ഇന്ത്യയുടെ ജനജീവിതത്തിലും സംസ്‌കാരത്തിലും അത്യന്തം സ്വാധീനം ചെലുത്തിയ രണ്ട് ഗ്രന്ഥങ്ങളാണ് രാമായണവും, മഹാഭാരതവും. നമ്മുടെ സംസ്‌കാരത്തില്‍ വനത്തിനും പ്രകൃതിക്കും എത്രമാത്രം പ്രാധാന്യമുണ്ട് എന്നുകൂടി രാമായണവും മഹാഭാരതവും വ്യക്തമാക്കിയിട്ടുണ്ട്. മഹത്വത്തിന്റെയും എളിമയുടേയും വ്യക്തിത്വ വികാസത്തിന്റേയും തനതായ പാഠങ്ങള്‍ തപോവനങ്ങളില്‍ അധിവസിക്കുന്ന ഋഷീശ്വരന്മാരായ ആചാര്യന്മാരുടെ ജീവിതത്തിലൂടെ ഈ ഗ്രന്ഥങ്ങളില്‍ അനാവൃതമാക്കപ്പെട്ടത് കാണാന്‍ സാധിക്കും. വ്യക്തികള്‍ ആദര്‍ശത്തിന്റെ മൂര്‍ത്തിമത്ഭാവങ്ങളാണ് എന്ന സ്വാമിവിവേകാനന്ദന്റെ വചനം ഇവിടെയാണ് സാര്‍ത്ഥകമാവുന്നത്. രാമായണത്തിലും മഹാഭാരതത്തിലും യഥാക്രമം ആരണ്യകാണ്ഡമെന്നും, വനപര്‍വമെന്നും പേരുള്ള അധ്യായങ്ങള്‍ ജീവിതത്തില്‍ വനം എത്രമാത്രം സ്വാധീനം ചെലുത്തുന്നു എന്നതിന് നിദര്‍ശകമായിത്തീരുന്നു. ജംബുദ്വീപെന്ന വൃക്ഷവുമായി ബന്ധപ്പെട്ട നാമമാണ് ഭാരതവര്‍ഷത്തിന് പൂര്‍വ്വികര്‍ കല്പ്പിച്ചുപോന്നിരുന്നത്.
ലവണാംബുധിമദ്ധ്യേ വിളങ്ങുന്ന
ജംബുദ്വീപൊരു യോജനലക്ഷവും
സപ്തദ്വീപുകളുണ്ടതിലെത്രയും
ഉത്തമമെന്നു വാഴ്ത്തുന്നു പിന്നെയും1
ലവണസമുദ്രത്തിന്റെ മദ്ധ്യത്തില്‍ ഒരു ലക്ഷം യോജനവിസ്തീര്‍ണ്ണമുള്ള ജംബുദ്വീപ് സ്ഥിതിചെയ്യുന്നു. സപ്തദ്വീപുകളില്‍ വെച്ച് എത്രയും ഉത്തമമായത് ഈ ജംബുദ്വീപാണ് എന്ന് വാഴ്ത്തപ്പെടുന്നു1 എന്ന പൂന്താനത്തിന്റെ ജ്ഞാനപ്പാനയിലുള്ള പരാമര്‍ശം മേല്പ്പറഞ്ഞ വസ്തുതയെ സാധൂകരിക്കുന്നു. നമ്മുടെ നാട്ടില്‍ കാണുന്ന ഞാവല്‍ എന്ന വൃക്ഷത്തിനാണ് സംസ്‌കൃതത്തില്‍ ജംബു എന്നു പറയപ്പെടുന്നത്. Syzygium Samarengense എന്ന പേരിലാണ് ഈ വൃക്ഷം അറിയപ്പെടുന്നത്. ഭാരതത്തിലെ നദീതീരങ്ങളിലെ ആവാസവ്യവസ്ഥ നിലനിര്‍ത്തുന്നതില്‍ ഈ വൃക്ഷങ്ങള്‍ക്ക് മഹത്തായ പങ്കുണ്ട്. ഭൂഗര്‍ഭജലം നിലനിര്‍ത്തുന്നതില്‍ ഈ വൃക്ഷങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് വരാഹമിഹിരന്‍ ബൃഹത്‌സംഹിതയില്‍ പ്രതിപാദിച്ചിട്ടുണ്ട്2. ഇന്ന് നമ്മുടെ രാഷ്ട്രത്തില്‍ ഈ വൃക്ഷം നാശോന്മുഖമായി തീര്‍ന്നിരിക്കുകയാണ്. നദീതീരങ്ങളിലെ ഞാവല്‍ തുടങ്ങിയ വൃക്ഷങ്ങളുടെ ആവാസവ്യവസ്ഥ നഷ്ടപ്പെട്ട് രാഷ്ട്രം രൂക്ഷമായ ജലക്ഷാമം നേരിട്ടുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് പ്രസ്തുതവൃക്ഷത്തെ നിലനിര്‍ത്തേണ്ടതിന്റെ പ്രസക്തിയേറിക്കൊണ്ടിരിക്കുകയാണ്. ഇതൊരൊന്നാന്തരം ഔഷധസസ്യം കൂടിയാണ്. ഈ വൃക്ഷത്തിന്റെ വിത്തില്‍ നിന്നെടുക്കുന്ന ഔഷധമാണ് സിസീജിയം ഡ്രോപ്‌സ്. ഇത് ഹോമിയോ ചികിത്സാരംഗത്ത് പ്രമേഹരോഗത്തെ നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്ന ഫലപ്രദമായ ഒരൗഷധമായി അറിയപ്പെടുന്നു. പൂര്‍വ്വികര്‍ ഇതിന്റെ വിത്ത് ഉണക്കിപ്പൊടിച്ച് പ്രമേഹരോഗത്തെ നിയന്ത്രിക്കുവാനുള്ള പാനീയമായി ഉപയോഗിച്ചുപോരാറുണ്ട്. വംശീയ ചികിത്സാരംഗത്തും ഞാവല്‍മരത്തിന്റെ പ്രസക്തി ഇവിടെ വ്യക്തമാവുന്നു. ഇതിഹാസ പുരാണാദികള്‍ വൃക്ഷവിജ്ഞാനരംഗത്ത് എത്രമാത്രം സംഭാവനകള്‍ നല്കിപ്പോന്നിട്ടുണ്ട് എന്ന വസ്തുത ഇവിടെ സാക്ഷ്യം വഹിക്കുന്നു.
