ഭാരതം ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുമ്പോഴാണ് ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത കേരളത്തിലെ കമ്മ്യൂണിസ്റ്റ് മന്ത്രിയായ സജി ചെറിയാന്‍ ഭരണഘടനയ്ക്ക് എതിരെ നടത്തിയ പടപ്പുറപ്പാട് സജീവ ചര്‍ച്ചയാവുന്നത്. യഥാര്‍ത്ഥത്തില്‍ ഭരണഘടനയെ അവഹേളിക്കുക മാത്രമല്ല, ഭരണഘടനയ്ക്ക് എതിരെ കലാപാഹ്വാനം നടത്തുക കൂടിയാണ് സജി ചെറിയാന്‍ ചെയ്തത്. വാസ്തവത്തില്‍, ഇതൊരു നാക്കുപിഴയോ, ജനക്കൂട്ടത്തിന്റെ കയ്യടി നേടാന്‍ സന്ദര്‍ഭവശാല്‍ നടത്തിയ ഒരു ആവേശപ്രസംഗമോ അല്ല. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായി ഇതര ലോക രാഷ്ട്രങ്ങള്‍ക്ക് മാതൃകയായ ഭാരതത്തിന്റെ ജനാധിപത്യത്തെയും, ഭാരതീയരുടെ ജീവിതത്തിലെ സര്‍വ്വമേഖലകളെയും സ്പര്‍ശിച്ചുകൊണ്ട് നമ്മുടെ സ്വാഭിമാനത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ഭരണഘടനയെയും വെല്ലുവിളിച്ച് സായുധ പോരാട്ടം നടത്തുന്ന ബസ്തറിലെയും, ദന്തേവാഡയിലെയും മാവോയോസ്റ്റുകള്‍ നമ്മുടെ ഭരണഘടനയ്ക്ക് എതിരെ മുന്നോട്ടു വെക്കുന്ന അതേവാദമാണ് കേരളത്തിന്റെ സാംസ്‌കാരിക – യുവജനകാര്യ വകുപ്പ് മന്ത്രി കൂടിയായ സജി ചെറിയാനും ഉയര്‍ത്തിയിരിക്കുന്നത്. ഇത്രയും കോലാഹലങ്ങള്‍ ഉണ്ടായിട്ടും, ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതി തന്നെ മുന്നിട്ടിറങ്ങി കേസ് മേല്‍നോട്ടം വഹിച്ചിട്ടും സജി ചെറിയാന്‍ തന്റെ പ്രസംഗത്തിലെ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുകയോ മാപ്പ് പറയുകയോ ഉണ്ടായിട്ടില്ല. മാത്രമല്ല ഒളിഞ്ഞും തെളിഞ്ഞും തന്റെ പ്രസ്താവനയില്‍ത്തന്നെ ഇപ്പോഴും ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു. മന്ത്രി പറഞ്ഞ വാക്കുകളെ നിസ്സാരവല്‍ക്കരിച്ചുകൊണ്ട് സിപിഎം നേതൃത്വം നടത്തുന്ന വെള്ളപൂശല്‍ ഇതിനേക്കാള്‍ ഗുരുതരമാണ്.
സജി ചെറിയാന് എതിരെയുള്ള പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കേസ് പരിഗണിച്ചുകൊണ്ട് കേരള ഹൈക്കോടതി പറഞ്ഞു കഴിഞ്ഞു. ഈ കേസ് വിശ്വാസ്യതയുള്ള ഒരു ഉദ്യോഗസ്ഥന്‍ അന്വേഷിക്കണം എന്നും ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവിട്ടു. ഇതില്‍പ്പരം ലജ്ജാവഹമായ ഒരു അടി കേരളാ പോലീസിനും, സാക്ഷാല്‍ മുഖ്യമന്ത്രി തന്നെ നേതൃത്വം നല്‍കുന്ന ആഭ്യന്തര വകുപ്പിനും ഇനി കിട്ടാനുണ്ടോ?
