രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പൂജനീയ സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് നാഗ്പൂരില്‍ നടത്തിയ വിജയദശമി പ്രഭാഷണത്തിന്റെ സംക്ഷിപ്ത രൂപം
യുഗാബ്ദം 5126 ലെ വിജയദശമി മഹോത്സവത്തോടെ സംഘം അതിന്റെ നൂറാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ വര്‍ഷം, ഇതേ വേദിയില്‍ മഹാറാണി ദുര്‍ഗാവതിയുടെ അഞ്ഞൂറാം ജയന്തി വര്‍ഷത്തില്‍ തേജസ്സുറ്റ ആ ജീവിതയജ്ഞത്തെ നമ്മള്‍ ഓര്‍ത്തു. ഈ വര്‍ഷം പുണ്യശ്ലോക അഹല്യ ദേവി ഹോള്‍ക്കറുടെ 300-ാം ജയന്തി വര്‍ഷം ആഘോഷിക്കുകയാണ്. ദേവി അഹല്യബായി ഒരു സമര്‍ത്ഥയായ, ജനക്ഷേമതല്പരയായ, കര്‍ത്തവ്യബോധമുള്ള ഭരണാധികാരിയായിരുന്നു. ധര്‍മ്മം, സംസ്‌കൃതി, ദേശാഭിമാനം, സുശീലം എന്നിവയുടെ ഉന്നതമായ ആദര്‍ശമായിരുന്നു. അതേസമയം യുദ്ധതന്ത്രനിപുണയുമായിരുന്നു. വിപരീത പരിതസ്ഥിതിയിലും അത്ഭുതകരമായ ക്ഷമതയോടെ രാജ്യത്തെ നയിച്ച അഹല്യാബായി അഖില ഭാരതീയമായ കാഴ്ചപ്പാടോടെ സ്വന്തം രാജ്യാതിര്‍ത്തിക്ക് പുറത്തും തീര്‍ത്ഥക്ഷേത്രങ്ങള്‍ നവീകരിക്കുകയും ദേവസ്ഥാനങ്ങള്‍ നിര്‍മ്മിക്കുകയും വഴി സമാജത്തില്‍ സമരസതയും സംസ്‌കൃതിയും സംരക്ഷിച്ചു. വര്‍ത്തമാനകാലത്തും ദേവി നമുക്കെല്ലാം മാതൃകയാണ്. ഒപ്പം ഭാരതീയ മാതൃശക്തിയുടെ ദീപ്തമായ പാരമ്പര്യത്തിന്റെ ഉജ്ജ്വലമായ പ്രതീകമാണ്.
ആര്യസമാജ സ്ഥാപകന്‍ മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ 200-ാം ജന്മവാര്‍ഷികവും ഈ വര്‍ഷമാണ്. അധിനിവേശങ്ങളില്‍ നിന്ന് മുക്തമായി, കാലത്തിന്റെ ഒഴുക്കില്‍ ധര്‍മാചാരങ്ങളിലും സമാജിക ജീവിതത്തിലും വന്നുചേര്‍ന്ന വൈകൃതങ്ങളെ ദൂരെയകറ്റി സമാജത്തെ അതിന്റെ യഥാര്‍ത്ഥ രൂപത്തിലേക്ക് തിരികെ കൊണ്ടുവന്ന് ശാശ്വത മൂല്യങ്ങളിലുറപ്പിച്ച് നിര്‍ത്താന്‍ അദ്ദേഹം വലിയ പരിശ്രമം നടത്തി. ഭാരതനവോത്ഥാനത്തിന്റെ പ്രേരകശക്തികളില്‍ അദ്ദേഹത്തിന്റെ പേര് പ്രമുഖമാണ്.
രാമരാജ്യ സദൃശമായ അന്തരീക്ഷം സൃഷ്ടിക്കാന്‍, ജനങ്ങളുടെ ഗുണവും സ്വഭാവവും സ്വധര്‍മ്മത്തില്‍ ഉറച്ചുനില്‍ക്കേണ്ടത് അനിവാര്യമാണ്. ഈ സംസ്‌കാരവും കര്‍ത്തവ്യബോധവും എല്ലാവരിലും സൃഷ്ടിക്കുന്നതിന് വേണ്ടി സംപൂജ്യ ശ്രീശ്രീ അനുകുല്‍ചന്ദ്ര ഠാക്കൂര്‍ സംത്സംഗ് കാര്യക്രമം നടപ്പാക്കി. പഴയ ഉത്തര ബംഗാളിലെ (ഇന്നത്തെ ബംഗ്ലാദേശ്) പാബനായില്‍ ജനിച്ച ശ്രീ ശ്രീ അനുകുല്‍ചന്ദ്ര ഠാക്കൂര്‍ ഒരു ഹോമിയോപ്പതി ഡോക്ടറായിരുന്നു. അമ്മയാണ് അദ്ദേഹത്തെ ആത്മീയ സാധനയിലേക്ക് നയിച്ചത്. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി അദ്ദേഹവുമായി അടുക്കുന്നവരില്‍ സ്വാഭാവികമെന്നോണം സ്വഭാവ വികാസവും സേവാഭാവനയും വളര്‍ന്നു. ഈ വികാസ പ്രക്രിയ ‘സത്സംഗ് ആയി രൂപപ്പെടുകയും 1925 ല്‍ ജീവകാരുണ്യ സംഘടനയെന്ന നിലയില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. 2024 മുതല്‍ 2025 വരെ സത്സംഗിന്റെ ആസ്ഥാനമായ ഝാര്‍ഖണ്ഡിലെ ദേവ്ഘറില്‍ ആ കര്‍മ്മധാരയുടെ ശതാബ്ദിയും ആഘോഷിക്കുന്നു. സേവ, സംസ്‌കാരം, വികസനം തുടങ്ങി അനേകം പദ്ധതികളുമായി ഈ അഭിയാന്‍ മുന്നേറുകയാണ്.
നവംബര്‍ 15ന് ഭഗവാന്‍ ബിര്‍സാ മുണ്ടയുടെ 150-ാമത് ജയന്തി വര്‍ഷം തുടങ്ങുകയാണ്. നമ്മുടെ രാജ്യത്തെ വനവാസി സഹോദരങ്ങളെ അടിമത്തത്തില്‍ നിന്നും ചൂഷണത്തില്‍ നിന്നും വൈദേശിക ആധിപത്യത്തില്‍ നിന്നുമൊക്കെ മോചിപ്പിക്കാനും സ്വാതന്ത്ര്യവും അസ്തിത്വവും തനിമയും സ്വധര്‍മ്മവും സംരക്ഷിക്കാനുമായി ഭഗവാന്‍ ബിര്‍സ മുണ്ട മുന്നോട്ടുവച്ച ഉല്‍ഗുലാന്റെ (ഉഗ്രവിപ്ലവം- വനവാസി പ്രക്ഷോഭം) പ്രചോദനം ഈ സാര്‍ധശതി നമ്മെ ഓര്‍മ്മിപ്പിക്കും. ഭഗവാന്‍ ബിര്‍സ മുണ്ടയുടെ ഉജ്ജ്വലമായ ജീവത്യാഗം കാരണമാണ് ഗോത്രവര്‍ഗ സഹോദരങ്ങള്‍ക്ക് ആത്മാഭിമാനവും വികാസവും ദേശീയ ജീവിതത്തിലെ പങ്കാളിത്തവും ഉറപ്പാക്കുന്നതിന് ശക്തമായ അടിത്തറ ലഭിച്ചത്.
വ്യക്തിചാരിത്ര്യവും ദേശീയചാരിത്ര്യവും
ഇവരെല്ലാം നമ്മുടെ ഹിതത്തിന് വേണ്ടി പ്രവര്‍ത്തിച്ചവരും സ്വന്തം ജീവിതരീതികള്‍ കൊണ്ട് അനുകരണീയ മാതൃകകളായി തീര്‍ന്നവരുമാണ്. അതുകൊണ്ടുതന്നെ ആത്മാര്‍ത്ഥമായും നിസ്വാര്‍ത്ഥമായും രാജ്യത്തിനും ധര്‍മ്മത്തിനും സംസ്‌കാരത്തിനും സമൂഹത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ച അത്തരം വിഭൂതികളെ നമ്മള്‍ ഓര്‍ക്കുന്നു. വ്യത്യസ്ത മേഖലകളില്‍, വിവിധ കാലഘട്ടങ്ങളില്‍ പ്രവര്‍ത്തിച്ചവരെങ്കിലും ഇവരുടെയെല്ലാം ജീവിതരീതികളില്‍ സമാനമായ ചിലതുണ്ട്. നിസ്വാര്‍ത്ഥതയും നിസ്വതയും നിര്‍ഭയതയും അവരുടെ സ്വഭാവമായിരുന്നു. പോരാടേണ്ട ആവശ്യം വന്നപ്പോഴെല്ലാം അവരത് പൂര്‍ണ ശക്തിയോടെയും കാര്‍ക്കശ്യത്തോടെയും നിര്‍വഹിച്ചു. പക്ഷേ, ഒരിക്കലും വെറുപ്പോ വിദ്വേഷമോ ഉള്ളവരായി മാറിയില്ല. ഉജ്ജ്വലമായ എളിമയായിരുന്നു അവരുടെ ജീവിതത്തിന്റെ മുഖമുദ്ര. അതുകൊണ്ടാണ് അവരുടെ സാന്നിധ്യം ദുര്‍ജനങ്ങള്‍ക്ക് ഭീഷണിയും സജ്ജനങ്ങള്‍ക്ക് ആശ്വാസവും ആയത്. ഇന്നത്തെ, സാഹചര്യം നമ്മില്‍ നിന്നെല്ലാം ഇത്തരത്തിലുള്ള ജീവിതശൈലികള്‍ പ്രതീക്ഷിക്കുന്നു. സാഹചര്യം അനുകൂലമോ പ്രതികൂലമോ ആകട്ടെ, വ്യക്തിപരവും ദേശീയവുമായ സ്വഭാവത്തിന്റെ ഈ ദൃഢത ഐശ്വര്യത്തിന്റെയും സദ്ശക്തിയുടെയും വിജയത്തിന് അടിത്തറയായി മാറുന്നു.
