2019 ഡിസംബര്‍ ഒന്നിന് മുംബൈയില്‍ ഇക്കണോമിക് ടൈംസ് ദിനപത്രം നടത്തിയ അവാര്‍ഡ്ദാന ചടങ്ങില്‍ വ്യവസായിയായ രാഹുല്‍ ബജാജ് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പേടിയാണെന്ന് പറഞ്ഞു. ആഭ്യന്തരമന്ത്രി അമിത് ഷായും ധനമന്ത്രി നിര്‍മ്മലാ സീതാരാമനും റെയില്‍വേ മന്ത്രി പീയൂഷ് ഗോയലും റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയും ഒക്കെ അടങ്ങിയ സദസ്സിലായിരുന്നു ഈ വിമര്‍ശനം. തനിക്ക് പേരിട്ടത് ജവഹര്‍ലാല്‍ നെഹ്‌റു ആണെന്ന് തുറന്നുപറഞ്ഞ് കോണ്‍ഗ്രസ് പക്ഷപാതിത്വം വ്യക്തമാക്കിയ രാഹുല്‍ ബജാജ് എല്ലാവര്‍ക്കും അറിയുന്നതുപോലെ കോണ്‍ഗ്രസ് പക്ഷപാതിയെന്നു പറയുന്നതല്ല ശരി, കോണ്‍ഗ്രസ് സഹയാത്രികനോ, മാനസപുത്രനോ ആണ്. കഴിഞ്ഞ അഞ്ചുവര്‍ഷം നരേന്ദ്രമോദി സര്‍ക്കാര്‍ ഭരിച്ചപ്പോഴൊന്നും ഇല്ലാത്ത ഭയത്തിന്റെ ചിത്രവുമായി ഇപ്പോള്‍ അദ്ദേഹം വന്നത് രണ്ടാംതവണ സര്‍ക്കാര്‍ അധികാരം ഏറ്റപ്പോഴാണ്. നരേന്ദ്രമോദി രണ്ടാംതവണയും അധികാരത്തിലെത്തുമെന്ന് ഒരിക്കലും പ്രതീക്ഷിക്കാത്തവരില്‍ രാഹുല്‍ ബജാജ് മാത്രമല്ല, മലയാള മനോരമയും ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പുകാലത്ത് ഉടനീളം രാഹുല്‍ അധികാരത്തില്‍ വരാന്‍ പോകുന്നു എന്ന രീതിയില്‍ പ്രചരിപ്പിക്കാന്‍ ഒട്ടും ഉളുപ്പ് കാണിക്കാത്ത പത്രമായിരുന്നു മലയാള മനോരമ. രാഹുല്‍ഗാന്ധി പ്രത്യേക വിമാനത്തില്‍ തങ്ങളെയും കൊണ്ടുവന്നിരുന്നുവെന്ന് ഊറ്റം പറയാനും മനോരമ മുതലാളിമാര്‍ക്ക് അല്പവും വൈക്ലബ്യം ഉണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ഒളിഞ്ഞും തെളിഞ്ഞും ചെറിയ തോതിലുള്ള കുത്തലും ഞോണ്ടലും മാത്രമായി മനോരമ മാറി നില്‍ക്കുകയാണ്. മനോരമ മദാമ്മയ്‌ക്കൊപ്പമാണ് എന്നുപറയാന്‍ ഇപ്പോഴും പണ്ടും ഒരു വൈമുഖ്യവും കാണിച്ചിട്ടില്ല. സ്വാതന്ത്ര്യസമരത്തിന്റെ തലേന്ന് വരെ ഗാന്ധിജിയെ മിസ്റ്റര്‍ ഗാന്ധി എന്ന് വിളിക്കുകയും സ്വാതന്ത്ര്യസമരത്തിന് എതിരെ നിലപാട് എടുക്കുകയും ചെയ്തിരുന്ന മനോരമയെ ഒരു മൂന്നാംകിട കച്ചവടക്കാര്‍ എന്നതിനപ്പുറം ആരും കണക്കാക്കിയിട്ടുമില്ല. പിന്നെ, കച്ചവടം പ്രൊഫഷണലായി നന്നായി ചെയ്യാനറിയാം എന്ന ഒരു പ്രത്യേകത അവര്‍ക്ക് ഉള്ളതുകൊണ്ട് പത്രരംഗത്തും വലിയ കുഴപ്പമില്ലാതെ അവര്‍ പോകുന്നുണ്ട്.
