എലിശല്യം രൂക്ഷമായിരിക്കുകയാണ്. വന്നു വന്ന് പാഠപുസ്തകത്തിന്റെ പുറംചട്ട വരെ കടിച്ചു വികൃതമാക്കിയിരിക്കുന്നു. അതിന്റെ പേരില്‍ മാഷുടെ കൈയില്‍ നിന്നും തല്ലും കിട്ടി.
ഉണ്ണിയപ്പത്തില്‍ എലിവിഷം വച്ചു നോക്കി. പൂച്ചയെ വളര്‍ത്തി. ഒരു രക്ഷയുമില്ല. ഒടുവില്‍ അച്ഛന്‍ എലിക്കെണി കൊണ്ടുവന്നു. എലിയെ ആകര്‍ഷിക്കാന്‍ കനലില്‍ ചുട്ട തേങ്ങാപ്പുള് കൊളുത്തില്‍ തൂക്കിയിട്ടു.
അത് ഏറ്റു. അന്നു രാത്രിയില്‍ എലി പെട്ടിക്കകത്തു കുടുങ്ങി. ഒരു മുട്ടന്‍ എലി.
ശബ്ദം കേട്ട് അച്ഛനോടൊപ്പം ഞാനും ചെന്നു.
‘തിന്നു തിന്ന് പെരുച്ചാഴിയെ പോലെയായിരിക്കുന്നു. നേരം വെളുത്തോട്ടെ…..’
അച്ഛന്‍ എലിയെ നോക്കി അഭിപ്രായപ്പെട്ടു.
പുസ്തകത്തിന്റെ പുറംചട്ട തിന്ന് തല്ലു വാങ്ങിച്ചു തന്ന മൂഷികനെ ഞാന്‍ കണ്ണു നിറയെ കണ്ടു. അവന്‍ പെട്ടിക്കകത്തു കിടന്ന് പരാക്രമം കാണിക്കുകയാണ്. തേങ്ങാപ്പൂള് കൊളുത്തില്‍ തന്നെ തൂങ്ങിക്കിടക്കുന്നു.
‘അച്ഛാ, നാളെ എങ്ങനെയാ അതിനെ കൊല്ലണത്?’
ഞാന്‍ ചോദിച്ചു.
‘വെള്ളത്തില്‍ മുക്കിക്കൊല്ലാം. അല്ലെങ്കില്‍ കമ്പു കൊണ്ട് തലയില്‍ ഞെരിച്ചു കൊല്ലാം. കെണിയില്‍പെട്ടു കഴിഞ്ഞാല്‍ പിന്നെ, എങ്ങനെ വേണേലും കൊല്ലാം.’
അച്ഛന്‍ നിസ്സാരമട്ടില്‍ അറിയിച്ചു.
അച്ഛനോടൊപ്പം പോയി കിടന്നെങ്കിലും ഉറക്കം വന്നില്ല. എന്തൊക്കെ പറഞ്ഞാലും ഗണപതിയുടെ വാഹനമാണ്. പിന്നെ, മാഷുപറഞ്ഞതുപോലെ സൂക്ഷിക്കേണ്ടത് ഞാനായിരുന്നു. എന്റെ അശ്രദ്ധ കൊണ്ടാണ് പുസ്തകം എലി കടിച്ചത്. എലിക്കറിയില്ലല്ലോ പാഠപുസ്തകത്തിന്റെ പ്രാധാന്യം. നേരം പുലര്‍ന്നാല്‍ വധശിക്ഷ നടപ്പാക്കും. മിക്കവാറും മുക്കിക്കൊല്ലാനാണ് സാധ്യത. ഗണപതിയുടെ വാഹനം ശ്വാസം കിട്ടാതെ പിടഞ്ഞു മരിക്കും.
ഞാന്‍ പതുക്കെ എഴുന്നേറ്റു. അച്ഛന്‍ നല്ല ഉറക്കത്തിലാണ്. ടോര്‍ച്ചുമായി പതുക്കെ അടുക്കളയിലേക്ക് ചെന്നു. എലി അപ്പോഴും പെട്ടിക്കകത്തു കിടന്ന് രക്ഷാമാര്‍ഗ്ഗം തേടുകയാണ്. ഞാന്‍ മൂഷികന്റെ നേരെ ടോര്‍ച്ച് പ്രകാശിപ്പിച്ചു. പന്തം കണ്ട പെരുച്ചാഴിയെ പോലെ എന്നു കേട്ടിട്ടേയുള്ളൂ. ടോര്‍ച്ചിന്റെ പ്രകാശത്തിനു മുന്നില്‍ അത് എന്നെ മിഴിച്ചു നോക്കി.
‘ഇനി പുസ്തകം തിന്നരുത്. വേണമെങ്കില്‍ ഇത്തിരി നെല്ലു തിന്നോ. ഗണപതിയുടെ വാഹനമായതുകൊണ്ട് നിന്നെ കൊല്ലുന്നില്ല.’
അത്രയും പറഞ്ഞ് ഞാന്‍ പെട്ടി തുറന്നു. എലി ഒറ്റച്ചാട്ടത്തിന് പുറത്തെത്തി. പിന്നെ, എവിടെയോ മറഞ്ഞു.
രാവിലെ മൂഷിക വധം നടപ്പാക്കാന്‍ എത്തിയ അച്ഛന്‍ അന്തം വിട്ടു പോയി.
‘ഡാ, ഇതിനകത്തെ എലിയെവിടെ?’
അച്ഛന്‍ ഉറക്കെ ചോദിച്ചു.
ഞാന്‍ ഒന്നുമറിയാത്ത ഭാവത്തില്‍ പൊട്ടന്‍ കളിച്ചു.
എന്നെ ഒന്നു തുറിച്ചു നോക്കിയ ശേഷം അച്ഛന്‍ ദേഷ്യത്തോടെ പുറത്തേയ്ക്കു പോയി.
എലിപ്പെട്ടിക്കകത്ത് ചുട്ട തേങ്ങാപ്പൂള് അപ്പോഴും കിടപ്പുണ്ടായിരുന്നു. ഞാന്‍ അതെടുത്ത് നെല്ലു നിറച്ചു വച്ച ചാക്കുകള്‍ക്കിടയിലേക്ക് ഇട്ടു.
കൊതിപ്പിച്ചതല്ലേ. തിന്നോട്ടെ.