രാഷ്ട്രപുരോഗതി
ഇത് മനുഷ്യരാശിയുടെ ദ്രുതഗതിയിലുള്ള ഭൗതിക പുരോഗതിയുടെ യുഗമാണ്. ശാസ്ത്രസാങ്കേതികവിദ്യയുടെ സഹായത്തോടെ നാം ജീവിതം സൗകര്യങ്ങള്‍ നിറഞ്ഞതാക്കി. എന്നാല്‍ മറുവശത്ത്, സ്വാര്‍ത്ഥതാല്‍പ്പര്യങ്ങളുടെ സംഘര്‍ഷങ്ങള്‍ നമ്മെ നാശത്തിലേക്ക് തള്ളിവിടുകയാണ്. ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘര്‍ഷം മിഡില്‍ ഈസ്റ്റില്‍ എത്രത്തോളം വ്യാപിക്കുമെന്ന ആശങ്കയിലാണ് ഏവരും. നമ്മുടെ നാട്ടിലും പ്രതീക്ഷകള്‍ക്കും അഭിലാഷങ്ങള്‍ക്കും ഒപ്പം വെല്ലുവിളികളും പ്രശ്‌നങ്ങളുമുണ്ട്. ഈ രണ്ട് വിഷയങ്ങളും കഴിയുന്നത്ര വിശദമായി മുമ്പും വിജയദശമി പ്രഭാഷണങ്ങളില്‍ നമ്മള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. പ്രതീക്ഷകളുടെയും അഭിലാഷങ്ങളുടെയും പൂര്‍ത്തീകരണത്തിലേക്ക് രാജ്യം കൈവരിച്ച നേട്ടം തുടരുമെന്നുള്ളതുകൊണ്ട് ഇന്ന് ഞാന്‍ ചില വെല്ലുവിളികള്‍ മാത്രം സൂചിപ്പിക്കാം. കുറച്ച് വര്‍ഷങ്ങളായി ഭാരതം ഒരു രാഷ്ട്രമെന്ന നിലയില്‍ ലോകത്ത് ശക്തവും അഭിമാനകരവുമായ സ്ഥാനത്തെത്തിയെന്ന് നമുക്കെല്ലാവര്‍ക്കും അനുഭവമുണ്ട്. ലോകത്ത് ഭാരതത്തിന്റെ കീര്‍ത്തി വര്‍ദ്ധിച്ചു. സ്വാഭാവികമായും, നമ്മുടെ പാരമ്പര്യത്തിലും ആത്മാവിലും ഉള്‍ച്ചേര്‍ന്ന ആശയങ്ങളോടുള്ള ആദരവ് പല മേഖലകളിലും വര്‍ധിച്ചിട്ടുണ്ട്. വിശ്വബന്ധുത്വം എന്ന നമ്മുടെ വികാരം, പരിസ്ഥിതിയോടുള്ള കാഴ്ചപ്പാട്, യോഗ മുതലായവ ഒരു മടിയും കൂടാതെ ലോകം അംഗീകരിക്കുന്നു. സമൂഹത്തില്‍, പ്രത്യേകിച്ച് യുവതലമുറയില്‍ സ്വത്വത്തിലുള്ള, തനിമയിലുള്ള അഭിമാനം വര്‍ധിച്ചുവരികയാണ്. നമ്മള്‍ പല മേഖലകളിലും സാവധാനം മുന്നേറുകയാണ്. ജമ്മു കശ്മീരിലുള്‍പ്പെടെ എല്ലാ തെരഞ്ഞെടുപ്പുകളും സമാധാനപരമായാണ് നടന്നത്. രാജ്യത്തെ യുവശക്തി, മാതൃശക്തി, സംരംഭകര്‍, കര്‍ഷകര്‍, തൊഴിലാളികള്‍, സൈനികര്‍, ഭരണകൂടം, സര്‍ക്കാര്‍ എന്നിവരെല്ലാം അവരുടെ പ്രവര്‍ത്തനത്തില്‍ പ്രതിജ്ഞാബദ്ധരായി തുടരുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വര്‍ഷങ്ങളില്‍, രാഷ്ട്രതാത്പര്യത്തിന്റെ പ്രേരണയോടുകൂടി ഇവരെല്ലാം നടത്തിയ പരിശ്രമങ്ങളിലൂടെ ലോകവേദിയില്‍ ഭാരതത്തിന്റെ പ്രതിച്ഛായ, ശക്തി, കീര്‍ത്തി, സ്ഥാനം എന്നിവ തുടര്‍ച്ചയായി മെച്ചപ്പെടുന്നു. പക്ഷേ, നമ്മുടെ എല്ലാവരുടെയും നിശ്ചയദാര്‍ഢ്യത്തെ പരീക്ഷിക്കുന്നതുപോലെ, ചില ഭ്രമാത്മക ഗൂഢാലോചനകള്‍ നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. അവയെ ശരിയായി മനസ്സിലാക്കേണ്ടതുണ്ട്. നമ്മുടെ രാജ്യത്തിന്റെ നിലവിലെ സാഹചര്യം പരിശോധിച്ചാല്‍, അത്തരം വെല്ലുവിളികള്‍ നമുക്ക് മുന്നില്‍ വ്യക്തമായി കാണാം. രാജ്യത്തിന്റെ നാലുപാടുമുള്ള പ്രദേശങ്ങളെ അശാന്തമാക്കാനും അസ്ഥിരപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ ശക്തിപ്രാപിക്കുകയാണ്.
ദേശവിരുദ്ധ ശ്രമങ്ങള്‍
ലോകത്ത് ഭാരതത്തിന് പ്രാധാന്യം ലഭിക്കുന്ന സാഹചര്യത്തില്‍, നിക്ഷിപ്ത താത്പര്യക്കാരായ അത്തരം ശക്തികള്‍, ഭാരതം താരതമ്യേന ഒരു പരിധിക്കുള്ളിലേ വളരാവൂ എന്നാണ് ആഗ്രഹിക്കുന്നത്. ഉദാരവും ജനാധിപത്യപരവുമായ സ്വഭാവമുണ്ടെന്ന്, ലോകസമാധാനത്തിന് പ്രതിജ്ഞാബദ്ധരെന്ന് അവകാശപ്പെടുന്ന രാജ്യങ്ങളുടെ പ്രതിബദ്ധത അവരുടെ സുരക്ഷയുടെയും സ്വാര്‍ത്ഥതാല്‍പ്പര്യങ്ങളുടെയും നേരെ ചോദ്യം ഉയര്‍ന്നുവരുമ്പോള്‍ തന്നെ അപ്രത്യക്ഷമാകും. അപ്പോള്‍ അവര്‍ മറ്റ് രാജ്യങ്ങളെ ആക്രമിക്കുന്നതിനും ജനാധിപത്യപരമായി തിരഞ്ഞെടുത്ത സര്‍ക്കാരുകളെ നിയമവിരുദ്ധമോ അക്രമാസക്തമോ ആയ മാര്‍ഗങ്ങളിലൂടെ അട്ടിമറിക്കുന്നതിനും മടിക്കുന്നില്ല. ഭാരതത്തിനകത്തും പുറത്തും ലോകത്ത് നടക്കുന്നതുമായ സംഭവങ്ങള്‍ ശ്രദ്ധിച്ചാല്‍ എല്ലാവര്‍ക്കും ഇക്കാര്യങ്ങള്‍ മനസിലാകും. ഭാരതത്തിന്റെ ശോഭ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമം നുണകളുടെയോ അര്‍ദ്ധസത്യത്തിന്റെയോ അടിസ്ഥാനത്തില്‍ നടക്കുന്നുവെന്ന് വ്യക്തമായി കാണാം.
