മഹര്‍ഷി അരവിന്ദന്‍ 1950ല്‍ തന്നെ കമ്യൂണിസ്റ്റ് ചൈനയുടെ സാമ്രാജ്യത്വ മോഹങ്ങള്‍ ഭാവിഭാരതത്തിനും ലോകത്തിനും എതിരെ ഉയര്‍ത്താനിടയുള്ള വെല്ലുവിളികളെ കുറിച്ച് വ്യക്തമായ മുന്നറിയിപ്പു നല്‍കിയിരുന്നു. 1949ല്‍ മാത്രം അധികാരം പിടിച്ചെടുത്ത മാവോയിസ്റ്റ് ഭരണകൂടം തൊട്ടു പിന്നാലെ തന്നെ വടക്കന്‍ കൊറിയയോട് ചേര്‍ന്ന് തെക്കന്‍ കൊറിയക്കെതിരെ പടയ്ക്കിറങ്ങിയപ്പോള്‍ പ്രകടമായ ആക്രമണോത്സുകത കണക്കിലെടുത്തുകൊണ്ടായിരുന്നു ആ മുന്നറിയിപ്പ്. ടിബറ്റിനെതിരെയുള്ളതാകും അടുത്ത കടന്നാക്രമണമെന്ന് അദ്ദേഹം പ്രവചിച്ചു. മഹര്‍ഷിയുടെ സൂചനകള്‍ കൃത്യമായിരുന്നു: ‘എല്ലാ കാര്യങ്ങളും വളരെ വ്യക്തമാണ്. ഇത് കമ്യൂണിസ്റ്റ് പദ്ധതിയുടെ ഒന്നാമത്തെ നീക്കമാണ്. ആദ്യം ഈ വടക്കന്‍ ഭാഗങ്ങളെ കൈവശപ്പെടുത്തി സ്വാധീനം ഉറപ്പിക്കുക. പിന്നീട് തെക്കു കിഴക്കന്‍ ഏഷ്യയിലേക്ക്, ഏഷ്യന്‍ ഭൂഖണ്ഡത്തിന്റെ ബാക്കിഭാഗം കൂടി കൈപ്പിടിയിലൊതുക്കുവാനുള്ള യുദ്ധ തന്ത്രം. പോകും വഴി ടിബറ്റും, ഇന്‍ഡ്യയിലേക്ക് തുറക്കുവാനുള്ള ഒരു വാതില്‍ എന്ന നിലയില്‍. (“The whole affair is as plain as a pike-staff. It is the first move in the communist plan of campaign to dominate and take possession first of these northern parts and then of south-east Asia as a preliminary to their maneuvers with regard to the rest of the continent – in passing, Tibet as a gate opening to India”).
ചൈനയുടെ അധിനിവേശ അജണ്ടയെ പരാജയപ്പെടുത്തിയിരിക്കുകയാണ് ഭാരതത്തിലെയും അമേരിക്കയിലെയും തിരഞ്ഞെടുപ്പുകള്‍. സ്വദേശീയ പ്രതിബദ്ധതയുള്ള രണ്ടു രാജ്യങ്ങളിലെയും ജനസമൂഹങ്ങള്‍ നരേന്ദ്ര മോദിയെ മൂന്നാമതും ഡൊണാള്‍ഡ് ട്രംപിനെ രണ്ടാമതും ഭരണത്തിലെത്തിച്ചതിലൂടെ തങ്ങളുടെ രാജ്യങ്ങളെയും ജനാധിപത്യലോകത്തെയുമാണ് സംരക്ഷിച്ചത്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാധിത്യരാജ്യമായ അമേരിക്കയിലും ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജനാധിപത്യരാജ്യമായ ഭാരതത്തിലും ശിഥിലീകരണത്തിന്റെ വിത്തുപാകി വിളയിച്ചെടുക്കാനുള്ള ഗൂഢശ്രമത്തിന്റെ തുടര്‍ച്ചയായിരുന്നു 2024 തിരഞ്ഞെടുപ്പുകളിലും ചൈനീസ് സാമ്രാജ്യത്വവാദികളും ഇസ്ലാമിക സാമ്രാജ്യത്വവാദികളും ചേര്‍ന്ന് നടത്തി നോക്കിയത്. ഭാരതത്തെ 1962ല്‍ കടന്നാക്രമിച്ചപ്പോള്‍ ഈ രാജ്യത്തു നിന്നുള്ള കമ്യൂണിസ്റ്റ് ചാരന്മാരുടെ ‘സേവനം’ മുതലെടുത്തിരുന്ന ചൈന, 2024ല്‍ ഭാരതത്തിലെയും അമേരിക്കയിലെയും ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ഇതേ തന്ത്രം നടപ്പാക്കി.
കള്‍ച്ചറല്‍ മാര്‍ക്‌സിസവും വോക്കിസവുമൊക്കെയാണ് പുതിയകാല ചൈനയുടെ രണതന്ത്രങ്ങള്‍. കമ്യൂണിസ്റ്റ് നാട്യങ്ങള്‍ പോലും കാറ്റില്‍ പറത്തി, വര്‍ഗസമരം വഴിയിലുപേക്ഷിച്ച്, ‘സാംസ്‌കാരിക മാര്‍ക്‌സിസം’ (Cultural Marxism) എന്ന് അവര്‍ പറയുന്ന കാടന്‍ കമ്യൂണിസ്റ്റുകളുടെ സാംസ്‌കാരിക വൈകൃതമാണ് അവരുടെ പുതിയ നശീകരണ തന്ത്രം. അതിനിടെ ചൈന അവരുടെ വുഹാന്‍ ലാബില്‍ വളര്‍ത്തിയെടുത്ത കോവിഡ്-19 എന്ന ജൈവായുധം ഉപയോഗിച്ചുകൊണ്ട് ഷീ ജിങ്ങ്പിങ്ങിന്റെ സാമ്രാജ്യം എന്ന ലക്ഷ്യം നേടാന്‍ വളഞ്ഞ വഴിയിലൂടെ മറ്റൊരു ശ്രമവും നടത്തിനോക്കി. പക്ഷേ, ഭാരതമുള്‍പ്പെടെയുള്ള ലോക രാജ്യങ്ങള്‍ അതിനെ പ്രതിരോധിച്ച് മാനവരാശിയെ സംരക്ഷിച്ചതോടെ ആ നീക്കം പരാജയപ്പെടുകയായിരുന്നു. കോവിഡിലൂടെയാണെങ്കിലും കള്‍ച്ചറല്‍ മാര്‍ക്‌സിസത്തില്‍ കൂടിയാണെങ്കിലും ലോകമാകെ സമ്പൂര്‍ണ്ണ നാശം വിതച്ചുകഴിഞ്ഞാല്‍ അവിടെ ചൈനീസ് ഏകാധിപതിയുടെ ഭരണം സ്ഥാപിക്കാമെന്നതാണ് അവരുടെ ഉള്ളിലൊളിപ്പിച്ചിട്ടുള്ള അടവുതന്ത്രം. വോക്കിസമാണ് അവരുടെ പ്രയോഗതന്ത്രം.
കുടുംബങ്ങള്‍ക്കുള്ളില്‍ കുട്ടികളും മാതാപിതാക്കളും തമ്മിലും, ഭാര്യയും ഭര്‍ത്താവും തമ്മിലും, സഹോദരനും സഹോദരിയും തമ്മിലും, സംഘര്‍ഷങ്ങള്‍ക്ക് ഇടവരുത്തി കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുക. സമാജത്തിലാണെങ്കില്‍ പണ്ട് സംഭവിച്ചുപോയിട്ടുണ്ടാകാനിടയുള്ള വൈരുദ്ധ്യങ്ങളെയും ചൂഷണങ്ങളെയും പെരുപ്പിച്ചു കാട്ടി പുതുതലമുറകളെ തമ്മില്‍ പോരിനിറക്കുക. ലൈംഗിക വൈകൃതങ്ങളെയും വീക്ഷണ വൈകൃതങ്ങളെയും പ്രോത്സാഹിപ്പിച്ച് സമാജത്തിന്റെ മുഖ്യധാരയെ പോര്‍മുഖങ്ങളാക്കുക. അതാണവരുടെ രണതന്ത്രം. സര്‍വ്വകലാശാലകളെയും മാധ്യമങ്ങളെയും കപടബുദ്ധിജീവികളെയും സര്‍ക്കാരിതര സംഘടനാ സംവിധാനങ്ങളെയും (Non Governmental Organizations) ഉപയോഗിച്ചുകൊണ്ട് ഭാരതവും അമേരിക്കയും അടങ്ങുന്ന ജനാധിപത്യ രാഷ്ട്രങ്ങളില്‍ അധിനിവേശത്തിന് അവസരം തേടുകയാണവര്‍. പക്ഷേ, വര്‍ത്തമാനകാല ലോകത്തില്‍ അതിരുകടന്ന അടിച്ചമര്‍ത്തലുകളുടെ വേദികളായ കമ്യൂണിസ്റ്റ് ചൈന, വടക്കന്‍ കൊറിയ, തുടങ്ങിയ ഫാസിസ്റ്റ് ഏകാധിപത്യ രാജ്യങ്ങളിലോ മതമൗലികവാദികള്‍ തന്നിഷ്ടങ്ങള്‍ നടപ്പാക്കുന്ന ഇസ്ലാമിക രാഷ്ട്രങ്ങളിലോ ‘കള്‍ച്ചറല്‍ മാര്‍ക്‌സിസവും’ ‘വോക്കിസവും’ പ്രയോഗിക്കാന്‍ ഇടം തേടുന്നില്ലായെന്നത് അവര്‍ കൊട്ടിഘോഷിക്കുന്ന ആശയങ്ങളിലെ ‘വൈരുദ്ധ്യാത്മത’ പ്രകടമാക്കുകയും ചെയ്യുന്നു. മനുഷ്യന്‍ പരസ്പരം ഉള്‍ക്കൊണ്ടുകൊണ്ട് കൊടുക്കലും വാങ്ങലുമൊക്കെയായി സഹകരണാത്മകമായ സഹവര്‍ത്തിത്വത്തിലൂടെ ജീവിതം നയിക്കുന്നതിനുളള നേരിയ സാദ്ധ്യതയെ പോലും തകര്‍ത്തു തരിപ്പണമാക്കാന്‍ ഉള്ള ശ്രമമണ് കള്‍ച്ചറല്‍ മാര്‍ക്‌സിസവും വോക്കിസവുമൊക്കെ ചെയ്യുന്നത്.
