തപസ്യ കലാസാഹിത്യവേദിയെ ഒരു വ്യാഴവട്ടക്കാലത്തിലധികം നയിച്ച മഹാകവി അക്കിത്തത്തിന് ഭാരതത്തിലെ ഏറ്റവും ഉന്നതമായ സാഹിത്യ സമ്മാനം ലഭിക്കുമ്പോള്‍ സംഘടനയുടെ ഓരോ പ്രവര്‍ത്തകനും അത് അഭിമാനനിമിഷമാണ്. ഒപ്പം അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലിയേയും നല്‍കിയ സംഭാവനകളേയും സ്മരിക്കുവാനുള്ള സന്ദര്‍ഭം കൂടിയാണ്. തപസ്യയോഗങ്ങളില്‍ പ്രഭാഷണങ്ങളിലൂടെയും കവിതകളിലൂടെയും അദ്ദേഹം അവതരിപ്പിച്ച തെളിനീരുപോലെയുള്ള ആര്‍ഷചിന്തകളുടെ സൗമ്യപ്രവാഹം, തപസ്യയുടെ സാംസ്‌കാരിക തീര്‍ത്ഥയാത്രയിലുടനീളം സഞ്ചരിച്ചുകൊണ്ട് വിശദീകരിച്ച സ്വാനുഭവത്തില്‍ പൊതിഞ്ഞ സാഹിത്യ ചിന്തകള്‍, അക്കിത്തം ആവര്‍ത്തിച്ചു പറയാറുള്ള കൃഷ്ണാനുഭവത്തിന്റെ തീവ്രത കാച്ചിക്കുറുക്കിയെടുത്ത ഭാഗവതചിന്തകള്‍ ഇവയെല്ലാം അനുഭവിയ്ക്കാന്‍ തപസ്യപ്രവര്‍ത്തകര്‍ക്കു ലഭിച്ച വര്‍ഷങ്ങളായിരുന്നു.
ഒരു വിപ്ലവകാരിക്കും പ്രകടിപ്പിക്കാന്‍ സാധിക്കാത്ത തീവ്രമായ സാമൂഹ്യദര്‍ശനവും സമത്വചിന്തയും തന്റെ രചനയിലൂടെ ലോകത്തെ അറിയിച്ച് ഒരു നൂറ്റാണ്ടിന്റെ ഇതിഹാസകാരനാകുകയായിരുന്നു അക്കിത്തം. അദ്ദേഹത്തിന്റെ വിജ്ഞാന ശരങ്ങളുടെ മൂര്‍ച്ഛയേല്‍ക്കാത്ത സാമൂഹ്യാവസ്ഥകളുണ്ടായിരുന്നില്ല എന്ന് നാം അത്ഭുതത്തോടെ മനസ്സിലാക്കുകയാണ്. ഒരു വേദാന്തിയുടെ മനസ് വെളിവാക്കുന്ന ‘ഒന്നും എന്റേതല്ല’ എന്നു പറയാന്‍ ആര്‍ജ്ജവം കാട്ടിയ ഒരു കവി മാത്രമേ ഉണ്ടായിട്ടുള്ളു എന്ന് നാം മനസ്സിലാക്കുന്നു. ത്യജിക്കുന്നതിന്റെ ഉദാത്തമായ മാതൃക ഈ ലോകത്തെ അറിയിക്കുകയായിരുന്നു യജ്ഞസംസ്‌കാരത്തിന്റെ ഈ പ്രചാരകന്‍.
തപസ്യയുടെ വേദികളില്‍ വാക്കുകളുടെ ആഡംബരങ്ങളില്ലാതെ, ആംഗ്യവിക്ഷേപങ്ങളുടെ അകമ്പടിയില്ലാതെ പതിഞ്ഞ ശബ്ദത്തില്‍ അദ്ദേഹം പറഞ്ഞുവച്ച പല കാര്യങ്ങളും പുതിയ ആഖ്യാനങ്ങളാവുകയായിരുന്നു. തപസ്യക്ക് ഊര്‍ജ്ജം പകരുന്ന ശക്തമായ ആശയങ്ങളായി അവ മാറുന്നത് കൗതുകമുണര്‍ത്തുന്നവയായിരുന്നു. ‘തന്നിലുള്ള അഹന്തയിലല്ല വിശ്വാസം വേണ്ടത്, തന്നിലുള്ള അനന്തതയിലാണ്, അപാരതയിലാണ്, പൂര്‍ണ്ണതയിലാണ് എന്ന് പറയുമ്പോള്‍ സര്‍ഗ്ഗാത്മകതയുടെ ഉറവിടം പ്രകടമാകുന്ന അവസ്ഥ അനുഭവിക്കാനാകും. ഓരോ കലാകാരനും സാഹിത്യകാരനും അവനവന്റെ അനുഭവ മണ്ഡലത്തെ ആവിഷ്‌കരിക്കാനാണ് ശ്രദ്ധിക്കേണ്ടത് എന്ന് അദ്ദേഹം ഉപദേശിച്ചിരുന്നു.
