ലോകത്തിന്റെ മുന്നില്‍ ആര്‍ക്കും വഴങ്ങാത്ത രാജ്യം എന്ന പ്രതീതിയായിരുന്നു ഇതുവരെ ചൈനയ്ക്കുണ്ടായിരുന്നത്. എല്ലാ അയല്‍ രാജ്യങ്ങളുമായും അതിര്‍ത്തി തര്‍ക്കവും സൈനിക ഭീഷണിയുമായി നിന്നിരുന്ന ചൈന ഭാരതവുമായി അതിര്‍ത്തി തര്‍ക്കത്തില്‍ സമാധാനപരമായ ഒത്തുതീര്‍പ്പിലേയ്ക്ക് എത്തി എന്നത് ചെറിയ കാര്യമല്ല. ആര്‍ക്കും വിശ്വസിക്കാന്‍ കൊള്ളാത്ത കമ്മ്യൂണിസ്റ്റ് ചൈന 1962 ല്‍ ഭാരതത്തെ ഏകപക്ഷീയമായ ആക്രമിക്കുകയും ഭാരതത്തിന്റെ മുപ്പത്തിമൂവായിരം ചതുരശ്ര കിലോമീറ്റര്‍ ഭൂമി പിടിച്ചെടുക്കുകയുമുണ്ടായി. നെഹ്രുവിന്റെ ഭരണകാലത്തുണ്ടായ ഈ തിരിച്ചടിയ്ക്ക് ശേഷം ചൈനീസ് അതിര്‍ത്തിയില്‍ അവരുടെ ധാര്‍ഷ്ട്യം ചോദ്യംചെയ്യപ്പെടാതെ തുടരുകയായിരുന്നു. എന്നാല്‍ 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഭാരതം സൈനികമായി കൂടുതല്‍ ശക്തിപ്രാപിക്കുകയും നയതന്ത്ര നീക്കങ്ങളിലൂടെ നിരവധി രാജ്യങ്ങളുമായി സൗഹൃദം വളര്‍ത്തുകയും ചെയ്തിരുന്നു. വ്യാപാര വാണിജ്യ മേഖലയില്‍ ചൈനയ്ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തിയ ഭാരതം അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി മാറി. വ്യാപാര മാന്ദ്യവും കടുത്ത തൊഴിലില്ലായ്മയും നേരിടുന്ന ചൈനയ്ക്ക് ഭാരതത്തിന്റെ മാര്‍ക്കറ്റ് പൂര്‍ണ്ണതോതില്‍ തുറന്നുകിട്ടേണ്ടത് അത്യാവശ്യമായിരുന്നു. അതിര്‍ത്തി സംഘര്‍ഷം വര്‍ദ്ധിച്ചതോടെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഭാരത മാര്‍ക്കറ്റില്‍ സ്വതന്ത്രവ്യാപാരം അസാദ്ധ്യമായിത്തീര്‍ന്നു.ചൈനയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി ഭാരതമായിരുന്നു. അതിര്‍ത്തി തര്‍ക്കം പരിഹരിക്കാതെ വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിക്കുകയില്ലെന്ന ഭാരതത്തിന്റെ ഉറച്ച നിലപാട് ഒരിക്കലും ചൈന പ്രതീക്ഷിച്ചിരുന്നില്ല. സാമ്പത്തികമായും സൈനികമായും ഭാരതം സ്വീകരിച്ച ഉറച്ച നിലപാടുകളാണ് ചൈനയെ പൂര്‍വ്വ നിലപാടുകളില്‍ നിന്നും കടുംപിടുത്തങ്ങളില്‍ നിന്നും പിന്നോട്ടു പോകാന്‍ പ്രേരിപ്പിച്ചത്.
