രാജ്യത്തെ സംഘടിത മതവിദ്യാഭ്യാസ സംവിധാനങ്ങളില്‍ പ്രമുഖമായ മദ്രസകളിലെ ബോധനരീതികളിലുള്ള അപകടം ചൂണ്ടിക്കാട്ടി ദേശീയ ബാലാവകാശ കമ്മീഷന്‍ രംഗത്ത് വന്നത് ഏറെ ചര്‍ച്ചകള്‍ക്ക് വിധേയമാവുകയാണ്. കേവലമായ മത വിദ്യാഭ്യാസം മാത്രം നല്‍കി കുട്ടികളെ ഇരുട്ടിലേക്ക് തള്ളി വിടുന്ന രീതി ബാലാവകാശത്തിനു വിരുദ്ധമായതുകൊണ്ടാണ് ദേശീയ ബാലാവകാശ കമ്മീഷന്‍ ഇടപെടല്‍ വേണ്ടിവന്നതെന്ന വസ്തുത നിലനില്‍ക്കെ ഈ സംഭവത്തെ അനാവശ്യമായ വിവാദങ്ങളിലേക്ക് തള്ളി വിടാനാണ് പലരും ശ്രമിച്ചത്.
മദ്രസകള്‍ അടച്ചുപൂട്ടുവാനല്ല ദേശീയ ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മദ്രസകളിലെ വിദ്യാഭ്യാസരീതി കുട്ടികളെ മുഖ്യധാരയിലേക്ക് എത്തിക്കുന്നില്ല. അതിനാല്‍ മദ്രസ ബോര്‍ഡുകള്‍ പിരിച്ചുവിടണം എന്നതാണ് ദേശീയ ബാലാവകാശ കമ്മീഷന്റെ കത്തിലുള്ളത്.
മദ്രസകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത് നിര്‍ത്തണമെന്നും സംസ്ഥാനങ്ങള്‍ ഫണ്ട് നല്‍കുന്ന മദ്രസകളുംമദ്രസ ബോര്‍ഡുകളും നിര്‍ത്തലാക്കണമെന്നും നിര്‍ദേശത്തിലുണ്ട്. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്കാണ് എന്‍.സി.പി.സി.ആര്‍ കത്തയച്ചത്. വിദ്യാഭ്യസമെന്നത് സ്റ്റേറ്റ് ലിസ്റ്റില്‍ പെടുന്ന ഒന്നാണ്. കൂടാതെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അതാത് സംസ്ഥാനങ്ങളിലെ എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സര്‍ക്കാറുകളുടെ കടമയാണ്. ഒരു ബോര്‍ഡ് പ്രവര്‍ത്തിക്കുന്നു എന്നതുകൊണ്ട് മദ്രസകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളാവുന്നില്ല. മദ്രസകളില്‍ പഠനവും പരീക്ഷകളും നടത്തുന്നത് എന്‍സിഇആര്‍ടിയും എസ്‌സിഇആര്‍ടിയും നല്‍കുന്ന പാഠ്യപദ്ധതി അനുസരിച്ചല്ല. ഇത് കാരണം മദ്രസ വിദ്യാഭ്യാസം നേടുന്ന കുട്ടികള്‍ക്ക് സമൂഹത്തില്‍ ഉയരാന്‍ കഴിയുന്നില്ല.
ഇത് കൂടാതെയാണ് അനധികൃതമായി പ്രവര്‍ത്തിക്കുന്ന മദ്രസകള്‍. കുട്ടികളുടെ എണ്ണം കണക്കാക്കി സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്റ് ലക്ഷ്യമിട്ട് വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിക്കുന്ന പ്രവണതയും മദ്രസകളില്‍ ഉണ്ട്. ഇതിനെതിരെയും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കുന്നു. മതവിദ്യാഭ്യാസം പൊതു ഖജനാവില്‍ നിന്ന് പണമെടുത്ത് നല്‍കേണ്ട ഒന്നല്ല. ‘ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശമായ വിദ്യാഭ്യാസത്തില്‍ മതവിഭ്യാസം ഉള്‍പ്പെടുന്നില്ല. മദ്രസകളില്‍ പോകുന്ന വിദ്യാര്‍ഥികള്‍ പൊതു വിദ്യാഭ്യാസത്തില്‍ നിന്ന് ഒഴിവാക്കപ്പെടുന്നു. ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കാത്തത് കുട്ടികളെ സാരമായി തന്നെ ബാധിക്കുന്നുണ്ട്. പഠനത്തില്‍ മികവ് കാണിക്കാനോ വിദ്യാഭ്യാസ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനോ കാര്യങ്ങളെ ഗ്രഹിക്കാന്‍ പ്രാപ്തരാക്കാനോ മദ്രസ വിദ്യാഭ്യാസം സഹായിക്കുന്നില്ല. കുട്ടികളുടെ അവകാശങ്ങള്‍ ലഭ്യമാക്കുന്നതില്‍ മദ്രസ ബോര്‍ഡുകള്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു’ ബാലാവകാശ കമ്മീഷന്‍ സംസ്ഥാനങ്ങള്‍ക്കെഴുതിയ കത്തില്‍ പറയുന്നു.
മദ്രസ ബോര്‍ഡ് തന്നെ പുറത്തുവിട്ട കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മുസ്ലീം സമുദായത്തില്‍ പെടാത്ത അനവധി കുട്ടികളാണ് മദ്രസയില്‍ പഠിക്കുന്നത്. ഇത് മധ്യപ്രദേശില്‍ 9,446 പേരും രാജസ്ഥാനില്‍ 3,103 പേരും ഛത്തീസ്ഗഡില്‍ 2,159 പേരുമുണ്ട്. മദ്രസകളില്‍ പഠിക്കുന്ന മുസ്ലിം സമുദായത്തിന് പുറത്തുള്ള കുട്ടികളെ സാധാരണ സ്‌കൂളുകളിലേക്ക് മാറ്റണം എന്നും മുസ്ലിം വിദ്യാര്‍ഥികളെ മദ്രസകള്‍ കൂടാതെ സ്‌കൂളുകളില്‍ കൂടി ചേര്‍ക്കണമെന്നും കത്തില്‍ പറയുന്നുണ്ട്. മുസ്ലീം സമുദായത്തില്‍ പെടാത്ത കുട്ടികളും മദ്രസകളിലെ ക്ലാസുകളില്‍ പങ്കെടുക്കുന്നുവെന്ന ഗുരുതരമായ കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷന്‍ ഈ പരാമര്‍ശങ്ങള്‍ നടത്തിയത്.
2009 ല്‍ രാജ്യത്ത് നിലവില്‍ വന്ന വിദ്യാഭ്യസ അവകാശ നിയമത്തില്‍ – (Right of Children to Free and Compulsory Education Act, 2009 ), പിന്നീട് 2012ല്‍ അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ഒരു വലിയ അട്ടിമറിയാണ് ബാലാവകാശ കമ്മീഷനെ ഇങ്ങിനെ ഒരു നിലപടടുക്കാന്‍ പ്രേരിപ്പിച്ചത്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 എ പ്രകാരം 2009-ല്‍ പാസാക്കിയ വിദ്യാഭ്യാസ അവകാശ നിയമം 6 നും 14 നും ഇടയില്‍ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യവും നിര്‍ബന്ധിതവുമായ (Free and Compulsory Education ) വിദ്യാഭ്യാസം ഉറപ്പുനല്‍കുന്നു. സാര്‍വത്രിക വിദ്യാഭ്യാസം നല്‍കുവാനുള്ള ഭാരതത്തിന്റെ നിശ്ചയദാര്‍ഢ്യത്തിലെ നിര്‍ണായക നാഴികക്കല്ലായിരുന്നു ഈ നിയമനിര്‍മ്മാണം.
എന്നാല്‍ 2012 ല്‍, അന്നത്തെ സര്‍ക്കാര്‍ ആര്‍ടിഇ നിയമത്തിന്റെ അന്തസത്തയെ നശിപ്പിക്കുന്ന ഒരു ഭേദഗതി കൊണ്ടുവന്നു. ഇതു പ്രകാരം മദ്രസകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ സ്ഥാപനങ്ങളെ നിയമത്തിന്റെ വ്യവസ്ഥകളില്‍ നിന്ന് ഒഴിവാക്കി. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 29, 30 എന്നിവയില്‍ പറയുന്ന ന്യൂനപക്ഷങ്ങളുടെ മതപരവും സാംസ്‌കാരികവുമായ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നതില്‍ പിടിച്ചാണ് പ്രീണനം ലക്ഷ്യമാക്കിയുള്ള ഈ ഇളവ്. ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ സംസ്‌കാരം, ഭാഷ, ലിപികള്‍ എന്നിവ സംരക്ഷിക്കാനുള്ള അവകാശം നല്‍കുന്നു എന്നതിന്റെ മറപറ്റി ഔപചാരിക സ്‌കൂള്‍ വിദ്യാഭ്യാസത്തേക്കാള്‍ മതവിദ്യാഭ്യാസത്തിന് മുന്‍ഗണന നല്‍കാന്‍ മദ്രസകള്‍ പോലുള്ള സ്ഥാപനങ്ങളെ ഈ ഭേദഗതി അനുവദിക്കുന്നു.