തപസ്യ നടത്തിയ സാംസ്‌കാരിക തീര്‍ത്ഥാടനത്തിന്റെ നേതൃത്വം ഏറ്റെടുക്കുക മാത്രമായിരുന്നില്ല അദ്ദേഹം ചെയ്തത്. ആ യാത്രയില്‍ അലിഞ്ഞു ചേര്‍ന്നുകൊണ്ട് ഈ സംസ്‌കൃതിയുടെ തീര്‍ത്ഥകണങ്ങളെ സാധാരണ മനസ്സുകളിലേക്ക് അവാഹിക്കുകയായിരുന്നു. ഭൂമിശാസ്ത്രപരമായ അതിര്‍വരമ്പുകള്‍ക്കപ്പുറത്തേക്ക് നീളുന്ന മലയാളത്തിന്റെ സുകൃതത്തെ തിരിച്ചറിയുവാനും അനുഭവിക്കുവാനും കഴിയണം എന്ന് മലയാളികളെ അറിയിക്കുകയായിരുന്നു അദ്ദേഹം. പാറശ്ശാലമുതല്‍ കുമ്പളവരെയുള്ള ഭൂമിയിലല്ല മലയാളത്തിന്റെ സാംസ്‌കാരിക നീരൊഴുക്കിന്റെ രസം നിറയുന്നത് എന്നും അത് രാഷ്ട്രീയ മാനദണ്ഡങ്ങള്‍ക്ക് വിധേയമാകില്ലെന്നും ആവര്‍ത്തിക്കുകയാണ് അദ്ദേഹം ചെയ്തത്.
അതിശ്രേഷ്ഠമായ ഭാരതസംസ്‌കൃതിയുടെ ഈടുവെപ്പുകളെ ലോകജനതയുടെ ശക്തിയായി മാറ്റുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം എന്ന് അദ്ദേഹം ചിന്തിച്ചു. അതിന് തപസ്യയുടെ പ്രവര്‍ത്തനം ഭാരതം മുഴുവന്‍ വ്യാപിപ്പിക്കണമെന്നു അദ്ദേഹം പറയുമായിരുന്നു. സംസ്‌കാര്‍ ഭാരതിയല്ല ‘തപസ്യ’ എന്ന് തന്നെയാണ് ഈ സാംസ്‌കാരിക മുന്നേറ്റത്തിന് കൊടുക്കേണ്ട പേരെന്ന് അദ്ദേഹം വിശ്വസിക്കുകയും അത് പലവേദികളിലും തുറന്നു പറയുകയും ചെയ്തു. അങ്ങിനെ പതിനഞ്ച് ദിവസംകൊണ്ട് ഭാര്‍ഗ്ഗവ ഭൂമിയിലൂടെ 2700 കിലോമീറ്ററോളം സഞ്ചരിച്ച് നൂറുകണക്കിന് സാംസ്‌കാരിക കേന്ദ്രങ്ങളും, സാഹിത്യ-കലാ സങ്കേതങ്ങളും സന്ദര്‍ശിച്ച് അവിടെയല്ലാം ഊഷ്മളങ്ങളായ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ആയിരുന്നു തീര്‍ത്ഥയാത്ര പുരോഗമിച്ചത്.
മഹാകവിയോടൊപ്പം യാത്രയില്‍ മഹാരഥന്മാരായ വി.എം. കൊറാത്ത്, പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, രാജന്‍ നമ്പി എന്നിവരും മനോഹരഗീതങ്ങള്‍ ആലപിച്ചുകൊണ്ട് ഒരു ഗായകസംഘവും ആവേശതിമിര്‍പ്പോടെ അനുഗമിച്ച മുപ്പതോളം പ്രവര്‍ത്തകരുമുണ്ടായിരുന്നു. കേരളത്തിന്റെ പല സാംസ്‌കാരിക കേന്ദ്രങ്ങളിലെയും സാഹിത്യനായകന്മാരുടെയും സാമൂഹ്യപരിഷ്‌കര്‍ത്താക്കളുടെയും ഭവനങ്ങളും അത്ഭുതകരമായ സ്വീകരണാനുഭവങ്ങള്‍ക്ക് വേദിയായിത്തീര്‍ന്നിരുന്നു.
അക്കിത്തത്തിന്റെ മനസ്സ് ആകെയുലച്ച ഒരു സംഭവമായിരുന്നു അദ്ദേഹത്തിന്റെ കവിത തിരുത്തിയതുമായി ബന്ധപ്പെടുണ്ടായത്. ‘കണ്ടവരുണ്ടോ’ എന്ന പേരിലുള്ള കവിതയില്‍ കവിയുടെ അനുമതി കൂടാതെ അതിലെ ഒരു വരി ഗൂഢലക്ഷ്യത്തോടെ തിരുത്തിയത് വലിയ ചര്‍ച്ചയാകുവാന്‍ അന്ന് തപസ്യയുടെ ഇടപെടല്‍ കൊണ്ട് സാധിച്ചിരുന്നു. അന്നത്തെ സംഘടനാ സെക്രട്ടറിയായിരുന്ന ആര്‍. സഞ്ജയനോട് അക്കിത്തം ഇക്കാര്യം വിശദീകരിച്ചത് വലിയ മാനസിക വ്യഥയോടെയായിരുന്നു. ‘ഞാന്‍ ദിവസവും ചൊല്ലാറുള്ള മന്ത്രം പോലും മറന്നുപോകുന്നു’ എന്നാണ് അദ്ദേഹം മനസ്സു തുറന്നത്. തപസ്യയുടെ സമയോചിതമായ ഇടപെടല്‍ കൊണ്ട് ഒരു വലിയ വിഭാഗം സാഹിത്യകാരന്മാരുടെ തുറന്ന അഭിപ്രായം മാധ്യമങ്ങളിലൂടെ പ്രചരിയ്ക്കാന്‍ കാരണമായി. അസഹിഷ്ണുതയുടെ ഫലമായി ഈ തിരുത്തല്‍ റദ്ദാക്കുവാനും പഴയതുപോലെ പ്രസിദ്ധീകരിക്കുവാനും ഉള്ള തീരുമാനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത് ഒരു ചരിത്രവിജയം തന്നെയായിരുന്നു. ഇന്നത്തെ അന്തരീക്ഷത്തില്‍ ഒരു പക്ഷേ നടക്കാന്‍ സാദ്ധ്യതയില്ലാത്ത വിജയം.
അക്കിത്തത്തിന്റെ മഹാഭാഗവതം പൊതുവേദിയില്‍ അവതരിപ്പിക്കുവാനും തപസ്യ മുന്‍കൈ എടുത്തിരുന്നു. പെരുമ്പാവൂര്‍ തപസ്യയുടെ സ്ഥലത്ത് തയ്യാറാക്കിയ ഓഡിറ്റോറിയത്തില്‍ ഏഴുദിവസം നീണ്ടുനിന്ന ഭാഗവതോത്സവം അങ്ങിനെ രൂപപ്പെട്ടതായിരുന്നു. ഭാഗവതം പാരായണം ചെയ്യുന്നതിനും ഈ വിശിഷ്ട ഗ്രന്ഥവുമായി ബന്ധപ്പെട്ട ഇരുപതോളം ദാര്‍ശനിക സാമൂഹ്യ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുവാനും ഉദിത് ചൈതന്യ, അനേകം സാഹിത്യശ്രേഷ്ഠന്മാര്‍ സാമൂഹ്യരംഗത്തെ വിശിഷ്ട വ്യക്തിത്വങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്ത ഒരു മഹോത്സവമായി മാറുകയുമായിരുന്നു ഭാഗവതോത്സവം. അദ്ദേഹത്തിന്റെ ശതാഭിഷേകവും നവതിയും വലിയ ഉത്സവമാക്കാനും തപസ്യ ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്.
തപസ്യയുടെ മുഖ്യരക്ഷാധികാരിയായി ഇപ്പോഴും ഈ സംഘടനയുടെ മുന്നേറ്റത്തിന് ആവുന്നപോലെ സഹായിക്കുവാന്‍ സദാസന്നദ്ധനായി കുമരനല്ലൂരിലെ ദേവയാനത്തില്‍ ഋഷിതുല്യനായ അക്കിത്തം അച്ചുതന്‍ നമ്പൂതിരി സന്ദര്‍ശകരെ സ്വീകരിക്കുകയും രചനകളില്‍ ഏര്‍പ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു.