സങ്കീര്‍ണ്ണമായ സംസ്‌കാരം ആര്‍ജ്ജിച്ച മനുഷ്യന്റെ വിചാരവികാരങ്ങള്‍ ആദിമകാലം തൊട്ടുതന്നെ ഭയം, ആരാധന എന്നിവയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണല്ലോ. കേരളത്തിലെ ഭൂപ്രകൃതിയും കാലാവസ്ഥയും ഇത്തരം സങ്കല്പങ്ങള്‍ക്ക് കാരണമായി തീര്‍ന്നിട്ടുണ്ട്. ഭയവും സ്‌നേഹവും ഭക്തിയും മത്സരവുമെല്ലാം ചേര്‍ന്ന ഭാവത്തിന്റെ സന്തുലനം അതിലുണ്ട്. കേരളത്തിലെ വൃക്ഷാരാധനയും അമ്മദേവാരാധനയും അന്യോന്യം ബന്ധപ്പെട്ടതായി കരുതാവുന്നതാണ്. എല്ലാ സസ്യങ്ങള്‍ക്കും അതിന്റേതായ തനത് സവിശേഷതകളുണ്ടെങ്കിലും പാല, കള്ളി, അലറി തുടങ്ങിയ പശയുള്ള വൃക്ഷങ്ങള്‍ക്കും കയ്പുള്ള കാഞ്ഞിരംപോലുള്ളവയ്ക്കും കൂടുതല്‍ പ്രാധാന്യമുണ്ട്. കേരളത്തിലെ കാളീസങ്കല്പവും ഇത്തരം വൃക്ഷങ്ങളുമായാണ് ബന്ധമുള്ളത്. കാളീപൂജയില്‍ പാലുള്ള സസ്യവും അമ്മയും തമ്മിലുള്ള ബന്ധമാണ് ദര്‍ശിക്കുന്നത്.
വൃക്ഷത്തോട് ചേര്‍ന്ന സങ്കല്പമാണ് കാളിയുടേത്. വൃക്ഷത്തിന്റെ ചുവട്ടില്‍ അമ്മയുമുണ്ട്. ഈ സങ്കല്പത്തിന് മൂര്‍ത്തരൂപം നല്‍കാന്‍ ആ മരച്ചുവട്ടില്‍ ഒരു കല്ല് വച്ചാല്‍ മതി. ആദ്യകാല കാളി, വനദുര്‍ഗ്ഗയും നനദുര്‍ഗ്ഗയുമാണ്. പ്രകൃതിയില്‍ കുളിച്ചുനില്‍ക്കുന്ന വനം തന്നെയാണ് അമ്മ. അതായത് കാളി വനവും കാവും തമ്മിലുള്ള ബന്ധം ശ്രദ്ധേയമാണ്. കാവ് കാട്ടിലെ ജൈവവൈവിധ്യത്തിന്റെ ഒരു ചെറിയ പതിപ്പാണ്. കാവുകളുമായി ബന്ധപ്പെട്ട നിരവധി മൂര്‍ത്തി സങ്കല്പങ്ങള്‍ പില്‍ക്കാലത്ത് ഉടലെടുത്തു. കാളി, വേട്ടക്കൊരുമകന്‍, അന്തിമഹാകാളന്‍, കരിങ്കാളി, അയ്യപ്പന്‍ എന്നിങ്ങനെ നിരവധി സങ്കല്പങ്ങള്‍ കാവുകളുമായി ബന്ധപ്പെട്ട് ഉള്ളതാണ്. പതുക്കെ പതുക്കെ കാവിന്റെ ദൈവികപരിവേഷം ഏറിവന്നു. കാവുതീണ്ടുന്നത് വലിയ വിരോധമായുള്ള കാര്യമായി മനുഷ്യര്‍ കരുതിതുടങ്ങി.
കാവിലമ്മയുടെ അധികാരപരിധി ഒരു പ്രദേശത്തിന്റെ അകത്തായിരിക്കും. ഒരു തട്ടിന്റേയും അകം അഥവാ തട്ടകം കാത്തുസംരക്ഷിക്കുന്ന അമ്മ കാവിലമ്മയാണ്. തട്ടകത്തമ്മ നാടുവാഴിയമ്മയാണ്. പില്‍ക്കാലത്ത് നാടുവാഴിയമ്മക്ക് വാസ്തുശില്പരൂപത്തില്‍ ക്ഷേത്രങ്ങളുണ്ടായി. തറ ചതുരവും മേല്‍ഭാഗം കൂര്‍ത്തതുമായ ഒരു വാസ്തുരൂപമാണ് ആദ്യകാലങ്ങളിലെ ക്ഷേത്രങ്ങളുടെ ആകൃതി. അങ്ങനെ കാടമ്മ പരിഷ്‌കരിച്ച് ദുര്‍ഗ്ഗയും ദേവിയും പാര്‍വ്വതിയും സരസ്വതിയുമൊക്കെയായി.