സജി ചെറിയാന്‍ ആര്‍ക്കെതിരെ പറഞ്ഞു എന്നും, എവിടെ പറഞ്ഞു എന്നും, ഏത് സാഹചര്യത്തില്‍ പറഞ്ഞു എന്നും, അതില്‍ എന്തെങ്കിലും വിദ്വേഷം ഉള്‍ക്കൊള്ളുന്നുണ്ടോ എന്നുമുള്ള വിഷയങ്ങള്‍ പോലീസ് അന്വേഷിച്ചിട്ടില്ല എന്നാണ് ഈ കേസ് പരിഗണിക്കവെ ബഹുമാനപ്പെട്ട ഹൈക്കോടതി നടത്തിയ നിരീക്ഷണം. സജി ചെറിയാന്‍ പ്രതിനിധാനം ചെയ്യുന്നതും, പ്രതിഫലിപ്പിക്കുന്നതുമായ ആശയം നാട്ടില്‍ അരാജകത്വം പ്രോത്സാഹിപ്പിക്കുന്ന മാവോയിസ്റ്റ് ചിന്താഗതിയാണ്. കമ്മ്യൂണിസ്റ്റ് സര്‍വ്വാധിപത്യം വരുന്നത് വരെ അടവുനയത്തിലൂടെ ജനാധിപത്യത്തില്‍ മുന്നോട്ട് പോകാനും ശക്തി വന്നുകഴിഞ്ഞാല്‍ ഭരണഘടനയും ജനാധിപത്യവും തകര്‍ത്തു കമ്മ്യൂണിസ്റ്റ് ഏകാധിപത്യം കൊണ്ട് വരണമെന്നുമുള്ള കമ്മ്യൂണിസ്റ്റ് സിദ്ധാന്തം ഇന്നും എന്നും സജീവമായി കമ്മ്യൂണിസ്റ്റുകാരില്‍ നിലനില്‍ക്കുന്നു എന്നുള്ളതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് സജി ചെറിയാന്റെ പ്രസംഗം. താഴെ തട്ടിലുള്ള ബ്രാഞ്ച് സെക്രട്ടറി മുതല്‍ ലോക്കല്‍, ഏരിയ ജില്ല തുടങ്ങി സംസ്ഥാന സെക്രട്ടറിവരെ ഒളിഞ്ഞും തെളിഞ്ഞും ഈ സിദ്ധാന്തം പ്രചരിപ്പിക്കുന്നവരാണ്. എന്നാല്‍ പൊതുവേദിയില്‍ മൈക്ക് കെട്ടി കലാപാഹ്വാനം നടത്താത്തതുകൊണ്ട് മാത്രമാണ് അവരൊക്കെ രക്ഷപ്പെട്ടു പോകുന്നത്. ഇന്നും പാര്‍ട്ടി സ്റ്റഡി ക്ളാസ്സുകളില്‍ തൊഴിലാളി വര്‍ഗ്ഗ കമ്മ്യൂണിസ്റ്റ് സര്‍വ്വാധിപത്യത്തിനുള്ള മാര്‍ഗ്ഗം ബാലറ്റ് അല്ല വാരിക്കുന്തവും വെടിയുണ്ടയും തന്നെയാണ് എന്നുള്ളതാണ് പാഠ്യവിഷയം.
ഭാരതത്തിനു സ്വാതന്ത്ര്യം കിട്ടിയ കാലത്തു തന്നെ അതിനെ അംഗീകരിക്കാതെ കരിദിനം ആചരിച്ചവരാണ് കമ്മ്യൂണിസ്റ്റുകള്‍. കമ്മ്യൂണിസ്റ്റ് സര്‍വ്വാധിപത്യം ഇന്ത്യയില്‍ വരുന്നതിനായി ചൈനയെ ഇന്നും ചങ്കില്‍ കൊണ്ടു നടക്കുന്നവരാണ് പുതുതലമുറയിലെ കമ്മ്യൂണിസ്റ്റുകള്‍പോലും. അവരൊക്കെ വിവിധ ഭരണഘടനാ സ്ഥാപനങ്ങളില്‍ ഉന്നത ചുമതലകള്‍ അലങ്കരിക്കുകയും ചെയ്യുന്നു.
പുതിയ ഭാരതീയ ന്യായസംഹിത 147 വകുപ്പ് പ്രകാരം വധശിക്ഷവരെ കിട്ടാവുന്ന കുറ്റമാണ് മന്ത്രി സജി ചെറിയാന്‍ ചെയ്തിരിക്കുന്നത്. ഭരണഘടന ഉപയോഗിച്ചുകൊണ്ട് രാജ്യത്തെ സാധാരണ പൗരന്മാരെ സര്‍ക്കാര്‍ ചൂഷണം ചെയ്യുന്നു എന്നും, അത്തരത്തില്‍ പൗരന്മാരെ ചൂഷണം ചെയ്യാനുള്ള ഒരു ഉപാധി മാത്രമാണ് ഭാരതത്തിന്റെ ഭരണഘടനയെന്നുമാണ് സജി ചെറിയാന്‍ അദ്ദേഹത്തിന്റെ വിവാദ പ്രസംഗത്തില്‍ പലതവണയായി ഊന്നിയൂന്നി പറയുന്നത്. ഇത്തരത്തില്‍ ഒരു സാധാരണ പൗരന്റെ മനസ്സില്‍ നമ്മുടെ ഭരണഘടനയോട് അവമതിപ്പ് ഉണ്ടാക്കുന്ന പരാമര്‍ശങ്ങളാണ് സജി ചെറിയാന്‍ നടത്തിയത്.
