ഹിന്ദുക്കളില്‍ ശക്തിയായ ജാതിവ്യവസ്ഥകളാണ് നിലനില്‍ക്കുന്നത്. ജാതിവ്യവസ്ഥ മൂലം പൊതുരംഗത്തും സര്‍ക്കാര്‍ നിയമനങ്ങളിലും പോലും സന്തുലിതാവസ്ഥ കാണുന്നില്ല. അതുകൊണ്ടാണ് ജാതി സെന്‍സസ് വേണമെന്ന് ലോക സാമ്പത്തിക രാഷ്ട്രീയ വ്യവസ്ഥിതികളെ നിയന്ത്രിക്കുന്ന അമേരിക്കന്‍ വ്യവസായി ജോര്‍ജ് സോറസ്സും പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുമൊക്കെ പറയുന്നത്. ഇതില്‍ കുറച്ചൊക്കെ ശരിയും ഉണ്ടെന്നത് വസ്തുതയാണ്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാഗാന്ധിയും രാജീവ്ഗാന്ധിയും ഒക്കെ ഭരിച്ചിട്ട് ഇപ്പോഴും ഇതൊക്കെ നിലനില്‍ക്കുന്നുണ്ടെങ്കില്‍ ആരാണ് ഉത്തരവാദി എന്ന വികടചോദ്യവും നിങ്ങള്‍ക്ക് ഉന്നയിക്കാം. എന്നാല്‍ അതുകൊണ്ട് വസ്തുത വസ്തുതയല്ലാതാകുന്നില്ല.
സമാനമായ സാഹചര്യത്തിലായിരുന്നു നൂറുവര്‍ഷംമുമ്പ് വൈക്കത്ത് നടന്ന സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരം. ടി.കെ.മാധവനൊപ്പമോ അതിനുമുമ്പോ ആ വിഷയം ഉന്നയിച്ചത് കോണ്‍ഗ്രസ് നേതാവായ ജോര്‍ജ് ജോസഫ് ആയിരുന്നു. അദ്ദേഹത്തോടൊപ്പം നില്‍ക്കാന്‍ സെബാസ്റ്റിനും കെ.സി.മാമന്‍ മാപ്പിളയും കോയമ്പത്തൂര്‍കാരന്‍ അബൂബക്കറും ഉണ്ടായിരുന്നുവെന്നത് ചരിത്രത്തിന്റെ ഭാഗം. തന്നെ അറസ്റ്റ് ചെയ്ത ഉടനെ സമരനേതൃത്വം ഏറ്റെടുക്കാന്‍ പുറമേ നിന്നുള്ള ആരെങ്കിലും വരണമെന്ന് ജോര്‍ജ് ജോസഫ് മഹാത്മാഗാന്ധിക്ക് കത്തെഴുതി. അതിനുള്ള മഹാത്മാഗാന്ധിയുടെ മറുപടി ഇപ്പോഴും പ്രസക്തമാണ്.
മഹാത്മാഗാന്ധി പറയുന്നു: ‘സഞ്ചാരസ്വാതന്ത്ര്യ നിഷേധം ഹിന്ദുക്കള്‍ക്കുള്ളിലെ പ്രശ്‌നമാണ്. അതവര്‍ തന്നെ പരിഹരിക്കണം. താങ്കള്‍ സമരത്തിന് പോയത് ശരിയായില്ല.’ ഇങ്ങനെ പറയുവാനുള്ള ധാര്‍മികത മഹാത്മാഗാന്ധിക്ക് മാത്രമുള്ളതാണ്. ക്രിസ്ത്യാനികളില്‍ ജാതി രൂഢമൂലമാണെന്ന് താന്‍ അറിഞ്ഞത് സി. എഫ്. ആന്‍ഡ്രൂസില്‍ നിന്നാണെന്ന് 1924 ല്‍ ഇറങ്ങിയ യങ് ഇന്ത്യയില്‍ മഹാത്മജി എഴുതുന്നു. തുടര്‍ന്നദ്ദേഹം ചോദിക്കുന്നു: ‘ക്രൈസ്തവരിലും ജാതി ഇല്ലേ? അത് പരിഹരിക്കാന്‍ ക്രിസ്ത്യാനികള്‍ തന്നെയല്ലേ രംഗത്തു വരേണ്ടത്.’ പാവം ജോര്‍ജ് ജോസഫിനും കൂട്ടര്‍ക്കും മറുപടിയുണ്ടായിരുന്നില്ല. ഇന്നും മറുപടിയില്ല. സഭയുടെ ശക്തമായ ഇരുമ്പഴികള്‍ക്കുള്ളില്‍നിന്നും പരിവര്‍ത്തനത്തിന്റെ ശബ്ദം എങ്ങനെ പുറത്തു വരാനാണ്?