ഏഷ്യാ വന്‍കരയിലെ തങ്ങളുടെ അപ്രമാദിത്വത്തിന് ഭാരതം വെല്ലുവിളിയാകുന്നുവെന്നു കണ്ടപ്പോള്‍ ഭാരതത്തെ അതിര്‍ത്തി പ്രശ്‌നത്തില്‍ തളച്ചിടുക എന്ന ഉദ്ദേശ്യത്തോടെയാണ് ചൈനീസ് സേന 2020 മെയ് 5 ന് പാംഗോങ് തടാകതീരം കൈയേറിയത്. ഇത്തരം കൈയേറ്റങ്ങളോട് സൈനികമായി പ്രതികരിക്കാതെ ചര്‍ച്ചകള്‍ക്കും അഭ്യര്‍ത്ഥനകള്‍ക്കും തയ്യാറാകുന്ന ഒരു ഭാരതത്തെയായിരുന്നു കുറെക്കാലമായി ചൈന കണ്ടിരുന്നത്. എന്നാല്‍ നരേന്ദ്ര ഭാരതം ഏറെ മാറിക്കഴിഞ്ഞിരിക്കുന്നു എന്ന് ചൈന മനസ്സിലാക്കിയത് ജൂണ്‍ 15ന് ഗാല്‍വാനില്‍ ഇരുസൈന്യങ്ങളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോഴാണ്. ഭാരതത്തിന്റെ ഭാഗത്ത് 20 സൈനികര്‍ വീരമൃത്യു വരിച്ചപ്പോള്‍ ചൈനയ്ക്ക് നഷ്ടമായത് അമ്പതില്‍പരം സൈനികരെ ആയിരുന്നു. ഇത് ചൈനയ്ക്കുണ്ടാക്കിയ നാണക്കേട് ചെറുതല്ല. തുടര്‍ന്ന് അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളുടേയും അമ്പതിനായിരത്തോളം സൈനികര്‍ സര്‍വ്വസജ്ജരായി നിന്നത് ഏതാണ്ട് നാലു വര്‍ഷമാണ്. കിഴക്കന്‍ ലഡാക്കിന്റെ നിയന്ത്രണരേഖയില്‍ മാത്രമല്ല ചൈനീസ് അതിര്‍ത്തിയിലുടനീളം ഭാരതം സൈനിക നീക്കത്തിന് ഉതകും വിധമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പൂര്‍ത്തീകരിക്കുന്നതിന്റെ പൊരുള്‍ ചൈനയ്ക്ക് വ്യക്തമായിരുന്നു. ആണവ പോര്‍മുനകള്‍ ഘടിപ്പിച്ച മിസൈലുകള്‍ ചൈനീസ് നഗര കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് വിന്യസിച്ചിരിക്കുന്നത് തമാശയ്ക്കല്ലെന്നും അവര്‍ക്ക് മനസ്സിലായി. അതിനേക്കാള്‍ ഏറെ ചൈനയെ കുഴക്കിയത് അവരുടെ ഉല്‍പ്പന്നങ്ങളുടെ മേല്‍ ഭാരതം കൊണ്ടുവന്ന നിയന്ത്രണങ്ങളായിരുന്നു. ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ മാര്‍ക്കറ്റുകളിലൊന്നായിരുന്നു ഭാരതം. അതിവേഗം വളരുന്ന സാമ്പത്തിക ശക്തി എന്ന ചൈനയുടെ പ്രതിച്ഛായയ്ക്ക് അടുത്തകാലത്തായി ചെറിയ മങ്ങലേറ്റിട്ടുണ്ട്. ഇതൊക്കെ ഭാരതവുമായി സമാധാനപൂര്‍വ്വം കഴിയുന്നതാണ് നല്ലതെന്ന ചിന്ത ചൈനയില്‍ വളര്‍ത്തിയിട്ടുണ്ടാവാം.
