ഇന്ത്യയിലെ ജാതി വ്യവസ്ഥയെ തങ്ങള്‍ക്ക് ആവശ്യമുള്ള രീതിയില്‍ പഠിക്കുകയും വ്യാഖാനിക്കുകയും ചെയ്തവരില്‍ പ്രമുഖര്‍ ബ്രിട്ടീഷുകാരായിരുന്നു. ഇന്ത്യയിലേക്ക് കച്ചവടത്തിനായി എത്തിയ ഈസ്റ്റിന്ത്യാ കമ്പനി ഇന്ത്യയിലെ ഭരണകൂടമായി മാറിയപ്പോള്‍ അവര്‍ പിന്നീട് കൊതിച്ചത് ഇന്ത്യയെ തങ്ങളുടെ മത രാഷ്ട്രമാക്കുവാനായിരുന്നു. ഇതിനവര്‍ തങ്ങളുടെ സഭയുടെ മിഷനറിമാരെ ധാരാളമായി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തു. ഇവര്‍ക്ക് മുമ്പ് പോര്‍ച്ചുഗീസുകാരും ഡച്ചുകാരും പിന്നെ മുഗളന്മാരുമെല്ലാം ഇതിനായി ധാരാളം ശ്രമങ്ങള്‍ നടത്തി ലക്ഷ്യത്തിലെത്താത്തവരായിരുന്നു.
ഇവരെല്ലാം തന്നെ ജാതിയുടെ മറവില്‍ ഹിന്ദുധര്‍മ്മത്തെ തലങ്ങും വിലങ്ങും കരിവാരി തേച്ചു. നിരവധി പഠനങ്ങള്‍ ആ പേരില്‍ വന്നു. ശങ്കരാചാര്യര്‍ മുതല്‍ ഭഗവദ്ഗീത വരെ ജാതി സൃഷ്ടിയുടെ മൂലസ്ഥാനമായി വ്യാഖ്യാനിക്കപ്പെട്ടു. ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം എന്ന ഭഗവദ്ഗീതയിലെ ശ്ലോകത്തില്‍ നിന്നാണ് ഇന്ത്യയിലെ ജാതി സമ്പ്രദായത്തിന്റെ ഉദയം എന്നുവരെ അവര്‍ പറഞ്ഞുറപ്പിച്ചു.
ഇന്ത്യയില്‍ എത്ര മതങ്ങളുണ്ട് എന്ന് ചോദിച്ചാല്‍ പ്രബുദ്ധ മലയാളിയുടെ മനസ്സില്‍ വരിക മൂന്ന് പേരാണ്. ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം. ഇതില്‍ ജാതികള്‍ ഉള്ള മതമേതെന്ന് ചോദിച്ചാല്‍ ഹിന്ദുവിന്റെ പേര് ആദ്യം വരും. മറ്റ് മതങ്ങളില്‍ ജാതിയുണ്ടോയെന്ന് ചോദിച്ചാല്‍ സാമാന്യമാളുകള്‍ക്ക് അതൊന്ന് ആലോചിച്ച് കൊണ്ടുവരണം. കാരണം, സാധാരണ രീതിയില്‍ അവര്‍ക്കത് കേട്ട് പരിചയമില്ല. ഹിന്ദു സമൂഹത്തെ ഛിന്നഭിന്നമാക്കുവാന്‍ വിദേശികളായ സെമിറ്റിക് മതങ്ങള്‍ മുതല്‍ ഇവിടത്തെ കമ്മ്യൂണിസ്റ്റുകാര്‍ വരെ ഉപയോഗിച്ചത് ജാതിയെയാണ്. ഓരോ ജാതിയേയും തകര്‍ത്ത് ആ ജാതിക്കാരെ തങ്ങളുടെ ഭാഗമാക്കുവാനായി നടന്ന ശ്രമങ്ങളില്‍ ഭൂരിഭാഗവും പരാജയപ്പെട്ടു. ഇതിന് കാരണം ഇവിടത്തെ സെമിറ്റിക് മതങ്ങളിലും ജാതിയുണ്ടായിരുന്നുവെന്നതാണ്. മതം മാറി വന്ന താഴ്ന്നവര്‍ എന്നറിയപ്പെടുന്ന ജാതികളിലെ ജാതി സ്വത്വം സവര്‍ണര്‍ തന്നെ നിലനിര്‍ത്തി അവരെ അകറ്റി നിര്‍ത്തിയപ്പോള്‍ മദ്ധ്യവര്‍ഗ ജാതികള്‍ അവരുടെ ജാതി ഉപേക്ഷിക്കുവാന്‍ തയ്യാറായില്ല. അവര്‍ണരെന്ന് വിളിക്കപ്പെട്ട വിഭാഗത്തെ ദളിത് ക്രൈസ്തവര്‍ എന്ന മുദ്രയിലാണ് ഇന്നും അറിയപ്പെടുന്നത്. ദളിത് ക്രൈസ്തവന്‍ പ്രത്യേക വിഭാഗമായി നൂറ്റാണ്ടുകളായി മാറ്റി നിര്‍ത്തപ്പെടുന്നു. ദളിതനെ ദളിതനായി തന്നെ നിലനിര്‍ത്തി അവര്‍ക്ക് പട്ടികജാതിക്കാരന്റെ ആനുകൂല്യങ്ങള്‍ വാങ്ങി കൊടുക്കാനുള്ള സമരമുഖത്താണ് അര നൂറ്റാണ്ടിലേറെയായി ക്രൈസ്തവ സഭകള്‍. കാരണം മതം മാറ്റിയിട്ടും എല്ലാ സഭകളിലും ദളിതനുണ്ട്. ലോകത്തിലെല്ലായിടത്തും വെളുത്ത ക്രൈസ്തവരും കറുത്ത ക്രൈസ്തവരും ഉണ്ട്. വെളുത്തവരുടെ സഭയും കറുത്തവരുടെ സഭയും ഉണ്ട്. വെളുത്ത ബിഷപ്പും കറുത്ത ബിഷപ്പും ഉണ്ട്. ഇതെല്ലാം നിലനില്‍ക്കുന്നത് വര്‍ണത്തിലധിഷ്ഠിതമായിട്ടാണ്.
ഇന്ത്യയില്‍ ജാതിയെ ഇല്ലാതാക്കുവാന്‍ വന്ന മതങ്ങള്‍ പിന്നീട് ജാതിപ്പേരില്‍ തന്നെ അറിയപ്പെട്ടു. ഉദാഹരണം ക്രിസ്ത്യന്‍ നാടാര്‍. ക്രിസ്ത്യന്‍ നാടാരില്‍ തന്നെ അര ഡസനിലധികം കൈസ്തവ ജാതികള്‍ ഉണ്ട്. പ്രൊട്ടസ്റ്റന്റ്, ലാറ്റിന്‍, റോമന്‍, മാര്‍തോമ തുടങ്ങി പെന്തക്കോസ്തുകള്‍ വരെ ഇവരിലുണ്ട്. നാടാര്‍ വിഭാഗത്തില്‍ എല്ലാ മേഖലയില്‍ നിന്നും കടന്നുകയറ്റമുണ്ടായി. അവരില്‍ കുറെ പേര്‍ മതം മാറിയെങ്കിലും നാടാര്‍ എന്ന സ്വത്വത്തെ ഉപേക്ഷിക്കുവാന്‍ തയ്യാറായില്ല. ചുരുക്കത്തില്‍ ആഗോള മതമായ ക്രൈസ്തവ വിഭാഗങ്ങളെ തങ്ങളുടെ ജാതി സ്വത്വത്തില്‍ ഉറച്ച് നിന്ന നാടാര്‍ വിഴുങ്ങി. ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ഓരോ ഗോത്ര ജാതികളും ഓരോ സഭകളുടെ കൈയ്യിലാണ്.
