പാണക്കാട്ടു പടിക്കലും, മുസ്ലീം ലീഗിലെ ഉന്നത നേതാക്കളുടെ മഹലിന് മുന്നിലും കുമ്പിട്ടു സലാം ചൊല്ലുക എന്നത് മലപ്പുറത്ത് പുതിയതായി അധികാര സ്ഥാനത്തെത്തുന്ന ഏതൊരു ഉദ്യോഗസ്ഥനും പാലിക്കേണ്ട മിനിമം നിയമമാണ്. എല്‍.ഡി.എഫ്.ഭരിച്ചാലും, യു. ഡി. എഫ്. ഭരിച്ചാലും ഈ നിയമത്തില്‍ ഇന്നേവരെ ഇളവുണ്ടായിട്ടില്ല. വേങ്ങര മണ്ഡലത്തിലെ പ്രമുഖ ലീഗ് നേതാവിന്റെ വകയിലൊരു അമ്മായിയുടെ പ്ലസ് ടുവിനു പഠിക്കുന്ന മകളുടെ മകനെ രണ്ടു വര്‍ഷത്തിനിടയില്‍ പത്തിലധികം തവണ പ്രായപൂര്‍ത്തിയാകാതെ വാഹനം ഓടിച്ചതിന് പിടിച്ചതും, പ്രായശ്ചിത്തമായി പോലീസ് വണ്ടിയില്‍ തന്നെ കുട്ടിയെ വീട്ടില്‍ എത്തിച്ചു കൊടുത്ത് സബൂറാക്കാന്‍ ദുവ തേടിയതും ആവേശത്തോടെ ഓര്‍ത്തെടുക്കുന്ന ലീഗുകാരുടെ നാടാണ് മലപ്പുറം. ഒരു ഫോണ്‍ വിളിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും കസേരയില്‍ നിന്ന് ചാടിയെഴുന്നേറ്റു പാണക്കാട്ടെ ഓട്ടോറിക്ഷക്കാരെ വരെ സലാം അടിക്കും എന്ന കിസ പാടി നടക്കുന്നവരുടെ നാട്!
അവിടെയാണ് എ.ഡി.ജി.പി. അജിത് കുമാറും, എസ്.പി. സുജിത് ദാസും കഥയറിയാതെ ആട്ടം കാണാന്‍ ചെന്ന് പെട്ടത്. സര്‍വ്വീസ് ചട്ടങ്ങള്‍ കാണാപാഠം പഠിച്ചിട്ടുള്ള പാവങ്ങള്‍ക്ക് പിഴച്ചതും അവിടെയാണ്. ചട്ടങ്ങളൊക്കെ അങ്ങ് അട്ടത്തു വെച്ചാല്‍ മതിയെന്നാണ് അധികാരകേന്ദ്രങ്ങളില്‍ നിന്ന് ആദ്യം കിട്ടിയ സാരോപദേശം. ഇവരുടെ കാര്യത്തില്‍ ലീഗുകാരുടെ തിട്ടൂരം കേള്‍ക്കാന്‍ ആദ്യമൊക്കെ മുഖ്യമന്ത്രി വിസമ്മതിച്ചു. കാരണം, പോലീസ് മേധാവികള്‍ക്കെതിരെ നടപടിയെടുത്താല്‍ അത് തനിക്ക് നേരെയുള്ള ആരോപണം ആകും എന്ന് ചിന്തിക്കാനുള്ള സാമാന്യബുദ്ധിയൊക്കെ ഇപ്പോഴും അദ്ദേഹത്തിനുണ്ടല്ലോ. അതില്ലെങ്കില്‍ തന്നെ, ‘പൊളിറ്റി’ക്കലി കറക്റ്റ് ചെയ്യാന്‍ നികുതിപ്പണം നല്‍കി വേറെ ഒരാളെ നിയമിച്ചിട്ടുമുണ്ട്!
ആഭ്യന്തരം ഭരിക്കുന്നത് മുഖ്യമന്ത്രിയാണ്. ആ വകുപ്പിലെ പിടിപ്പുകേടിന് ഉത്തരം പറയേണ്ടത് അദ്ദേഹമാണ്. എന്നാല്‍, സ്വതന്ത്രന്‍ എന്ന സ്വാതന്ത്ര്യം ഉപയോഗിച്ച് പി.വി.അന്‍വര്‍ പിണറായിക്ക് നേരെ തന്നെ അമ്പെയ്തു. സ്വതന്ത്രന്മാരോട് കളിച്ചാലുള്ള കുഴപ്പം മഞ്ഞളാംകുഴി അലിയിലൂടെ പിണറായി പഠിച്ചതാണ്. അതുകൊണ്ട് ഇത്തവണ വളരെ സൂക്ഷിച്ചു തന്നെയാണ് കരുക്കള്‍ നീക്കിയത്. അന്‍വറിനെ പിണക്കാനും വയ്യ, ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയും വേണം. അന്‍വര്‍ തൊടുത്തുവിട്ട ബ്രഹ്മാസ്ത്രം പിണറായിയെയും കൊണ്ടേ പോകൂ എന്നതാണ് അണിയറയിലെ അടക്കം പറച്ചില്‍! പാര്‍ട്ടി സെക്രട്ടറി ഉത്തരം പറഞ്ഞു മടുത്തു. ഇനി നിങ്ങളാരെങ്കിലും പറയൂ എന്നാണു ഗോവിന്ദന്‍ മാസ്റ്ററുടെ നിലപാട്. ആ ശശി ഈ ശശിയല്ല. ഈ ശശി ആ ശശിയല്ല എന്നൊക്കെ മറിച്ചും തിരിച്ചും മാസ്റ്റര്‍ പറഞ്ഞു നോക്കി. ശശിയുടെ പേര് എഴുതി തന്ന പരാതിയില്‍ ഇല്ല. പരാതി എഴുതുമ്പോള്‍ ശശിയില്ല എന്ന് വരെ വാദിച്ചു. പാണ്ടന്‍ നായുടെ പല്ലിനു ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല എന്നാണ് സൈബര്‍ വില്ലന്മാരുടെ പരിഹാസം!
