2018 ദേശീയ ചെറുധാന്യ വര്‍ഷാചരണത്തോടനുബന്ധിച്ച് ആദരണീയനായ ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മനസ്സിലുദിച്ച മഹത്തായ ഒരു ആശയമാണ് “India’s Wealth World’s Health’. ഭാരതത്തിന്റേത് കാര്‍ഷിക സംസ്‌കാരമാണ്. അതിലൂടെ വിളവെടുക്കുന്ന ചെറുധാന്യങ്ങളെ ലോക ജനതയുടെ ആരോഗ്യത്തിനായി ഭാരത ഗവണ്‍മെന്റ് ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ കാര്‍ഷിക സംഘടന (UNFAO)മുന്‍പാകെ സമര്‍പ്പിച്ചു. ലോകാരോഗ്യ സംഘടനയുടെ പഠനപ്രകാരം ലോകം 2050 ലേക്ക് എത്തുമ്പോള്‍ അന്നത്തെ മാനവരാശിയെ നിര്‍മ്മാര്‍ജനം ചെയ്‌തേക്കാവുന്ന രണ്ട് മഹാദുരന്തങ്ങളാണ് പോഷകാഹാരക്കുറവും, ജലദൗര്‍ലഭ്യവും. ഇവ ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍ എന്നപോലെ നില്‍ക്കുന്നു. കൃഷിക്ക് ജലം വളരെ കുറച്ച് മാത്രം ആവശ്യമുള്ളതും, പോഷകങ്ങളാല്‍ സമ്പന്നമായിട്ടുള്ളതുമായ ‘ചെറുതല്ലാത്ത ഈ ചെറുധാന്യങ്ങളെ’ നമ്മുടെ കൃഷിയിടങ്ങളിലേക്ക് തിരികെ എത്തിച്ച് അവ നമ്മുടെ തീന്‍മേശയിലേക്ക് ഇടം പിടിച്ചേ മതിയാവൂ എന്ന സത്യം തിരിച്ചറിഞ്ഞ 70 ല്‍ അധികം വരുന്ന അംഗരാജ്യങ്ങള്‍ പൂര്‍ണ്ണ പിന്തുണ അറിയിച്ചതോടെ ഐക്യരാഷ്ട്രസഭ ഭാരതത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് 2021 മാര്‍ച്ച് മാസത്തില്‍ 2023 അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷമായി പ്രഖ്യാപിച്ചു.
ഭാരത സംസ്‌കാരവും ചെറുധാന്യങ്ങളും
സിന്ധുനദീതട സംസ്‌കാരത്തിനും മുന്‍പ് മുതല്‍ നമ്മുടെ പൂര്‍വികര്‍ അവരുടെ ഭക്ഷണമായും, കൃഷിയായും, ആചാരങ്ങളുടെയും, അനുഷ്ഠാനങ്ങളുടെയും ഭാഗമായി ഉപയോഗിച്ച് പോന്നിരുന്ന ചെറുധാന്യങ്ങളെ ഭാഗവതത്തില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു – ദ്വാരകയില്‍ ശ്രീകൃഷ്ണനെ കാണാന്‍ പോയ സുദാമാവ് കൃഷ്ണസമാഗമത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ വീട്ടിലെ ഒഴിഞ്ഞ ധാന്യഭരണികളിലാകെ ധാന്യങ്ങള്‍ നിറഞ്ഞുതൂവുന്നത് കണ്ട് അത്ഭുതം കൂറുന്നുണ്ട്. ഒരു ചെറുമണി ധാന്യംപോലും കൊറിക്കുവാനില്ലാതിരുന്ന സുദാമാവിന്റെ ഭവനമാണ് കൃഷ്ണ സമാഗമത്തിന് ശേഷം നിറഞ്ഞ ധാന്യപ്പുരയായി മാറിയത്. വിവാഹ ചടങ്ങുകളില്‍ വരനെയും വധുവിനെയും ആശീര്‍വദിക്കുന്നതിനായി ചെറുധാന്യങ്ങള്‍ തൂവാറുണ്ടായിരുന്നു. കാളിദാസന്റെ അഭിജ്ഞാനശാകുന്തളത്തില്‍ ചെറുധാന്യത്തില്‍ ഉള്‍പ്പെടുന്ന ‘തിന’യെ ഇങ്ങനെ വിവരിച്ചിരിക്കുന്നു. വളര്‍ത്തുമകളായ ശകുന്തളയെ ദുഷ്യന്തന്റെ രാജസഭയില്‍ വിട്ടിട്ട് യാത്ര പറയവേ കണ്വമഹര്‍ഷി ശുഭസൂചകമായി തിന വിതറുന്നതായി പറയുന്നു. യജുര്‍ വേദത്തിലും ചെറുധാന്യങ്ങളെ പരാമര്‍ശിച്ചിട്ടുണ്ട്. പൗരാണിക കാലഘട്ടത്തില്‍ ഭാരതത്തില്‍ ജീവിച്ചിരുന്ന, ശസ്ത്രക്രിയയുടെ പിതാവെന്ന് അറിയപ്പെടുന്ന ആയുര്‍വേദ ആചാര്യന്‍ സുശ്രുത മഹര്‍ഷി രചിച്ച സുശ്രുത സംഹിതയില്‍ ഭക്ഷ്യ ധാന്യങ്ങളെ ധാന്യവര്‍ഗ്ഗം, ഖുധാന്യ വര്‍ഗ്ഗം, സമിധാന്യ വര്‍ഗ്ഗം എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്. ഇതില്‍ ഖുധാന്യ വര്‍ഗ്ഗത്തില്‍ വിവിധതരം ചെറുധാന്യങ്ങളെ വിവരിച്ചിരിക്കുന്നു.