ക്രൈസ്തവരിലെ വ്യത്യസ്തങ്ങളായ ഗ്രൂപ്പുകള്‍ സഭകള്‍ എന്നറിയപ്പെടുന്നു. ഇതിനെ ജാതി എന്ന് വിളിച്ചാല്‍ സഭകള്‍ ഒരു പക്ഷെ പ്രതിരോധിച്ചേക്കാം. കാരണം, ജാതി എന്ന പദം മോശവും സഭ എന്ന പദം കേമവും എന്ന അര്‍ത്ഥത്തിലാണ് ഇന്ത്യന്‍ സമൂഹത്തെ ഈ വിഷയം കൈകാര്യം ചെയ്യുവാന്‍ പഠിപ്പിച്ചത്. ഇന്നും ചെയ്തുകൊണ്ടിരിക്കുന്നത്. ജാതികള്‍ ഉണ്ടായത് തൊഴിലിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ സഭകള്‍ ഉണ്ടായത് പൗരോഹിത്യത്തിന്റെ സ്വയം മഹത്വവല്‍ക്കരണത്തിലൂടെയാണ്. ഓരോ സഭകളും പരസ്പരം വിരുദ്ധമായി നിന്ന് മല്‍സരിച്ച് വളരുവാന്‍ ശ്രമിച്ചു. ഒരു സഭ മറ്റൊരു സഭയുടെ ശത്രുവായിരുന്നെങ്കിലും ലക്ഷ്യം ഒന്നായിരുന്നു- സുവിശേഷവല്‍ക്കരണം. ഇതിന് വേണ്ടിയുള്ള നിരന്തരമായ പ്രചരണം. അതിന് സേവന സഹായ ഹസ്തങ്ങള്‍ നീട്ടിയുള്ള ഭൗതിക സഹായങ്ങള്‍. പിളര്‍ന്ന് വളരുന്ന സഭകളിലൂടെ ക്രിസ്തുമതം വളരുക തന്നെയായിരുന്നു.
ജെറുസലേമില്‍ നിന്നാണ് സഭയുടെ ഉല്‍ഭവം. എന്നാല്‍ സഭ വളരുംതോറും പിളരുകയാണുണ്ടായത്. തുടക്കത്തില്‍ ക്രിസ്തുശിഷ്യന്മാരിലും വിശുദ്ധന്മാരിലുമാണ് വിവിധ സഭാ വിഭാഗങ്ങള്‍ ഉണ്ടായതെങ്കില്‍ പിന്നീട് ഓരോ സഭയില്‍ നിന്നും പല പല സഭകള്‍ മുളപൊട്ടുകയായിരുന്നു. ഇങ്ങനെ പൊട്ടി മുളക്കുന്ന സഭകള്‍ എല്ലാം തങ്ങളുടെ പാരമ്പര്യം ഏതെങ്കിലും ക്രിസ്തുശിഷ്യനിലോ വിശുദ്ധനിലോ കൊണ്ടു ചെന്ന് മുട്ടിക്കുവാന്‍ ശ്രമിച്ചിരുന്നു. ഇന്ത്യയില്‍ തന്നെ 16 -ാം നൂറ്റാണ്ട് വരെ പേര്‍ഷ്യന്‍ പൗരസ്ത്യ സഭയായ മാര്‍തോമ ക്രിസ്ത്യാനി സഭ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ ഇന്ന് വ്യത്യസ്ത നേതൃത്വങ്ങളില്‍, പേരുകളില്‍ വിവിധ സംസ്ഥാനങ്ങളിലായി നൂറോളം സഭാ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നു. ഏറ്റവും ഒടുവില്‍ കേരളത്തില്‍ യോഹന്നാന്‍ ഉണ്ടാക്കിയ ബിലിവേഴ്‌സ് ചര്‍ച്ചും ഒരു സഭയായിരുന്നു. യോഹന്നാന്‍ തന്നെ സ്വയം അതിന്റെ പരമാദ്ധ്യക്ഷ പാത്രിയാര്‍ക്കിസായി പ്രഖ്യാപിക്കുകയായിരുന്നു. വേഷവിധാനങ്ങളെല്ലാം തീരുമാനിച്ചതും അയാള്‍ തന്നെ.
