ഇസ്രായേല്‍ അവരുടെ സൈനിക നടപടി ലെബനനിലേക്ക് വ്യാപിപ്പിച്ചതിന് പിന്നാലെ പശ്ചിമേഷ്യ കേന്ദ്രീകരിച്ച് ഭീകരമായ ഒരു യുദ്ധം ഉണ്ടാകാന്‍ സാധ്യത കല്പിക്കപ്പെടുന്നുണ്ട്. ഇതിന്റെ ആദ്യപടിയായി ഇറാനില്‍ നിന്ന് ഇസ്രായേലിലേക്ക് ഇരുന്നൂറില്‍ അധികം റോക്കറ്റുകള്‍ ഒറ്റ രാത്രിയില്‍ തൊടുക്കുകയുണ്ടായി. തിരിച്ചടിയെന്നോണം അമേരിക്കന്‍ സഹായത്തോടെ ഇറാന്റെ ആണവനിലയങ്ങളും എണ്ണപ്പാടങ്ങളും ഇസ്രായേല്‍ ആക്രമിക്കും എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗാസയില്‍ ഹമാസിനോടും, ലെബനനില്‍ ഹിസ്ബുള്ളയോടും, യെമനില്‍ ഹൂത്തികളോടും സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇസ്രായേലിന് ഇറാനോടുകൂടി യുദ്ധം ചെയ്യാന്‍ സാധിക്കുമോ എന്ന് അന്താരാഷ്ട്ര നിരീക്ഷകര്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. പക്ഷെ യുദ്ധത്തിലേക്ക് കടന്നാല്‍ ആഗോളസാമ്പത്തിക രംഗത്തെ അത് വലിയ തോതില്‍ ബാധിക്കും എന്നത് തീര്‍ച്ചയാണ്. നമ്മുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ഇസ്രായേലിനെയും ഇറാനെയും പിന്തുണയ്ക്കുന്നവര്‍ പരസ്പരം കലഹിക്കുന്നതായി കാണാം. പക്ഷെ ഈ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് എന്താണെന്ന് ഇവരില്‍ എത്ര പേര് ബോധവാന്മാരാണ്? ഭാരതത്തിന്റെ വളര്‍ച്ചയ്ക്ക് ഇസ്രായേലിനും ഇറാനും നിര്‍ണ്ണായകമായ സ്ഥാനമുണ്ട്. അതുകൊണ്ട് തന്നെ പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ എങ്ങനെ ഇന്ത്യയെ ബാധിക്കും എന്ന് ചര്‍ച്ചചെയ്യേണ്ടതായിട്ടുണ്ട്.
2023 ഒക്ടോബര്‍ ഏഴിന് ഹമാസ് തീവ്രവാദികള്‍ ഇസ്രായേല്‍ ആക്രമിക്കുകയും ആയിരത്തി ഇരുന്നൂറില്‍ അധികം വരുന്ന സാധാരണ ജനങ്ങളെ കൊല്ലുകയും ചെയ്തിരുന്നു. നൂറുകണക്കിന് ആള്‍ക്കാരെ ബന്ദികളാക്കി ഗാസയിലേക്ക് കൊണ്ട് പോകുകയും ചെയ്തു. ഇതിന് ശേഷം ഇസ്രായേല്‍ ഗാസയിലേക്ക് സൈന്യത്തെ അയയ്ക്കുകയും ഹമാസിനെ ഇല്ലായ്മ ചെയ്യാനുള്ള സൈനിക നടപടി ആരംഭിക്കുകയും ചെയ്തു. ഹമാസിന്റെ മുതിര്‍ന്ന നേതാക്കളെ (ഇസ്മായില്‍ ഹനിയയെ ഉള്‍പ്പെടെ) വധിക്കാന്‍ ഇസ്രായേലിന് ഇതിനോടകം സാധിച്ചു. ലെബനീസ് തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ള തലവന്‍ ഹസ്സന്‍ നസ്രള്ളയും കൊല്ലപ്പെട്ടിരുന്നു. ഹമാസിനും ഹിസ്ബുള്ളയ്ക്കും ഹൂത്തികള്‍ക്കും ആയുധങ്ങളും പണവും നല്‍കുന്നത് ഇറാന്‍ ആണെന്നത് പരസ്യമായ രഹസ്യമാണ്. ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചപ്പോള്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രണ്ട് ഭൂപടങ്ങള്‍ ഉയര്‍ത്തിക്കാണിക്കുകയുണ്ടായി. അതില്‍ ഒന്നിനെ അദ്ദേഹം ‘ശാപം’ എന്നും മറ്റേതിനെ ‘അനുഗ്രഹം’ എന്നുമാണ് സംബോധന ചെയ്തത്. ലെബനന്‍, സിറിയ, ഇറാഖ്, ഇറാന്‍ എന്നീ രാജ്യങ്ങള്‍ ചേരുന്നതായിരുന്നു ‘ശാപം’ എന്ന് രേഖപ്പെടുത്തിയ ഭൂപടം. സുഡാന്‍, ഈജിപ്ത്, സൗദി അറേബ്യ, യു.എ.ഇ, ഭാരതം എന്നീ രാജ്യങ്ങളെ ‘അനുഗ്രഹം’ എന്ന ഭൂപടത്തില്‍ ഉള്‍പ്പെടുത്തി.
ഭാരതത്തിന്റെ വിദേശകാര്യ നയത്തില്‍ ഇറാനും ഇസ്രായേലും പ്രധാനപ്പെട്ട സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്. അമേരിക്ക ഇറാനുമേല്‍ വലിയ ഉപരോധങ്ങള്‍ ആണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനെ മറികടക്കാനായി ഇറാന്‍ ആശ്രയിക്കുന്നത് ചൈനയെ ആണ്. ഇറാന്‍ ഉല്‍പ്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന്റെ 90% വാങ്ങുന്നത് ചൈനയാണ്. റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യ പാശ്ചാത്യ രാജ്യങ്ങളോട് അകലുകയും ചൈനയോട് അടുക്കുകയും ചെയ്യുന്നത് ഭാരതത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. ഇറാന്‍ കൂടി ഈ അച്ചുതണ്ടിലേക്ക് ചേരുന്നതോടെ ചൈന കൂടുതല്‍ ശക്തി പ്രാപിക്കും. ഏഷ്യയുടെ മധ്യഭാഗത്തേയ്ക്ക് കടക്കണമെങ്കില്‍ ഭാരതത്തിന് ഇറാന്റെ സഹായം കൂടിയേതീരൂ. ഇറാനിലെ ചബഹര്‍ തുറമുഖത്തില്‍ ഭാരതം വലിയ നിക്ഷേപം നടത്തിയിട്ടുണ്ട്. പാകിസ്ഥാനിലെ ഗ്വാഡര്‍ തുറമുഖം ചൈന ആണ് നിയന്ത്രിക്കുന്നത് എന്ന വസ്തുത വിസ്മരിക്കാന്‍ പാടില്ല. ചൈനയുടെ സ്വപ്‌നപദ്ധതിയായ ബെല്‍റ്റ് – റോഡ് ഇനിഷിയേറ്റിവുമായി ബന്ധപ്പെട്ട ചൈന – പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുടെ അവിഭാജ്യഘടകം ആണ് ഗ്വാഡര്‍ തുറമുഖം. ചബഹര്‍ തുറമുഖത്തില്‍ എത്തുന്ന ഇന്ത്യന്‍ സാധന സാമഗ്രികള്‍ക്ക് പ്രാധാന്യം ലഭിക്കുന്നതിനുള്ള കരാര്‍ ഭാരതവും ഇറാനും അഫ്ഗാനിസ്ഥാനും തമ്മില്‍ നിലവിലുണ്ട്. ഇറാനും പാകിസ്ഥാനും തമ്മില്‍ ഉള്ള അഭിപ്രായവ്യത്യാസങ്ങളും ഇന്ത്യയ്ക്ക് ഗുണകരമാണ്.