മുഖ്യമന്ത്രിക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ ആരെയൊക്കെ പ്രീതിപ്പെടുത്തണം എന്നതാണ് ഇപ്പോള്‍ എ.കെ.ജി. സെന്ററിലെ പ്രധാന ചര്‍ച്ചാവിഷയം. ശശിയുടെ കാര്യത്തില്‍ പിടിച്ചുനില്‍ക്കാനുള്ള കച്ചിത്തുരുമ്പ് തേടുകയാണ് ആദ്യത്തെ ദൗത്യം. കേരളം കണ്ട ഏറ്റവും വലിയ ഭക്തവത്സലന്‍ എന്നാണ് മുഖ്യമന്ത്രിയെപറ്റിയുള്ള പിന്നാമ്പുറ കുന്നായ്മകള്‍. അതിന്റെ ആനുകൂല്യത്തിലാണ് ശശിയുടെ ചീട്ട് കീറാതെ കിടക്കുന്നത്. ശശിയെപ്പറ്റി പിണറായിക്ക് ഒഴികെ മറ്റാര്‍ക്കും നല്ല അഭിപ്രായമല്ല. നായനാര്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് കയറിക്കൂടിയതാണ് ശശി. നായനാര്‍ക്ക് പോളിറ്റിക്‌സ് അത്ര പിടിപാടില്ല. ആളൊരു ശുദ്ധഗതിക്കാരന്‍ ആയതുകൊണ്ട് കേരള രാഷ്ട്രീയം കൈകാര്യം ചെയ്യാനറിയില്ല എന്ന ലോ പോയിന്റ് എടുത്തലക്കിയാണ് ശശി കൂടെ കൂടിയത്. പോരാത്തതിന് വക്കീലും. ന്യായം ജയിക്കുക എന്നതല്ലല്ലോ വക്കീലിന്റെ ധര്‍മ്മം. തന്റെ കക്ഷി തെറ്റ് ചെയ്താലും ഊരിക്കൊണ്ട് പോരുക എന്നതാണ് വക്കീലിന്റെ രീതിശാസ്ത്രം. ഏത് കുറ്റാരോപിതനും നീതി കിട്ടണം എന്ന വിശാല മനസ്‌കതയുടെ മറവിലാണ് ഏറ്റവും വലിയ ക്രിമിനലായ വക്കീലന്മാര്‍ പോലും സ്വാഭിമാനം കോടതിയില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. അതാണ് ഇന്ത്യന്‍ നീതിന്യായ വകുപ്പിന്റെ പോരായ്മയും. കോണ്‍ഗ്രസ്സിലെ ഏറ്റവും വലിയ നേതാക്കളൊക്കെ പേരുകേട്ട വക്കീലന്മാര്‍ ആയിരുന്നു. മണിക്കൂറിന് ലക്ഷങ്ങള്‍ വാങ്ങുന്ന സിംഗങ്ങള്‍! ഒന്നുകില്‍ ജനസേവനം നടത്തി പാര്‍ട്ടിയില്‍ നില്‍ക്കുക, അല്ലെങ്കില്‍ പെരുംനുണ പറഞ്ഞു കാശുണ്ടാക്കുക എന്നാരും അവരെ ഉപദേശിച്ചില്ല. കാരണം, ഇന്നല്ലെങ്കില്‍ നാളെ തങ്ങള്‍ക്കും ഇവരുടെ ലോ പോയിന്റ് വേണ്ടിവരും എന്നു സ്വാതന്ത്ര്യത്തിന് മുന്‍പേ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് അറിയാമായിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഇക്കാലത്തെങ്കിലും പ്രതിഭാഗം വക്കീല്‍ വാദിച്ചതൊക്കെ പച്ച നുണയാണ് എന്നു വിചാരണയില്‍ തെളിയുന്ന കേസിലെങ്കിലും വക്കീലിനെ നുണപരിശോധന നടത്തി ശിക്ഷിക്കാനുള്ള ആധുനിക സംവിധാനം ഉണ്ടാകും എന്ന് ആശ്വസിക്കാം!
‘ശുദ്ധഗതിക്കാരനായ’, നായനാരുടെ മറവില്‍ ശശി ധാരാളം പണം ഉണ്ടാക്കിയിരുന്നത് അങ്ങാടിപ്പാട്ടാണ്. ധാരാളം കേസുകളില്‍ അന്യായമായി ഇടപെട്ട് കാശുണ്ടാക്കുക എന്നതു ശശിയുടെ ക്രിയാവിശേഷങ്ങളില്‍പ്പെടും. പോലീസ് വകുപ്പ് ഉണ്ടെങ്കിലും കേസൊക്കെ കോംപ്രമൈസ് ആക്കിയിരുന്നത് ശശിയുടെ ഇരുട്ടുമുറിയില്‍ ആയിരുന്നു. ചോദ്യം ചെയ്യുന്നവരോട് പറയും കാശുണ്ടാക്കുന്നത് പാര്‍ട്ടിക്ക് വേണ്ടിയാണ് എന്ന്. നായനാരുടെ വലംകൈ ആയിരുന്ന ശശിയെ ചോദ്യംചെയ്യാന്‍ ആര്‍ക്കും ധൈര്യം ഉണ്ടായിരുന്നില്ല. വക്കീലാണ്. സൂക്ഷിച്ചു വേണം പെരുമാറാന്‍. അല്ലെങ്കില്‍ ഓരോരുത്തന്റെയും അടിത്തറ ശശി മാന്തും! കട്ടന്‍ചായയും, വടയും കഴിച്ചു ബീഡിക്കുറ്റിയും വലിച്ചു പാര്‍ട്ടിപ്രവര്‍ത്തനം നടത്തരുതെന്ന് ഡോക്ടര്‍ പഥ്യം പറഞ്ഞിട്ടുള്ളവരൊക്കെ ശശി എന്ന് കേള്‍ക്കുമ്പോള്‍ രണ്ടു വട്ടം ആലോചിക്കും. വക്കീല്‍ ആയതുകൊണ്ട് എല്ലാവരുടെയും ബയോഡാറ്റ ശശിയുടെ കയ്യിലുണ്ട്. നായനാരെ വരെ മൂലക്കിരുത്താനുള്ള കരിമരുന്ന് കൈവശം ഉണ്ടായിരുന്നു. നായനാര്‍, പൊതുവേ ശുദ്ധഗതിക്കാരന്‍ എന്ന പേര് സ്വയം ചാര്‍ത്തിയെടുത്തിട്ടുണ്ട്. എന്നാല്‍, ഗൗരിയമ്മയെ മൂലയ്ക്കിരുത്തിയതിന് പോളിറ്റ് ബ്യൂറോയില്‍ ചരട് വലിച്ചത് നായനാര്‍ ആണെന്നും, ദില്ലിയില്‍ നിന്നു നൂലില്‍ കെട്ടിയിറങ്ങി മുഖ്യമന്ത്രി ആയതിന്റെ പിന്നാമ്പുറ കഥകള്‍ എന്തൊക്കെ യെന്നും ശശിക്ക് അറിയാം. കെ.വി.തോമസ് സോണിയയെ കാണാന്‍ മണ്‍ ചട്ടിയില്‍ വരട്ടിയ മീനുമായി വിമാനം കയറിയതൊക്കെ ഡോക്യുമെന്ററി ചെയ്തവര്‍ പിണറായിയെ കാണാന്‍ ചെറുമീന്‍ അച്ചാറുമായി പോകുന്നതിന്റെ റൂട്ട് മാപ്പ് ശശി പുറത്ത് വിടും. മുഖ്യമന്ത്രിയുടെ അടുക്കളയിലെ അനൗദ്യോഗിക ജീവനക്കാരുടെ പേര് വിവരം പുറത്ത് വരുന്നത് ആത്യന്തിക വിപ്ലവം സ്വപ്‌നം കാണുന്നവര്‍ക്ക് ഏനക്കേടുണ്ടാക്കും! മന്ത്രിക്കസേരയിലേക്കുള്ള ഭണ്ഡാരിമാരുടെയും, പാചകവിദഗ്ദ്ധരുടെയും പ്രയാണവീഥികളിലെ പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ്സ് ശശി ഇഴകീറി പരിശോധിച്ചു സ്റ്റഡി ക്ലാസ് എടുക്കും. അതുകൊണ്ടാണ് രണ്ടു തവണ ശിക്ഷിക്കപ്പെട്ടിട്ടും, സ്ത്രീവിഷയ ബിരുദം നേടിയിട്ടും മറ്റുള്ളവരെ ശശിയാക്കി ശശി കളിക്കുന്നത്. മാത്രമല്ല, കിട്ടുന്നതില്‍ പാതി പാര്‍ട്ടിക്കും കൊടുക്കുന്നതിനാല്‍ വെള്ളം കോരികളും, വിറകു വെട്ടികളും അധികം വായിട്ടലക്കില്ല. പിണറായിയുടെ പ്ലസ് പോയിന്റ് ഏറ്റവും കൂടുതല്‍ സംഭാവന സൃഷ്ടിക്കുന്നവന്‍ എന്നതാണ്. ആ സല്‍പ്പേര് നിലനിര്‍ത്താന്‍ ശശിയുടെ സംഭാവന ചെറുതല്ല. വെറുക്കപ്പെട്ടവരും വര്‍ഗ്ഗശത്രുക്കളും വരെ സംഭാവന ഗംഭീരമാക്കുന്നതിന്റെ കാരണക്കാര്‍ ഇതുപോലെയുള്ള വിപ്ലവകാരികള്‍ക്ക് ആണല്ലോ. ഇത് സിപിഎമ്മിലെ മാത്രം അടവുനയം അല്ല. കോണ്‍ഗ്രസില്‍ ഫണ്ട് റൈസര്‍ എന്ന ‘സല്‍പ്പേര്’ ഉമ്മന്‍ചാണ്ടിക്കായിരുന്നു. ഇപ്പോഴത് സുധാകരനാണ്. ലീഗില്‍ കുഞ്ഞാലിക്കുട്ടി. എത്ര വലിയ ആരോപണവും അതുകൊണ്ട് തന്നെ അവരെ ഏല്‍ക്കില്ല. അതിപ്പോള്‍ സരിത ആയാലും, റജീന ആയാലും, റഊഫ് ആയാലും രക്ഷയില്ല.