എ.ഡി. മൂന്നാം നൂറ്റാണ്ടിലെ അതിപുരാതന സഭയായ കിഴക്കിന്റെ അസ്സിറിയന്‍ സഭയുടെ ചരിത്രം നോക്കിയാല്‍ ഒരു സഭ എങ്ങനെ രൂപം കൊള്ളുന്നുവെന്ന് മനസ്സിലാകും. ‘കിഴക്കിന്റെ സഭ ശ്ലീഹന്മാരുടെ മാതൃകയില്‍, മെത്രാന്മാരും കശീശ്ശമാരും ശെമ്മാശ്ശന്മാരും നിയന്ത്രിക്കപ്പെടുന്നു. നാലാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ പേര്‍ഷ്യന്‍ സാമ്രാജ്യത്തിലെ തലസ്ഥാന പട്ടണമായ സെലുഷ്യ ടെസി ഫോണിലെ ബിഷപ്പ് പാപ്പ ഗഗ്ഗായി, പടിഞ്ഞാറന്‍ സഭകളില്‍ വികസിതമായ മാതൃകയില്‍ ഈ സഭയിലെ ബിഷപ്പുമാരെ സംഘടിപ്പിച്ചു. അദ്ദേഹം സ്വന്തം അധികാരപരിധിയിലുള്ള സഭയുടെ ഭരണം കേന്ദ്രീകരിക്കുകയും കിഴക്കിന്റെ കാഥോലിക്കോസ് എന്ന പദവി സ്വീകരിക്കുകയും ചെയ്തു. ആ നാള്‍ മുതല്‍ രാജകീയ തലസ്ഥാനത്തെ ബിഷപ്പ് ഈ സ്ഥാനം വഹിച്ചു വന്നു. കാഥോലിക്കോസ്, ആകമാന സഭയുടെ അദ്ധ്യക്ഷ പദവിയിലുള്ള ബിഷപ്പായി തീരുകയും അഞ്ചാം നൂറ്റാണ്ടില്‍ അദ്ദേഹത്തിന്റെ അന്തസ്സും പദവിയും വര്‍ദ്ധിക്കുകയും പാതൃയര്‍ക്കിസ് പദവി ലഭിക്കുകയും ചെയ്തു. ‘ബിഷപ്പ് പാപ്പ ഗഗ്ഗായി’ എന്നയാള്‍ സ്വയം പദവികള്‍ ലഭിച്ച് കാഥോലിക്കോസും പാത്രിയര്‍ക്കീസുമൊക്കെ ആയപ്പോള്‍ ഉണ്ടായതാണ് കിഴക്കിന്റെ അസിറിയന്‍ സഭ എന്ന് ചുരുക്കം.
സഭകള്‍ മാറിയിട്ടുള്ള വിവാഹങ്ങള്‍ പോലും സഭകള്‍ അംഗീകരിക്കുന്നില്ല. ഹിന്ദുമതത്തില്‍ ഒരേ ദൈവത്തിലും ഒരേ ക്ഷേത്രത്തിലും ഒരേ ആഘോഷങ്ങളിലും വിശ്വസിച്ചിട്ടും വ്യത്യസ്തമായി നില്‍ക്കുന്ന ജാതികളെപ്പോെല. സഭകള്‍ ജാതിയായി കണക്കാക്കപ്പെടരുത് എന്നത് വിദേശ സഭകള്‍ പഠിപ്പിച്ച ഒരു പാഠമായിരുന്നു. ഒരേ ദൈവത്തില്‍ തന്നെ വിശ്വസിച്ചിട്ടും ചെറിയ ചെറിയ വ്യത്യാസങ്ങളുടെ പേരിലും പൂര്‍വികരാല്‍ തൊഴില്‍പരമായും വിഭജിക്കപ്പെട്ട വിഭാഗങ്ങളെയാണ് ജാതികള്‍ എന്ന് വിളിക്കുന്നത്. ഇതുപോലെ ക്രൈസ്തവ സഭകള്‍ ശരിക്കും ജാതി സഭകള്‍ തന്നെയായിരുന്നു. ഓരോ സഭയും പറയുന്നത് കര്‍ത്താവായ യേശു തങ്ങളുടെ സഭകളിലൂടെ ഓരോ വിശ്വാസിക്കും രക്ഷാവരവും പാപമോചനവും ഒരുക്കുന്നുവെന്നാണ്.
