ബംഗ്ലാദേശിലും കാനഡയിലും അരങ്ങേറിയ ഹിന്ദു വിരുദ്ധ അക്രമങ്ങള്‍ക്കെതിരെ ഏറ്റവും ശ്രദ്ധേയമായ പ്രസ്താവന മുന്നോട്ട് വെച്ചത് തെക്കേഇന്ത്യന്‍ സംസ്ഥാനമായ ആന്ധ്രാപ്രദേശിന്റെ ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ ആണ്. ആഗോള തലത്തിലെ ന്യൂനപക്ഷ സമൂഹമായ ഹിന്ദുക്കള്‍ വിവിധ രാജ്യങ്ങളില്‍ നേരിടുന്ന മതപീഡനത്തില്‍ മൗനം പാലിക്കുന്നവരെ പവന്‍ കല്യാണ്‍ നിശിതമായി വിമര്‍ശിച്ചു. ലോകത്തിന്റെ ശബ്ദമായി സ്വയം വിചാരിക്കുന്ന അന്താരാഷ്ട്ര സംഘടനകള്‍ ഹിന്ദുക്കള്‍ക്ക് നേര്‍ക്കുണ്ടായ അതിക്രമങ്ങളില്‍ മിണ്ടാതിരിക്കുകയാണ്. അവരുടെ ചില വിഷയങ്ങളില്‍ മാത്രമുള്ള പ്രതികരണങ്ങളും മനപ്പൂര്‍വ്വമുള്ള മൗനങ്ങളും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. സമാധാനകാംക്ഷികളായ എന്‍ജിഒകളും ആഗോള നേതാക്കളും പാകിസ്ഥാനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലും അടക്കം ഹിന്ദു സമൂഹം നേരിടുന്ന പ്രശ്‌നങ്ങളില്‍ പ്രതികരിക്കുന്നില്ലെന്നും പവന്‍ കല്യാണ്‍ പറയുന്നു. ഹിന്ദുക്കള്‍ ആക്രമണം നേരിടുമ്പോള്‍ ആ സമൂഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാത്തത് എന്തെന്നും ആന്ധ്രാ ഉപമുഖ്യമന്ത്രി സാമൂഹ്യ മാധ്യമമായ എക്‌സില്‍ കുറിച്ചിരുന്നു. കാനഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേര്‍ക്കുണ്ടായ ഖാലിസ്ഥാനി അക്രമത്തിന് പിന്നാലെയായിരുന്നു പവന്‍ കല്യാണിന്റെ ശക്തമായ പ്രതികരണം. ഹിന്ദു സമൂഹം ആക്രമണത്തിനിരയാകുമ്പോള്‍ ആഗോള തലത്തില്‍ മൗനം ഉണ്ടാവുന്നു എന്ന വിമര്‍ശനം തെക്കേന്ത്യയിലെ പ്രധാന നേതാവില്‍ നിന്ന് ഉയര്‍ന്നുവരുമ്പോള്‍ ഇന്ത്യയിലെ കപട ഇടതു ലിബറല്‍ ബുദ്ധിജീവികള്‍ക്ക് കൂടി അതിന്റെ മറുപടി പറയേണ്ടിവരുന്നുണ്ട്.
കാനഡയിലും ബംഗ്ലാദേശിലും തുടരുന്ന ഹിന്ദുവേട്ടയ്‌ക്കെതിരെ ഇന്ത്യന്‍ സര്‍ക്കാര്‍ നയതന്ത്ര സമ്മര്‍ദ്ദങ്ങള്‍ ശക്തമാക്കുന്ന കാഴ്ചയാണ് ലോകം കാണുന്നത്. ജമാഅത്തെ ഇസ്ലാമി അടക്കമുള്ള ഭീകരസംഘടനകളുമായി ചേര്‍ന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കി അധികാരത്തിലെത്തിയ മുഹമ്മദ് യൂനുസ് സര്‍ക്കാര്‍ രാജ്യത്തെ ഹിന്ദു ന്യൂനപക്ഷത്തിന് യാതൊരു സംരക്ഷണവും ഒരുക്കുന്നില്ല എന്ന വസ്തുത അന്താരാഷ്ട്ര