ബംഗ്ലാദേശില്‍ ഇപ്പോള്‍ നടന്ന അക്രമാസക്തമായ അട്ടിമറിക്ക് പൊടുന്നനെയുണ്ടായ പ്രാദേശിക കാരണങ്ങള്‍ ഇതിന്റെ ഒരു വശമാണ്. ഹിന്ദു സമൂഹത്തിന്മേല്‍ അകാരണവും അതിക്രൂരവുമായ അക്രമങ്ങളുടെ പാരമ്പര്യം ആവര്‍ത്തിച്ചു. ആ ക്രൂരതകളില്‍ പ്രതിഷേധിച്ച്, ഇക്കുറി ഹിന്ദുസമൂഹം സംഘടിച്ച് സ്വയംപ്രതിരോധിക്കാന്‍ വീടിന് പുറത്തിറങ്ങി. അതുകൊണ്ട് കുറച്ച് സംരക്ഷണം ഉണ്ടായി. പക്ഷേ, ഈ സ്വേച്ഛാധിപത്യ, മതമൗലിക സ്വഭാവം നിലനില്‍ക്കുന്നിടത്തോളം അവിടെ ഹിന്ദുക്കളടക്കമുള്ള എല്ലാ ന്യൂനപക്ഷ സമൂഹങ്ങളുടെയും തലയ്ക്ക് മുകളില്‍ അപകടത്തിന്റെ വാള്‍ തൂങ്ങിക്കിടക്കും. അതുകൊണ്ടാണ് ആ രാജ്യത്ത് നിന്ന് ഭാരതത്തിലേക്കുള്ള നുഴഞ്ഞുകയറ്റവും അതുണ്ടാക്കുന്ന ജനസംഖ്യാ അസന്തുലിതാവസ്ഥയും രാജ്യത്തെ സാധാരണ ജനങ്ങള്‍ക്കിടയില്‍ ഗുരുതരമായ ആശങ്കയുണ്ടാക്കുന്നത്. ഈ നുഴഞ്ഞുകയറ്റം പരസ്പര സൗഹാര്‍ദത്തെയും രാജ്യത്തിന്റെ സുരക്ഷയെയും കുറിച്ച് ചോദ്യങ്ങളുയര്‍ത്തുന്നു. ഉദാരതയുടെയും മാനവികതയുടെയും സൗമനസ്യത്തിന്റെയും പക്ഷത്ത് നില്‍ക്കുന്ന എല്ലാവരുടെയും, പ്രത്യേകിച്ച് ഭാരത സര്‍ക്കാരിന്റെയും ലോകമാകെയുള്ള ഹിന്ദുക്കളുടെയും പിന്തുണ ബംഗ്ലാദേശില്‍ ന്യൂനപക്ഷമായി മാറിയ ഹിന്ദുസമൂഹത്തിന് ആവശ്യമായിവരും. അസംഘടിതവും ദുര്‍ബലവുമായി തുടരുന്നത് ദുഷ്ടന്മാരുടെ അക്രമങ്ങളെ ക്ഷണിച്ചുവരുത്തുകയാവും എന്ന പാഠം ലോകമെമ്പാടുമുള്ള ഹിന്ദു സമൂഹം പഠിക്കേണ്ടതുണ്ട്.
സമൂഹത്തില്‍ നിലനിന്നിരുന്ന ഭദ്രതയും സംസ്‌കാരവും നശിപ്പിച്ച്, വൈവിധ്യങ്ങളെ ഭിന്നതകളാക്കി ചിത്രീകരിച്ച് പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്ന വിഭാഗങ്ങള്‍ക്കിടയില്‍ വ്യവസ്ഥിതിയോട് അവിശ്വാസം സൃഷ്ടിച്ച് അസംതൃപ്തി അരാജകത്വമാക്കി മാറ്റാനുമുള്ള സാധ്യതകള്‍ വര്‍ധിച്ചിരിക്കുന്നു എന്നതാണ് സമാജത്തെ ഏറ്റവും ആശങ്കപ്പെടുത്തുന്നത്.
ഡീപ് സ്റ്റേറ്റ്, വോക്കിസം, കള്‍ച്ചറല്‍ മാര്‍ക്‌സിസം തുടങ്ങിയ വാക്കുകള്‍ ഇക്കാലത്ത് ചര്‍ച്ചയാണ്. വാസ്തവത്തില്‍, ഇവ എല്ലാ സാംസ്‌കാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും പ്രഖ്യാപിത ശത്രുക്കളാണ്. സാംസ്‌കാരിക മൂല്യങ്ങളും പാരമ്പര്യങ്ങളും തുടങ്ങി ശ്രേഷ്ഠമോ മംഗളകരമോ ആയി കണക്കാക്കുന്നവയെല്ലാം പൂര്‍ണമായും നശിപ്പിക്കുക എന്നത് ഇവരുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. സമൂഹത്തിന്റെ മനസ്സ് രൂപപ്പെടുത്തുന്ന സംവിധാനങ്ങളും സ്ഥാപനങ്ങളും ഉദാ. വിദ്യാഭ്യാസ സമ്പ്രദായം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശയവിനിമയ മാധ്യമങ്ങള്‍, ബൗദ്ധിക സംവാദങ്ങള്‍ മുതലായവയെ, അവരുടെ സ്വാധീനത്തില്‍ കൊണ്ടുവന്ന് അവയിലൂടെ ചിന്തകളെയും മൂല്യങ്ങളെയും വിശ്വാസങ്ങളെയും നശിപ്പിക്കുക എന്നത് ഈ രീതിശാസ്ത്രത്തിന്റെ ആദ്യപടിയാണ്. ഒരുമിച്ചു ജീവിക്കുന്ന ഒരു സമൂഹത്തിലെ ഏതെങ്കിലും ഘടകത്തെ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് വരുത്തി, അവരുടെ ആവശ്യങ്ങളുയര്‍ത്തി, അല്ലെങ്കില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് വേര്‍പെടുത്താന്‍ പ്രേരിപ്പിക്കുന്നു. അനീതി നേരിടുന്നു എന്ന വികാരം അവരില്‍ സൃഷ്ടിക്കുന്നു. അതൃപ്തിക്ക് ഇട നല്‍കുന്നതിലൂടെ, ആ ഘടകത്തെ സമൂഹത്തിലെ മറ്റ് ഘടകങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കാനും വ്യവസ്ഥിതിക്കെതിരും ആക്രമണാത്മകമാക്കാനും ശ്രമിക്കുന്നു. സമൂഹത്തിലെ പിഴവുകള്‍ കണ്ടെത്തി നേരിട്ടുള്ള സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നു. വ്യവസ്ഥിതി, ഭരണകൂടം, സര്‍ക്കാര്‍ മുതലായവയോട് അനാദരവും വെറുപ്പും തീവ്രമാക്കുന്നതിലൂടെ അരാജകത്വത്തിന്റെയും ഭയത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നു. ഇത് ആ രാജ്യത്തിന്റെ മേല്‍ ആധിപത്യം സ്ഥാപിക്കുന്നത് എളുപ്പമാക്കുന്നു.
ഒരു ബഹുകക്ഷി ജനാധിപത്യ ഭരണസംവിധാനത്തില്‍, രാഷ്ട്രീയ കക്ഷികള്‍ അധികാരം നേടാന്‍ മത്സരിക്കുന്നു. സമൂഹത്തില്‍ നിലവിലുള്ള ചെറിയ താല്പര്യങ്ങള്‍, പരസ്പര സൗഹാര്‍ദ്ദം, രാഷ്ട്രത്തിന്റെ ഐക്യം, അഖണ്ഡത എന്നിവ രാഷ്ട്ര താല്‍പര്യത്തെക്കാളും പ്രധാനമായെങ്കില്‍, അഥവാ പാര്‍ട്ടികള്‍ തമ്മിലുള്ള മത്സരത്തില്‍ സമൂഹനന്മയും രാഷ്ട്രത്തിന്റെ അഭിമാനവും ഐക്യവും രണ്ടാമതായാണ് കണക്കാക്കുന്നതെങ്കില്‍, പിന്നെ അത്തരം കക്ഷിരാഷ്ട്രീയത്തില്‍, ഒരു പാര്‍ട്ടിയെ പിന്തുണച്ച് ബദല്‍ രാഷ്ട്രീയത്തിന്റെ പേരില്‍ അവരുടെ വിനാശകരമായ അജണ്ട മുന്നോട്ടുകൊണ്ടുപോവുക എന്നതാണ് ചിലരുടെ പ്രവര്‍ത്തന രീതി. ഇതൊരു സാങ്കല്‍പ്പിക കഥയല്ല, ലോകത്തിന്റെ പല രാജ്യങ്ങളിലും സംഭവിച്ച യാഥാര്‍ത്ഥ്യമാണ്. പാശ്ചാത്യ ലോകത്തെ വികസിത രാജ്യങ്ങളില്‍ ഈ അപവാദപ്രചാരണവിപ്ലവത്തിന്റെ ഫലമായി, ജീവിതത്തിന്റെ സ്ഥിരതയും സമാധാനവും സമൃദ്ധിയും പ്രതിസന്ധിയിലായെന്ന് വ്യക്തമായി കാണാം. അറബ് വസന്തം എന്ന് വിശേഷിപ്പിക്കുന്ന കാലം മുതല്‍ അയല്‍രാജ്യമായ ബംഗ്ലാദേശില്‍ ഇപ്പോള്‍ സംഭവിച്ചത് വരെ ഈ രീതി പ്രവര്‍ത്തിക്കുന്നത് നമ്മള്‍ കണ്ടു. ഭാരതത്തിലുടനീളം, പ്രത്യേകിച്ച് അതിര്‍ത്തിയിലും വനവാസി സമാജം താമസിക്കുന്ന മേഖലകളിലും, സമാനമായ ദുഷ്പ്രവണതകള്‍ നാം കാണുന്നുണ്ട്
സാംസ്‌കാരിക ഏകതയുടെയും ഉന്നതമായ നാഗരികതയുടെയും ശക്തമായ അടിത്തറയിലാണ് നമ്മുടെ ദേശീയ ജീവിതം നിലകൊള്ളുന്നത്. നമ്മുടെ സാമൂഹിക ജീവിതം ഉദാത്തമായ ജീവിത മൂല്യങ്ങളാല്‍ പ്രചോദിപ്പിക്കപ്പെടുകയും പരിപോഷിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഈ ദേശീയ ജീവിതത്തെ നശിപ്പിക്കാനോ ഇല്ലാതാക്കാനോ ഉള്ള ഇത്തരം ദുഷ്പ്രവണതകള്‍ മുന്‍കൂട്ടി തടയേണ്ടത് അനിവാര്യമാണ്. ജാഗ്രതാപൂര്‍വം സമൂഹം ഇതിനായി പരിശ്രമിക്കണം. അതിന് നമ്മുടെ സാംസ്‌കാരിക ജീവിതദര്‍ശനത്തെയും ഭരണഘടന നയിക്കുന്ന പാതയെയും അടിസ്ഥാനമാക്കി ഒരു ജനാധിപത്യ പദ്ധതി ഉണ്ടാക്കണം. ആശയപരവും സാംസ്‌കാരികവുമായ മലിനീകരണം പടര്‍ത്തുന്ന ഈ ഗൂഢാലോചനകളില്‍ നിന്ന് ശക്തമായ സംവാദങ്ങളിലൂടെ സമൂഹത്തെ സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
സാംസ്‌കാരിക ശോഷണത്തിന്റെപാര്‍ശ്വഫലങ്ങള്‍
വിവിധ സംവിധാനങ്ങളിലൂടെയും സ്ഥാപനങ്ങളിലൂടെയുമുള്ള വികലമായ പ്രചാരണങ്ങളും കെട്ട മൂല്യങ്ങളും നമ്മുടെ പുതുതലമുറയുടെ ചിന്തകളെയും വാക്കുകളെയും പ്രവൃത്തികളെയും മോശമായി ബാധിക്കുന്നു. മുതിര്‍ന്നവര്‍ക്കൊപ്പം, മൊബൈല്‍ ഫോണുകള്‍ കുട്ടികളുടെ കൈകളിലും എത്തിയിരിക്കുന്നു, അവിടെ കാണിക്കുന്നതും കുട്ടികള്‍ കാണുന്നതുമായ കാര്യങ്ങളില്‍ നിയന്ത്രണമില്ല. ഉപകരണത്തിന്റെ ഉപയോഗം തന്നെ മാന്യതയുടെ ലംഘനമാകുമെന്ന് പരാമര്‍ശിക്കുന്നതെത്ര ബീഭത്സമാണ്. നമ്മുടെ വീടുകളിലും കുടുംബങ്ങളിലും സമൂഹത്തിലും പരസ്യങ്ങള്‍ക്കും വികലമായ ദൃശ്യശ്രാവ്യ സാമഗ്രികള്‍ക്കും മേല്‍ നിയമപരമായ നിയന്ത്രണം അടിയന്തരമായി ആവശ്യമാണെന്ന് തോന്നുന്നു. യുവതലമുറയില്‍ കാട്ടുതീ പോലെ പടരുന്ന മയക്കുമരുന്ന് ശീലം സമൂഹത്തിന്റെ അകം പൊള്ളയാക്കുന്നു. അതുകൊണ്ട് നന്മയിലേക്ക് നയിക്കുന്ന മൂല്യങ്ങള്‍ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്.
