കല്‍പതരുസമാനമാം കവനചാരുതയുമായ്
കൈരളിത്തറവാട്ടിന്‍ പുമുഖത്തിരിക്കുന്നു
കവികുലപരമ്പരയ്ക്കിന്നത്തെ കാര്‍ന്നോരായി
കവിയും കരളുമായ് മംഗല മഹാശയന്‍,
മുറുക്കാന്‍ നനവുള്ള മൊഴിയാല്‍ പകരുന്നു
കറയറ്റൊരുള്ളിന്‍നേര് പുറമേ വെളിച്ചമായ്.
ദ്രാവിഢ, സംസ്‌കൃത ഋഷഭങ്ങളെക്കൊണ്ട്
കാവ്യമാംവിളനിലമുഴുത് വിതച്ചും കൊയ്തും
തുരുമ്പൊരിക്കലുംപെടാതുള്ള പൊന്‍നാരായത്താല്‍
കുറിയ്ക്കുന്നു നാരായണക്കുറുപ്പെന്ന സവ്യസാചി
കഥകളി, കൂടിയാട്ടം, നാടകം, നാടന്‍കല
സ്വതസിദ്ധമായാടും തത്ത്വചിന്തയും പാരം
രസനീയമാം നര്‍മ്മം മേമ്പൊടിചാര്‍ത്തും തവ
വാസനാവൈഭവമെത്രയും വിസ്മയം
കാവ്യധര്‍മ്മത്തിന്നങ്കക്കളരിക്കുറുപ്പായ് മര്‍മ്മ-
കോവിദന്‍ കുറുപ്പ്‌സാര്‍ നില്‍ക്കയാണജയ്യനായ്
നാട്ടുമൊഴി, നാടന്‍ചിന്ത്, വായ്ത്താരികുശലങ്ങള്‍
കൂട്ടുചേരുമാ കവിതയ്ക്കു ദശപുഷ്പമായ്
അസ്ത്രമാല്യവും ചാര്‍ത്തി ഭൂപാളം പാടിവന്നു
അമ്മത്തോറ്റവും നിശാഗന്ധിയും ലസിക്കുന്നു
തപസ്യ, സോപാനം, കലാമണ്ഡലമെന്നിങ്ങനെ
വപുസ്സും, മനസ്സും നല്‍കിയെത്രയോ മുഖങ്ങളില്‍
നിരവധി ബഹുമതികള്‍, പുരസ്‌കാര കീര്‍ത്തികള്‍
നിരനിരയായ് വന്നുവരവേല്‍ക്കയായ് അങ്ങയെ.
കലയുടെ പരിവേഷമോണാട്ടുകരയ്ക്കുചാര്‍ത്തി
നലമൊടുജീവിതമനന്തപുരിയില്‍ചേര്‍ത്തു
സദനമതിനിയും കൈരളീ സത്മമാക്കാന്‍
വിത, വിളകാത്തുനീങ്ങട്ടെ തൂലികത്തുമ്പമന്ദം
നവതിനിലാവിലലം കുളിര്‍ത്തുനില്‍ക്കെ,
ശിവഗുരുവരുളട്ടെ അങ്ങേയ്ക്കായുരാരോഗ്യസൗഖ്യം.
(കവി പി.നാരായണക്കുറുപ്പിനെ സ്മരിച്ചുകൊണ്ട്)