കൈസ്തവരെ പ്രഥമദൃഷ്ട്യാ രണ്ടായിട്ട് തിരിക്കാം. പാശ്ചാത്യ സഭയും പൗരസ്ത്യ സഭകളും. സഭകള്‍ക്കെല്ലാം ചാഞ്ഞും ചെരിഞ്ഞുമുള്ള ചരിത്രങ്ങള്‍ ഉണ്ട്. സഭകളില്‍ ഏറ്റവും ശക്തമായത് റോമാ സഭയെന്ന പേരില്‍ അറിയപ്പെടുന്ന പാശ്ചാത്യസഭയാണ്. ക്രൈസ്തവ സഭ രൂപം കൊള്ളുന്നത് അന്നത്തെ റോമാസാമ്രാജ്യത്തിന്റെ ഭാഗമായ പാലസ്തീനിലാണ്. ഇതിന്റെ ആസ്ഥാനം ജെറുസലേമും. എഡി 70 ല്‍ ജെറുസലേം ദേവാലയം നശിച്ചതോടെ സഭ ചുറ്റുമുള്ള പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും സിറിയയിലെ അന്ത്യോഖ്യ കേന്ദ്രമാകുകയും ചെയ്തു.
മാര്‍പാപ്പ അധിപനും വത്തിക്കാന്‍ ആസ്ഥാനവുമായിട്ടുള്ള സഭയാണ് റോമന്‍ കത്തോലിക്ക സഭ. ഇതൊരു ഏകശിലസഭയെന്ന് പലര്‍ക്കും തോന്നുമെങ്കിലും ഇതിനുള്ളിലും വലിപ്പ-ചെറുപ്പങ്ങളും സവര്‍ണ-അവര്‍ണ ചിന്താഗതിയുമൊക്കെയുണ്ട്. സ്വമേധയാ വളര്‍ന്ന് വികസിച്ച പല പൗരസ്ത്യ സഭകളെയും റോം പിന്നിട് തങ്ങളുടെ ചിറകിനടിയിലാക്കി. ഉദാഹരണം സിറോ മലബാര്‍ സഭ. പിന്നീട് ആഗോള തലത്തില്‍ തന്നെ സഭ രണ്ടായി. ഇന്ന് പൗരസ്ത്യ സഭകള്‍ എന്നറിയപ്പെടുന്നത് സഭ പിളര്‍പ്പിന് ശേഷം പശ്ചിമേഷ്യ കേന്ദീകരിച്ച് വളരുകയും മുസ്ലിം ആക്രമണത്തില്‍ തകരുകയും ചെയ്ത സഭകളെയാണ്. ഇന്നത്തെ ലബനന്‍, സിറിയ, തുര്‍ക്കി, ഈജിപ്ത്, ഇസ്രായേല്‍, യമന്‍, ഇറാന്‍, ഇറാഖ് തുടങ്ങിയ രാഷ്ട്രങ്ങള്‍ ക്രൈസ്തവ സഭകളുടെ പിള്ളത്തൊട്ടില്‍ ആയിരുന്നു.