ഡിസംബര്‍ രണ്ടാംതീയതി ഇറങ്ങിയ മാതൃഭൂമി ദിനപത്രം ഒന്നാംപേജില്‍ ഏറ്റവും മുകളില്‍ പത്രപ്രവര്‍ത്തകരുടെ ശാസ്ത്രീയ സിദ്ധാന്തം അനുസരിച്ച് ഏറ്റവും ശ്രദ്ധേയമായ വലതുവശത്ത് മുകളറ്റത്ത് ആണ് രാഹുല്‍ ബജാജിന്റെ വാര്‍ത്ത കൊടുത്തത്. രാജ്യത്തെങ്ങും ഭീതിയുടെ അന്തരീക്ഷം എന്ന തലക്കെട്ടില്‍ ദേശാഭിമാനിയെയും വെല്ലുന്ന രീതിയിലായിരുന്നു മാതൃഭൂമി ഈ വാര്‍ത്ത നല്‍കിയത്. രാഹുല്‍ ബജാജിന്റെ പ്രസംഗം ഏതാണ്ട് മുഴുവനായി തന്നെയും മാതൃഭൂമി കൊടുത്തിരുന്നു. രണ്ടാം യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് ആര്‍ക്കും ആരെയും വിമര്‍ശിക്കാമായിരുന്നു. ഇപ്പോള്‍ നിങ്ങളെ വിമര്‍ശിച്ചാല്‍ അത് നല്ലരീതിയില്‍ സ്വീകരിക്കപ്പെടുമെന്ന് ഒരു ഉറപ്പുമില്ല. ഇതായിരുന്നു രാഹുല്‍ ബജാജ് പറഞ്ഞത്. രണ്ടാം യു.പി.എ.സര്‍ക്കാരിന്റെ കാലത്താണ് ടു ജിയും കല്‍ക്കരിയുമടക്കം ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതികള്‍ നടന്നത് എന്നകാര്യം ബജാജ് പറഞ്ഞില്ല. മറുന്നുപോയതോ മൂടിവെച്ചതോ ആകാം. അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് അമിത് ഷാ വ്യക്തമായി മറുപടി പറയുകയും ചെയ്തു. ആരും ഒന്നിനെയും പേടിക്കേണ്ട കാര്യമില്ലെന്നും ഒരുതരത്തിലുമുള്ള എതിര്‍ ശബ്ദങ്ങളെയും ഞങ്ങള്‍ ഭയക്കുന്നില്ലെന്നും അമിത് ഷാ പറഞ്ഞു. ആരെങ്കിലും വിമര്‍ശിച്ചാല്‍ അതില്‍ കഴമ്പുണ്ടോ എന്ന് നോക്കി അതനുസരിച്ച് സ്വയം മെച്ചപ്പെടുത്താന്‍ ശ്രമിക്കുമെന്നും അമിത് ഷാ പറഞ്ഞു.
ഇടതുപത്രങ്ങളെ വെല്ലുന്ന രീതിയില്‍ മാതൃഭൂമി പ്രകടിപ്പിച്ച അമിതാഹ്ലാദത്തിന്റെ കാരണം നരേന്ദ്രമോദിക്കും ബി ജെ പിക്കും എതിരായ വിമര്‍ശനം ആയിരിക്കാം. നരേന്ദ്രമോദിയെയും ബി ജെ പിയെയും ഹിന്ദുത്വത്തെയും എതിര്‍ക്കാനും അവമതിക്കാനും കിട്ടുന്ന ഒരു അവസരവും അടുത്തിടെയായി മാതൃഭൂമി ഒഴിവാക്കാറില്ല. ഹിന്ദുക്കള്‍ക്ക് എതിരെ മീശ പിരിച്ചതും പ്രായാധിക്യം വകവെയ്ക്കാതെ ചങ്ങനാശ്ശേരിയിലും കണിച്ചുകുളങ്ങരയിലും പോയി സുകുമാരന്‍ നായരുടെയും വെള്ളാപ്പള്ളിയുടെയും കാലുപിടിച്ച് മാപ്പു പറഞ്ഞതും ചരിത്രമാണ്. സുകുമാരന്‍ നായര്‍ ഇറക്കിയ പ്രസ്താവന എല്ലാ മാധ്യമങ്ങളിലും കിട്ടിയിരുന്നു എന്ന കാര്യം മറക്കരുത്.
എന്താണ് യഥാര്‍ത്ഥത്തില്‍ രാഹുല്‍ ബജാജിന്റെ ഭയം? ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഏതാനും വ്യവസായികളുടെ കൈക്കുടന്നകളിലേക്ക് ഒതുങ്ങിക്കൊണ്ടിരിക്കുകയും കള്ളപ്പണവും നികുതിവെട്ടിപ്പും സൈ്വരമായും സ്വസ്ഥമായും നടത്തിക്കൊണ്ടിരിക്കുകയും ചെയ്തുകൊണ്ടിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. സ്വിസ് ബാങ്കുകളിലേക്ക് വ്യവസായികളുടെയും രാഷ്ട്രീയനേതാക്കളുടെയും ഒഴുകിയ കള്ളപ്പണം എത്രയായിരുന്നു? ഇന്ന് പലരും ഭയക്കുന്നു. ഇടപാടുകള്‍ ഡിജിറ്റലും സുതാര്യവുമായി മാറുന്നു. കള്ളപ്പണത്തിനും ബിനാമി ഇടപാടുകള്‍ക്കും കൂച്ചുവിലങ്ങ് വീണുകഴിഞ്ഞു. ബജാജിന്റെ സ്‌കൂട്ടര്‍ ബുക്ക് ചെയ്ത് വര്‍ഷങ്ങള്‍ കാത്തിരുന്ന പഴയ കാലഘട്ടം പോയിക്കഴിഞ്ഞു. വിപണിയില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ നിലവാരമുള്ള സാധനങ്ങള്‍ കൊടുത്തേ മതിയാകൂ. വ്യവസായികളുടെ വാതില്‍ക്കല്‍ ഭരണാധികാരികള്‍ കാത്തു നിന്നിരുന്ന കാലം കഴിഞ്ഞു. ഭയക്കണം, ഇന്ത്യയിലെ സാധാരണക്കാരായ ദരിദ്രനാരായണന്മാര്‍ക്കു മുന്നില്‍ അവരില്‍ ഒരാളായി ജീവിച്ച് അഴിമതിയില്ലാത്ത സുതാര്യ ജീവിതം നയിക്കുന്ന നരേന്ദ്രമോദിയെ ഭയക്കണം. സ്വിസ് ബാങ്ക് അക്കൗണ്ടുകളോ വ്യവസായികള്‍ നല്‍കുന്ന രമ്യഹര്‍മ്മങ്ങളോ ബിനാമി സ്വത്തോ വേണ്ടെന്ന് വെയ്ക്കാന്‍ ചങ്കൂറ്റമുള്ള, അധികാരം ഒഴിഞ്ഞാല്‍ ഹിമാലയത്തിലേക്ക് സന്യസ്ത ജീവിതത്തിന് പോകുമെന്ന് പറയുന്ന പ്രധാനമന്ത്രിയെ ഭയക്കണം. പക്ഷേ, ടാറ്റയ്ക്ക് ഭയമില്ല. അംബാനിക്ക് ഭയമില്ല. കാരണം അവരൊക്കെ എല്ലാ രാഷ്ട്രീയകക്ഷികളോടും ഒരേ നിലപാട് സ്വീകരിക്കുന്നവരാണ്. ടാറ്റയാകട്ടെ സാമൂഹ്യസുരക്ഷ സംവിധാനങ്ങളില്‍ മറ്റേതൊരു വ്യവസായ സ്ഥാപനത്തേക്കാളും എത്രയോ മുന്നിലാണ് നില്‍ക്കുന്നത്. അവര്‍ക്കാര്‍ക്കും ഇല്ലാത്ത ഭയം എല്ലാ കാലവും കോണ്‍ഗ്രസ്-നെഹ്‌റു കുടുംബത്തിന്റെ വിടുപണി ചെയ്തിരുന്ന രാഹുല്‍ ബജാജിന് ഉണ്ടാകുന്നത് സ്വാഭാവികമാണ്. ആ ഭയത്തിന്റെ പിന്നിലെ കള്ളക്കളി ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് മനസ്സിലാകും.