പിണറായിക്ക് രാഷ്ട്രീയം അറിയാത്തതുകൊണ്ടാണോ പൊളിറ്റിക്കല്‍ സെക്രട്ടറിയെ നിയമിച്ചത് എന്നൊന്നും ചോദിക്കരുത്. പിണറായിയുടെ ഗുരുവായ നായനാര്‍ക്കും ഇതേ ആശാന്‍ തന്നെ ആയിരുന്നല്ലോ മര്‍മ്മവിദ്യ പഠിപ്പിച്ചിരുന്നത്. രാഷ്ട്രീയം ചൂതാട്ടമാണ് എന്നു വിശ്വസിക്കുന്നവര്‍ക്കൊക്കെ അങ്ങനെയൊരാളുടെ സഹായം വേണ്ടി വരും. അടവുകള്‍ പുറത്തെടുക്കുമ്പോള്‍ അതിന്റെ നിയമവശം കൂടെ അറിഞ്ഞില്ലെങ്കില്‍ പെട്ടുപോകും. കക്കാന്‍ ഏതൊരു വിഡ്ഡിക്കും കഴിയും. പക്ഷെ, പിടിച്ചുനില്‍ക്കാന്‍ ഇത്തിരി നിയമവശം കൂടെ കയ്യിലുള്ളത് നല്ലതാണ്. അല്ലെങ്കില്‍, സാര്‍വദേശീയ തൊഴിലാളികളെ സംഘടിപ്പിക്കുന്ന കൂട്ടത്തില്‍ മക്കളെക്കൊണ്ട് ബൂര്‍ഷ്വാപ്പണി ചെയ്യിപ്പിച്ചു ചക്രമുണ്ടാക്കാന്‍ സാധിക്കില്ലല്ലോ. മകള്‍ സ്റ്റീവ് ജോബ്‌സിനോടും, ബില്‍ ഗേറ്റ്‌സിനോടും മറ്റും മത്സരിക്കുമ്പോള്‍ പൊളിറ്റിക്കല്‍ കറക്റ്റ്‌നസ് ചെയ്യാന്‍ നിയമാവലി അറിയുന്ന ഒരാള്‍ കൂടെ വേണം. അല്ലെങ്കില്‍ കറക്റ്റ്‌നസ് നടത്താന്‍ ജയില്‍ സന്ദര്‍ശനം വേണ്ടി വരും. അണികളെ നേരിടാന്‍ അടിയന്തരാവസ്ഥ സമ്മാനിച്ച പുറത്തെ പാടുകള്‍ ഷര്‍ട്ടൂരി കാണിച്ചാല്‍ മതി. പക്ഷെ, നിയമം വലിച്ചാല്‍ നീളുന്നതും, വിട്ടാല്‍ പൂര്‍വ്വസ്ഥിതി പ്രാപിക്കുന്നതും ആകുന്ന വിശിഷ്ട വസ്തു ആക്കാന്‍ വക്കീല്‍ പണി പഠിച്ച ആള്‍ തന്നെ കൂടെ വേണം.
അന്‍വറും ആശാന്മാരും
അന്‍വറിനെപ്പോലെയുള്ള വിപ്ലവ സിങ്കങ്ങളെ പാര്‍ട്ടിക്ക് സമ്മാനിച്ചതില്‍ പ്രമുഖനാണ് വിജയരാഘവന്‍. അച്ചാറുണ്ടാക്കുന്നത് ചെറുമീന്‍ കൊണ്ടാണ് എന്ന് പിണറായിയെ പഠിപ്പിച്ചതിന്റെ ഗുരുദക്ഷിണയായി ഭാര്യക്ക് മന്ത്രിക്കസേര ഒപ്പിച്ചു കൊടുത്ത പാചക വിദഗ്ദന്‍. പാലക്കാട്ടു നിന്നൊരു കേന്ദ്രമന്ത്രി എന്ന ചിരകാല സ്വപ്‌നം വോട്ടര്‍മാര്‍ക്ക് ദഹിക്കാതെ പോയത് അദ്ദേഹത്തിന്റെ കുഴപ്പമല്ല. കെ.ടി.ജലീല്‍, വിജയരാഘവന്‍ പരീക്ഷണശാലയില്‍ രൂപംകൊണ്ട പൊളിറ്റിക്കല്‍ ഇസ്ലാമും തൊഴിലാളി വിപ്ലവവും ഒരേ അടുപ്പില്‍ വേവിച്ചെടുക്കേണ്ട വിഭവങ്ങളാണ് എന്ന കണ്ടുപിടുത്തത്തിന്റെ പേറ്റന്റ് ഇപ്പോഴും ഇവരുടെ പേരിലാണ്. അങ്ങനെയാണ് കാരാട്ട് റസാഖ്, പി.വി.അന്‍വര്‍, കെ.വി. അബ്ദുല്‍ റഹ്മാന്‍ തുടങ്ങിയ, ചെഗുവേരക്കും ഫിഡല്‍ കാസ്‌ട്രോക്കും പകരക്കാരായ ഒട്ടേറെ പേര്‍ സിപിഎമ്മില്‍ കിളിര്‍ത്ത് വന്നത്! ടി.കെ.ഹംസ, പാലോളി മുഹമ്മദ്കുട്ടി തുടങ്ങിയ ഗുരുക്കന്മാരിലൂടെ വളര്‍ന്നുവന്ന ന്യൂജന്‍ ഇസ്ലാമിക്-മാര്‍ക്‌സിസ്റ്റ് വിപ്ലവകാരികള്‍ പാര്‍ട്ടിയുടെ സാമ്പത്തിക സ്രോതസ്സുകൂടെയാകുകയാണ്. അവരുടെ സമ്മര്‍ദ്ദം മൂലമാണ് ന്യൂനപക്ഷം എന്ന വാക്കിന് ‘മുസ്ലീം’ എന്ന ഏകപര്യായം മലയാള ഭാഷയില്‍ രൂപം കൊണ്ടത്! ഇസ്ലാമിക് ഹിസ്റ്ററിയില്‍ ബിരുദം നേടിയ വിജയരാഘവനെ അണികളെ കമ്യൂണിസം പഠിപ്പിക്കാന്‍ പൊളിറ്റ്ബ്യൂറോ വരെ എത്തിച്ചതിന്റെ അധ്വാനം കുറച്ചൊന്നുമല്ല. ഒരു യഥാര്‍ത്ഥ വിപ്ലവകാരി മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് പാഠങ്ങള്‍ പഠിച്ചില്ലെങ്കിലും ഇസ്ലാമിക ചരിത്രം കാണാപ്പാഠം പഠിച്ചിരിക്കണം എന്ന തിയറിയുടെ ഉടമയാണ് വിജയരാഘവന്‍. ചെഗുവേര, ഫിഡല്‍ കാസ്ട്രോ, ലെനിന്‍, സ്റ്റാലിന്‍, മാവോ, കാള്‍മാര്‍ക്‌സ് എന്നിവരെക്കാള്‍ എന്തുകൊണ്ടും കേമന്മാരാണ് ഖലീഫമാരായ ഉമ്മറും, അലിയും, ഉസ്മാനുമൊക്കെ എന്ന വെളിപാടിന്റെ അടിത്തറയിലാണ് വിജയരാഘവന്‍ പൊളിറ്റ്ബ്യൂറോയിലെ മാര്‍ക്‌സിസ്റ്റ് ആചാര്യനായത്! ഇന്ത്യയില്‍ തൊഴിലാളിവര്‍ഗ്ഗ വിപ്ലവം നയിക്കാന്‍ ഇസ്ലാമിക ചരിത്രം മാത്രം പഠിച്ചാല്‍ മതിയെന്ന അതിമനോഹരമായ സിദ്ധാന്തം പൊളിറ്റ് ബ്യൂറോയെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ പിണറായി ചെലുത്തിയ അധ്വാനം കാണാതെ പോകരുത്! ഇസ്ലാമിക ചരിത്രം പഠിക്കുമ്പോള്‍ വിജയരാഘവന് ഒരു ലക്ഷ്യം ഉണ്ടായിരുന്നു. കൂടെ പഠിക്കുന്നത് മുനവറലി തങ്ങളാണ്. അതിലൂടെ ലീഗില്‍ ചേക്കേറി അധികാര കേന്ദ്രങ്ങളില്‍ കയറിപ്പറ്റുക. പക്ഷെ, ലീഗുകാര്‍ക്ക് വിജയരാഘവന്‍ ഒരു പരാജയരാഘവന്‍ ആണെന്ന് നേരത്തെ അറിയാമായിരുന്നു. അവിടെ ഹരിജനങ്ങള്‍ക്ക് മാത്രമേ പിന്നാമ്പുറത്ത് ഇരിക്കാന്‍ ഓല കൊടുക്കൂ. ഇതറിഞ്ഞ രാഘവന്‍ കൂടുതല്‍ ഉത്സാഹത്തോടെ സിപിഎം നേതാക്കളുടെ ഇഷ്ടതോഴന്‍ ആയി. മണ്ണെണ്ണ വിളക്കിനു കീഴിലിരുന്നു പഠിച്ചു ബിരുദത്തിന് ഒന്നാം റാങ്ക് നേടിയ ബുദ്ധിജീവി എന്ന പേരും സമ്പാദിച്ചു. ബിരുദത്തിന് എന്താണ് പഠിച്ചത് എന്ന് പോലും ആരും ചോദിച്ചില്ല! അയാളെയാണ് അഖിലേന്ത്യാ തലത്തില്‍ മാര്‍ക്‌സിസ്റ്റ് ആചാര്യനാക്കി പിണറായി അവരോധിച്ച് ഇന്ത്യയില്‍ തൊഴിലാളിവര്‍ഗ്ഗ വിപ്ലവത്തിന്റെ അമരക്കാരനായി കുടിയിരുത്തിയത്! പിണറായിക്ക് ഇതൊക്കെ വെറും കുട്ടിക്കളി. കേരളം കണ്ട ഏറ്റവും വലിയ നേതാക്കളില്‍ ഒരാളായിരുന്ന വി.എസ്സിനെ വരെ ചുരുട്ടിക്കൂട്ടി ഓലപ്പായയില്‍ കെട്ടുകെട്ടിച്ച ആള്‍ക്ക് ഇതൊക്കെ നിസ്സാരം. മാളികമുകളിരുന്നവന്റെ തോളില്‍ മാറാപ്പ് കയറ്റിക്കുന്നതും ഭവാന്‍! വി.എസിനെ ഒതുക്കാന്‍ സംഭാവന നല്‍കിയവരില്‍ എല്ലാവര്‍ക്കും മനസ്സറിഞ്ഞു സഹായം ചെയ്തുകൊടുത്ത വിശാലമനസ്‌കനാണ് പിണറായി. തരിമ്പിനു പോലും ഇല്ലാതിരുന്ന വിഭാഗീയത ഉണ്ടെന്നു വരുത്തി കുറച്ചുപേരെ ഒറ്റിക്കൊടുത്ത് പേരെടുത്ത വിപ്ലവകാരിയാണ് വിജയരാഘവന്‍. കുറ്റം പറയരുതല്ലോ. കൂലി ഒട്ടും കുറഞ്ഞില്ല. ഭാര്യക്ക് ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി സ്ഥാനം. പാലക്കാട് ജയിച്ച് ഇന്‍ഡി സഖ്യം അധികാരത്തില്‍ വന്നിരുന്നുവെങ്കില്‍ ഭര്‍ത്താവിനു കേന്ദ്രമന്ത്രി സ്ഥാനം. പാലക്കാടുകാര്‍ക്ക് അതിനുള്ള ഭാഗ്യദോഷം ഇല്ലാതെ പോയി എന്നാണു ശുദ്ധഗതിക്കാരുടെ അടക്കം പറച്ചില്‍!