ശവമടക്കിനും കുര്‍ബാനയ്ക്കും വരെ തമ്മിലടിക്കുന്നവര്‍ ഹിന്ദുക്കളിലെ ജാതിവ്യവസ്ഥയ്‌ക്കെതിരെ രോഷം കൊള്ളുന്നത് കാണുമ്പോള്‍ ‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാറിന്റെ’ ഗതിയാണ് മുന്നില്‍ തെളിയുന്നത്. സുറിയാനി പള്ളിയില്‍ ലത്തീന്‍ കത്തോലിക്കര്‍ക്ക് പ്രവേശനം ഉണ്ടോ എന്ന് വ്യക്തമാക്കേണ്ടത് അവര്‍ തന്നെയാണ്. അന്ത്യോക്യാ-പാത്രിയാര്‍ക്കീസ് തര്‍ക്കത്തിന്റെ പേരില്‍ ശവമടക്കുപോലും അനുവദിക്കാതിരിക്കുന്ന എത്രയോ സംഭവങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. ന്യൂജനറേഷന്‍ വിഭാഗങ്ങളായ യഹോവസാക്ഷികള്‍, വിവിധയിനം പെന്തിക്കോസ്ത് സഭകള്‍ തുടങ്ങി അനേകം ജാതികളുള്ള ക്രൈസ്തവമതത്തിലെ വ്യത്യസ്ത ജാതികള്‍ക്ക് ക്രൈസ്തവ സ്ഥാപനങ്ങളില്‍ പോലും സംവരണം ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. കറുത്ത ക്രിസ്ത്യാനികള്‍ക്കായി പെലപള്ളികള്‍ പണിതുയര്‍ത്തിയതും കേരളം കണ്ടു. 1987ലെ ഇഎംഎസ് മന്ത്രിസഭയിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ച വിദ്യാഭ്യാസ ബില്ല് സത്യത്തില്‍ ആര്‍ക്കുവേണ്ടിയായിരുന്നു. ആ ബില്ലിനെതിരെ നടത്തിയ വിമോചനസമരം കേരളത്തിലെ പിന്നാക്ക വിഭാഗങ്ങള്‍ക്കോ സാധാരണക്കാര്‍ക്കോ എന്ത് പ്രയോജനമാണ് ചെയ്തത്? പ്രയോജനം ചെയ്തില്ലെന്ന് മാത്രമല്ല, കേരളത്തെ ആജീവനാന്ത കടക്കെണിയില്‍പ്പെടുത്തികൊണ്ട് എയ്ഡഡ് വിദ്യാലയങ്ങളിലെ ആയിരക്കണക്കിന് പാതിരിമാര്‍ക്കും കന്യാസ്ത്രീക്കും കേരളസര്‍ക്കാരിന്റെ ശമ്പളവും പെന്‍ഷനും തരപ്പെടുത്തി എടുത്തു. ജാതിയും മതവും നോക്കാതെ പറഞ്ഞാല്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനത്തിലെ ജീവനക്കാരുടെ നിയമനം ജാതിനോക്കിയോ കൈക്കൂലി വാങ്ങിച്ചോ മാത്രമാണ്. ഇതില്‍ ഏതൊക്കെ സ്ഥാപനത്തിലാണ് സംവരണം ഉള്ളത്? കേരളത്തിന്റെ സാമ്പത്തികനിലയെ തകിടം മറിച്ച, സാധാരണക്കാരന്റെ നട്ടെല്ലൊടിച്ച ഇത്തരം വിഷയങ്ങള്‍ കേരളത്തില്‍ പൊതുസമൂഹത്തില്‍ ചര്‍ച്ചയ്ക്ക് വരേണ്ടതല്ലേ? ഇത്തരം പ്രശ്‌നങ്ങളുടെ പ്രായോജകര്‍ ക്രൈസ്തവര്‍ക്കുള്ളില്‍ സഭാനേതൃത്വം മാത്രമാണെങ്കില്‍ ഇസ്ലാമിക ചിട്ടവട്ടങ്ങളുടെയും കാര്‍ക്കശ്യങ്ങളുടെയും പ്രായോജകര്‍ വരേണ്യ വര്‍ഗ്ഗവും തീവ്രവാദികളും മാത്രമാണ്.
