ഒക്‌ടോബര്‍ 24
ഐക്യരാഷ്ട്ര സഭാദിനം
ഭൂമുഖത്തെ ബഹുഭൂരിപക്ഷം രാഷ്ട്രങ്ങളുടെയും അന്താരാഷ്ട്ര സംഘടനയാണ് യുണൈറ്റഡ് നേഷന്‍സ് ഓര്‍ഗനൈസേഷന്‍. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഫ്രാങ്ക്‌ളിന്‍ ഡി റൂസ്‌വെല്‍റ്റാണ് ഐക്യരാഷ്ട്രസഭ രൂപീകരിക്കാന്‍ മുന്‍കൈ എടുത്തത്. ഇതിന് അദ്ദേഹത്തെ പ്രേരിപ്പിച്ച ചേതോവികാരം റൂസ്‌വെല്‍റ്റിനു തൊട്ടുമുമ്പ് 1945-ല്‍ തന്നെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഹാരിട്രൂമാന്‍ ആണവായുധം പ്രയോഗിക്കാന്‍ അനുവാദം നല്‍കിയതാണ്. രണ്ടാം ലോകമഹായുദ്ധം ലോകത്തിനു വിതച്ചത് ദുരന്തങ്ങളും കഷ്ടപ്പാടുകളും വിനാശങ്ങളുമായിരുന്നു.
ലോകസമാധാനം മുന്നില്‍ കണ്ടുകൊണ്ട് ലോകരാഷ്ട്രങ്ങളുടെ പൊതുവേദിക്ക് 1945-ല്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഇന്ത്യ ഉള്‍പ്പെടെ അമ്പത് രാഷ്ട്രങ്ങള്‍ ഒത്തുചേര്‍ന്ന് യു.എന്‍ ഉടമ്പടി എഴുതിയുണ്ടാക്കി. ഈ ഉടമ്പടി തന്നെയാണ് ഐക്യരാഷ്ട്രസംഘടനയുടെ ഭരണഘടനയും. ഈ ചാര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഐക്യരാഷ്ട്രസഭ പ്രവര്‍ത്തിച്ചുപോരുന്നത്. 1945 ഒക്‌ടോബര്‍ 24ന് ഐക്യരാഷ്ട്രസംഘടനക്ക് രൂപം കൊടുത്തു. അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റിയിലാണ് ഐക്യരാഷ്ട്രസംഘടനയുടെ ആസ്ഥാനം. ഇത് സ്ഥിതിചെയ്യുന്ന ഭൂപ്രദേശം മാത്രം ലോകരാഷ്ട്രങ്ങള്‍ക്കായി പൂര്‍ണ്ണ അവകാശത്തോടുകൂടി അമേരിക്ക വിട്ടുകൊടുത്തിട്ടുണ്ട്. സ്വന്തമായ പതാകയും, സ്റ്റാമ്പും പോസ്റ്റോഫീസും ഐക്യരാഷ്ട്രസഭയ്ക്കുണ്ട്. നീല പശ്ചാത്തലത്തില്‍ വെളുത്ത നിറത്തിലുള്ള രണ്ട് ഒലിവ് ഇലകള്‍ക്ക് നടുവിലായി പതിച്ച ലോകഭൂപടമാണ് ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗികപതാക. ഭൂപടം ലോകത്തെ മുഴുവന്‍ പ്രതിനിധീകരിക്കുമ്പോള്‍, നീലനിറവും ഒലിവ് ശിഖരങ്ങളും സമാധാനത്തെ പ്രതിനിധീകരിക്കുന്നു. ഈ ചിഹ്നവും പതാകയും നിലവില്‍ വന്നത് 1947 ഒക്‌ടോബര്‍ 20 നാണ്. ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ആറ് ഭാഷകളാണ് ഇംഗ്ലീഷ്, ഫ്രഞ്ച്, ചൈനീസ്, റഷ്യന്‍, അറബിക്, സ്പാനിഷ്. സെക്രട്ടറി ജനറലാണ് ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥന്‍. പോര്‍ച്ചുഗലിന്റെ മുന്‍പ്രധാനമന്ത്രി ആന്റോണിയോ ഗുട്ടറെസാണ് ഇപ്പോഴത്തെ സെക്രട്ടറി ജനറല്‍. അദ്ദേഹം ഒമ്പതാമത്തെ സെക്രട്ടറി ജനറലാണ്. ന്യൂയോര്‍ക്ക് കഴിഞ്ഞാല്‍ ഐക്യരാഷ്ട്രസഭയുടെ പ്രധാന ഓഫീസ് സ്വിറ്റ്‌സര്‍ലണ്ടിലെ ജനീവയാണ്. മറ്റൊരു പ്രധാന ഓഫീസ് ഓസ്‌ട്രേലിയയിലെ വിയന്നയാണ്. ബാങ്കോക്ക്, ജോര്‍ദാന്‍, ചിലി, എത്യോപ്യ എന്നിവിടങ്ങളില്‍ സാമ്പത്തിക കമ്മീഷന്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇപ്പോള്‍ ഐക്യരാഷ്ട്രസഭയില്‍ 193 രാജ്യങ്ങള്‍ അംഗങ്ങളായുണ്ട്. എല്ലാ അംഗങ്ങള്‍ക്കും തുല്യസ്ഥാനമാണ് ഐക്യരാഷ്ട്രസഭയുടെ ഭരണഘടനയില്‍ കല്‍പ്പിച്ചിട്ടുള്ളത്. മാനവരാശിയുടെ പുരോഗതിക്കും പൊതുക്ഷേമത്തിനും യുഎന്‍ എണ്ണമറ്റ സംഭാവന നല്‍കിക്കൊണ്ടിരിക്കുന്നുവെങ്കിലും യുഎന്നില്‍ അസമത്വവും ജനാധിപത്യവിരുദ്ധ നിയമങ്ങളും ഉണ്ട്. എല്ലാ അംഗരാഷ്ട്രങ്ങളും അടങ്ങുന്ന പൊതുസഭ കഴിഞ്ഞാല്‍ അടുത്ത അധികാരമുള്ള സമിതിയാണ് രക്ഷാസമിതി. പ്രധാനമായും 1948-ല്‍ പൊതുസഭ പുറത്തിറക്കിയ ആഗോള മനുഷ്യാവകാശങ്ങളുടെ അടിസ്ഥാനത്തിലാണ് രക്ഷാസമിതി പ്രവര്‍ത്തിക്കുന്നത്. മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും ഭരണനേതൃത്വം നല്‍കുന്നത് രക്ഷാസമിതിയാണ്. അഞ്ച് സ്ഥിരാംഗങ്ങളും പത്തു താല്‍ക്കാലിക അംഗങ്ങളും ഉള്‍പ്പെട്ട പതിനഞ്ചംഗരാജ്യങ്ങള്‍ അടങ്ങുന്നതാണ് രക്ഷാസമിതി. രണ്ട് വര്‍ഷത്തിലൊരിക്കല്‍ താല്‍ക്കാലിക അംഗങ്ങള്‍ മാറിക്കൊണ്ടിരിക്കും. താല്‍ക്കാലിക അംഗങ്ങളെ മൊത്തം വോട്ടിന്റെ മൂന്നില്‍ രണ്ട് വോട്ട് കിട്ടുന്നതിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കാനൊരു ആനുപാതികവുമുണ്ട്. ആഫ്രോ-ഏഷ്യന്‍ രാജ്യങ്ങള്‍-5, ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍-2, പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങള്‍-2, കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍-1 എന്നിങ്ങനെയാണ് രക്ഷാസമിതിയില്‍ പ്രാതിനിധ്യം കല്‍പ്പിച്ചിട്ടുള്ളത്. ചൈന, യു.എസ്.എ (അമേരിക്ക), ഫ്രാന്‍സ്, റഷ്യ, യുകെ (ഇംഗ്ലണ്ട്) എന്നീ അഞ്ചുരാജ്യങ്ങള്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗങ്ങളാണ്. ഏതെങ്കിലുമൊരു സ്ഥിരാംഗം രക്ഷാസമിതിയില്‍ ഒരു നിര്‍ദ്ദേശത്തെ തള്ളിയാല്‍ രക്ഷാസമിതി അത് തള്ളിയതായി കണക്കാക്കും. മറ്റ് പതിനാലംഗങ്ങളും നിര്‍ദ്ദേശത്തിന് അനുകൂലമാണെങ്കിലും തള്ളിയതായി തന്നെ കണക്കാക്കും. അഞ്ചുരാജ്യങ്ങള്‍ക്കുള്ള ഈ അധികാരമാണ് വീറ്റോ. രാഷ്ട്രങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളും തര്‍ക്കങ്ങളും പരിഹരിക്കുന്നതിനായി രക്ഷാസമിതിയില്‍ വന്നിട്ടുള്ള പ്രശ്‌നങ്ങളില്‍ വീറ്റോ അധികാരമുള്ള അഞ്ചു രാജ്യങ്ങളും അവരവരുടെ രാഷ്ട്രതാല്‍പ്പര്യങ്ങളും രാഷ്ട്രീയതാല്‍പര്യങ്ങളും മുന്‍നിര്‍ത്തി വീറ്റോപവര്‍ പ്രയോഗിച്ചിട്ടുണ്ട്. അങ്ങനെ പലപ്പോഴും ലോകത്ത് നടമാടിക്കൊണ്ടിരിക്കുന്ന അസമാധാനവും അധിനിവേശങ്ങളും തുടരാന്‍ ഈ അധികാരം പ്രയോജനപ്പെടുത്തിപോരുന്നുണ്ട്. തുല്യനീതിയിലും ജനാധിപത്യത്തിലും അധിഷ്ഠിതമായ ലോകക്രമത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭ പറയുന്നുണ്ടെങ്കിലും, യു.എന്‍ അതില്‍ അധിഷ്ഠിതമല്ല. യുക്രൈന്‍ – റഷ്യന്‍ യുദ്ധവും, പലസ്തീന്‍ – ഇസ്രായേല്‍ പ്രശ്‌നവും യു.