കാളീസങ്കല്പത്തിന് നിദാനമായ ഒരൈതിഹ്യമുണ്ട്. പരമശിവനില്‍ നിന്നാണ് കാളിയുടെ ആവിര്‍ഭാവമെന്നാണ് സങ്കല്പം. പുരാണത്തിന്റെ പൊരുള്‍ കഥ ഇവിടെ സൂചിപ്പിക്കട്ടെ. ദേവാസുരയുദ്ധത്തില്‍ അസുരവംശം പാടെ നശിച്ചു. അതില്‍ ദാനവതി, ദാരുമതി എന്നീ അസുരസ്ത്രീകള്‍ അവശേഷിച്ചു. തന്റെ വംശത്തെ പുനരുദ്ധരിക്കാനായി ശപഥമെടുത്ത അവര്‍ ബ്രഹ്മദേവനെ ഉദ്ദേശിച്ച് തപസ്സാരംഭിച്ചു. അതില്‍ സംതൃപ്തനായ ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടു. അസുരകുലോദ്ധാരണത്തിന് കഴിവുള്ള ഓരോ പുത്രന്മാരെ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയും അതുപ്രകാരം അവര്‍ക്ക് ഓരോ പുത്രന്മാര്‍ ജനിക്കുകയും ചെയ്തു. ദാനവതിയുടെ പുത്രന്‍ ദാനവന്‍ എന്നും ദാരുമതിയുടെ പുത്രന്‍ ദാരുകന്‍ എന്നും നാമകരണം ചെയ്തു.
വരസിദ്ധികൊണ്ട് അഹങ്കരിച്ച ദാരുകന്റെ ശല്യം സഹിക്കാനാകാതെ ദേവന്മാര്‍ കൈലാസത്തിലെത്തി സങ്കടം ബോധിപ്പിച്ചു. പിന്നീട് ശിവന്റെ ഉപദേശത്താല്‍ നാരദമഹര്‍ഷിയെ ദാരുകപുരിയിലേക്ക്, സാരോപദേശത്താല്‍ സാത്വികബോധം അവനില്‍ ഉദ്ദീപിപ്പിക്കാന്‍ ശ്രമിക്കാനായി അയച്ചു. നാരദമഹര്‍ഷിയുടെ വാക്കുകളില്‍ ദാരുകന്‍ അത്യാചാരപരവും അധാര്‍മ്മികവുമായ പൈശാചികതാണ്ഡവമാടുകയാണ് എന്നും ആ നിഷ്ഠൂരന്റെ അന്ത്യത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു എന്നും നാഗാഭരണനെ നമിച്ച് ബോധിപ്പിച്ചു. ദേവര്‍ഷിയുടെ നിവേദനം ശ്രവിച്ച ശ്രീകണ്ഠന്‍ അത്യുഗ്രസംഹാരരുദ്രനായി മാറി. ജട അഴിഞ്ഞുലഞ്ഞു. കാളകണ്ഠന്‍ കോപത്തോടെ ചാടി എഴുന്നേറ്റു. തൃക്കണ്ണില്‍ നിന്ന് തീക്ഷ്ണമായ തീക്കണങ്ങളും കറുത്ത പുകപടലങ്ങളും ആവിര്‍ഭവിച്ചു. നിമിഷങ്ങള്‍ക്കകം അവ ഘനീഭവിച്ച് അഞ്ജനശൈലം പോലെ ഉന്നതാകാരം പൂണ്ട് ക്രമേണ ഒരു ഭീകര സ്ത്രീരൂപമായി പരിണമിച്ചു. ചന്ദ്രകലാലംകൃതമായ ശിരസ്സ്, ജ്വലിക്കുന്ന തുറിച്ച വട്ടക്കണ്ണുകള്‍, നെറ്റിയില്‍ ശോഭിക്കുന്ന തൃക്കണ്ണ്, രത്‌നഖചിതങ്ങളായ തിളങ്ങുന്ന കുണ്ഡലങ്ങള്‍, പുറത്തേക്ക് ചാടി ചലിച്ചുകൊണ്ടിരിക്കുന്ന ചുവന്നു തടിച്ച നാവ്, കരാളദംഷ്ട്രകള്‍, വിവിധ ആയുധങ്ങള്‍ ധരിച്ച നീണ്ട ബലിഷ്ഠമായ ബാഹുക്കള്‍, കപാലമാല, ചുവന്ന പട്ടുടയാട, മേഘഗര്‍ജ്ജനത്തെ വെല്ലുന്ന അട്ടഹാസം അങ്ങനെ ഭീഷണമായ രൂപത്തോടെയുള്ള ശ്രീ ഭദ്രകാളി അവതരിച്ചു. ശ്രീ പാര്‍വ്വതി സ്‌നേഹവാത്സല്യ പ്രകടനത്താല്‍ കാളിയെ ശാന്തയാക്കി അനുഗ്രഹിച്ചു. ശ്രീശങ്കരന്‍ കാളിയെ (ചാമുണ്ഡിയെ) അടുത്തുവിളിച്ച് ഇപ്രകാരം അരുളി ചെയ്തു ”നമ്മുടെ തലമുറ ഗുണപ്രധാനം തേജസ്സും കണ്ഠത്തിലെ കാളിയും ഒന്നിച്ചുചേര്‍ന്ന് കാളമേഘവര്‍ണ്ണിനിയായ നിന്നെ കണ്‌ഠേ കാളി എന്ന് നാമകരണം ചെയ്യുന്നു.” തുടര്‍ന്ന് ഇപ്രകാരം അരുളിചെയ്തു ”സമസ്ത ലോകരുടേയും ജന്മജന്മാര്‍ജ്ജിതമായ മൃഗീയ വാസനകളെ ബലിയായി സ്വീകരിച്ച് പകരം അവര്‍ക്ക് ഭദ്രം പ്രദാനം ചെയ്യുന്നതിനെ ഭദ്രകാളിയെന്ന് വിളിക്കുന്നു.”
