എറണാകുളം ജില്ലയിലെ പള്ളിപ്പുറം പഞ്ചായത്തിലുള്ള ഒരു തീരദേശഗ്രാമമാണ് മുനമ്പം. മുനമ്പം എന്ന തീരദേശഗ്രാമം ഇന്ന് കേരളത്തിന്റെ നൊമ്പരമായിമാറിയിരിക്കുന്നു. തലമുറകളായി മുനമ്പത്ത് താമസിക്കുന്ന അറുന്നൂറിലേറെ കുടുംബങ്ങള്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുകയാണ്. ഇതില്‍ ഭൂരിഭാഗവും ക്രൈസ്തവ മത വിശ്വാസികളും, മറ്റുള്ളവര്‍ പിന്നാക്കക്കാരായ ഹിന്ദുമതവിശ്വാസികളുമാണ്. ഇത് കൂടാതെ മുനമ്പത്തെ വേളാങ്കണ്ണിമാതാ പള്ളിയും, അവിടുത്തെ സെമിത്തേരിയും, വ്യാകുലമാതാ ആശ്രമവും, പ്രസന്റേഷന്‍ കോണ്‍വെന്റും അടക്കം ഇന്ന് തര്‍ക്ക ഭൂമിയിലെ തര്‍ക്കവസ്തുക്കളായി മാറിയിരിക്കുന്നു. മുനമ്പം വിഷയം രാജ്യാന്തര ശ്രദ്ധ നേടിയത് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാത്തോലിക്കാ ബാവയും, ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴേത്തും മുനമ്പം നിവാസികളും തങ്ങളുടെ പരാതി സപ്തംബര്‍ 10ന് ജെ.പി.സിക്ക് സമര്‍പ്പിക്കുകയും, പ്രസ്തുത പരാതി കേന്ദ്ര പാര്‍ലിമെന്ററി കാര്യമന്ത്രി കിരണ്‍ റിജ്ജു ‘എക്‌സ്’ പ്ലാറ്റ് ഫോമില്‍ പങ്കുവെയ്ക്കുകയും ചെയ്തപ്പോഴാണ്.
വഖഫ് എന്നാല്‍ എന്ത്?
വഖഫ് എന്നാല്‍ അറബി ഭാഷയില്‍ പരിമിതപ്പെടുത്തുക, നിലനിര്‍ത്തുക, എന്നിവയെല്ലാമാണ് അര്‍ത്ഥം. ശരിയത്ത് നിയമത്തിന്റെ ഉള്ളില്‍ വഖഫ് എന്നാല്‍ മതപരമായ കാര്യങ്ങള്‍ക്ക്, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവെയ്ക്കപ്പെട്ട വസ്തു എന്ന നിലയില്‍ ആണ് ഉപയോഗിക്കുന്നത്. മുഹമ്മദ് നബിയുടെ കാലം മുതലേ വഖഫ് സമ്പ്രദായം ഉള്ളതായി പറയപ്പെടുന്നു. ഏതായാലും തുര്‍ക്കിയിലെ ഓട്ടോമന്‍ ഭരണകാലത്ത് വഖഫ് സംബന്ധമായ നിയമങ്ങള്‍ വിപുലമാക്കുകയും, വഖഫിനായി ഒരു ഭരണഘടന തന്നെ രൂപപ്പെടുത്തുകയും ചെയ്തതായാണ് ചരിത്രം.
ഭാരതത്തില്‍ 1913നു മുമ്പ് പ്രാദേശിക പാരമ്പര്യങ്ങളും, പ്രാദേശിക മതാചാര്യന്മാര്‍ പറയുന്ന അലിഖിതമായ ചില നിയമങ്ങളുമാണ് വഖഫ് സംബന്ധിച്ച് ഉണ്ടായിരുന്നതും, നടപ്പിലാക്കിയിരുന്നതും. എന്നാല്‍ 1913ല്‍ ബ്രിട്ടീഷുകാരാണ് ‘മുസല്‍മാന്‍ വഖഫ് വാലിഡേറ്റിംഗ് ആക്ട്’ എഴുതി ഉണ്ടാക്കിയത്. അതിനുശേഷം ബ്രിട്ടീഷുകാര്‍ തന്നെ 1923ല്‍ ‘മുസല്‍മാന്‍ വഖഫ് ആക്ട്’ എഴുതി ഉണ്ടാക്കി പ്രസിദ്ധീകരിച്ചു.
സ്വാതന്ത്ര്യാനാന്തരം ഭാരതത്തിലും പലകുറി വഖഫ് നിയമങ്ങള്‍ മാറ്റി എഴുതപ്പെട്ടു. 1954ല്‍ നിര്‍വചനത്തില്‍ തന്നെ മാറ്റങ്ങള്‍ വരുത്തി, വഖഫ് ഈ വിഷയങ്ങളിലെ 3 രീതികള്‍ സെക്ഷനില്‍ എഴുതി ചേര്‍ക്കുകയുമുണ്ടായി. 1995 ലെ നരസിംഹറാവു സര്‍ക്കാര്‍ രൂപം കൊടുത്ത വഖഫ് ആക്ട്, സെക്ഷന്‍ 83ല്‍ വഖഫ് ട്രിബ്യൂണലുകള്‍ സ്ഥാപിക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ഒരു വസ്തു വഖഫിന്റെതാണ് എന്ന് തീരുമാനിക്കുന്നതില്‍ 1975ലെ കരിനിയമം വിപുലമായ അധികാരമാണ് വഖഫ് ബോര്‍ഡിന് നല്‍കിയിട്ടുള്ളത്. ഒരു സ്ഥലത്തെ കുറിച്ച് വഖഫ് ബോര്‍ഡ് അവകാശവാദമുന്നയിച്ചാല്‍, വഖഫ് ട്രിബ്യൂണല്‍ അത് പിന്‍വലിക്കുകയോ, തിരുത്തുകയോ ചെയ്യുന്നില്ലായെങ്കില്‍ വഖഫ് ബോര്‍ഡിന്റെ തീരുമാനം അന്തിമമാവും.
മൗലിക നിയമനിഷേധം
വഖഫ് നിയമങ്ങളില്‍ അതിപ്രധാനമായ മൗലിക നിയമങ്ങളുടെ നിഷേധമുണ്ട് എന്നത് പരക്കെ അംഗീകരിക്കപ്പെടുന്ന വസ്തുതയാണ്. ഉദാഹരണത്തിന് അന്യമതസ്ഥരുടെയോ, എന്തിന് ഇസ്ലാം മതവിശ്വാസികളുടെയോ പോലും നിയന്ത്രണത്തിലുള്ള ഒരു ട്രസ്റ്റിന്റെയോ, സൊസൈറ്റിയുടേയോ ഒരു വസ്തു അത് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തതാണെങ്കില്‍ പോലും വഖഫ് ബോര്‍ഡ്, അവരുടേതായ അന്വേഷണത്തിനൊടുവില്‍ വഖഫ് വസ്തുവാണെന്ന് അവകാശപ്പെട്ടാല്‍ അത് കൈമാറണമെന്ന് വഖഫ് ബോര്‍ഡിന് ആവശ്യപ്പെടാം. മറ്റ് രേഖകളുടെയോ, സര്‍ക്കാര്‍ ഉത്തരവുകളുടെയോ പിന്‍ബലം ആവശ്യമില്ല തന്നെ. ഇങ്ങനെ വഖഫ് ബോര്‍ഡ് നല്‍കുന്ന ഉത്തരവുകള്‍ക്കെതിരെ പരാതിക്കാരന്‍ പരാതിയുമായി പോകേണ്ടത് മുസ്ലിം മതപണ്ഡിതന്മാര്‍ മാത്രമുള്ള വഖഫ് ട്രിബ്യൂണലിലേക്കാണ്. അത്തരം ട്രിബ്യൂണലുകളില്‍ നിന്ന് അന്യമതസ്ഥര്‍ക്ക് എന്ത് നീതി ലഭിക്കും എന്നത് ഊഹിക്കാവുന്നതല്ലേ ഉള്ളൂ. ആ പരാതികള്‍ക്ക് നീതിയുക്തവും, മതേതരവുമായ നീതി ലഭിക്കുവാന്‍ ട്രിബ്യൂണലില്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ടു അന്യമതസ്ഥരെ കൂടി ഉള്‍ക്കൊളളിക്കണമെന്ന് ഉത്തരവിറക്കിയപ്പോള്‍ ആ ഉത്തരവിനെ വിവരക്കേടിന്റെ അപ്പോസ്തലരായ ഒരു കോണ്‍ഗ്രസ് നേതാവ് എതിര്‍ത്തത് ഗുരുവായൂരില്‍ ദേവസ്വം ബോര്‍ഡില്‍ അന്യമതസ്ഥര്‍ക്ക് ബോര്‍ഡ് മെമ്പര്‍ സ്ഥാനം നല്‍കുമോ എന്നാണ്. സിവില്‍ കേസുകളും, അന്യമതസ്ഥരുടേതടക്കം വസ്തുതര്‍ക്കങ്ങള്‍ വരുന്ന ട്രിബ്യൂണലുകളില്‍ സ്വാഭാവികനീതിയ്ക്ക് മറ്റു മതസ്ഥരെ ഉള്‍പ്പെടുത്തുന്നതും, ആരാധനാലയങ്ങളില്‍ അന്യമതസ്ഥരെ ഉള്‍പ്പെടുത്തുന്നതും ഒന്നാണെന്ന് വിശ്വസിക്കുന്ന ‘അസുരവിഡ്ഢികളെ’ എങ്ങിനെയാണ് ഈ കാര്യം പറഞ്ഞു മനസ്സിലാക്കുക?
വിചിത്രമായ മറ്റൊരു കാര്യം ട്രിബ്യൂണല്‍ ഈ ഉത്തരവ് തിരുത്തുകയോ പിന്‍വലിക്കുകയോ ചെയ്തില്ലെങ്കില്‍ വഖഫ് ബോര്‍ഡിന്റെ തീരുമാനം അന്തിമമായിരിക്കും. ദുഃഖകരമായ മറ്റൊരു അപകടം വഖഫ് ട്രിബ്യൂണലിന്റെ തീരുമാനത്തിനെതിരെ അപ്പീലുമായി, ഭരണഘടന നല്‍കുന്ന സ്വാഭാവിക നീതി ലഭിക്കുവാനായി പരാതിക്കാര്‍ക്ക് ഹൈക്കോടതിയില്‍ പോകുവാന്‍ നിയമപരമായി കഴിയുകയില്ല. ആകെയുളള ഒരു പോംവഴി ഹൈക്കോടതിയില്‍ ഒരു റിട്ട് (writ) പെറ്റീഷന്‍ നല്‍കുക എന്നതുമാത്രമാണ്. ഇത് ഇന്ത്യന്‍ ഭരണഘടന ഒരു പൗരന് നല്‍കുന്ന വ്യക്തി സ്വാതന്ത്ര്യത്തിന്റെ വിശാലമായ സങ്കല്‍പ്പത്തെ തകര്‍ക്കുന്ന ഒന്നാണ് എന്നതില്‍ സംശയമില്ലല്ലൊ?
മുനമ്പം എന്ന ഒരു ചെറു മുന്നറിയിപ്പ്
മുനമ്പത്തെ ജനങ്ങള്‍ അനുഭവിച്ചു തുടങ്ങുന്നത് ഭാരതമൊട്ടാകെ വ്യാപിക്കുവാന്‍ തുടങ്ങുന്ന അപകടത്തിന്റെ ചെറു മുന്നറിയിപ്പാണ്. ഇവിടുത്തെ 610 കുടുംബങ്ങള്‍ ഇന്ന് നമ്മള്‍ വിശ്വസിക്കുന്ന ഭരണഘടനയുടെയും നിയമസംവിധാനങ്ങളുടെയും പരിമിതികള്‍ അനുഭവിക്കുന്നു. ഭരണഘടനയും നിയമ സംവിധാനങ്ങളും നമ്മെ ഭരിച്ചിരുന്ന മുന്‍ ഭരണാധികാരികളും ചില മതമേലദ്ധ്യക്ഷന്മാരും ചേര്‍ന്ന് അട്ടിമറിച്ചിരിക്കുന്നു. മുനമ്പത്തെ ജനങ്ങള്‍ക്ക് അവര്‍ പണം കൊടുത്തു വാങ്ങിയ, ചിലര്‍ക്ക് കുടികിടപ്പവകാശം ലഭിച്ച വസ്തുവകകള്‍ക്ക് കരം അടച്ച രശീതും, വില്ലേജ് – താലൂക്ക് ഓഫീസില്‍ നിന്നുള്ള എല്ലാ സര്‍ക്കാര്‍ രേഖകളും ഉണ്ടായിട്ടും വീടുകള്‍ അന്യാധീനപ്പെടുവാന്‍ പോകുന്നു – ‘ഏതാണ്ട് 36 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണം കൊടുത്തു വാങ്ങിയ സ്ഥലം വഖഫ് ആണെന്നും, അത് തിരിച്ചെടുക്കുവാന്‍ 2009ലെ നിസ്സാര്‍ കമ്മറ്റി റിപ്പോര്‍ട്ട് എഴുതി ഉണ്ടാക്കിയെന്നു പറയുന്ന റിപ്പോര്‍ട്ടും ചുവടു പിടിച്ച് ഉടനെ മുനമ്പം നിവാസികളെ ഒഴിപ്പിക്കുവാന്‍ കേരള ഹൈക്കോടതിയും ഉത്തരവിറക്കി. ഈ ഉത്തരവിനെ തുടര്‍ന്ന് ദളിത്-പിന്നാക്ക-ന്യൂനപക്ഷങ്ങളെ മുസ്ലീം ജനസാമാന്യത്തിന്റെ ഹൃദയത്തോട് ചേര്‍ത്ത് വെയ്ക്കുമെന്ന് വലിയവായില്‍ വീമ്പിളക്കുന്ന എസ്ഡിപിഐയും പിഡിപിയും മുനമ്പത്തെ പാവപ്പെട്ടവരെ, ദളിത് – പിന്നാക്ക ന്യൂനപക്ഷവിഭാഗത്തിന്റെ ചെറിയ കുടിലുകളെപ്പോലും ലക്ഷ്യം വെച്ച്, അവ കൈവശപ്പെടുത്തുവാനാണ് ആഹ്വാനം ചെയ്തുകൊണ്ടിരിക്കുന്നത്.
ഈ 610 കുടുംബങ്ങളുടെ ജീവിതം ഈ മതരാഷ്ട്രവാദത്തിന്റെ ആദ്യ ഗര്‍ജ്ജനത്തില്‍ തന്നെ തകര്‍ന്നിരിക്കുകയാണ്. അവരുടെ ജീവിതം അന്യമതസ്ഥര്‍ മാത്രമുള്ള, മതപരമായ അറിവുകള്‍ മാത്രം വെച്ച്, ആ മതത്തിന്റെ മാത്രം ഉന്നമനം ലക്ഷ്യം വെച്ചുള്ള സേവനം നടത്തുന്ന ഒരു കൂട്ടം മതാന്ധന്മാരുടെ മുന്നില്‍ നീതി ലഭിക്കുവാനായി കാത്തുകിടക്കുകയാണ്. രാജ്യമെമ്പാടും വഖഫ് ട്രിബ്യൂണലുകളില്‍ ഇത്തരം അനേകായിരം കേസുകള്‍ കെട്ടികിടക്കുന്നു. പതിനായിരക്കണക്കിന് അര്‍ദ്ധപട്ടിണിക്കാരായ മനുഷ്യര്‍ക്ക് തര്‍ക്കഭൂമി ആയതിനാല്‍ കരമടയ്ക്കുവാന്‍ പറ്റാതെ, ലോണ്‍ എടുക്കുവാന്‍ സാധിക്കാതെ, വില്‍ക്കുവാന്‍ സാധിക്കാതെ തകര്‍ന്നു നില്‍ക്കുകയാണ്. ഈ ഭൂമിയില്‍ നിര്‍മ്മാണം നടത്തുവാനോ, വില്‍ക്കുവാനോ വഖഫ് 1995 ആക്ടിലെ സെക്ഷന്‍ 51 പ്രകാരമുള്ള അനുമതി വേണം എന്നതാണ് ഈ കുടുംബങ്ങളെ ആത്മഹത്യാ മുനമ്പത്തേയ്ക്ക് തള്ളിവിട്ടിരിക്കുന്നത്.
വഖഫ് എന്ന അനീതി
ഒരു മതത്തിലെ അദ്ധ്യാത്മിക/സാമൂഹിക ലക്ഷ്യങ്ങള്‍ക്ക് വേണ്ടി സ്ഥാപിതമായ ഒരു വ്യവസ്ഥിതി എങ്ങിനെയാണ് ഒരു ഗ്രാമത്തിന്റെ മുഴുവന്‍ അനീതിയുടെ പര്യായമാകുന്നത്? ഭാരതത്തിലെ വഖഫ് ബോര്‍ഡിന് 1.2 ലക്ഷം കോടി രൂപയുടെ സ്വത്ത് 2019ലെ കണക്കുപ്രകാരം ഉണ്ടെന്നാണ് പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. വഖഫ് കണക്കുകള്‍ പ്രകാരം 4,94,089 വസ്തുവകകള്‍ ബോര്‍ഡിന്റെ നിയന്ത്രണത്തിലുണ്ട്. ഉത്തര്‍പ്രദേശില്‍ 55,479ഉം പശ്ചിമ ബംഗാളില്‍ 34,614ഉം, ബീഹാറില്‍ 26,343ഉം, മഹാരാഷ്ട്രയില്‍ 23,364ഉം, കര്‍ണ്ണാടകയില്‍ 19,441ഉം വസ്തുകള്‍ എന്ന കണക്കാണ് നിലവില്‍ ലഭിക്കുന്നത്. ഭാരതത്തില്‍ ആകമാനം 30 വഖഫ് ബോര്‍ഡുകള്‍ (ഷിയാകളുടേതടക്കം) നിലവിലുണ്ട്. അതില്‍ ഒരു ബോര്‍ഡില്‍ 10 പേര്‍ വെച്ച് 320 ഓളം പേരാണ് ഈ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നത്. ഈ 320 ഓളം പേരാണ് ഇന്ന് ഭാരതത്തില്‍ ആകമാനം വഖഫ് കേസുകളായി കെട്ടികിടക്കുന്ന ഒരു ലക്ഷത്തോളം കേസുകളുടെ വിധി നിര്‍ണ്ണയിക്കുന്നത് എന്നതും ആധുനിക നിയമവ്യവസ്ഥ നിലനില്‍ക്കുന്ന ഒരു ജനാധിപത്യ രാജ്യത്ത് ചിന്തിക്കുവാന്‍ ആകുന്നതാണൊ?
ഇതു കൂടാതെ പല സംസ്ഥാനങ്ങളിലും വഖഫ് ട്രിബ്യൂണലുകള്‍ ഇല്ല, അതിനാല്‍ വഖഫ് ബോര്‍ഡുകള്‍ തന്നെയാണ് സര്‍വ്വാധികാരികള്‍. ഒരു ഏകാധിപത്യഭരണ, ഏകാധിപതിയായ രാജാവ് ആവശ്യമുള്ള സ്ഥലവും, സ്ത്രീകളെയും കയ്യടിക്കുന്നതുപോലെ ഇവിടെ വഖഫ് ബോര്‍ഡുകളും ഉടമസ്ഥാവകാശം അവകാശപ്പെടുകയും, തുടര്‍ന്ന് അവര്‍ തന്നെ അവരുടെ ഇഷ്ടപ്രകാരം നിയമനിര്‍മ്മാണത്തിന്റെ പഴുതിലൂടെ സ്വത്തുക്കള്‍ കൈവശപ്പെടുത്തുകയും ചെയ്യുന്നു എന്നത് നീതിബോധമുള്ള ആര്‍ക്കാണ് അനുവദിച്ചുകൊടുക്കുവാന്‍ സാധിക്കുക?
കോണ്‍ഗ്രസ് ചെയ്ത ചതി
കോണ്‍ഗ്രസ്സിന്റെ പ്രീണന രാഷ്ട്രീയത്തിന്റെ ആദ്യ ഇരകളാണ് മുനമ്പം നിവാസികള്‍. 2013ല്‍ കോണ്‍ഗ്രസ്സ് മന്‍മോഹന്‍ സിംഗിന്റെ ഭരണകാലാവധി തീരും മുമ്പ് ഉണ്ടാക്കിയ ഗൂഡാലോചനയുടെ ഉല്‍പന്നമാണ് ഈ ജനവിരുദ്ധ വഖഫ് നിയമ പരിഷ്‌കരണം. വഖഫ് ബോര്‍ഡിലെ 300 ഓളം പ്രമാണിമാര്‍ക്ക് രാജ്യത്തിലെ ലക്ഷം കോടി രൂപ വരുമാനമുള്ള സ്വത്ത് പോരാതെ തങ്ങള്‍ക്ക് ആവശ്യമുള്ള സ്വത്തുക്കള്‍ കരിനിയമത്തിന്റെ പഴുതിലൂടെ തട്ടിയെടുക്കുവാനുള്ള വഴിയാണ് അധികാരത്തില്‍ നിന്ന് പുറത്തുപോകുമെന്ന സമയത്ത് കോണ്‍ഗ്രസ് നല്‍കിയത്. ഇതിനു പ്രതിഫലമായി കോണ്‍ഗ്രസ്സിന് ഇന്നു വഖഫ് തിരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ്ണ പിന്തുണ നല്‍കുന്നു.
പാട്ടത്തിന് കിട്ടിയ ഭൂമി 1948ല്‍ സിദ്ദിഖ് സേട്ട് രജിസ്റ്റര്‍ ചെയ്ത് കൈവശപ്പെടുത്തി എങ്കിലും കുടികിടപ്പ് അവകാശം കൊടുക്കാതിരിക്കാനാകും 1950ല്‍ തന്നെ ഫറൂഖ് കോളേജിന് വഖഫായി നല്‍കിയത്. ഇതിനെതിരെ നടന്ന കേസുകളില്‍ 1975ല്‍ കേരള ഹൈക്കോടതി വിധിയില്‍ ഈ ഡീഡിനെ വഖഫ് ഡീഡ് എന്നല്ല ഗിഫ്റ്റ് ഡീഡ് എന്നാണ് വിവക്ഷിച്ചിരിക്കുന്നത്. 1988ല്‍ ഫറൂഖ് കോളേജ് ഈ സ്ഥലം കൈവശാവകാശക്കാര്‍ക്ക് വില്‍ക്കുന്നു. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ്സ് 2013ല്‍ കൊണ്ടുവന്ന കരിനിയമത്തിന്റെ മറവില്‍ ഈ സ്ഥലങ്ങള്‍ക്കായി വഖഫ് ബോര്‍ഡ് അവകാശമുന്നയിക്കുമ്പോള്‍ ഈ ദുരന്തത്തിന്റെ കാരണക്കാരും, യഥാര്‍ത്ഥ ഉത്തരവാദികളും കോണ്‍ഗ്രസ് നേതൃത്വവും സോണിയാ ഗാന്ധിയുമാണ് എന്നതില്‍ തര്‍ക്കമില്ല. അതുകൊണ്ട് മുനമ്പം വിഷയത്തില്‍ നിന്ന് കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് ഒളിച്ചോടുവാന്‍ സാധ്യമല്ല തന്നെ.
മുനമ്പത്തെ കമ്മ്യൂണിസ്റ്റ് ഒളിച്ചുകളികള്‍
മുനമ്പം ഗ്രാമവാസികളുടെ ഉറക്കം കെടുത്തുന്ന ഈ വിഷയം സംസ്ഥാന സര്‍ക്കാരിന് അവസാനിപ്പിക്കുവാന്‍ മണിക്കൂറുകള്‍ മാത്രം മതി. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അതിന് എന്തുകൊണ്ടാണ് തയ്യാറാകാത്തത്? സംസ്ഥാന സര്‍ക്കാരും കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ആരെയാണ് ഭയക്കുന്നത്?
മുനമ്പം വിഷയത്തിന്റെതുപോലെയുള്ള വിഷയം തന്നെയാണ് കര്‍ണ്ണാടകയില്‍ കഴിഞ്ഞ ആഴ്ചയില്‍ നടന്നത്. കര്‍ണ്ണാടകയിലെ വിജയപുരിയില്‍ കര്‍ഷകരുടെ 1200 ഏക്കര്‍ കൃഷി ഭൂമി ഒരു സുപ്രഭാതത്തില്‍ വഖഫ് വസ്തുവായി കര്‍ണ്ണാടക വഖഫ് ബോര്‍ഡ് പ്രഖ്യാപിക്കുന്നു. എന്നാല്‍ കര്‍ണ്ണാടകയിലെ കര്‍ഷക നേതൃത്വവും പ്രതിപക്ഷ കക്ഷിയായ ബിജെപിയും ശക്തമായ പ്രക്ഷോഭ പരിപാടിയിലേക്ക് കടന്നപ്പോള്‍ തന്നെ കര്‍ണ്ണാടക സര്‍ക്കാര്‍ ഈ നടപടി തിരുത്തുവാന്‍ തയ്യാറായി. ഇത് എന്തുകൊണ്ട് കേരളത്തില്‍ സംഭവിക്കുന്നില്ല? എന്തുകൊണ്ട് പ്രതിപക്ഷ കക്ഷികളും കോണ്‍ഗ്രസ്സും മുനമ്പം ഗ്രാമവാസികളുടെ നീതിപൂര്‍ണ്ണമായ ആവശ്യത്തെ പിന്‍തുണയ്ക്കുന്നില്ല, സമരമുഖത്ത് വരുന്നില്ല? എന്തുകൊണ്ട് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും, കേരള സര്‍ക്കാരും മുനമ്പം നിവാസികളുടെ കണ്ണീരൊപ്പുവാന്‍ തയ്യാറാകുന്നില്ല.
വഖഫ് ബോര്‍ഡിന്റെ ഘടന
ഭാരതത്തില്‍ എമ്പാടുമുള്ള വഖഫ് ബോര്‍ഡുകളെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുരക്ഷിതമായി നിയന്ത്രിക്കുവാന്‍ ആകുംവിധമാണ് രൂപകല്പന ചെയ്തിട്ടുള്ളത്. സംസ്ഥാന വഖഫ് ബോര്‍ഡില്‍ രണ്ട് മുസ്ലിം എം.എല്‍.എമാര്‍, ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുള്ള 2 മുതുവല്ലവിമാര്‍, ഒരു മുസ്‌ലിം എം.പി., ബാര്‍ കൗണ്‍സിലിന്റെ ഒരു പ്രതിനിധി (അഡ്വക്കേറ്റ്), മുസ്ലിം സംഘടനയുടെ പ്രതിനിധി, രണ്ട് സര്‍ക്കാര്‍ നോമിനികള്‍, മുസ്ലിം പണ്ഡിതരില്‍ നിന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന നോമിനികള്‍, ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലുളള ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്നിവരാണ് അംഗങ്ങളായി വരുന്നത്. ഇത്തരത്തില്‍ 10 അംഗങ്ങളുള്ള വഖഫ് ബോര്‍ഡില്‍ സംസ്ഥാന സര്‍ക്കാരിന് സുഗമമായി നിയന്ത്രണം സ്ഥാപിക്കാനാവും എന്ന് ആര്‍ക്കാണ് സംശയം? നിലവിലെ വഖഫ് ബോര്‍ഡില്‍ ഭൂരിപക്ഷം കേരള സര്‍ക്കാരിന് തന്നെയാണ്. ബോര്‍ഡിന്റെ ചെയര്‍മാന്‍ എ.എം.സക്കീര്‍, എം.എല്‍.എമാരുടെ പ്രതിനിധികളായ പി. ഉബൈദുള്ള (മുസ്ലിംലീഗ്), അബ്ദുള്‍ വഹാബ് എം. പി. (മുസ്ലിംലീഗ്) മായിന്‍ ഹാജി (മുസ്ലിംലീഗ്) എന്നിവര്‍ ഒഴിച്ചാല്‍ നൗഷാദ് എംഎല്‍എ അടക്കമുള്ള മറ്റു പ്രതിനിധികള്‍ എല്ലാം സിപിഎമ്മിന്റെ, സര്‍ക്കാരിന്റെ നോമിനികളോ, സഹയാത്രികരോ ആണ്. എന്തുകൊണ്ടാണ് ബഹുഭൂരിപക്ഷം വരുന്ന മാര്‍ക്‌സിസ്റ്റ് സഹയാത്രികരായ തങ്ങളുടെ നോമിനികളെ കൊണ്ട് വഖഫ് ബോര്‍ഡിന്റെ ഈ കരിനിയമത്തെ കേരള സര്‍ക്കാര്‍ പിന്‍വലിപ്പിക്കാത്തത്?
അതുപോലെ കോണ്‍ഗ്രസ്സിന് മുനമ്പം വിഷയത്തില്‍ അതീവ താല്പര്യമുണ്ടെങ്കില്‍ സഖ്യകക്ഷികളായ മുസ്ലിംലീഗിനെ കൊണ്ട് എന്തുകൊണ്ട് വഖഫ് ബോര്‍ഡില്‍ ഒരു പ്രമേയം അവതരിപ്പിച്ചു കൂടാ? ഇതു സൂചിപ്പിക്കുന്നത് ഇരുമുന്നണികളും മുനമ്പം നിവാസികളെയും, മുനമ്പത്തെ ദളിത്- പിന്നാക്ക-മത്സ്യപ്രവര്‍ത്തക സമൂഹത്തിന്റെയും സ്ഥലം കൊള്ളയടിക്കുന്ന ഭൂമാഫിയകളുടെ കൂടെയാണ് എന്നു തന്നെയല്ലേ? ഇതിന്റെ ഏറ്റവും പ്രകടമായ വാദം ജനങ്ങള്‍ കേള്‍ക്കുന്നത് കേരളത്തിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയില്‍ നിന്നുമാണ്. മുനമ്പം ഭൂസംരക്ഷണസമിതി നേതാക്കള്‍ മന്ത്രി അബ്ദുള്‍ റഹിമാനെ സന്ദര്‍ശിച്ചപ്പോള്‍ മന്ത്രിയും സംശയത്തിന്റെ ലവലേശമില്ലാതെ ആവര്‍ത്തിച്ചത് മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്ന് തന്നെയാണ്. ഇത് സംസ്ഥാന സര്‍ക്കാരിന്റെയും കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയും കുടി അഭിപ്രായമാകാനല്ലെ വഴിയുള്ളൂ. അല്ലെങ്കില്‍ മന്ത്രിയെ തിരുത്തുവാനും അഭിപ്രായം മാറ്റി പറയിക്കുവാനും സംസ്ഥാനത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമായിരുന്നു. ഇത് സംഭവിച്ചിട്ടില്ല ഇതുവരെ എന്നത് സൂചിപ്പിക്കുന്നത് സംസ്ഥാന സര്‍ക്കാരും, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും, ഇടതുപക്ഷവും മുനമ്പം നിവാസികളോടൊപ്പമല്ല മറിച്ച് ഭൂമാഫിയകളായ ചിലരോടൊപ്പമാണ് എന്നുതന്നെയല്ലേ? കേരളത്തിലെ ന്യൂനപക്ഷക്ഷേമ വകുപ്പുമന്ത്രി അബ്ദുള്‍ റഹിമാന്റെ ഈ പ്രസ്താവനയും, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ദുരൂഹമായ മൗനവും മുനമ്പം ജനതയുടെ ഹൃദയത്തിലേക്ക് പകയുടെ കനല്‍ വാരിയിട്ടതുപോലെ വേദനയുളവാക്കുന്ന പ്രവൃത്തിയായി. ഇത് സൂചിപ്പിക്കുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മുനമ്പം നിവാസികളുടെ പ്രശ്‌നത്തെ പിന്തുണക്കുന്നില്ല എന്നുതന്നെയാണ്.
മുസ്ലിം സംഘടനകളുടെ വിരുദ്ധാഭിപ്രായങ്ങള്‍
മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്ന് ഒരു മുസ്ലിം സംഘടനയും അവകാശപ്പെടുന്നില്ല എന്നാണ് മുസ്ലിംലീഗിലെ മിതവാദി എന്നറിയപ്പെടുന്ന പി.കെ.കുഞ്ഞാലിക്കുട്ടി പത്രസമ്മേളനത്തില്‍ പറഞ്ഞത്. മാത്രവുമല്ല മുനമ്പത്തെ ഭൂ ഉടമകള്‍ക്ക് നീതി നടപ്പിലാക്കണം എന്നാണ് ആഗ്രഹിക്കുന്നതെന്നും കുഞ്ഞാലി കുട്ടി സാഹിബ് പറഞ്ഞുവത്രെ. എന്നാല്‍ എന്തുകൊണ്ടൊ ദീനാനുകമ്പയുള്ള കുഞ്ഞാലിക്കുട്ടി സാഹിബ് തന്റെ സഹപ്രവര്‍ത്തകരായ വഖഫ് ബോര്‍ഡ് അംഗങ്ങള്‍ക്ക് ഈ നിര്‍ദ്ദേശം നല്‍കുന്നില്ല? വഖഫ് ബോര്‍ഡിലെ മുസ്ലീംലീഗിന്റെ അംഗങ്ങളായ ഉബൈദുള്ള, മായിന്‍ഹാജി, അബ്ദുള്‍ വഹാബ് എം.പി. തുടങ്ങിയവര്‍ എന്തുകൊണ്ടാണ് വഖഫ് ബോര്‍ഡിന്റെ ഈ ജനവിരുദ്ധ-കരിനിയമത്തെ എതിര്‍ത്ത് വഖഫ് ബോര്‍ഡില്‍ സംസാരിക്കാത്തത്?
മുസ്ലിം സംഘടനകളായ പി.ഡി.പിയും, എസ്.ഡി.പിയും മുസ്‌ലിം സര്‍വ്വീസ് സൊസൈറ്റിയും മുനമ്പം ഭൂമിയിലുള്ള വഖഫ് അവകാശത്തെ പിന്തുണച്ചുകൊണ്ട് ആവര്‍ത്തിച്ച് പ്രസ്താവന ഇറക്കുന്ന സംഘടനകളാണ്. ജമാഅത്തെ ഇസ്ലാമിയാകട്ടെ നേരിട്ട് പ്രസ്താവന ഇറക്കിയതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല. എങ്കിലും ജമാഅത്തെ ഇസ്ലാമിയുടെ മുഖമാധ്യങ്ങളായ മീഡിയാവണ്ണും, മാധ്യമം പത്രവും അടക്കമുള്ളവര്‍ മുനമ്പം ഭൂമി വഖഫ് ആണെന്ന് ആവര്‍ത്തിച്ച് ഉറപ്പിക്കുകയാണ് ചെയ്യുന്നത്.
മുനമ്പം ദുരന്തത്തിന് ഉത്തരവാദികള്‍ ആര്?
മുനമ്പം ദുരന്തത്തിന്റെ ഒന്നാം പ്രതിയും രണ്ടാം പ്രതിയുമെന്ന പോലെ ഒഴിവാക്കുവാന്‍ ആകാത്ത മറ്റൊരു കുറ്റവാളി ഗൂഢാലോചന നടത്തുകയും കുറ്റകൃത്യം നടത്തുവാന്‍ അവസരമൊരുക്കിയവരുമാണ്. അങ്ങിനെ വരുമ്പോള്‍ ഈ മുനമ്പം പ്രശ്‌നങ്ങളുടെ എല്ലാം മൂലകാരണം 2013ലെ വഖഫ് ആക്ടില്‍ വരുത്തിയ നിയമഭീകരതയാണ്. അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം കോണ്‍ഗ്രസ്സിനു തന്നെയാണ്. എന്നാല്‍ അതേ അളവിലുള്ള കുറ്റകൃത്യം തന്നെയാണ് ഈ തെമ്മാടിത്തരം നടപ്പിലാക്കിയതിലൂടെ സംസ്ഥാന സര്‍ക്കാരും ചെയ്തിട്ടുള്ളത്. ഭരണകൂട ഭീകരത എന്ന് വിശേഷിപ്പിക്കാവുന്ന ഈ ഭൂമിപിടിച്ചു പറിക്കല്‍ നടത്തുവാന്‍ കൂട്ടുനില്‍ക്കുന്നത് കേരളത്തിലെ ഭരണകൂടത്തെ നിയന്ത്രിക്കുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തന്നെയാണ്. സംസ്ഥാന സര്‍ക്കാരിന് പൂര്‍ണ്ണ നിയന്ത്രണമുണ്ടായിട്ടും, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഇരവിപുരം നിയോജക മണ്ഡലം എം.എല്‍എയുമായ എം. നൗഷാദടക്കം ഭൂരിപക്ഷവും സര്‍ക്കാരിന്റെ നോമിനികള്‍ ആയിട്ടും എന്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ മുനമ്പത്തെ ഭൂമിയിലുള്ള വഖഫിന്റെ അവകാശവാദം പിന്‍വലിക്കാത്തതും, അവരോട് അത് ഒഴിവാക്കണമെന്ന് അവകാശപ്പെടാത്തതും? ഇത് സൂചിപ്പിക്കുന്നത് സംസ്ഥാന സര്‍ക്കാരും, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ഇടതുപക്ഷവും മുനമ്പത്ത് ഇരകളുടെ കൂടെയല്ല മറിച്ച് വേട്ടക്കാരുടെ കൂടെയാണെന്ന് തന്നെയാണ്. സംശയലേശമെന്യേ പറയാം മുനമ്പം വിഷയത്തിലെ ഒന്നാം പ്രതി സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ്. ഈ വിഷയത്തിലെ കൂട്ടുപ്രതികള്‍ തീര്‍ച്ചയായും മുസ്ലിം സംഘടനകള്‍ തന്നെയാണ്. സംഘടനയിലെ മിതവാദികളെ മുനമ്പം നിവാസികളുടെ കൂടെയാണ് എന്ന് തെറ്റിദ്ധരിപ്പിക്കുകയും, അതേസമയം കൂടെയുള്ള എം.പിയെയും എംഎല്‍എയും അടക്കമുള്ള നേതാക്കളെകൊണ്ട് വഖഫ് ബോര്‍ഡിന്റെ തീരുമാനങ്ങളെ പിന്തുണക്കുകയും ചെയ്യുന്ന നിലപാടാണ് മുസ്ലിംലീഗ് നടപ്പിലാക്കുന്നത്. എന്നാല്‍ എന്നും മുസ്ലിം തീവ്രനിലപാടുകള്‍ എടുക്കുന്ന പിഡിപിയും എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും തുടങ്ങിയ സംഘടനകള്‍ വഖഫ് ബോര്‍ഡിനെ പൂര്‍ണ്ണമായും പിന്തുണയ്ക്കുകയും, മുനമ്പത്തെ ഭൂമി ഒഴിപ്പിച്ച് വഖഫ് ഏറ്റെടുക്കണമെന്ന് വാദിക്കുകയും ചെയ്യുന്നു.
ഇതിലെ കള്ളക്കളിയും കേരളത്തിലെ ജനാധിപത്യ സമൂഹം മനസ്സിലാക്കേണ്ടതുണ്ട്. കാരണം മുസ്ലിം സമൂഹത്തിലെ പ്രധാന വിഷയങ്ങളില്‍ ഒരുമിച്ചിരുന്ന്, ഒറ്റക്കെട്ടായി തീരുമാനമെടുക്കുന്ന സമസ്തപോലുള്ള സംഘടനകള്‍ ഈ വിഷയത്തില്‍ കാണിക്കുന്ന ദുരൂഹമായ മൗനവും തീവ്ര നിലപാടുകളെ എതിര്‍ക്കാതെ, വഖഫിന്റെ അപകടകരമായ നീക്കത്തെ അപലപിക്കാതെ, നിശ്ശബ്ദതകൊണ്ട് പിന്തുണയ്ക്കുന്നതിനെ മുനമ്പത്തെ ജനതക്കെതിരെയുള്ള വെല്ലുവിളിയായി തന്നെ കണക്കാക്കണം. മിതവാദികളെന്നും, ജനാധിപത്യവാദികളെന്നും ഭാവിച്ചുകൊണ്ട് ഈ കൂട്ടര്‍ എല്ലാം രഹസ്യമായി പിന്തുണയ്ക്കുന്നത് വഖഫ് ബോര്‍ഡിനെയും അവരുടെ ജനവിരുദ്ധ കരിനിയമങ്ങളെയുമാണ് എന്നതാണ് സത്യം.
മുനമ്പത്തെ കണ്ണീരൊപ്പുന്നതാര്?
മുനമ്പത്തെ ഭൂമി നഷ്ടപ്പെടുന്ന പാവപ്പെട്ട ജനതയുടെ ഒപ്പം നില്‍ക്കുന്നതും കണ്ണീരൊപ്പുന്നതും ക്രൈസ്തവസഭയും, സംഘപരിവാര്‍ സംഘടനകളുമാണ്. വഖഫ് നിയമകുരുക്കില്‍ പെട്ട് കഷ്ടത അനുഭവിക്കുന്ന 610 കുടുംബങ്ങളുടെ, അതില്‍ ജാതി-മത-ഭേദമെന്യേ സര്‍വ്വരുടെയും ഭൂമി അന്യാധീനപ്പെട്ടുപോകാതെ, അവര്‍ക്കു നേരെയുള്ള നീതി നിഷേധത്തിനെതിരെ ക്രൈസ്തവ സഭകളെ മുന്നില്‍ നിന്ന് നയിച്ചത് ബഹുമാനപ്പെട്ട കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാത്തോലിക്കാ ബാവയും ബഹുമാനപ്പെട്ട ആര്‍ച്ച് ബിഷപ്പ്മാര്‍ ആന്‍ഡ്രൂസ് താഴേത്തും ആണ്. ഇരുവരുടെയും നേതൃത്വത്തില്‍ സഭാനേതൃത്വം ഒറ്റക്കെട്ടായി മുനമ്പം നിവാസികള്‍ക്കൊപ്പം നിന്നതുകൊണ്ടാണ് മുനമ്പത്തെ പാവപ്പെട്ട ക്രൈസ്തവ-ദളിത്-മത്സ്യപ്രവര്‍ത്തക-പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംഘടിത മതധാര്‍ഷ്ട്യത്തിനെതിരെയും, കോണ്‍ഗ്രസ് – മാര്‍ക്‌സിസ്റ്റ് കൂട്ടുകെട്ടിനെതിരെയും കേരള സര്‍ക്കാരിനെതിരെ തന്നെയും പിടിച്ചു നില്‍ക്കുവാന്‍ ഇന്നും ആയത്.
സമരമുഖത്ത് ഇന്ന് മുനമ്പം ഗ്രാമജനതയ്ക്കുവേണ്ടി ക്രൈസ്തവ സഭാ നേതൃത്വത്തോടൊപ്പം തോളോടുതോള്‍ ചേര്‍ന്നു നില്‍ക്കുന്ന മറ്റൊരു പ്രസ്ഥാനം സംഘപരിവാര്‍ സംഘടനകളാണ്. ബിജെപിയും എസ്എന്‍ഡിപിയും ഹിന്ദുഐക്യവേദിയും എല്ലാം ഇന്ന് മുനമ്പത്തെ ഭൂസംരക്ഷണസമിതിയുടെ തീരുമാനങ്ങള്‍ക്കും നയങ്ങള്‍ക്കുമൊപ്പം നിന്നുകൊണ്ട് അവര്‍ക്കുവേണ്ട പിന്തുണ നല്‍കുന്നു. സമരമുഖത്തേയ്ക്ക് കേന്ദ്രമന്ത്രിയായ സുരേഷ്‌ഗോപിയടക്കം വന്നുകൊണ്ട് മുനമ്പം നിവാസികള്‍ക്കൊപ്പമാണ് കേന്ദ്രസര്‍ക്കാരും എന്ന് പ്രഖ്യാപിക്കുകയുണ്ടായി.
എവിടെയെങ്കിലും ഒരിടത്തുള്ള അനീതി എല്ലായിടത്തുമുള്ള നീതിയ്ക്ക് ഭീഷണിയാണെന്ന് മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങ് പറഞ്ഞിട്ടുണ്ട്.
മുനമ്പം ഭാവിയിലേക്കുള്ള മുന്നറിയിപ്പാണ്. ചില വിഷയങ്ങളിലേക്കുള്ള ചൂണ്ടുപലകയാണ്. ഒളിച്ചുകടത്തപ്പെട്ട ചില മാരീച നിയമങ്ങള്‍ നാളെ മനുഷ്യസമൂഹത്തിന്, ജനാധിപത്യവിശ്വാസത്തിന്, ഭരണഘടനയ്ക്ക് എല്ലാം ഭീഷണിയാകുമെന്നതിന്റെ സൂചന. പൊതുസ്ഥലങ്ങളില്‍ നിസ്‌ക്കരിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നതും, നിര്‍മ്മലാ കോളേജില്‍, എയര്‍പോര്‍ട്ടുകളില്‍, എല്ലാം നിസ്‌കാര മുറികള്‍ വേണമെന്നും, പ്രാര്‍ത്ഥന മുറികള്‍ ഒരു വിഭാഗത്തിന്റേത് മാത്രമെന്ന് പൊതുജനം വിധിയെഴുതുമ്പോഴും ഒളിച്ചുകടത്തുന്നത് വഖഫിലെ ചില കരിനിയമങ്ങള്‍ കൂടിയാണ്. ഉദാഹരണത്തിന് ഉടമസ്ഥന്റെ അനുമതിയോടെ പതിവായി നിസ്‌കരിക്കുന്ന ഏതുസ്ഥലവും ഈ ഒറ്റകാരണത്താല്‍ വഖഫ് സ്വത്തായി ബോര്‍ഡിന് ഉത്തരവിടാം. തൊടുപുഴമലങ്കര എസ്റ്റേറ്റിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം അവിടുത്തെ മുസ്ലിം സമുദായത്തിന് നിസ്‌ക്കരിക്കുവാന്‍ നല്‍കി എന്ന ഒറ്റ കുറ്റത്താല്‍ ആ വസ്തു വഖഫ് വസ്തുവാണെന്ന് വഖഫ് ബോര്‍ഡ് അടുത്തകാലത്ത് അവകാശവാദം ഉന്നയിച്ചത് നമ്മള്‍ മറക്കുവാന്‍ പാടില്ല. കോളേജുകളില്‍ നിസ്‌കരിക്കുവാന്‍ സ്ഥലം ആവശ്യപ്പെട്ടുകൊണ്ട് ചില വിദ്യാര്‍ത്ഥിനികള്‍ നടത്തിയ സമരവും, അതിനെ തുടര്‍ന്നുണ്ടായ വലിയ ചര്‍ച്ചകളില്‍ ക്രൈസ്തവസഭയെ കുറ്റപ്പെടുത്തി കൊണ്ടുള്ള സാമൂഹ്യമാധ്യമ ക്യാംപെയിനും എല്ലാം നിഷ്‌കളങ്കമാണെന്ന്, ഒറ്റപ്പെട്ടതാണെന്ന് ഇനി ആരും വിശ്വസിക്കുകയില്ല. ഏറ്റവും ഒടുവില്‍ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് നഗരവും അതിനുചുറ്റുമുള്ള 600 ഏക്കര്‍ സ്ഥലവും വഖഫിന്റേതാണെന്ന അവകാശവാദം ഉന്നയിച്ചിരിക്കുകയാണ്. മുന്‍വിധികളില്ലാതെ മുനമ്പം വിഷയത്തെ കുറിച്ചും, അതിനോട് അനുബന്ധിച്ച് നടന്നതും നടക്കുന്നതുമായ സംഭവങ്ങളും, രാഷ്ട്രീയ-മത നേതാക്കളുടെ പ്രതികരണങ്ങളും സൂചിപ്പിക്കുന്നത് ഇതാണ്. മുനമ്പം ഒരു മുന്നറിയിപ്പാണ്. മുനമ്പം ഒരു ചൂണ്ടുപലകയാണ്.
മുനമ്പം ഒരു ഭീഷണിയാണ്
‘Every threat is an opportunity’ – എല്ലാ ഭീഷണിയും ഒരു അവസരം കൂടിയാണ്. ശക്തിയെത്രയെന്നു അളന്നു തിട്ടപ്പെടുത്തുവാന്‍, കഴിവുകള്‍ എല്ലാം പുറത്തെടുക്കുവാന്‍ ഉള്ള അവസരം (ബന്ധുവാര്? ശത്രുവാര്?) ശത്രുക്കളാര്, മിത്രങ്ങള്‍ ആര് എന്ന് അടുത്തറിയുവാനുള്ള അവസരം. നേരിട്ട് കാണുന്ന ശത്രുവിനെയും കാണാമറയത്തിരിക്കുന്ന, ദൂരെയിരിക്കുന്ന, ഭാവിയില്‍ പറന്നിറങ്ങാന്‍ പോകുന്ന ശത്രുവിനെതിരെ ഒരുമിക്കുവാന്‍, കരുതിയിരിക്കുവാന്‍ ഉള്ള അവസരം കൂടിയാണ് ഓരോ ഭീഷണിയും.
മുനമ്പം ഭൂസംരക്ഷണ സമിതിയുടെ വിജയം കേരള ജനതയുടെ വിജയമാണ്. ജനാധിപത്യത്തിന്റെ വിജയമാണ്. ഇന്ത്യന്‍ ഭരണഘടനയ്ക്കുള്ള മാനവികതയുടെ ജീവിക്കാനുള്ള അവകാശത്തിന്റെ വിജയമാണ്. ഈ വെല്ലുവിളി നേരിടേണ്ടതും, വിജയിക്കേണ്ടതും നമ്മള്‍ ഒരുമിച്ചാണ്. കാരണം ഈ വിജയം മനുഷ്യസമൂഹത്തിന്റെ ചരിത്രത്തില്‍ സ്വതന്ത്ര ചിന്തകള്‍ മതാധിപത്യ നിയമങ്ങള്‍ക്കെതിരെയുള്ള നിരന്തരപോരാട്ടത്തിന്റെ ഭാഗം കൂടിയാണ്. ഈ സമരത്തില്‍ വിജയിക്കുക എന്നത് നമ്മുടെ ജന്മാവകാശം കൂടിയാണ്.
ഇരുമുന്നണികളുടെയും നിലപാട് കാപട്യം
ആര്‍.വി. ബാബു-സംസ്ഥാന പ്രസിഡന്റ്, ഹിന്ദു ഐക്യവേദി
മുനമ്പത്തെ 600 ലേറെ കുടുംബങ്ങളെ പെരുവഴിയിലാക്കുന്ന നിലപാടാണ് വഖഫ് ബോര്‍ഡ് സ്വീകരിച്ചിരിക്കുന്നത്. മുനമ്പത്ത്കാര്‍ ഫാറൂഖ് കോളേജ് മാനേജ്‌മെന്റിന് വില കൊടുത്ത് വാങ്ങിയ ഭൂമിയുടെ മേലാണ് വഖഫ് ബോര്‍ഡ് അവകാശം ഉന്നയിച്ചത്. 1902 ല്‍ തിരുവിതാംകൂര്‍ രാജാവ് പാട്ടത്തിന് കൊടുത്ത ഭൂമിയാണ് അബ്ദുള്‍ സത്താര്‍ സേട്ട് 1948 ല്‍ നിയമവിരുദ്ധമായി ഫാറൂഖ് കോളേജിന് നല്‍കിയത്. പാട്ട ഭൂമി കൈമാറ്റം ചെയ്യുന്നത് നിയമവിരുദ്ധ നടപടിയാണ്. പാട്ടഭൂമി പോലും വഖഫ് ചെയ്ത്‌കൊണ്ടാണ് വഖഫ് കൊള്ള അരങ്ങേറുന്നത്. കോണ്‍ഗ്രസിന്റെ പ്രീണന രാഷ്ട്രീയത്തിന്റെ ഇരകളാണ് മുനമ്പം നിവാസികള്‍ . ഇടത് വലത് മുന്നണികള്‍ മുനമ്പത്ത്കാരുടെ നീറുന്ന പ്രശ്‌നം കണ്ടില്ലെന്ന് നടിക്കുന്നത് സംഘടിത വോട്ട് ബാങ്കിനെ ഭയന്നാണ്. ന്യൂനപക്ഷ സംരക്ഷണം എന്ന അവരുടെ മുദ്രാവാക്യം ഒട്ടും ആത്മാര്‍ത്ഥയില്ലാത്തതാണെന്ന് മുനമ്പം തെളിയിക്കുന്നു. വഖഫ് നിയമ ഭേദഗതിക്കെതിരെ നിയമസഭയില്‍ ഏകകണ്ഠമായി പ്രമേയം പാസ്സാക്കിയവര്‍ മുനമ്പത്തെക്കുറിച്ച് ഒരക്ഷരം പറഞ്ഞില്ല. മദനിക്ക് വേണ്ടി ഏകകണ്ഠമായി നിയമസഭയില്‍ പ്രമേയം പാസ്സാക്കിയ ഇടത് വലത് മുന്നണികള്‍ കൈകോര്‍ത്ത് വീണ്ടും ഭീകരതയെ പിന്തുണക്കുന്ന നിലപാട് സ്വീകരിച്ചു. നിയമസഭയില്‍ മുനമ്പത്ത്കാരെ ഒഴിപ്പിച്ച് വഖഫ് ഭൂമി സംരക്ഷിക്കണം എന്ന് പറഞ്ഞ മുസ്ലീം ലീഗും കോണ്‍ഗ്രസും ഇന്ന് അത് വഖഫ് ഭൂമിയല്ലെന്ന് മാറ്റിപ്പറയുന്നത് ജനവികാരം തങ്ങള്‍ക്കെതിരായി മാറിയത് കണ്ടുകൊണ്ടാണ്. ഇത് തികഞ്ഞ കാപട്യവും ജനവഞ്ചനയുമാണ്. സിപി എം മന്ത്രിസഭയിലെ വഖഫ് മന്ത്രി മുനമ്പത്തെ വഖഫ് ഭൂമി സംരക്ഷിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. മുനമ്പം ഭൂമി വഖഫ് ഭൂമിയല്ലെന്ന് വഖഫ് ബോര്‍ഡും സര്‍ക്കാരും അസന്നിഗ്ദ്ധമായി ഹൈക്കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കണം. വഖഫ് ബോര്‍ഡ് മുനമ്പം ഭൂമിയിലെ അവകാശവാദം ഉപേക്ഷിക്കുകയും വേണം. മുനമ്പം വിഷയത്തിന് അടിസ്ഥാന കാരണം വഖഫ് കരിനിയമമാണ്. വഖഫ് നിയമവും മുനമ്പം വിഷയവും രണ്ടും രണ്ടല്ല . നിലവിലെ വഖഫ് നിയമം എന്നേക്കുമായി റദ്ദ് ചെയ്യണം . മുന്‍കാല പ്രാബല്യത്തോടെ ഒരു പുതിയ വഖഫ് നിയമം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം. ഭരണ ഘടനതത്വങ്ങള്‍ക്ക് വിധേയമായിട്ടുള്ള മറ്റു കോടതിയിലൂടെയും അന്യമതസ്ഥര്‍ക്കും നീതി ലഭിക്കുന്ന ഒരു വഖഫ് ആക്ട് ആണ് കാലഘട്ടത്തിന്റെ ആവശ്യം.
