യേശുദാസ് എന്ന ഗായകന്റെ സംഗീതജ്ഞാനത്തെക്കുറിച്ചോ ആലാപന സിദ്ധികളെക്കുറിച്ചോ മലയാളികള്‍ക്ക് ആര്‍ക്കും അഭിപ്രായവ്യത്യാസമുണ്ടാവാനിടയില്ല. ലോകമെമ്പാടുമുള്ള സംഗീതപ്രേമികള്‍ ഒന്നടങ്കം ആരാധനയോടെ കാണുന്ന ആ കലാകാരന്‍ സാധാരണ മലയാളിയുടെ ജീവിതത്തെ സാരമായി തന്നെ സ്വാധീനിച്ചിട്ടുണ്ട്.
ആയിരത്തിത്തൊള്ളായിരത്തി അറുപത്തിരണ്ടിനു ശേഷം ജനിച്ച, മലയാളികളുടെ രണ്ടു തലമുറയോട് ആരാണ് യേശുദാസ് എന്ന് ചോദിച്ചാല്‍ ഏറ്റവും എളുപ്പം ലഭിക്കുന്ന നിര്‍വ്വചനം പാട്ടിന്റെ പര്യായം എന്നായിരിക്കും. ഈ കാലഘട്ടത്തിലെ ശരാശരി മലയാളിയുടെ സംഗീതാഭിരുചികളെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു ശബ്ദം ഉണ്ടാവാന്‍ ഇടയില്ല. മലയാളികളുടെ ലളിത സംഗീതത്തിലേക്കും ശാസ്ത്രീയ സംഗീതത്തിലേക്കുമുള്ള താക്കോല്‍ ഈ ഗന്ധര്‍വ ശബ്ദമായിരുന്നു. അവര്‍ അനുഭവിച്ച ഏറ്റവും മനോഹരമായ ശബ്ദവും ചെവിക്കൊണ്ട ആലാപന വൈദഗ്ധ്യവും മറ്റാരുടേതുമല്ല. അങ്ങനെ അവരുടെ സംഗീത ബോധത്തിന്റെ ഒരു അളവുകോലായി യേശുദാസ് മാറി.
യേശുദാസിനെക്കാളും നന്നായി പാടുന്ന ഗായകനെ മലയാളികള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയില്ല. ഒരു ശരാശരി മലയാളിയുടെ ഏത് വികാരത്തെയും അടയാളപ്പെടുത്തുന്ന ഒന്നിലധികം മനോഹരഗാനങ്ങള്‍ യേശുദാസ് നമുക്ക് സമ്മാനിച്ചിട്ടുണ്ട്. അത് പ്രണയമോ, വിരഹമോ, ഭക്തിയോ, ദു:ഖമോ, സന്തോഷമോ എന്തുമാകട്ടെ ഓരോ ജീവിതസന്ദര്‍ഭവും അടയാളപ്പെടുത്താന്‍ ഒരു യേശുദാസ് ഗാനമെങ്കിലും എല്ലാവരുടേയും ഹൃദയത്തിലുണ്ടാകും.
സ്‌കൂള്‍, കോളേജ് പഠനകാലത്തു വീട്ടിലെ ചുമരില്‍ ആരാധനാപാത്രങ്ങളുടെ ചിത്രങ്ങള്‍ ഒട്ടിക്കുന്ന പതിവ് മിക്കവര്‍ക്കും കാണും. ഏറിയപേരുടെ ചുമരിലും ഇങ്ങനെ സ്ഥാനം പിടിച്ചിട്ടുള്ള ഒരുചിത്രമാണ് യേശുദാസിന്റേത്. അച്ചടക്കം വളരെ നിര്‍ബന്ധമായിരുന്ന അച്ഛന്‍ ഒരിക്കല്‍ ഈ ചിത്രങ്ങള്‍ എല്ലാം മാറ്റിക്കോ വേണമെങ്കില്‍ ഗാന്ധിജിയുടെയും ഇന്ദിരാഗാന്ധിയുടെയും യേശുദാസിന്റെയും മാത്രം ചിത്രങ്ങള്‍ അവിടെ ഇരുന്നോട്ടെ എന്നുപറഞ്ഞ അനുഭവം എനിക്കു യേശുദാസിനോട് തന്നെ പറയാന്‍ അവസരം ഉണ്ടായി.. ‘അയ്യോ അവരുടെ കൂടെയൊന്നും ഇരിക്കാനുള്ള അര്‍ഹതഎനിക്കില്ല. അനിയനോടു അങ്ങനെ പറഞ്ഞല്ലോ അത് ആ ജഗദീശന്റെ അനുഗ്രഹം’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇത്രയും പറഞ്ഞത് രണ്ടു തലമുറക്ക് എന്തായിരുന്നു യേശുദാസ് എന്നതിലേക്ക് വെളിച്ചം പകരാനാണ്.