1992-ല്‍ ആണ് ഭാരതവും ഇസ്രായേലും തമ്മില്‍ ഉള്ള നയതന്ത്രബന്ധം അതിന്റെ പൂര്‍ണതയിലേക്ക് എത്തിയത്. 1999-ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തില്‍ വലിയ രീതിയില്‍ ഇന്ത്യക്ക് ഇസ്രായേലിന്റെ പിന്തുണ ലഭിച്ചു. തോക്കുകളും വെടിയുണ്ടകളും റോക്കറ്റും മറ്റ് അവശ്യവസ്തുക്കളും അന്ന് ഇസ്രായേല്‍ ഇന്ത്യക്ക് നല്‍കിയിരുന്നു. 2019 ആയപ്പോഴേക്കും ഭാരതം ഇസ്രായേലിന്റെ മൂന്നാമത്തെ വലിയ ഏഷ്യന്‍ വാണിജ്യ പങ്കാളിയായി വളര്‍ന്നു. ആഗോളതലത്തില്‍ ഭാരതം പത്താം സ്ഥാനത്താണ്. 2022 ആയപ്പോഴേക്കും ഭാരതം ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ നാലാം സ്ഥാനത്ത് ഇസ്രായേലാണ്. റഷ്യ, ഫ്രാന്‍സ്, അമേരിക്ക എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍. ഇസ്രായേല്‍ കയറ്റുമതി ചെയ്യുന്ന ആയുധങ്ങളില്‍ 42% വാങ്ങുന്നത് ഭാരതം ആണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നിരുന്നാലും ഇസ്രായേല്‍ പലസ്തീന്‍ വിഷയത്തില്‍ ആദ്യം മുതല്‍ ഭാരതം പിന്തുടരുന്ന നിലപാട് സ്ഥിരതയാര്‍ന്നതാണ്. പലസ്തീന്‍ ഒരു സ്വതന്ത്രരാജ്യം ആകണം എന്നതാണ് ഈ നിലപാട്. പക്ഷെ ഇസ്രായേലും, പലസ്തീനുമായും ഭാരതത്തിന് നല്ല ബന്ധമാണ് ഉള്ളത്. ഇവര്‍ തമ്മില്‍ ഉള്ള ബന്ധം ഒരിക്കലും ഇന്ത്യയുടെ നിലപാടുകളെ സ്വാധീനിച്ചിട്ടില്ല.
പശ്ചിമേഷ്യയില്‍ ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങള്‍ ഭാരതത്തിന്റെ താല്പര്യങ്ങള്‍ക്ക് അനുകൂലമായിട്ടല്ല മുന്നോട്ട് പോകുന്നത്. ശക്തമാകുന്ന ചൈന-റഷ്യ-ഇറാന്‍ ബന്ധം ആണ് ഏറ്റവും വലിയ തലവേദന. യുക്രൈനുമായുള്ള യുദ്ധത്തില്‍ റഷ്യ ഇപ്പോള്‍ ഇറാനില്‍ ഉണ്ടാക്കുന്ന ഷഹീന്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ട്. ലെബനന്റെ ഉള്ളില്‍ ഹിസ്ബുള്ളകള്‍ പണിത ഒളിസങ്കേതങ്ങളില്‍ റഷ്യന്‍ മിസൈലുകള്‍ ഇസ്രായേല്‍ പട്ടാളം കണ്ടെത്തിയിരുന്നു. സിറിയയില്‍ റഷ്യ നിയന്ത്രിക്കുന്ന മേയ്മീം വിമാനത്താവളത്തില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതും വലിയ വാര്‍ത്തയായിരുന്നു. റഷ്യയുടെ ഉള്ളിലേക്ക് യുക്രൈന്‍ പട്ടാളക്കാര്‍ പ്രവേശിച്ചതിന് ശേഷം പാശ്ചാത്യ രാജ്യങ്ങള്‍ക്ക് എതിരെ ശക്തമായ നിലപാടാണ് റഷ്യ സ്വീകരിച്ചുപോരുന്നത്. ഇസ്രായേലിനോട് ഉടനെ തന്നെ ലെബനനില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ട റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുട്ടിന്‍ ഹിസ്ബുള്ള നേതാവ് നസ്രള്ളയുടെ കൊലപാതകത്തെയും അപലപിച്ചിരുന്നു.
