വീണ്ടും ഒരു ശബരിമല മണ്ഡലകാലം ആരംഭിക്കാന്‍ ഏതാനും ദിവസങ്ങളെയുള്ളൂ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം കഴിഞ്ഞ എട്ടുവര്‍ഷവും അയ്യപ്പഭക്തരുടെ മനസ്സില്‍ തീയാണ്. സമാധാനപരമായി, ഭക്തിനിര്‍ഭരമായി അയ്യപ്പസ്വാമിയെ ദര്‍ശിക്കാനുള്ള സാധാരണ അയ്യപ്പഭക്തന്മാരുടെ അവകാശങ്ങള്‍ക്ക് പൂര്‍ണ്ണമായും തടയിടുന്ന രീതിയിലുള്ള പ്രവര്‍ത്തനമാണ് പിണറായി അധികാരത്തിലേറിയതിനുശേഷം കണ്ടത്.
ശബരിമല ക്ഷേത്രം നൂറ്റാണ്ടുകളായി നിയതമായ ആചാരാനുഷ്ഠാനങ്ങളോടെ, ആരാധനാസമ്പ്രദായങ്ങളോടെ നിലകൊള്ളുന്നതാണ്. പൗരാണിക കാലത്ത് 56 ദിവസം ഉണ്ടായിരുന്ന വ്രതാനുഷ്ഠാനങ്ങള്‍ ഒരു മണ്ഡലകാലം അഥവാ 41 ദിവസത്തേക്ക് ചുരുക്കിയതില്‍ പോലും കൃത്യമായ ആചാര അനുഷ്ഠാന ക്രിയാപദ്ധതിയുണ്ട്. 41 ദിവസം മത്സ്യമാംസാദികള്‍ വര്‍ജ്ജിച്ച്, പൂര്‍ണമായ ബ്രഹ്മചര്യത്തോടെ ഇന്ദ്രിയനിയന്ത്രണം നടത്തി അയ്യപ്പനെ ദര്‍ശിക്കാന്‍ എത്തുന്ന ഓരോ ഭക്തന്റെയും ജീവിതം തന്നെ അയ്യപ്പനായി താദാത്മ്യം പ്രാപിച്ചതാണ്. അയ്യപ്പന്‍ എന്നും മാളികപ്പുറം എന്നും ഭക്തര്‍ വിളിക്കുന്ന ഒരു മനോനിലയിലേക്ക് അവര്‍ പരിവര്‍ത്തനം ചെയ്യപ്പെടുമ്പോഴാണ് വ്രതത്തിന്റെയും വ്രതശുദ്ധിയുടെയും പരിപൂര്‍ണ്ണത സാക്ഷാത്കരിക്കപ്പെടുന്നത്. അങ്ങനെ 41 ദിവസം വ്രതം നോറ്റ് അയ്യപ്പനെ ദര്‍ശിക്കാനെത്തുന്ന അയ്യപ്പനെയും മാളികപ്പുറത്തെയും തിരിച്ചയക്കാന്‍ കേരളത്തിലെ പോലീസിനും സംസ്ഥാന സര്‍ക്കാരിനും എന്ത് അധികാരമാണുള്ളത്? ആരാണ് അവര്‍ക്ക് അതിന് അംഗീകാരം നല്‍കിയിട്ടുള്ളത്?