‘മാതൃവത് പരദാരേഷു’ എന്ന് വിശ്വസിക്കുന്ന നമ്മുടെ രാജ്യത്ത്, മൂല്യങ്ങള്‍ നഷ്ടപ്പെട്ടതിന്റെ ഫലമായാണ് ബലാത്സംഗം പോലുള്ള സംഭവങ്ങള്‍ ഉണ്ടാകുന്നത്. ഒരു ദ്രൗപദിയുടെ വസ്ത്രത്തില്‍ തൊട്ടപ്പോഴാണ് ഇവിടെ മഹാഭാരതം സംഭവിച്ചത്. ഒരു സീതയെ അപഹരിച്ചപ്പോഴാണ് ഇവിടെ രാമായണം ഉണ്ടായത്. കൊല്‍ക്കത്ത ആര്‍.ജി. കര്‍ ആശുപത്രിയില്‍ നടന്നത് സമൂഹത്തെയാകെ കളങ്കപ്പെടുത്തുന്ന, ലജ്ജാകരമായ സംഭവങ്ങളിലൊന്നാണ്. ഇതിനെതിരെ ഉചിതമായ നടപടി വേഗത്തിലുണ്ടാവണമെന്നാവശ്യപ്പെട്ട് സമൂഹം മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം നിന്നു. എന്നാല്‍ ഇത്രയും ക്രൂരമായ ഒരു കൃത്യം നടന്നതിനു ശേഷവും, കുറ്റവാളികളെ സംരക്ഷിക്കാന്‍ ചിലര്‍ നടത്തുന്ന നിന്ദ്യമായ ശ്രമങ്ങള്‍, കുറ്റകരമായ രാഷ്ട്രീയവും മോശം സംസ്‌കാരവും ചേര്‍ന്ന് നമ്മെ എങ്ങനെ നശിപ്പിക്കുന്നുവെന്ന് കാണിക്കുന്നതാണ്.
സ്ത്രീകളോട് നമ്മുടെ ഭാവന ‘മാതൃവത് പരദാരേഷു’ എന്നതാണ്. ഈ സംസ്‌കൃതി നമുക്ക് പാരമ്പര്യത്തില്‍ നിന്ന് ലഭിച്ചതാണ്. കുടുംബങ്ങളിലും സമൂഹത്തിലും വിനോദത്തിന്റെ മാധ്യമത്തിലൂടെ അറിഞ്ഞോ അറിയാതെയോ കടന്നുവരുന്ന ആശയങ്ങളില്‍ ഈ മൂല്യങ്ങളെ അവഗണിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുണ്ടാക്കും. കുടുംബം, സമൂഹം, മാധ്യമങ്ങള്‍ എന്നിവയിലൂടെ ഈ സാംസ്‌കാരിക മൂല്യങ്ങള്‍ പകര്‍ന്നുനല്‍കുന്ന സംവിധാനം നമ്മള്‍ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്.
ശക്തിയുടെ മഹത്വം
വിഘടനവാദ ആശയങ്ങളുടെ വിളയാട്ടത്തിലൂടെ സംസ്‌കാരത്തെയും സമൂഹത്തെയും തകര്‍ക്കുന്ന പ്രവണതകളാണ് ഇന്ന് ഭാരതത്തിലെമ്പാടും കാണുന്നത്. ജാതി, ഭാഷ, പ്രദേശം തുടങ്ങിയ ചെറിയ ചെറിയ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊതുസമൂഹത്തെ ഭിന്നിപ്പിച്ച് സംഘര്‍ഷമുണ്ടാക്കാനാണ് ശ്രമം. ചെറിയ താല്പര്യങ്ങളിലും അര്‍ധധാരണകളിലും പെട്ട് തലയ്ക്ക് മീതെ ഉയര്‍ന്നുവരുന്ന പ്രതിസന്ധികള്‍ ഏറെ വൈകിയും മനസ്സിലാക്കരുതെന്ന വിധത്തിലാണ് സമൂഹത്തില്‍ കാര്യങ്ങള്‍ നടക്കുന്നത്. ഇതുകൊണ്ടുതന്നെ രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി മേഖലകളായ പഞ്ചാബ്, ജമ്മുകശ്മീര്‍, ലഡാക്ക്, സമുദ്രാതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന കേരളം, തമിഴ്‌നാട്, കിഴക്കന്‍ അതിര്‍ത്തിയിലെ ബിഹാര്‍ മുതല്‍ മണിപ്പൂര്‍ വരെയുള്ള പ്രദേശങ്ങളെല്ലാം അസ്വസ്ഥമാണ്. നേരത്തെ സൂചിപ്പിച്ച എല്ലാ സാഹചര്യങ്ങളും ഈ സംസ്ഥാനങ്ങളിലെല്ലാം ഉണ്ട്.
തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്ന സംഭവങ്ങളും രാജ്യത്ത് പൊടുന്നനെ വര്‍ധിക്കുന്നു. സാഹചര്യത്തിലോ നയങ്ങളിലോ അതൃപ്തി ഉണ്ടാകാം, എന്നാല്‍ അത് പ്രകടിപ്പിക്കാനും എതിര്‍ക്കാനും ജനാധിപത്യ മാര്‍ഗങ്ങളുണ്ട്. അത് പിന്തുടരാതെ ഹിംസയുടെ മാര്‍ഗത്തിലേക്ക് നീങ്ങുക, ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തെ ആക്രമിക്കുക, ഭയം സൃഷ്ടിക്കാന്‍ ശ്രമിക്കുക, ഇത് ഗുണ്ടായിസമാണ്. ഇത്തരം അക്രമങ്ങളെ പ്രേരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു അല്ലെങ്കില്‍ അത് ആസൂത്രിതമായി നടപ്പാക്കുന്നു, അത്തരം പെരുമാറ്റത്തെ ‘അരാജകത്വത്തിന്റെ വ്യാകരണം’ എന്നാണ് ആദരണീയ ഡോ. ബാബാസാഹെബ് അംബേദ്കര്‍ വിശേഷിപ്പിച്ചത്. അടുത്തിടെ ഗണേശോത്സവങ്ങളില്‍ ശ്രീഗണപതി നിമജ്ജന ഘോഷയാത്രകള്‍ക്ക് നേരെ പ്രകോപനമില്ലാതെ കല്ലേറുണ്ടായ സംഭവങ്ങളും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളും ഇതേ രീതിയുടെ ഉദാഹരണമാണ്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ അനുവദിക്കരുത്. ഉണ്ടായാല്‍ത്തന്നെ ഉടനടി നിയന്ത്രിക്കുകയും അക്രമികളെ ഉടന്‍ ശിക്ഷിക്കുകയും ചെയ്യുക എന്നത് ഭരണകൂടത്തിന്റെ ചുമതലയാണ്. പക്ഷേ ഭരണകൂടം എത്തുന്നതുവരെ സമൂഹം സ്വയം സംരക്ഷിക്കാന്‍ തയ്യാറാകണം. പ്രിയപ്പെട്ടവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം. അതിനാല്‍, സമൂഹം എല്ലായ്‌പ്പോഴും പൂര്‍ണ ജാഗ്രത പാലിക്കുകയും, മോശം പ്രവണതകളെയും അവരെ പിന്തുണയ്ക്കുന്നവരെയും തിരിച്ചറിയേണ്ടതിന്റെ ആവശ്യകതയുമുണ്ട്.
ഭയപ്പെടാനോ ഭയപ്പെടുത്താനോ സംഘര്‍ഷമുണ്ടാക്കാനോ അല്ല ഈ സാഹചര്യങ്ങള്‍ വിവരിച്ചത്. ഇത്തരമൊരു സാഹചര്യം നിലനില്‍ക്കുന്നുവെന്നത് നാമെല്ലാവരും അനുഭവിക്കുന്നതാണ്. ഈ രാജ്യത്തെ ശക്തമാക്കി ഒരുമയും സന്തോഷവും സമാധാനവും സമൃദ്ധിയും സൃഷ്ടിക്കേണ്ടത് എല്ലാവരുടെയും ആഗ്രഹവും കടമയുമാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്തം ഹിന്ദു സമൂഹത്തിനുണ്ട്. അതുകൊണ്ട് സമാജത്തില്‍ സവിശേഷമായ സാഹചര്യം, അവബോധം, പ്രത്യേക ദിശയില്‍ ഒരുമിച്ചുള്ള പരിശ്രമം എന്നിവ ആവശ്യമാണ്. സമൂഹം സ്വയം ഉണര്‍ന്ന്, സ്വപ്രയത്‌നം കൊണ്ട് സ്വന്തം ഭാഗധേയം എഴുതുമ്പോള്‍, സജ്ജനങ്ങളും സംഘടനകളും സ്ഥാപനങ്ങളും ഭരണസംവിധാനങ്ങളുമെല്ലാം സഹായത്തിനെത്തും. ശരീരം ആരോഗ്യകരമായിരിക്കെ ആദ്യമെത്തുക അസ്വസ്ഥതകളാണ്. പിന്നീട് രോഗങ്ങള്‍ അതിനെ വലയം ചെയ്യുന്നു. ദൈവം പോലും ദുര്‍ബലരെ ശ്രദ്ധിക്കുന്നില്ലെന്ന് പ്രസിദ്ധമായ ഒരു സുഭാഷിതമുണ്ട്,
അശ്വം നൈവ ഗജം നൈവ
വ്യാഘ്രം നൈവ ച നൈവ ച
അജാപുത്രം ബലിം ദദ്യാത്
ദേവോ ദുര്‍ബല ഘാതകഃ
(കുതിരയെയോ ആനയെയോ കടുവയെയോ അല്ല ആട്ടിന്‍കുട്ടിയെയാണ് ബലി നല്കാറുള്ളത്. ദേവന്മാര്‍ പോലും ദുര്‍ബലരെയാണ് വധിക്കുന്നത്). അതുകൊണ്ട് തന്നെ സംഘപ്രവര്‍ത്തനത്തിന്റെ നൂറാംവര്‍ഷം പൂര്‍ത്തിയാകുന്നതോടെ സമൂഹത്തിലെ സജ്ജനങ്ങളെ ചില വിഷയങ്ങളില്‍ സക്രിയമാക്കാനാണ് സ്വയംസേവകര്‍ ആലോചിക്കുന്നത്.
സമരസതയും സദ്ഭാവനയും
സ്വസ്ഥവും സശക്തവുമായ സമാജിക അവസ്ഥയിലേക്കുള്ള ആദ്യ പടി വിവിധ വിഭാഗങ്ങള്‍ക്കിടയിലുള്ള ഐക്യവും സാമാജിക സമരസതയുമാണ്. ചില പ്രതീകാത്മക പരിപാടികള്‍ കൊണ്ടുമാത്രം ഈ ദൗത്യം പൂര്‍ത്തീകരിക്കപ്പെടുന്നില്ല. എല്ലാ വിഭാഗങ്ങളിലും എല്ലാ തലങ്ങളിലും വ്യക്തികളും കുടുംബങ്ങളും തമ്മില്‍ സൗഹൃദം ഉണ്ടായിരിക്കണം. വ്യക്തിഗതമായും കുടുംബ തലത്തിലും നാമെല്ലാവരും ഇതിന് മുന്‍കൈ എടുക്കണം. ഓരോരുത്തരുടെയും ആഘോഷവേളകളില്‍ എല്ലാവരുടെയും പങ്കാളിത്തം വഴി സമാജത്തിന്റെയാകെ ആഘോഷങ്ങളായി മാറണം. ക്ഷേത്രങ്ങള്‍, ജലാശയങ്ങള്‍, ശ്മശാനങ്ങള്‍ മുതലായ പൊതുഉപയോഗത്തിനും ആരാധനയ്ക്കുമുള്ള ഇടങ്ങളില്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും പങ്കാളിത്തം ലഭിക്കാനുള്ള അന്തരീക്ഷം ഉണ്ടാകേണ്ടതുണ്ട്. സാഹചര്യങ്ങള്‍ക്കനുസരിച്ച്, വിവിധ വിഭാഗങ്ങളിലുള്ളവരുടെ ആവശ്യങ്ങള്‍ എല്ലാവരും മനസ്സിലാക്കണം. കുടുംബത്തിലെ കഴിവുള്ളവര്‍ ദുര്‍ബലരായ അംഗങ്ങളെ സഹായിക്കുന്നതുപോലെ, ചിലപ്പോള്‍ നഷ്ടം സഹിച്ചും മറ്റുള്ളവരുടെ അത്തരം ആവശ്യങ്ങള്‍ നിറവേറ്റണമെന്ന ബോധം ഉള്ളില്‍ സൂക്ഷിക്കണം.
സമൂഹത്തില്‍ വിവിധ ജാതിവിഭാഗങ്ങളെ നയിക്കുന്നതിന് അവരവര്‍ തന്നെ സൃഷ്ടിച്ച സ്ഥാപനങ്ങളും സംവിധാനങ്ങളുമുണ്ട്. അതാത് ജാതികളുടെ ക്ഷേമ പുരോഗതി, താത്പര്യ സംരക്ഷണം എന്നിവയുടെ ആശയം ഇവയുടെ നേതൃത്വത്തിലാണ് നടപ്പിലാക്കുന്നത്. ജാതി സമുദായ നേതാക്കള്‍ ഒന്നിച്ചിരുന്ന് ഈ രണ്ടു വിഷയങ്ങളും സ്ഥിരമായി ചര്‍ച്ച ചെയ്താല്‍ സമൂഹത്തില്‍ എല്ലായിടത്തും യോജിപ്പുള്ള സദ്ഭാവനാ പൂര്‍ണമായ പെരുമാറ്റത്തിന്റെ അന്തരീക്ഷം ഉണ്ടാകും. സമൂഹത്തെ വിഭജിക്കാനുള്ള ഒരു കുതന്ത്രവും വിജയിക്കില്ല. വിവിധ ജാതിയിലും വര്‍ഗത്തിലും പെട്ട നമുക്കെല്ലാവര്‍ക്കും നാടിന്റെ നന്മയ്ക്കായി, മുഴുവന്‍ സമൂഹത്തിന്റെയും പ്രയോജനത്തിനായി നമ്മുടെ സ്വന്തം സ്ഥലത്ത്, ഒരുമിച്ച് എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും, പദ്ധതികള്‍ തയ്യാറാക്കി ഫലപ്രാപ്തിയിലെത്തിക്കാനാകുമോ എന്നതാണ് ആദ്യ വിഷയം. നമുക്കിടയില്‍ ദുര്‍ബ്ബലരായ വിഭാഗങ്ങളുടെ ക്ഷേമത്തിനായി നമുക്കെല്ലാവര്‍ക്കും ഒരുമിച്ച് എന്ത് ചെയ്യാന്‍ കഴിയും എന്നതാണ് രണ്ടാമത്തെ വിഷയം. ഇത്തരം ചിന്തകളും പ്രവര്‍ത്തനങ്ങളും തുടര്‍ച്ചയായി നടന്നാല്‍ സമൂഹം ആരോഗ്യമുള്ളതായിത്തീരും. സൗഹാര്‍ദ്ദത്തിന്റെ അന്തരീക്ഷം സംജാതമാകും.
പരിസ്ഥിതി സംരക്ഷണം
രാജ്യത്ത് സമീപ വര്‍ഷങ്ങളില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ആഗോള പ്രശ്‌നമാണ് പരിസ്ഥിതിയുടെ മോശമായ അവസ്ഥ. ഋതുചക്രത്തിന്റെ താളം തെറ്റുകയും പരിസ്ഥിതിപ്രശ്‌നങ്ങള്‍ രൂക്ഷമാവുകയും ചെയ്യുന്നു. ഉപഭോഗവാദത്തിന്റെയും മൗലികവാദത്തിന്റെയും അപൂര്‍ണമായ വൈചാരിക അടിത്തറയില്‍ അധിഷ്ഠിതമായവികസന യാത്ര മനുഷ്യരുള്‍പ്പെടെയുള്ള മുഴുവന്‍ സൃഷ്ടികളുടെയും വിനാശയാത്രയായി മാറിയിരിക്കുന്നു. ഭാരതീയ പാരമ്പര്യത്തില്‍ നിന്ന് ലഭിച്ച സമ്പൂര്‍ണവും സമഗ്രവും ഏകീകൃതവുമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ വികസനപാത സൃഷ്ടിക്കേണ്ടതായിരുന്നു, എന്നാല്‍ നമ്മള്‍ അങ്ങനെ ചെയ്തില്ല. ഇപ്പോള്‍ ഇത്തരത്തിലുള്ള ചിന്തകള്‍ ചെറുതായി കേട്ടുതുടങ്ങിയിട്ടുണ്ട്. മുകള്‍ത്തട്ടില്‍ ചില കാര്യങ്ങള്‍ അംഗീകരിച്ചു, ചില മാറ്റങ്ങളുണ്ടായി. ഇതില്‍ കൂടുതല്‍ ഒന്നും നടന്നിട്ടില്ല. വിനാശത്തിലേക്ക് നയിക്കുന്ന വികസനത്തിന്റെ അപൂര്‍ണമായ പാതയെ അന്ധമായി പിന്തുടരുന്നതിന്റെ അനന്തരഫലങ്ങള്‍ നാം അനുഭവിക്കുകയാണ്. വേനല്‍കാലം ചുട്ടുപൊള്ളുന്നു, മഴക്കാലം എല്ലാം തുടച്ചുനീക്കുന്നു, ശൈത്യകാലം ജീവിതത്തെത്തന്നെ മരവിപ്പിക്കുന്നു. ഋതുക്കളുടെ ഈ ഭ്രാന്തന്‍ തീവ്രത നമ്മള്‍ അനുഭവിക്കുകയാണ്. കാടുകള്‍ വെട്ടി പച്ചപ്പ് നശിപ്പിച്ചു, നദികള്‍ വറ്റി വരണ്ടു, രാസവസ്തുക്കള്‍ ഭക്ഷണത്തെയും ജലത്തെയും വായുവിനെയും ഭൂമിയെയും വിഷലിപ്തമാക്കി, മലകള്‍ ഇടിയാന്‍ തുടങ്ങി, ഭൂമി പൊട്ടിത്തെറിച്ചു തുടങ്ങി. ഈ അനുഭവങ്ങളെല്ലാം ഏതാനും വര്‍ഷങ്ങളായി രാജ്യത്തുടനീളം അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ നഷ്ടങ്ങളെയെല്ലാം അതിജീവിച്ച് നമ്മുടെ വൈചാരികമായ അടിത്തറയില്‍ സുസ്ഥിരവും സമഗ്രവുമായ വികസനത്തിന്റെ സ്വന്തം പാത കെട്ടിപ്പടുക്കുകയല്ലാതെ ഇതിന് പരിഹാരമില്ല. ദേശത്തിന്റെ വൈവിധ്യം കണക്കിലെടുത്ത് മുഴുവന്‍ ഭാരതത്തിലും സമാനമായ ആശയാടിത്തറയിലുള്ള വികേന്ദ്രീകൃത ചിന്ത ഉണ്ടാകുമ്പോള്‍ മാത്രമേ ഇത് സാധ്യമാകൂ. മൂന്ന് ചെറിയ കാര്യങ്ങള്‍ ചെയ്തുകൊണ്ട് സാധാരണജനങ്ങള്‍ക്ക് അവരവരുടെ വീട്ടില്‍ നിന്ന് തന്നെ ഈ പ്രവര്‍ത്തനം തുടങ്ങാം. ആദ്യം വേണ്ടത് ജലത്തിന്റെ ഏറ്റവും കുറഞ്ഞ ഉപയോഗവും മഴവെള്ള സംരക്ഷണവുമാണ്. പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിക്കരുത് എന്നതാണ് രണ്ടാമത്തെ കാര്യം. ഇംഗ്ലീഷില്‍ സിംഗിള്‍ യൂസ് പ്ലാസ്റ്റിക് എന്ന് വിളിക്കുന്നവയുടെ ഉപയോഗം പൂര്‍ണമായും ഉപേക്ഷിക്കണം. മൂന്നാമത്തെ കാര്യം, വീടിന് പുറത്ത് പച്ചപ്പ് വളരാനും മരങ്ങള്‍ നട്ടുപിടിപ്പിക്കാനും തുടങ്ങുക. കാടുകളില്‍നിന്നുള്ള പാരമ്പര്യത്തിന് അനുസൃതമായ വൃക്ഷങ്ങള്‍ എല്ലായിടത്തുമുണ്ടാകണമെന്നത് ശ്രദ്ധിക്കണം. പരിസ്ഥിതിയുമായി ബന്ധപ്പെട്ട നയപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമയമെടുക്കും, എന്നാല്‍ നമ്മുടെ വീട്ടില്‍ നിന്ന് ഈ ലളിതമായ ജോലി വേഗത്തില്‍ ആരംഭിക്കേണ്ടതുണ്ട്.
സാംസ്‌കാരിക ജാഗരണം
സാംസ്‌കാരിക അപചയത്തിന്റെ പ്രശ്‌നത്തില്‍, പ്രധാനമായും സംസ്‌കാരം പകര്‍ന്നു നല്കുന്ന മൂന്നിടങ്ങളിലാണ് സംസ്‌കൃതിയുടെ പുനരുജ്ജീവനവും സംരക്ഷണവും സക്ഷമതയും ഉറപ്പാക്കേണ്ടത്. പട്ടിണി മാറ്റുന്നതിനുള്ള അറിവിനൊപ്പം വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വ വികസനത്തിനുള്ള വഴിയും വിദ്യാഭ്യാസ പദ്ധതി ഒരുക്കുന്നു. രാജ്യത്തിന്റെ സാംസ്‌കാരിക മൂല്യങ്ങള്‍ പ്രതിപാദിക്കുന്ന ഒരു സുഭാഷിതമുണ്ട്
മാതൃവത് പരദാരേഷു പരദ്രവ്യേഷു ലോഷ്ടവത്,.
ആത്മവത് സര്‍വ ഭൂതേഷു യഃ പശ്യതി സഃ പണ്ഡിതഃ
സ്ത്രീകളെ അമ്മയായി കണക്കാക്കുക, മറ്റുള്ളവരുടെ സമ്പത്ത് വെറും മണ്ണെന്ന് കണ്ട് കഠിനാധ്വാനത്തിലൂടെ, നേര്‍വഴിയിലൂടെ പണം സമ്പാദിക്കുക, എല്ലാവരെയും സ്വന്തമെന്ന് കരുതി മറ്റുള്ളവര്‍ക്ക് വേദനയും കഷ്ടപ്പാടും ഉണ്ടാക്കുന്നതൊന്നും ചെയ്യാതിരിക്കുക, ഈ സ്വഭാവമുള്ളവനെ പണ്ഡിതനായി കണക്കാക്കുന്നു. പുതിയ വിദ്യാഭ്യാസ നയത്തില്‍ ഇത്തരത്തിലുള്ള മൂല്യങ്ങളും അതിനനുസരിച്ചുള്ള പാഠ്യപദ്ധതിയും ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും പ്രാഥമികതലം മുതല്‍ ഉന്നതവിദ്യാഭ്യാസം വരെയുള്ള അദ്ധ്യാപകര്‍ ഇതിന് ഉദാഹരണമായി വിദ്യാര്‍ത്ഥികള്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെടാതെ ഈ വിദ്യാഭ്യാസം ഫലപ്രദമാകില്ല. അതിനാല്‍ അദ്ധ്യാപകരെ പരിശീലിപ്പിക്കാന്‍ പുതിയ സംവിധാനം ഉണ്ടാക്കണം. രണ്ടാമത്തെ സ്ഥാനം സാമാജിക അന്തരീക്ഷമാണ്. ജനങ്ങളുടെ ഇഷ്ടപാത്രങ്ങളായ പ്രമുഖവ്യക്തികളുടെ പെരുമാറ്റത്തില്‍ ഈ സംസ്‌കാരം പ്രകടമാകണം. ജനപ്രീതി കാരണം നിരവധി ആളുകള്‍ അവരെ അനുകരിക്കും. ഈ ജനപ്രിയവ്യക്തികളുടെ സ്വാധീനത്തില്‍ സമൂഹത്തില്‍ നടക്കുന്ന വിവിധ ജ്ഞാനോദയ പ്രവര്‍ത്തനങ്ങളിലൂടെ ഈ മൂല്യങ്ങളുടെ വിദ്യാഭ്യാസം നടത്തണം. സോഷ്യല്‍ മീഡിയ സമാജത്തെ തകര്‍ക്കുന്നതിനല്ല, സംയോജിപ്പിക്കുന്നതിനുള്ളതാണ്, സംസ്‌കാരഹീനമാക്കാനല്ല, സംസ്‌കാര സമ്പന്നമാക്കാനുള്ളതാണ് എന്ന കാര്യം അത് ഉപയോഗിക്കുന്ന എല്ലാ സജ്ജനങ്ങളും ശ്രദ്ധിക്കണം.
വിദ്യാഭ്യാസവും അതിന്റെ ഫലമായ സ്വഭാവരൂപീകരണവും ആരംഭിക്കുന്നത് മൂന്ന് മുതല്‍ 12 വരെ പ്രായമുള്ള സമയത്ത് വീടിനുള്ളില്‍ നിന്നാണ്. വീട്ടിലെ മുതിര്‍ന്നവരുടെ പെരുമാറ്റം, ചുറ്റുപാടുകള്‍, സംഭാഷണങ്ങള്‍ എന്നിവയിലൂടെയാണ് ഈ വിദ്യാഭ്യാസം സാധ്യമാകുന്നത്. നമ്മളോരോരുത്തരും, വീടിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഇത്തരത്തിലുള്ള സംഭാഷണം സ്വാഭാവികമായി നടക്കുന്നില്ലെങ്കില്‍ ആഴ്ച തോറും ബോധപൂര്‍വമായിത്തന്നെ അത് ആരംഭിക്കേണ്ടിവരും. തനിമയിലുള്ള അഭിമാനം, രാജ്യസ്‌നേഹം, ധാര്‍മ്മികത, നീതിബോധം, കടമ തുടങ്ങി നിരവധി ഗുണങ്ങള്‍ ഈ പ്രായത്തില്‍ വികസിക്കുന്നു. ഇത് തിരച്ചറിഞ്ഞ് സ്വന്തം വീട്ടില്‍ നിന്ന് തന്നെ ഈ കാര്യം തുടങ്ങേണ്ടി വരും.
പൗരബോധം
സംസ്‌കാരം ദൃശ്യമാകുന്ന മറ്റൊരു വശം നമ്മുടെ സാമൂഹികമായ പെരുമാറ്റത്തിലാണ്. സമൂഹത്തില്‍ നമ്മള്‍ ഒരുമിച്ചാണ് ജീവിക്കുന്നത്. നമുക്ക് ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കാന്‍ വേണ്ടിയാണ് ചില നിയമങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്. നാടിന്റെയും കാലത്തിന്റെയും സാഹചര്യങ്ങള്‍ക്കനുസരിച്ച് അവയും മാറിക്കൊണ്ടേയിരിക്കും. എന്നാല്‍ നമുക്ക് സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കാന്‍ കഴിയണമെങ്കില്‍, ആ നിയമങ്ങള്‍ ആദരവോടെ പാലിക്കേണ്ടത് അത്യാവശ്യമാണ്. ഒരുമിച്ച് ജീവിക്കുമ്പോള്‍, പരസ്പരമുള്ള പെരുമാറ്റത്തില്‍ ചില കടമകളും അച്ചടക്കങ്ങളും വളര്‍ത്തിയെടുക്കുന്നു. നിയമവും ഭരണഘടനയും അത്തരത്തിലുള്ള ഒരു സാമൂഹിക അച്ചടക്കമാണ്. സമൂഹത്തില്‍ എല്ലാവരും സന്തോഷത്തോടെ, ഒരുമിച്ചു ജീവിക്കണം, മുന്നോട്ടുപോകണം, ചിതറിപ്പോകരുത്, അതിനുവേണ്ടി നിര്‍മ്മിക്കപ്പെട്ട നിയമവും നിര്‍വഹണസംവിധാനവും നിലവിലുണ്ട്. നമ്മള്‍ ഭാരതത്തിലെ ജനങ്ങള്‍ നമ്മുടെ സ്വന്തം ഭരണഘടനയോട് പ്രതിബദ്ധതയുള്ളവരായിരിക്കും. ഭരണഘടനയുടെ ഈ ആമുഖ വാചകത്തിന്റെ ആത്മാവ് മനസിലുറപ്പിച്ച് ഭരണഘടനയും നിയമവും നിര്‍ദേശിക്കുന്ന കര്‍ത്തവ്യങ്ങള്‍ സമര്‍ത്ഥമായ രീതിയില്‍ എല്ലാവരും നിര്‍വഹിക്കേണ്ടതുണ്ട്. ചെറുതും വലുതുമായ എല്ലാ കാര്യങ്ങളിലും ഈ നിയമവും വ്യവസ്ഥയും പാലിക്കണം. താമസത്തിന് നിയമങ്ങളുണ്ട്, വിവിധ തരത്തിലുള്ള നികുതികള്‍ കൃത്യസമയത്ത് അടയ്‌ക്കേണ്ടതുണ്ട്, വ്യക്തിപരവും സാമൂഹികവുമായ സാമ്പത്തിക കാര്യങ്ങളില്‍ പാലിക്കേണ്ട ശുദ്ധിയും സുതാര്യതയും അച്ചടക്കവുമുണ്ട്. അത്തരം നിരവധി നിയമങ്ങള്‍ കര്‍ത്തവ്യഭാവത്തോടെ പൂര്‍ണമായി പാലിക്കണം. നിയമങ്ങളും ചട്ടങ്ങളും അക്ഷരത്തിലും ആത്മാവിലും പാലിക്കണം. ഇത് ശരിയായ അര്‍ത്ഥത്തില്‍ നടപ്പാക്കുന്നതിന് നമ്മുടെ ഭരണഘടനയുടെ നാല് അധ്യായങ്ങളായ ഭരണഘടനയുടെ ആമുഖം, മാര്‍ഗദര്‍ശക തത്വങ്ങള്‍, പൗരന്റെ കടമകള്‍, പൗരാവകാശങ്ങള്‍ എന്നിവയെക്കുറിച്ച് എല്ലായിടത്തും ബോധവല്‍ക്കരണം നടക്കണം. കുടുംബത്തില്‍ നിന്ന് ആര്‍ജ്ജിച്ച പെരുമാറ്റത്തിന്റെ അച്ചടക്കം, സൗമനസ്യത്തോടെയുള്ള ഇടപെടല്‍, സദ്ഭാവന, സാമൂഹികമായ പെരുമാറ്റത്തിലെ രാജ്യസ്‌നേഹം, സാമാജികമായ ഇഴയടുപ്പം, നിയമവും ഭരണഘടനയും കുറ്റമറ്റ രീതിയില്‍ പാലിക്കല്‍. ഇവയെല്ലാം ചേരുന്നതാണ് ഒരാളുടെ വ്യക്തിപരവും ദേശീയവുമായ സ്വഭാവം. രാജ്യത്തിന്റെ സുരക്ഷ, ഐക്യം, അഖണ്ഡത, വികസനം എന്നിവ ഉറപ്പാക്കുന്നതിന്, സ്വഭാവത്തിന്റെ ഈ രണ്ട് വശങ്ങളും കുറ്റമറ്റതും പൂര്‍ണവുമായിരിക്കേണ്ടത് വളരെ പ്രധാനമാണ്. വ്യക്തിപരവും ദേശീയവുമായ ഈ പെരുമാറ്റത്തില്‍ നാമെല്ലാവരും ജാഗ്രത പാലിക്കുകയും തുടരുകയും വേണം.
സ്വത്വത്തില്‍ അഭിമാനം
ഈ കാര്യങ്ങളെല്ലാം തുടര്‍ന്നും ആചരിക്കുന്നതിന് ആവശ്യമായ പ്രചോദനം സ്വത്വാഭിമാനമാണ്. നമ്മള്‍ ആരാണ്? എന്താണ് നമ്മുടെ പാരമ്പര്യവും ലക്ഷ്യവും? ഭാരതവാസികള്‍ എന്ന നിലയില്‍, എല്ലാ വൈവിധ്യങ്ങളും ഉണ്ടായിരുന്നിട്ടും, ബൃഹത്തും സര്‍വതിനെയും ഉള്‍ക്കൊള്ളുന്നതുമായ, പ്രാചീനകാലം മുതല്‍ തുടരുന്ന ഈ മാനവികതയുടെ ആത്മസ്വരൂപം എന്താണ്? ഈ കാര്യങ്ങളെക്കുറിച്ചുള്ള അറിവ് എല്ലാവര്‍ക്കും ഉണ്ടായിരിക്കണം. ആ തനിമയുടെ ഉജ്ജ്വലമായ ഗുണങ്ങള്‍ സ്വീകരിക്കുന്നതിലൂടെ, അതിന്റെ അഭിമാനം മനസ്സിലും ബുദ്ധിയിലും സ്ഥാപിച്ച് സ്വാഭിമാനം കൈവരിക്കുകയും ചെയ്യുന്നു. തനിമയെക്കുറിച്ചുള്ള അറിവും അഭിമാനവുമാണ് നമ്മുടെ പെരുമാറ്റത്തെ ശക്തവും ആര്‍ജവമുള്ളതുമാക്കുന്നത്. ലോകത്ത് നമ്മുടെ പുരോഗതിക്കും സ്വാശ്രയത്വത്തിനും അത് കാരണമാകുന്നു. അതിനെയാണ് നമ്മള്‍ സ്വദേശി ആചരണം എന്ന് പറയുന്നത്. സമൂഹത്തിലെ ദൈനംദിന ജീവിതത്തില്‍ വ്യക്തികളുടെ സ്വദേശീയമായ പെരുമാറ്റത്തെ ആശ്രയിച്ചേ വലിയൊരൊളവോളം അത് ദേശീയ നയത്തില്‍ ആവിഷ്‌കരിക്കപ്പെടുകയുള്ളൂ. വീട്ടില്‍ ഉണ്ടാക്കുന്നത് പുറത്തുനിന്ന് കൊണ്ടുവരേണ്ടതില്ല. നാട്ടിന്‍പുറത്തെ തൊഴില്‍ വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമുള്ളത് പുറത്തുനിന്ന് നമ്മുടെ നാട്ടിലേക്ക് കൊണ്ടുവരിക. നാട്ടിലുത്പാദിക്കുന്നത് പുറത്തുനിന്ന് കൊണ്ടുവരാതിരിക്കുക, നാട്ടില്‍ ഉത്പാദിപ്പിക്കുന്നില്ലെങ്കില്‍ അതില്ലാതെ കാര്യം നടത്തുക. ജീവിതത്തില്‍ അനിവാര്യമായ വസ്തു, അതില്ലാതെ സാദ്ധ്യമല്ലെങ്കില്‍ മാത്രം വിദേശത്ത് നിന്ന് വാങ്ങുക. ഭാഷ, വസ്ത്രധാരണം, നാമജപം, വീട്, യാത്ര, ഭക്ഷണം ഇതെല്ലാം നമ്മുടെ തനിമയ്ക്കും നമ്മുടെ നാടിനും അനുസൃതമായിരിക്കണം. ചുരുക്കത്തില്‍ ഇതാണ് സ്വദേശി ആചരണം. രാജ്യം എല്ലാ മേഖലകളിലും സ്വയംപര്യാപ്തമാകുമ്പോള്‍ സ്വദേശി ആചരണം എളുപ്പമുള്ളതാകും. അതിനാല്‍, ഒരു സ്വതന്ത്ര രാജ്യമെന്ന നിലയില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ കഴിയുന്ന ഒരു നയം ഉള്‍ക്കൊള്ളണം, അതേസമയം, സ്വദേശി ആചരണം ജീവിതത്തിന്റെയും സ്വഭാവത്തിന്റെയും ഭാഗമാക്കാന്‍ സമൂഹം ബോധപൂര്‍വം ശ്രമിക്കണം.