സത്യം, സമത്വം, സ്വാതന്ത്ര്യം എന്ന പ്രഖ്യാപിത മുദ്രാവാക്യവുമായി നടക്കുന്ന മാതൃഭൂമിയില്‍ ഈ ഭയത്തിന്റെ അന്തരീക്ഷം ഇല്ലേ? മാനേജിംഗ് ഡയറക്ടര്‍ക്ക് എതിരെ മുഖപ്രസംഗം എഴുതിയ പത്രമെന്ന് വി എം നായര്‍ വരെയുള്ള ഒരു തലമുറ ആഘോഷപൂര്‍വ്വം കൊണ്ടാടിയിരുന്ന ആ മാതൃഭൂമിയാണോ ഇന്നത്തെ മാതൃഭൂമി? കെ.പി.കേശവമേനോനും കെ കേളപ്പനും കെ.മാധവന്‍ നായരും കെ. എ. ദാമോദര മേനോനും എ.വി. കുട്ടിമാളു അമ്മയും അടക്കമുള്ള ത്യാഗസുരഭില ജീവിതത്തിന്റെ ഏഴയലത്ത് വരാന്‍ പറ്റിയ ഒരാളെങ്കിലും ഇന്ന് മാതൃഭൂമിയില്‍ ഉണ്ടോ? സ്വന്തം രാഷ്ട്രീയത്തിന്റ ചെപ്പടിവിദ്യക്ക് അനുസരിച്ച് പത്രത്തിന്റെ നയം മാറുകയും ഇടതുപക്ഷ-ഇസ്ലാമിക ഭീകരരെ സുഖിപ്പിക്കാന്‍ വേണ്ടി ദേശീയതയ്ക്കും ഹിന്ദുത്വത്തിനും എതിരെ നിലപാട് എടുക്കുകയും ചെയ്യുന്ന മാതൃഭൂമി മലബാര്‍ കലാപം എഴുതിയ കെ.മാധവന്‍ നായരുടെ മാതൃഭൂമി ആണോ? പഴയ തലമുറയിലെ പ്രതിഭാശാലികളുടെ ചെരുപ്പ് എടുക്കാനുള്ള യോഗ്യതയെങ്കിലും ഇല്ലാത്തവരാണ് ഇന്ന് കേന്ദ്രഭരണവും നരേന്ദ്രമോദിയും ഭയമുണ്ടാക്കുന്നു എന്ന ആരോപണം ഉയര്‍ത്തുന്നത്. മാതൃഭൂമിക്കുള്ളിലെ സ്വാതന്ത്ര്യത്തെ കുറിച്ചു മാത്രം ഓര്‍മ്മിപ്പിക്കട്ടെ. യൂണിയന്‍ സമ്മേളനത്തില്‍ മാനേജ്‌മെന്റിന് എതിരെ പ്രമേയം പാസ്സാക്കാന്‍ ഒരുങ്ങി എന്നതിന്റെ പേരില്‍ സ്ഥലം മാറ്റപ്പെട്ട 32 ഓളം പത്രപ്രവര്‍ത്തകരെ കുറിച്ച് ഈ സ്വാതന്ത്ര്യം പറയുന്ന മാതൃഭൂമി മാനേജ്‌മെന്റിന് ഓര്‍മ്മയുണ്ടോ?