2024 ലെ തിരഞ്ഞടുപ്പുകളുടെ വിശകലനം ആഴത്തിലാകണം. ആ പശ്ചാത്തലത്തില്‍ വേണം 2024ല്‍ ഭാരതത്തിലെയും അമേരിക്കന്‍ ഐക്യനാടുകളിലെയും ജനങ്ങള്‍ പ്രഖ്യാപിച്ച വിധികളുടെ സവിശേഷതകള്‍ വിശകലനം ചെയ്യേണ്ടത്. ചൈനയും ഇസ്ലാമിക തീവ്രവാദികളും ഒപ്പം ജോര്‍ജ്ജ് സൊറോസെന്ന അന്താരാഷ്ട്ര സാമ്പത്തിക അട്ടിമറിക്കാരനും അമേരിക്കയിലെ ‘ഡീപ്പ് സ്റ്റേറ്റെന്ന്’ അറിയപ്പെടുന്ന അധികാരകേന്ദ്രവും ഒന്നുചേരുന്നതാണ് ലോകം കണ്ടത്. ആ ഡീപ്പ് സ്റ്റേറ്റില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നവരുടെ മുന്‍നിര താരങ്ങളാണ് മുന്‍ പ്രസിഡന്റുമാരായ ബില്‍ ക്ലിന്റനും ബറാക്ക് ഹുസൈയ്ന്‍ ഒബാമയും. തങ്ങള്‍ക്കനുവദിക്കപ്പെട്ടിട്ടുള്ള രണ്ടു തവണകള്‍(എട്ടു വര്‍ഷങ്ങള്‍) പ്രസിഡന്റു പദവിയിലിരുന്ന അവര്‍ ഇരുവരും തങ്ങളുടെ ഭാര്യമാരെ വൈറ്റ് ഹൗസിലെത്തിക്കാന്‍ പരിശ്രമിച്ചു നോക്കിയെങ്കിലും അതില്‍ ഇതുവരെ വിജയിക്കാത്തവരാണ്. അതില്‍ തന്നെ കൂടുതല്‍ ശ്രദ്ധ അര്‍ഹിക്കുന്നത് ബറാക്ക് ഒബാമയാണ്. അദ്ദേഹത്തെ രണ്ട് കാര്യങ്ങളുടെ പേരില്‍ ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടതുണ്ട്: 1) ഡീപ്പ് സ്റ്റേറ്റിന്റെ ഭാഗമായി നിന്നുകൊണ്ട് കള്‍ച്ചറല്‍ മാര്‍ക്‌സിസ്റ്റുകള്‍ക്ക് സഹായം നല്‍കാന്‍ അമേരിക്കയിലും ഭാരതത്തിലും പരമാവധി ഇടപെടലുകള്‍ നടത്തിയ വ്യക്തി എന്ന നിലയില്‍. 2) ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റാകാന്‍ കാരണക്കാരനായ വ്യക്തി എന്ന പേരില്‍.
ഒബാമ ട്രംപിനെ പ്രകോപിപ്പിച്ചതിന്റെ ചരിത്രം
2011 ഏപ്രില്‍ 30. അന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഹുസൈയ്ന്‍ ഒബാമ, ഒരുക്കിയ അത്താഴവിരുന്നിന് വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികളിലൊരാളായി എത്തിയതായിരുന്നു ഡൊണാള്‍ഡ് ട്രംപ്. പക്ഷേ, ആ സന്ദര്‍ഭം ഡൊണാള്‍ഡ് ട്രംപിനെ പരിഹാസം കൊണ്ട് വറുത്തു പൊരിച്ചെടുക്കുവാന്‍ പ്രസിഡന്റ് ഒബാമാ, കരുതിക്കൂട്ടി ഒരുക്കിയ ഒരു കെണിയായിരുന്നുവെന്നാണ് പിന്നീട് പ്രകടമായത്. അധികാരമില്ലാത്ത ഒരു അതിഥിയുടെ മേല്‍ സര്‍വ്വശക്തനായ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ അഴിഞ്ഞാടിയതിന്റെ ആ അശ്ലീല ദൃശ്യങ്ങളും അവിടെ പ്രതികരിക്കാനാകാതെ നിസ്സഹായനായി ഇരിക്കുന്ന ട്രംപിന്റെ ദൃശ്യവും ഇന്നും യൂട്യൂബില്‍ ലഭ്യമാണ്. ”ഒരു പരാജയപ്പെട്ട പ്രസിഡന്റായിരുന്നു ഞാന്‍ എന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടാലും അതോടൊപ്പം മുന്‍ പ്രസിഡന്റെന്ന വിശേഷണം ഉണ്ടാകും. അങ്ങനെ പോലും ചരിത്രത്തില്‍ രേഖപ്പെടുത്താന്‍ നിങ്ങള്‍ക്ക് അര്‍ഹതയുണ്ടാകില്ല” എന്ന് അമേരിക്കന്‍ പ്രസിഡന്റ് പദവിയെന്ന ആനപ്പുറത്തു കയറിയിരുന്നുകൊണ്ട് ബറാക് ഒബാമാ, ഡൊണാള്‍ഡ് ട്രംപിനെ പരിഹസിക്കുമ്പോള്‍ ചുറ്റും ഉണ്ടായിരുന്നവര്‍ ആര്‍ത്തുല്ലസിക്കുകയായിരുന്നു. ആ ക്രൂരമായ പരിഹാസത്തെ വെല്ലുവിളിയായി സ്വീകരിച്ച് തിരിച്ചടിക്കാന്‍ അന്നുമുതല്‍ തുനിഞ്ഞിറങ്ങിയ നിശ്ചയദാര്‍ഡ്യമാണ് 2016ല്‍ അതേ വൈറ്റ് ഹൗസിലേക്ക് അമേരിക്കന്‍ പ്രസിഡന്റായി തല ഉയര്‍ത്തി കയറിവരുവാന്‍ ഡൊണാള്‍ഡ് ട്രംപിന് അവസരം നല്‍കിയത്.
ട്രംപ് ചോദ്യം ചെയ്തത് ഒബാമയുടെ വിവാദപരമായ പൗരത്വത്തെയായിരുന്നു. ഒബാമയും ട്രംപും അത്തരത്തില്‍ പോരാട്ടത്തിനിറങ്ങിയതിന്റെ പശ്ചാത്തലം എന്തായിരുന്നു എന്നൊരു ചോദ്യം സ്വാഭാവികമാണ്. ഇറ്റാലിയന്‍ പൗരത്വവുമായിയെത്തിയ സോണിയയും ഇരട്ട പൗരത്വം ആരോപിക്കപ്പെടുന്ന രാഹുലും ഭാരതത്തിന്റെ പ്രധാനമന്ത്രിയാകുന്നതില്‍ ഈ രാജ്യത്തെ ദേശീയ ജനസമൂഹത്തിന് ശക്തമായ എതിര്‍പ്പുള്ളത് ശ്രദ്ധിക്കുക. സമാനമായ രീതിയില്‍, സ്വാഭാവിക പൗരത്വ (natural citizenship) കാര്യത്തില്‍ സംശയിക്കപ്പെടുന്ന ബറാക് ഹുസെയ്ന്‍ ഒബാമയെ തങ്ങളുടെ പ്രസിഡന്റായി സ്വീകരിക്കുന്നതിന് ആ രാജ്യത്തെ ദേശീയ മുഖ്യധാരാ പൗരസമൂഹത്തില്‍ ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. അവരുടെ പ്രതിരോധത്തെ മുന്നില്‍ നിന്ന് നയിച്ചവരില്‍ പ്രമുഖനായിരുന്നു ഡൊണാള്‍ഡ് ട്രംപ് എന്നതായിരുന്നു ഒബാമയ്ക്ക് അദ്ദേഹത്തോടുണ്ടായ വെറുപ്പിന്റെ പശ്ചാത്തലം. അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ ഒബാമയെത്തുന്നതിനെ വെല്ലുവിളിച്ച ജനങ്ങള്‍ ആ രാജ്യത്തെ ഭരണഘടനയിലെ വ്യവസ്ഥകളുയര്‍ത്തിയാണ് തങ്ങളുടെ പ്രതിഷേധം പ്രകടമാക്കിയത്. അമേരിക്കന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ രണ്ട് നിര്‍വ്വചിക്കുന്ന തരത്തിലുള്ള സ്വാഭാവിക പൗരനുമാത്രമെ (natural citizen) രാജ്യത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവകാശമുള്ളു. ആ ഭരണഘടനയുടെ പതിനാലാം ഭേദഗതി അനുസരിച്ച് അമേരിക്കയില്‍ ജനിക്കുകയോ തലമുറയായി അവിടെ ജീവിക്കുകയോ ചെയ്യപ്പെട്ടവര്‍ക്ക് മാത്രമേ അമേരിക്കന്‍ ഐക്യനാടുകളിലെ സ്വാഭാവിക പൗരനാകാന്‍ കഴിയൂ. (All persons born or naturalized in the United States, and subject to jurisdiction thereof, are citizens of the United States). മറ്റു രാജ്യങ്ങളിലെ പൗരന്മാര്‍ക്കും അപേക്ഷിച്ച് പൗരത്വം നേടാം. പക്ഷേ അവര്‍ക്ക് പ്രസിഡന്റ് പദവിയിലെത്താനാകില്ല. ഇറ്റലിയില്‍ നിന്ന് ഭാരതത്തില്‍ വന്ന് പൗരത്വം എങ്ങനെയോ തരപ്പെടുത്തിയ സോണിയഇവിടെ പ്രധാനമന്ത്രിയാകാന്‍ പരിശ്രമിച്ചതുപോലെ അമേരിക്കയില്‍ കുടിയേറി പൗരത്വം നേടിയ ഡോ.ശശി തരൂരിന്റെ മകന് അവിടെ പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കാന്‍ നിയമം അനുവദിക്കില്ല എന്നതാണ് അമേരിക്കന്‍ ഭരണഘടനയിലെ ശ്രദ്ധേയമായ ഒരു സവിശേഷത.