ഒരു ഭാഗ്യ ജന്മം ആയിരുന്നോ യേശുദാസിന്റേത്? ഒരു മികച്ച ഗായകനാകാനുള്ള എല്ലാ സാഹചര്യങ്ങളും ആ ജനനത്തിലുണ്ടായിരുന്നു എന്ന് വേണം പറയാന്‍. അച്ഛന്റെ സംഗീത നാടക പാരമ്പര്യം ചെറുപ്പത്തിലേ സംഗീതം പഠിക്കാനുള്ള അവസരം അദ്ദേഹത്തിന് നല്‍കി. ശാസ്ത്രീയമായി സംഗീതം പഠിക്കാതെ പാടിയിരുന്ന യേശുദാസിന്റെ പിതാവ് ആഗസ്റ്റിന്‍ ജോസഫ് തന്റെ പുത്രന് ആ ഗതി വരരുത് എന്ന് കരുതി ചെറുപ്പത്തിലെ ശാസ്ത്രീയസംഗീത പഠനം സാധ്യമാക്കി. അച്ഛന്‍ സംഗീതം പഠിക്കാത്തതുകൊണ്ട് തെറ്റിപ്പോകുമോ എന്ന ഭയം കൊണ്ട് സ്വരങ്ങള്‍ പാടിയിരുന്നില്ല എന്ന് യേശുദാസ് തന്നെ പറഞ്ഞിട്ടുണ്ട്. തന്റെ ഒരു മകനെങ്കിലും ഈ രംഗത്ത് വരണമെന്നും അദ്ദേഹം ആഗ്രഹിച്ചു. അതുകൊണ്ട് വീട്ടിലെ പ്രാര്‍ത്ഥനാ സമയങ്ങളിലെല്ലാം ഉച്ചാരണം മെച്ചപ്പെടുത്താന്‍ എപ്പോഴും അദ്ദേഹം ഉപദേശിച്ചിരുന്നു. അതുകൊണ്ടാണ് തന്റെ ശബ്ദത്തില്‍ ഏതെങ്കിലും ഒരു പ്രദേശത്തിന്റെ ഭാഷാശൈലി ഇല്ലാത്തത് എന്നും യേശുദാസ് പറഞ്ഞിട്ടുണ്ട്. ഇതുകൊണ്ടുണ്ടായ ഗുണം പാടുമ്പോള്‍ എന്താണ് പാടുന്നെതെന്നു കേള്‍ക്കുന്നവര്‍ക്കെല്ലാം ഒരുപോലെ മനസ്സിലാക്കാന്‍ സാധിക്കുന്നു എന്നതാണ്. ഒരുപക്ഷെ എത്രയോ ജന്മങ്ങളില്‍ സംഗീതം പഠിക്കണമെന്ന അഭിവാഞ്ചയാകാം ഇത്തരമൊരു കുടുംബത്തില്‍ പിറവി ലഭിക്കാന്‍ കാരണമെന്നും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.
യേശുദാസിനു ലഭിച്ച അനുഗ്രഹങ്ങളെ കുറിച്ച് പറയുമ്പോള്‍ ആ മനോഹര ശബ്ദത്തെക്കുറിച്ച് പറയാതെ പോകാനാവില്ല. യേശുദാസിന് മുന്‍പ് ഇങ്ങനെ എല്ലാം തികഞ്ഞൊരു ശബ്ദം മലയാള സിനിമാലോകം അറിഞ്ഞിട്ടുണ്ടായിരുന്നില്ല. എല്ലാ സ്ഥായികളിലും പാടാന്‍ കഴിയുന്ന അനുഗ്രഹീത ശബ്ദം എന്നാണ് ദേവരാജന്‍ മാസ്റ്റര്‍ ആ ശബ്ദത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. മലയാള സിനിമ ശൈശവ ദശവിട്ടു കൗമാരത്തിലേക്കു കാലുവെക്കുന്ന സമയമായിരുന്നു അത്. അന്യഭാഷ ഈണങ്ങളില്‍നിന്നു മലയാള സിനിമാസംഗീതം മുക്തമാവുന്ന കാലം. സംഗീതവിദ്വാന്മാരായ ദക്ഷിണാമൂര്‍ത്തി, കെ. രാഘവന്‍, ദേവരാജന്‍ മാസ്റ്റര്‍, എം.ബി.ശ്രീനിവാസന്‍ എന്നിവര്‍ മികച്ച ഈണങ്ങളുമായി സംഗീതയാത്ര തുടങ്ങിയ കാലം. ഈ സംഗീത വിദ്വാന്മാരുടെ എല്ലാത്തരം ഗാനങ്ങളും പാടാന്‍ ഒരു മികച്ച മലയാളി ഗായകന്‍ അക്കാലത്തില്ലായിരുന്നു. ഗാനരചനാ രംഗത്താകട്ടെ പി.ഭാസ്‌കരന്‍, വയലാര്‍, ഓഎന്‍വി കുറുപ്പ് തുടങ്ങിയ പ്രഗത്ഭര്‍. ഇവരുടെ മികച്ച ഗാനങ്ങള്‍ പാടാന്‍ ലളിതഗാന രംഗത്തൊരു രാജകുമാരന്റെ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു. ‘എന്തുകൊണ്ടും അനുകൂലമായ ഒരു അവസരത്തിലാണ് ദാസേട്ടന്റെ എന്‍ട്രി’- എന്നാണ് ഈ അരങ്ങേറ്റത്തെക്കുറിച്ച് സംഗീത സംവിധായകനായ പെരുമ്പാവൂര്‍ ജി.