രാമായണവും വംശീയവൃക്ഷവിജ്ഞാനവും
ഇന്ത്യയില്‍ തനതായ ഒരു വംശീയവൃക്ഷ വിജ്ഞാനപരമ്പര നിലനിന്നു പോന്നിട്ടുണ്ട് എന്നതിന് പ്രത്യക്ഷ ഉദാഹരണമാണ് വരാഹമിഹിരന്റെ ബൃഹത്‌സംഹിതയില്‍ പ്രതിപാദിക്കപ്പെട്ട വൃക്ഷായുര്‍വേദവും കുസുമലതാദ്ധ്യായവും. ഈ ഗ്രന്ഥത്തിന് മാര്‍ഗ്ഗദര്‍ശകമായിത്തീര്‍ന്നത് രാമായണത്തില്‍ പ്രതിപാദിക്കപ്പെട്ട വൃക്ഷങ്ങളായിരിക്കാം എന്ന് ഊഹിക്കേണ്ടിയിരിക്കുന്നു. രാമനും സീതയും ലക്ഷ്മണനും വനത്തില്‍ പോയ വേളയില്‍ ഭരദ്വാജമഹര്‍ഷിയുടെ ആശ്രമം സന്ദര്‍ശിക്കുകയുണ്ടായി. മഹര്‍ഷിയുടെ നിര്‍ദ്ദേശപ്രകാരമാണ് ചിത്രകൂടവനത്തിലേക്ക് എത്തിച്ചേര്‍ന്നത്. ഉത്തരേന്ത്യയിലെ ഗംഗാനദി പ്രവഹിക്കുന്ന വൃക്ഷപക്ഷിമൃഗാദി സങ്കുലമാര്‍ന്ന സുന്ദരവനത്തോട് കൂടിയതാണ് ചിത്രകൂട പര്‍വ്വതം. വാല്മീകി അയോദ്ധ്യാകാണ്ഡത്തില്‍ ഈ പര്‍വ്വതത്തിന്റെ പാരിസ്ഥിതിക സൗന്ദര്യത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ഇവിടെ പ്രതിപാദിക്കപ്പെട്ട വൃക്ഷങ്ങളില്‍ സിംഹഭാഗവും ഔഷധികളാണ്3. ഇവിടെയുള്ള സസ്യങ്ങളെ ഓരോന്നായി വിശകലനം ചെയ്യുമ്പോള്‍ അത് എത്രമാത്രം സമകാലിക പ്രസക്തിയുള്ളതാണെന്ന് തിരിച്ചറിയാന്‍ സാധിക്കും.
പഞ്ചവടിയുടെ ആയുര്‍വേദ പ്രാമാണ്യത
രാമലക്ഷ്മണന്മാര്‍ സീതാദേവിയോടൊപ്പം വനവാസമനുഷ്ഠിക്കവേ വസിക്കാന്‍ തിരഞ്ഞെടുത്തസ്ഥലം പഞ്ചവടിയാണ്.