ഒബാമയുടെ പൗരത്വം
1958 ല്‍ മാത്രം അമേരിക്കയുടെ ഭാഗമായ ഹവായിയിലെ ആന്‍ ദുന്‍ഹാം എന്ന ക്രിസ്ത്യന്‍ യുവതിയും യൂണിവേഴ്‌സിറ്റി ഓഫ് ഹവായിയില്‍ വിദ്യാര്‍ത്ഥിയായിയെത്തിയ കെനിയക്കാരനും ഇസ്ലാം മതാനുയായിയുമായിരുന്ന ബറാക് ഒബാമ സീനിയറും ആയിരുന്നു ഒബാമയുടെ മാതാപിതാക്കള്‍. 1961 ആഗസ്റ്റ് നാലിനായിരുന്നു ജനനം. അന്ന് കെനിയ ബ്രിട്ടീഷ് കോളനിയായിരുന്നതുകൊണ്ട് അച്ഛന്‍ ബ്രിട്ടീഷ് പ്രജയായിരുന്നെന്നും അതുകൊണ്ട് ഒബാമ ജൂണിയറിന് അമേരിക്കന്‍ സ്വാഭാവിക പൗരത്വത്തിന് അര്‍ഹതയില്ലായിരുന്നു എന്നുമാണ് അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ഒരു വാദം. ജനനം തന്നെ ഹവായിയിലായിരുന്നില്ലെന്നും കെനിയയിലായിരുന്നുയെന്നും സ്ഥാപിച്ചുകൊണ്ട്, ഒബാമയുടെ സ്വാഭാവിക പൗരത്വത്തിനുള്ള യോഗ്യതയെ ചോദ്യം ചെയ്യുന്നതായിരുന്നു മറ്റൊന്ന്. ഒബാമയ്ക്ക് മൂന്നു വയസ്സായപ്പോള്‍ (1964) അമ്മ ഒബാമയുടെ അച്ഛനില്‍ നിന്ന് വിമോചിതയായി ഒരു ഇന്‍ഡോനേഷ്യന്‍ മുസ്ലീം വിദ്യാര്‍ത്ഥി ലോലോ സോയ്‌ത്തൊറോ (Lolo Soetoro) യോടൊപ്പം ചേര്‍ന്നു. അമ്മയും മകനും അയാളോടൊപ്പം ഇന്‍ഡോനേഷ്യയിലെ ജക്കാര്‍ത്തയിലേക്ക് താമസം മാറി. അവിടെ വെച്ച് മകന് ബാരി സോയ്‌ത്തൊറോ എന്ന പേര് സ്വീകരിച്ച് ഇന്‍ഡോനേഷ്യന്‍ പൗരത്വം വരിച്ചു. തുടര്‍ന്ന് പത്താം വയസ്സില്‍ അമേരിക്കയില്‍ തിരിച്ചെത്തി അമ്മയുടെ അച്ഛനോടും അമ്മയോടുമൊപ്പം താമസം തുടങ്ങിയ ഒബാമയ്ക്ക് അമേരിക്കയിലെ സ്വാഭാവിക പൗരത്വത്തിന്(natural citizenship) അര്‍ഹതയില്ലെന്നുമായിരുന്നു മറ്റൊരു വാദം. 1991ല്‍ ഒബാമയുടെ ലിറ്റററി ഏജന്‍സിയായ ആക്ടന്‍ ആന്‍ഡ് ഡൈസ്റ്റല്‍ Acton and Dystel) അദ്ദേഹത്തിനുവേണ്ടി ഇറക്കിയ പ്രചരണ ബുക്ക്‌ലെറ്റില്‍ തന്നെ, കെനിയയില്‍ ജനിച്ച് ഇന്‍ഡോനേഷ്യയിലും ഹവായിയിലും വളര്‍ന്നു'(Born in Kenya and raised in Indonesia and Hawaii’) എന്നാണ് വിശേഷിപ്പിച്ചിരുന്നത്. അത് ഒബാമ അമേരിക്കയിലെ സ്വാഭാവിക പൗരന്‍ (natural citizen)അല്ലായെന്ന വാദങ്ങള്‍ക്ക് കരുത്തു നല്‍കി.
2008ല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ പ്രസിഡന്റ് പദവിക്കുള്ള സ്ഥാനാര്‍ത്ഥിത്വത്തിനുവേണ്ടി മത്സരത്തിനിറങ്ങിയ ഹിലരി ക്ലിന്റനായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പില്‍ ഒബാമ സ്വാഭാവിക പൗരനാണോ (natural citizen) ) എന്ന ചോദ്യവും അദ്ദേഹത്തിന്റെ ഇരട്ട പൗരത്വവും പങ്കുവെക്കപ്പെട്ട രാജ്യസ്‌നേഹവുമൊക്കെ (dual citizenship and split loyalty) അതിശക്തമായി ഉയര്‍ത്തപ്പെട്ടു. അതിനെ അതിജീവിച്ച് ഒബാമ ഡെമോക്രാറ്റുകളുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായതോടെ സ്വാഭാവികമായും റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയും അതിന്റെ ഭാഗമായിരുന്ന ഡൊണാള്‍ഡ് ട്രംപുമൊക്കെ അമേരിക്കന്‍ ഭരണഘടന അനുസരിച്ച് ഒബാമ പ്രസിഡന്റ് പദവിക്ക് യോഗ്യനല്ലെന്ന വാദം ഉന്നയിച്ചുകൊണ്ട് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ജനനസര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. അതിനുവേണ്ടി നടത്തിയ നീക്കങ്ങളെ ബര്‍ത്തര്‍ മൂവ്‌മെന്റ് എന്നാണറിയപ്പെടുന്നത്. ആദ്യം ലഭ്യമല്ലാതിരുന്ന ജനനസര്‍ട്ടിഫിക്കറ്റ് 2008 ല്‍ അമേരിക്കന്‍ പ്രസിഡന്റായ ശേഷം ആ പദവിയും സ്വാധീനവും നിലനില്‍ക്കുമ്പോള്‍ 2011 ഏപ്രിലില്‍ (അതായത് 2012 ല്‍ രണ്ടാമതും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് മുന്നോടിയായി) മാത്രമാണ് ഹവായ് ആരോഗ്യ വകുപ്പ് സാക്ഷ്യപ്പെടുത്തിയ ജനന സര്‍ട്ടിഫിക്കറ്റിന്റെ(long-form birth certificate) കോപ്പിയുടെ രൂപത്തില്‍ പുറത്തുവിടുന്നത് എന്നത് ശ്രദ്ധേയമാണ്. അങ്ങനെയൊരു സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് പരസ്യപ്പെടുത്തിയതിനുശേഷമാണ് ഒബാമ ഈ ബര്‍ത്തര്‍ മൂവ്‌മെന്റിന്റെ ഭാഗമായതിന്റെ പേരില്‍ ഡൊണാള്‍ഡ് ട്രംപിനെ അധിക്ഷേപിക്കാന്‍ തയാറായത്. അത്തരമൊരു പശ്ചാത്തലത്തില്‍, പഴുതുകള്‍ പലതും പ്രയോഗിച്ച് നിയമനടപടികളെ അതിജീവിച്ചതുകൊണ്ട് 2008 മുതല്‍ 2016 വരെ ഒബാമ അമേരിക്കന്‍ പ്രസിഡന്റു പദവിയിലിരുന്നെങ്കിലും അദ്ദേഹത്തിന്റെ പൗരത്വ കാര്യത്തിലെ അവകാശവാദങ്ങളെ മുഖവിലയ്‌ക്കെടുക്കാന്‍ തയാറാകാത്ത വലിയൊരു ജനവിഭാഗം അമേരിക്കയില്‍ പിന്നെയും അവശേഷിച്ചു. ആ ജനവിഭാഗമാണ് പ്രസിഡന്റ് ഒബാമയുടെയും ഡമോക്രാറ്റിക് പാര്‍ട്ടിയുടെയും സ്ഥാനാര്‍ത്ഥിയായിരുന്ന ഹിലരി ക്ലിന്റനെ പരാജയപ്പെടുത്തി ഡൊണാള്‍ഡ് ട്രംപിനെ ഒബാമയുടെ കാലാവധി കഴിഞ്ഞപ്പോള്‍ 2016ല്‍ അമേരിക്കന്‍ പ്രസിഡന്റ് പദവിയിലെത്തിച്ചതും 2024ല്‍ ഒരിക്കല്‍ കൂടി വീണ്ടും അദ്ദേഹത്തില്‍ വിശ്വാസം ആവര്‍ത്തിച്ചതും.
ട്രംപിന്റെ വിജയവും ഭാരതത്തിന്റെ പ്രതികരണവും
2016ലെ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ആ രാജ്യത്തിന്റെ ദേശീയതയും ഡൊണാള്‍ഡ് ട്രംപും വിജയം വരിച്ചപ്പോള്‍ ഭാരതം ആ വിജയത്തെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുകയായിരുന്നു. കാരണം 2004 മുതല്‍ 2014 വരെ അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികളും ചൈനീസ് കമ്യൂണിസ്റ്റ് ഭരണകൂടവും പാക് ഇസ്ലാമിക തീവ്രവാദികളും ഒന്നിച്ചു നിന്ന് ഭാരതത്തെ എതിര്‍ക്കുകയായിരുന്നു. അവരുടെ ഇടപെടലുകളില്‍ കൂടി അധികാരത്തിലെത്തിയ ‘സൂപ്പര്‍ പ്രധാനമന്ത്രി’ സോണിയാ ഗാന്ധിയും ‘നിഴല്‍’ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും നടത്തിയ ഭരണം ഭാരതത്തിന്റെ താത്പര്യങ്ങള്‍ക്ക് എതിരായിരുന്നു. അവരെ അടിയറവു പറയിച്ചുകൊണ്ട് 2014ല്‍ പ്രധാനമന്ത്രിയായ നരേന്ദ്രമോദിക്ക് ഭാരതത്തിലേക്ക് അധിനിവേശ ലക്ഷ്യവുമായി അവസരം നോക്കിയിരിക്കുകയായിരുന്ന ചൈന-പാക്-അമേരിക്കന്‍ കൂട്ടായ്മയെ തകര്‍ക്കേണ്ടതുണ്ടായിരുന്നു. ചൈനയും പാകിസ്ഥാനും ഭാരതത്തിന്റെ ശത്രുരാജ്യങ്ങളായതിനാല്‍ അവരില്‍ മാറ്റമുണ്ടാക്കുന്നത് അപ്രായോഗികമായതുകൊണ്ട് അവരുടെ മിത്രപക്ഷത്തു നില്‍ക്കുന്ന അമേരിക്കയെ അടര്‍ത്തിയെടുക്കുക മാത്രമായിരുന്നു ശ്രമിച്ചൂനോക്കാവുന്ന കാര്യം. അതുകൊണ്ട് 2014 മുതല്‍ 2016 വരെ ബറാക് ഒബാമയുടെ കാലത്ത് പോലും നരേന്ദ്രമോദിയുടെ ഭാരതം അമേരിക്കയെ ശത്രുപക്ഷത്തു നിന്ന് അടര്‍ത്തി മാറ്റാനുള്ള നയതന്ത്ര സാദ്ധ്യതകളെ കൗശലപൂര്‍വ്വം പ്രയോഗിച്ചു തുടങ്ങിയിരുന്നു.
2016ല്‍ ഭാരതത്തിനും നരേന്ദ്ര മോദിക്കും പുതിയ ഒരു അവസരം ഉയര്‍ന്നുവന്നു. 2008 മുതല്‍ 2016 വരെ ബറാക് ഒബാമ അമേരിക്ക ഭരിച്ചിരുന്ന കാലം ആ രാജ്യം ചൈനയുടെയും കള്‍ച്ചറല്‍ മാര്‍ക്‌സിസ്റ്റൂകളുടെയും വോക്കിസത്തിന്റെ അനുയായികളുടെയും ഇസ്ലാമിക മതമൗലിക വാദികളുടെയും പിടിയിലമരുന്ന സാഹചര്യമാണ് സൃഷ്ടിച്ചത്. ആ അവസ്ഥയെ മാറ്റിമറിക്കണമെന്ന് നിശ്ചയിച്ചിറങ്ങിയ ഡൊണാള്‍ഡ് ട്രംപിന് മറുപക്ഷമായ ഡമോക്രാറ്റുകളോടൊപ്പം പരമ്പരാഗതമായി നിന്നിരുന്ന ഭാരതവംശജരായ അമേരിക്കന്‍ സമൂഹത്തില്‍ നിന്ന് ഒരു ഭാഗത്തെയെങ്കിലും അടര്‍ത്തിയെടുക്കാന്‍ കഴിഞ്ഞാല്‍ അത് വലിയ അളവില്‍ സഹായകരമാകുമായിരുന്നു. ആ അവസരം പ്രയോജനപ്പെടുത്തിക്കൊണ്ടാണ് 2016ലെ തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ നരേന്ദ്രമോദിയുടെ പക്ഷത്തു നിന്നും ഭാരതവംശജരായ അമേരിക്കന്‍ പൗരസമൂഹത്തിലെ നിര്‍ണ്ണായകവിഭാഗത്തിന് പ്രേരണയും പ്രോത്സാഹനവും നല്‍കിയത്.