രവീന്ദ്രനാഥ് ഓര്‍മ്മിക്കുന്നത്. യേശുദാസിന്റെ മറ്റൊരു അനുഗ്രഹമായി കണക്കാക്കാവുന്നത് അദ്ദേഹത്തിന് കിട്ടിയ ഗുരുപരമ്പരയാണ്. അവരുടെ ശിക്ഷണത്തോടൊപ്പം സാധനയും കൂടി ചേര്‍ന്നപ്പോള്‍ യേശുദാസിന്റെ സിദ്ധി അനന്യമായി. അതാണ് ഏതാണ്ട് അരനൂറ്റാണ്ടോളം മലയാള സിനിമാ ലോകം അടക്കി വാഴാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയത്. ഈ അനുഗ്രഹങ്ങളെയെല്ലാം കൈമോശം വരാതെ കാത്തുസൂക്ഷിക്കാന്‍ യേശുദാസിനു കഴിഞ്ഞു എന്നതാണ് മലയാളികളുടെ ഭാഗ്യം. സഹപാഠികളെല്ലാം സംഗീത ലോകത്തുനിന്നും, ഈ ലോകത്തുനിന്നും വിടപറയുമ്പോഴും യേശുദാസ് പാട്ടു തുടരുവാനുള്ള കാരണം മറ്റൊന്നല്ല. ആ അച്ചടക്കം എല്ലാ കലാകാരന്മാര്‍ക്കും ഒരു മാതൃകതന്നെയാണ്. ജീവിതത്തില്‍ അദ്ദേഹം പുലര്‍ത്തുന്ന നിഷ്ഠകള്‍ അനുകരിക്കാനാവാത്തതാണ്. അത് ലഹരി വര്‍ജ്ജനത്തിലോ ഭക്ഷണക്രമത്തിലോ സാധകത്തിലോ മാത്രം ഒതുങ്ങുന്നതല്ല. ‘എന്റെ തൊണ്ടയ്ക്കു പറ്റാത്തത് ഒന്നും ഞാന്‍ ചെയ്യില്ല’ എന്ന് അദ്ദേഹം പറഞ്ഞു. ഒരിക്കല്‍ സിനിമകളില്‍ അഭിനയം തുടരാത്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. ‘ഷൂട്ടിംഗ് സ്ഥലത്തു പോയാല്‍ വെയില്, പൊടി, ചൂട് ഇതൊക്കെ ഉണ്ടാകും. ഇതൊന്നും ശബ്ദം സൂക്ഷിക്കുന്നവര്‍ക്കു പറ്റിയതല്ല. പിന്നെ ഡയലോഗ് കാണാതെ പഠിച്ചുപറയാനുള്ള കഴിവൊന്നും അത്രയില്ല. അതൊക്കെ പറ്റുന്നവര്‍ അഭിനയിക്കട്ടെ. നമ്മുക്ക് പാട്ടു മതി’. ഇതാണ് അക്കാര്യത്തില്‍ അദ്ദേഹത്തിന്റെ നിലപാട്. ഒരു ഗായകനായി അറുപതു വര്‍ഷം പിന്നിട്ടിട്ടും ആ രംഗത്ത് തുടരാനാകുന്നതും ഇത്തരം ചില ആത്മനിയന്ത്രണങ്ങള്‍ കൊണ്ടാണ്.
യേശുദാസിനോളം സ്വീകാര്യത കിട്ടിയ മലയാളി കലാകാരന്‍ വേറെ ആരുണ്ട്? ജാതി മതഭേദമെന്യേ എല്ലാ ആരാധനാലയങ്ങളിലും യേശുദാസിന്റെ ശബ്ദ സാന്നിധ്യം ഉണ്ടാകും. ഗുരുവായൂരിലായാലും ശബരിമലയിലായാലും ആ ശബ്ദം കേള്‍ക്കാതെ ദര്‍ശനഭാഗ്യം ലഭിച്ചു മടങ്ങാനാകില്ല. ശബരിമല തിരുനട അടക്കുന്നത് തന്നെ യേശുദാസ് പാടിയ ഉറക്കുപാട്ടോടെയാണ്. ശബരിമലയില്‍ രാത്രി പതിനൊന്നു മണിക്ക് ഉച്ചഭാഷിണിയിലൂടെ ഹരിവരാസനം മുഴങ്ങുമ്പോള്‍ മറ്റു ശബ്ദങ്ങള്‍ എല്ലാം തനിയെ നിശബ്ദമാകും. ശബരിമലക്ഷേത്രത്തിനായി യേശുദാസ് പാടിയ ഹരിവരാസനം കേട്ട് ആ സമയം ക്ഷേത്ര പരിസരത്തു നില്‍ക്കുക എന്നത് ഒരു പ്രത്യേക അനുഭൂതിയാണ്. മലയാളിയുടെ ഇഷ്ടദേവനോ ദേവിയോ ആരുമാകട്ടെ യേശുദാസ് പാടിയ ഒരു ഭക്തിഗാനമെങ്കിലും അവര്‍ വിടാതെ പിന്തുടരുന്നുണ്ടാകണം. ഊണിലുമുറക്കത്തിലും മാത്രമല്ല സ്വപ്നത്തില്‍ പോലും ആ ശബ്ദം ഓരോ മലയാളിക്കും ഒപ്പമുണ്ട്. ഇങ്ങനെ മതാതീതനായി സ്വീകാര്യത ലഭിച്ച മറ്റൊരു ഗായകനെ പറയാനാകില്ല.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ യേശുദാസിനു പ്രവേശനം അനുവദിക്കണമെന്ന് പറഞ്ഞു താന്‍ സമരം ചെയ്യുമെന്ന് വയലാര്‍ പ്രസംഗിക്കുകയുണ്ടായിട്ടുണ്ട്. കൂടാതെ ഗുരുവായൂര്‍ അമ്പലനടയില്‍ ഒരു ദിവസം ഞാന്‍ പോകും എന്ന പാട്ടും എഴുതി യേശുദാസിനെക്കൊണ്ട് തന്നെ പാടിച്ചു. ഗുരുവായൂരപ്പന്റെ പരമഭക്തനായ ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ ആകട്ടെ തനിക്കു കിട്ടിയ പൊന്നാട ശിഷ്യനായ യേശുദാസിനു നല്‍കി ഒപ്പം ഇരുന്നു പാടാന്‍ ആവശ്യപ്പെട്ടു. പൊതുസമൂഹത്തില്‍ യേശുദാസിന്റെ സ്വീകാര്യത വര്‍ദ്ധിക്കാന്‍ ഇത്തരം ചില വ്യക്തികളും നിമിത്തമായിട്ടുണ്ട്. എല്ലാവര്‍ക്കും പ്രവേശനം നല്‍കുന്ന മഹാക്ഷേത്രങ്ങളില്‍ യേശുദാസ് പലപ്പോഴും നിറസാന്നിധ്യവുമാകാറുണ്ട്.