1. ആല് (Baniyan Tree Ficus Fig)
2. പേരാല്‍ (Ficus Benghalensis)
3. അത്തി (Ficus Raeembsa)
4. ഇത്തി (Ficus Tinctorio)
5. കല്ലരയാല്‍ (Ficus Arnottiana)
മേല്‍പ്പറഞ്ഞ അഞ്ചുതരം വൃക്ഷങ്ങളുടെ സാന്നിദ്ധ്യത്താലാണ് പ്രസ്തുതപ്രദേശത്തിന് പഞ്ചവടി എന്ന പേര് സിദ്ധിച്ചത്. നാസിക്കിനടുത്താണ് പഞ്ചവടി. ഇന്നും ഈ അഞ്ചുവൃക്ഷങ്ങള്‍ അവിടെ നിലനിര്‍ത്തിയതായി കാണാന്‍ സാധിച്ചിട്ടുണ്ട്. ആയുര്‍വേദ പ്രാധാന്യമാര്‍ന്നവയാണ് ഈ അഞ്ചിനം അരയാലുകള്‍. ഇവയില്‍ കല്ലരയാല്‍ ഒഴികെയുള്ള ആല്, അരയാല്, അത്തി, ഇത്തി എന്നീ വൃക്ഷങ്ങളുടെ തൊലിയാണ് നാല്പാമരം എന്ന പേരില്‍ ത്വക്ക്‌രോഗങ്ങള്‍ക്കും ത്വക്കിന്റെ ആരോഗ്യസംരക്ഷണത്തിനും മറ്റും ആയുര്‍വേദരംഗത്ത് പ്രഖ്യാതമായിരിക്കുന്നത്. ഇന്നും പ്രസവാനന്തരം നാല്പാമരവെള്ളത്തില്‍ സ്‌നാനം ചെയ്യുന്നത് ഒരു ചടങ്ങായിട്ടുതന്നെ നിലനില്ക്കുന്നുവെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇത് നിത്യജീവിതത്തില്‍ ആയുര്‍വേദത്തിന്റെ സ്വാധീനത്തിന് ഒരു ഉദാഹരണം തന്നെയാണ്. ഇവയില്‍ അപ്രസിദ്ധമാര്‍ന്ന കല്ലരയാല്‍ ഔഷധ രംഗത്തും പാരിസ്ഥിതികരംഗത്തും പ്രാധാന്യമാര്‍ജ്ജിച്ചു പോരുന്നുണ്ട്. പാറയിടുക്കുകളില്‍ കണ്ടുവരുന്ന കല്ലരയാല്‍ ഇന്ന് വംശനാശഭീഷണി നേരിടുന്ന ഒരപൂര്‍വ്വസസ്യമായിത്തീര്‍ന്നിരിക്കുകയാണ്. ഇതിന്റെ ഇല കാഴ്ചയില്‍ ത്രികോണാകൃതിയിലുള്ള അരയാലിന്റെ രൂപത്തിലാണെങ്കിലും കുറച്ചുകൂടി തണുപ്പാര്‍ന്ന് കട്ടികൂടിയതായിരിക്കും. ഇതിന്റെ തണുപ്പാര്‍ന്ന തളിര്‍മൊട്ട് കണ്ണുരോഗത്തിനുള്ള ഔഷധ നിര്‍മ്മാണത്തിനായി ചിരപുരാതനമായി ഉപയോഗിച്ചു വരാറുണ്ട്. ജലസംരക്ഷണ ക്ഷമതയാര്‍ന്ന സസ്യമെന്ന നിലയില്‍ കല്ലരയാലിന് പാരിസ്ഥിതിക പ്രാധാന്യമുണ്ട്. പാറകളില്‍ വേനലില്‍ സൂര്യാഘാതമേറ്റുള്ള ഭൗമതാപത്തെ നിയന്ത്രിച്ച് അവിടെ തണുത്ത ഔഷധ യുക്തമാര്‍ന്ന നീരൊഴുക്ക് വരുത്തുന്നതില്‍ കല്ലരയാലിന് മുഖ്യ പങ്കുണ്ട്. വാസസ്ഥലങ്ങളില്‍ വിശുദ്ധജലത്തിന് തനതായ പ്രാധാന്യമുണ്ട്. അരയാല്‍ വര്‍ഗ്ഗത്തില്‍പ്പെടുന്ന മരങ്ങള്‍ മഴക്കാലത്ത് വര്‍ഷജലം അവയുടെ ദീര്‍ഘമാര്‍ന്ന വേരുകളില്‍ സംഭരിച്ച് വേനല്‍ക്കാലത്ത് കിണറുകളിലും ജലാശയങ്ങളിലും ശുദ്ധ ഉറവയേകാന്‍ കെല്‍പ്പാര്‍ന്നവയാണ്. ജലത്തിന് ഔഷധഗുണമേകുകയും ചെയ്യും. അപ്‌സുഭേഷജം (ജലത്തില്‍ ഔഷധം കുടികൊള്ളുന്നു)എന്നാണ് ആയുര്‍വേദമനുശാസിക്കുന്നത്.
മൃതസഞ്ജീവനിയും വംശീയ സസ്യവിജ്ഞാനിയും
ഇന്ത്യയില്‍ വികാസം പ്രാപിച്ചുപോന്ന ഒരപൂര്‍വവിജ്ഞാന ശാഖയാണ് വംശീയസസ്യവിജ്ഞാനം. ഈ രംഗത്ത് പ്രത്യേകം ഒരു ആചാര്യന്റെ പേരെടുത്തു പറഞ്ഞിട്ടില്ല. രോഗ ചികിത്സാരംഗത്തുള്ള നാട്ടറിവാണ് ഇവിടെ ആലംബമായി വര്‍ത്തിക്കുന്നത്. കൃത്‌നം ഹി ലോക: ബുദ്ധിമതാം ആചാര്യ:- അതായത് സര്‍വജനങ്ങളും ബുദ്ധിമാനായ ഒരു വൈദ്യനെ സംബന്ധിച്ചിടത്തോളം ആചാര്യരാണ് എന്ന ആയുര്‍വേദാചാര്യനായ ചരകന്റെ പ്രസ്താവന തികച്ചും ഇവിടെ അന്വര്‍ത്ഥമാണ്. ഇവിടെയാണ് ആയുര്‍വേദ രംഗത്ത് വംശീയ സസ്യവിജ്ഞാനീയത്തിന്റെ പ്രസ ക്തികുടികൊള്ളുന്നത്. കാട്ടറിവിന്റേതായ തനതായ ഒരു വിജ്ഞാനശാഖ ഇവിടെ കാണാം. കേവലം ഒരു വിജ്ഞാനശാഖക്ക് പരിദിവ്യമായ ഒരറിവിന്റെ പരിവേഷവും ഇവിടെ കാണാന്‍ സാധിക്കും.