ഓരോ സഭയും വളര്‍ന്നതും വളരുവാന്‍ ശ്രമിച്ചതും മറ്റ് സഭകളെ വിഴുങ്ങിയും വിഴുങ്ങുവാന്‍ പറ്റാത്തവയെ ഭീഷണിപ്പെടുത്തി അവരെ കൂടെ പിടിച്ചുനിര്‍ത്തിയുമാണ്. കേരളത്തില്‍ തന്നെ ഉണ്ടായിട്ടുള്ള ഉദയം പേരൂര്‍ സുന്നഹദോസിന്റെ ചരിത്രവും കുനന്‍ കുരിശ് സത്യവുമെല്ലാം സഭകള്‍ തമ്മില്‍ നടന്നിട്ടുള്ള മല്ലയുദ്ധത്തിന്റെ ചരിത്രമാണ്. അതുവരെ ഇന്ത്യയിലുണ്ടായിരുന്ന ഏക സഭയായ മാര്‍ത്തോമ സഭയെ ബലപ്രയോഗത്തിലൂടെ റോമന്‍ കത്തോലിക്ക സഭയാക്കുവാന്‍ പോര്‍ച്ചുഗീസുകാര്‍ നടത്തിയ മത സമ്മേളനത്തിന്റെ പേരാണ് ഉദയം പേരൂര്‍ സുന്നഹദോസ് എന്ന മതസമ്മേളനം. സമ്മേളനം തുടങ്ങുമ്പോള്‍ പങ്കെടുക്കുന്നവരെല്ലാം മാര്‍തോമ സഭക്കാരും സമ്മേളനം അവസാനിച്ചപ്പോള്‍ അവരെല്ലാം മാര്‍പാപ്പയുടെ റോമ സഭക്കാരുമായി മാറി. ഇതിന്റെ പൊട്ടിത്തെറിയാണ് പിന്നീടുണ്ടായ കുനന്‍ കുരിശ് സത്യം. കേരളത്തില്‍ തന്നെ മാര്‍പാപ്പക്ക് കീഴില്‍ സുറിയാനി റോമന്‍ കത്തോലിക്ക സഭ, ലാറ്റിന്‍ സഭ, മലങ്കര കത്തോലിക്ക സഭ എന്നിങ്ങനെ വിവിധ സഭകളും ഇവക്കെല്ലാം വേറെവേറെ പള്ളികളും വേറെ പുരോഹിത ശ്രേണിയും ബിഷപ്പുമാരും ഒക്കെയുണ്ട്. ഇന്ത്യയില്‍ രാഷ്ട്രീയ കക്ഷികള്‍ പിളരുകയും പിളര്‍ത്തുകയും ലയന സമ്മേളനം നടത്തുകയുമൊക്കെ ചെയ്യുന്ന പോലെ തന്നെയായിരുന്നു സഭകളുടെ വികാസവും വളര്‍ച്ചയും. ഇക്കാര്യത്തില്‍ തന്ത്രങ്ങള്‍ മെനയുന്നതില്‍ റോമന്‍ കത്തോലിക്ക സഭ അഗ്രഗണ്യരായിരുന്നു. മാര്‍പാപ്പയുടെ കീഴില്‍ സുശക്തമായ പൗരോഹിത്യ ശ്രേണിയില്‍ ഈ സഭ മുകളില്‍ നിന്ന് കീഴോട്ട് നിലനില്‍ക്കുന്നതിനാല്‍ അപസ്വരങ്ങള്‍ കുറവാണ്. ഇതൊക്കെ വെവ്വേറെ സഭ ജാതികള്‍ ആണെങ്കിലും ഹിന്ദുമതത്തിലെ ജാതികളെ അധിക്ഷേപിക്കുന്ന പോലെ ഈ പരിശുദ്ധ സഭ ജാതികളെ ആരും ആക്ഷേപിക്കാറില്ല.
മിത്ര ദേവനില്‍ വിശ്വസിച്ച സൂര്യാരാധകനായിരുന്ന റോമിലെ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി എ.ഡി. മൂന്നാം നൂറ്റാണ്ടില്‍ ക്രിസ്തുവിനെ ദൈവമായി പ്രഖ്യാപിച്ച് ക്രിസ്തുമതം സ്വീകരിച്ചത് മുതലാണ് ക്രൈസ്തവ മതത്തിന്റെ ചരിത്രം തുടങ്ങുന്നത്. ആ രാജ്യത്ത് നിലനിന്നിരുന്ന പ്രാദേശികമായ പല വിശ്വാസങ്ങളും ക്രിസ്തുമതത്തെ സ്വാധീനിക്കുകയും ഇതിനെ കുറിച്ച് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുകയും ചെയ്ത കാലഘട്ടത്തില്‍ എ.ഡി 325 ല്‍ വിശ്വാസ ഏകീകരണത്തിനായി ചക്രവര്‍ത്തി വിളിച്ച് ചേര്‍ത്ത മത സമ്മേളനമാണ് നിഖ്യാ സുന്നഹദോസ് എന്ന മതസമ്മേളനം. ചക്രവര്‍ത്തിയുടെയും കൂടി ഇഷ്ടാനിഷ്ടങ്ങള്‍ നോക്കിയിട്ടാണ് മതപ്രമാണങ്ങള്‍ രൂപപ്പെടുത്തിയത്. ഈ തീരുമാനങ്ങള്‍ അംഗീകരിക്കാത്തവര്‍ പുറത്ത് പോയി. ചക്രവര്‍ത്തിയെ കേന്ദ്രീകരിച്ചുകൊണ്ട് വളര്‍ന്ന സഭയാണ് റോമന്‍ കത്തോലിക്ക സഭയായി മാറിയത്. അവിടത്തെ മുഖ്യപുരോഹിതനെയാണ് പിതാവ് എന്ന് അര്‍ത്ഥം വരുന്ന പോപ്പ് സ്ഥാനത്തേക്ക് ഉയര്‍ത്തിയത്. ഈ സഭ സംവിധാനം തികച്ചും പൗരോഹിത കേന്ദ്രീകൃതമാണ്.
