മലയാളനോവല്‍ സാഹിത്യത്തില്‍ ആധുനികതയ്ക്ക് അടിത്തറയിട്ട നോവലുകളില്‍ ഒന്നാണ് എം. മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’. മലയാളത്തില്‍ ആധുനികത കത്തി നിന്ന എഴുപതുകളിലും, എണ്‍പതുകളിലും ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ട നോവലുകളില്‍ ഓ.വിയുടെ ‘ഖസാക്കിന്റെ ഇതിഹാസ’വും, സേതുവിന്റെ ‘പാണ്ഡവപുരവും’, കാക്കനാടന്റെ ‘ഉഷ്ണമേഖല’യും, ആനന്ദിന്റെ ‘ആള്‍ക്കൂട്ട’വും എം.മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളി’ലും ഉള്‍പ്പെടുന്നു. ടി.പത്മനാഭന്റേയും എം.ടിയുടേയും പിറകെ ഒരു അധിനിവേശപ്പട പോലെ കടന്നുവന്ന എഴുത്തുകാരാണ് ആധുനികര്‍. ഇവരുടെ രചനകള്‍ ശൈലിയിലും ദര്‍ശനത്തിലും കാണിച്ച വ്യതിരിക്തതയാണ് ആസ്വാദകരെ ഒരുവേള ഞെട്ടിച്ചത്. ആധുനികത ഉന്നതമായ സ്വാതന്ത്ര്യമാണ്. അത് എഴുത്തുകാരന് സ്വന്തം സ്വാത ന്ത്ര്യം കൈകാര്യം ചെയ്യാനുള്ള അവസരം നല്‍കുന്നു. ജീവിതത്തിന്റെ യുക്തിരാഹിത്യത്തിലും, ഉന്നതമായ യാഥാര്‍ത്ഥ്യം കാണുന്നു. അത് ദാര്‍ശനിക സ്വഭാവമുള്ളതും കാല്‍പനിക വിരുദ്ധവുമാണ്. അബോധചലനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതും യാഥാര്‍ത്ഥ്യത്തെ ഫാന്റ സിയുടെ രൂപത്തില്‍ അവതരിപ്പിക്കുന്നതുമാണ്. റിയലിസത്തോടുള്ള എതിര്‍പ്പാണ് അയണസ്‌കോയും, സാമുവല്‍ ബക്കറ്റും, കമ്യുവും, ഓ.വി.വിജയനും, ആനന്ദും ഫാന്റസിയേയും, മാജിക്കല്‍ റിയലിസത്തേയും ഉപയോഗപ്പെടുത്തിയത്. ഭാവവൈപരീത്യ ദര്‍ശനം (Ironic Vision) സ്വീകരിക്കുന്ന ആധുനിക എഴുത്തുകാര്‍ ദുഃഖത്തേയും ഫലിതത്തേയും കൂട്ടിയിണക്കുന്നു.