ലങ്കയില്‍ വെച്ചുനടന്ന യുദ്ധവേളയില്‍ ഇന്ദ്രജിത്തിന്റെ നാഗാസ്ത്രമേറ്റ് ലക്ഷ്മണന്‍ ബോധരഹിതനായി മരണത്തിന്റെ വക്കിലെത്തിച്ചേര്‍ന്നു. അപ്പോള്‍ ലങ്കയിലെ രാജകീയ വൈദ്യനായ സുഷേണനെ ഹനുമാന്‍ കണ്ട് ഉപദേശമാരാഞ്ഞപ്പോള്‍ അതിനേക മാര്‍ഗ്ഗമായിട്ട് ഹിമാലയത്തിലെ ദ്രോണഗിരിയില്‍ നിന്ന് മൃതസഞ്ജീവനി കൊണ്ടുവരാനായി നിര്‍ദ്ദേശിച്ചു. ഹനുമാനാകട്ടെ അവിടെ ഈ സസ്യത്തെ തിരിച്ചറിയാതെ ആ പര്‍വ്വതഭാഗം അടര്‍ത്തിയെടുത്തു കൊണ്ടുവന്നു. മൂന്ന് തരം സസ്യങ്ങളുടെ കൂട്ടായിട്ടാണ് മൃതസഞ്ജീവനി അറിയപ്പെടുന്നത്.
1. വിശല്യകരണി (ദേഹത്തിലേറ്റ അസ്ത്രഭാഗം നീക്കാന്‍ കെല്‍പ്പുറ്റത്)
2. സന്ധാനകരണി (അവയവങ്ങളെ പഴയരൂപത്തിലെത്തിക്കുന്നത്)
3. സുവര്‍ണകരണി (ത്വക്കിന്റെ കേടുപാടുകള്‍ മാറ്റി പഴയ നിറത്തിലെത്തിക്കുന്നത്).
പ്രസ്തുത സഞ്ജീവനി അന്വേഷിച്ചുകൊണ്ട് സസ്യശാസ്ത്രജ്ഞര്‍ ഉത്തരാഖണ്ഡിലെ ദ്രോണഗിരിയിലേക്ക് പര്യടനം നടത്തിയതായി ഓണ്‍ ലൈന്‍ റിപ്പോര്‍ട്ട് കണ്ടു. അവിടെ അവര്‍ ദ്രോണഗിരി എന്ന ഗ്രാമം കാണാനിടയായി. ഈ ഗ്രാമം ഉത്തരാഖണ്ഡിലെ ചമോളി ജില്ലയിലാണ്. അവിടെ ഇതിനുസമാനമായ മൂന്നുതരം സസ്യങ്ങള്‍ കാണാനിടയായി. അവ യഥാക്രമം
1. Seloginella bruopteris
2. Dendrobium plicatile
3. Synonym Desmotrichum
സര്‍പ്പവിഷമേറ്റ് അബോധാവസ്ഥയിലെ രോഗികള്‍ക്ക് ബോധം വരുത്തുന്ന ഒറ്റമൂലിപ്രയോഗങ്ങളെക്കുറിച്ച് കേരളീയ വിഷചികിത്സാഗ്രന്ഥമായ വിഷവൈദ്യ ജോത്‌നികയില്‍ പരാമര്‍ശമുണ്ടായിട്ടുണ്ട്. ഇത്തരം സസ്യങ്ങളുടെ സങ്കരമായിരിക്കുമോ മൃതസഞ്ജീവനി എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.
ലോധ്രവൃക്ഷം
ലോധ്രവൃക്ഷത്തിന് പാച്ചോറ്റി എന്നാണ് മലയാളത്തില്‍ പറയുന്നത്. Symplocos Racemosa എന്നാണ് ഇതിന്റെ ശാസ്ത്രനാമം. ഉദരസംബന്ധമായ രോഗങ്ങള്‍ക്ക് ഈ സസ്യം ഔഷധമായി ഉപയോഗിക്കുന്നു. ഇതിന്റെ പൂവ് കാണാന്‍ സുന്ദരമാര്‍ന്നതാണ്. ‘ലോധ്രദ്രുമം സാനുമതഃ പ്രഫുല്ലം’ എന്ന് കാളിദാസന്‍ പ്രതിപാദിച്ചിട്ടുണ്ട്4.
നിപ വൃക്ഷം
Nypa Fruticans എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഈ സസ്യം ജലാശയങ്ങളില്‍ വളരുന്നതാണ്. ഈ സസ്യം വളരുന്നിടത്ത് ജലം സമൃദ്ധമായുണ്ടായിരിക്കും എന്ന് ദകാര്‍ഗളം എന്ന ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഭൂഗര്‍ഭജലസംബന്ധമായ വിവരങ്ങള്‍ നല്കുന്ന ഗ്രന്ഥമാണ് ദകാര്‍ഗളം. ജലവും സസ്യവൈവിധ്യവും പരസ്പരപൂരകമാണ് എന്ന തിരിച്ചറിവ് നല്കുന്ന ഗ്രന്ഥം എന്ന നിലയില്‍ ദകാര്‍ഗളത്തിന് ഇന്ന് സമകാലികപ്രസക്തിയുണ്ട്.