ചാണക്യന്റെ അര്‍ത്ഥശാസ്ത്രത്തിലും വിവിധ ഇനം ചെറുധാന്യങ്ങളെക്കുറിച്ച് പറയുന്നു. കുതിര്‍ക്കുമ്പോഴും, തിളപ്പിക്കുമ്പോഴും ഈ ചെറുധാന്യങ്ങള്‍ക്കുണ്ടാവുന്ന ഗുണവിശേഷങ്ങള്‍ ചാണക്യന്‍ എടുത്തുപറയുന്നുണ്ട്. അക്ബര്‍ ചക്രവര്‍ത്തിയുടെ രാജസഭയിലെ അംഗമായിരുന്ന അബു ഭാസില്‍ രചിച്ച ഐന്‍-ഐ -അക്ബറി എന്ന കൃതിയില്‍ ചെറുധാന്യങ്ങളെയും അവ കൃഷി ചെയ്തിരുന്ന പ്രദേശങ്ങളെയും വിവരിക്കുന്നുണ്ട്. മുഗള്‍രാജാവായിരുന്ന ജഹാംഗീറിന്റെ ഇഷ്ടവിഭവമായ ‘ലസിസ’ എന്ന കിച്ചടി ബാജ്‌റ (കമ്പ്) എന്ന ചെറുധാന്യം ഉപയോഗിച്ചുള്ളതായിരുന്നു. ലസിസ കിച്ചടിയുടെ വേരുകള്‍ തേടിയാല്‍ ഗുജറാത്തിലേക്ക് എത്തും.
എന്താണ് ചെറുധാന്യങ്ങള്‍
ഇന്ന് മാനവരാശി അനുഭവിക്കുന്ന എല്ലാ ജീവിതശൈലീ രോഗങ്ങള്‍ക്കും കാരണം അവരുടെ ഭക്ഷണരീതി ഒന്ന് മാത്രമാണ്. ഭക്ഷണത്തില്‍ പോഷകങ്ങള്‍, നാരുകള്‍ തുടങ്ങിയവയുടെ അഭാവത്തിനെ മറികടക്കുവാന്‍ സാധിക്കുന്നതും നമ്മുടെ മുന്‍തലമുറ ഉപയോഗിച്ചുപോന്നതും, ഇന്ന് അന്യംനിന്ന് പോയതുമായ വിളകളാണ് ചെറുധാന്യങ്ങള്‍(Millets).