അയ്യപ്പഭക്തരും സനാതനധര്‍മ്മവിശ്വാസികളും വളരെ ഗൗരവപൂര്‍വ്വം ചര്‍ച്ചചെയ്യുകയും പരിഹരിക്കുകയും ചെയ്യേണ്ട ഒരു വിഷയമാണിത്. ശബരിമല മാത്രമല്ല, കേരളത്തിലെ നാല്‍പ്പതിനായിരത്തോളം ക്ഷേത്രങ്ങളില്‍ ഏതാണ്ട് മൂവായിരത്തിലേറെ ക്ഷേത്രങ്ങള്‍ മാത്രമാണ് ദേവസം ബോര്‍ഡുകളുടെയും സംസ്ഥാന സര്‍ക്കാരിന്റെയും ഭരണത്തിലുള്ളത്. അതേസമയം, കേരളത്തിലെ ഇതരമതവിശ്വാസികള്‍ക്കെല്ലാം ആരാധനാലയങ്ങളുണ്ട്. ഇത്തരം ഏതെങ്കിലും ഒരു ആരാധനാലയങ്ങളില്‍ അതിന്റെ ഭരണത്തിലോ നടത്തിപ്പിലോ അവിടുത്തെ ആരാധനാക്രമത്തിലോ പുരോഹിതരെ തെരഞ്ഞെടുക്കുന്നതിലോ ഒന്നുംതന്നെ ഒരു സര്‍ക്കാര്‍ സംവിധാനത്തിനും പങ്കില്ല. എന്തുകൊണ്ട് ഹൈന്ദവക്ഷേത്രങ്ങളില്‍ മാത്രം അവിടുത്തെ വരുമാനം സമാഹരിക്കാനും ആരാധനാക്രമങ്ങളില്‍ കൈകടത്താനും ആചാരാനുഷ്ഠാനങ്ങളില്‍ മാറ്റം വരുത്താനും ഒക്കെ സര്‍ക്കാര്‍ ഇടപെടുന്നു എന്നകാര്യം ചിന്തിക്കേണ്ടിയിരിക്കുന്നു. അതേസമയം സംഘടിത വോട്ടുബാങ്ക് രാഷ്ട്രീയത്തിനുവേണ്ടി എന്തു വിട്ടുവീഴ്ച ചെയ്യാനും രാഷ്ട്രീയ പാര്‍ട്ടികളും ഭരണകൂടവും തയ്യാറാകുന്നു എന്നതിന്റെ സൂചനയും വ്യക്തമായി കാണാം.
വഖഫ് നിയമഭേദഗതി പ്രശ്‌നത്തില്‍ സംസ്ഥാന നിയമസഭ അംഗീകരിച്ച പ്രമേയം ഇതിന്റെ വ്യക്തമായ സൂചനയാണ്. വഖഫ് നിയമത്തിന്റെ പേരില്‍ ഇതര മതസ്ഥരുടെ ആരാധനാലയം മാത്രമല്ല, അവരുടെ വീടുകളും ജീവനോപാധികളും തട്ടിപ്പറിക്കുന്ന ജിഹാദിസത്തിന്റെ വ്യക്തമായ സൂചന എറണാകുളം ജില്ലയിലെ മുനമ്പത്ത് കേരളം കാണുകയാണ്. ക്രിസ്ത്യന്‍പള്ളി അടക്കം നൂറുകണക്കിന് ആളുകളുടെ സ്വത്തും വീടും ഉള്‍പ്പെടെ ഇസ്ലാമികസമൂഹം കയ്യടക്കാന്‍ ശ്രമിച്ചിട്ടും വോട്ടുബാങ്കുണ്ട് എന്നതുകൊണ്ട് മാത്രം ആ പ്രശ്‌നത്തില്‍ ധര്‍മ്മാനുസൃത നിലപാട് എടുക്കാന്‍ കേരളത്തിലെ ഇടതുമണിക്കും വലതുമുന്നണിക്കും കഴിയുന്നില്ല. മാത്രമല്ല, അതിന്റെ പേരില്‍ ഒന്നിച്ച് വഖഫ് നിയമ ഭേദഗതിക്കെതിരെ നിയമസഭയില്‍ പ്രമേയം കൊണ്ടുവരാന്‍ തയ്യാറായിരിക്കുന്നു. മുനമ്പത്തെ ക്രിസ്തുമതവിശ്വാസികള്‍ അനുഭവിക്കുന്ന ജീവിതപ്രതിസന്ധിയില്‍ അവരോടൊപ്പം നില്‍ക്കാന്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ നേടി നിയമസഭയില്‍ എത്തിയ എംഎല്‍എമാര്‍ക്ക് പോലും കഴിഞ്ഞില്ല. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രശ്‌നം സംഘടിത വോട്ടുബാങ്കാണ് എന്നതാണ് ഇതിന്റെ കാരണമെന്ന് തിരിച്ചറിയാന്‍ പാഴൂര്‍ പടിപ്പുരയില്‍ പോയി പ്രശ്‌നം വെക്കേണ്ട കാര്യമില്ല.