നരേന്ദ്ര മോദി ഭാരതവംശജരായ അമേരിക്കന്‍ സമൂഹത്തില്‍ നേടിയെടുത്തിട്ടുണ്ടായിരുന്ന സ്വാധീനം ഡൊണാള്‍ഡ് ട്രംപിന് ഉപകരിച്ചുവെന്ന് പറയുമ്പോള്‍ എന്താണ് ആ സ്വാധീനത്തിന്റെ പശ്ചാത്തലവും ആഴവുമെന്നതും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. അതിലേക്ക് കൃത്യമായ സൂചന നല്‍കുന്ന ഒരു വിവരം അടുത്ത കാലത്ത് അദ്ദേഹം അമേരിക്കയില്‍ നടത്തിയ ഒരു പ്രഭാഷണത്തില്‍ പങ്കുവെച്ചിട്ടുണ്ട്. അത് ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് അദ്ദേഹം പലപ്പോഴായി ഇരുപത്തിയൊമ്പത് അമേരിക്കന്‍ സ്റ്റേറ്റുകളിലും സഞ്ചരിച്ചിട്ടുണ്ടായിരുന്നുവെന്നതായിരുന്നു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഒരു പ്രചാരകന്‍ വ്യാപകമായി അത്തരത്തില്‍ അമേരിക്കയില്‍ സഞ്ചരിച്ചിട്ടുണ്ടെങ്കില്‍ അത് അവിടെയുള്ള ഭാരതീയരുടെയിടയില്‍ വിശേഷ സമ്പര്‍ക്കങ്ങള്‍ക്കും ആഴത്തിലുള്ള സംഘബന്ധങ്ങള്‍ക്കും അടിത്തറ പാകിയിട്ടുണ്ടാകുമെന്നതില്‍ സംശയമേ വേണ്ട. ആ പശ്ചാത്തലത്തില്‍ വേണം ഭാരതസര്‍ക്കാരില്‍ ഒരു ഔദ്യോഗിക പദവിയുമില്ലായിരുന്ന നരേന്ദ്രമോദിയെ കാര്‍ഗില്‍ യുദ്ധകാലത്ത് അമേരിക്കന്‍ പിന്തുണ ഭാരതത്തിന് ഉറപ്പിക്കുവാനുള്ള ദൗത്യവുമായി അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാര്‍ അമേരിക്കയിലേക്കയച്ചതിനെ പോലും നോക്കിക്കാണേണ്ടത്. അന്ന് അമേരിക്കയിലെ ഭാരതത്തിന്റെ നയതന്ത്ര കാര്യാലയത്തില്‍ മോദി എത്തിയതും അദ്ദേഹം നിര്‍വ്വഹിച്ച ദൗത്യങ്ങളുടെ സൂചനകളും അംബാസിഡര്‍ ടി.പി.ശ്രീനിവാസന്റെ ‘മോദിപ്ലോമസി’ (Modiplomacy – Through a Shakespearean Prism) എന്ന പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. 1999 ല്‍, അതായത് ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നതിന് രണ്ടു വര്‍ഷം മുമ്പും ഭാരതീയ ജനതാപാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയകുന്നതിന് പതിമൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പുമായിരുന്നു മോദി എന്ന സംഘപ്രചാരകനെ ആ ദൗത്യം ഏല്‍പ്പിച്ചിരുന്നതെന്ന് ശ്രദ്ധിക്കുക. ആ നരേന്ദ്ര മോദിയുടെ അമേരിക്കന്‍ വിസയാണ്, സോണിയാ ഗാന്ധിയും അസദുദ്ദിന്‍ ഒവൈസിയും കുഞ്ഞാലിക്കുട്ടിയും പ്രകാശ് കാരട്ടും അടങ്ങുന്ന ഹിന്ദുവിരുദ്ധ, ഭാരതവിരുദ്ധ രാഷ്ട്രീയത്തിന്റെ വക്താക്കള്‍ അപേക്ഷിച്ചതിനെ തുടര്‍ന്ന് അമേരിക്കന്‍ ഭരണകൂടം റദ്ദാക്കിയതെന്നതും ഓര്‍ക്കേണ്ടതുണ്ട്. അങ്ങനെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ഏര്‍പ്പെടുത്തിയ വിലക്കിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക മാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിച്ചുകൊണ്ട് അമേരിക്കയിലെ ഭാരതീയ വംശജരോട് മോദി സംവദിച്ചിരുന്നത് ഏവര്‍ക്കും അറിയാവുന്നതാണ്. അത് അവരെ സ്വദേശത്തോടും സ്വസമാജത്തോടും വൈകാരികമായി കൂടുതല്‍ അടുക്കാന്‍ ഇടവരുത്തിയിട്ടുണ്ടാകാമെന്നത് സ്വാഭാവികം. അതൊക്കെ പരിഗണിക്കുമ്പോള്‍, കമ്യൂണിസ്റ്റ് ചൈനയോടും ഇസ്ലാമിക പാകിസ്ഥാനോടും ചേര്‍ന്ന് ഭാരതത്തെയും നരേന്ദ്രമോദിയെയും അവഹേളിക്കുകയും അവഗണിക്കുകയും ചെയ്തുകൊണ്ടിരുന്ന അമേരിക്കയിലെ അവസ്ഥയ്ക്ക് ഡൊണാള്‍ഡ് ട്രംപിലൂടെ ഒരു മാറ്റം വരുത്താനുള്ള സാഹചര്യം ഉണ്ടായപ്പോള്‍ അവിടുത്തെ ഭാരതവംശജര്‍ ആ അവസരത്തിനൊത്തുയരുകയായിരുന്നു എന്ന് വ്യക്തമാകുന്നു. ആ പശ്ചാത്തലത്തില്‍ നോക്കുമ്പോഴാണ് ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായിരുന്ന 2019 ല്‍ ഭാരതത്തിലെ തിരഞ്ഞെടുപ്പില്‍ ഇടപെടുന്നതില്‍ നിന്ന് അമേരിക്കന്‍ ഭരണകൂടം ഒഴിഞ്ഞു നിന്നത് ആ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുന്നത്. അതില്‍ നിന്നും വ്യത്യസ്തമായി, 2020ല്‍ ട്രംപിനെ പരാജയപ്പെടുത്തി ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായതോടെ അമേരിക്കന്‍ ഡീപ്പ് സ്റ്റേറ്റും ഔദ്യോഗിക ഭരണകൂടവും ഒന്നിച്ചു നിന്നുകൊണ്ട് ചൈനാ-പാക് തല്‍പരകക്ഷികളോടൊപ്പം ചേര്‍ന്ന് 2024ലെ ഭാരത തിരഞ്ഞെടുപ്പില്‍ ഭാരതത്തിനുള്ളിലെ അവരുടെ രാഷ്ട്രീയ കൂട്ടായ്മയായ ‘ഇന്ത്യമുന്നണി’യുടെ വിജയത്തിനു വേണ്ടി ചെയ്യരുതാത്തതൊക്കെ ചെയ്തതും നാം കണ്ടതാണ്. അതൊക്കെ കണക്കിലെടുത്തിട്ടു വേണം മൂന്നാമതും നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷം നടന്ന അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ മോദിയുടെ സുഹൃത്തായ ട്രംപിന്റെ വിജയം ഇവിടെ ആഘോഷിക്കുന്നതിന്റെ പശ്ചാത്തലം പഠിക്കാന്‍.
കമലാ ഹാരിസിന്റെ പരാജയത്തില്‍ ദുഃഖിക്കുന്നവര്‍
മുകളില്‍ പറഞ്ഞ വസ്തുതകള്‍ മനസ്സിലാക്കാത്ത ചിലര്‍, ‘എന്തൊക്കെയായാലും ഒരു ഭാരത വംശജയായ കമലാ ഹാരിസിന്റെ പരാജയം ആഘോഷിക്കുന്നത് ശരിയാണോ’ എന്നൊരു ചോദ്യം ചോദിച്ചേക്കാം. അത് തീര്‍ച്ചയായും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. കമലാ ഹാരിസ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതില്‍ ഹൃദയം പൊട്ടിക്കരയുന്ന രാഹുല്‍ കോണ്‍ഗ്രസ്സുകാരും കമ്യൂണിസ്റ്റ് പരിവാറും ഇസ്ലാമിക വര്‍ഗീയ രാഷ്ട്രീയപക്ഷവും അടങ്ങുന്ന ഹിന്ദുവിരുദ്ധ വര്‍ഗീയവാദികളുടെയും ദേശവിരുദ്ധ രാഷ്ട്രീയക്കാരുടെയും ഭാരതത്തിനുള്ളിലെ കൂട്ടായ്മയുടെ ദുഃഖം ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു. കാരണം കമലയുടെ പരാജയം അമേരിക്കന്‍ ഡീപ്പ് സ്റ്റേറ്റിന്റെ പരാജയമാണ്; കമ്യൂണിസ്റ്റ് ചൈനയുടെ പരാജയമാണ്; ആഗോള ഇസ്ലാമിക തീവ്രവാദികളുടെ പരാജയമാണ്; ജനാധിപത്യ ലോകക്രമം തകര്‍ക്കാന്‍ തങ്ങളുടെ കുബുദ്ധിയും പിന്നില്‍ നിന്നവരുടെ സാമ്പത്തിക ശക്തിയും അളവില്ലാതെ വിനിയോഗിച്ച സാംസ്‌കാരിക മാര്‍ക്‌സിസ്റ്റുകളുടെ പരാജയമാണ്. ജനാധിപത്യ ഭാരതത്തിന്റെ ശത്രുപക്ഷത്തുള്ളവരെല്ലാമാണ് കമലയുടെ പരാജയത്തില്‍ മാനസികമായി തകര്‍ന്ന് ഉറക്കെ നിലവിളിക്കുന്നത്. പക്ഷേ അതുകൊണ്ടു മാത്രം ഭാരതീയ ദേശീയപക്ഷം കമലയുടെ പരാജയത്തെ ആഘോഷിക്കണമെന്നുണ്ടോ? ഭാരതവംശജരെ അവഗണിച്ചും അവഹേളിച്ചും ഡമോക്രാറ്റുകള്‍ കമലയുടെ പരാജയം ചോദിച്ചു വാങ്ങിയതാണെന്നതാണ് അതിനുള്ള ഉത്തരം.