ഇങ്ങനെ ഒക്കെ സംഭവിക്കുമ്പോഴും ഇസ്രായേലുമായും ഇറാനുമായും ഉള്ള ബന്ധങ്ങള്‍ ദൃഢം ആക്കാനാണ് ഭാരതം ശ്രമിക്കുന്നത്. ജൂത പുതുവര്‍ഷമായ ഹഷനായ്ക്ക് എല്ലാ ജൂതന്മാര്‍ക്കും ഇന്ത്യയുടെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ആശംസകള്‍ അര്‍പ്പിച്ചിരുന്നു. ആ ദിവസം തന്നെ ഭാരതവും ഇറാനും സഹകരിച്ചുകൊണ്ട് നാവിക അഭ്യാസപ്രകടനവും നടത്തിയിരുന്നു. റഷ്യ – യുക്രൈന്‍ സംഘര്‍ഷത്തിലും ഇതേ നിലപാടാണ് ഭാരതം സ്വീകരിച്ചത്. യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലിന്‍സ്‌കിയുമായി ഇന്ത്യന്‍ പ്രധാനമന്ത്രി ചര്‍ച്ച നടത്തിയതിന് ശേഷം അതിന്റെ വിവരം ധരിപ്പിക്കാനായി റഷ്യന്‍ പ്രസിഡന്റിന്റെ അടുത്തേയ്ക്ക് ദേശീയ സുരക്ഷാ ഉപദേശകന്‍ അജിത് ഡോവലിനെ സര്‍ക്കാര്‍ അയച്ചിരുന്നു. ഇതുപോലെയുള്ള സംഘര്‍ഷങ്ങളില്‍ പക്ഷം പിടിക്കാന്‍ ഭാരതം ആഗ്രഹിക്കുന്നില്ല. എങ്കിലും ഭീകരവാദത്തിന് എതിരെ ശക്തമായ നിലപാട് എടുക്കുകയും ചെയ്യും എന്നതാണ് ഭാരതത്തിന്റെ നിലപാട്.
ഏകദേശം എന്‍പത് ലക്ഷം ഭാരതീയരാണ് പശ്ചിമേഷ്യയില്‍ ജോലി ചെയ്യുന്നത്. ഈ സംഘര്‍ഷം വ്യാപിച്ചാല്‍ ഭാരതത്തിന് വലിയ നഷ്ടം ആകും ഉണ്ടാവുക. ഇറാനിലെ എണ്ണപ്പാടങ്ങള്‍ ആക്രമിക്കാന്‍ ഇസ്രായേലിന് പദ്ധതി ഉണ്ടെന്ന വാര്‍ത്ത വന്നപ്പോള്‍ തന്നെ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന്റെ വില വര്‍ദ്ധിച്ചിരുന്നു. പണപ്പെരുപ്പം നിയന്ത്രണവിധേയമായിട്ടുള്ള ഭാരതത്തില്‍ വലിയ ചലനങ്ങള്‍ ക്രൂഡ് ഓയിലിന്റെ വില വര്‍ദ്ധനവിന് സൃഷ്ടിക്കാന്‍ സാധിക്കും. ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിച്ചാലോ, കൂടുതല്‍ രാജ്യങ്ങള്‍ പക്ഷം ചേരാന്‍ വന്നാലോ ഭാരതത്തെ അത് പ്രതികൂലമായി ബാധിക്കും. അതിന്റെ തോത് എത്രമാത്രം ആകും എന്നത് നമ്മള്‍ കണ്ടറിയേണ്ടിയിരിക്കുന്നു.