തുടര്‍ന്ന് വിനയാന്വിതയായ ഭദ്ര ”ഈ പുത്രി ചെയ്യേണ്ട പ്രഥമവും പ്രധാനവുമായ ദൗത്യമെന്താണെന്ന് അരുളുചെയ്താലും.” അപ്രകാരം ശ്രീകണ്ഠന്‍ ദേവിയോട് സകല സജ്ജനങ്ങള്‍ക്കും ദുഃഖമുണ്ടാക്കുന്ന ദാരുകനെ വധിക്കാനും ധര്‍മ്മവും ശാന്തിയും പുനഃസ്ഥാപിക്കാനും ആ കര്‍ത്തവ്യം ഏറ്റെടുക്കാനും ആവശ്യപ്പെട്ടു. ഈ കൃത്യനിര്‍വ്വഹണത്തിന് സഹായത്തിനായി നന്ദിമഹാകാളന്റെ സേനയായ കരുത്തില്‍ അസംഖ്യം ഭൂതഗണങ്ങളേയും കാളികൂളികളേയും ആയുധധാരികളായി ഒപ്പം നിയോഗിക്കുകയും ചെയ്തു. ഭദ്രകാളിക്ക് വാഹനമായി വേതാളിയെ നല്‍കി. ഷഡ്മാതാക്കളേയും അവരോടൊപ്പമുള്ള സേനാവ്യൂഹത്തേയും തുണയായി കൂട്ടിക്കൊള്ളാനും നിര്‍ദ്ദേശിച്ചു.
മാതാപിതാക്കളുടെ ആശീര്‍വാദവും ഏറ്റുവാങ്ങി ഭദ്രയും സേനയും ദാരുകപുരിയിലേക്ക് പുറപ്പെട്ടു. കാളിയും സൈന്യവും ദാരുകപുരിയിലെത്തി. ദാരുകനുമായി ഘോരയുദ്ധം ആരംഭിച്ചു. ചെറുത്തുനില്ക്കാനാകാതെ ദാരുകന്‍ പാതാളത്തില്‍ പോയി ഒളിച്ചു. ഭദ്രകാളി നാവുകൊണ്ട് പാതാളത്തില്‍ നിന്നും ദാരുകനെ ഭൂമിയിലേക്ക് കൊണ്ടുവന്നു. അവനെ ശൂലത്തില്‍ കോര്‍ത്തു. ത്രിശൂലത്താല്‍ ദാരുകന്റെ ശിരസ്സ് ഛേദിച്ചു. ആ ശിരസ്സ് ഒരു കയ്യില്‍ തൂക്കിപ്പിടിക്കുകയും രക്തചഷകം മറ്റൊരു കയ്യില്‍ എടുത്തും യുദ്ധത്തില്‍ മരിച്ച അസുരന്മാരുടെ ശിരസ്സുകൊണ്ട് മാലകോര്‍ത്ത് ധരിച്ചും ദംഷ്ട്രോജ്വലയായി. ശൂലം, ഖഡ്ഗം, പാശം, ആദിയായ വിവിധ ആയുധജാലങ്ങളുമേന്തി ഭദ്രകാളി യുദ്ധക്കളത്തില്‍ സംഹാരതാണ്ഡവമാടി. തുടര്‍ന്ന് ദേവന്മാരുടെ അഭ്യര്‍ത്ഥനപ്രകാരം കലിയടക്കി ഭദ്രകാളി തന്റെ നിയോഗം പൂര്‍ത്തിയാക്കിയ ശുഭവാര്‍ത്ത ശിവനെ അറിയിക്കാനായി കൈലാസത്തിലെത്തി. ഭദ്രകാളിയെ ശാന്തയാക്കിയ ശേഷം ഭഗവാന്‍ ഇപ്രകാരം അരുളിചെയ്തു ”മകളേ, അവതാരോദ്ദേശ്യം നിറവേറ്റിയ നീ ഇനിമുതല്‍ പരശുരാമനാല്‍ വീണ്ടെടുത്ത കേരളക്കരയില്‍ വസിക്കുക. പൃഥ്വിയില്‍ ഭക്തജനങ്ങള്‍ സ്‌നേഹത്തോടെ സമര്‍പ്പിക്കുന്ന നൈവേദ്യം പ്രീതിയോടെ സ്വീകരിച്ച് സന്തുഷ്ടയായി അവരുടെ യോഗക്ഷേമങ്ങള്‍ നിര്‍വ്വഹിക്കുക. ഉപഹാരങ്ങളുടെ ബഹുലതയോ മൂല്യമോ അല്ല മറിച്ച് അവ സമര്‍പ്പിക്കുന്ന വ്യക്തിയുടെ ഹൃദയശുദ്ധിയും ഭക്തിയുമാണ് പരിഗണിക്കേണ്ടത്. നിനക്ക് സര്‍വ്വമംഗളങ്ങളും ഭവിക്കട്ടെ.” ഇതത്രെ കേരളക്കരയില്‍ ഭദ്രകാളിക്ഷേത്രങ്ങള്‍ ഉടലെടുക്കാനുണ്ടായ പുരാവൃത്തം. അങ്ങനെ ഭദ്രകാളിയെ ചിലര്‍ കുലദേവതയായും മറ്റുചിലര്‍ ഇഷ്ടദേവതയായും വേറെ ചിലര്‍ ധര്‍മ്മദൈവങ്ങളായും പരദേവതകളായും നിത്യവും പൂജിച്ചാരാധിച്ചുതുടങ്ങി.