തില്ക്ക വൃക്ഷം
വാല്മീകി രാമായണത്തില്‍ പ്രതിപാദിക്കപ്പെട്ട തില്ക്ക എന്ന വൃക്ഷം ശരിയായ രീതിയില്‍ ഇന്നു തിരിച്ചറിയപ്പെട്ടിട്ടില്ല എന്നത് വ്യക്തമാണ്. ഇന്നത്തെ ജൈവ വൈവിധ്യ ശോഷണത്തില്‍ ഈ സസ്യം നാമാവശേഷമായിരിക്കാനാണ് സാധ്യത. Red Wood Tree എന്നൊരു നാമകരണം ഇതിന് കാണപ്പെടുന്നുണ്ട്. ചെങ്കുറിഞ്ഞി എന്ന നാമത്തിലുള്ള ഒരു സസ്യമായിരിക്കാം എന്നൂഹിക്കേണ്ടിയിരിക്കുന്നു.
അരിഷ്ടഃ
അരിഷ്ട എന്നതിന് ആര്യവേപ്പ് എന്നാണ് അര്‍ത്ഥം. Azalirashta Indica എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന വേപ്പ് മരം നീം എന്ന പേരിലും അറിയപ്പെടുന്നു. വില്ലേജ് ഫാര്‍മസി എന്നപേരില്‍ ഈ വൃക്ഷം അറിയപ്പെടുന്നു. രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് ഈ സസ്യത്തിന് ഉണ്ട്. പ്രസ്തുത സസ്യത്തിന്റെ ഈ ഒരു സവിശേഷത കണ്ടറിഞ്ഞിട്ടാണ് തമിഴ്‌നാട്ടില്‍ പണ്ട് പണ്ടേ ഈ സസ്യം വളര്‍ത്തിപ്പോന്നിരുന്നത്. ഉഷ്ണകാലത്ത് തഴച്ചുവളരുന്ന ഈ സസ്യം ഭൗമതാപപ്രതിരോധക്ഷമമാര്‍ന്നതാണ്.
അസനം
ഈ സസ്യം വേങ്ങ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇന്ന് വംശനാശഭീഷണി നേരിടുന്ന ഔഷധമരമാണ് വേങ്ങ. Pterocarpus Marsupium എന്നതാണ് ഇതിന്റെ ശാസ്ത്രീയനാമം. സമാകര്‍ഷമാര്‍ന്ന പുഷ്പമുള്ള ഈ സസ്യം ഇന്ന് പ്രമേഹരോഗത്തിന് ഔഷധമായി അറിയപ്പെടുന്നു. ഈ സസ്യത്തിന്റെ നാമധേയത്തില്‍ അറിയപ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ ഒരു പ്രദേശമാണ് വേങ്ങാട്.
വിഭീതകി വൃക്ഷം
താന്നിമരം എന്ന പേരിലാണ് ഈ വൃക്ഷം മലയാളത്തില്‍ അറിയപ്പെടുന്നത്. ത്രിഫല എന്ന ഔഷധക്കൂട്ടില്‍ ഈ സസ്യത്തിന്റെ ഫലമായ താന്നിക്ക ഉള്‍പ്പെടുന്നു. കടുക്ക, താന്നിക്ക, നെല്ലിക്ക ഇവ മൂന്നും കൂടി ഉള്‍പ്പെടുന്നതാണ് തൃഫല. മഹാഭാരതത്തിലെ 40 നളോപാഖ്യാനത്തില്‍ ഈ വൃക്ഷത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. നളനോടൊപ്പം രഥത്തില്‍ സഞ്ചരിക്കുന്ന ഋതുപര്‍ണ്ണമഹാരാജാവ് വിഭിതകി വൃക്ഷത്തിന്റെ ഇലകള്‍ എണ്ണിക്കൊണ്ടാണ് തന്റെ അക്ഷവിദ്യാവൈഭവം പ്രകടിപ്പിക്കുന്നത്. Terminallia Bellirica Roxbഎന്നാണ് ഈ സസ്യത്തിന്റെ ശാസ്ത്രീയ നാമം. രോഗപ്രതിരോധത്തിനും, വിഷവിമുക്തിക്കുമായി താന്നിക്കയുടെ പൊടി ധാരാളം ഔഷധ കമ്പനികള്‍ നിര്‍മ്മിച്ചുവരുന്നുണ്ട്.
മധൂക വൃക്ഷം
ഇലിപ്പ എന്ന പേരിലാണ് കേരളത്തില്‍ അറിയപ്പെടുന്നത്. Madhuka Longifolla എന്നാണ് ഇതിന്റെ ശാസ്ത്രീയനാമം. ഗോത്രവര്‍ഗ്ഗക്കാര്‍ ഈ സസ്യം ചികിത്സക്കായി ഉപയോഗിച്ചുപോരുന്നുണ്ട്. ഈ സസ്യം തഴച്ചുവളരുന്നിടത്തെ ജലാശയങ്ങളില്‍ വെള്ളം ഒരിക്കലും വറ്റാറില്ല എന്ന വംശീയമായ ഒരറിവുണ്ട്. ജലാശയങ്ങളിലെ വെള്ളം ശോഷിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യങ്ങളില്‍ ജലാശയത്തിന് സമീപം ഇത്തരം വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തുന്നതിന്റെ സമകാലിക പ്രസക്തി നിലനില്‍ക്കുന്നു.
