അല്ല ഉസ്താദേ നമുക്കൊരു സര്‍വ്വേ നടത്തിയാലോ? ഉസ്താദ് ഗൗരവഭാവത്തില്‍ ചോദിക്കും സര്‍വ്വേയോ? എവിടെ? നമ്മുടെ മുനമ്പത്ത്. തീര്‍ച്ചായും അവിടെ ഡിജിറ്റല്‍ സര്‍വ്വേ നടത്തണം. അത് വഖഫിന്റെ ഭൂമിയാണ്. ഉസ്താദ് സൗമ്യനായി വഖഫിനെയും വഖഫ് നിയമത്തെയും കുറിച്ച് നമുക്ക് ക്ലാസെടുത്തുതരും. വഖഫ് ചെയ്ത ഭൂമി അള്ളാഹുവിന്റെതാണ്. ഒരു തവണ അത് വഖഫ് ചെയ്തു കഴിഞ്ഞാല്‍ പിന്നെ അള്ളാഹുവിന്റെതായി. പിന്നെ അതു മാറ്റാന്‍ പറ്റില്ല. അതിനു ശേഷം വഖഫ് ചെയ്തയാളോ അവരുടെ പിന്‍തലമുറക്കാരോ ആര്‍ക്കെങ്കിലും ഭൂമിവിറ്റാലും ആ ഭൂമി അവരുടെതാകില്ല. അതുകൊണ്ട് ആരു വാങ്ങിയാലും വിറ്റാലും വീടുവെച്ചാലും കൃഷി ചെയ്താലും തലമുറകളോളം താമസിച്ചാലും ഭൂമി അവരുടെതല്ല. വഖഫ് ബോര്‍ഡ് ഒരു നോട്ടീസ് അയച്ചാല്‍ അതോടെ തീര്‍ന്നു അവിടെ താമസിക്കുന്നവരുടെ അവകാശം. പിറ്റേന്ന് കുട്ടിയും പെട്ടിയുമായി സ്ഥലം വിട്ടുകൊള്ളണം. അവിടെ നിന്ന് ഒരു തരി മണ്ണോ എന്തെങ്കിലും സ്ഥാവരജംഗമ സാധനമോ കൊണ്ടുപോകാന്‍ പാടില്ല. ഇനി ഇതിനു സമ്മതിക്കില്ല എന്നാണ് ഭാവമെങ്കില്‍ തെളിവായി പ്രമാണമോ കുന്തമോ, കൊടച്ചക്രമോ (കടപ്പാട്: മന്ത്രി സജി ചെറിയാനോട്) വല്ലതും കയ്യിലുണ്ടെങ്കില്‍ അതുമായി വഖഫ് ട്രിബ്യൂണലിനു മുമ്പില്‍ വരിക. ട്രിബ്യൂണലില്‍ ഇരിക്കുന്നത് വഖഫ് ബോര്‍ഡ് നിശ്ചയിച്ചവരാണ്. അള്ളാഹുവിന്റെ ഭൂമി വിട്ടുകൊടുക്കാന്‍ പാടില്ല എന്ന് കൃത്യമായി ബോധ്യമുള്ളവര്‍. അവര്‍ വിധിക്കുന്നത് കേട്ട് പരാതിക്കാര്‍ പൊടിയും തട്ടി സ്ഥലം വിട്ടുകൊള്ളുക. എന്നാലും വഖഫ് ബോര്‍ഡ് ചെയര്‍മാന് മതേതര വിശാലത കുറച്ച് ഉള്ളതുകൊണ്ട് മുനമ്പത്ത് ഡിജിറ്റല്‍ സര്‍വ്വേ നടത്താം എന്നു സമ്മതിച്ചിട്ടുണ്ട്.
ഉസ്താദേ, ചോദ്യം മാറിപ്പോയി. ഉത്തരപ്രദേശിലെ സംഭാലിലെ ഷാഹി ജുമാ മസ്ജിദിലെ കാര്യമാണ് ചോദിച്ചത്. അവിടെ സംഭാലിലെ സീനിയര്‍ ഡിവിഷന്‍ സിവില്‍ ജഡ്ജി നിര്‍ദ്ദേശിച്ച പോലെ ഒരു സര്‍വ്വേ നടത്തിക്കൂടേ? ഇതു കേട്ടതേ ഉസ്താദിന്റെ ഭാവം മാറി. കണ്ണിലെ സൗമ്യത മാറി രൗദ്രഭാവമായി. പാടില്ല മസ്ജിദില്‍ സര്‍വ്വേ പാടില്ല. തീക്കളിക്കു നിക്കണ്ട പഹയാ. അത് 1526-ല്‍ മുഗളചക്രവര്‍ത്തി ബാബര്‍ ക്ഷേത്രം തകര്‍ത്തു പണിത പള്ളിയാണ്, അതിനു താഴെ ക്ഷേത്രത്തിന്റെ അവശിഷ്ടമുണ്ട് എന്ന പരാതി ശരിയാണോ എന്നു പരിശോധിക്കാനല്ലേ ഉസ്താദേ, ഈ സര്‍വ്വേ? ബാബര്‍ ക്ഷേത്രം തകര്‍ത്തല്ല പള്ളി പണിതത് എന്ന് സര്‍വ്വേയിലൂടെ തെളിഞ്ഞാല്‍ പരാതിക്കാരന്‍ പത്തിമടക്കി സ്ഥലം വിടില്ലേ?
അതൊന്നും ഞമ്മക്ക് കേള്‍ക്കണ്ട. അതു പള്ളിയാണ്. അവിടെ ഒരു സര്‍വ്വേ നടത്താനും ഞമ്മള് സമ്മതിക്കൂല. ഒന്നും രണ്ടുമല്ല പത്താണ് ഇത്തരം കേസ്സുകള്‍. അതുകൊണ്ട് സമ്മതിക്കുന്ന പ്രശ്‌നമില്ല. കോടതിയല്ല, ആരു പറഞ്ഞാലും സമ്മതിക്കൂല. ഇനി ഉസ്താദിനോട് ഒന്നും ചോദിക്കണ്ട. കൂടുതല്‍ ചോദിച്ചാല്‍ രാജ്യത്തെ മതേതരത്വം തകര്‍ന്നു പോകും!