അതുകൊണ്ടാണ് സജി ചെറിയാന്റെ പ്രസംഗം അതീവ ഗുരുതരമായ കുറ്റമായി കാണാന്‍ ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതി തയ്യാറായത്. എന്നാല്‍ എന്തു വന്നാലും ശരി മന്ത്രിയെ ബലി കഴിക്കില്ലെന്നാണ് സംശയലേശമെന്യേ സിപിഎം വ്യക്തമാക്കിയിട്ടുള്ള തീരുമാനം. അതായത് സജി ചെറിയാന്റെ വിഷലിപ്തമായ വാക്കുകള്‍ ഫലത്തില്‍ അംഗീകരിക്കുകയാണ് സിപിഎം ചെയ്യുന്നത്. എന്നാല്‍ ഇത്തരത്തില്‍ ഒരു വലിയ സംഭവം നടന്നിട്ടും, പാര്‍ലമെന്റില്‍ സ്ഥിരമായി ഭരണഘടനയുടെ പ്രതികളുമായി പ്രതിഷേധം നടത്താറുള്ള കോണ്‍ഗ്രസ്സിന്റെ മൗനമാണ് അതിലേറെ ആശ്ചര്യകരം. കേന്ദ്ര സര്‍ക്കാര്‍ എന്തെങ്കിലും ഭരണപരിഷ്‌കാരങ്ങളോ, നിയമഭേദഗതികളോ കൊണ്ടുവരുമ്പോള്‍ ഭരണഘടനയെ സംരക്ഷിക്കാന്‍ എന്നും പറഞ്ഞു ഭരണഘടനയും കയ്യില്‍ പിടിച്ചു പ്രതിഷേധം നടത്തുന്ന കോണ്‍ഗ്രസ്സ്, സജി ചെറിയാന്‍ വിഷയത്തില്‍ കുറ്റകരമായ മൗനത്തിലാണ്. അവരുടെ പ്രതികരണങ്ങളും പ്രതിഷേധങ്ങളും ഒരുതരത്തിലുള്ള ആത്മാര്‍ത്ഥതയും ഇല്ലാത്തതാണെന്ന് ഏതൊരു രാഷ്ട്രീയ വിദ്യാര്‍ത്ഥിക്കും നിസ്സംശയം മനസ്സിലാകും. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഭരണപക്ഷത്തിന്റെയും ഈ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിനെതിരെ ശക്തമായ ഒരു നിലപാട് സ്വീകരിച്ചുകൊണ്ട് സജി ചെറിയനെതിരെ സമര പരമ്പരകള്‍ നടത്താന്‍ കേരളത്തിലെ സമരാത്മക യൗവ്വനം തയ്യാറാവേണ്ടതാണ്.
പണ്ട് കറുപ്പ് തീറ്റിച്ചു ചൈനയിലെ യുവതയെ മയക്കത്തില്‍ ആഴ്ത്തിയതുപോലെ കേരളത്തിലെ യുവതയെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ മയക്കത്തില്‍ ആഴ്ത്തിയിരിക്കുകയാണ്. ഇതില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ്, ഭരണഘടനയ്‌ക്കെതിരെ വെല്ലുവിളി നടത്തുന്ന സജി ചെറിയാന്‍ രാജിവെക്കണം എന്ന ആവശ്യവുമായി തെരുവിലിറങ്ങാല്‍ കേരളത്തിലെ യുവതലമുറ തയ്യാറാവണം. ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സ്വാര്‍ത്ഥതയില്ലാതെ പോരാട്ടത്തിന് ഇറങ്ങാന്‍ ആവശ്യമായ രാഷ്ട്രീയ ജാഗരണം സൃഷ്ടിക്കാന്‍ പ്രതിപക്ഷ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തയ്യാറാകണം.
എങ്കില്‍ മാത്രമേ മന്ത്രി സജി ചെറിയാന്‍ നടത്തിയ ഭരണഘടനാ അധിക്ഷേപത്തിന് അര്‍ഹമായ ശിക്ഷ അദ്ദേഹത്തിന് ലഭിക്കുകയുള്ളൂ. അല്ലാത്തപക്ഷം അല്പദിനങ്ങള്‍ക്ക് ശേഷം വിസ്മൃതിയിലാണ്ടുപോകുന്ന സംഭവങ്ങളുടെ പട്ടികയിലേക്ക് ഇതും എടുത്തെറിയപ്പെടും. രാജ്യത്തിന്റെ ഭരണഘടനയെ അവഹേളിച്ചത് രാജ്യത്തെ തന്നെ അവഹേളിക്കുന്ന പ്രസ്താവനയാണെന്ന് തിരിച്ചറിയപ്പെടേണ്ടതുണ്ട്.