റോമില്‍ ഉയര്‍ത്തിക്കൊണ്ടു വന്ന ഈ പൗരോഹിത്യ കേന്ദ്രീകൃത സംവിധാനത്തെ തൊട്ടടുത്ത രാജ്യമായ പേര്‍ഷ്യയിലേക്ക് വ്യാപിപ്പിക്കുവാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ അതിനെ എതിര്‍ത്തു. റോമാ സാമ്രാജ്യവും പേര്‍ഷ്യയും തമ്മില്‍ ചരിത്രപരമായി തന്നെ അകല്‍ച്ചയുണ്ടായിരുന്നു. ഈ കാലഘട്ടത്തില്‍ ആഗോള ക്രൈസ്തവ സഭ തുല്യ അധികാരങ്ങള്‍ ഉള്ളതായ അഞ്ച് പാത്രിയാര്‍ക്കിസുമാര്‍ക്ക് കീഴിലായിരുന്നു. റോം, അലക്‌സാണ്ഡ്രിയ, അന്ത്യോഖ്യാ, കോണ്‍സ്റ്റാന്റിനോപ്പിള്‍, ജെറുസലേം എന്നിവയായിരുന്നു അവ. എ.ഡി 424 ല്‍ പേര്‍ഷ്യയിലെ മതാധികാരിയായ കാതോലിക്ക (പേര്‍ഷ്യന്‍ സഭാ അദ്ധ്യക്ഷന്‍) ഒരു മതസമ്മേളനം വിളിച്ചുകൂട്ടി പേര്‍ഷ്യന്‍ സഭ റോമ സഭയില്‍ നിന്ന് വേര്‍പ്പെട്ടതായി പ്രഖ്യാപിച്ചു. ഇറ്റലിയിലെ റോം പാശ്ചാത്യ റോമിന്റെ ആസ്ഥാനമായും ഇന്നത്തെ തുര്‍ക്കിയിലെ ഇസ്റ്റാംബൂള്‍ എന്ന കുസ്തന്തിനോപ്പോലിസ് പൗരസ്ത്യ സഭയുടെയും തലസ്ഥാനമായി മാറി.
മുസ്ലിം ആക്രമണം പേര്‍ഷ്യന്‍-പൗരസ്ത്യ സഭകളെ ഉലച്ചു. ഇന്നത്തെ തുര്‍ക്കി (അന്ത്യോഖ്യാ), ഈജിപ്ത്, (അലക്‌സാണ്ട്രിയാ), ഇറാന്‍, പാലസ്തിന്‍, സിറിയ എന്നിങ്ങനെയുള്ള ഇന്നത്തെ മുസ്ലിം രാജ്യങ്ങളായിരുന്നു അത്. റോമന്‍ കത്തോലിക്ക സഭ വലിയ പരിക്കു കൂടാതെ നിലനിന്നപ്പോള്‍ പൗരസ്ത്യ സഭകള്‍ വളര്‍ന്നും പിളര്‍ന്നും പെറ്റുപെരുകി. ഒരോ സഭയും അവകാശപ്പെടുന്നത് അവരും ദൈവവും തമ്മിലുള്ള രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ചാണ്.
