ഉറക്കച്ചടവുള്ള കണ്ണുകളോടെ
അതിരാവിലെ അമ്മ പെരുമാറിയിരുന്ന
അടുക്കളയെ അവന്‍ വരച്ചിരുന്നില്ല.
അച്ഛന്റെ അടിയേറ്റ് തിണര്‍ത്ത കവിളിലൂടെ
കണ്ണുനീര്‍ ഒഴുകിയിറങ്ങുമ്പോഴും
അമ്മ അച്ഛന്റെ ഇഷ്ടങ്ങളെ ശ്രദ്ധിച്ചിരുന്നു.
മൃദുവായ ദോശ, ഇളംചൂടുള്ള സാമ്പാര്‍
മധുരമധികമാകാത്ത ചായ, രണ്ടായി മുറിച്ച്
പുഴുങ്ങിയ നേന്ത്രപ്പഴം, അമ്മ വേദനയിലും
അച്ഛനെ ഓര്‍ത്തു കൊണ്ടേയിരിയ്ക്കും.
അടുക്കളയുടെ വാതില്‍ ചാരുമ്പോഴൊക്കെ
അമ്മയുടെ കണ്ണില്‍ ഭയം നിറയുമായിരുന്നു
എപ്പോഴും തുറന്നിട്ടിരുന്ന ആ വാതിലിലൂടെയാണ്
അമ്മ ലോകം കണ്ടിരുന്നത്.
തുമ്പികള്‍ പറക്കുന്നത്, പകുതി വിരിഞ്ഞ
വാഴക്കൂമ്പിലെ തേന്‍കുടിയ്ക്കാനെത്തുന്ന
കിളികളെ കാണുന്നത്.
ആകാശത്തിന്റെ വടക്ക് കിഴക്കേച്ചരുവിലെ
കാര്‍മേഘങ്ങളെ നോക്കി മഴ നിര്‍ണ്ണയം നടത്തുന്നത്
പുറത്ത് ഉണക്കാനിട്ട എള്ളിന്റെ മേലേയ്ക്ക്
കാക്ക പറന്നു വീഴുന്നത് കാണുന്നത്.
കര്‍പ്പൂര മാവിന്റെ നാരായ കൊമ്പിലൊരു
മാമ്പൂ വിരിയുന്നത്.
കൊന്നത്തെങ്ങിന്റെ പൊത്തിലൊരു
മാടത്ത കുഞ്ഞ് കരഞ്ഞത്.
റാഞ്ചാന്‍ വന്ന പരുന്തിന്റെ കാലില്‍ നിന്നൊരു
കോഴിക്കുഞ്ഞിനെ തള്ളക്കോഴി രക്ഷപ്പെടുത്തുന്നത്.
പാമ്പിന് പിന്നാലെ പാഞ്ഞ് പോകുന്നൊരു
കീരിയെ കാണുന്നത്.
മഴയും വെയിലും ഇടകലര്‍ന്നെത്തുന്ന നേരങ്ങളില്‍
മഴയെ നാവാല്‍ രുചിയ്ക്കുന്നത്.
രൂപങ്ങള്‍ മാറിമാറി പാറിപ്പോകുന്ന മേഘങ്ങളെ കാണുന്നത്.
പുറത്ത് മഴ കരയുമ്പോള്‍ കരയാത്ത മുഖവുമായി
അമ്മ മഴയെ നോക്കുന്നത്.
ഒടുവിലൊരുനാള്‍ കര്‍പ്പൂരമാവ് മുറിഞ്ഞ് വീണ നാളിലാണ്
അടുക്കള വാതില്‍ ചേര്‍ത്തടച്ചത്.
അവന്‍ വരച്ച വീടുകളുടെ ചിത്രങ്ങളില്‍
അടുക്കളയില്ലാതായതങ്ങനെയാണ്.