ഈ രീതിയില്‍ ഏകപക്ഷീയമായ നിലപാട് എടുക്കുമ്പോഴാണ് കേരളത്തിലെ സമ്പദ്‌വ്യവസ്ഥയുടെ തന്നെ നട്ടെല്ലായി കോടിക്കണക്കിന് രൂപയുടെ വരുമാനവും സാമ്പത്തിക ക്രയവിക്രയവും നടക്കുന്ന ശബരിമല ക്ഷേത്രത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ മുതല്‍ തീര്‍ഥാടനത്തിന്റെ ദൈനംദിന നടപടികള്‍ വരെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നത്. കൊറോണക്കുമുമ്പ് ശബരിമലയില്‍ എത്തുന്ന അയ്യപ്പഭക്തര്‍ക്ക് യാതൊരു നിയന്ത്രണവും എവിടെയും ആരും ഏര്‍പ്പെടുത്തിയിരുന്നില്ല. അയല്‍സംസ്ഥാനങ്ങളില്‍നിന്ന് വ്രതംനോറ്റ് കെട്ടുകെട്ടി എത്തുന്ന ഭക്തര്‍ സാധാരണഗതിക്ക് സന്നിധാനത്തേക്ക് എത്തുകയാണ് പതിവ്. വിരി വെക്കാനുള്ള സൗകര്യങ്ങളടക്കം ശബരിമലയില്‍ ഒരുക്കുക മാത്രമാണ് ദേവസ്വം ബോര്‍ഡ് ചെയ്തിരുന്നത്. നേരത്തെ പ്രഗല്‍ഭരായ ഐഎഎസ് ഉദ്യോഗസ്ഥരും ഐപിഎസ് ഉദ്യോഗസ്ഥരും ശബരിമലയില്‍ കോഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്ന് ശബരിമലയില്‍ ഡ്യൂട്ടിക്ക് എത്തുന്ന പോലീസ് ഉദ്യോഗസ്ഥരെ പോലീസ് അയ്യപ്പന്മാര്‍ എന്നാണ് വിളിച്ചിരുന്നത്. അവരില്‍ ഭൂരിപക്ഷവും വ്രതംനോറ്റ് മത്സ്യമാംസങ്ങള്‍ ഉപേക്ഷിച്ചാണ് സന്നിധാനത്ത് ജോലി ചെയ്തിരുന്നത്. ബെല്‍റ്റും ഷൂസും തൊപ്പിയും ഒക്കെ മാറ്റി വെച്ചാണ് പതിനെട്ടാംപടിക്കു മുകളില്‍ സന്നിധാനത്ത് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നതും. പോലീസിലെ പച്ചവെളിച്ചം അടക്കമുള്ള സംവിധാനങ്ങള്‍ ശക്തമായതോടെ വ്രതശുദ്ധി ഇല്ലാത്ത, വ്രതം എടുക്കാത്ത, മത്സ്യമാംസങ്ങള്‍ കഴിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ സന്നിധാനത്തേക്ക് കടന്നുകയറി തുടങ്ങിയിരിക്കുന്നു. ഭക്തരെ അയ്യപ്പന്മാരെയും പിഞ്ചുകുഞ്ഞുങ്ങളെയുംപോലും പോലീസ് മുറയില്‍ കൈകാര്യം ചെയ്യുന്നതും ലാത്തി കൊണ്ട് അടിക്കാന്‍ മടി കാണിക്കാത്തതും ഈ പുതിയ തലമുറയുടെ വിക്രിയകളാണ്. കഴിഞ്ഞില്ല, സന്നിധാനത്തേക്കും പതിനെട്ടാംപടിക്കു മുകളിലേക്ക് പോലും ബൂട്ടും ബെല്‍റ്റും തൊപ്പിയും ഒക്കെ ഇട്ട് തങ്ങളുടെ ഡ്യൂട്ടിയുടെ ഭാഗമാണെന്ന് പറഞ്ഞ് കയറാന്‍ പോലീസ് തയ്യാറാകുന്നു. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ പൂര്‍ണമായും നിലനിര്‍ത്താനുള്ള ബാധ്യത തന്ത്രിക്കാണുള്ളത്. സന്നിധാനത്തിന്റെ ശുദ്ധിയും നിഷ്ഠയും കാത്തുസൂക്ഷിക്കാനുള്ള ബാധ്യതയും തന്ത്രിമാര്‍ക്കുണ്ട്. പതിനെട്ടാംപടിക്കു മുകളിലേക്ക് എന്ത് ഡ്യൂട്ടിയുടെ പേരിലായാലും ഷൂസും ബെല്‍റ്റുമിട്ട് കയറുന്നത് തടഞ്ഞേ മതിയാകൂ. അങ്ങനെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ പതിനെട്ടാംപടിക്കു മുകളില്‍ ജോലി ചെയ്യേണ്ട. അങ്ങനെയുള്ള ഉദ്യോഗസ്ഥര്‍ക്ക് പകരം ദേവസ്വം ബോര്‍ഡിന്റെ ജീവനക്കാരെ നിയോഗിക്കണം.