തിനിശ വൃക്ഷം
ശിംശപാവൃക്ഷം എന്ന പേരിലാണ് അറിയപ്പെടുന്നത്. കരഛദം എന്ന പേരിലും ഈ വൃക്ഷം അറിയപ്പെടുന്നുണ്ട്.
വേത്ര
വേത്രത്തിന് ചൂരല്‍ എന്നര്‍ത്ഥം കേരളത്തിലെ വനപ്രദേശങ്ങളിലും കാവുകളിലും കണ്ടുവരുന്ന ചെടി. ഇത് വൃക്ഷരൂപത്തില്‍ തഴച്ച് വളരും. Calamus Rotang എന്നാണ് ഇതിന്റെ വംശീയ നാമം.
ശ്വേതകണ്ടകാരി
കഫസംബന്ധമായ രോഗങ്ങള്‍ക്കുപയോഗിക്കുന്ന ഒരൗഷധസസ്യമാണ് ശ്വേതകണ്ടകാരി. ഈ സസ്യം ഇന്നും ആയുര്‍വേദരംഗത്ത് ഉപയോഗിച്ചുവരുന്നു. Solenum Xenthro Cerptum എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം.
കടുക
കടുക്ക എന്നാണ് ഇതിന് മലയാളത്തില്‍ പറയുന്നത്. ത്രായന്തീ, ഹരീതകി എന്നെല്ലാം പേരുണ്ട്. ദശമാതൃസമോ ഹരീതകി അതായത് പത്തുമാതാക്കള്‍ ഒരാളെ നോക്കും പോലെ ഒരു ഹരീതകി ഒരാളുടെ ആരോഗ്യം കാത്തുസൂക്ഷിക്കും എന്നര്‍ത്ഥം. നേരത്തെ സൂചിപ്പിച്ച ത്രിഫലകളിലൊന്നാണ് കടുക്ക. ഉദര സംബന്ധമായതും മൂത്രാശയസംബന്ധവുമായ രോഗങ്ങള്‍ക്കും കടുക്ക ഫലപ്രദമാണ്. Tuaymana (Gentiyana Kuru Roylhe) എന്നതാണ് ഇതിന്റെ ശാസ്ത്രീയനാമം.
അതിവിഷ
ഇതിന് അതിവിടയം എന്നാണ് മലയാളനാമം. വിഷപ്രതിരോധശേഷിയുള്ള ഒരൗഷധം എന്ന നിലയില്‍ അതിവിടയം പ്രഖ്യാതമാണ്. ഇത് വിഷചികിത്സാരംഗത്ത് ഉപയോഗിക്കുന്ന ഒന്നാണ് Aconitum Hetrophylum Wall എന്നാണ് ഈ വൃക്ഷത്തിന്റെ ശാസ്ത്രീയനാമം.
മുള
വേണു എന്നതിന് മുള എന്നാണ് അര്‍ത്ഥം. പുല്ലിന്റെ വംശത്തില്‍പ്പെട്ട ഏറ്റവും വലിയ ചെടിയാണ് മുള. Bambusa Bambos ന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. മണ്ണിന്റെ സംരക്ഷണകവചം കൂടിയാണ് മുള. ഇല്ലിമുള തുടങ്ങി മുളയുടെ വ്യത്യസ്ത വര്‍ഗ്ഗങ്ങളുണ്ട്. ഇതൊരു ഔഷധസസ്യം കൂടിയാണ്. മുളയരി പോഷകഗുണമാര്‍ന്നതാണ്. നീണ്ട് തടിച്ച മുളക്ക് ദണ്ഡകമെന്നും പേരുണ്ട്. ഇത് നിറയെയുള്ള വനമാണ് ദണ്ഡകാരുണ്യം.