നിഷ്ഠൂരമായ അനാസക്തി പാലിച്ചുകൊണ്ട് രചനയിലേര്‍പ്പെടുന്ന കാല്‍പനിക വിരുദ്ധമനോഭാവമുള്ള എഴുത്തുകാരാണ് ആധുനികര്‍ എന്ന് പൊതുവേ പറയപ്പെടുന്നത്. ‘എന്താണ് ആധുനികത’? എന്ന പേരില്‍ 1979ല്‍ എം.മുകുന്ദന്‍ എഴുതിയ ആഴം കുറഞ്ഞ ഒരു ചെറു പുസ്തകം വിശ്വസാഹിത്യത്തിലെ ആധുനികതയെ വിലയിരുത്താനുള്ള ഒരു ശ്രമമായിരുന്നു. എം. മുകുന്ദന്റെ ആദ്യകാല നോവലുകളായ ‘ആകാശത്തിന് ചുവട്ടില്‍’, ‘ഈ ലോകം അതിലൊരു മനുഷ്യന്‍’, ‘കൂട്ടം തെറ്റിമേയുന്നവര്‍’, ‘ആവിലായിലെ സൂര്യോദയം’, ‘ചാര്‍ളിമാസ്റ്റര്‍’ തുടങ്ങിയ നോവലുകള്‍ അസ്തിത്വ ദുഃഖത്തിന്റെ (Existential anguish) ലായനിയില്‍ മുക്കി എഴുതിയതായിരുന്നു. ആധുനികതയുടെ കൊടിയടയാളമായ ‘അന്യതാബോധവും’, ‘അപമാനവീകരണവും'(De-humanisation) മുകുന്ദന്‍ സ്വയം സൃഷ്ടിച്ചെടുത്തതാണ് എന്ന തോന്നലുണ്ടാക്കുന്ന രചനകളാണ് എം.മുകുന്ദന്‍ ആദ്യകാലത്ത് ചെയ്തത്. എം.കൃഷ്ണന്‍ നായരും, എസ്.ഗുപ്തന്‍ നായരും, എം.ലീലാവതിയും മറ്റും എം.മുകുന്ദന്റേയും, കാക്കനാടന്റേയും രചനകള്‍ യൂറോപ്യന്‍ അസ്തിത്വദുഃഖം കോപ്പിയടിച്ച് മലയാളത്തില്‍ ഇറക്കുമതി ചെയ്തതാണ് എന്ന് പറയാറുണ്ടായിരുന്നു. കെ.പി.അപ്പനും, വി. രാജകൃഷ്ണനും, ആധുനികതയ്ക്ക് വ്യാഖ്യാനം നല്‍കിയതോടെ കേരളത്തില്‍ ആധുനികത തഴച്ചുവളര്‍ന്നു. എഴുപതുകളിലും, എണ്‍പതുകളിലും, കോളേജ് വിദ്യാര്‍ത്ഥികളും ചെറുപ്പക്കാരുമാണ് ആധുനികത തലയിലേറ്റിയത്. ഇടതുപക്ഷ ബുദ്ധിജീവികള്‍ കണ്ണടച്ച് ആധുനികതയെ എതിര്‍ത്തതും, ആധുനികതയുടെ വളര്‍ച്ച വേഗത്തിലാക്കി.
‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ എന്ന ലാന്‍ഡ്മാര്‍ക്ക് നോവലാണ് എം.മുകുന്ദന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തിയത്. ഒരുദേശത്തിന്റെ മോചനത്തിന്റേയും, ആധുനീകരണത്തിന്റേയും കഥയാണിത്. ‘കാലം മയ്യഴിയില്‍ അവതരിപ്പിച്ച നാടകം’ എന്നാണ് എം.മുകുന്ദന്‍ പറയുന്നത്. ഈ ക്ലാസിക് നോവലിന്റെ ആദ്യ പ്രസിദ്ധീകരണത്തിന് ശേഷം 50 വര്‍ഷം പിന്നിടുകയാണ്. കഴിഞ്ഞ അരനൂറ്റാണ്ടിനിടയില്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട നോവലുകളില്‍ ഒന്നാണിത്. മലയാളികളായ വായനക്കാരുടെ ഭാവുകത്വ പരിണാമത്തില്‍ വലിയ പങ്ക് വഹിച്ച ഈ നോവല്‍ ഇന്നും ചര്‍ച്ചചെയ്യപ്പെടുന്നു. ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ കല്‍പനയെന്ന പോലെ യാഥാര്‍ത്ഥ്യവുമാണ്. ഇതൊരു ചരിത്ര പുസ്തകമല്ല. ചരിത്രത്തെ പുനര്‍വ്യാഖ്യാനം (re-create) ചെയ്ത ഒരു കലാസൃഷ്ടിയാണ്. തസ്രാക്കാണ് ഓ.വി. വിജയന്‍ ഖസാക്ക് ആക്കിമാറ്റിയത്. എഴുത്തുകാരന്റെ ദേശം അയാള്‍ ജനിച്ചു വളര്‍ന്നസ്ഥലം മാത്രമായി കൊള്ളണമെന്നില്ല. കല്‍പിത കഥയാണെങ്കിലും, ആ കഥയ്ക്ക് ആധാരഭൂമിയായി ഒരു സ്ഥലമുണ്ടാകും. എഴുത്തുകാരന്‍ തന്റെ ഭാവനയുടെ മാജിക്ക് ഉപയോഗിച്ച് സൃഷ്ടിക്കുന്ന ദേശം ചിലപ്പോള്‍ ആകാശത്തോളം ഉയര്‍ന്നുവരുന്നു. ചിലപ്പോള്‍ തകര്‍ന്നടിയുന്നു. ഗാര്‍സിയാ മാര്‍കേസിന്റെ ‘മാക്കൊണ്ട്’ അന്വേഷിച്ച് പതിനായിരങ്ങള്‍ ലാറ്റിനമേരിക്കയിലേക്ക് പോയികൊണ്ടിരിക്കുന്നു. ഫിക്ഷനില്‍ ദേശം വളരുകയാണ്. ‘പാണ്ഡവപുരം’ കേരളത്തില്‍ എവിടെയെങ്കിലും ആണോ എന്ന് ഒരു യു.ജി.സി. മലയാളം അധ്യാപകന്‍ എന്നോട് ചോദിച്ചിരുന്നു. വിഖ്യാതനായ ഹാര്‍ഡിയുടെ നോവലുകളില്‍ ‘വെസ്സക്‌സ്’ എന്ന ദേശം കലാപരമായി അതിന്റെ അപാരതയിലെത്തുന്നു. Far from the madding crowd എന്ന നോവലിന്റെ ആരംഭത്തില്‍ വെഡ്ഡക്‌സിനെ അ ാA merely realistic dream country എന്നാണ് പറയുന്നത്. നോവലിന്റെ ഭൂപടത്തില്‍ ഒരു സാങ്കല്‍പിക ദേശത്തെ സൃഷ്ടിക്കുകയും അതിലൂടെ ചരിത്രത്തെ തന്നെ നിര്‍മ്മിക്കുകയും ചെയ്ത വില്യം ഫോക്‌നര്‍ നോബല്‍ ലോ റയിറ്റാണ്. അദ്ദേഹത്തിന്റെ ‘യോക്‌ന പടാഫ്’ (Yokna phatapha) എന്ന സാങ്കല്‍പിക ദേശം ഇരുപതാം നൂറ്റാണ്ടിലെ നോവല്‍ സാഹിത്യത്തില്‍ ”മാക്കൊണ്ട” എന്ന മാര്‍കേസിന്റെ ഭൂഖണ്ഡം പോലെ വായനക്കാരെ വിസ്മയിപ്പിച്ചു.
എം.മുകുന്ദന്‍ ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ എന്ന നോവല്‍ എഴുതുമ്പോള്‍ രണ്ട് നൂറ്റാണ്ടു കാലമായി തുടര്‍ന്നുവന്ന ഫ്രഞ്ച് കൊളോണിയല്‍ ഭരണത്തിന് അവസാനം സ്വാതന്ത്ര്യത്തിന്റെ പുലരി കണ്ടിരുന്നു. 1721ല്‍ പാളയം പണിയുന്നതിനായി കടത്തനാട്ട് രാജാവില്‍ നിന്നും മയ്യഴി വാങ്ങുന്നതോടെ ആരംഭിച്ച അവിടത്തെ ഫ്രഞ്ച് ആധിപത്യം പതുക്കെ നീങ്ങി ഒടുവില്‍ 1814 ലെ പാരീസ് ഉടമ്പടിയോടെ അധികാര കൈമാറ്റത്തിന്റെ വഴികള്‍ കണ്ടെത്തുകയായിരുന്നു. 1954ല്‍ മയ്യഴിയുടെ വിമോചന ഘട്ടമാകുമ്പോഴേക്കും ഫ്രഞ്ച് സാന്നിധ്യത്തിന് രണ്ട് നൂറ്റാണ്ടുകാലത്തെ പഴക്കമുണ്ടായിരുന്നു.
എം.മുകുന്ദന്റെ നോവലുകളുടെ തുടക്കം 1980കളില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ മനഃപാഠം പഠിച്ചിരുന്നു. ഞങ്ങള്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് ‘ഈ ലോകം അതിലൊരു മനുഷ്യന്‍’ എന്ന നോവലിന്റെ തുടക്കം പറഞ്ഞ് നടക്കുമായിരുന്നു. ‘ബ്രഹ്മാണ്ഡത്തില്‍, ക്ഷീരപഥത്തില്‍, അപ്പു ജനിച്ചു.’ ‘ആവിലായിലെ സൂര്യോദയം’ എന്ന നോവല്‍ തുടങ്ങുന്നത്’ ”ആകാശത്ത് വട്ടമിട്ട് പറക്കുന്ന പറവകള്‍ പറഞ്ഞു ഗോവിന്ദ കുറുപ്പ് മന്ത്രിയായി.’ ‘കൂട്ടം തെറ്റിമേയുന്നവര്‍’ തുടങ്ങുന്നത്. ‘ഒരു കാലത്ത് മുടിവളര്‍ത്തല്‍ ധിക്കാരമായിരുന്നു. ആ കാലത്താണ് ഈ കഥ നടക്കുന്നത്.’ ഇന്ന് വായിക്കുമ്പോള്‍ ഇതെല്ലാം ഒരു ക്ലിഷേയായി തോന്നാം. ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ എന്ന നോവലിന്റെ ആരംഭവാക്യം ‘പണ്ട്, അതായത് ദാസന്റെ പിറവിക്ക് മുമ്പ്’ എന്നാണ്. കാലത്തെ പിളര്‍ക്കുന്ന ഈ വാചകം ആധുനിക നോവലിലെ നായകനെ പാകപ്പെടുത്തി ചരിത്രത്തെ നായകന് പിറകെ നടത്തിക്കുകയാണ്. സോഷ്യോളജിസ്റ്റുകള്‍ പറയുന്ന സാമൂഹ്യ ചിത്രീകരണത്തില്‍ നിന്നും വ്യക്തികളുടെ അന്യതാബോധവും (Alienation) അപമാനവീകരണവും (De humanisation) ചിത്രീകരിക്കുന്ന ആധുനിക നോവലുകള്‍ കമ്യുവിന്റെ ‘അന്യ’നും, സാര്‍ത്രിന്റെ ‘Nausea’ (മനം പിരട്ടല്‍) കാഫ്കയുടെ’The castle The Trail’ തുടങ്ങിയ നോവലുകള്‍ അനുകരിച്ചു. മൂപ്പന്‍ സായ്‌വിന്റെ അധികാരം താളം തെറ്റി നില്‍ക്കുന്ന മയ്യഴിയുടെ ഭൂതകാലം എം.മുകുന്ദന്‍ നല്ല നിലയില്‍ വരച്ചിടുന്നുണ്ട്.
ഈ നോവലിലെ മുഖ്യകഥാപാത്രമായ ദാസനെ മുന്‍നിര്‍ത്തിയാണ് ചര്‍ച്ചകള്‍ ഏറെയും നടന്നത്. അസ്തിത്വദുഃഖം ഒരു പടിഞ്ഞാറന്‍ ദര്‍ശനമാണെന്നും, അത്, യൂറോപ്പ് ചവച്ച് തുപ്പിയത് ഓ.വി. വിജയന്‍ കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്നു എന്നും അത് ചെറുപ്പക്കാരെ മരവിപ്പിലേക്ക് നയിക്കുന്നു എന്നും വാദിച്ച ഇടതുപക്ഷചിന്തകരായ ലൂക്കാച്ചിനെപോലുള്ളവരെയാണ് കേരളത്തിലെ ഇടതുപക്ഷ, ബുദ്ധിജീവികള്‍ ഉദ്ധരിച്ചത്.
കമ്മ്യൂണിസ്റ്റുകാരനായ കുഞ്ഞനന്തന്‍ മാസ്റ്ററുടെ ശിഷ്യനും, അനുയായിയുമായി വളര്‍ന്ന ദാസന്‍ മയ്യഴി വിമോചനസമരത്തില്‍ പങ്കെടുത്ത് ശിക്ഷ അനുഭവിച്ച ആളായിരുന്നു. ദാസന്റെ ജീവിതത്തില്‍ പിന്നീട് നിഷേധത്തിന്റേയും, അനാര്‍ക്കിയുടേയും വിത്തുകള്‍ പാകിയത് ആരാണ്? നൈയിലിസവും(Nihilism) കാഫ്കാസ്‌ക്(Kafkasque) വീക്ഷണവും, ദാസന്റെ ജീവിതത്തിന്റെ രണ്ടാംഭാഗം (Second phase) തകര്‍ത്തുകളഞ്ഞു. ഖസാക്കിലെ രവിയുടെ ജീവിതം നിരര്‍ത്ഥകമായതിന്റെ ദാര്‍ശനിക അടിത്തറ വിജയന്‍ പടുത്തുയര്‍ത്തുന്നുണ്ട്. പക്ഷേ ദാസന്റെ ശരീരത്തിലേക്ക് എം.മുകുന്ദന്‍ അസ്തിത്വ ദുഃഖം ഇന്‍ജക്ട് ചെയ്തതാണ്. മയ്യഴിയുടെ ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ തുടര്‍ച്ചയായുള്ള ആന്തരിക മോചനത്തിന്റെ സമരമാണ് ദാസന്റെ ജീവിതത്തിന്റെ രണ്ടാം ഭാഗം second phase) എന്ന് വാദിക്കുന്നവരുണ്ട്. താന്‍ സ്‌നേഹിച്ച ചന്ദ്രിക എന്ന പെണ്‍കുട്ടിയെ കല്യാണം കഴിക്കാന്‍ കഴിയാത്തതും അച്ഛന്റെ സമഗ്രാധിപത്യവുമാണ് ദാസന്റെ ജീവിതം ഇരുട്ടിലേക്ക് തള്ളിവിട്ടത് എന്ന വാദം മുട്ടത്ത് വര്‍ക്കിയുടെ നോവലുകള്‍ക്ക് കൊടുക്കുന്ന വ്യാഖ്യാനമാണ്. എം.മുകുന്ദന്‍ ആദ്യകാലത്ത് എഴുതിയ 10 നോവലുകളിലെങ്കിലും, കഥാപാത്രങ്ങളെ സാര്‍ത്രിയന്‍ രീതിയില്‍ അന്യതാബോധത്തിന്റെ തുരുത്തുകളില്‍ എത്തിക്കുന്നുണ്ട്. പക്ഷേ സാര്‍ത്ര് മനുഷ്യസ്വാതന്ത്ര്യത്തിന്റെ വക്താവായിരുന്നു. കൊളോണിയല്‍ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിച്ചവരാണ് കമ്യൂവും, സാര്‍ത്രും. എം.മുകുന്ദന്‍ 1979ല്‍ എഴുതിയ ‘അഞ്ചര വയസ്സുള്ള കുട്ടി’ എന്ന കഥയില്‍ പ്രധാന കഥാപാത്രമായ കുട്ടിക്ക് അസ്തിത്വദുഃഖം തോന്നുന്നു. കുട്ടി റെയിലിന് തലവെച്ച് ആത്മഹത്യ ചെയ്യുന്നു. ‘കാലം മയ്യഴിയില്‍ അവതരിപ്പിച്ച നാടകം’ എന്ന് എം. മുകുന്ദന്‍ പേരിട്ട ഈ നാടകം രതി, അധിനിവേശം, അധിനിവേശവിരുദ്ധത തുടങ്ങിയ വിഷയങ്ങള്‍ എല്ലാം കൈകാര്യം ചെയ്യുന്നു. സാഹിത്യനിരൂപകന്‍ സജയ് കെ.വി.പറയുന്നത് ഇങ്ങനെയാണ് ”മയ്യഴിപ്പുഴ പ്രത്യക്ഷ പ്രവാഹമാണെങ്കില്‍, രതി നദിയും, സമന്തരമായി ഒഴുകുന്നുണ്ട്.” ഈ നോവലിലെ പതിമൂന്നാമത്തെ അധ്യായം അവസാനിക്കുന്നത് ഇങ്ങനെയാണ് ”അങ്ങനെ അച്ചു മയ്യഴിയില്‍ സ്ഥിരതാമസമാക്കി. ക്രമേണ അയാള്‍ക്ക് അവിടെ വേര് മുളച്ചു. ചുരുങ്ങിയ കാലത്തിനുള്ളില്‍ അച്ചു മയ്യഴിയുടെ വിധിയുടെ ഒരു ഭാഗമായിത്തീരുകയും ചെയ്തു. കാലം മയ്യഴിയില്‍ അവതരിപ്പിച്ച മഹാനാടകത്തിലെ ഒരു പ്രധാന കഥാപാത്രമാണ് അച്ചു.”