വഖഫ് ബോര്‍ഡിന്റെ കയ്യേറ്റത്തെ എതിര്‍ക്കണം: തുഷാര്‍ വെള്ളാപ്പള്ളി -സംസ്ഥാന പ്രസിഡന്റ്, ബിഡിജെഎസ്
വഖഫ് ബോര്‍ഡിനെ നിസാരമായി കാണാന്‍ കഴിയില്ലെന്നും, കല്പാത്തിയില്‍ ഉള്‍പ്പടെ വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചേക്കാമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പാലക്കാട് പത്രസമ്മേളനത്തില്‍ പറഞ്ഞു. വഖഫ് ഏതെങ്കിലും ഭൂമിയില്‍ ബോര്‍ഡ് വച്ചാല്‍ ആളുകള്‍ക്ക് പിന്നെ അവിടെ കയറാന്‍ പറ്റാത്ത അവസ്ഥയാവും. എല്ലാ മതവിഭാഗങ്ങളെയും ബാധിക്കും. മലബാര്‍ മേഖലയെയാണ് ഇത് കൂടുതല്‍ ബാധിക്കുക. ടിപ്പുവിന്റെ പേരുപറഞ്ഞ് പാലക്കാട്ടെ ഭൂമിയും പിടിച്ചെടുക്കാന്‍ സാധ്യതയുണ്ട്. മുനമ്പത്ത് സാധാരണക്കാര്‍ ഉള്‍പ്പെടെ ആ പ്രശ്‌നം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഉപതെരഞ്ഞെടുപ്പില്‍ വിഷയം ചര്‍ച്ചയാകുമെന്നും ഫലത്തെ സ്വാധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരുമുന്നണികളും മുനമ്പത്തെ കുറിച്ച് പ്രസ്താവനയിറക്കിയെന്നല്ലാതെ ഒരു നടപടിയും എടുത്തിട്ടില്ല. മുനമ്പത്തെ ഭൂസംരക്ഷണ സമിതിയുടെ ആവശ്യങ്ങള്‍ നീതിയുക്തവും , ഉടന്‍ പരിഹരിക്കേണ്ടതുമാണ്. സംസ്ഥാന സര്‍ക്കാരിന്റെ പ്രീണന നയം മാറ്റി മുനമ്പം ഭൂമി വിഷയത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള വഖഫ് ബോര്‍ഡിനോട് അവരുടെ കൈയ്യേറ്റ ശ്രമത്തില്‍ നിന്ന് പിന്മാറുവാന്‍ ഉടനടി ആവശ്യപ്പെടേണ്ടതാണ്.
കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിന് എല്‍ഡിഎഫ് – യുഡിഎഫ് പിന്തുണ
കെ.സുരേന്ദ്രന്‍-ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍
മുനമ്പത്ത് വഖഫ് നിയമത്തിന്റെ പേരില്‍ തീരദേശവാസികളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിന് എല്‍ഡിഎഫും യുഡിഎഫും പിന്തുണ നല്‍കുകയാണ്. ഇതിനെതിരെ കത്തോലിക്കാ സഭയടക്കം രംഗത്ത് വന്നിരിക്കുകയാണ്. വോട്ട് ബാങ്കിന് വേണ്ടി കേന്ദ്ര സര്‍ക്കാരിന്റെ വഖഫ് ബില്ലിനെതിരെ നിയമസഭയില്‍ ഐകകണ്‌ഠ്യേന പ്രമേയം അവതരിപ്പിച്ച ഭരണ-പ്രതിപക്ഷങ്ങള്‍ മുനമ്പത്തെ പാവപ്പെട്ട ജനങ്ങളെ വഞ്ചിക്കുകയാണ്. നിലവിലുള്ള വഖഫ് നിയമം രാജ്യത്തെ നിരവധി പ്രദേശങ്ങളില്‍ വഖഫ് ബോര്‍ഡിന് അധിനിവേശം നടത്താനുള്ള സ്വാതന്ത്ര്യം നല്‍കുന്നതാണ്. അതുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നത്. എന്നാല്‍ യുഡിഎഫും എല്‍ഡിഎഫും പ്രീണന രാഷ്ട്രീയത്തിന് വേണ്ടി ഇതിനെ തുരങ്കംവെക്കുകയാണ്.
നിയമത്തിലെ തെറ്റുകള്‍ തിരുത്തണം: അഡ്വ എം.ആര്‍.അഭിലാഷ്-അഭിഭാഷകന്‍, സുപ്രീം കോര്‍ട്ട്
വഖഫ് ആക്ടിലെ സെക്ഷന്‍ 40 പ്രകാരം ഏതൊരു വസ്തുവകയും വഖഫ് വസ്തു ആണെന്ന് വഖഫ് ബോര്‍ഡിന് ബോധ്യം വന്നാല്‍ ആ വസ്തുവകകള്‍ വഖഫ് വസ്തു ആണെന്ന് ബോര്‍ഡിന് സ്വയം പ്രഖ്യാപിക്കാന്‍ കഴിയും. സ്വാഭാവികനീതിയുടെ തത്വങ്ങളില്‍ വെള്ളം ചേര്‍ക്കുന്ന നടപടിക്രമങ്ങളില്‍ വരുത്തുന്ന ഭേദഗതികള്‍ ഭരണഘടനാ അധിഷ്ഠിതമായ നിയമവാഴ്ചക്ക് അനിവാര്യമാണ്. അതുകൂടാതെ ജില്ലാ കളക്ടര്‍ക്ക് സര്‍വ്വേ നടത്തുവാനുള്ള ചുമതല നല്‍കുന്നതും, അപ്പീല്‍ അധികാരം ഹൈക്കോടതികളില്‍ നിക്ഷിപ്തമാവുന്നതിലൂടെയും നിയമത്തിലെ തെറ്റുകള്‍ തിരുത്തുവാന്‍ കഴിയും.
പക്ഷെ വഖഫ് ബോര്‍ഡുകളിലും സെന്‍ട്രല്‍ വഖഫ് കൗണ്‍സിലുകളിലും ആ മതവിശ്വാസികള്‍ അല്ലാത്തവരെ ഉള്‍പ്പെടുത്തുന്നത് ഉത്കണ്ഠക്ക് വഴിതെളിക്കും എന്ന് മാത്രമല്ല കോടതികളില്‍ ചോദ്യം ചെയ്യപ്പെടുകയും ചെയ്യും.