വ്രതംനോറ്റ് കറുപ്പുടുത്ത് ശബരിമലയിലും പിറന്നാളിന് മൂകാംബിക ക്ഷേത്രത്തിലും അദ്ദേഹം പല കുറി പോയിട്ടുണ്ട്. ഇതെല്ലാം യേശുദാസിന്റെ മതേതര മനസ്സാണ് വരച്ചുകാട്ടുന്നത്. അതുപോലെ ഗാനമേളകളില്‍ അതത് മതവിഭാഗത്തിന്റെ വേഷവിതാനങ്ങളില്‍ വന്നു പാടുന്ന രീതിയും അദ്ദേഹം പരീക്ഷിച്ചിട്ടുണ്ട്. ഗാനമേളക്കൊപ്പം മിമിക്രി കലാകാരന്മാരെ പങ്കെടുപ്പിക്കാനും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. ഇതെല്ലം യേശുദാസിനെ ജനകീയനാക്കിയ കാര്യങ്ങളാണ്. മറ്റൊരു സവിശേഷത യേശുദാസിന്റെ ഗാനങ്ങള്‍ ഹൃദയത്തില്‍നിന്നു ഹൃദയത്തിലേക്കാണ് പകര്‍ന്നു നല്‍കപ്പെടുന്നത് എന്നതാണ്. പുതിയ തലമുറയിലെ കുട്ടികള്‍ പോലും ആ ആലാപനചാരുത മനസ്സിലാക്കുന്നുണ്ട്. ഒരു ഗായകന് കരഞ്ഞുകൊണ്ട് പാടാനാകുമോ? യേശുദാസാണ് പാടുന്നതെങ്കില്‍ അങ്ങനെയും സാധിച്ചെന്നു വരും. സംശയമുണ്ടെങ്കില്‍ മദംപൊട്ടി ചിരിക്കുന്ന മാനം എന്ന പാട്ടോ പ്രേമഭിക്ഷുകി, സന്യാസിനി, ഉറങ്ങിക്കിടന്ന ഹൃദയം തുടങ്ങിയ പാട്ടുകളോ ശ്രദ്ധിക്കുക. ഓരോ വാക്കും, അക്ഷരവും തിരിച്ചറിയുക മാത്രമല്ല അത് നമ്മെ കരയിപ്പിക്കുകയും ചെയ്യും. വികാരങ്ങളെ ഇത്രയധികം സംവേദനം ചെയ്യുന്ന മറ്റൊരു പാട്ടുകാരന്‍ നമുക്കില്ല. എന്നിട്ടും യേശുദാസ് ഹിന്ദി സിനിമയില്‍ എന്തേ ഒന്നാമതെത്തിയില്ല? ഒരുപക്ഷെ ഈ അക്ഷരസ്ഫുടത ഹിന്ദി ഗായകര്‍ക്ക് ആവശ്യമില്ലായിരിക്കാം.
എങ്കിലും ഹിന്ദി സിനിമയിലും നിരവധി ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹം പാടി, ദേശീയ അവാര്‍ഡ് അടക്കം നേടുകയും ചെയ്തു.
യേശുദാസിന്റെ മറ്റൊരു സവിശേഷത സാങ്കേതികവിദ്യ മനസ്സിലാക്കാനും അത് തന്റെ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാനും ഉള്ള കഴിവാണ്. ആദ്യ കാലം മുതലേ മൈക്രോഫോണിനെ ഇത്രയും മനസ്സിലാക്കിയ വേറൊരു പാട്ടുകാരന്‍ ഉണ്ടോ എന്ന് സംശയമാണ്. പാരിജാതം തിരിമിഴി തുറന്നൂ എന്ന പാട്ടിനെ ഉദാഹരിച്ച് ഒരിക്കല്‍ യേശുദാസ് പറഞ്ഞു പാരിജാതം എന്ന് പാടുമ്പോള്‍ അത് വെറുമൊരു പ അല്ല, ഒരു ഒന്നര ഒന്നേകാല്‍ പ എങ്കിലും വേണം. എങ്കിലേ മൈക്രോഫോണില്‍ നേരെ ചെന്ന് പതിയൂ എന്ന്. ഇങ്ങനെ മൈക്രോഫോണിന്റെ സ്വഭാവം മനസ്സിലാക്കി അത് ഉപയോഗിക്കാന്‍ അദ്ദേഹം പണ്ടേ ശ്രദ്ധിച്ചിരുന്നു. ഇന്നിപ്പോള്‍ സാങ്കേതികവിദ്യ ഗായകരെ പല വിധത്തില്‍ സഹായിക്കുന്നുണ്ട്. പാട്ടു പാടണ്ട പറഞ്ഞാല്‍ മതി എന്ന സ്ഥിതി വരെ ആയിരിക്കുന്നു. ശ്രുതിയും വേഗവും ഒക്കെ സാങ്കേതികവിദ്യ സാധ്യമാക്കും. പല ഗാന പരീക്ഷണങ്ങള്‍ക്കും യേശുദാസിന്റെ ശബ്ദം വിധേയമായിട്ടുണ്ട്. ഒരേ പാട്ട് മമ്മൂട്ടിക്കും മോഹന്‍ലാലിനും വേണ്ടി രണ്ടു വിധത്തില്‍ ഹരികൃഷ്ണന്‍സ് എന്ന ചിത്രത്തിന് വേണ്ടി പാടിയത് ഇത്തരത്തിലുള്ള ഒരു പരീക്ഷണമായിരുന്നു. അതുപോലെ വടക്കുംനാഥനിലെ ഗംഗേ എന്ന ഗാനവും മികച്ചതാക്കിയത് ഇത്തരം ചില സാങ്കേതികവിദ്യയുടെ പ്രയോഗത്തിലൂടെയാണ് എന്ന് അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. സാങ്കേതികവിദ്യ മാത്രം മതിയെങ്കില്‍ എന്തുകൊണ്ട് മറ്റു ഗായകര്‍ക്കൊന്നും ഇങ്ങനെ അത്ഭുതങ്ങള്‍ കാണിക്കാന്‍ കഴിയുന്നില്ല എന്നും ചിന്തിക്കേണ്ടതുണ്ട്. സാങ്കേതികവിദ്യ ആ സിദ്ധികളെ ഒന്ന് മെച്ചപ്പെട്ട രീതിയില്‍ അവതരിപ്പിച്ചു എന്ന് മാത്രം കരുതിയാല്‍ മതി. അതുപോലെ കച്ചേരികള്‍ ലാപ്ടോപ്പില്‍ നോക്കി പാടുന്ന എത്ര സംഗീതകാരന്മാര്‍ ആ തലമുറയില്‍പ്പെട്ടവരിലുണ്ട്? എന്നാല്‍ യേശുദാസ് രണ്ടു പതിറ്റാണ്ടിനു അടുത്തായി ഈ പുതിയ സാങ്കേതികവിദ്യ സൗകര്യങ്ങള്‍ ഉപയോഗിച്ചു വരുന്നുണ്ട്. പുതിയ കാര്യങ്ങള്‍ മനസ്സിലാക്കാനും അത് പ്രയോഗിക്കാനും ഇന്നും പുതിയ തലമുറ ഗായകരേക്കാള്‍ മുന്നിലാണ് യേശുദാസ്. ഈ പ്രത്യേകതയും യേശുദാസ് എന്ന ഗായകനെ ഒന്നാമനാക്കിത്തീര്‍ത്തതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. മലയാള സിനിമയിലെ തന്റെ ചോദ്യം ചെയ്യാനാകാത്ത സാന്നിധ്യത്തെക്കുറിച്ച് ഒരിക്കല്‍ ചോദിച്ചപ്പോള്‍ അദ്ദേഹം ഇങ്ങനെ മനസ്സ് തുറന്നു ‘എനിക്ക് ശരിക്കും വിഹരിക്കാന്‍ കഴിഞ്ഞു’ എന്ന്.
