരീരഭാരത്തെ താങ്ങേണ്ടതില്ല എന്നുള്ളതിനാല്‍ പേശികളും അസ്ഥികളും ക്ഷയിക്കും. ബഹിരാകാശ യാത്രയില്‍ മെറ്റബോളിസത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ കാരണം പുരുഷ ബഹിരാകാശയാത്രികരേക്കാള്‍ സ്ത്രീ യാത്രികര്‍ക്ക് വേഗത്തില്‍ പേശികളുടെ നഷ്ടം സംഭവിച്ച് ഭാരം കുറയുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മൈക്രോ ഗ്രാവിറ്റി പരിതഃസ്ഥിതിയില്‍ ശരീരഭാരം നിലനിര്‍ത്തുന്നത് അതീവദുഷ്‌കരമാണ്. ബഹിരാകാശയാത്രികര്‍ക്ക് ബഹിരാകാശത്ത് അവരുടെ ശരീരഭാരം നിലനിര്‍ത്താന്‍ പ്രതിദിനം 3,500 മുതല്‍ 4,000 കലോറി അടങ്ങിയിരിക്കുന്ന ആഹാരം കഴിക്കണം. അതില്‍ വീഴ്ച സംഭവിക്കുമ്പോഴാണ് ഭാരം വേഗത്തില്‍ കുറയുന്നത്. ബഹിരാകാശത്ത് അവരുടെ പേശികളും എല്ലുകളും ശക്തമായി നിലനിര്‍ത്താന്‍ ദിവസവും രണ്ട് മണിക്കൂറിലധികം വ്യായാമം ചെയ്യേണ്ടത് അനിവാര്യമാണ്. അതുകൊണ്ട് ശരീരത്തിന് ആവശ്യമായ കലോറി ലഭിച്ചില്ലെങ്കില്‍ ഈ പ്രശ്‌നം കൂടുതല്‍ വഷളാകുന്നു.
തിരിച്ചുവരവിലെ വെല്ലുവിളി
മെയ് മാസത്തിലായിരുന്നു സുനിത വില്യംസും ബാരി വില്‍മോറും അസ്‌ട്രോനോട്ടുകളായിട്ടുള്ള സ്റ്റാര്‍ലൈനറിന്റെ വിക്ഷേപണം പ്ലാന്‍ ചെയ്തിരുന്നത്. പക്ഷേ പല പുതിയ പ്രശ്‌നങ്ങളും കണ്ടെത്തിയതിനാല്‍ ഒരു മാസം വൈകി ജൂണ്‍ 5നാണ് വിക്ഷേപണം നടന്നത്. പേടകത്തിന്റെ ത്രസ്റ്ററുകളില്‍ തകരാറ് സംഭവിച്ചതിനാല്‍ അവരുടെ തിരിച്ചുവരവ് ദുഷ്‌കരമായി. സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം സപ്തംബര്‍ 7ന് ന്യൂ മെക്‌സിക്കോയിലെ വൈറ്റ് സാന്‍ഡ്‌സ് സ്‌പേസ് ഹാര്‍ബറില്‍ ബോയിംഗ് സ്റ്റാര്‍ലൈനര്‍ യാത്രികരില്ലാതെ മടങ്ങിയെത്തി.
ആഗസ്റ്റ് 25ന് നടന്ന പത്രസമ്മേളനത്തില്‍ ബോയിങ് സ്റ്റാര്‍ലൈനര്‍ വാഹനം സഞ്ചാരികളില്ലാതെ ഭൂമിയിലേക്ക് തിരിച്ചെത്തിക്കുമെന്നും സുനിത വില്യംസിനെയും ബാരി വില്‍മോറിനെയും താല്‍ക്കാലികമായി ഐ.എസ്.എസ്സില്‍ താമസിപ്പിച്ച് പിന്നീട് 2025 ഫെബ്രുവരിയില്‍ സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ വാഹനത്തില്‍ തിരിച്ചുകൊണ്ടുവരുമെന്നും പ്രഖ്യാപിച്ചിരുന്നു. 2025 ഫെബ്രുവരിയില്‍ സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ വാഹനത്തില്‍ നാലുപേര്‍ ഐ. എസ്.എസിലേക്ക് പോകാന്‍ മുന്‍പേ നിശ്ചയിച്ചിരുന്നു. അതില്‍ നിന്ന് രണ്ടു പേരെ ഒഴിവാക്കി വാഹനം അയച്ച് നാലു പേരായി മടങ്ങി വരുന്നതാണ് നാസ കണ്ട വഴി. അപ്പോള്‍ സ്‌പേസ് എക്‌സിന്റെ യാത്രയില്‍ മുന്‍കൂട്ടി നിശ്ചയിച്ച പല കാര്യങ്ങളും മാറ്റേണ്ടിവരും. കൂടാതെ സ്റ്റാര്‍ ലൈനറില്‍ ഉപയോഗിക്കുന്ന സ്‌പേസ് സ്യൂട്ടല്ല ഡ്രാഗണ്‍ വാഹനത്തില്‍ ഉപയോഗിക്കുന്നത്. അതുകൊണ്ട് രണ്ട് സ്‌പേസ് സ്യൂട്ടുകള്‍ കൊണ്ടുപോകേണ്ടിവരും.
വേണമെങ്കില്‍ ഇരുവരെയും നാസയ്ക്ക് അടിയന്തരമായി ഭൂമിയിലേക്ക് കൊണ്ടുവരാം. പക്ഷെ അതിന് റഷ്യയുടെ സഹായം തേടണം. റഷ്യയുടെ സോയൂസ് വിക്ഷേപിച്ച് അവരെ തിരിച്ചുകൊണ്ടുവരാന്‍ കഴിയും. കൂടാതെ ഐ.എസ്.എസില്‍ റഷ്യയുടെ ഒരു സോയുസ് വാഹനം എമര്‍ജന്‍സി ലൈഫ് ബോട്ട് ആയി നില്‍ക്കുന്നുമുണ്ട്. വേണമെങ്കില്‍ അതും ഉപയോഗിക്കാം. പക്ഷെ റഷ്യയോട് സഹായം അഭ്യര്‍ത്ഥിക്കുന്നത് അഭിമാനക്ഷതമായിട്ടാവാം അമേരിക്ക കാണുന്നത്. റഷ്യയുടെ സഹായത്തോടെ അവരെ തിരിച്ചെത്തിച്ചാല്‍ അമേരിക്കന്‍ ജനങ്ങള്‍ക്ക് അത് താങ്ങാനാവില്ല. ഇനി, 2025 ഫ്രെബ്രുവരിയോടെ ഐഎസ്എസില്‍ എത്തുന്ന ഇലോണ്‍ മസ്‌കിന്റെ സ്‌പേസ്എക്‌സ് പേടകത്തിനായുള്ള കാത്തിരിപ്പാണ്. എല്ലാം ശരിക്ക് നടന്ന് സുനിത വില്യംസും ബുച് വില്‍മോറും സുരക്ഷിതരായി തിരിച്ചെത്തട്ടെയെന്ന് പ്രാര്‍ത്ഥിക്കാം.