മഹാഭാരതത്തിലെ സസ്യവൈവിദ്ധ്യപ്രതിപാദ്യം
പാരിസ്ഥിതിക ആത്മീയതയില്‍ അധിഷ്ഠിതമാര്‍ന്ന ഒരു തത്വചിന്താസരണി മഹാഭാരതത്തില്‍ കണ്ടെത്താന്‍ സാധിക്കും.’വൃക്ഷാണാമശ്വത്ഥോസ്മി’ എന്ന ഭഗവത്ഗീതയിലെ വിഭൂതിയോഗത്തില്‍ കാണുന്ന പ്രസ്താവം ഇവിടെ പ്രസക്തമാര്‍ന്നതാണ്. അശ്വത്ഥം എന്നതിന് മേല്‍ പ്രതിപാദിക്കപ്പെട്ട പഞ്ചവടിയില്‍പ്പെട്ട ആല്‍മരം(Ficus Fig). അശ്വ ഇവ തിഷ്ഠതി ഇതി അശ്വത്ഥ: അതായത് അശ്വം നില്‍ക്കുന്നതുപോലെ നില്‍ക്കുന്നത്. അശ്വത്തിന്റെ സ്വഭാവത്തെപ്പറ്റി അക്കാലത്ത് സസൂക്ഷ്മ പഠനം നടത്തിവന്നിരുന്നു. അശ്വം ഒരു നിമിഷം പോലും നിശ്ചലമായിരിക്കുകയില്ല എന്ന് പൂര്‍വ്വീകര്‍ കണ്ടെത്തിയിരുന്നു. അതേപോലുള്ള സ്വഭാവമാണ് ആലിലക്കും. കാറ്റില്ലാത്ത സമയത്ത് മറ്റു വൃക്ഷങ്ങളുടെ ഇലകള്‍ നിശ്ചലമാവുമ്പോള്‍ അരയാലില അപ്പോഴും ഇളകിക്കൊണ്ടേയിരിക്കും. കാരണം ആ വേളകളിലും പരമാവധി പ്രാണവായു ഇലകളിലൂടെ പുറത്തു വിട്ടു കൊണ്ടിരിക്കുമ്പോള്‍ ഇലകള്‍ക്ക് ചലനം സംഭവിക്കുന്നു. അതാണിവിടെ ആലിന് അശ്വത്ഥമെന്ന പേര് അന്വര്‍ത്ഥമായിരിക്കുന്നത്. വൃക്ഷങ്ങളില്‍ വെച്ച് ഏറ്റവുമധികം ഓക്‌സിജന്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്നത് ആലും അരയാലുമാണെന്ന് ആധുനികശാസ്ത്രം സിദ്ധാന്തിക്കുന്നുണ്ട്. അരയാലിനു തറകെട്ടി ജനങ്ങള്‍ അവിടെ വിശ്രമിക്കുന്നതിന്റെ രഹസ്യവും ഇതുതന്നെയാണ്. ധാരാളം പ്രാണവായുവോടു കൂടിയ ഒരു എയര്‍കണ്ടീഷന്റെ പ്രതീതിതന്നെയാണ് ഇതുവഴി ലഭിക്കുന്നത്. ഓറ എന്ന പ്രതിഭാസത്തെ പ്രചോദിപ്പിക്കുവാനുള്ള കഴിവുകൂടി ഈ വൃക്ഷത്തിനുണ്ട് എന്നാണ് അഭിജ്ഞമതം. ഈ കാരണത്താല്‍ വടവൃക്ഷം തപോവനങ്ങളിലും ആരാധനാലയങ്ങളിലും കാവുകളിലും നിലനിര്‍ത്തിപ്പോരുന്നു.
രാമായണത്തിലേയും മഹാഭാരതത്തിലേയും കഥാപാത്രങ്ങളെ ഏകോപിപ്പിക്കും വിധം രാമതുളസിയെന്നും കൃഷ്ണതുളസിയെന്നും രണ്ടുവിധമുണ്ട്. Ocimum Tenun ifloruml എന്നാണ് ഇതിന്റെ ശാസ്ത്രനാമം. വൃക്ഷത്തിനൊത്ത് ഉയര്‍ച്ചയില്ല എങ്കിലും ഒരു പ്രധാന തണ്ടും ഉറപ്പേറിയ പര്‍വ്വതങ്ങളുമുണ്ട്. കറുത്ത തുളസിയെ കൃഷ്ണതുളസി എന്നും വെളുത്ത തുളസിയെ രാമതുളസിയെന്നും പറയുന്നു. ഭാരതീയര്‍ ഈ ചെടിയെ പരിപാവനമായി കരുതുകയും വിശുദ്ധിയുടെ പ്രതീകമായി വിഭാവനം ചെയ്യുകയും ചെയ്യുന്നു. ധന്വന്തരീ നിഘണ്ടുവില്‍ തുളസിയെ പ്രതിപാദിക്കുന്നതിപ്രകാരമാണ്.
തുളസീലഘു ഉഷ്ണാ ച രൂക്ഷാ കഫവിനാശിനീ
കൃമിദോഷം നിഹന്ത്യേഷാ രുചികൃത് വിദീപനീ5
ഇതുപ്രകാരം ഒരൊന്നാന്തരം കഫ്‌സിറപ്പായും ആരോഗ്യ പാനീയമായും തുളസി ഉപയോഗിക്കുന്നതാണ്. അന്തരീക്ഷത്തില്‍ ഓസോണ്‍ പാളിയെ നിലനിര്‍ത്തുന്നതില്‍ തുളസിക്ക് മുഖ്യപങ്കുണ്ട് എന്നു പറയപ്പെടുന്നു. രുഗ്മിണീദേവിയുടെ ഭക്തിയെക്കുറിച്ചും തുളസിയുടെ മാഹാത്മ്യത്തെക്കുറിച്ചും മഹാഭാരതത്തില്‍ പരാമര്‍ശമുണ്ട്.