ഭാവിയുടെ വാഗ്ദാനങ്ങളെന്ന് എല്ലാവരും കരുതിയിരുന്ന എന്‍. അബൂബക്കറും ശ്രീകാന്തും കെ. എം.ബൈജുവും വി.എന്‍.പ്രസന്നനും ഒക്കെ രാജിവച്ച് തടി കഴിച്ചിലാക്കി. അന്ന് മാറ്റപ്പെട്ടവരില്‍ വി ടി സന്തോഷ് ഇപ്പോഴും മുംബൈയില്‍ ഉണ്ട്. കെ.എസ്.രതീഷ് അഹമ്മദാബാദിലും റിഞ്ചു സെക്കന്തരാബാദിലും പി.എസ്.കാര്‍ത്തികേയന്‍ കൊല്‍ക്കത്തയിലും പി.മനോജ് (ഫോട്ടോഗ്രാഫര്‍) ബംഗലൂരുവിലും ആണ് ഉള്ളത്. മാതൃഭൂമിയിലെ ഏറ്റവും മികച്ച രണ്ടുമൂന്ന് പേരെങ്കിലും മാനേജ്‌മെന്റിന്റെ അപ്രീതി കാരണം അപ്രസക്തരായി കഴിയുന്നുണ്ട്. പി.സുരേഷ്ബാബു മാങ്കുളത്തും ടി. സോമന്‍ വടകരയിലും കെ.എസ്.വിപിനചന്ദ്രന്‍ കഴക്കൂട്ടത്തും. ഇവരൊക്കെ അവിടെ ജോലി ചെയ്യേണ്ടവരാണോ? പഴയ തലമുറയിലെ ആളുകള്‍ ഇന്ന് മാതൃഭൂമിയുടെ പടികയറാന്‍ വിമുഖത കാണിക്കുന്നുണ്ടെങ്കില്‍ അതും ഈ ഭയം കാരണമാണ്. മാതൃഭൂമിയിലെ പത്രപ്രവര്‍ത്തകര്‍ക്കും ജീവനക്കാര്‍ക്കും ഉള്ള ഭയം നരേന്ദ്രമോദിയുടെ ഇന്ത്യയില്‍ സാധാരണക്കാര്‍ക്ക് ഇല്ല എന്ന കാര്യം ഇപ്പോഴത്തെ സ്വാതന്ത്ര്യത്തിന്റെ കുഴലൂത്തുകാര്‍ അറിയണം. നരേന്ദ്രമോദിക്ക് എതിരായ മാതൃഭൂമിയുടെ ചൊറി വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ സീറ്റുകള്‍ നേടാനുള്ള ജെ.ഡി.എസ് എന്ന ഈര്‍ക്കില്‍ പാര്‍ട്ടിയുടെ പ്രീണനതന്ത്രമാണെന്ന് അക്ഷരം കൂട്ടി വായിക്കാന്‍ അറിയുന്ന എല്ലാവര്‍ക്കും അറിയാം. വാസവദത്തയുടെ ചാരിത്ര്യപ്രസംഗത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് ഇത്. സ്വന്തം സ്ഥാപനത്തിന് അകത്തെങ്കിലും ജീവനക്കാര്‍ക്ക് ഭയമില്ലാത്ത അന്തരീക്ഷം ഒരുക്കട്ടെ.അവരുടെ സര്‍ഗ്ഗശേഷി നശിപ്പിക്കുന്ന തരത്തിലുള്ള നിന്ദ്യവും നീചവുമായ സ്ഥലംമാറ്റങ്ങളും ഇല്ലാത്ത അന്തരീക്ഷം പ്രദാനം ചെയ്യാത്തവര്‍ കള്ളപ്പണക്കാര്‍ക്കും കരിഞ്ചന്തക്കാര്‍ക്കും കൊള്ളക്കാര്‍ക്കും കുഴലൂതാന്‍ നടക്കരുത്. മഹാരാഷ്ട്രയില്‍ ബി.ജെ.പിയെ ഒഴിവാക്കി ഭരണം പിടിച്ച കോണ്‍ഗ്രസ്-ശിവസേന-എന്‍.സി.പി സഖ്യത്തെ കുറിച്ചുള്ള എം.പി വീരേന്ദ്രകുമാറിന്റെ ലേഖനവും ഈ മോദി വിരുദ്ധതയുടെ ഭാഗമായി മാത്രമേ കാണാനാകൂ. മാതൃഭൂമിയിലെ ഭയത്തിന്റെ മാത്രമല്ല, മറ്റു പലതിന്റെയും അരമന രഹസ്യങ്ങള്‍ ഭീബത്സവും ഭയാനകവുമാണ്. തല്‍ക്കാലം ആ ഭൂതങ്ങളെയൊന്നും തുറന്നുവിടാന്‍ ചൊറിഞ്ഞ് ചൊറിഞ്ഞ് പ്രേരിപ്പിക്കരുത്. മാതൃഭൂമി പണ്ട് കൊണ്ടാടിയിരുന്ന ആ വരി ”വന്ദിപ്പിന്‍ മാതാവിനെ…” ഓര്‍മ്മിപ്പിച്ച് അവസാനിപ്പിക്കട്ടെ.
Comments