മാപ്പിള ലഹളയില്‍ സ്വാതന്ത്ര്യസമരം കണ്ടെത്തിയ ഡസന്‍ കണക്കിന് ഗവേഷകര്‍ക്ക് ബിരുദം നല്‍കിയ കാലിക്കറ്റ് സര്‍വ്വകലാശാല ‘ഖുറാനിലെ മാര്‍ക്‌സിസ്റ്റ് സമാനതകള്‍’ എന്ന വിഷയത്തില്‍ ഒരു പത്തു പേര്‍ക്കെങ്കിലും ഗവേഷണ ബിരുദം നല്‍കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ് എന്ന് ആരും പറഞ്ഞില്ലെങ്കിലും കെ.ടി.ജലീലെങ്കിലും അവകാശവാദം ഉന്നയിക്കേണ്ടതാണ്! അല്ലെങ്കില്‍, കമ്യൂണിസ്റ്റ് വിപ്ലവത്തിലേക്കുള്ള ഖുറാന്‍ പാതകള്‍ എന്നെങ്കിലും ആകാം!
അന്‍വറിന്റെ പരാതികള്‍
അന്‍വറിന്റെ പരാതികള്‍ കഴമ്പുള്ളതാണ്. എന്നാല്‍, അദ്ദേഹത്തിന്റെ ചരിത്രം അറിയുന്ന ആര്‍ക്കും അതങ്ങ് തൊണ്ട തൊടാതെ വിഴുങ്ങാന്‍ പറ്റുന്നില്ല. അത്രമേല്‍ പേരുദോഷം അന്‍വര്‍ വിലക്ക് വാങ്ങി വെച്ചിട്ടുണ്ട്. നാളിതുവരെ കേട്ടു കേള്‍വിയില്ലാത്ത എയര്‍പ്പോര്‍ട്ടിന് പുറത്തുള്ള സ്വര്‍ണ്ണവേട്ടയില്‍ സത്യമുണ്ടാകാന്‍ വഴിയുണ്ട്. എന്നാല്‍, അന്‍വര്‍ പറയുന്നത് ഉപ്പു തൊടാതെ വിഴുങ്ങാന്‍ കഴിയാത്തത് അദ്ദേഹത്തിന്റെ മുന്‍കാല ചെയ്തികള്‍ കൊണ്ടാണ്.
ലീഗുകാരുടെ ആജന്മശത്രുക്കളായിരുന്നു സുജിത് ദാസും, അജിത് കുമാറും. സുജിത് ദാസ് നിസ്സാരകാര്യത്തിന് പോലും കേസെടുക്കുന്നു എന്നായിരുന്നു പരാതി. അതായത്, കോടികള്‍ ഹവാല പണമിടപാട് നടത്തുക, കിലോ കണക്കിന് സ്വര്‍ണ്ണം കടത്തിക്കൊണ്ടു പോരുക തുടങ്ങിയ നിസ്സാര കുറ്റങ്ങള്‍ക്കൊക്കെ കേസ്സെടുക്കുക എന്ന അനീതിയാണ് ഇവര്‍ ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ ഏത് വിധേയനും സുജിത് ദാസിനെ സ്ഥലം മാറ്റണം എന്നായിരുന്നു ലീഗിന്റെ ആവശ്യം. അതിനുവേണ്ടി ഒട്ടേറെ സമരപരിപാടികള്‍ക്ക് ലീഗ് നേതൃത്വം നല്‍കി. അരാജകത്വവും, അനീതിയും, നിയമരാഹിത്യവും നടക്കുന്നതില്‍ പ്രതിഷേധിച്ചു സമരം ചെയ്യാറുണ്ട്. എന്നാല്‍ ലീഗിന്റെ പരാതി അതായിരുന്നില്ല. തങ്ങള്‍ പോലീസില്‍ ഫോണ്‍ ചെയ്തു പറഞ്ഞാല്‍ പണ്ടത്തെപ്പോലെ ഗൗനിക്കുന്നില്ല എന്നായിരുന്നു പരാതി. കേസുകള്‍ പെരുകുന്നു എന്ന വിചിത്രവാദം ആയിരുന്നു ലീഗിന്. അല്ലാതെ, കൈക്കൂലി വാങ്ങി പോലീസ് കേസ് ഒതുക്കുന്നു എന്നല്ല.