തുളസിപോലെ പ്രാധാന്യമാര്‍ന്ന മറ്റൊരു വൃക്ഷമാണ് കൂവളം. കൂവളത്തെക്കുറിച്ച് രാമായണത്തിലും മഹാഭാരതത്തിലും പ്രതിപാദ്യമുണ്ട്. Aegle Marmelos എന്നാണ് കൂവളത്തിന്റെ ശാസ്ത്രനാമം. വില്വം, ശ്രീഫല എന്നിങ്ങനെ കൂവളത്തിന് സംസ്‌കൃതത്തില്‍ നാമധേയമുണ്ട്. രാമായണത്തിലും മഹാഭാരതത്തിലും കൂവളത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. ശിവന്റെ കണ്ണുപോലെ മൂന്നിലകള്‍ ഒരു ഞെട്ടില്‍ കാണാം. വിഷത്തെ നിര്‍വീര്യമാക്കാനുള്ള കഴിവ് കൂവളത്തിനുണ്ട്. പ്രത്യേകിച്ച് ഭക്ഷ്യവിഷം നിര്‍വീര്യമാക്കാനുള്ള കൂവളത്തിന്റെ കഴിവ് പുരാണങ്ങളില്‍ ഏറെ പ്രഖ്യാതമാണ്. ശിവന്‍ ഹാലാഹലം എന്ന വിഷം വിഴുങ്ങിയപ്പോള്‍ ശിവനെ രക്ഷിക്കാന്‍ വേണ്ടി പാര്‍വ്വതി ശിവന് കൂവളത്തില നല്‍കി എന്നു വിശ്വാസമുണ്ട്. ഭൂമിയെ വിഷവിമുക്തമാക്കി ജലാശയ സ്രോതസ്സ് വിശുദ്ധമാക്കാന്‍ കൂവളത്തിന് കഴിവുണ്ട്. ഔഷധരംഗത്ത് പ്രഖ്യാതമാര്‍ന്ന ദശമൂലങ്ങളിലൊന്നാണ് കൂവളം. ക്ഷുദ്രജീവികള്‍ വിഷമേല്‍പ്പിച്ചാല്‍ വില്വാദിഗുളിക തുളസിനീരില്‍ അരച്ച് സേവിക്കുന്ന പാരമ്പര്യം കേരളത്തില്‍ ഇന്നുമുണ്ട്. മേല്‍പ്പറഞ്ഞ വസ്തുക്കളുടെ മഹത്വം കൊണ്ടു തന്നെയാണ് കൂവളം ഇന്നും ആരാധനക്കായുപയോഗിക്കുന്നത്.
ത്രിദളം ത്രിഗുണാകാരം
ത്രിനേത്രം ച ത്രിയായുധം
ത്രിജന്മപാപസംഹാരം
ഏകവില്വം ശിവാര്‍പ്പണം
എന്ന ശ്ലോകം ഇവിടെ പ്രസക്തമാണ്.
അശോക വൃക്ഷം രാമായണത്തിലെന്ന പോലെ മഹാഭാരതത്തിലും പ്രഖ്യാതമാണ്. ടമൃമരമ അീെരമ എന്നാണ് ഇതിന്റെ ശാസ്ത്രീയനാമം. ശോകമകറ്റി ഐശ്വര്യമേകുന്ന വൃക്ഷമെന്ന നിലയില്‍ അശോകത്തിന് പ്രധാന്യമുണ്ട്. ഭൂമിയില്‍ ജലസ്രോതസ്സ് നിലനിര്‍ത്താനുള്ള കഴിവ് അശോകത്തിനുണ്ട് എന്ന് വാസ്തുവിദ്യ പ്രതിപാദിക്കുന്നു. അശോകമുള്ളിടത്ത് നല്ലൊരു തണുപ്പ് അനുഭവപ്പെടാറുണ്ട്. അശോകത്തൊലി കൊണ്ടുള്ള പാല്‍ക്കഷായം സ്ത്രീരോഗങ്ങള്‍ക്ക് ഉത്തമ ഔഷധമായി ഇന്നും ഉപയോഗിച്ചുപോരുന്നു. ദ്രൗപദി വനത്തില്‍ നാടുകടത്തപ്പെട്ട അവസരത്തില്‍ അവള്‍ അശോകത്തെ പ്രാര്‍ത്ഥിച്ചപ്പോഴാണ് ഭര്‍ത്താക്കന്മാരുമായുള്ള സമാഗമം വന്നുചേര്‍ന്നത് എന്നൊരു വസ്തുത മഹാഭാരതത്തിലുണ്ട്.
വളരെ ബൃഹത്തായ ഒരു വിഷയമാണ് രാമായണത്തിലേയും മഹാഭാരത്തിലേയും വൃക്ഷങ്ങളെ പ്രതിപാദിക്കുക എന്നുള്ളത്. അത് ഒരു ബൃഹത്ഗ്രന്ഥത്തിന് വകയുള്ള ഒന്നാണ്. വൃക്ഷങ്ങള്‍ക്ക് നാമധേയം കല്‍പിച്ച് അവയെ തിരിച്ചറിയുന്ന രീതി അതിപുരാതനകാലത്തു തന്നെ ഇന്ത്യയിലുണ്ടായിരുന്നു എന്നതിന് തെളിവാണ് രാമായണം കിഷ്‌കിന്ധാകാണ്ഡത്തില്‍ പ്രതിപാദിച്ചിരിക്കുന്ന പമ്പാസരസ്സിനോടനുബന്ധിച്ചുള്ള വൃക്ഷവൈവിദ്ധ്യവര്‍ണ്ണന. അത് ഇന്നത്തെ വംശീയ സസ്യശാസ്ത്ര രംഗത്ത് മഹത്തായ ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
1 ജ്ഞാനപ്പാന 132.
2 ബൃഹത് സംഹിത ദകാര്‍ഗളം.
3 വാല്മീകി രാമായണം 2.54.27.
4 രഘുവംശം 2.94.
5 ധന്വന്തരീനിഘണ്ടു.