ദേവിയുടെ അനുഗ്രഹം ലഭിക്കാനായി വിവിധതരം ആരാധനാരീതികള്‍ പില്‍ക്കാലത്ത് ഉടലെടുത്തു. പൂജാദികര്‍മ്മങ്ങള്‍ക്കുപുറമെ പാട്ടും ആട്ടവുമെല്ലാം ദേവിയെ പ്രീതിപ്പെടുത്തുമെന്ന് വിശ്വസിച്ചുപോന്ന പലതരം കലാരൂപങ്ങളും ഉടലെടുത്തു വന്നു. കേരളക്കരയില്‍ ഉടലെടുത്ത നിരവധി കലാരൂപങ്ങള്‍ക്ക് കാളീസങ്കല്പമാണ് ഇതിവൃത്തമായി സ്വീകരിച്ചിരിക്കുന്നത്. ആദ്യകാലത്താകട്ടെ തറയില്‍ ദേവിയുടെ രൂപം പഞ്ചവര്‍ണ്ണപൊടികളുപയോഗിച്ച് കലാപരമായി വരയ്ക്കുകയും വരച്ച കളത്തില്‍ പൂജാദികര്‍മ്മങ്ങള്‍ നടത്തുകയും ചെയ്യുന്നതായിരുന്നു രീതി. കളമെഴുത്തുപാട്ട് ഇതിന് ഉദാഹരണമാണ്. ദേവിയുടെ വിവിധ ഭാവത്തിലുള്ള രൂപങ്ങള്‍ തറയിലെഴുതി പാട്ടും മേളവും ചേര്‍ത്ത് അവതരിപ്പിക്കുന്ന രീതിയാണിത്. പാട്ടിലൂടെ ദേവിയുടെ അവതാരകഥയും ദാരുകവധവുമെല്ലാം വാദ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്നു. ഇതുപോലെ തറയില്‍ കളം വരച്ച് ആരാധിക്കുന്ന മറ്റൊരു കലാരൂപമാണ് സര്‍പ്പക്കളം. സര്‍പ്പപ്രീതിക്കുവേണ്ടി നടത്തുന്ന ഒരു കലാരൂപമാണിത്. സര്‍പ്പാരാധനയില്‍ അവസാന കളമായി വരയ്ക്കുന്നത് ദേവിയുടെ കളമാണ്. കാവുകാക്കുന്ന ദേവതയെന്ന സങ്കല്പത്തിലുള്ളത്.
തറയിലെഴുതുന്ന ദേവിയുടെ രൂപം പില്‍ക്കാലത്ത് മുഖത്തെഴുത്തിലേക്ക് മാറിയതോടെ ദേവിയുടെ ചിത്രം വരച്ച പൊയ്മുഖങ്ങള്‍ മുഖത്തുവെച്ചുകെട്ടി പാട്ടും നൃത്തവും അവതരിപ്പിക്കുന്ന രീതി ആരംഭിച്ചു. പടയണി, മുടിയേറ്റ് തുടങ്ങിയ കലാരൂപങ്ങള്‍ ഇതിനുദാഹരണമാണ്. പടയണിയിലെ വിവിധ കോലങ്ങള്‍ ദാരുകവധം കഥയിലെ കഥാപാത്രങ്ങളാണ്. കാളി, കൂളി തുടങ്ങിയ കഥാപാത്രങ്ങള്‍ക്ക് വ്യത്യസ്ത രൂപമാണുള്ളത്. ഏകദേശം നൂറിലേറെ കോലങ്ങളാണ് പടയണിയിലുള്ളത്. ഈ കലാരൂപത്തിന്റെ ഇതിവൃത്തം ദാരുകവധം കഥ തന്നെയാണ്.
കോലം വരച്ച് മുഖത്തുവെച്ച് നൃത്തച്ചുവടുകളായി കളിക്കുന്ന പടയണി കലാകാരന്മാര്‍ ഒരുഗ്രാമത്തിന്റെ മുഴുവന്‍ പ്രതിനിധിയായി തീരുന്നു. പടയണിയുടെ അരങ്ങ് ഗ്രാമം മുഴുവന്‍ വ്യാപിച്ചിരിക്കും. അതുകൊണ്ട് ഈ കലയില്‍ ഗ്രാമവാസികളെല്ലാം പങ്കാളികളായിരിക്കും.
