എറണാകുളം: കേരള സാങ്കേതിക സർവ്വകലാശാലയിലും, ഡിജിറ്റൽ സർവ്വകലാശാലയിലും വൈസ് ചാൻസലർമാരെ നിയമിച്ച ചാൻസലർ കൂടിയായ ഗവർണറുടെ നടപടി സ്വാഗതം ചെയ്യുന്നതായി ഉന്നതവിദ്യാഭ്യാസ അദ്ധ്യാപകസംഘം അറിയിച്ചു.
‘നാളിതുവരെ രാഷ്ട്രീയനിയമനങ്ങൾക്കുവേണ്ടി ഒഴിച്ചിട്ടിരുന്ന സ്ഥാനങ്ങളിലേക്ക് യഥാർത്ഥ വിദ്യാഭ്യാസവിചക്ഷണർ വരുന്നതിലൂടെ ഉന്നതവിദ്യാഭ്യാസരംഗത്ത് വലിയ പരിവർത്തനത്തിനാണ് ബഹു. ഗവർണ്ണർ തുടക്കം കുറിച്ചിരിക്കുന്നത്. കേരളത്തിലെ എൻജിനീയറിങ് മേഖലയിൽ ക്രിയാത്മകവും, കാര്യക്ഷ്മവും ആയ പുരോഗതി ഉണ്ടാക്കാൻ പ്രൊഫ. ശിവപ്രസാദിൻ്റെയും പ്രൊഫ. സിസ്സാ തോമസിൻ്റെയും നിയമനം സഹായിക്കുമെന്നും, വി.സി നിയമനം നടക്കാത്തതു കൊണ്ട് വിദ്യാർഥികൾക്കുണ്ടായ ബുദ്ധിമുട്ട് വേഗത്തിൽ പരിഹരിക്കപ്പെടുമെന്നും സംഘടന എറണാകുളത്ത് ഇറക്കിയ വാർത്താക്കുറിപ്പിൽ രേഖപ്പെടുത്തി. സംഘടനയുടെ ഭാഗത്ത് നിന്നുള്ള എല്ലാവിധ പിന്തുണയും നൽകുന്നതായി സംസ്ഥാന സമിതിക്ക് വേണ്ടി, മീഡിയ സെൽ കൺവീനർ പ്രൊഫ. പി പി ബിനു അറിയിച്ചു.