ഡമോക്രാറ്റുകള്‍ ചോദിച്ചുവാങ്ങിയ പരാജയം
തിരഞ്ഞെടുപ്പില്‍ തോല്‍വി ഭയന്നു പിന്മാറിയ ജോ ബൈഡനും മത്സരിച്ചു തോറ്റ കമലാ ഹാരിസ്സും ഒരു കാര്യത്തിലെന്തായാലും വിജയിച്ചു. ചെന്നെത്തുന്ന രാജ്യത്തോട് സമ്പൂര്‍ണ്ണ പ്രതിബദ്ധത പുലര്‍ത്തുകയും എന്തെല്ലാം പ്രകോപനങ്ങളുണ്ടായാലും പ്രതികരിക്കാന്‍ തുനിയാത്തവരുമാണ് ഭാരതീയ സമൂഹവും അതില്‍ തന്നെ ഹിന്ദുക്കളും. അവരെ ഒറ്റപ്പെടുത്തി ആക്രമിച്ച് അവരില്‍ നിര്‍ണ്ണായകമായ ഒരു വിഭാഗത്തെ, പരമ്പരാഗതമായി അവര്‍ പിന്തുണച്ചിരുന്ന ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നകറ്റി, റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയോടൊപ്പമെത്തിച്ച് ഡൊണാള്‍ഡ് ട്രംപിന് പിന്തുണയും വോട്ടുകളും ഉറപ്പാക്കിയതില്‍ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും വഹിച്ച പങ്ക് നിര്‍ണ്ണായകമായിരുന്നു. ‘പി ഗുരു’ എന്ന യൂട്യൂബ് ചാനലിലൂടെ വിവരങ്ങള്‍ പങ്കുവെച്ചുകൊണ്ട് അമേരിക്കയിലെ ‘ഹിന്ദു ആക്ഷന്‍’ പ്രസ്ഥാനത്തിന്റെ മുന്നണി പ്രവര്‍ത്തകനായ ഉത്സവ് ചക്രബര്‍ത്തി അത് കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. നാല്പത് ലക്ഷം മുതല്‍ നാല്പത്തിയാറു ലക്ഷം വരെ ഭാരതീയ വംശജര്‍ക്കാണ് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അവിടെ വോട്ടവകാശം ഉണ്ടായിരുന്നത്. അതില്‍ ഇരുപതുലക്ഷം പേര്‍ വോട്ടു ചെയ്തിട്ടുണ്ടാകാമെന്നാണ് കണക്കാക്കിയിട്ടുള്ളത്. വിധിനിര്‍ണ്ണായകമായ ഏഴു സ്റ്റേറ്റുകളിലെ പോരാട്ട മേഖലകളിലും അതുകൂടാതെ, കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, മെരിലാന്‍ഡ്, എന്നീ സ്റ്റേറ്റുകളിലും ഗണ്യമായ സംഖ്യയില്‍ ഭാരതവംശജരായ സമ്മതിദായകര്‍ ഉണ്ടായിരുന്നു എന്നതാണ് അദ്ദേഹം നല്‍കുന്ന വിശദീകരണം. അവരില്‍ പാരമ്പര്യമായി ഡമോക്രാറ്റുകളോടൊപ്പം നിന്നവരില്‍ പന്ത്രണ്ട് ശതമാനമെങ്കിലും ഇത്തവണ റിപ്പബ്‌ളിക്കുകാര്‍ക്കും ഡൊണാള്‍ഡ് ട്രംപിനുമൊപ്പം ചേര്‍ന്നതായാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്.
അങ്ങനെയൊരു മാറ്റത്തിന്റെ കാരണങ്ങള്‍ അന്വേഷിക്കുമ്പോള്‍ കിട്ടുന്ന ഉത്തരങ്ങള്‍ ശ്രദ്ധേയങ്ങളാണ്. ഭാരതീയ വംശജരായ അമേരിക്കക്കാരെയും അതില്‍ തന്നെ അമേരിക്കന്‍ ഹിന്ദുക്കളെയും ഒറ്റപ്പെടുത്തി ഉന്നം വെച്ച് കടന്നാക്രമിക്കുകയും പരിഹസിക്കുകയും ചെയ്യുന്നതില്‍ സഹികെട്ട ഒരു സമൂഹം ജനാധിപത്യപരമായ രീതിയില്‍ പ്രതികരിക്കുന്നതാണ് അവിടെ സംഭവിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
ജോ ബൈഡനും കമലാ ഹാരിസും 2021ല്‍ അധികാരത്തിലേറി നാലുമാസത്തിനുള്ളില്‍ ന്യൂ ജഴ്‌സിയിലെ റോബിന്‍സ്വില്ലെയിലെ ബി.എ.പിഎസ്സ്. ക്ഷേത്രം റെയ്ഡ് ചെയ്തത് അമേരിക്കയിലാകെയുള്ള ഹിന്ദുക്കളെ പ്രകോപിപ്പിച്ചു എന്നാണ് അറിയാന്‍ കഴിയുന്നത്. 96 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ ചിലവാക്കി, പതിനഞ്ച് വര്‍ഷം കൊണ്ട്, ബി.എ.പി.എസ്സ്. സ്വാമിനാരായണ്‍ സംസ്ഥ പണിതീര്‍ത്ത അക്ഷര്‍ധാം മഹാമന്ദിര്‍ പശ്ചിമാര്‍ദ്ധഗോളത്തിലെ ഏറ്റവും വലിയ ക്ഷേത്രമായി കണക്കാക്കപ്പെടുന്നു. ആ റെയ്ഡ് തങ്ങള്‍ ഭരണത്തില്‍ വന്നാല്‍ ഏതറ്റം വരെ പോകുമെന്ന് ഭാരതവിരുദ്ധരെയും ഹിന്ദുവിരുദ്ധരെയും കാട്ടിക്കൊടുത്ത് കയ്യടി നേടാന്‍ ജോ ബൈഡനും കമലാ ഹാരിസും നടത്തിയ അതിക്രമമായിട്ടാണ് കാലിഫോര്‍ണിയക്കുമപ്പുറം അമേരിക്കയിലാകെയുള്ള ഹൈന്ദവര്‍ തിരിച്ചറിഞ്ഞത്.
ഹൈന്ദവ സമൂഹത്തെ ഭിന്നിപ്പിക്കാനും വിലകുറച്ച് ചിത്രീകരിക്കാനും കാലിഫോര്‍ണിയ പോലുള്ള ഇടങ്ങളില്‍ ഹിന്ദുവിനെ ജാതിയുടെ പേരില്‍ തരം തിരിക്കാനും ഡമോക്രാറ്റുകളുടെ നേതൃത്വത്തില്‍ ശ്രമം നടന്നു. കാലിഫോര്‍ണിയാ സെനറ്റ് പാസ്സാക്കിയ ബില്‍ 403 അമേരിക്കയിലാകെയുള്ള ഹൈന്ദവ സമൂഹത്തിന്റെ എതിര്‍പ്പ് വിളിച്ചുവരുത്തിയ ഭാരതീയ സമൂഹത്തിനെതിരെയുള്ള ഒരു കടന്നാക്രമണ ശ്രമമായിരുന്നു. 2023 ഒക്ടോബര്‍ ഏഴാം തീയതി കാലിഫോര്‍ണിയാ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം, ആ നിയമം അനാവശ്യമാണെന്ന് പറഞ്ഞ് വീറ്റോ ചെയ്തുവെങ്കിലും അത് അവതരിപ്പിച്ച് ഹിന്ദുവിനെ അവഹേളിക്കാന്‍ ശ്രമിച്ച ഡമോക്രാറ്റുകളോടുള്ള പ്രതിഷേധവും അമേരിക്കയിലാകെ, പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ടാകാമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ജോ ബൈഡന്റെയും കമലാഹാരിസിന്റെയും ഭരണകൂടം അനധികൃത കുടിയേറ്റക്കാരുടെ മേലുണ്ടാകേണ്ട സ്വാഭാവിക നിയന്ത്രണങ്ങള്‍ പോലും കാറ്റില്‍ പറത്തിയപ്പോള്‍ തന്നെ നിയമങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയരായി അമേരിക്കയിലെത്തിയ ഭാരതീയ പ്രവാസികളോട് കാണിക്കുന്ന അവഗണനയും വ്യാപകമായ പ്രതിഷേധത്തിനിടവരുത്തി. അത്തരം പ്രവാസികള്‍ക്ക് ഗ്രീന്‍ കാര്‍ഡ് കിട്ടാന്‍ ദശകങ്ങള്‍ കാത്തിരിക്കേണ്ടി വരുന്നു എന്നതാണ് അവരെ കുഴയ്ക്കുന്ന പ്രശ്‌നം. അവരുടെ മക്കള്‍ അമേരിക്കയില്‍ ജനിച്ചവരല്ലെങ്കില്‍ പതിനെട്ടു വയസ്സു കഴിയുമ്പോള്‍ അമേരിക്കയില്‍ നിന്നും പുറത്തുപോകുവാന്‍ നിര്‍ബന്ധിതരാകുന്നു. കുട്ടികളെ മാത്രം തിരിച്ചയക്കുന്നതിന്റെ ബുദ്ധിമുട്ടുകാരണം അമ്മമാരും അവരോടൊപ്പം പോകുന്നത് അനിവാര്യമായി മാറും. അതോടെ കുടുംബങ്ങള്‍ വേര്‍തിരിഞ്ഞ് താമസിക്കുന്നതുപോലുള്ള ദുരിതങ്ങള്‍ക്ക് കാരണമാകുന്നു. അത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സമഗ്രമായ നിയമനിര്‍മ്മാണത്തിനൊന്നും പോകേണ്ടതില്ലായിരുന്നെന്നും, വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ നിലപാട്.വേണമെന്നു കരുതിയിരുന്നെങ്കില്‍ ഭരണപരമായ ചില ഉത്തരവുകളിലൂടെ പരിഹാരം സാദ്ധ്യമായിരുന്നെന്നും, വിദഗ്ധര്‍ പറയുന്നു. അതിനൊന്നും തയാറാകാതിരുന്നതും കമലയില്‍ നിന്ന് ഭാരതവംശജരെ അകറ്റി.
ജോ ബൈഡന്‍ – കമലാഹാരിസ് കൂട്ടായ്മ ജോര്‍ജ്ജ് സൊറോസിനെ പോലുള്ള സര്‍ക്കാരിതര പ്രസ്ഥാനങ്ങളുടെ വിനീതവിധേയരായി നിന്നുകൊണ്ട്, ഭാരത വംശജരായ അമേരിക്കന്‍ ജനവിഭാഗത്തോടുള്ള അവഹേളനത്തിനും അവഗണനയ്ക്കും അവരെ ഉന്നംവെച്ചുള്ള ആക്രമണങ്ങള്‍ക്കും, വൈറ്റ്ഹൗസ് പിന്തുണ ഉറപ്പാക്കുന്നു എന്ന തിരിച്ചറിവ് ഇരകളില്‍ വ്യാപിച്ചതും കമലയുടെ പരാജയത്തിനും ട്രംപിന്റെ വിജയത്തിനും ഇടവരുത്തിയെന്നാണ് കാര്യഗൗരവമുള്ള നിരീക്ഷകര്‍ വിലയിരുത്തുന്നത്.
അതോടോപ്പം തന്നെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തിലേക്ക് വിവേക് രാമസ്വാമി, ഭാരതവംശജയായ ഉഷാ ചിലുകുറിയുടെ ഭര്‍ത്താവായ ജെ.ഡി. വാന്‍സ്, ഭാരതവംശജയല്ലെങ്കിലൂം ഹിന്ദുമത വിശ്വാസിയായ തുള്‍സി ഗബ്ബാര്‍ഡ് തുടങ്ങിയവര്‍ കടന്നെത്തി ഇടം പിടിച്ചതും ഡൊണാള്‍ഡ് ട്രംപിനു പിന്നില്‍ അണിനിരക്കുന്നതിന് ആവേശം പകര്‍ന്നു. ഭാരതവിരുദ്ധനായ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ പരോക്ഷമായി പിന്തുണയ്ക്കുന്നതും ബംഗ്ലാദേശില്‍ അട്ടിമറിയിലൂടെ ഭാരതവിരുദ്ധ സര്‍ക്കാര്‍ സ്ഥാപിച്ചതുമൊക്കെ ജോബൈഡനും കമലാ ഹാരിസും നേതൃത്വം കൊടുക്കുന്ന ഭരണകൂടമാണെന്നതും കമലയെ എതിര്‍ത്തു തോല്‍പ്പിക്കുന്നതിന് കാരണമായി.
കമല ഭാരതീയ വേരുകള്‍ പരാമര്‍ശിക്കുന്നതൊഴിവാക്കി; പാകിസ്ഥാന്റെ പക്ഷം പിടിച്ച് പൊതുവെ ഭാരതീയയാണെന്ന് പറയാന്‍ വലിയ താത്പര്യം കാട്ടിയിട്ടില്ലാത്ത വ്യക്തിയാണ്. ആഫ്രിക്കന്‍ വംശജനായ അച്ഛന്‍; ഭാരതീയായ അമ്മ; ജൂതനായ ഭര്‍ത്താവ്! പക്ഷേ അമ്മയുടെ ജന്മനാടായ ഭാരതത്തെ കുറിച്ച് പരാമര്‍ശിക്കുന്നതുപോലും ഒഴിവാക്കുന്നതായിരുന്നു കമലയുടെ ശൈലി. എന്നുമാത്രമല്ല, 2019 ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഭാരതം ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളഞ്ഞ് ജമ്മുകശ്മീരിനെ നെഞ്ചോട് ചേര്‍ക്കുന്നത് കണ്ട് ഹൃദയം തകര്‍ന്ന പാകിസ്ഥാനെ ”നിങ്ങള്‍ ഒറ്റയ്ക്കല്ലാ” എന്ന് പറഞ്ഞ് സമാധാനിപ്പിച്ച അമേരിക്കന്‍ രാഷ്ട്രീയ നേതാവുമാണ്, അന്ന് കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്ററായിരുന്ന കമലാ ഹാരിസ്. 2023ല്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ വസതിയായ വൈറ്റ് ഹൗസില്‍ നടത്തിയ ഒരു പ്രഭാഷണത്തില്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് നര്‍മ്മം കലര്‍ന്ന ഒരു പരാമര്‍ശം നടത്തി: ‘എന്റെ അമ്മ… ചിലപ്പോള്‍ ഞങ്ങള്‍ക്കൊരു കൊട്ടു തരും. അവര്‍ ഞങ്ങളോട് പറയും, ചെറുപ്പക്കാരായ നിങ്ങള്‍ക്ക് എന്താണ് പറ്റിയതെന്ന് എനിക്കറിയില്ല. നിങ്ങള്‍ തെങ്ങില്‍ നിന്ന് നേരേ ഇങ്ങ് പൊഴിഞ്ഞു വീണതാണെന്നാണോ നിങ്ങളുടെ ധാരണ?”. ആ പരാമര്‍ശം അമ്മയും മകളും തമ്മില്‍ നടന്ന ഒരു അനൗപചാരിക നര്‍മ്മ സംഭാഷണം മാത്രമാകാം; സമ്മതിക്കുന്നു. പക്ഷേ യാദൃശ്ചികമാണെങ്കില്‍ പോലും കമലാ ഹാരിസ്സിന്റെ ഭാരതത്തോടുള്ള സമീപനം അതില്‍ നിന്ന് വായിച്ചെടുക്കാം. അങ്ങനെ ആകാശത്തു നിന്നും നേരിട്ടു പൊട്ടി വീണ് ആഫ്രിക്കവഴി അമേരിക്കയിലെത്തിയതാണ് തന്റെ ഭൂതകാലം എന്നറിയപ്പെട്ടാല്‍ മതിയെന്നതായിരുന്നു അവരുടെ മട്ടും പ്രകൃതവും. അങ്ങനെയൊക്കെയാണെങ്കിലും തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഹിന്ദുവേഷം കെട്ടുന്ന രാഹുലിനെയും പ്രിയങ്കയെയും പോലെ കമലാ ഹാരിസും ഭാരതവംശജരായ അമേരിക്കന്‍ സമൂഹത്തിലേക്ക് ചില പൊടിക്കൈകളിറക്കി. അമ്മ നടത്തിയ തെങ്ങ് പരാമര്‍ശവും അതിനുവേണ്ടി ഉപയോഗപ്പെടുത്തിയെന്നതാണ് രസകരം! ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കപ്പെട്ടതോടെ കമലാഹാരിസിന്, കൊളറാഡോ ഗവര്‍ണര്‍ ജാരെഡ് പോളിസ് പിന്തുണ അറിയിക്കുന്ന സന്ദേശം ‘എക്‌സില്‍’ പങ്കുവെച്ചത് ഒരു തെങ്ങും തേങ്ങയും അമേരിക്കന്‍ ദേശീയപതാകയും അടങ്ങുന്ന ചിത്രങ്ങളോടൊപ്പമായിരുന്നു. അതിനു ശേഷം അമേരിക്കന്‍ സാമൂഹിക മാധ്യമങ്ങളില്‍ കമലാ ഹാരിസന്റെ പേരിനോട് ചേര്‍ത്ത് തെങ്ങും തേങ്ങയുമൊക്കെ പ്രയോഗിച്ച്, ഭാരതവംശജരുടെ ഇഷ്ടം തേടാന്‍ കമലയുടെ അനുയായികള്‍, സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായ ഇടപെടലുകള്‍ നടത്തുന്ന ഒരു കൗതുകകരമായ സാഹചര്യം ഉയര്‍ന്നുവന്നു. പക്ഷേ അതൊന്നും അമേരിക്കയിലെ ഭാരതവംശജരുടെ കണ്ണില്‍ പൂര്‍ണ്ണമായും മണ്ണിടാന്‍ ഉപകരിച്ചില്ലെന്നു മാത്രം!
അമേരിക്കന്‍ വൈസ് പ്രസിഡന്റെന്ന പദവിയിലിരുന്നപ്പോള്‍ ഭാരതം സന്ദര്‍ശിക്കാന്‍ പോലും അവര്‍ താത്പര്യം കാട്ടിയിട്ടില്ല. ഭാരതീയ ദേശീയതയോട് അകന്നു നില്‍ക്കുകയും ചൈനയോടും പാകിസ്ഥാനോടും ചേര്‍ന്നു നില്‍ക്കുകയുമാണവര്‍ ചെയ്തത്. പ്രധാനമന്ത്രി മോദിക്കെതിരെയും ഭാരതത്തിനെതിരെയും കുതന്ത്രങ്ങള്‍ മെനയുന്ന ജോര്‍ജ്ജ് സൊറോസിനോടായിരുന്നു അവരുടെ വിധേയത്വം. അതിന്റെ പേരില്‍ സൊറോസിന്റെ വിനീത വിധേയനായ രാഹുല്‍ ഗാന്ധിയുടെ പിന്തുണ കമലാ ഹാരിസിന് കിട്ടിയതെന്നത് മാത്രമായി അവരുടെ നേട്ടം! കമലാ ഹാരിസിന് പിന്തുണ അറിയിക്കാന്‍ രാഹുല്‍ അമേരിക്കയിലെത്തുമ്പോള്‍ സമ്പന്നനായ കോണ്‍ഗ്രസ്സ് നേതാവും കര്‍ണ്ണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ. വിജയകുമാറും അവിടെയുണ്ടായിയുന്നതുകൊണ്ട് കമലാ ഹാരിസിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് സാമ്പത്തിക സഹായവും നല്‍കിയിട്ടുണ്ടാകാമെന്നാണ് കാര്യങ്ങളറിയാവുന്നവര്‍ നല്‍കുന്ന സൂചനകള്‍. അതൊന്നും പ്രയോജനപ്പെടാതെ നവംബര്‍ അഞ്ചിന് കമലാ ഹാരിസ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ രാഹുലും ഇടയില്‍ പെട്ടുപോയി. 2029ല്‍ ഭാരതം വീണ്ടും തിരഞ്ഞെടുപ്പിന് തയ്യാറാകുമ്പോള്‍ ഉണ്ടാകുമെന്ന് മോഹിച്ചുപോയതുപോലെ അമേരിക്കന്‍ ഭരണകൂടത്തിന്റെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷ ഇനി വേണ്ടായെന്ന മുന്നറിയിപ്പാണ് രാഹുലിന് കിട്ടിയത്. ചുരുക്കത്തില്‍ ഭാരതത്തില്‍ ജനിച്ച അമ്മയുടെയും ജമൈക്കന്‍ വംശജനായ അച്ഛന്റെയും മകള്‍ കമലാ ഹാരിസ് ഭാരതത്തോട് അകലം പാലിക്കുന്നതാണ് തന്റെ രാഷ്ട്രീയ നേട്ടത്തിന് ഉതകുകയെന്ന് കരുതി, പലപ്പോഴും ഈ രാജ്യത്തിനെതിരെയുള്ള നിലപാടുകളെടുത്തതിന് കാലം നല്‍കിയ തിരിച്ചടിയും കൂടെയാണിത്.
അമേരിക്ക പൂര്‍ണ്ണമായും ഭാരതത്തോടൊപ്പമാകുമോ?