ദാരുകവധത്തിനുശേഷം ഭീകരരൂപിണിയായ കാളിയുടെ ക്രോധമടക്കാനായി സുബ്രഹ്മണ്യന്റെ നിര്‍ദ്ദേശപ്രകാരം ഭൂതഗണങ്ങള്‍ കോലമെഴുതി മുഖത്തുകെട്ടി കാളിയുടെ മുന്നില്‍ തുള്ളിക്കളിച്ചു. ഇതുകണ്ട് കാളിയുടെ കോപം അടങ്ങിയെന്നതാണ് പുരാവൃത്തത്തിന്റെ സങ്കല്പം. എഴുതുന്ന കോലങ്ങളിലെല്ലാം സ്ഥായിയായ ഭാവം ഭയാനകത തന്നെ. മുടിയേറ്റ് എന്ന കലാരൂപത്തിലാണ് ആദ്യാവസാനം ഘോരരൂപം പ്രകടമാകുന്നത്. പടയണിയില്‍ അതിന്റെ തുടര്‍ച്ചയായ മിത്തിന്റെ ഭാഗമാണ് ദര്‍ശിക്കുന്നത്. തന്റെ സ്വന്തം രൂപം ഇങ്ങനെയാണെന്ന് കണ്ടതോടെ കാളി സ്വന്തം രൂപത്തിലേക്ക് തന്നെ ശ്രദ്ധിക്കാനിടയായി. അതുകണ്ടതോടെ കാളിയുടെ കോപമടങ്ങിയെന്നാണ് കഥ. കോപം വന്ന് തുള്ളുന്നവരുടെ രൂപം സ്വയം കാണുമ്പോഴുള്ള ജാള്യതയും ആത്മഹര്‍ഷവും സ്വാഭാവികമാണല്ലോ! കാളിയുടെ തന്നെ ഭാവങ്ങളാണ് കോലമായി കെട്ടിയാടുന്നത്. തന്റെ സ്വന്തം രൂപം കാണുമ്പോഴുണ്ടാകുന്ന ജാള്യത കോപം അടക്കി ആദര്‍ശലാവണ്യത്തിലേക്ക് മാറുന്നു. ഈ കോലങ്ങള്‍ കണ്ടപ്പോള്‍ കാളി ശാന്തയായെന്നാണ് സങ്കല്പം.
പ്രകൃതിയും വികൃതിയുമുള്ളതില്‍ വികൃതി വികലഭാവമാണ് കാണിക്കുന്നത്. സ്വന്തം വികലരൂപം, ചിന്ത, ഭാവം എന്നിവ കാണുമ്പോള്‍ സ്വയം ചിന്തിക്കാനുള്ള തോന്നല്‍ ഉണ്ടാകുമല്ലോ. അതാണ് പടയണികോലത്തിന്റെ തത്വം. കളമെഴുത്തിലെ കളങ്ങളില്‍ മിക്കവാറും സ്ഥായീഭാവം രൗദ്രമാണ്. അത്തരത്തിലുള്ള മൂര്‍ത്തികളെയാണ് കൂടുതലും വരയ്ക്കാറുള്ളത്. രൗദ്രത്തിന്റെ ലാവണ്യമാണതില്‍ ദര്‍ശിക്കുന്നത്. നാടന്‍ കലകളില്‍ കാണുന്ന ഗുരുതി ബീഭത്സമാണ്. ദാരുകവധം കഴിഞ്ഞ കാളിയുടെ നിരവധി കൈകളിലൊന്നില്‍ മുറിച്ചെടുത്ത തലയുണ്ടായിരിക്കും. മറ്റു കൈകളില്‍ വിവിധ തരം ആയുധങ്ങളും. ഇത്തരത്തിലുള്ള കളത്തിന്റെ സമഗ്രതയില്‍ രൗദ്രഭാവമായിരിക്കും മുന്നിട്ട് നില്‍ക്കുന്നത്. വേട്ടക്കൊരുമകന്‍ പോലുള്ള കഥാപാത്രങ്ങളില്‍ ഭീകരതയേക്കാള്‍ കൂടുതല്‍ ബഹിര്‍സ്ഫുരിക്കുന്നത് വീരമാണ്.
പ്രാചീനകാലത്തെ മിത്തുകളില്‍ മുഖ്യസ്ഥാനമായി കാണുന്നത് സര്‍പ്പമാണ്. പല മിത്തിലും സര്‍പ്പത്തിന് ദിവ്യത്വം കല്പിക്കുന്നുണ്ട്. സര്‍പ്പാരാധനയിലും ദേവിക്ക് സാന്നിധ്യമുണ്ട്.