ഈ നോവലിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് അച്ചു. പൗരുഷത്തിന്റെ പ്രതീകമാണ് ഈ കഥാപാത്രം. ഈ നോവലിലെ അവിസ്മരണീയമായ ചന്ദ്രിക വിവാഹത്തിന് മുന്‍പ് വീട് വിട്ട് ഇറങ്ങുകയാണ്. അവള്‍ കടലില്‍ ചാടി ആത്മഹത്യ ചെയ്തു എന്ന സൂചനകളോട് കൂടിയാണ് നോവല്‍ അവസാനിക്കുന്നത്. ദാസനും അവളെ പിന്തുടരുന്നു. വെള്ളിയാങ്കല്ലില്‍ അവരെല്ലാം മിത്തുകളായി മാറുന്നു. ഈ നോവലിന് ആത്മീയ പരിവേഷം നല്‍കുന്നത് വെള്ളിയാങ്കല്ല് എന്ന മിത്താണ്.
മരിച്ചവരുടെ ആത്മാക്കള്‍ തുമ്പികളായി മാറുന്ന പാരബിള്‍സ് ലബനോണ്‍ കവിയും, ചിത്രകാരനുമായ ഖലീല്‍ജിബ്രാന്‍ എഴുതിയിട്ടുണ്ട്. ചൈനീസ് നാടോടിക്കഥകളിലും, (എീഹസ മേഹല)െ ആത്മാക്കള്‍ തുമ്പികളായും പറവകളായും, രൂപാന്തരം പ്രാപിക്കുന്നതിനെക്കുറിച്ച് പറയുന്നുണ്ട്. മയ്യഴിയെ ഒരു മനുഷ്യ കഥാനാടക ഭൂമിയായി എം. മുകുന്ദന്‍ കണ്ടു. പക്ഷേ കോളനിഭരണവും, അതിന്റെ ചരിത്രപരമായ യുക്തികളും, സമര്‍ത്ഥമായി മുകുന്ദന്‍ തുന്നി ചേര്‍ക്കുന്നുണ്ട്. ഖസാക്കിന്റെ ഇതിഹാസത്തില്‍ നിന്ന് വ്യത്യസ്തമാണിത്. ”മയ്യഴി എന്ന സ്ഥലം ഒരു ചരിത്രനാടക ഭൂമിയായി മാറുമ്പോഴും ഇതിലെ കൊറുമ്പിയുള്‍പ്പടെയുള്ളവരുടെ കഥാപാത്രാവിഷ്‌ക്കരണം അസാധാരണമാണ്.” ‘അസ്തിത്വ ദുഃഖം പേറുന്ന ദാസന്‍’ എന്ന പരാമര്‍ശങ്ങള്‍ മാറ്റി നിര്‍ത്തിയാലും ഈ നോവല്‍ മലയാളത്തില്‍ ആധുനികതയ്ക്ക് അടിത്തറയിട്ട നോവലാണ്. മറ്റ് ആധുനിക നോവലുകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത് ആനന്ദിന്റെ ‘ആള്‍ക്കൂട്ട’വും വിജയന്റെ ‘ഖസാക്കും’, സേതുവിന്റെ ‘പാണ്ഡവപുര’വും, കാക്കനാടന്റെ ‘ഉഷ്ണമേഖല’യും, ‘പുനത്തിലിന്റെ സ്മാരക ശിലകളു’മാണ്.