ഒരു ഗായകന്‍, സംഗീതജ്ഞന്‍ എന്നതിലുപരി യേശുദാസ് ഒരു സംഗീത സംവിധായകനും എഴുത്തുകാരനും അഭിനേതാവും കൂടിയാണ്. തമിഴില്‍ അദ്ദേഹം ഒരിക്കല്‍ ഇങ്ങനെ തോന്നിയത് എന്ന് പറഞ്ഞു ഒരു പാട്ടെഴുതിയത് ആകാശവാണിയില്‍ വന്നപ്പോള്‍ പാടി കേള്‍പ്പിക്കുകയുണ്ടായി. അദ്ദേഹം ഈണമിട്ട ചലച്ചിത്ര ഗാനങ്ങളും ഭക്തി ഗാനങ്ങളും നിരവധിയുണ്ട്. അവയില്‍ പലതും അതിപ്രശസ്തങ്ങളും ആണ്. പിന്നീട് എന്തുകൊണ്ട് സംഗീത സംവിധാനത്തില്‍ നിന്ന് പിന്മാറി എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞത് ‘ഏതെങ്കിലും ഒരീണം കാതില്‍കൂടി പോയാല്‍ ഞാന്‍ മറക്കില്ല. അപ്പോള്‍ ഒന്ന് ചെയ്താല്‍ മറ്റേതു പോലെയല്ലേ എന്ന് തോന്നും. വളരെ കഷ്ടപ്പെട്ടാണ് ഈണങ്ങള്‍ ചെയ്തിട്ടുള്ളത്. പിന്നെ ഒരിക്കല്‍ ഒരു സൂത്രപ്പണി ചെയ്തു. ആപ് ജൈസേ കോയി എന്ന ഗാനം ഒന്നുമാറ്റി തക്കിട മുണ്ടന്‍ താറാവ് എന്ന് ചെയ്തു. അതോടെ നിര്‍ത്തി. ഭേദം നല്ല സംഗീത സംവിധായകര്‍ ചെയ്യുന്ന പാട്ട് പാടുന്നതാണ് എന്ന് തോന്നി.’ വളരെ അനായാസമായി നൃത്തം വരെ ചെയ്തിട്ടുണ്ട് സിനിമയില്‍ യേശുദാസ്. സുറുമ നല്ല സുറുമ എന്ന പാട്ട് രംഗം ഓര്‍മിക്കുക. എന്നാല്‍ ഷൂട്ടിംഗ് സ്ഥലത്തെ പൊടി, വെയില്‍ ഇതൊന്നും തന്റെ ശബ്ദത്തിനു പറ്റില്ല എന്ന് കരുതി മാറിനില്‍ക്കുക ആയിരുന്നു. നല്ല ഒരു കായിക പ്രേമിയായിട്ടും ഫുട്ബോള്‍, ടെന്നീസ് എന്നിവയില്‍ നിന്നും ഈ കാരണങ്ങള്‍ കൊണ്ട് അദ്ദേഹം മാറി നിന്നു. ഒരു സിനിമ നിര്‍മിക്കാന്‍ ആലോചന നടത്തിയെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. അടിമുടി കലാകാരനായ വ്യക്തിയാണ് യേശുദാസ് എന്ന് ഈ കാര്യങ്ങള്‍ ഓര്‍മിപ്പിക്കുന്നു.
ഈശ്വരന്‍ പാടുകയാണെങ്കില്‍ അത് ആരുടെ ശബ്ദത്തില്‍ ആയിരിക്കും? കഥകളിപ്പദ സംഗീതജ്ഞന്‍ കലാമണ്ഡലം ഹൈദരാലി ഇതിനുത്തരം പറഞ്ഞിട്ടുണ്ട്. ഈശ്വരന്‍ പാടുകയാണെങ്കില്‍ അത് യേശുദാസിന്റെ സ്വരത്തില്‍ ആയിരിക്കുമെന്ന്. അതുപോലെ സംഗീത സംവിധയകന്‍ രവീന്ദ്ര ജെയിന്‍ ഒരിക്കല്‍ പറഞ്ഞു തനിക്കു കാഴ്ചശക്തി കിട്ടുകയാണെണെങ്കില്‍ ആദ്യം കാണേണ്ട മുഖം യേശുദാസിന്റേതാണ് എന്ന്. ഗാനഗന്ധര്‍വന്‍, സൗത്ത് ഇന്ത്യയിലെ ജിംറീവ്സ്, ആസ്ഥാന ഗായകന്‍ എന്നിങ്ങനെ പല ടൈറ്റിലുകള്‍ യേശുദാസിനു കിട്ടിയിട്ടുണ്ട്. ഇതില്‍ ഏതിനോടാണ് ഏറ്റവും പ്രിയം എന്ന് ഒരിക്കല്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഞാന്‍ തന്നെ ഒരു പാട്ടില്‍ പാടിയിട്ടുണ്ട് ‘പാമരനാം പാട്ടുകാരന്‍’ അതാണ് ഏറെ ഇഷ്ടം എന്ന്.