തീര്‍ച്ചയായും, ഡൊണാള്‍ ട്രംപിനൊരു രണ്ടാമൂഴം നല്‍കാന്‍ അമേരിക്കന്‍ ജനത തീരുമാനിച്ചത് അമേരിക്കയ്ക്കും ഭാരതത്തിനും ലോകത്തിനും നല്‍കുന്ന സന്ദേശം സകാരാത്മകമാണ്. അപ്പോഴും പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ട്രംപുമായുള്ള വ്യക്തിപരമായ ഊഷ്മളബന്ധം ഭാരതത്തിന്റെ സുരക്ഷയ്ക്കും അന്താരാഷ്ട്ര ബന്ധങ്ങള്‍ക്കും വികസനസാദ്ധ്യതകള്‍ക്കും വലിയ തോതില്‍ വഴിതുറക്കുമെന്ന പ്രതീക്ഷ വേണമോയെന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. അതിന്റെ പ്രാഥമിക ഉത്തരം അമേരിക്കന്‍ ജനത അവരുടെ പ്രസിഡന്റിനെയാണ് തിരഞ്ഞെടുത്തത്; ഭാരതത്തിന്റെ പ്രധാനമന്ത്രിയെയല്ലാ എന്നത് തന്നെയാണ്. അതോടൊപ്പം കൂട്ടി വായിക്കേണ്ട മറ്റൊരു കാര്യം ഇത് ഡൊണാള്‍ ട്രംപിന്റെ പ്രസിഡന്റ് പദവിയുടെ രണ്ടാമത് ഊഴമാണെന്നതാണ്. അമേരിക്കന്‍ ഭരണ ഘടന ഇനിയൊരവസരം അദ്ദേഹത്തിനു നല്‍കില്ല. രണ്ട് തവണ, അതായത് പരമാവധി എട്ടു വര്‍ഷങ്ങള്‍ മാത്രമേ ഏതൊരാള്‍ക്കും അവിടെ പ്രസിഡന്റ് പദവിയിലിരിക്കാനാകൂ. അത്തരം ഒരു സാഹചര്യത്തില്‍ തിരഞ്ഞെടുക്കപ്പെട്ട കഴിഞ്ഞകാല പ്രസിഡന്റുമാരില്‍ പൊതുവെ കണ്ടിട്ടുള്ള ശൈലി ആദ്യം പദവിയിലിരിക്കുന്ന നാലു വര്‍ഷങ്ങളില്‍, വീണ്ടും തിരഞ്ഞെടുക്കപ്പെടാന്‍ ഉതകുന്ന പല നിലപാടുകളെടുക്കുകയും പലപ്പോഴും ചില സമ്മര്‍ദ്ദ ഗ്രൂപ്പുകളോടെങ്കിലും വിട്ടുവീഴ്ചകള്‍ക്ക് തയാറാകുകയും ചെയ്യും എന്നതാണ്. പക്ഷേ, രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടാല്‍ അനിവാര്യമല്ലാത്ത വിട്ടുവീഴ്ചകള്‍ക്കൊന്നും തയ്യാറാകാതെ, തനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ കരുത്തോടെ നടപ്പാക്കി, അമേരിക്കയുടെയും ലോകത്തിന്റെയും ചരിത്രത്തില്‍ തന്റെ ഇടം ഉറപ്പാക്കാനാകും അദ്ദേഹം ശ്രമിക്കുക. സ്വാഭാവികമായും രണ്ടാം ഊഴം പ്രസിഡന്റ് പദവിയിലിരിക്കുന്ന ഡൊണാള്‍ഡ് ട്രംപിനും അമേരിക്കയെ സംബന്ധിച്ച അദ്ദേഹത്തിന്റെ ലക്ഷ്യങ്ങള്‍ തന്നെയാകും പ്രധാനം. അതില്‍ വിട്ടുവീഴ്ച പ്രതീക്ഷിക്കേണ്ടതില്ലാത്തതുകൊണ്ട് മോദിയുമായുള്ള വ്യക്തിപരമായ സൗഹൃദത്തിന്റെ പേരില്‍ ട്രംപില്‍ നിന്നും വലിയ ഔദാര്യമൊന്നും പ്രതീക്ഷിക്കേണ്ടതില്ല എന്നു തന്നെയാണ് പ്രായോഗികമായി ചിന്തിക്കുമ്പോള്‍ ബോദ്ധ്യമാകുന്നത്. മറുഭാഗത്ത്, മോദിയും ഭാരതവും അമേരിക്കയുടേതെന്നല്ല ഒരു രാജ്യത്തിന്റെയും ഔദാര്യത്തിന് കൈ നീട്ടേണ്ട സാഹചര്യത്തിലുമല്ല, മനോഭാവത്തിലുമല്ല; എന്നത് മറക്കേണ്ടെന്നുമാത്രം. പരസ്പരം സഹകരണാത്മകമായ ഒരു ബന്ധം; അത്രമാത്രമേ ലക്ഷ്യം വെക്കേണ്ടതുള്ളൂ.
വികസന താത്പര്യങ്ങള്‍ വെല്ലുവിളികളുയര്‍ത്തുമോ?
അക്കാര്യത്തില്‍, മറ്റൊരു വിഷയവും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. നരേന്ദ്രമോദിയുടെ പ്രഖ്യാപിത ലക്ഷ്യം സമ്പൂര്‍ണ്ണ വികസിതമായ, ആത്മനിര്‍ഭര ഭാരതത്തിന്റെ സൃഷ്ടിയാണ്. ആത്മനിര്‍ഭരത സങ്കല്പത്തിന് അനിവാര്യമായ ‘ഭാരതത്തില്‍ ഉത്പാദിപ്പിക്കുക'(Make in India) എന്ന കാര്യപദ്ധതിയാണ് നരേന്ദ്രമോദിയുടെ വികസന വീക്ഷണത്തിന്റെ കാതല്‍. അത് പ്രതിരോധ സാമഗ്രികളിലുള്‍പ്പെടെ ഇറക്കുമതിയേക്കാള്‍ കയറ്റുമതിയുടെ സാദ്ധ്യതകള്‍ തേടുന്ന സാമ്പത്തിക തന്ത്രത്തിലേക്ക് ഭാരതത്തെ നയിക്കും. മറുഭാഗത്ത് അമേരിക്കയെ വീണ്ടും മഹത്തരമാക്കുക (MAGA – Make America Great Again) എന്നതാണ് ഡൊണാള്‍ഡ് ട്രംപിന്റെ ലക്ഷ്യം. അത്തരം സാഹചര്യത്തില്‍, പരസ്പര വിപണനങ്ങളിലൂടെ തന്റെ രാജ്യത്തിന്റെ വ്യാപാരമിച്ചം(Balance of trade) വര്‍ദ്ധിപ്പിക്കാന്‍ ഇരു നേതാക്കളും പരിശ്രമിക്കും. അത് മോദി-ട്രംപ് വ്യക്തി ബന്ധങ്ങളെ അപ്രസക്തമാക്കിക്കൊണ്ട് ‘താരിഫ്’ മത്സരങ്ങളിലേക്ക് നയിക്കില്ലേയെന്ന ചോദ്യം സ്വാഭാവികമാണ്. പക്ഷേ ട്രംപിന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ 140 കോടി ജനതയുള്ള ഭാരതത്തിലെ വിപണി സാദ്ധ്യതകള്‍ പ്രധാനമാണെന്നത് മറക്കണ്ട. അതേ സാദ്ധ്യതകളുടെ ബലത്തിലാണ് പൊഖ്‌റാന്‍ അണുപരീക്ഷണത്തിന്റെ പേരില്‍ ക്ലിന്റണ്‍ ഭരണകൂടം ഏര്‍പ്പെടുത്തിയ സാമ്പത്തിക നിരോധനത്തെ അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്തെ ഭാരതം അതിജീവിച്ചതെന്നും മറക്കണ്ട. ഒപ്പം തന്നെ ആഗോള വിപണി ശൃംഖലയില്‍ ‘ചൈനയുടെ കൂടെ ഒരു രാജ്യവും'(china plus one)എന്ന വ്യാപാര തന്ത്രത്തിന് അമേരിക്കയും മറ്റു പല രാജ്യങ്ങളും പ്രാധാന്യം നല്‍കി വരുന്ന ഒരു സാഹചര്യം ഭാരതത്തിന് ഉത്പാദന മേഖലയിലും കയറ്റുമതി മേഖലയിലും പുതിയ സാദ്ധ്യതകള്‍ തുറക്കുമെന്നതും അതിനെ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിവുള്ള ഒരു ഭരണമാണിന്ന് ഭാരതത്തിനുള്ളതെന്നതും തീര്‍ച്ചയായും സന്ദേഹങ്ങള്‍ക്കല്ലാ, പ്രതീക്ഷകള്‍ക്കാണ് ഇടം നല്‍കുന്നത്.
ഭാരതത്തിന്റെയും അമേരിക്കയുടെയും സ്വത്വാഭിമാനം പ്രശ്‌നങ്ങള്‍ക്കിടവരുത്തുമോ?
തുല്യമോ അതിലേെറയോ പ്രാധാന്യമുള്ള കാര്യമാണ് തങ്ങളുടെ ദേശീയതയോടും സ്വത്വത്തനിമയോടും വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധത പുലര്‍ത്തുന്നവരാണ് പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി മോദിയും എന്നുള്ളത്. ആ വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ അമേരിക്കയുടെയും ഭാരതത്തിന്റെയും സ്വത്വത്തനിമയെന്താണെന്ന ചോദ്യങ്ങളുയരും. ഭാരതത്തിന്റെ സ്വത്വത്തനിമ അടിസ്ഥാനപരമായി ഹിന്ദുത്വമാണ് എന്നതില്‍ അഭിമാനിക്കുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ആ സത്യത്തെ ഉള്‍ക്കൊള്ളാനുള്ള സഹിഷ്ണുത ഇല്ലാത്തവര്‍ക്കും ഇവിടെ പൂര്‍ണ്ണ സ്വതന്ത്രരായി ജീവിക്കാമെന്നും പൗരത്വമാകാമെന്നും ഉള്‍ക്കൊള്ളുന്നതാണ് അദ്ദേഹം പിന്തുടരുന്ന വിചാരധാരയുടെ ദേശീയ വീക്ഷണം. MAGA – Make America Great Again എന്ന ട്രംപിന്റെ ആഹ്വാനം നല്‍കുന്ന സുപ്രധാനമായ സൂചന ഒരു കാലത്ത് അമേരിക്കയ്ക്കുണ്ടായിരുന്ന മഹത്വം നഷ്ടപ്പെടുന്നതിന് ഇടവന്നുവെന്നതാണ്. അങ്ങനെ മഹത്വം നഷ്ടപ്പെട്ടതിന്റെ സ്വാഭാവിക കാരണമായി ട്രംപും അമേരിക്കന്‍ ജനതയും കണക്കാക്കുന്നത് അവരുടെ സ്വത്വത്തനിമയില്‍ സംഭവിച്ച മൂല്യച്യുതിയാണ്. അങ്ങനെ വരുമ്പോള്‍ അമേരിക്കയ്ക്ക് നഷ്‌പ്പെട്ട സ്വത്വത്തനിമ തിരിച്ചു പിടിക്കുകഎന്നതാണ് ട്രംപിന്റെ അടിസ്ഥാന ലക്ഷ്യമെന്നത് വ്യക്തമാകും. അത് എന്താണ് അമേരിക്കയുടെ സ്വത്വത്തനിമ എന്നൊരു ചോദ്യം ഉയരാന്‍ ഇടവരുത്തും.
