കോഴഞ്ചേരി: ഡോ.വി.പി.വിജയമോഹന്റെ നന്മനിറഞ്ഞ ഓർമകൾ സമൂഹത്തിന് വെളിച്ചമേകുമെന്ന് ആർഎസ്എസ് ദക്ഷിണക്ഷേത്ര കാര്യകാരി അംഗം പി.ആർ.ശശിധരൻ. അന്തരിച്ച ശബരിഗിരി ജില്ലാ സംഘചാലക് ഡോ. വി.പി.വിജയമോഹന്റെ അനുസ്മരണ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പണ്ഡിറ്റ് ദീനദയാൽജിയുടെ മരണത്തെ അടൽ ബിഹാരി വാജ്പേയി അനുസ്മരിച്ച സന്ദർഭം ഓർമപ്പെടുത്തിയായിരുന്നു അദ്ദേഹം സംസാരിച്ചത്. “കുംഭം ഉടഞ്ഞു അമൃത് പടർന്നു” എന്ന വൈകാരിക നിമിഷം തന്നെയാണ് ഇന്നും ഓർമ വരുന്നതെന്ന് അദ്ദേഹം അനുസ്മരിച്ചു.
‘ഡോ.വി.പി.വിജയമോഹന്റെ ശരീരം മാത്രമാണ് നമുക്ക് നഷ്ടമായത്. അദ്ദേഹം ജീവിതത്തിൽ പുലർത്തിയ ആദർശം നമുക്ക് എക്കാലത്തും മാതൃകയാണെന്നും പി.ആർ.ശശിധരൻ പറഞ്ഞു. എല്ലാ ഗുണത്തോടും ജീവിച്ച് ജീവിതത്തെ സമൂഹത്തിനായി സമർപ്പിച്ച സ്വയം സേവകനായിരുന്നു ഡോ. വി.പി വിജയമോഹൻ. ലോകത്തെ മഹത്തരമാക്കുന്ന പ്രവർത്തനത്തിനായാണ് ഭാരതം ശക്തി ശാലിയാകേണ്ടത്. അതിനായി പ്രവർത്തിക്കുന്നവരാണ് സ്വയംസേവകർ. സ്വയം സമർപ്പണത്തിലൂടെ ജീവിതം മഹത്വമാക്കുന്നവനാണ് സ്വയംസേവകൻ. അപ്രകാരമുള്ള സ്വയംസേവകർക്കു മാതൃകയായ ജീവിതത്തിനുടമയായിരുന്നു വിജയമോഹൻ’ എന്ന് അദ്ദേഹം അനുസ്മരിച്ചു. അമൃതകലശം ഉടയുമ്പോൾ അമൃത് പരക്കുന്നത് പോലെ മഹാന്മാർ ശരീരം വെടിഞ്ഞാലും അവർ ഉയർത്തിയ ആദർശവും ചിന്തകളും സമൂഹത്തിൽ പരക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ചെറുകോൽ ലോയൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങില്‍ ജില്ല സഹസംഘചാലക് സി.എൻ.രവികൂമാർ അദ്ധ്യക്ഷനായി. ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിർവിണാനന്ദ മഹാരാജ്, മാക് ഫാസ്റ്റ് കോളേജ് ഡയറക്ടർ റവ.ഫാ. ഡോ.ചെറിയാൻ കോട്ടയിൽ, തുകലശേരി അമൃതാനന്ദമയി മഠം മഠാധിപതി ഭവ്യാമൃത പ്രാണ, കിടങ്ങന്നൂർ വിജയാനന്ദാശ്രമം മഠാധിപതി കൃഷ്ണാനന്ദ പൂർണിമ, ആർ.എസ്.എസ് ജില്ലാ കാര്യവാഹ് എസ്.ഹരികൃഷ്ണൻ ,ചെറുകോൽ ഗ്രാമപഞ്ചായത്ത് അധ്യക്ഷൻ കെ.ആർ.സന്തോഷ്‌കുമാർ, സംസ്‌കൃതി സേവാസമിതി അദ്ധ്യക്ഷൻ ടി.കെ. ഗോപാലകൃഷ്ണൻ, ബിജെപി ജില്ലാ ജന.സെക്രട്ടറി പ്രദീപ് അയിരൂർ, തപസ്യ ജില്ലാ അദ്ധ്യക്ഷൻ ഡോ.എം.അഹമ്മദുൾ കബീർ, ശ്രീഭൂതനാഥ വിലാസം ഹിന്ദുമത പരിഷത്ത് രക്ഷാധികാരി എൻ.പത്മകുമാർ, മൂക്കന്നൂർ ജ്ഞാനാനന്ദ ഗുരുകുലം പ്രിൻസിപ്പാൾ ജി.ബിജു, എബിവിപി ജില്ലാ അദ്ധ്യക്ഷൻ അരുൺ മോഹൻ, ബാലഗോകുലം സംസ്ഥാന സമിതി അംഗം പി.എസ്.ഗിരീഷ് എന്നിവർ സംസാരിച്ചു.