എന്നിന് പരിഹരിക്കാനാവുന്നില്ല. ലോകത്തിലെ പല ഭാഗങ്ങളിലും നടക്കുന്ന കലാപങ്ങളില്‍ ഇടപെട്ട് അവിടങ്ങളില്‍ സമാധാനം ഉറപ്പുവരുത്താന്‍ കഴിയുന്നില്ല. റഷ്യ-യുക്രൈന്‍ യുദ്ധവും ഇസ്രായേല്‍-ഹമാസ് യുദ്ധവും അനന്തമായി നീളുന്നത് നോക്കിനില്‍ക്കുന്ന ഒരു നോക്കുകുത്തിയായി തീര്‍ന്നിരിക്കുന്നു ഐക്യരാഷ്ട്രസഭ. നിലവില്‍ ഐക്യരാഷ്ട്ര സഭയിലെ നിയമങ്ങളില്‍ പൊളിച്ചെഴുത്ത് നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. യുദ്ധം, അധിനിവേശം, മതം, രാഷ്ട്രീയം, അധികാരം, സമ്പത്ത് തുടങ്ങിയ കാര്യങ്ങളാല്‍ കലുഷിതമായ ലോകവ്യവസ്ഥിതിയുടെ മുമ്പില്‍ ഐക്യരാഷ്ട്രസഭ പകച്ചു നില്‍ക്കുകയാണ്. ഐക്യരാഷ്ട്ര സഭയുടെ തീരുമാനങ്ങള്‍ പല രാജ്യങ്ങളും അംഗീകരിക്കാതിരുന്നിട്ടുണ്ട്.
രക്ഷാസമിതി ഉള്‍പ്പെടെ ഐക്യരാഷ്ട്ര സഭയ്ക്ക് ആറ് പ്രധാന ഘടകങ്ങള്‍ ഉണ്ട്. പൊതുസഭ (General Assembly), രക്ഷാ സഭ (Security Council), സാമൂഹിക സാമ്പത്തിക സമിതി (Socio Economic Council), ട്രസ്റ്റീസ് കൗണ്‍സില്‍ (ഉപരേഖ നല്‍കുക, ഉറവിടം കണ്ടുപിടിക്കുക, ചരിത്രം പുനരവലോകനം ചെയ്യുക, പ്രശ്‌നങ്ങള്‍ കണ്ടെത്തുക), അന്താരാഷ്ട്ര നീതിന്യായ കോടതി (International Court of Justice), സെക്രട്ടറിയേറ്റ്. ഇതില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി നെതര്‍ലാന്‍ഡ്‌സിലാണ് പ്രവര്‍ത്തിക്കുന്നത്. മറ്റ് അഞ്ച് ഘടകങ്ങളും ന്യൂയോര്‍ക്കിലെ യുഎന്‍ കേന്ദ്രത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്നു. ഈ ആറ് പ്രധാന ഘടകങ്ങള്‍ കൂടാതെ സമൂഹത്തിന്റെ വിവിധ മേഖലകളെ പ്രതിനിധാനം ചെയ്യുന്ന ഉപസമിതികളുടെ വിവിധ ഏജന്‍സികളും കമ്മറ്റികളും കൂടി ഐക്യരാഷ്ട്രസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പ്രധാനപ്പെട്ട ഉപസമിതികളിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം.
കുട്ടികളുടെ ക്ഷേമ വികസനത്തിനായി രൂപംകൊടുത്തിരിക്കുന്ന സമിതിയാണ് യൂണിസെഫ് ((Unicef Nations Childrens Fund). QRS എന്ന് മുദ്രണം ചെയ്ത് വരുന്ന പാക്കറ്റുകള്‍ യൂണിസെഫിന്റെ പദ്ധതിയില്‍പ്പെട്ടതാണ്. പരിസ്ഥിതിസംബന്ധമായ എല്ലാ വിഷയങ്ങളും പഠിക്കുകയും ലോകത്തിനു മുന്നറിയിപ്പ് നല്‍കുകയും ആധികാരികമായി OUR PLANET എന്ന പ്രസിദ്ധീകരണത്തിലൂടെ ലോകെത്ത അറിയിക്കുകയും ചെയ്യുന്ന സമിതിയാണ് യു.എന്‍. ഇ.പി (UNEP-United Environment Programme). ആഗോളതാപന ഉച്ചകോടികള്‍ക്ക് യു.എന്‍.ഇ.പി യാണ് നേതൃത്വം നല്‍കിവരുന്നത്. മനുഷ്യകുലത്തിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ നിരീക്ഷിക്കുകയും പഠിക്കുകയും ആരോഗ്യപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന യുഎന്നിന്റെ മറ്റൊരു ഏജന്‍സിയാണ് ലോകാരോഗ്യസംഘടന ഡബ്ല്യുഎച്ച്ഒ (World Health Organization).