ഡോ സാമുവല്‍ ഹംടിങ്ടണ്‍ ‘ഹു ആര്‍ വി’ (Who are We?) എന്ന ഗ്രന്ഥത്തിലൂടെ അമേരിക്കയുടെ സ്വത്വത്തനിമ എന്താണെന്നതിന് കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്. ‘We are a nation of White, Anglo-Saxon, Protestant, English speaking people.’ വര്‍ണ്ണം കൊണ്ടു വെളുത്തവരും ആംഗ്ലോ- സാക്‌സണ്‍ വംശജരും മതപരമായി ക്രിസ്ത്യന്‍ പ്രൊട്ടസ്റ്റന്റുകളും ഇംഗ്ലീഷ് സംസാരിക്കുന്നവരുമായ ജനങ്ങളുടെ നാടാണ് അമേരിക്ക’ എന്നതായിരുന്നു ആ മറുപടി. അമേരിക്കയില്‍, മെക്‌സിക്കോ, ജപ്പാന്‍, ഭാരതം, ചൈന, തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വന്നവരും ഇല്ലേയെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടി അവര്‍ക്കൊക്കെ അമേരിക്കയുടെ സ്വത്വബോധത്തെ ഉള്‍ക്കൊണ്ടുകൊണ്ട് പൗരത്വം ആകാമെന്നും പക്ഷേ രാഷ്ട്രത്തിന്റെ സ്വത്വം താന്‍ പറഞ്ഞതു തന്നെയാണെന്നുമായിരുന്നു. അങ്ങനെ പറഞ്ഞ ബുദ്ധിജീവി സ്വയം ക്രിസ്ത്യാനിയായിരുന്നില്ലെന്നും ഒരു ജൂതനായിരുന്നെന്നതുമാണ് ശ്രദ്ധേയം. എന്തായാലും ആ സ്വത്വബോധം, അമേരിക്കന്‍ ജനസംഖ്യയില്‍ ‘വര്‍ണ്ണം കൊണ്ടു വെളുത്തവരും ആംഗ്ലോ-സാക്‌സണ്‍ വംശജരും മതപരമായി ക്രിസ്ത്യന്‍ പ്രൊട്ടസ്റ്റന്റുകളും ഇംഗ്ലീഷ് സംസാരിക്കുന്നവരുമായ ജനങ്ങളുടെ’ ഇപ്പോള്‍ എത്തിനില്‍ക്കുന്നതായി കണക്കാക്കപ്പെടുന്ന 75 ശതമാനത്തില്‍ നിന്ന് ഇനിയും താഴാതിരിക്കുന്നതിനുള്ള മുന്‍കരുതലുകള്‍ പ്രസിഡന്റ് ട്രംപിന്റെ മുന്‍ഗണനയിലുണ്ടാകും. അത് അനധികൃത കുടിയേറ്റക്കാരുടെ മേല്‍ ഇടിത്തീ ആയി വീഴാം. നിയമാനുസൃത കുടിയേറ്റത്തിനുള്ള സാധ്യതകളും നിയന്ത്രിക്കപ്പെടാം. അനധികൃത കുടിയേറ്റം വരുത്തിവെക്കുന്ന ദേശീയവെല്ലുവിളികളെ കുറിച്ച് സ്വന്തം ദുരനുഭവങ്ങളുള്ള ഒരു രാജ്യമെന്ന നിലയില്‍ ഭാരതത്തിന് അക്കാര്യത്തില്‍ ട്രംപിനെയോ അമേരിക്കന്‍ ഭരണകൂടത്തെയോ എതിര്‍ക്കേണ്ട കാര്യവുമില്ല. കുടിയേറ്റത്തെ മനുഷ്യാവകാശമായി ന്യായം പറയുന്ന ഇടത് ജിഹാദി പക്ഷത്തോട് ബര്‍മ്മയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് നാടുവിടുന്ന രോഹിങ്ക്യന്‍വംശജരെ ഉള്‍പ്പെടെയുള്ള ഏതെങ്കിലും അഭയാര്‍ത്ഥികളെയോ കൂടിയേറ്റക്കാരെയോ കമ്യൂണിസ്റ്റ് ചൈനയും ബഹുഭൂരിപക്ഷം ഇസ്ലാമിക രാജ്യങ്ങളും എന്തേ സ്വാഗതം ചെയ്യാത്തതെന്ന ചോദ്യം ഉയര്‍ത്തുകയും ചെയ്യും.
ഏതായാലും ചൈനയ്ക്കും ബ്രിട്ടനും ഭാരതത്തിനുമടക്കം ലോകത്തിലെ മിക്ക രാഷ്ട്രങ്ങള്‍ക്കും അത്തരത്തില്‍ അവര്‍ തന്നെ നിര്‍വ്വചിച്ചിട്ടുള്ള സ്വത്വത്തനിമ ഉണ്ട്; അതിന്റെ അടിസ്ഥാനത്തില്‍ വളര്‍ന്നുവന്ന ദേശീയ ബോധവുമുണ്ട്. പക്ഷേ സ്വന്തം രാഷ്ട്രത്തിന്റെ സ്വത്വത്തനിമയേയോ പാരമ്പര്യത്തെയോ ഒരാള്‍ നെഞ്ചോട് ചേര്‍ത്തു പിടിച്ചാല്‍ അത് മറ്റുള്ളവരുമായി ആശയങ്ങളുയര്‍ത്തിയോ ആയുധമെടുത്തോ ഉള്ള സംഘര്‍ഷങ്ങള്‍ക്ക് വഴിയൊരുക്കണമെന്നൊന്നുമില്ല. അക്കാര്യത്തില്‍ പരസ്പരം അംഗീകരിക്കുകയും മാനിക്കുകയും ചെയ്ത് സഹകരണാത്മകമായ സഹവര്‍ത്തിത്വം ഉറപ്പാക്കുമ്പോഴാണ് ആഗോള തലത്തില്‍ ജനാധിപത്യമൂല്യങ്ങള്‍ ശക്തി പ്രാപിക്കുന്നത്. ഭാരതത്തിനുള്ളില്‍ തങ്ങള്‍ വൈവിധ്യങ്ങളെ ആഘോഷിക്കുന്നവരാണെന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സര്‍സംഘചാലക് മോഹന്‍ജി ഭാഗവത് ആവര്‍ത്തിച്ചു നടത്തിയിട്ടുള്ള പ്രസ്താവനകള്‍ തന്നെ അക്കാര്യത്തില്‍ ലോകത്തിന് മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ മികവുള്ളതാണ്. ഭാരതാംബയെ കുറിച്ചുള്ള അഭിമാനബോധം വാനോളം ഉയര്‍ത്തുകയും അമ്മ ഭാരതത്തെ സര്‍വ്വാഭരണവിഭൂഷിതയായി വീണ്ടും ലോകത്തിന്റെ സിംഹാസനത്തിലിരുത്തണമെന്നു പറയുകയും ചെയ്ത സ്വാമി വിവേകാനന്ദന്‍ തന്നെ അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപന വാര്‍ഷികത്തിന് ആശംസകള്‍ പങ്കുവെച്ചുകൊണ്ടെഴുതിയ ‘To the Fourth of July’ ‘ എന്ന കവിതയിലെ വരികള്‍ അക്കാര്യത്തില്‍ നല്‍കുന്ന സന്ദേശം നോക്കുക:
All hail to thee, thou Lord of Light!
A welcome new to thee, today,
O Sun! You sheddest liberty!
Move on O Lord, in thy resistless path
Till thy high noon o’erspreads the World
Till every land reflects thy light,
Till men and women, with their up lifted head,
Behold their shackles broken, and
Know, in springing joy, their life renewed.
(നമോവാകം പ്രകാശത്തിന്റെ ദേവതയ്ക്ക്!
ഇന്നത്തെ പുതിയ ദിനത്തിലേക്ക് അവിടേയക്ക് സ്വാഗതം.
സൂര്യഭഗവാനേ! അവിടുന്ന് ഇന്ന് സ്വാതന്ത്ര്യം ചൊരിഞ്ഞു! ഉച്ചസ്ഥായിയായ മദ്ധ്യാഹ്നസൂര്യന്‍ എല്ലാ ദേശങ്ങളിലും അവിടത്തെ പ്രകാശം പ്രതിഫലിപ്പിക്കുന്നതു വരെ, എല്ലാ സ്ത്രീകളും പുരുഷന്മാരും ചങ്ങലകള്‍ പൊട്ടിച്ച്, ശിരസ്സുയര്‍ത്തി, വസന്തകാലത്തെ ആഹ്ലാദത്തോടെ, അവരുടെ ജീവിതം പുനരുജ്ജീവനം ചെയ്യപ്പെട്ടു എന്ന് തിരിച്ചറിയും വരെ, ഭഗവാനേ, അപ്രതിരോധ്യമായ അവിടത്തെ പാതയിലൂടെ, മുന്നോട്ടു നീങ്ങിയാലും!)
അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപനദിവസം സ്വാമി വിവേകാനന്ദന്‍ നല്‍കിയ സന്ദേശം സ്വാതന്ത്ര്യത്തിന്റെ പ്രകാശം ലോകമാകെ പടരട്ടെ എന്നായിരുന്നുവെങ്കില്‍ നരേന്ദ്ര മോദിയുടെ ഭാരതത്തിന് ദേശീയതയെന്നാല്‍ ഒരു സങ്കുചിത സങ്കല്പമല്ലെന്നത് വ്യക്തമല്ലേ? അതുകൊണ്ട് തന്നെ ഏത് സാഹചര്യങ്ങളിലുയരുന്ന വെല്ലുവിളികളെയും അവസരങ്ങളാക്കി മാറ്റാന്‍ പുതിയ ഭാരതത്തിന് കഴിയുമെന്നതില്‍ സംശയം വേണ്ട. ഡെമോക്രാറ്റായ പ്രസിഡന്റ് ബില്‍ ക്ലിന്റനോടും റിപ്പബ്‌ളിക്കനായ ജോര്‍ജ്ജ് ബുഷ് ജൂനിയറിനോടും ചേര്‍ന്ന് ഇന്‍ഡോ- അമേരിക്കന്‍ ബന്ധങ്ങളില്‍ പുതിയ അദ്ധ്യായം തുറന്ന അടല്‍ ബിഹാരി വാജ്‌പേയിയുടെയും ലാല്‍ കൃഷ്ണ അദ്വാനിയുടെയും പിന്‍ഗാമിയായി ഭരണ നേതൃത്വത്തിലെത്തിയ നരേന്ദ്ര ദാമോദര്‍ദാസ് മോദി, ഡമോക്രാറ്റുകളായ ബറാക് ഒബാമയോടും ജോ ബൈഡനോടും റിപ്പബ്ലിക്കനായ ഡൊണാള്‍ഡ് ട്രംപിനോടും ബന്ധപ്പെട്ട് ഭാരതത്തിന്റെ താത്പര്യം സംരക്ഷിച്ചതിന്റെ ചരിത്രം അതാണ് വ്യക്തമാക്കുന്നത്. 2025 ജനുവരി 20ന് വീണ്ടും അമേരിക്കന്‍ പ്രസിഡന്റാകുന്ന ഡൊണാള്‍ഡ് ട്രംപിന് ഇത് രണ്ടാം ഊഴമാണെന്നത് കൊണ്ട് പഴയതില്‍ നിന്ന് വ്യത്യസ്തനായ ഒരു പ്രസിഡന്റിനെ പ്രതീക്ഷിക്കുന്നതായിരിക്കും ബുദ്ധി എന്നത് അംഗീകരിക്കുമ്പോള്‍ തന്നെ പ്രധാനമന്ത്രി ആ വെല്ലുവിളിയെയും അവസരങ്ങളാക്കി മാറ്റുമെന്നതില്‍ ഭാരതത്തിന് പൂര്‍ണ്ണ വിശ്വാസമാകാം.