പൗരസ്ത്യ സഭക്ക് റോമന്‍ സഭയെപ്പോലെ കേന്ദ്രീകൃത സംവിധാനമില്ലാത്തതിനാല്‍ നേതാക്കള്‍ ഒരുപാട് പേര്‍ ഉണ്ടായിരുന്നു. ഇവര്‍ തമ്മില്‍ സകല കാര്യത്തിലും മത്സരമായിരുന്നു. വിശ്വാസികളുടെ എണ്ണം കൂടുതല്‍ ഉള്ളവനായിരുന്നു സമര്‍ത്ഥന്‍. അതിനാല്‍ ഇക്കാര്യത്തിനായി ഓരോരുത്തരും ശ്രമിച്ചിരുന്നു. ദൈവത്തെ തൊട്ടുള്ള തര്‍ക്കങ്ങള്‍ ഇതിന്റെ പ്രധാന ഭാഗമായിരുന്നു. റോമന്‍ സഭയിലും നിരവധി ജാതി മത വിഭാഗങ്ങള്‍ ഉണ്ടായിരുന്നെങ്കിലും മാര്‍പാപ്പ എന്ന അധികാര കുടയുടെ കീഴില്‍ അതെല്ലാം ബഹളമില്ലാതെ പറഞ്ഞു തീര്‍ക്കാന്‍ റോമിന് കഴിഞ്ഞു. റോമന്‍ കത്തോലിക്ക സഭയുമായി ബന്ധമുള്ള സഭകളെ നോക്കാം. ഭാരത സഭാ ചരിത്രത്തില്‍ ഡോ.സേവ്യര്‍ കൂടപ്പുഴ ഇങ്ങനെ എഴുതുന്നു:
കത്തോലിക്ക സഭയുമായി കൂട്ടായ്മ പുലര്‍ത്തുന്നതും പുലര്‍ത്താത്തതുമായ പൗരസ്ത്യ സഭകള്‍ ഉണ്ട്. കൂട്ടായ്മ പുലര്‍ത്തുന്ന സഭകള്‍ ‘ലത്തിന്‍ സഭ (റോമന്‍ ആരാധനക്രമ പാരമ്പര്യം) കോപ്റ്റിക് സഭ, ഏത്യോപ്യന്‍ സഭ, എറിത്രി യന്‍സഭ (അലക്‌സാണ്ട്രിയന്‍ ആരാധന ക്രമപാരമ്പര്യം) സിറിയന്‍ സഭ, മാറോനൈറ്റ് സഭ, സീറോ മലങ്കര കത്തോലിക്ക സഭ (അന്ത്യോഖ്യന്‍ ആരാധനക്രമ പാരമ്പര്യം) കല്‍ദായ സഭ, സീറോ-മലബാര്‍ സഭ (അന്തോഖ്യന്‍ ആരാധന പാരമ്പര്യം) അര്‍മേനിയന്‍ സഭ (അര്‍മേനിയന്‍ ആരാധന ക്രമപാരമ്പര്യം) ഗ്രീക്ക് മെല്‍ക്കൈറ്റ് സഭ, യൂക്രേനിയന്‍ സഭ, റുമേനിയന്‍ സഭ, റൂത്തേനിയന്‍ സഭ, സ്ലോവാക് സഭ, ഹങ്കേറിയന്‍ സഭ, ഇറ്റലിയിലെ ബൈസന്റൈന്‍ കത്തോലിക്ക സഭ’, ക്രൊയേഷ്യ-സേര്‍ബിയ ബൈസന്റൈന്‍ സഭ, ബള്‍ഗേറിയന്‍ സഭ, ഗ്രീക്ക് കത്തോലിക്ക സഭ, ബൈലോ റഷ്യന്‍ സഭ, മാസിഡോണിയന്‍ സഭ, റഷ്യന്‍ സഭ(ബൈസന്റൈന്‍ ആരാധനക്രമ പാരമ്പര്യം).
(തുടരും)