ഭക്ഷ്യക്ഷാമത്തെ നേരിടുവാന്‍ പുതിയ കൃഷിരീതികളിലൂടെ ഒഴിഞ്ഞ ധാന്യപ്പുരകള്‍ നിറയ്‌ക്കേണ്ടത് അന്നത്തെ അത്യാവശ്യമായിരുന്നു. അപ്രകാരം മലയാളികളുടെ തീന്‍ മേശയിലേക്ക് ചേക്കേറിയ അരിയും, ഗോതമ്പും, മൈദയും ചേര്‍ന്നുള്ള പുതിയ പുതിയ ഭക്ഷണരീതികള്‍ നമുക്ക് കൃത്രിമ സ്വാദ് നല്‍കി. നാം ഇന്ന് വിവിധ ഓമന പേരിട്ടു വിളിക്കുന്ന ജീവിതശൈലി രോഗങ്ങളുടെ വാഹകരായി മാറിയിരിക്കുന്നു. അരുചിയുടെ കാര്യം പറഞ്ഞ് അല്ലെങ്കില്‍ ചെറുധാന്യങ്ങള്‍ ഏതൊക്കെ എന്ന് അറിയില്ല, ചെറുധാന്യങ്ങള്‍ വച്ച് പാകം ചെയ്യുവാന്‍ അറിയില്ല, ചെറുധാന്യങ്ങള്‍ ലഭ്യമല്ല എന്ന് തുടങ്ങി നിരവധി ഒഴിവ്കഴിവുകള്‍ പറഞ്ഞ് മലയാളി ഈ ചെറുധാന്യങ്ങള്‍ക്ക് ഭ്രഷ്ട് കല്പിച്ചിരിക്കുന്നു. ഈ അരുചിയാണ് ചെറുധാന്യങ്ങളുടെ രുചിയും ഗുണവും എന്ന് മലയാളി വിദൂരത്തല്ലാതെ മനസ്സിലാക്കാന്‍ കാത്തിരിക്കാം.
ചെറുധാന്യങ്ങള്‍ ഏതൊക്കെയാണ്
ചെറുധാന്യങ്ങള്‍ പ്രധാനമായും ഒന്‍പത് എണ്ണമാണ്. ഓരോന്നിലും അടങ്ങിയിരിക്കുന്ന നാരുകളുടെ (Fiber) തോത് അനുസരിച്ചു താഴെ കൊടുത്തിട്ടുള്ള രീതിയില്‍ രണ്ടായി തരംതിരിച്ചിരിക്കുന്നു.
POSITIVE MILLETS
1. Little Millets (ചാമ)
2. Foxtail Millets (തിന)
3. Kodo Millets (വരഗ്)
4. Barnyard Millets (കുതിരവാലി)
5. Browntop Millets (കൊറേലെ)
NUTRI MILLETS
1. Pearl Millet(ബാജ്‌റ /കമ്പ്)
2. Jowar Millet(മണിച്ചോളീ)
3. Proso Millets (പനിവരഗ്)
4. Finger Millet (റാഗി /മുത്താറി /പഞ്ഞപുല്ല്)
മറ്റൊന്ന് കൃഷിചെയ്യുന്ന കണക്കനുസരിച്ചു റാഗി, മണിച്ചോളം, ബാജ്‌റ എന്നിവയെ മേജര്‍ മില്ലറ്റ് ഗണത്തിലും ചാമ, തിന, വരഗ്, കുതിരവാലി, കൊറെലെ, പനിവരഗ് എന്നിവയെ മൈനര്‍ മില്ലറ്റ് ഗണത്തിലും ഉള്‍പ്പെടുത്തിയിരിക്കുന്നു.
പഞ്ഞപുല്ല് കുറുക്ക് കഴിച്ച് വളരാത്തതായി ഒരു മനുഷ്യനും ഇന്ന് ഭൂമിയില്‍ ജീവിക്കുന്നുണ്ടാവില്ല. കാല്‍സ്യത്തിന്റെ കലവറയായ റാഗി ‘പാവങ്ങളുടെ പാല്’ എന്നാണ് അറിയപ്പെടുന്നത്. നമ്മുടെ നാട്ടില്‍ പ്രചാരത്തിലുള്ള ഒരു പഴഞ്ചൊല്ല് ‘കുറിച്യര്‍ മുത്താറിപ്പുട്ട് കഴിക്കുന്നത് പോലെ’ എന്നത് തന്നെ അവയുടെ പ്രാധാന്യം വിളിച്ചോതുന്നു. ‘പത്തനാപുരത്ത് തീ പിടിച്ചാല്‍ ആറുമോ ചാമ കഞ്ഞി’ ചാമയെക്കുറിച്ചുള്ള ഒരു വിശേഷണം. ചാമ വയല്‍, ചാമപ്പാറ, ചാമക്കാവ്, ചാമക്കട, ചാമപ്പറമ്പ്, ചാമക്കാല എന്നിങ്ങനെ നിരവധി സ്ഥലനാമങ്ങള്‍ ചെറുധാന്യങ്ങളിലെ ചെറുതായ ഈ കേമനെക്കുറിച്ച് അറിയപ്പെടുന്നു. വറവ് കാലത്ത് പാവങ്ങളുടെ തുണയായിരുന്ന വരഗും, നാരുകള്‍ ഏറെ അടങ്ങിയിട്ടുള്ള കൊറെലെയും, കുതിരവാലിയും, വിളവെടുപ്പ് നടത്തി മറ്റ് സംസ്‌കരണം ആവശ്യമില്ലാതെ ഉപയോഗിക്കുവാന്‍ സാധിക്കുന്ന മണിച്ചോളവും, ബാജറയും, കൃഷിചെയ്യുന്ന പ്ലോട്ടിന്റെ ഏതെങ്കിലും ഒരുകോണില്‍ ഫില്ലറില്‍ ഒരു തുള്ളി വെള്ളം ഒഴിച്ചാല്‍ പോലും വിളവ് കിട്ടും എന്ന് വിശേഷിപ്പിക്കാവുന്ന പനിവരഗും നമ്മുടെ നാട്ടില്‍ സമൃദ്ധമായിരുന്നു. പക്ഷികളുടെ ഭക്ഷണമായിമാത്രം കരുതി നമ്മുടെ മനസ്സില്‍ വേലികെട്ടി ‘അയ്യേ തിന’ എന്ന് പരിഹസിക്കുന്ന തിനയെ ‘ആഹാ തിന’ എന്ന തിരിച്ചറിവിലേക്ക് എത്തിക്കേണ്ടിയിരിക്കുന്നു.
ചെറുധാന്യങ്ങളുടെ ഗുണങ്ങള്‍
ചെറുധാന്യങ്ങളുടെ 3 പ്രധാന സവിശേഷതകള്‍ എടുത്തു പറയാം.
വിവിധപോഷകങ്ങളാല്‍ സമ്പന്നം-വിവിധങ്ങളായ പോഷകങ്ങളുടെ കലവറ എന്ന് വിശേഷിപ്പിക്കാവുന്നതാണ് ചെറുധാന്യങ്ങള്‍.
100% ഗ്ലൂട്ടന്‍ രഹിതം -ഗ്ലൂട്ടന്‍ അലര്‍ജികാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുവരികയാണ്. ഗോതമ്പ്, മൈദ പോലെയുള്ള ഭക്ഷണം നാം ഒഴിവാക്കേണ്ടിയിരിക്കുന്നു. ചെറുധാന്യങ്ങള്‍ 100% ഗ്ലൂട്ടന്‍ രഹിതമാണ്.
കുറഞ്ഞ ഗ്‌ളൈസെമിക്ക് സൂചിക -നമ്മുടെ നിത്യ ഭക്ഷണങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ ചെറുധാന്യങ്ങളുടെ ഗ്‌ളൈസെമിക്ക് സൂചിക വളരെ കുറവാണ്. അതുകൊണ്ട് ശരീരത്തില്‍ പഞ്ചസാരയുടെ ഉല്‍പ്പാദനം 5-6 മണിക്കൂര്‍ വരെ എടുത്ത് സാവധാനത്തിലാണ് നടക്കുക. അരിയിലും ഗോതമ്പിലും ഇത് 40 മുതല്‍ 50 മിനിറ്റ് വരെയാണ്.
ചെറുധാന്യങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍
ചെറുധാന്യങ്ങള്‍ പരസ്പരം മിക്‌സ് ചെയ്ത് ഉപയോഗിക്കുന്നതിലും ഗുണപ്രദം ഒരു മില്ലെറ്റ് തുടര്‍ച്ചയായി 4-5 ദിവസങ്ങളില്‍ കഴിച്ചിട്ട് മറ്റൊരു മില്ലറ്റ് ഉപയോഗിക്കുകയാണ്. തലേ ദിവസം രാത്രി കുതിര്‍ത്തുവച്ചു രാവിലെ കഞ്ഞി രൂപത്തില്‍ കഴിക്കുന്നത് ഏറെ ഉത്തമം.
ചെറുധാന്യങ്ങള്‍ കുക്കറില്‍ പാകം ചെയ്യുന്നത് ഒഴിവാക്കി 6-8 മണിക്കൂര്‍ മണ്‍പാത്രത്തില്‍ കുതിര്‍ത്ത് വച്ച്, കുതിര്‍ത്തു വച്ച വെള്ളം കളയാതെ അതില്‍ത്തന്നെ വേവിച്ചെടുക്കുക. കൂടുതല്‍ നേരം കുതിര്‍ത്തു വച്ചതിനാല്‍ 30-40 മിനിറ്റ് കൊണ്ട് പാകം ചെയ്‌തെടുക്കാം.
ചാമ, തിന, കുതിരവാലി, കൊറേലെ, വരഗ്, പനിവരഗ് പോലെയുള്ള മൈനര്‍ ധാന്യങ്ങള്‍ കഞ്ഞി, ചോറ്, പുലാവ്, ബിരിയാണി, ഉപ്പുമാവ്, പായസം പോലെയുള്ള വിഭവങ്ങളില്‍ അരിക്ക് പകരമായി ഉപയോഗിക്കാവുന്നതാണ്. അരിക്ക് പകരം ഉഴുന്നിനൊപ്പം അരച്ച് ദോശയും, ഇഡ്ഡലിയും തയ്യാറാക്കാം.
റാഗി, മണിച്ചോളം, ബാജ്‌റ പോലെയുള്ള ധാന്യങ്ങള്‍ കഞ്ഞി, ചോറ് പോലെയുള്ള ഭക്ഷണം ഉണ്ടാക്കുന്നതിനും അരിക്ക് പകരം ഉഴുന്നിനൊപ്പം അരച്ച് ദോശ, ഇഡ്ഡലി എന്നിവ തയ്യാറാക്കുന്നതിനും ഉപയോഗിക്കാം
മേല്‍ സൂചിപ്പിച്ചിട്ടുള്ള ധാന്യങ്ങള്‍ പൊടിച്ചു എല്ലാ പലഹാരങ്ങളും തയ്യാറാക്കാവുന്നതാണ്.
വിപണിയില്‍ പോളിഷ് ചെയ്ത മില്ലറ്റ്, സെമി – പോളിഷ്, അണ്‍ പോളിഷ്ഡ് മില്ലറ്റ് എന്നിങ്ങനെ വിവിധ തരത്തില്‍ ലഭ്യമാണ്. എപ്പോഴും പോളിഷ് ചെയ്യാത്ത മില്ലറ്റ് വേണം ഉപയോഗിക്കുവാന്‍.
ചെറുധാന്യങ്ങള്‍ മനുഷ്യന് ഭക്ഷണവും കന്നുകാലികള്‍ക്ക് തീറ്റയും
ചെറുധാന്യങ്ങള്‍ എങ്ങനെ മനുഷ്യന് ഗുണപ്രദമാകുന്നുവോ അതുപോലെ തന്നെ കന്നുകാലികള്‍ക്ക് ഉത്തമമായ കാലിത്തീറ്റയുമാണ്. അതുകൊണ്ട് ക്ഷീരകര്‍ഷകര്‍ക്ക് മണിച്ചോളം, ബാജ്‌റ പോലെയുള്ള ചെറുധാന്യങ്ങള്‍ കൃഷി ചെയ്യാവുന്നതാണ്. രാസവളങ്ങളുടെ, കീടനാശിനികളുടെ പ്രയോഗം ഒട്ടുംതന്നെ ആവശ്യമില്ലാത്തതിനാല്‍ കാലിവളം മാത്രം നല്‍കിയാല്‍ മതിയാകും. തേനീച്ച കര്‍ഷകര്‍ക്കും ചെറുധാന്യ കൃഷി ഏറെ ഗുണപ്രദമാണ്. ചെറുധാന്യങ്ങളുടെ പൂമ്പൊടി തേനീച്ചകള്‍ എടുക്കുന്നതിലൂടെ ഉന്നത ഗുണനിലവാരമുള്ള തേനും ലഭ്യമാകും.
ലോക ആരോഗ്യ സംഘടന ‘നാളെയുടെ ഭക്ഷണം'(Future Food) ആയി പ്രഖ്യാപിച്ച ഈ ചെറുധാന്യങ്ങളെ തിരികെ നമ്മുടെ തീന്‍മേശയിലേക്ക് എത്തിക്കുവാനും, സ്‌കൂള്‍ കുട്ടികളുടെ പഠന സിലബസ്സിലേക്ക് ഈ ‘സൂപ്പര്‍ ഫുഡ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചെറുധാന്യങ്ങളെ എത്തിക്കേണ്ടതും നാളെയുടെ ആവശ്യമാണ്. കുട്ടികള്‍ ചെറുധാന്യങ്ങളെ പഠിക്കണം. ഈ ഉദ്യമത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയോജിത പ്രവര്‍ത്തനം അത്യാന്താപേക്ഷിതമാണ്.
(മില്ലറ്റ് പ്രചാരകനും സംരംഭകനുമാണ് ലേഖകന്‍)