യക്ഷി ഭാരതത്തില്‍ ചിലയിടത്തുള്ള ഒരു സങ്കല്പമാണ്. യക്ഷിയെ നേരിടാന്‍ കാളിയുടെ സൗമ്യമായ ദേവീസങ്കല്പങ്ങള്‍ക്ക് കഴിയുമെന്ന മിത്തുകള്‍ പില്‍ക്കാലത്തുണ്ടായിട്ടുണ്ട്. കാളിയുമായി ബന്ധപ്പെട്ട പല ആരാധനകളിലും കളം വരയ്ക്കുന്ന പതിവുണ്ട്. കാളി സങ്കല്പത്തോടനുബന്ധിച്ച് വരയ്ക്കുന്ന കളങ്ങളില്‍ സങ്കല്പത്തിനനുസരിച്ച് ബാഹുക്കളും കാണാറുണ്ട്. വൈക്കം മഹാദേവക്ഷേത്രത്തില്‍ 12 വര്‍ഷത്തിലൊരിക്കല്‍ നടത്താറുള്ള വടക്കുപുറത്തുപാട്ടിലെ ഭദ്രകാളി കളത്തിന് 64 കൈകളാണ് വരയ്ക്കുന്നത്.
പടയണിയിലെപ്പോലെ മുടിയേറ്റിലും രംഗാവിഷ്‌കാരങ്ങള്‍ കാളി -ദാരുകമിത്തുമായി ബന്ധമുള്ളതാണ്, കാളി- ദാരുക മിത്തിലെ മറ്റൊരാവിഷ്‌കാരമാണ് മുടിയേറ്റ്. ദാരുകന്‍, ദാനവേന്ദ്രന്‍, നാരദന്‍, ശിവന്‍, കാളി, കൂളി എന്നിവര്‍ ഇവിടെ പ്രധാന കഥാപാത്രങ്ങളാണ്. കാളിയുടെ രൂപവും അവതരണവും എല്ലാം രൗദ്രഭാവം നിറഞ്ഞ നിലയിലുള്ളതാണ്. കാളിയുടെ പുറപ്പാട് രൗദ്രത്തിന്റെ ഉയര്‍ന്ന തലത്തിലുള്ളതുമാണ്. കാളിയുടെ അഭിനയം തുടക്കം മുതല്‍ ഒടുക്കം വരെ രൗദ്രഭാവത്തിന്റെ ഉത്തുംഗശൃംഗത്തില്‍ നിലകൊള്ളുന്നു. മുടിയേറ്റില്‍ അതിരൗദ്രകാളി ഒടുവില്‍ അനുഗ്രഹമൂര്‍ത്തിയായി മുടിയുഴിച്ചിലും പന്തമുഴിച്ചിലും നടത്തി ജനങ്ങളെ ആശ്വസിപ്പിക്കുന്നു.
മിത്തുകള്‍ പൗരാണികങ്ങളുടെ അടയാളങ്ങളടങ്ങിയവയാണ്. യാഥാര്‍ത്ഥ്യം പോലെ മിഥ്യയും സത്യമാണ്. ഒരു ജനതയുടെ സംക്ഷേപിപ്പിച്ച ആശയങ്ങളാണ് മിത്തില്‍ ഉയരുന്ന ചിന്തയും ജീവിതവീക്ഷണവും. ഇത്തരം മിത്തുകളെ ആസ്പദമാക്കിയുള്ള കലാരൂപങ്ങള്‍ ഒരു ജനസംസ്‌കൃതിയായിരുന്നു. അതില്‍ അവരുടെ സമസ്തജീവിതവും നിഴലിച്ചിരുന്നു. അതവരുടെ ജീവിതമായിരുന്നു. കലകളെ അവരുടെ ജീവിതത്തില്‍ നിന്ന് വേര്‍തിരിക്കാനാവാത്തവിധം ഇഴുകിചേര്‍ന്നിരുന്നു. കലാരൂപങ്ങളോട് അവര്‍ക്കുള്ളതായ വിശ്വാസം, ആചാരം, അനുഷ്ഠാനം എന്നിവയിലധിഷ്ഠിതമായതിനാല്‍ കലാസ്വാദനം എന്ന പ്രാചീനചിന്താഗതി ഇവിടെ പ്രസക്തമായിരുന്നില്ല. കാരണം അത്തരം നാടന്‍ കലകളിലെ കാണികളിലോരോരുത്തരും കലയുടെ ഭാഗങ്ങളായി തീരുകയാണ് ചെയ്യുന്നത്. അമ്മദൈവം അവരുടെ മുഖ്യ ആശ്രയമായിരുന്നു. അവര്‍ക്ക് അമ്മ പ്രകൃതി തന്നെയാണ്. ദുഷ്ടതയുടെ പര്യായമായ ദാരുകന്‍ കേരളത്തില്‍ ശക്തനായ മിത്താണ്. ദുഷ്ടനെ നശിപ്പിച്ച് സമൂഹത്തെ രക്ഷിക്കാന്‍ ആദിമാതാവിനെ ഏല്പിക്കുന്നതാണ് കാളി-ദാരുകയുദ്ധമെന്ന മിത്തിന്റെ അടിസ്ഥാനം. വേഗവും മനുഷ്യനിര്‍മ്മിത ദുരിതവും അകറ്റുന്ന കാളിയുമായി ബന്ധപ്പെട്ടതാണ് അനുഷ്ഠാനവതരണങ്ങളേറെയും.