വൈക്കത്തെ തീണ്ടല്‍ പലകയുടെ ചരിത്രം
ഹിന്ദുക്കളില്‍ പിന്നാക്ക വിഭാഗക്കാര്‍ക്കെതിരെ പ്രയോഗിച്ച തീണ്ടല്‍ പലക സാധൂകരിക്കാന്‍ ഇണ്ടംതുരുത്തി മനക്കല്‍ ദേവന്‍ നീലകണ്ഠന്‍ നമ്പ്യാതിരി ആശ്രയിച്ചത് ശാങ്കരസ്മൃതിയെയാണ്. ചെങ്ങന്നൂര്‍ക്കാരന്‍ ശങ്കരന്‍പോറ്റി എഴുതിയ ഈ വികലകൃതിയുടെ കര്‍ത്താവ് ആദിശങ്കരാചാര്യരാണെന്നു മഹാത്മാഗാന്ധിയെ തെറ്റിദ്ധരിപ്പിക്കാനും ഇവര്‍ക്കൊരു മടിയും ഉണ്ടായിരുന്നില്ല. പില്‍ക്കാലത്ത് ഇതേ മന ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ചെത്തു തൊഴിലാളി യൂണിയന്‍ ഓഫീസായി മാറിയതും ചരിത്രം.
1905ല്‍ അന്നത്തെ കോട്ടയം ദിവാന്‍ പേഷ്‌കാര്‍ കെ.പി.ശങ്കരമേനോനാണ് വൈക്കം ക്ഷേത്രത്തിന്റെ നാലുനടയിലും തീണ്ടല്‍പലകകള്‍ സ്ഥാപിക്കുന്നത്. അതിന് ഒന്നര ദശാബ്ദം മുമ്പു നടന്ന മലയാളി മെമ്മോറിയലില്‍ ആദ്യം ഒപ്പുവെച്ചയാളാണ് ശങ്കരമേനോന്‍. തമിഴ് ബ്രാഹ്മണര്‍ക്ക് പകരം മലയാളികള്‍ക്ക് തിരുവതാംകൂറിലെ ജോലി ലഭിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഡോ.പല്‍പ്പുവിന്റെ നേതൃത്വത്തില്‍ മലയാളി മെമ്മോറിയല്‍. കൊച്ചി രാജ്യചരിത്രം എഴുതിയ കെ.പി.പത്മനാഭമേനോന്റെ സഹോദരനാണ് കെ.പി.ശങ്കരമേനോന്‍. തീണ്ടല്‍പലക സ്ഥാപിക്കുന്നതിന് മുമ്പ് വൈക്കം മഹാദേവക്ഷേത്രത്തിന്റെ കാവല്‍ കഴകം ഈഴവപ്രമാണിമാരായ കാലാക്കല്‍ കുടുംബത്തിനായിരുന്നുവെന്നു ചരിത്രരേഖകള്‍ പറയുന്നു. ഹിന്ദുക്കളെ ജാതിയുടെ പേരില്‍ തമ്മിലടിപ്പിച്ചവര്‍ തന്നെയാണ് മുസ്ലിം ജനവിഭാഗത്തെ തീവ്രവാദികളുടെ കയ്യില്‍ എത്തിച്ചു കൊടുത്തത്.