ഭാരതത്തിന്റെ എക്കാലത്തേയും സുഹൃത്തായ റഷ്യ ഒരുപക്ഷെ ചൈനയെ ഭാരതവുമായുള്ള അതിര്‍ത്തി സംഘര്‍ഷം അവസാനിപ്പിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാവാം. ഇത്തരം അതിര്‍ത്തി തര്‍ക്കം മേഖലയില്‍ അമേരിക്കന്‍ ശക്തി സാന്നിദ്ധ്യം വളര്‍ത്തും എന്ന് റഷ്യയ്ക്കറിയാം. ഉക്രൈനുമായി യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന റഷ്യയ്ക്ക് അമേരിക്ക ഉണ്ടാക്കുന്ന തലവേദന ചെറുതല്ല. ഭാരതവുമായി അമേരിക്കയ്ക്ക് സൈനികവും സാമ്പത്തികവുമായി വളര്‍ന്നുവരുന്ന ബന്ധം മേഖലയിലെ റഷ്യന്‍-ചൈനീസ് താത്പര്യങ്ങള്‍ക്ക് ഗുണകരമാവില്ലെന്ന് രണ്ട് രാജ്യങ്ങള്‍ക്കും ബോധ്യമുണ്ട്. അതേസമയം റഷ്യയും ചൈനയും ഭാരതവും ചേരുന്ന ഒരു അച്ചുതണ്ട് രൂപപ്പെട്ടാല്‍ അമേരിക്കയടക്കം ഒരു ശക്തിക്കും അതിനെ വെല്ലുവിളിക്കാനാവില്ല. റഷ്യയിലെ തത്താര്‍സ്ഥാന്‍ സ്വയംഭരണ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ കസാനില്‍ നടന്ന ബ്രസീ ല്‍, റഷ്യ, ഭാരതം, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ ചേരുന്ന ബ്രിക്‌സ് ഉച്ചകോടി തുടങ്ങുന്നതിന്റെ തലേന്നു തന്നെ ഭാരത-ചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ സമാധാനപരമായ ഒത്തുതീര്‍പ്പിന് ധാരണയായി എന്നത് യാദൃച്ഛികമല്ല. ഇതിനു പിന്നാലെ റഷ്യയില്‍ ബ്രിക്‌സ് ഉച്ചകോടിയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മില്‍ കൂടിക്കാഴ്ച നടന്നു എന്നതും നല്‍കുന്ന സൂചന വലിയ അര്‍ത്ഥവ്യാപ്തി ഉള്ളതാണ്. ഇത് അമേരിക്കന്‍ ചേരിക്ക് ആശങ്കകള്‍ ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയമില്ല. പ്രത്യേകിച്ച് ഖാലിസ്ഥാന്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന കാനഡയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച അമേരിക്കയോട് ഭാരതത്തിനുള്ള അതൃപ്തി വ്യക്തമാക്കാന്‍ ഇതിലും പറ്റിയ നീക്കം വേറെയില്ല. ഭാരതത്തെ പ്രീണിപ്പിക്കാന്‍ അമേരിക്ക പുതിയ നിലപാടുകള്‍ സ്വീകരിക്കാന്‍ സാധ്യത ഉണ്ട്. എന്തായാലും ഭാരത-ചൈന അതിര്‍ത്തിയില്‍ നിന്നും ഇരു രാജ്യങ്ങളും സൈന്യത്തെ പിന്‍വലിച്ചാലും ആ മേഖലയില്‍ നമ്മള്‍ ജാഗ്രത തുടര്‍ന്നേ തീരൂ. കാരണം ചൈനയുമായുള്ള എല്ലാ ധാരണകളും അവരുടെ മുന്‍ നിലപാടിന്റെ ഉരകല്ലില്‍ മാറ്റുരച്ച് നോക്കിയേ ഉറപ്പാക്കാന്‍ പറ്റൂ. എന്തായാലും ചൈനയുടെ അതിരു ചാട്ടത്തിന് മൂക്കുകയറിടാന്‍ ഭാരതത്തിന്റെ ഉറച്ച നിലപാടുകള്‍ക്കും നയതന്ത്ര നീക്കത്തിനും കഴിഞ്ഞിരിക്കുകയാണ്.