ഭാരതത്തിലെ വിവിധ സ്ഥലങ്ങളില്‍ വിവിധ പേരുകളില്‍ ആരാധിച്ചു വരുന്ന ദേവതയാണ് ഭദ്രകാളി. ഭദ്രകാളിയുടെ സങ്കല്പത്തിലും ആരാധനാരീതിയിലുമെല്ലാം പല സമ്പ്രദായങ്ങളും കൂടിക്കലര്‍ന്നിട്ടുണ്ട്. കാളിയെ ചൂടുക്കാട്ടിലമ്മയായി സങ്കല്പിച്ച് ചൂടലഭദ്രകാളിയായി ആരാധിക്കുന്നവരുണ്ട്. യുദ്ധദേവതയാണ് കാളി. കേരളത്തില്‍ പലയിടങ്ങളിലും കാളീ സങ്കല്പവും ആരാധനയുമുണ്ട്. കേരളക്കരയില്‍ വിവിധ ജാതിക്കാര്‍ കാളിയെ വ്യത്യസ്തരൂപത്തില്‍ ആരാധിച്ചുവരുന്നു. അവര്‍ണ്ണവിഭാഗത്തിലുള്ളവര്‍ കാളി, ചുട്ടകാലി, ചുടലകാളി, പുലയരുകാളി, കാളിയമ്മ എന്നിങ്ങനെ വിവിധ രൂപത്തില്‍ ആരാധിക്കുമ്പോള്‍ സവര്‍ണ്ണ വിഭാഗക്കാര്‍ ദുര്‍ഗ്ഗാപൂജ, ശ്രീചക്രപൂജ എന്നീ വൈദികവും താന്ത്രികവുമായ രീതിയില്‍ സൗമ്യദേവതയായാണ് ആരാധിക്കുന്നത്. കല്ലാറ്റുകുറുപ്പന്മാരുടെ കളമെഴുത്തില്‍ ദാരുകവധം കഴിഞ്ഞെത്തിയ ദേവിയുടെ രൂപമാണ് വരച്ചാരാധിക്കുന്നത്.
ഭദ്രകാളികാവുകളില്‍ വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന തോല്‍പ്പാവക്കൂത്തില്‍ രാമായണം കഥയാണ് അവതരിപ്പിക്കുന്നതെങ്കിലും, ആ കല അവതരിപ്പിക്കുന്നത് ദേവിയുടെ ചിരകാലമായ ഒരാഗ്രഹത്തിന് വേണ്ടിയാണെന്നാണ് വിശ്വാസം. ഭദ്രകാളി ദാരുകനുമായി യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന കാലത്ത് തന്നെയാണത്രെ രാമരാവണയുദ്ധം നടന്നത്. ആ യുദ്ധം കാണാനാഗ്രഹിച്ച ദേവിക്ക് ആ യുദ്ധം കാണാന്‍ കഴിയാതെ വന്നതുകൊണ്ട് ആ ആഗ്രഹസാഫല്യത്തിനാണ് ദേവീക്ഷേത്രങ്ങളില്‍ തോല്‍പ്പാവക്കൂത്ത് അവതരിപ്പിക്കുന്നത് എന്നാണ് കഥ.
ഭദ്രകാളി ക്ഷേത്രങ്ങളിലെ വാര്‍ഷികോത്സവത്തോടനുബന്ധിച്ച് നടത്തുന്ന തിറ-പൂതന്‍ കളിയുടെ സങ്കല്പവും കാളീ സങ്കല്പമാണ്. ദാരുകവധത്തിനായി വേതാളവാഹനത്തിലേറി കാളി പോകുമ്പോള്‍ അകമ്പടിയായി കൂടെയുണ്ടായിരുന്ന വരാണ് തിറപൂതാദികള്‍. ആ യുദ്ധത്തിന്റെ സ്മരണയ്ക്കാണ് ദേവീക്ഷേത്രത്തിലെ പൂരത്തില്‍ തിറയും പൂതനും കെട്ടിയാടി കളിക്കുന്നതെന്നാണ് വിശ്വാസം.
കേരളം നാടന്‍ കലകളുടെ കലവറയാണ്. നിരവധി നാടന്‍കലകള്‍ കേരളത്തില്‍ പിറവികൊണ്ടിട്ടുണ്ട്. അവയില്‍ ഏറെയും കാളീ സങ്കല്പത്തോട് ബന്ധപ്പെട്ടുള്ളതാണെന്ന് പഠനം തെളിയിക്കുന്നു. ആചാരത്തിലും അനുഷ്ഠാനത്തിലും വൈവിധ്യം പുലര്‍ത്തുന്ന അത്തരം കലകള്‍ കേരളക്കരയില്‍ കാളീസങ്കല്പത്തിന്റെ വ്യാപനത്തെയാണ് കുറിക്കുന്നത്. ദേവീപ്രീതിക്കായി അവതരിപ്പിക്കുന്ന ഏതാനും നാടന്‍കലകളുടെ നാമം ഇവിടെ സൂചിപ്പിക്കട്ടെ.