അനാഥരാകുന്ന സാധാരണ മുസ്ലിം
കുറച്ചുനാള്‍ മുമ്പ് ട്രെയിനില്‍ കോഴിക്കോട്ടേക്കു യാത്ര ചെയ്തപ്പോള്‍ ഉണ്ടായ വേദന നിറഞ്ഞ അനുഭവം ഇവിടെ പങ്കുവയ്ക്കട്ടെ. മുഖംവരെ മൂടി പര്‍ദ്ദ ഇട്ടിരിക്കുന്ന ഒരു സ്ത്രീയും തലയില്‍ കെട്ടുള്ള അവരുടെ ഭര്‍ത്താവും ആലുവായില്‍ നിന്ന് തിരൂര്‍ക്ക് ട്രെയിന്‍ കയറി. കേരളത്തില്‍ നടന്ന വാട്‌സ്ആപ്പ് ഹര്‍ത്താലിന്റെ മൂന്നാംദിനം. ഞാന്‍ വായിച്ചു കൊണ്ടിരുന്ന കെ.സി.ജോര്‍ജിന്റെ പുന്നപ്ര വയലാര്‍ എന്ന പുസ്തകം നോക്കി ഭര്‍ത്താവ് ചോദിച്ചു. ‘കമ്മ്യൂണിസ്റ്റാണല്ലേ’. ഉത്തരം പറയാതെ ചിരിച്ച എന്നോട് ‘വാട്‌സ്ആപ്പ് ഹര്‍ത്താലിനെ ശക്തമായി നേരിടണമായിരുന്നുവെന്ന്’ അദ്ദേഹം അഭിപ്രായപ്പെട്ടു. പോലീസ് വേണ്ട രീതിയില്‍ ഇടപെട്ടിരുന്നുവെങ്കില്‍ ഹര്‍ത്താല്‍ രാവിലെ തന്നെ അവസാനിച്ചേനെ. ഇതാണ് കേരളത്തിലെ സാധാരണ മുസ്ലീങ്ങളുടെ അഭിപ്രായം. എന്നാല്‍ അതിനൊരു വിലയും കല്‍പ്പിക്കാന്‍ ഭരണകക്ഷിയോ പ്രതിപക്ഷമോ, തയ്യാറാകുന്നില്ല എന്നുള്ളതാണ് വസ്തുത.
കേരളത്തിലെ മുസ്ലിംജനത, വിശേഷിച്ച് പിന്നാക്കക്കാരും സ്ത്രീകളും അനുഭവിക്കുന്ന ദുരിതങ്ങള്‍ ആരാണ്, എവിടെയാണ് ചര്‍ച്ച ചെയ്യുന്നത്? ഹിന്ദുസമൂഹത്തിലെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുവാന്‍, അതിനു പരിഹാരം കാണാന്‍ കേരളത്തില്‍ ശ്രീനാരായണഗുരു ഉണ്ടായിരുന്നു, ചട്ടമ്പിസ്വാമികളും അയ്യങ്കാളിയും അയ്യാവൈകുണ്ഠസ്വാമികളും പണ്ഡിറ്റ് കറുപ്പന്‍ മാസ്റ്ററും ഉണ്ടായിരുന്നു. എന്നാല്‍ ന്യൂനപക്ഷ മതവിഭാഗങ്ങളുടെ അവസ്ഥയോ? ചേകന്നൂര്‍ മൗലവിയുടെ ദുരവസ്ഥ ഉത്പതിഷ്ണുക്കളെന്നു ഭാവിക്കുന്നവരുടെ പോലും വീര്യം ചോര്‍ത്തിക്കളഞ്ഞു. ഭാരതത്തിലെ ഹിന്ദുക്കള്‍ക്ക് ആശ്രയിക്കാന്‍ മഹാത്മാഗാന്ധിയും ബി.ആര്‍. അംബേദ്കറും ഡോക്ടര്‍ ഹെഡ്‌ഗേവാറും ഉണ്ടായിരുന്നു. എന്നാല്‍ മുസ്ലിം ജനസാമാന്യത്തിന്റെ സ്ഥിതിയോ?
ഖിലാഫത്ത് – ഭാരതത്തിലെ ആദ്യ സംഘടിത ജാതിപ്പോര്
1920കളില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി മഹാത്മാഗാന്ധി ഖിലാഫത്ത് സമരം ഏറ്റെടുത്തു. തുര്‍ക്കിയിലെ ഖലീഫയെ മാറ്റുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇന്ത്യയിലെ ഖിലാഫത്ത്. ഖലീഫയെ മാറ്റാന്‍ ബ്രിട്ടീഷു കാരുമായി ഒത്തുനിന്നത് തുര്‍ക്കിയിലെ ഷിയാവിഭാഗമാണ്. ഖലീഫയാകട്ടെ സുന്നിയും. അതുകൊണ്ടുതന്നെ അക്കാലമത്രയും കോണ്‍ഗ്രസ്സായിരുന്ന മുഹമ്മദാലി ജിന്ന ഖിലാഫത്ത് സമരത്തിനെതിരായി രംഗത്തു വന്നു. ജിന്ന ഷിയാവിഭാഗത്തില്‍പ്പെട്ട ആളായിരുന്നു. സുന്നികളുടെ സമരത്തെ പിന്താങ്ങാന്‍ അദ്ദേഹത്തിനാകുമായിരുന്നില്ല.