മാര്‍ക്‌സിസ്റ്റുകാരുടെ ആജന്മശത്രുവായിരുന്ന ലീഗിന് അന്‍വറിനെ നിക്കാഹ് ചെയ്താല്‍ കൊള്ളാം എന്നുണ്ട്. പക്ഷേ, മലപ്പുറം ജില്ലയിലെ സിംഹം ആയിരുന്ന ആര്യാടനെ ഒതുക്കിയ ദേഷ്യം അടുത്ത കാലത്തൊന്നും കോണ്‍ഗ്രസ്സ് മറക്കില്ല. അതേസമയം, ലീഗിന്റെ മുഖ്യശത്രുവായിരുന്ന ആര്യാടനെ ഒതുക്കിയ പുലി എന്ന പേരില്‍ അന്‍വറിനോട് ലീഗിന് അറയ്ക്കല്‍ ബീവിക്ക് അരസമ്മതം എന്ന നിലപാടാണ്. അതാണ് ഒരു യൂത്ത് ലീഗ് നേതാവ് ഉണ്ടിരിക്കുമ്പോള്‍ ഒരു ഉള്‍വിളി എന്ന പോലെ പുറത്തുവിട്ടത്. അതിന് ശിക്ഷയൊന്നും കിട്ടിയില്ല. തല ഇരിക്കുമ്പോള്‍ വാലാടണ്ട എന്ന താക്കീത് മാത്രം. കാരണം, ഭരണം ഇല്ലാത്തതുകൊണ്ട് മാത്രം ലഹള നിര്‍ത്തി വെച്ച കോണ്‍ഗ്രസ് അന്‍വറിനു ലീഗ് മഹറു കൊടുത്തു എന്നറിഞ്ഞാല്‍ വെറുതെ ഇരിക്കില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്ത കാലത്ത് ഒരു യുദ്ധം വേണ്ട എന്നാണ് ഏകപക്ഷീയമായി പാണക്കാട് നിന്നുള്ള തീരുമാനം. ലീഗും, ഇതര മുസ്ലീം സംഘടനകളും പറയുന്ന കാര്യം തന്നെയാണ് അന്‍വര്‍ പറയുന്നത്. എസ്.പിയെ കുറിച്ചും, എഡിജിപിയുടെ സ്വര്‍ണ്ണ വേട്ടയെ കുറിച്ചും രണ്ടു കൂട്ടരും പറയുന്നത് ഒരേ കാര്യമാണ്.
സത്യത്തില്‍ എഡിജിപി സ്വര്‍ണ്ണക്കടത്തുകാരില്‍ ഒരു പ്രതിപക്ഷ ഗ്രൂപ്പിന്റെ കെണിയില്‍ വീഴുകയായിരുന്നു. അവരാണ് തങ്ങളുടെ ഗള്‍ഫ് സ്വാധീനം ഉപയോഗിച്ച് ഔദ്യോഗിക സ്വര്‍ണ്ണക്കടത്ത് സന്ദേശങ്ങള്‍ എഡിജിപിക്ക് കൈമാറുകയും, വിമാനത്താവളത്തിനു പുറത്ത് നിന്ന് സ്വര്‍ണ്ണം പിടിക്കുകയും ചെയ്തിരുന്നത്. എന്നാല്‍, വളരെ വേഗം സ്വര്‍ണ്ണക്കടത്തിലെ ഔദ്യോഗിക വിഭാഗം ഇക്കാര്യം മനസ്സിലാക്കി. തങ്ങളുടെ ആളുകളെ മാത്രമാണ് പിടിക്കുന്നത്. പ്രതിപക്ഷത്തിന്റെ സ്വര്‍ണ്ണം യഥേഷ്ടം കടത്തിക്കൊണ്ടുപോകുന്നു! അത് അന്യായമാണ്. പണ്ടായിരുന്നു എങ്കില്‍ ലീഗ് ഓഫീസില്‍ നിന്നുള്ള ഒരു ഫോണ്‍ വിളിയില്‍ പിടിച്ചെടുത്ത സ്വര്‍ണ്ണം ചെമ്പാകുകയും പ്രതി പുഷ്പം പോലെ പുറത്ത് ചാടുകയും ചെയ്യുമായിരുന്നു. ഇപ്പോള്‍ പഴയ പോലെ ഫോണ്‍ വിളി ഏല്‍ക്കുന്നില്ല. തങ്ങളുടെ ഫോണ്‍ എഡിജിപി എടുക്കുന്നുപോലും ഇല്ല. അങ്ങനെയാണ് സ്വര്‍ണ്ണക്കടത്തും, ഹവാല ഇടപാടും, മയക്കുമരുന്ന് കച്ചവടവും ഹലാല്‍ ആക്കി വെച്ചിരിക്കുന്ന വിഭാഗം ഒന്നടങ്കം തെരുവില്‍ ഇറങ്ങുന്നത്. ന്യൂനപക്ഷ പീഡനം അല്ലാതെന്ത്! എഡിജിപിയുടെ മര്യാദകെട്ട നടപടിയില്‍ നഷ്ടം സംഭവിച്ചവരൊക്കെ ഒന്നായി. സിപിഎം പറയുന്നത് അന്‍വറിനും ഇതില്‍ പങ്കുണ്ട് എന്നും, പണ്ട് മതേതര മുത്ത് ആയിരുന്ന