2012 ലെ ഭേദഗതി മൂലം സമൂഹത്തിലുണ്ടായ ആഘാതം വിലയിരുത്തുന്നതിനായി N.C.P.C.R- ഒമ്പത് വര്‍ഷത്തെ പഠനമാണ് നടത്തിയത്. ഈ പഠനത്തിനിടയില്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, സമുദായ നേതാക്കള്‍ എന്നിവരുള്‍പ്പെടെ നിരവധി പേരുമായി കമ്മീഷന്‍ കൂടിയാലോചനകള്‍ നടത്തി. അതിന്റെ കണ്ടെത്തലുകള്‍ 2021-ല്‍ പ്രസിദ്ധീകരിച്ചു. ഔപചാരിക വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായ പഠന അന്തരീക്ഷം, മതിയായ അടിസ്ഥാനസൗകര്യങ്ങള്‍, യോഗ്യതയുള്ള അധ്യാപകര്‍ തുടങ്ങിയ അടിസ്ഥാന അവകാശങ്ങള്‍ ലഭിക്കുന്നില്ലെന്നും കമ്മീഷന്‍ കണ്ടെത്തി. ശാരീരിക ശിക്ഷ, ബാലവേല, തുടങ്ങിയവയും മദ്രസകളില്‍ ഉണ്ട്.
ഈ കണ്ടെത്തലുകളുടെ വെളിച്ചത്തിലാണ് ആര്‍.ടി.ഇ നിയമത്തിന് കീഴില്‍ മറ്റ് കുട്ടികള്‍ക്കുള്ള അതേ വിദ്യാഭ്യാസ അവസരങ്ങളും അവകാശങ്ങളും മദ്രസകളിലെ കുട്ടികള്‍ക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട് അവരെ ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് സംയോജിപ്പിക്കണമെന്നു കമ്മീഷന്‍ ഊന്നിപ്പറയുന്നത്.
എന്‍സിപിസിആര്‍ ചെയര്‍പേഴ്‌സണ്‍ പ്രിയങ്ക് കനൂംഗോ ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ പറയുന്നത് മദ്രസകള്‍ അടച്ചുപൂട്ടണം എന്നല്ല. ആര്‍ടിഇ നിയമം അനുസരിക്കാത്ത മദ്രസകള്‍ക്കുള്ള സംസ്ഥാന ധനസഹായം അവസാനിപ്പിക്കണമെന്നാണ്. മതവിദ്യാഭ്യാസം നല്‍കേണ്ടത് സര്‍ക്കാര്‍ ഖജനാവില്‍ നിന്നുള്ള പണമെടുത്തല്ല എന്ന സാമാന്യ നിയമത്തിന്റെ പുറത്തുള്ള നിര്‍ദേശമാണത്. മതവിദ്യാഭ്യാസം നല്‍കാനുള്ള ഉത്തരവാദിത്തം ബന്ധപ്പെട്ട സമൂഹത്തിനാണ്, അതിനായി ഭരണഘടനയ്ക്ക് കീഴില്‍ മതിയായ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വിദ്യാഭ്യാസ നിലവാരം പുലര്‍ത്തുന്നതില്‍ പരാജയപ്പെടുന്ന മദ്രസ ബോര്‍ഡുകള്‍ അടച്ചുപൂട്ടുകയോ പുനഃസംഘടിപ്പിക്കുകയോ ചെയ്യണമെന്ന് പറയുമ്പോള്‍ 2009 ലെ ആര്‍ടിഇ നിയമത്തിന് പുറത്തുള്ള ഒരു നിര്‍ദ്ദേശത്തിനും സംസ്ഥാന ഫണ്ടുകള്‍ ചെലവഴിക്കാന്‍ പാടില്ല എന്ന വസ്തുതയാണ് അവിടെ വെളിവാകുന്നത്. വസ്തുതകള്‍ ഇതായിരിക്കെ ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശത്തെ വിവാദമാക്കിയവര്‍ കേവല മതപ്രീണനം മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാണ്.