വേദികളില്‍ ഭാരതം തുടര്‍ച്ചയായി ഉയര്‍ത്തുന്നു. മാസങ്ങളായി ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ ആക്രമിക്കപ്പെടുന്നത് അവസാനിപ്പിക്കാന്‍ യൂനുസ് സര്‍ക്കാരിനാവുന്നില്ല. ഏറ്റവും അവസാനം നവംബര്‍ ആറിന് തുറമുഖ നഗരമായ ചിറ്റഗോങ്ങില്‍ നടന്ന സൈനിക നടപടി നടുക്കുന്നതായിരുന്നു. ഹിന്ദുസമൂഹത്തിനെതിരെ ജമാ അത്തെ ഇസ്ലാമി നേതാവ് ഒസ്മാന്‍ അലി സാമൂഹ്യമാധ്യമത്തില്‍ ഇട്ട പോസ്റ്റിനെതിരെ പ്രതിഷേധിച്ച ഹിന്ദുസമൂഹത്തെ മുസ്ലിങ്ങളും ബംഗ്ലാദേശ് സൈന്യവും ചേര്‍ന്ന് തല്ലിച്ചതച്ച ദൃശ്യങ്ങള്‍ എഴുത്തുകാരി തസ്ലിമ നസ്രിന്‍ അടക്കമുള്ളവര്‍ എക്‌സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിറ്റഗോങ്ങിലെ ഹിന്ദു സ്വാധീന പ്രദേശമായ ഹസാരി ലൈനിലെ വീടുകള്‍ കയറി സൈന്യം ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. ഇസ്‌കോണ്‍ അടക്കമുള്ള ഹിന്ദു സംഘടനകളെ ഭീകരസംഘങ്ങളായി പ്രഖ്യാപിക്കാന്‍ ജമാഅത്തെ ഇസ്ലാമിക്ക് സ്വാധീനമുള്ള മുഹമ്മദ് യൂനുസ് സര്‍ക്കാര്‍ ശ്രമിക്കുകയാണ്. 1947ല്‍ ഭാരത വിഭജന കാലത്ത് കിഴക്കന്‍ പാകിസ്ഥാനായിരുന്ന ബംഗ്ലാദേശില്‍ മുപ്പതു ശതമാനത്തിനടുത്ത് ഹിന്ദുക്കളുണ്ടായിരുന്നെങ്കില്‍ 1971ല്‍ ബംഗ്ലാദേശ് വിമോചനകാലമാകുമ്പോഴേക്കും അത് 14 ശതമാനമായി കുറഞ്ഞിരുന്നു. എന്നാല്‍ 2022ലെ സെന്‍സസ് പ്രകാരം ബംഗ്ലാദേശിലെ ഹിന്ദു ജനസംഖ്യ എട്ടുശതമാനം മാത്രമാണ്. 1.31 കോടി ഹിന്ദുക്കള്‍ മാത്രമാണ് ബംഗ്ലാദേശില്‍ ഇപ്പോള്‍ അവശേഷിക്കുന്നത്. അതിനാല്‍ തന്നെ പരമാവധി സംഘടിതമായി നില്‍ക്കാന്‍ ബംഗ്ലാദേശി ഹിന്ദുക്കള്‍ ഇത്തവണ ശ്രമിക്കുകയാണ്. അവര്‍ ബംഗ്ലാദേശിന്റെ കിഴക്കന്‍ പ്രദേശങ്ങളിലും ചിറ്റഗോങ് അടക്കമുള്ള മേഖലകളിലും ശക്തമായി നിലയുറപ്പിച്ചിരിക്കുന്നു. ധാക്കയില്‍ ഹിന്ദുക്കളുടെ വലിയ കൂട്ടായ്മകളും പ്രതിഷേധങ്ങളും നടക്കുന്നു. ഹിന്ദു സമൂഹത്തിനെതിരായ അക്രമങ്ങള്‍ അതിവേഗത്തില്‍ തന്നെ അന്താരാഷ്ട്ര തലത്തില്‍ എത്താനും യൂനുസ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനും ബംഗ്ലാദേശി ഹിന്ദുക്കളുടെ സംഘടിതമായ പ്രതിരോധത്തിന് സാധിക്കുന്നുണ്ട്.