യേശുദാസ് നേരിട്ടിട്ടുള്ള ഏറ്റവും വലിയ ആക്ഷേപം അദ്ദേഹം മറ്റു ഗായകരുടെ വഴി മുടക്കി, അവരെ വളരാന്‍ അനുവദിച്ചില്ല എന്നൊക്കെയാണ്. എന്നാല്‍ ഇതില്‍ എത്രമാത്രം സത്യം ഉണ്ട്? അദ്ദേഹം അങ്ങനെ ആര്‍ക്കു മുന്നിലും വഴിമുടക്കി നിന്നിട്ടില്ല എന്നുള്ളതാണ് സത്യം. കല എന്നതിനപ്പുറം ചലച്ചിത്രം ഒരു വ്യവസായവും ഉല്പന്നവും കൂടി ആയപ്പോള്‍ എല്ലാവരും ഏറ്റവും മികച്ചത് ആഗ്രഹിച്ചു. സ്വാഭാവികമായും അത് യേശുദാസ് ആയിരുന്നു. ഒരോ മുന്‍നിര നായകന്മാരും തന്റെ ശബ്ദത്തിനോട് ഏറെ ചേര്‍ന്ന് നില്‍ക്കുന്നത് യേശുദാസിന്റെ ശബ്ദം തന്നെ എന്ന് വിശ്വസിച്ചു. പ്രേം നസീറും മധുവും ജയനും മമ്മൂട്ടിയും മോഹന്‍ലാലും ദിലീപും വരെ ആ വിശ്വാസം പുലര്‍ത്തി. ഇവിടെയാണ് യേശുദാസിന്റെ ഒരപൂര്‍വസിദ്ധി അറിയാതെ പോകുന്നത്. ആരോമലുണ്ണിയിലെ ‘മുത്തുമണി പളുങ്കു വള്ളം’ എന്ന പാട്ടു നസീറിന് വേണ്ടി ഒരു ശബ്ദത്തില്‍ പാടുമ്പോള്‍ ‘കസ്തൂരിമാന്‍ മിഴി മലര്‍ ശരം എയ്തു’ എന്ന് യേശുദാസ് പാടുന്നത് മറ്റൊരു ശബ്ദത്തിലും സ്ഥായിലുമാണ്. കാരണം അഭ്രപാളിയില്‍ ജയനാണ് അഭിനയിക്കുന്നത്. കണ്ണും കണ്ണും തമ്മില്‍ തമ്മില്‍ കഥകള്‍ കൈമാറും അനുരാഗമേ പാടുമ്പോഴും ഈ അന്തരം വളരെ പ്രകടമാണ്. ഇനി മറ്റൊരു ഉദാഹരണം എടുക്കാം. പ്രേമാഭിഷേകത്തിലെ ‘ദേവി ശ്രീദേവി’ എന്ന പാട്ട് പാടുമ്പോള്‍ അത് കമലാഹാസന്റെ ശബ്ദം തന്നെയാണ്. തിളക്കത്തില്‍ എനിക്കൊരു പെണ്ണുണ്ട് എന്ന് പാടുമ്പോള്‍ ആ സ്വരം ദിലീപിന്റേതായി മാറുന്നു. ജലം അതുള്‍ക്കൊള്ളുന്ന പാത്രത്തിന്റെ ആകൃതി സ്വീകരിക്കുന്ന പോലെ യേശുദാസിന്റെ ശബ്ദത്തിനും അത് അഭ്രപാളിയില്‍ അവതരിപ്പിക്കുന്ന നായകന്റേതാകാന്‍ കഴിയുന്നു. ദേവരാജന്‍ മാസ്റ്റര്‍ പോലും അഭിനന്ദിച്ച ഒരു ഗാനചിത്രീകരണ രംഗത്തെ കുറിച്ച് ഒരിക്കല്‍ നെടുമുടി വേണു അനുസ്മരിച്ചിട്ടുണ്ട്. സര്‍ഗ്ഗത്തിലെ ആന്ദോളനം എന്ന പാട്ട്. ഈ പകര്‍ന്നാട്ടം എത്ര ഗായകര്‍ക്ക് സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുത്താതെ ചെയ്യാന്‍ കഴിയും? യേശുദാസിന്റെ ഈ വിജയരഹസ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം അത് പാടെ നിഷേധിക്കുകയാണ് ചെയ്തത്. സ്വന്തം ശബ്ദത്തിലല്ലാതെ മിമിക്രി ചെയ്തു പാടാന്‍ കഴിയുമോ എന്ന് അദ്ദേഹം തിരിച്ചുചോദിച്ചു. ജലദോഷമോ തൊണ്ടയടപ്പോ വന്നു ശബ്ദം മാറിയിട്ടുണ്ടാകാം എന്നല്ലാതെ ശബ്ദം മാറ്റാറില്ലെന്നും പറഞ്ഞു. മികച്ച നടന്മാര്‍ അഭിനയിക്കുമ്പോള്‍ ഡയറക്ടര്‍മാര്‍ അവരുടെ കഴുത്തിലെ ഞരമ്പിന്റെ ചലനം വരെ കാണിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് അങ്ങനെ തോന്നുന്നതാകാം എന്ന് പറഞ്ഞൊഴിഞ്ഞു. പക്ഷെ ഇത് അദ്ദേഹത്തിനു മാത്രം ലഭിച്ച ഒരു സിദ്ധിയല്ലേ? ഇത്തരം സിദ്ധിയോ കഷ്ടപ്പെടാന്‍ മനസ്സോ ഇല്ലാത്ത അല്പവിഭവന്മാരായ ഗായകരാണ് യേശുദാസ് തങ്ങളുടെ അവസരം മുടക്കി എന്ന വാദം ഉയര്‍ത്തുന്നത്. എന്നാല്‍ ഒരു പാട്ട് ആര് പാടണമെന്ന് ആ പാട്ടില്‍ എഴുതപ്പെട്ടിരിക്കുന്നു എന്നാണ് യേശുദാസിന്റെ ഇക്കാര്യത്തിലുള്ള വിശദീകരണം. തുടക്ക കാലത്തെ ഒരനുഭവവും അദ്ദേഹം പറയാറുണ്ട്. റോസി എന്ന ചിത്രത്തിലെ അല്ലിയാമ്പല്‍ കടവില്‍ അന്നു അരക്കു വെള്ളം എന്ന ഗാനം പാടേണ്ടിയിരുന്നത് കെ.പി. ഉദയഭാനു ആയിരുന്നു. എന്നാല്‍ അസുഖം കാരണം അദ്ദേഹത്തിന് അത് റെക്കോര്‍ഡിങ് ദിവസം പാടാന്‍ കഴിഞ്ഞില്ല. അവസരം സ്വാഭാവികമായും അന്ന് ഉയര്‍ന്നു വരുന്ന പുതുമുഖമായ യേശുദാസിനെ തേടിയെത്തി. എന്നാല്‍ ഉദയഭാനു നേരിട്ട് പറഞ്ഞപ്പോഴാണ് യേശുദാസ് ആ പാട്ടു പാടാന്‍ തയ്യാറായത്. തുടക്കത്തില്‍ ഇത്രയും മാന്യത പുലര്‍ത്തിയ ഒരു വ്യക്തി പിന്നീട് തന്റെ സ്ഥാനം ഉറപ്പിച്ചശേഷം മറ്റുള്ളവരുടെ അവസരം തട്ടി എടുക്കുമോ? ഈ മികച്ച ഗായകനുമായി നല്ല ഒരു മത്സരത്തിന് പോലും ആരും മലയാള സിനിമയില്‍ ഇല്ലായിരുന്നു. മറ്റൊരു കാര്യം കൂടി സൂചിപ്പിക്കാം. സംസ്ഥാന അവാര്‍ഡ് ഏറെക്കാലം യേശുദാസ് സ്വയം വേണ്ടെന്നു വച്ച് മത്സരത്തില്‍നിന്നു പിന്മാറി നിന്നു. എന്തിനെന്നോ പുതിയ ഗായകര്‍ക്ക് അവസരം കിട്ടാനായി. കലാ ചരിത്രത്തില്‍ ഇത്തരമൊരു സംഭവം ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല.
യേശുദാസിനെ കുറിച്ച് പൊതുവെ പറയാറുള്ള മറ്റൊരു ആക്ഷേപം അദ്ദേഹം പ്രതിഫലത്തിന് ഏറെ പ്രാമുഖ്യം നല്കുന്നു എന്നതാണ്. എന്നാല്‍ അദ്ദേഹം പറയാറുള്ളത് സരസ്വതിയെ പൂജിക്കാനാണ്, ലക്ഷ്മി പുറകെ വരും എന്നാണ്. പാടിക്കഴിഞ്ഞാല്‍ പ്രതിഫലത്തിനായി നോക്കി നില്‍ക്കാറില്ല അത് പുറകെവരും എന്നാണ് അദ്ദേഹത്തിന്റെ മതം. ഇക്കാര്യത്തില്‍ അദ്ദേഹം മഹാനായ കലാകാരന്‍ മണി അയ്യരെയാണ് മാതൃകയാക്കുന്നത്. പണത്തിനു വേണ്ടിയല്ല അദ്ദേഹം എല്ലാം ചെയ്യുന്നത്. ഇന്ത്യ- പാക് യുദ്ധകാലത്തു ധനശേഖരണാര്‍ത്ഥം ഗാനമേളകള്‍ നടത്താനും അദ്ദേഹം തയ്യാറായിട്ടുണ്ട്. തന്നാലാവുന്നത് രാജ്യത്തിനു വേണ്ടി എന്നാണ് അതേക്കുറിച്ച് പറഞ്ഞിട്ടുള്ളത്. അതുപോലെ പ്രതിഫലം നോക്കാതെ കച്ചേരി അവതരിപ്പിക്കാനും ചടങ്ങുകളില്‍ പങ്കെടുക്കാനും യേശുദാസ് തയ്യാറാകാറുണ്ട്. പിന്നെ ന്യായമായ പ്രതിഫലം ഒരു കലാകാരന്‍ ആഗ്രഹിക്കുന്നത് തെറ്റാണോ?