മിക്കവാറും ഭാരതത്തിന്റെ എല്ലാ ഭാഗത്തുനിന്നും മണ്ഡലകാലത്ത് ശബരിമലയിലേക്ക് അയ്യപ്പന്മാര്‍ എത്തുന്നുണ്ട്. വ്രതംനോറ്റ് എത്തുന്ന ഓരോ അയ്യപ്പഭക്തനെയും ഒരു നിമിഷമെങ്കിലും ദര്‍ശനം നടത്തി തിരികെ അയക്കാനാണ് ദേവസ്വം ബോര്‍ഡും സര്‍ക്കാരും ശ്രമിക്കേണ്ടത്. വെര്‍ച്വല്‍ ക്യൂവിന്റെ പേരില്‍ അയ്യപ്പഭക്തരെ നിയന്ത്രിക്കാന്‍ പോലീസിന് അധികാരം നല്‍കി ദേവസ്വം ബോര്‍ഡും ഹൈക്കോടതി ദേവസ്വം ബഞ്ചും കൈയും കെട്ടിയിരിക്കുന്നത് ശരിയല്ല. പതിനെട്ടാം പടിയിലെ അനാവശ്യനിര്‍മ്മാണം ഒഴിവാക്കിയാല്‍ ഒരേസമയം നാലുപേര്‍ക്ക് വരെ പതിനെട്ടാം പടിയിലൂടെ കടക്കാന്‍ കഴിയും. ഒരുദിവസം ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് വരെ അനായാസം ദര്‍ശനം നടത്താനുള്ള സംവിധാനം അവിടെയുണ്ട്. പോലീസ് ഉദ്യോഗസ്ഥരുടെ സൗകര്യം അനുസരിച്ച് ഭക്തരെ നിയന്ത്രിക്കുന്നത് ശരിയല്ല. കഴിഞ്ഞവര്‍ഷം മാലയൂരി വഴിയിലെ അമ്പലത്തില്‍ നിക്ഷേപിച്ച് തേങ്ങയും അവിടെ അടിച്ച് തിരിച്ചു പോയ നൂറ് കണക്കിന് അയ്യപ്പഭക്തന്മാരുടെ കഥയും അവരുടെ അഭിമുഖവും കേരളത്തിലെ ചാനലുകള്‍ സംപ്രേഷണം ചെയ്തതാണ്. അത്തരമൊരു സംവിധാനം ഈ കൊല്ലം ഉണ്ടാകരുത്. ഓണ്‍ലൈന്‍ ബുക്ക് ചെയ്യുന്നവര്‍ കൂടാതെ ദര്‍ശനത്തിന് എത്തുന്ന മുഴുവന്‍ ഭക്തരെയും അനുവദിക്കുക എന്നതാണ് ഇതിന് ചെയ്യാന്‍ കഴിയുന്ന ഏകപരിഹാരം.