അതേ കാലത്ത് തന്നെ ഇറാനില്‍ ഷിയാവിഭാഗം നേതൃത്വം കൊടുത്ത മറ്റൊരു ഖിലാഫത്തും നടന്നിരുന്നു. മുഹമ്മദ് നബിയുടെ ജാമാതാവും നാലാമത്തെ ഖലീഫയുമായ അലിയുടെ പിന്തുടര്‍ച്ചക്കാരാണല്ലോ ഷിയാവിഭാഗക്കാര്‍. ഒരിക്കലും അവസാനിക്കാത്ത ഇറാന്‍ ഇറാഖ് യുദ്ധത്തിന്റെ പിന്നിലും സുന്നി-ഷിയാ വൈര്യമാണെന്ന് ആര്‍ക്കാണറിയാത്തത്. എന്നാല്‍ ഈ രണ്ടുകൂട്ടരും അഹമ്മദീയ മുസ്ലിങ്ങളെ ഇസ്ലാമായി തന്നെ കണക്കാക്കാറില്ല. പാകിസ്ഥാനിലും മറ്റും കാഫിറുകള്‍ എന്ന് ആരോപിച്ച് ഇവരെ നിഷ്‌ക്കരുണം കൊന്നുകളയുന്നു. കാരണം അവര്‍ യേശുക്രിസ്തുവിനെയും ശ്രീകൃഷ്ണനെയും വരെ പ്രവാചകന്മാരായി അംഗീകരിക്കുന്നുവത്രേ.
മുസ്ലിംലീഗ്: മുസ്ലിം വരേണ്യ വര്‍ഗ്ഗത്തിന്റെ പാര്‍ട്ടി
മുഹമ്മദ് നബിയുടെ നേരവകാശികളാണല്ലോ തങ്ങള്‍മാര്‍. കേവലം അയ്യായിരത്തോളം മാത്രമാണ് ഇവരുടെ ജനസംഖ്യ. ഈ നേരവകാശത്തിന്റെ പുറത്താണ് മുസ്ലിംലീഗിന്റെ കേരളഘടകത്തിന്റെ അധ്യക്ഷന്‍ എക്കാലവും പാണക്കാട് കുടുംബത്തില്‍ നിന്ന് വരുന്നത്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് ആണെങ്കിലും സംസ്ഥാന അധ്യക്ഷന്‍ നിശ്ചയിക്കുന്ന ആളാണല്ലോ അഖിലേന്ത്യാ അധ്യക്ഷന്‍. ഇന്ത്യന്‍ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ് മുസ്ലിംലീഗ്. മുസ്ലീങ്ങളിലെ ഏതെല്ലാം ജാതിവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലീഗ് അംഗത്വം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കണം. വരേണ്യവര്‍ഗ്ഗത്തോടുള്ള അമിതമായ ആദരവ് നിമിത്തം മുസ്ലിംലീഗിന് വര്‍ഗീയമില്ല, മുസ്ലീങ്ങളില്‍ ജാതിയില്ല, അതുകൊണ്ട് പ്രത്യേക സംവരണം ഒന്നും ആവശ്യമില്ല, എല്ലാവര്‍ക്കും സംവരണം വേണംതാനും എന്നിവിടത്തെ പ്രബലരായ രാഷ്ട്രീയ കക്ഷികളും നേതാക്കന്മാരും ഒന്നിച്ചൊരു തീരുമാനമെടുത്തു. ഇക്കാര്യത്തില്‍ ലീഗിനോട് ഒട്ടിനില്‍ക്കുന്ന യുഡിഎഫിനും എതിര്‍ക്കുന്ന എല്‍ഡിഎഫിനും ഒരേ അഭിപ്രായമാണ്.
എല്ലാ മുസ്ലീങ്ങളും മാപ്പിളമാരോ?
2005ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നിയോഗിച്ച സച്ചാര്‍ കമ്മീഷന്‍ കേരളത്തില്‍ മാപ്പിളമാര്‍ക്ക് സംവരണം കൊടുക്കണം എന്നു തീരുമാനിച്ചു. ഈ മാപ്പിളമാരാരാണെന്ന തര്‍ക്കം വന്നു. ക്രൈസ്തവ സഭാതര്‍ക്കത്തില്‍ ഒരുപക്ഷത്തിന്റെ വക്താവായ ഉമ്മന്‍ചാണ്ടിയായിരുന്നു കേരള മുഖ്യമന്ത്രി. കുശാഗ്രബുദ്ധിയായ ഉമ്മന്‍ചാണ്ടി ഈ പന്ത് മുസ്ലിം ലീഗിന്റെ കോര്‍ട്ടിലേക്ക് തട്ടി. മുസ്ലീങ്ങളിലെ വരേണ്യവര്‍ഗ്ഗത്തിന്റെ പാര്‍ട്ടിയായ ലീഗിന് ഇതൊരു ബാലികേറാമലയായിരുന്നു. എന്നാല്‍ സലഫി രാഷ്ട്രീയത്തിന്റെ വക്താവായ പി.കെ.കുഞ്ഞാലിക്കുട്ടി അന്നത്തെ എന്‍ഡിഎഫ് നേതാവായ പ്രൊഫ.കോയയുമായി ഈ വിഷയം ചര്‍ച്ച ചെയ്തു. കോയ പിന്നീട് പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന അധ്യക്ഷനായി. കേരള രാഷ്ട്രീയത്തിലെ മുസ്ലിംലീഗിന്റെ അപ്രമാദിത്വം നിശ്ചയമുള്ള കോയ കേരളത്തിലെ എല്ലാ മുസ്ലീങ്ങളും മാപ്പിളമാരാണെന്ന് വിധി പ്രഖ്യാപിച്ചു. ഇതില്‍ സന്തുഷ്ടനായ കുഞ്ഞാലിക്കുട്ടി ഉമ്മന്‍ചാണ്ടിയെ വിവരം ധരിപ്പിച്ചു. അതോടെ കേരളത്തിലെ എല്ലാ മുസ്ലിങ്ങള്‍ക്കും സച്ചാര്‍ കമ്മീഷന്‍ പ്രകാരമുള്ള സംവരണം ലഭിക്കുമെന്നുറപ്പായി.
കേരളത്തിലെ സുന്നികള്‍ക്ക് വ്യവസായ സാമ്രാജ്യമുണ്ട്, പണമുണ്ട്, അധികാരമുണ്ട്. പ്രതിപക്ഷത്തിരുന്നാലും ഭരണകൂടത്തെ നിയന്ത്രിക്കാനറിയാം. അല്ലെങ്കില്‍ ഏതൊരു സ്ത്രീയാണ് മൂന്നു ഭാര്യമാരുള്ള ഒരാളെ ഭര്‍ത്താവായി സ്വീകരിക്കുക, അതും അയാള്‍ക്കിഷ്ടമുള്ളതുവരെ മാത്രം. സ്ത്രീകളുടെ വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യംപോലും മേലാളവര്‍ഗ്ഗത്തിന്റെ ഇച്ഛയ്ക്ക് അനുസൃതമാണെന്നാണ് ട്രെയിനില്‍ വച്ച് കണ്ട പര്‍ദ്ദധാരിണി ലേഖകനോട് പറഞ്ഞത്. മുത്തലാക്ക് വേണോ വേണ്ടയോ എന്ന് വരേണ്യവര്‍ഗം തീരുമാനിക്കും. സ്റ്റേജില്‍ പെണ്‍കുട്ടികള്‍ കയറാമോ എന്ന് പുരോഹിതവര്‍ഗ്ഗം തീരുമാനിക്കും. സ്ത്രീ ഏതു വസ്ത്രം ധരിക്കണമെന്നും മുടിയും കയ്യും പുറത്തു കാണിക്കണോയെന്നും നബി തിരുമേനിയുടെ നേരവകാശികള്‍ എന്ന് സ്വയം പ്രഖ്യാപിക്കുന്നവര്‍ തീരുമാനിക്കും. മുടി മുറിക്കുന്നവനും മൃതദേഹത്തില്‍ നിന്ന് മലം എടുക്കുന്നവനും, തങ്ങള്‍ക്കൊപ്പം തന്നെയാണ്, എന്നാല്‍ വിവാഹത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും ഇവര്‍ പടിക്കു പുറത്താണെന്ന് വരേണ്യവര്‍ഗ്ഗം ഫത്വ പുറപ്പെടുവിക്കും. തങ്ങളും കോയയും സുന്നികളും ഷിയയും അഹമ്മദീയരും ഒസ്സറയും പഠാനും റാവുത്തറും പാഷയും ഖുറേഷിയും പിശിലാനും അടങ്ങുന്ന എണ്ണിയാലൊടുങ്ങാത്ത വിഭാഗങ്ങള്‍ പ്രത്യേക ജാതിയല്ലെന്ന് പുരോഹിത വര്‍ഗ്ഗം പറഞ്ഞാല്‍ നമ്മള്‍ വിശ്വസിക്കണം. 12% സംവരണമാണ് മുസ്ലിം സമുദായത്തിനു ലഭിക്കുന്നത്. ഇതിലേറിയ പങ്കും ഈ മേലാളവര്‍ഗ്ഗം അടിച്ചെടുക്കും. അതിനെ ചോദ്യം ചെയ്താല്‍ ചേകന്നൂര്‍ മൗലവിയുടെ ഗതിയാണ് ഉണ്ടാവുകയെന്ന് മുസ്ലിം ജനസാമാന്യത്തിനറിയാം. കള്ളക്കടത്ത് കേസിലും സ്വര്‍ണ്ണ കടത്തിലും മയക്കുമരുന്ന് കേസിലും പ്രതികളാകുന്നത് മുസ്ലിം സഹോദരന്മാരാണെന്ന പി.വി.അന്‍വര്‍ എംഎല്‍എയുടെ പ്രസ്താവന ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്. ഈ മുസ്ലിം സഹോദരന്മാരുടെ ജാതികൂടി വെളിപ്പെടുത്തിയാല്‍ മുസ്ലിം വരേണ്യ വര്‍ഗ്ഗത്തിന്റെ നിഷ്ഠൂരമായ പ്രവര്‍ത്തികളുടെ തനിനിറം പുറത്തുവരും.
സ്വദേവാലയത്തില്‍ പ്രവേശനാനുമതി നിഷേധിക്കപ്പെട്ട പെണ്‍കുട്ടികള്‍ക്ക്, പഠിക്കുന്ന വിദ്യാലയത്തില്‍ നിസ്‌കാരമുറി അനുവദിക്കണമെന്ന് ആവശ്യപ്പെടാനുള്ള ധൈര്യം പുരോഹിതവര്‍ഗ്ഗത്തിന് വന്നത് ഇതിലൂടെയാണ്. അന്യന്റെ ഭൂമി വെട്ടിപ്പിടിക്കുന്ന വഖഫ് ബോര്‍ഡ് നയത്തിന്റെ പിന്നിലും ഇവരൊക്കെ തന്നെയല്ലേ? എന്തൊക്കെയാണെങ്കിലും ഇവരെ വിശ്വസിക്കാനാണ് നമ്മുടെ രാഷ്ട്രീയനേതൃത്വത്തിനും ഇഷ്ടം. ജാതി സെന്‍സസ് മതന്യൂനപക്ഷങ്ങളില്‍ കൂടി വേണമെന്ന് പറയാനുള്ള സത്യസന്ധത ജോര്‍ജ് സോറസിനോ അനുചരന്മാര്‍ക്കോ ആവശ്യമില്ല. ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും അത്തരമൊരു തിരിച്ചറിവ് ജനസാമാന്യത്തിനുണ്ടാകണം. മുസ്ലീങ്ങളിലെയും ക്രിസ്ത്യാനികളിലെയും ഇതര മത ന്യൂനപക്ഷങ്ങളിലെയും പിന്നാക്ക വിഭാഗക്കാരെ ചേര്‍ത്തു പിടിക്കേണ്ട ബാധ്യത ഇവിടുത്തെ ഭൂരിപക്ഷവിഭാഗങ്ങള്‍ക്കുണ്ട്.