ഭഗവതിതോറ്റം, കാവടിചിന്ത്, പാന, ഉടുക്കുപാട്ട് നന്തുണിപ്പാട്ട്, പങ്കാളി, മുടിയേറ്റ്, തിറയും പൂതനും, ഭഗവതിപ്പാട്ട്, തന്നാരംകളി, കരിങ്കാളി, വേലകളി, പറത്തെയ്യം, കതിരുകളി തുടങ്ങിയ കലാരൂപം ദേവീപ്രീതിക്കായി നടത്തുന്നവയാണ്. ഇവയില്‍ ചിലത് ആചാരങ്ങളുടെ അടിസ്ഥാനത്തില്‍ അവതരിപ്പിച്ചു വരുന്നവയാണ്. മറ്റുചില കലകള്‍ അനുഷ്ഠാനപരമായ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നവയാണ്. ഓരോ സംസ്‌കാരത്തിനും അവരുടേതായ വര്‍ണ്ണരൂപദര്‍ശനമുണ്ട്. കുരുതിയ്ക്കുള്ള ചുവപ്പിനും അണിയാനുള്ള അരിമാവ് ചാന്തിനും അനുഷ്ഠാനാന്തരീക്ഷ സൃഷ്ടിയില്‍ വളരെയേറെ പങ്കുണ്ട്. പ്രാക്തനയുടേത് പ്രകൃതിയുടെ സത്യദര്‍ശനമത്രെ, ആത്മീയാനുഭവത്തിന്റെ സ്പര്‍ശനമുള്ളതിനാലും കലയെന്ന നിലയ്ക്ക് ബോധപൂര്‍വ്വം ചെയ്യുന്ന സൃഷ്ടി അല്ലാത്തതിനാലും പ്രാക്തനകല ശുദ്ധവും ആത്മസത്ത നിറഞ്ഞതുമാണ്. ചുറ്റുമുള്ള സത്യത്തെ വ്യത്യസ്തമായ രീതിയിലൂടെയാണവര്‍ കാണുന്നതും സ്വാംശീകരിക്കുന്നതും. അതിനാലാകും പ്രാചീനകലാസൃഷ്ടികള്‍ക്ക് ആഴത്തിലുള്ള സൂക്ഷ്മാംശം ഉണ്ടായത്. അവന്റെ കലാരൂപങ്ങള്‍ ഏറെയും ബന്ധപ്പെട്ടു വരുന്നതാകട്ടെ സ്വന്തം വിശ്വാസത്തിലുള്ള മിത്തിന്റെ അടിസ്ഥാനത്തിലുമാണ്.
കേരളീയ ജനതയുടെ ശാന്തമായ ഒരു മിത്തായിത്തീരാന്‍ ഭദ്രകാളി സങ്കല്പത്തിന് കഴിഞ്ഞിട്ടുണ്ടെ ന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അതിനാലാകാം അവന്റെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കാളീ സങ്കല്പത്തിന് ഇത്ര പ്രാധാന്യം വന്നുചേര്‍ന്നത്. അവരുടെ ഐശ്വര്യത്തോടുള്ള ജീവിതസങ്കല്പത്തില്‍ കാളി ഒഴിവാക്കാനാകാത്ത മിത്താണ്. പ്രകൃതിക്ക് നേരെ തുറന്ന മൂന്നാംകണ്ണായിരുന്നു അവന്റെ സങ്കല്‍പത്തിനുണ്ടായിരുന്നത്. അവന്റെ ഭാവനയിലെ സങ്കല്പം അവര്‍ രചനയിലൂടെ പുനര്‍സൃഷ്ടിക്കുകയായിരുന്നു. അതവന്റെ ജീവിതയാഥാര്‍ത്ഥ്യമായി തീര്‍ന്നു. അവന്റെ കലകള്‍ക്ക് വര്‍ഗ്ഗപരവും സാംസ്‌കാരികപരവും വര്‍ണ്ണപരവുമായ സവിശേഷതകളുണ്ട്. പ്രാചീന ജനതയുടെ കലകളിലെ പല രൂപങ്ങളും നാടോടിമിത്തുകളെ പ്രതീകാത്മകമായി സൂചിപ്പിക്കുന്ന സങ്കേതങ്ങളാണ്. പ്രകൃതിയേയും സമീപപ്രദേശങ്ങളുടെ സവിശേഷതകളേയും സങ്കല്പങ്ങളേയും ശൈലീകൃതമായി ആവിഷ്‌കരിക്കുന്നതാണ് നാടോടികലകളിലെ ആചാരാനുഷ്ഠാനങ്ങള്‍ ഏറെയും. പ്രാചീനമനുഷ്യന്റെ വര്‍ണ്ണബോധം, കലാബോധം, ഭാഷാ ശൈലി എന്നിവ അവന്റെ കലയില്‍ പ്രതിഫലിച്ചിട്ടുമുണ്ട്.
സഹായകഗ്രന്ഥങ്ങള്‍
1. ദൈവത്തായ് വിജയകുമാര്‍ മേനോന്‍, നാട്ടറിവുപഠനകേന്ദ്രം, കണിമംഗലം, തൃശ്ശൂര്‍.
2. ഭദ്രകാളിചരിതം, എം.പി. പിള്ള, കൈനകരി ദേവി ബുക്ക്സ്റ്റാള്‍, കൊടുങ്ങല്ലൂര്‍.
3. ഗോത്രകലാവടിവുകള്‍, സി. ആര്‍. രാജഗോപാലന്‍, നാട്ടറിവുപഠനകേന്ദ്രം, കണിമംഗലം, തൃശ്ശൂര്‍.