ആള്‍ ഇപ്പോള്‍ പുതിയ ഒക്കച്ചങ്ക് ആക്കിയിരിക്കുന്നത് തീവ്രവാദികളെ ആണെന്നുമാണ്! ഈ തീവ്രവാദ വോട്ടുകളൊക്കെ നുള്ളിപ്പെറുക്കി പെട്ടിയില്‍ ഇട്ടു തന്നപ്പോള്‍ താന്‍ പുണ്യാളന്‍ ആയിരുന്നില്ലേ എന്ന അന്‍വറിന്റെ കമ്യൂണിസ്റ്റ് സംസ്‌കാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത ക്രൂരമായ ചോദ്യം പിണറായിക്ക് മാത്രമല്ല, ഗോവിന്ദന്‍ മാസ്റ്റര്‍ക്കും, രാമകൃഷ്ണനും, സി.പി.എമ്മിലേക്ക് അച്ചാര്‍ പാലം പണിത വിജയരാഘവനുമടക്കം ദഹിച്ചിട്ടില്ല. തിന്ന ചോറിനു കൂറുണ്ടോ എന്ന ക്രൂരമായ ചോദ്യവുമായി അന്‍വര്‍ വിജയരാഘവനെയും ഒതുക്കിക്കളഞ്ഞു.
അന്‍വറിന്റെ ലക്ഷ്യം സ്വതന്ത്രന്മാരുടെ ഗ്രൂപ്പുണ്ടാക്കി സമ്മര്‍ദ്ദതന്ത്രം പ്രയോഗിക്കുക എന്നതാണ്. അതിനുവേണ്ടി കിട്ടാവുന്ന ആളുകളെയൊക്കെ കൂടെ കൂട്ടാന്‍ നന്നായി പണിയെടുക്കുന്നുണ്ട്. അതുപോലെ, അന്‍വറിനെ ചാക്കിലാക്കാന്‍ പലരും ശ്രമിക്കുന്നുണ്ട്. കോണ്‍ഗ്രസിനെ പേടിച്ചാണെങ്കിലും ലീഗും അണിയറ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ജമാഅത്തെ ഇസ്ലാമി പത്രവും, ചാനലും അന്‍വറിനു പാട്ടത്തിനു കൊടുത്തിരിക്കയാണ്. കേന്ദ്രം ഭരിക്കുന്നത് ബിജെപി ആയതുകൊണ്ട് സി.പി.എമ്മിനും അന്‍വര്‍ ഒരു പേടിസ്വപ്‌നം ആണ്. വെട്ടി നിരത്തും എന്നൊക്കെ മുദ്രാവാക്യം വിളിക്കാം എന്നല്ലാതെ കണ്ണും കാതും കൂര്‍പ്പിച്ച് ഗവര്‍ണ്ണര്‍ ഇരിപ്പുള്ളത് കൊണ്ട് പിണറായിക്ക് ഉറക്കം വരില്ല.
പാര്‍ട്ടിക്കകത്താണെങ്കില്‍ പഴയ പിന്തുണയൊന്നും പിണറായിക്കില്ല. വയസ്സായി, അസുഖം പിടിച്ച ഇയാള്‍ക്ക് ശിഷ്ടകാലം വിശ്രമ ജീവിതം നയിച്ചുകൂടെ എന്നാണു ഭൂരിപക്ഷത്തിന്റെ അഭിപ്രായം. കോരന്റെ മകന് മാളിക വീട്ടില്‍ താമസിച്ചുകൂടെ എന്നൊക്കെയുള്ള പഴയ മുദ്രാവാക്യങ്ങള്‍ കേട്ട് മടുത്തതാണ്. കാരണം, സില്‍ബന്ധികള്‍ക്ക് മാത്രം വാരിക്കോരി പ്രസാദിക്കുന്നതിന്റെ സാക്ഷ്യപത്രമാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ തിരിച്ചടി. തുടര്‍ന്നുണ്ടായ തുടര്‍ചലനങ്ങളാണ് അന്‍വര്‍ ഉണ്ടാക്കിയ ഭൂകമ്പം. രാഷ്ീ്രയ നിരീക്ഷകര്‍ പ്രവചിക്കുന്നത് അന്‍വറില്‍ മാത്രം പ്രകമ്പനം ഒതുങ്ങില്ല എന്നാണ്. പിന്നണിയിലേക്ക് തള്ളപ്പെട്ട ബേബി, സുധാകരന്‍, തോമസ് ഐസക് തുടങ്ങി പിണറായിസം അവസാനിച്ചു കാണാന്‍ ആഗ്രഹിക്കുന്ന ഒരു വലിയ നേതൃനിരയും, അവര്‍ക്ക് പിന്നില്‍ ജനലക്ഷങ്ങളും ഒരുങ്ങിയിരിപ്പുണ്ട്. ഹിന്ദുക്കളോട് ചെയ്ത ദ്രോഹത്തിന്റെ അനന്തരഫലം കണ്ട് വിഎസ് പോലും ഊറിച്ചിരിക്കുന്നുണ്ടാകും!