സംസ്‌കൃതത്തില്‍ ‘ഒന്ന്’ എന്ന സംഖ്യയ്ക്ക് ഏകഃ എന്നു പറയും. ഇത് ഏകവചനമാണ്. ഹിന്ദിഭാഷയില്‍ ‘എക്’ എന്നും പറയും.
ഇംഗ്ലീഷില്‍ ‘വണ്‍’ എന്നാണ് പറയുന്നത്. എണ്ണല്‍ സംഖ്യകളില്‍ ഏറ്റവും ചെറുതാണ് ഒന്ന്. ഇതൊരു ഒറ്റ സംഖ്യയാണ്.
ഗണപതി സ്തുതിയോട് കൂടി ഈ സംഖ്യയുടെ വ്യവഹാരങ്ങളിലേക്ക് കണ്ണോടിക്കാം.
”ഏകദന്തം മഹാകായം തപ്തകാഞ്ചന സന്നിഭം ലംബോദരം വിശാലാക്ഷം വന്ദേങ്കഹം ഗണനായകം”
ഈ ശ്ലോകത്തില്‍ ഏക ശബ്ദത്തിന്റെ വ്യവഹാരം കാണാം. ഒന്ന് എന്ന സംഖ്യക്ക്, ഒരു, കേവലം, മാത്രം, മുഖ്യം, പ്രധാനം, സത്യം എതിരില്ലാത്ത തുല്യമായ എന്നൊക്കെ അര്‍ത്ഥം നിഘണ്ടുവില്‍ കാണുന്നുണ്ട്. ‘ഏക’ – ഒന്ന് എന്നര്‍ത്ഥം കുറിക്കുന്ന ചില വാക്കുകള്‍ താഴെ കൊടുക്കുന്നു.
ഏകാക്ഷം: ഒറ്റക്കണ്ണുള്ള,
ഏകാക്ഷരം-ഒരക്ഷരം, ഒരു സ്വരമുള്ളത്.
ഏകാഗ്ര: ഒരു വസ്തുവിലോ, ഒരു ബിന്ദുവിലോ തറച്ച, ഉറപ്പിച്ച.
ഏകോദര: ഒരു ഉദരത്തില്‍ നിന്ന് ജനിച്ചവന്‍.
ഏകാകി: ഒറ്റയായി, ഏകത്ര – ഒരിടത്ത്.
ഏകദാ ഒരിക്കല്‍, ഏകധാ – ഒരു വിധത്തില്‍
ഏകശ: ഒറ്റയ്ക്ക്, ഏകോന – ഒന്നു കുറവുള്ള (ഉദാ: ഏകോനവിംശതി – ഒന്നുകുറവുള്ള വിംശതി- ഒന്നു കുറവുള്ള വിംശതി- ഇരുപത് – പത്തൊമ്പത് എന്നര്‍ത്ഥം.)
കൂടെ മറ്റു ചില വ്യവഹാരങ്ങള്‍ താഴെ കൊടുക്കാം –
ഏകകാലേ – ഒരേ സമയത്ത്.
ഏകഗുരു: സതീര്‍ത്ഥ്യന്‍, ഏകചക്രം – സൂര്യന്റെ രഥം, ശ്രീകൃഷ്ണന്റെ ഗൃഹം.
ഏക ചരഃ – ഒറ്റ തിരിഞ്ഞ് നടക്കുന്ന
ഏകചിത്തം – ഒരേ വിഷയത്തില്‍ മനസ്സു വ്യാപരിപ്പിക്കുന്ന.
ഏകതമഃ പലതില്‍ ഒന്ന്
ഏകതര: രണ്ടില്‍ ഒന്ന്. ഏകതാ-ഐക്യം.
ഏകപുത്ര: ഒരു പുത്രന്‍ മാത്രമുള്ള തുടങ്ങിയവ കാണാം.
”ഏകം സത് വിപ്രാ ബഹുധാ വദന്തി”
എന്ന ചൊല്ല് പ്രസിദ്ധമാണല്ലോ? അതുപോലെ തന്നെ ശ്രീനാരായണ ഗുരുദേവന്റെ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന വാക്യവും പ്രസിദ്ധമാണല്ലോ.
വൈയാകരണനായ പാണിനി മഹര്‍ഷിയുടെ അഷ്ടാധ്യായീ എന്ന ഗ്രന്ഥത്തില്‍ കാണുന്ന ചില വ്യവഹാരങ്ങളും ചുവടെ ചേര്‍ക്കുന്നു.
1. ഏകശ്രുതി ദൂരാത്‌സംബുദ്ധൗ അഷ്ടാധ്യായി 1-2-33
2. ഏകായോ ഉപദേശേങ്കനുദാത്താത് ” ” 7-2-10
3. ഏകായോ ദ്വേപ്രഥമസ്യ ” ” 6-1-1
4. ഏകഃ പൂര്‍വ പരയോഃ ” ” 6-1-84
5. ഏക വചനം സംബുദ്ധി ” ” 2-3-49
6. ഏകോ ഗോത്രേ ” ” 4-1-93
7. ഏകസ്യ സകൃച്ച ” ” 5-4-19
തുടങ്ങി ധാരാളം പാണിനീയ സൂത്രങ്ങള്‍ ഉണ്ട്. ഉദാഹരണമായി ചിലത് കൊടുത്തു എന്നു മാത്രം.
ഇപ്രകാരം ഒന്ന് (ഏക) എന്ന സംഖ്യയുടെ ധാരാളം വ്യവഹാരങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. ഒരു ഗവേഷണം നടത്തിയാല്‍ ധാരാളം വ്യവഹാരങ്ങള്‍ കണ്ടെത്തിയേക്കാം.