1971ല്‍ ബംഗ്ലാദേശ് വിമോചന സമരകാലത്ത് ധാക്കയിലെ തെരുവുകളില്‍ ഹിന്ദുക്കളെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയ പാക് പട്ടാളത്തിന്റെ നടപടിയില്‍ മൗനം പാലിച്ചത് അന്നത്തെ യുഎസ് പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണും സുരക്ഷാ ഉപദേഷ്ടാവ് ഹെന്റി കിസിംഗറുമാണെങ്കില്‍, ബംഗ്ലാദേശിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ രൂക്ഷമായതും ഷെയ്ഖ് ഹസീനയ്ക്ക് പുറത്തേക്ക് പോവേണ്ടിവന്നതും ജോ ബൈഡന്റെ സര്‍ക്കാര്‍ അധികാരത്തിലിരിക്കെയാണ്. എന്നാല്‍ യുഎസില്‍ അടുത്തിടെയുണ്ടായ അധികാരമാറ്റം ബംഗ്ലാദേശിലെ ജനാധിപത്യ വിശ്വാസികളെയും ഹിന്ദു സമൂഹത്തെയും ആശ്വസിപ്പിക്കുന്നു. ഡൊണാള്‍ഡ് ട്രംപിന് ആശംസകള്‍ നേര്‍ന്ന് ഷെയ്ഖ് ഹസീന രംഗത്തെത്തിയതിന് പിന്നാലെ ആഴ്ചകള്‍ക്ക് ശേഷം ധാക്കയിലും മറ്റും അവാമി ലീഗ് പ്രവര്‍ത്തകര്‍ കൂടുതല്‍ സജീവമായി രംഗത്തിറങ്ങാനും തുടങ്ങിയിട്ടുണ്ട്. ബംഗ്ലാദേശില്‍ യുഎസ് ഇടപെടലുണ്ടായിട്ടുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. എന്നാല്‍ മതഭീകരവാദ സംഘടനകളിലേക്ക് ആ രാജ്യത്തെ തള്ളി വിടുന്ന അവസ്ഥ അനുവദിക്കാന്‍ മോദി സര്‍ക്കാരിനാവില്ല. അതുകൊണ്ടുതന്നെ ട്രംപ് ഭരണകൂടവും വരും നാളുകളില്‍ ബംഗ്ലാദേശിലെ വിഷയങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട നിലപാട് സ്വീകരിച്ചേക്കാം.
കാനഡയില്‍, രാജ്യത്തെ ഹിന്ദു സമൂഹത്തിന് സംരക്ഷണം നല്‍കാനാവാതെ ലോകത്തിന് മുന്നില്‍ നാണം കെട്ടു നില്‍ക്കുകയാണ് ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍. രാജ്യത്തെ ജനസംഖ്യയില്‍ എട്ടര ലക്ഷത്തോളം വരുന്ന ഹിന്ദുക്കളുടെ ആരാധനാലയങ്ങള്‍ക്ക് നേര്‍ക്ക് ഖാലിസ്ഥാനി ഭീകരര്‍ നിരന്തരം ആക്രമണം അഴിച്ചുവിടുമ്പോള്‍ രാജ്യത്തെ രണ്ടാമത്തെ വലിയ ന്യൂനപക്ഷ ജനവിഭാഗത്തിന് സംരക്ഷണം നല്‍കാന്‍ ട്രൂഡോ സര്‍ക്കാരിനാവുന്നില്ല. മുസ്ലിം സമൂഹത്തിന് പിന്നില്‍ ജനസംഖ്യയില്‍ രണ്ടാമതാണ് ഹിന്ദുക്കള്‍. 7.7 ലക്ഷം പേരുള്ള സിഖുകാരാണ് മറ്റൊരു മതന്യൂനപക്ഷ വിഭാഗമെങ്കിലും സര്‍ക്കാരിലും പാര്‍ലമെന്റിലും കനേഡിയന്‍ രാഷ്ട്രീയത്തിലുമുള്ള സിഖ് സ്വാധീനം സിഖ് സമൂഹത്തെ കാനഡയിലെ ഭരണവര്‍ഗ്ഗമായി മാറ്റിക്കഴിഞ്ഞിട്ടുണ്ട്. പോലീസിന്റെയും ഭരണകൂടത്തിന്റെയും സംരക്ഷണം ഖാലിസ്ഥാനി ഭീകരര്‍ക്ക് ലഭിക്കുന്നതിന്റെ കാരണവും അതുതന്നെ. ഖാലിസ്ഥാനി സംഘത്തില്‍ ചേര്‍ന്ന് ബ്രാംപ്റ്റണിലെ ഹിന്ദു ക്ഷേത്രം ആക്രമിച്ച കുറ്റത്തിന് കാനഡയിലെ ഒരു പോലീസ് ഉദ്യോഗസ്ഥനെ ട്രൂഡോ സര്‍ക്കാരിന് കഴിഞ്ഞയാഴ്ച സസ്‌പെന്റ് ചെയ്യേണ്ടിവന്നതു തന്നെ ഉദാഹരണം. ഒന്റാരിയോ, ബ്രിട്ടീഷ് കൊളംബിയ, ആല്‍ബര്‍ട്ട എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചാണ് കാനഡയിലെ സിഖ് സമൂഹത്തിന്റെ വളര്‍ച്ച. 388 അംഗ കനേഡിയന്‍ പാര്‍ലമെന്റില്‍ വിവിധ പാര്‍ട്ടികളില്‍ നിന്നായി 18 സിഖുകാരാണ് വിജയിച്ചിട്ടുള്ളത്. എട്ട് സീറ്റുകള്‍ പൂര്‍ണ്ണമായും സിഖ് സ്വാധീന മേഖലകളാണ്. 15 സീറ്റുകളിലെ നിര്‍ണ്ണായക സ്വാധീന ശക്തിയും സിഖ് സമൂഹമാണ്. ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിക്കൊപ്പമാണ് 13 സിഖ് എംപിമാര്‍. കൂടാതെ സിഖുകാരനായ ജഗ്മീത് സിങ് നയിക്കുന്ന എന്‍ഡിപിയുടെ 25 എംപിമാരും ട്രൂഡോ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നു. കഴിഞ്ഞ തവണ നാല് സിഖ് മന്ത്രിമാര്‍ ട്രൂഡോയ്ക്കുണ്ടായിരുന്നുവെങ്കില്‍ ഇത്തവണ അത് രണ്ടായിട്ടുണ്ട്. ഖാലിസ്ഥാനികള്‍ സിഖ് സമൂഹത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണെന്ന് പറയുമെങ്കിലും ഭൂരിപക്ഷം സിഖ് സമൂഹവും ഇവര്‍ക്കെതിരെ മിണ്ടാതിരിക്കുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. ട്രൂഡോ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമായതോടെ ടൊറന്റോയില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കഴിഞ്ഞയാഴ്ച ദീപാവലി ആഘോഷം സംഘടിപ്പിച്ചിരുന്നു. മുഴുവന്‍ സിഖ് സമൂഹവും ഖാലിസ്ഥാനികള്‍ അല്ലെന്നായിരുന്നു പരിപാടിയില്‍ സംസാരിക്കവേ ട്രൂഡോ ന്യായീകരിച്ചത്. ഖാലിസ്ഥാനി നിലപാടുള്ളവര്‍ സിഖ് സമൂഹത്തില്‍ കുറവാണെന്ന് ട്രൂഡോ പറയുമ്പോഴും ഖാലിസ്ഥാനി വിഘടന വാദ പ്രവര്‍ത്തനത്തിന് സ്വന്തം മണ്ണ് വിട്ടുകൊടുത്ത പ്രധാനമന്ത്രിയായി ജസ്റ്റിന്‍ ട്രൂഡോ വിലയിരുത്തപ്പെടുകയാണ്. മറ്റൊരു രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ സൗകര്യങ്ങള്‍ ചെയ്തു നല്‍കുന്നത് അന്താരാഷ്ട്ര തലത്തില്‍ കുറ്റകൃത്യമാണെന്ന നിലപാടിലേക്ക് ഭാരത സര്‍ക്കാര്‍ മാറുകയാണ്. ഭാരതത്തെ വിഭജിച്ച് ഖാലിസ്ഥാന്‍ എന്ന പ്രത്യേക രാജ്യമുണ്ടാക്കാന്‍ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ക്ക് അഭയം നല്‍കുന്ന രാജ്യമായി മാത്രമേ കാനഡയെ കാണാന്‍ ഭാരത സര്‍ക്കാരിനാവുന്നുള്ളൂ എന്നതാണ് പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും അടുത്തിടെ നടത്തിയ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. ക്ഷേത്രം ആക്രമിച്ചതും ഭാരത നയതന്ത്ര പ്രതിനിധികളെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നതും ഭീരുത്വം നിറഞ്ഞ നടപടിയാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ കാനഡ നടത്തിയ പ്രസ്താവനകളും ഭാരത സര്‍ക്കാരിന്റെ രൂക്ഷവിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. കനേഡിയന്‍ നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയും നയതന്ത്ര തലത്തില്‍ ഇന്ത്യ സമ്മര്‍ദ്ദം ശക്തമാക്കുമ്പള്‍ യുഎസിലെ ഭരണമാറ്റം കാനഡയ്ക്ക് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. കാനഡയിലെ ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരാണ് അടുത്തതായി പുറത്തുപോകാന്‍ പോവുന്നതെന്ന ഇലോണ്‍ മസ്‌ക്കിന്റെ പ്രസ്താവന ശ്രദ്ധ നേടുന്നതും അതുകൊണ്ടാണ്. ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിനായി ഏറ്റവുമധികം പ്രവര്‍ത്തിച്ചയാള്‍ കൂടിയാണ് ഇലോണ്‍ മസ്‌ക്. ഹിന്ദു ക്ഷേത്രത്തിന് നേര്‍ക്കുണ്ടായ ആക്രമണത്തെ വിമര്‍ശിച്ച ആസ്‌ത്രേലിയന്‍ വിദേശകാര്യമന്ത്രി പെന്നി വോങ്ങിന്റെ വാര്‍ത്താ സമ്മേളനം സംപ്രേക്ഷണം ചെയ്ത ആസ്‌ത്രേലിയ ടുഡേ ഓണ്‍ലൈന് കാനഡയില്‍ വിലക്കേര്‍പ്പെടുത്തിയത് കാനഡയും ആസ്‌ത്രേലിയയും തമ്മിലുള്ള ബന്ധത്തെയും ബാധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ കനേഡിയന്‍ സര്‍ക്കാര്‍ കൂടുതല്‍ ഒറ്റപ്പെടുന്ന കാഴ്ചയാണ് ദൃശ്യമാവുന്നത്. ആഗോളതലത്തില്‍ ഹിന്ദു സമൂഹം സംഘടിതമായി നിലയുറപ്പിക്കുന്നതും ഭാരത സര്‍ക്കാര്‍ അതിശക്തമായ നിലപാടുകളുമായി പിന്തുണ നല്‍കുന്നതുമാണ് കാനഡയിലെയും ബംഗ്ലാദേശിലെയും പ്രശ്‌നങ്ങള്‍ ഇത്രയധികം ചര്‍ച്ചയാവാന്‍ കാരണം. പതിവു പോലെ ഇന്ത്യന്‍ ലിബറലുകളും പ്രതിപക്ഷ പാര്‍ട്ടികളും മൗനത്തിലാണ്. ഹിന്ദു സമൂഹത്തിനൊപ്പം നില്‍ക്കാന്‍ ഇവര്‍ തയ്യാറാവാത്തത് പുതിയ കാര്യമല്ല താനും.