ഒരു പാര്‍ട്ടിയിലും രാഷ്ട്രീയ സംഘടനയിലും അംഗമാകരുതെന്ന പിതാവിന്റെ ഉപദേശം ഇന്നും പാലിക്കുന്നുണ്ട് യേശുദാസ്. കഴിഞ്ഞ ചലച്ചിത്ര ദേശീയ അവാര്‍ഡ് ദാന ചടങ്ങില്‍ രാഷ്ട്രീയ കാര്യങ്ങള്‍ പറഞ്ഞു പലരും പിന്‍വാങ്ങിയപ്പോള്‍ യേശുദാസിന് രാഷ്ട്രം നല്‍കുന്ന ബഹുമതി സ്വീകരിക്കേണ്ടതാണ് എന്ന കാര്യത്തില്‍ ഒരു സംശയവും ഉണ്ടായില്ല. അദ്ദേഹം ഭാരതത്തിലെ എല്ലാ ഭാഷകളിലും പാടിക്കഴിഞ്ഞു എന്ന് പറയാം. നിരവധി സംസ്ഥാനങ്ങളിലെ മികച്ച ഗായകനുമായി. ദേശീയ അവാര്‍ഡ് ഏറ്റവും അധികം വാങ്ങിയിട്ടുള്ളതും മറ്റാരുമല്ല. തികഞ്ഞ കലാകാരനായ യേശുദാസിനെ ശബ്ദ പരിശോധനയില്‍ തോല്‍പ്പിച്ചു കളഞ്ഞു എന്നൊരാക്ഷേപം എപ്പോഴും ആകാശവാണിയെ കുറിച്ച് പലരും പറയാറുണ്ട്. പക്ഷെ ഒരിക്കല്‍ പോലും യേശുദാസ് അങ്ങനെ പറഞ്ഞതായി കേട്ടിട്ടില്ല. ഒരുപക്ഷെ അന്ന് അദ്ദേഹത്തിന്റെ പാട്ടു ശരിയായില്ല എന്ന് മറ്റാരേക്കാളും അദ്ദേഹം തിരിച്ചറിഞ്ഞു കാണണം. അല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലും വേണ്ടി അദ്ദേഹത്തെ ഒഴിവാക്കിയതാണെങ്കില്‍ അത് ദൈവഹിതം എന്ന് തിരിച്ചറിഞ്ഞിരിക്കണം. ആകാശവാണിയിലൂടെ അദ്ദേഹം പറഞ്ഞു ഇന്ന് മശൃ ഉള്ളടത്തൊക്കെ നിങ്ങള്‍ എത്തിക്കഴിഞ്ഞു. ഏറ്റവും ആദ്യത്തെ ടെക്നോളജി ആണെങ്കിലും റേഡിയോ ഒരിക്കലും നശിക്കില്ല. ഇപ്പോള്‍ എങ ട്രാന്‍സ്മിഷന്‍ വന്നതോടെ നല്ല ഗുണനിലവാരം വന്നിട്ടുണ്ട്. പിന്നെ ഒരു കച്ചേരി കേള്‍ക്കാന്‍ കോണ്‍സെന്‍ട്രേഷന്‍ കിട്ടുന്നത് അത് റേഡിയോയിലൂടെ കേള്‍ക്കുമ്പോഴാണ്. മറ്റു ഡിസ്ട്രാക്ഷന്സ് ഒന്നുമില്ല. ആകാശവാണിയില്‍ നിരവധി തവണ പാടാന്‍ വന്നിട്ടുള്ള അദ്ദേഹം മറ്റൊരിക്കല്‍ ഇവിടെ ജോലിക്കാരനായി കയറിയിരുന്നെങ്കില്‍ ഉഅയും ഇന്‍ക്രെമെന്റും കൂട്ടി കാലം പോയെനേ എന്നും തമാശയായി പറഞ്ഞിട്ടുണ്ട്. എന്നും സംഗീതം പഠിക്കാന്‍ ആഗ്രഹിക്കുന്ന പഠിക്കുന്ന കലാകാരന്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരനായി അതിന്റെ ചട്ടക്കൂടില്‍ ഒതുങ്ങാഞ്ഞതു എത്ര നന്നായി. ആകാശവാണിയാകട്ടെ നിത്യവും ഈ നാമം ഉരുവിട്ട് അറിഞ്ഞോ അറിയാതെയോ ആരോ ചെയ്ത തെറ്റിന് പ്രായശ്ചിത്തവും ചെയ്യുന്നുണ്ട്.
വാഗ്വാദങ്ങളില്‍ നിന്നും അപവാദങ്ങളില്‍ നിന്നും എത്ര മാറി നടന്നിട്ടും ചിലപ്പോഴൊക്കെ ഈ വലിയ കലാകാരനെ വിവാദങ്ങള്‍ പിന്തുടര്‍ന്നിട്ടുണ്ട് ചിലരുടെ ദുര്‍വ്യാഖാനങ്ങളുടെ ഫലമായി. പക്ഷെ അതെല്ലാം ചന്ദ്രനിലെ കളങ്കം പോലെ ഈ സദ്ഗുണങ്ങളുടെ കൂട്ടത്തില്‍ നിഷ്പ്രഭങ്ങളാണ്. മലയാളികള്‍ക്ക് എന്നും മാതൃകയാണ് ഈ ജീവിതം. താഴ്മയുടെ ചെറുകുടിലില്‍നിന്നു അംഗീകാരങ്ങളുടെ കൊട്ടാരത്തിലേക്കുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച ഏവര്‍ക്കും പ്രചോദനം ഏകുന്നതാണ്. കലാജീവിതം പൂര്‍ണതയില്‍ എത്തിക്കാന്‍ അദ്ദേഹം അനുഷ്ഠിക്കുന്ന നിഷ്ഠകള്‍, ത്യാഗങ്ങള്‍ ജീവിതചര്യകള്‍ ഇതെല്ലാം വരുംതലമുറയ്ക്ക് ഒരു അടിസ്ഥാനപ്രമാണ ഗ്രന്ഥം പോലെ പിന്തുടരാവുന്നതാണ്. ഓരോ യുഗത്തിലും വല്ലപ്പോഴും സംഭവിക്കുന്ന ഒരത്ഭുത പ്രതിഭാസമാണ് യേശുദാസ്. അതെ, അഷ്ടമൂര്‍ത്തിയുടെ കഥയില്‍ പറയും പോലെ യേശുദാസ് ഒരു അവതാരമാണ്, താരതമ്യം ചെയ്യാനാകാത്ത വല്ലപ്പോഴുമൊക്കെ സംഭവിക്കുന്ന അവതാരം.
(തിരുവനന്തപുരം ആകാശവാണിയിലെ പ്രോഗ്രാം എക്സിക്യൂട്ടീവാണ് ലേഖകന്‍)