ശബരിമലയിലെ അയ്യപ്പന്റെ ആചാരാനുഷ്ഠാനങ്ങളും നൈഷ്ഠിക ബ്രഹ്മചാരി എന്ന സങ്കല്പത്തിലുള്ള പ്രതിഷ്ഠയുടെ പരിശുദ്ധിയും പൂര്‍ണമായും പരിരക്ഷിക്കുന്ന പ്രകൃതി അനുസൃതമായ തീര്‍ത്ഥാടനമാണ് വേണ്ടത്. ശബരിമലയെ ഒരു കച്ചവടസ്ഥാപനമായും വ്യാപാരകേന്ദ്രമായും വിനോദസഞ്ചാരകേന്ദ്രമായും അധഃപതിക്കാന്‍ അനുവദിക്കരുത്. ശബരിമലയിലെ ദേവഹിതത്തിനെതിരായ എല്ലാ നിര്‍മ്മിതികളും പൊളിച്ചു മാറ്റണം. കൂടുതല്‍ തുറസ്സും വിസ്തൃതവുമായ സ്ഥലം കണ്ടെത്തി ഭക്തര്‍ക്ക് സാധാരണ നിലയില്‍, പരമ്പരാഗത രീതിയില്‍ തീര്‍ത്ഥാടനം നടത്താനുള്ള സൗകര്യങ്ങളാണ് ഒരുക്കേണ്ടത്. അയ്യപ്പന്‍ അന്നദാന പ്രഭുവാണ് എന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ശബരിമലയില്‍ എത്തുന്ന മുഴുവന്‍ അയ്യപ്പന്മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും ഭക്ഷണം നല്‍കാനുള്ള ബാധ്യത ദേവസ്വംബോര്‍ഡിനുണ്ട്. കര്‍ണാടകത്തിലെ ക്ഷേത്രങ്ങളായ മൂകാംബികയിലും ധര്‍മ്മസ്ഥലയിലും ദര്‍ശനത്തിന് എത്തുന്ന മുഴുവന്‍ ഭക്തര്‍ക്കും സൗജന്യമായി ഭക്ഷണം നല്‍കുന്നുണ്ട്. ഒരാളുപോലും കൈകൊണ്ട് തൊടാതെ തയ്യാറാക്കുന്ന പ്രസാദഊട്ട് എങ്ങനെയാണ് എന്നത് ദേവസ്വം ബോര്‍ഡിനും പഠിക്കാവുന്നതാണ്. ശബരിമലയില്‍ അതേപോലെതന്നെ തുടര്‍ച്ചയായി ഭക്ഷണം നല്‍കാന്‍ രണ്ടോ മൂന്നോ ഷിഫ്റ്റ് തയ്യാറാക്കി ആളെ നിര്‍ത്തിയാല്‍ മാത്രം മതിയാകും. പണ്ടൊക്കെ കെട്ടിനകത്ത് കൊണ്ടുവരുന്ന അരി കൊടുത്താല്‍ ചോറുകൊടുക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നു. ദേവസ്വം ബോര്‍ഡിന്റെ ഭരണം കൂടുതല്‍ ശക്തമാവുകയും സന്നിധാനത്തെ ഹോട്ടലുകളുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്തപ്പോഴാണ് അന്നദാനസമ്പ്രദായത്തിന് കോട്ടം വന്നത്. സന്നിധാനത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ വ്രതശുദ്ധിയോടെയാണ് പ്രവര്‍ത്തിക്കുന്നത് എന്നകാര്യത്തില്‍ ആര്‍ക്കും ഉറപ്പില്ല. ദേവസ്വം ബോര്‍ഡിന് കഴിയില്ലെങ്കില്‍ സന്നദ്ധസംഘടനകളെ നിയോഗിച്ച് പൂര്‍ണമായും സൗജന്യമായി അന്നദാനം നല്‍കാനുള്ള സമ്പ്രദായം ഉണ്ടായേ കഴിയൂ. ഹോട്ടലുകള്‍ അടക്കമുള്ള അനിവാര്യമല്ലാത്ത കച്ചവടസ്ഥാപനങ്ങള്‍ പമ്പയ്ക്കപ്പുറത്തേക്ക് മാറ്റണം. അയ്യപ്പസ്വാമിയുടെ സന്നിധാനത്തിന്റെയും പൂങ്കാവനത്തിന്റെയും പരിശുദ്ധിയും വ്രതശുദ്ധിയും ഉറപ്പാക്കുന്ന രീതിയിലുള്ള സംവിധാനങ്ങളാണ് ശബരിമലയില്‍ വേണ്ടത്.