മറ്റൊരു സുപ്രധാന സമിതിയാണ് മനുഷ്യാവകാശ കൗണ്‍സില്‍ (Human Securtiy Council).
അത് മനുഷ്യന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതിലും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും
വേണ്ടി പ്രവര്‍ത്തിക്കുന്നു. പ്രത്യേകിച്ചും സംഘര്‍ഷഭൂമിയില്‍ സമാധാനം നിലനിര്‍ത്തുക എന്ന ഐക്യരാഷ്ട്രസഭയുടെ മുഖ്യലക്ഷ്യം പ്രാവര്‍ത്തികമാക്കാന്‍ മനുഷ്യാവകാശകൗണ്‍സില്‍ നിലകൊള്ളുന്നു. ദുരിതമേഖലകളില്‍ വസ്ത്രം, മരുന്ന് എന്നിവ എത്തിക്കാന്‍ ഹ്യൂമണ്‍ സെക്യൂരിറ്റി കൗണ്‍സില്‍ എന്നും മുന്നില്‍ നിന്നിട്ടുണ്ട്. മനുഷ്യാവകാശ കൗണ്‍സിലിന്റെ കീഴില്‍ യു.എന്നിന്റെ സമാധാനസേന ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ചിട്ടുണ്ട്. സമാധാനസേനയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി നിലവില്‍ വന്ന സമിതിയാണ് യു.എന്‍.വുമണ്‍.
ഇപ്പോള്‍ ഒമ്പതുലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള തീവ്രയത്‌നത്തിലാണ് യുണൈറ്റഡ് നേഷന്‍സ് ലോകത്തില്‍ നിന്ന് പട്ടിണി തുടച്ചുമാറ്റുക, ലോകസമാധാനം ഉറപ്പുവരുത്തുക, മാനവരാശിക്ക് മുഴുവന്‍ അടിസ്ഥാന വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം (ലിംഗസമത്വം), ശൈശവ മരണനിരക്ക് കുറയ്ക്കുക, അമ്മമാരുടെ ആരോഗ്യസംരക്ഷണം, മാരകരോഗങ്ങളെ പ്രതിരോധിക്കുക- ഉന്മൂലനം ചെയ്യുക, സുസ്ഥിരവികസനം ഉറപ്പുവരുത്തുക, വികസനത്തില്‍ ആഗോളപങ്കാളിത്തം ഉറപ്പുവരുത്തുക എന്നിവയാണ് ലക്ഷ്യങ്ങള്‍. ഐക്യരാഷ്ട്രസഭക്ക് എന്ത് കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിലും ലോകത്തിനു നല്‍കിയതും നല്‍കിക്കൊണ്ടിരിക്കുന്നതുമായ സേവനം വിലപ്പെട്ടതാണ്. മാനവരാശിയുടെ നിലനില്‍പ്പിനും ലോകസമാധാനത്തിനും ഐക്യരാഷ്ട്രസഭയുടെ കെട്ടുറപ്പ് അത്യന്താപേക്ഷിതമാണ്. ലോകസുരക്ഷിതത്വത്തിനായി ഐക്യരാഷ്ട്രസഭയുടെ കുടക്കീഴില്‍ ഇന്നൊരു തണല്‍ ഉണ്ട്. ഇനി ഏതെങ്കിലുമൊരു സന്ദര്‍ഭത്തില്‍ ഐക്യരാഷ്ട്രസഭയെ പൂര്‍ണ്ണമായും ധിക്കരിച്ചുകൊണ്ട്, ഈ ആണവായുധ ലോകത്ത് ഇനി ഒരു യുദ്ധം പുറപ്പെട്ടാല്‍ അതിന്റെ ഭവിഷ്യത്ത് രണ്ടാം ലോകമഹായുദ്ധത്തേക്കാള്‍ വളരെ ഭയാനകമായിരിക്കും. അങ്ങനെ ഒരിക്കലും സംഭവിക്കാതിരിക്കട്ടെയെന്ന് പ്രത്യാശിക്കാം.