ഓരോ മണ്ഡലകാലത്തും ഭക്തരുടെ നെഞ്ചില്‍ ആഴി കത്തിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ സ്ഥിരം പരിപാടി പൂര്‍ണ്ണമായും അവസാനിപ്പിക്കണം. ശാന്തമായും അനായാസമായും ശബരിമല ദര്‍ശനം നടത്തി പോകാനുള്ള സംവിധാനമാണ് വേണ്ടത്. ഏറ്റവും കുറഞ്ഞ നിയന്ത്രണവും ഏറ്റവും കൂടുതല്‍ സൗകര്യവും ഒരുക്കാനാണ് ഭരണകൂടം ശ്രമിക്കേണ്ടത്. പോലീസ് സേനയിലും ദേവസ്വം ജീവനക്കാരിലും വിശ്വാസികളെയും സത്യസന്ധരെയും കഠിനാധ്വാനികളെയും നിയോഗിച്ചാല്‍ തീര്‍ത്ഥാടനം പൂര്‍ണമായും പ്രശ്‌നരഹിതമാകും. അയ്യപ്പഭക്തരുടെ പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ് അതിനനുസരിച്ച് മുന്നൊരുക്കം നടത്താനും പരിഹരിക്കാനും പരമാവധി സൗകര്യങ്ങള്‍ ഒരുക്കാനും ശ്രമിക്കുന്നതിന് പകരം കതിരില്‍ വളംവെക്കുന്ന ഇടപാടില്‍നിന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും പിന്‍വാങ്ങണം. പോലീസിന്റെ സൗകര്യത്തിനനുസരിച്ച് ഭക്തരെ തടയുന്നതിന് പകരം നിയതമായ ഭക്തജനപ്രവാഹം ഒരു തടസ്സവുമില്ലാതെ തുടര്‍ച്ചയായി പോകാനുള്ള സംവിധാനമാണ് വേണ്ടത്. നെയ്യഭിഷേകത്തിനു വേണ്ടി സന്നിധാനത്ത് വിരിവച്ച് കാത്തുകെട്ടി കിടക്കുന്നതിന് പകരം അഭിഷേകം ചെയ്ത നെയ്യ് പകരം നല്‍കാന്‍ വേണ്ടി ഒരു കൗണ്ടര്‍ ഏര്‍പ്പാട് ചെയ്താല്‍ പോലും കുറെ തിരക്കൊക്കെ ഒഴിവാക്കാനാകും. ഇത്തരത്തിലുള്ള പ്രായോഗിക പരിഹാരങ്ങളിലേക്ക് ബോര്‍ഡിന്റെയും കോടതിയുടെയും ശ്രദ്ധ ഉണ്ടാകണം. ഓരോ വര്‍ഷവും മണ്ഡല തീര്‍ത്ഥാടനം കഴിഞ്ഞാല്‍ പിന്നെ അടുത്ത മണ്ഡലകാലത്ത് മാത്രം ശ്രദ്ധിക്കുന്ന അവസ്ഥയില്‍ നിന്ന് ശബരിമലയില്‍ സ്ഥിരമായി സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കാനും ആസൂത്രണം ചെയ്യാനും ഉള്ള നടപടി ഉണ്ടായേ കഴിയൂ. അതിനനുസൃതമായി മാസ്റ്റര്‍പ്ലാന്‍ പരിഷ്‌കരിക്കാനും വിദഗ്ധരുമായി കൂടിയാലോചന നടത്താനും തന്ത്രിമാരും ദൈവജ്ഞരും ഒക്കെയായി ഉചിതമായ ആലോചനകള്‍ നടത്താനും ഒക്കെ ദേവസ്വം ബോര്‍ഡ് തയ്യാറായാലേ ഇത്തരം ഒരു പരിഷ്‌കരണം അല്ലെങ്കില്‍ മാറ്റം ശബരിമലയില്‍ ഉണ്ടാക്കാനാവു. ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കുന്നതിന് പകരം ഭാവാത്മകവും ക്രിയാത്മകവുമായ ഒരു പദ്ധതി രൂപീകരിക്കാനും രാഷ്ട്രീയ ലാഭം നോക്കാതെ നടപടിയെടുക്കാനും ദേവസ്വം ബോര്‍ഡും സര്‍ക്കാരും ശ്രമിച്ചാലേ ശബരിമല പ്രശ്‌നത്തില്‍ പരിഹാരം കാണാന്‍ കഴിയൂ. അതിനുവേണ്ടി ശ്രമിക്കുമെന്ന് പ്രതീക്ഷിക്കാം.