മനസാ വാചാ കര്‍മണാ
എല്ലാ തരത്തിലുമുള്ള തീവ്രവാദത്തില്‍ നിന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്നും സ്വയം അകന്നുനില്‍ക്കുക എന്നതാണ് ദേശീയ ചാരിത്ര്യത്തിന്റെ മറ്റൊരു പ്രധാന വശം. നമ്മുടെ രാജ്യം വൈവിധ്യങ്ങള്‍ നിറഞ്ഞതാണ്. അവയെ നമ്മള്‍ ഭിന്നതകളായി കണക്കാക്കുന്നില്ല, അങ്ങനെ പരിഗണിക്കേണ്ടതില്ല. നമ്മുടെ വൈവിധ്യം സൃഷ്ടിയുടെ സ്വാഭാവിക സവിശേഷതയാണ്. ഇത്രയും പ്രാചീനമായ ചരിത്രവും വിശാലമായ വിസ്തൃതിയും വന്‍ജനസംഖ്യയുമുള്ള ഒരു രാജ്യത്ത് ഈ പ്രത്യേകതകളെല്ലാം സ്വാഭാവികമാണ്. ഓരോരുത്തരുടെയും സവിശേഷതയിലുള്ള അഭിമാനവും അവയോടുള്ള സംവേദനക്ഷമതയും സ്വാഭാവികമാണ്. ഈ വിവിധതകളിലൂടെ മുന്നോട്ടുപോകുന്ന സാമൂഹിക ജീവിതത്തിലും രാജ്യത്തിന്റെ നടത്തിപ്പിലും സംഭവിക്കുന്ന എല്ലാ കാര്യങ്ങളും എല്ലായ്‌പ്പോഴും എല്ലാവര്‍ക്കും അനുകൂലമായിരിക്കാനോ എല്ലാവരെയും സന്തോഷിപ്പിക്കാനോ സാധ്യമായതാവില്ല. എല്ലാ കാര്യങ്ങളും ഏതെങ്കിലും ഒരു സമൂഹം ചെയ്യുന്നതല്ല. ഇവയ്ക്ക് മറുപടിയായി, ക്രമസമാധാനം ലംഘിച്ച്, നിയമവിരുദ്ധമോ അക്രമാസക്തമോ ആയ മാര്‍ഗങ്ങളിലൂടെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക, സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗത്തെ ഉത്തരവാദികളാക്കുക, മനസാ വാചാ കര്‍മണാ പരിധികള്‍ ലംഘിക്കുന്നത് രാജ്യത്തിനും രാജ്യത്തെ ഏതൊരു പൗരനും ദോഷകരമാണ്. സഹിഷ്ണുതയും സദ്ഭാവവും ഭാരതത്തിന്റെ പാരമ്പര്യമാണ്. അസഹിഷ്ണുതയും ദുര്‍ഭാവനയും രാഷ്ട്രവിരുദ്ധമാണ്, മനുഷ്യ വിരുദ്ധവുമാണ്. അതുകൊണ്ട്, എത്ര പ്രകോപനമുണ്ടായാലും അത്തരം ക്ഷോഭങ്ങളില്‍നിന്ന് സ്വയം ഒഴിവായി സമാജത്തെ രക്ഷിക്കണം. ഒരാളുടെ വിശ്വാസത്തെയോ പവിത്രസ്ഥാനത്തെയോ, മഹാപുരുഷരെയോ പുണ്യഗ്രന്ഥത്തെയോ അവതാരത്തെയോ സന്ന്യാസിശ്രേഷ്ഠരെയോ മനസാ വാചാ കര്‍മണാ അപമാനിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. നിര്‍ഭാഗ്യവശാല്‍, മറ്റൊരാളില്‍ നിന്ന് ഇതുപോലൊന്ന് സംഭവിച്ചാലും, നമ്മള്‍ സ്വയം നിയന്ത്രിക്കണം. എല്ലാറ്റിനും ഉപരിയാണ് സമാജത്തിന്റെ ഏകാത്മതയും സദ്ഭാവവും. ഇത് ഏത് രാഷ്ട്രത്തിനും, ഏത് കാലത്തും പരമമായ സത്യമാണ്, മനുഷ്യരുടെ സന്തോഷകരമായ അസ്തിത്വത്തിനും സഹവര്‍ത്തിത്വത്തിനുമുള്ള ഒരേയൊരു പരിഹാരമാണ്.
ഉന്നതിയുടെ മാര്‍ഗം സംഹതാശക്തിയും സുശീലവും
എന്നാല്‍ സത്യത്തെ മൂല്യമായി അംഗീകരിക്കുന്നതല്ല ആധുനിക ലോകത്തിന്റെ രീതി, മറിച്ച് ശക്തിയെയാണ് അംഗീകരിക്കുന്നത്. ഭാരതത്തിന്റെ വളര്‍ച്ചയോടെ അന്താരാഷ്ട്ര ഇടപാടുകളില്‍ സദ്ഭാവവും സന്തുലിതാവസ്ഥയും ഉണ്ടാകുമെന്നും ലോകം സമാധാനത്തിലേക്കും സാഹോദര്യത്തിലേക്കും നീങ്ങുമെന്നും എല്ലാ രാജ്യങ്ങള്‍ക്കും അറിയാം. എന്നാലും, സ്വാര്‍ത്ഥതയോ അഹങ്കാരമോ വിദ്വേഷമോ കാരണം ഭാരതത്തെ ഒരു പരിധിക്കുള്ളില്‍ തളച്ചിട്ട്, അതിന്റെ വികസനത്തെ തടസപ്പെടുത്താനുള്ള ശക്തമായ രാജ്യങ്ങളുടെ ശ്രമങ്ങള്‍ നാമെല്ലാവരും അനുഭവിക്കുന്നു. ഭാരതത്തിന്റെ ശക്തി എത്രത്തോളം വര്‍ധിക്കുന്നുവോ അത്രത്തോളം സ്വീകാര്യതയും വര്‍ധിക്കും. ‘ബല്‍ഹീനോം കോ നഹിം പൂഛ് താ ബലവാനോം കോ വിശ്വ പൂജ്താ’ (ലോകം ദുര്‍ബലരോട് സംസാരിക്കുന്നില്ല, എന്നാല്‍ ശക്തനെ പൂജിക്കുന്നു)
ഇതാണ് ഇന്നത്തെ ലോകത്തിന്റെ രീതി. അതിനാല്‍, മേല്‍പ്പറഞ്ഞ സംയോജനത്തിന്റെയും സംയമനത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നതിന്, സജ്ജനങ്ങളുടെ ശാക്തീകരണമുണ്ടാകേണ്ടതുണ്ട്. ശക്തി സൗശീല്യംകൊണ്ട് നിറയുമ്പോള്‍, അത് സമാധാനത്തിന്റെ അടിസ്ഥാനമായി മാറും. ദുഷ്ടന്മാര്‍ സ്വാര്‍ത്ഥ കാരണങ്ങളാല്‍ ഒത്തുചേരുകയും ജാഗ്രത പാലിക്കുകയും ചെയ്യുന്നു. അവരുടെ നിയന്ത്രണം ശക്തിപ്പെടുത്താന്‍ മാത്രമേ കഴിയൂ. സജ്ജനങ്ങള്‍ക്ക് എല്ലാവരോടും സൗമനസ്യമുണ്ട്. എന്നാല്‍ എങ്ങനെ സംഘടിക്കണമെന്ന് അറിയില്ല. അതുകൊണ്ടാണ് അവര്‍ ദുര്‍ബലരായി കാണപ്പെടുന്നത്. സംഘടിക്കാനുള്ള കഴിവ് കെട്ടിപ്പടുക്കുന്നതിനുള്ള കല അവര്‍ പഠിക്കേണ്ടതുണ്ട്. ഹിന്ദു സമൂഹത്തിന്റെ ഈ പവിത്ര ശക്തിസാധനയുടെ പേരാണ് രാഷ്ട്രീയ സ്വയംസേവക സംഘം എന്നത്. നേരത്തെ സൂചിപ്പിച്ച സദ് ആചരണത്തിന്റെ അഞ്ച് ബിന്ദുക്കളിലൂടെ സമൂഹത്തിലെ സജ്ജനങ്ങളെ ഒരുമിപ്പിക്കുന്നതിനെക്കുറിച്ച് സ്വയംസേവകര്‍ ചിന്തിക്കുന്നു. ഭാരതം പുരോഗമിക്കുന്നത് ഇഷ്ടപ്പെടാത്ത, സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കായി ഭാരതവിരുദ്ധര്‍ക്കൊപ്പം ചേരുന്ന, വെറുപ്പിലും വിദ്വേഷത്തിലും സ്വഭാവംകൊണ്ടുതന്നെ ആനന്ദം കണ്ടെത്തുന്ന ശക്തികളില്‍ നിന്ന് സുരക്ഷിതമായി രാജ്യം മുന്നേറണം. അതിനാല്‍, നല്ല പെരുമാറ്റത്തോടൊപ്പം ശക്തിസാധനയും പ്രധാനമാണ്. അതിനാല്‍, സംഘത്തിന്റെ പ്രാര്‍ത്ഥനയില്‍, ആര്‍ക്കും പരാജയപ്പെടുത്താന്‍ കഴിയാത്ത ശക്തിയും ലോകം തലകുനിക്കുന്ന സുശീലവും ഭഗവാനോട് ആവശ്യപ്പെടുന്നുണ്ട്. ഈ രണ്ട് ഗുണങ്ങളില്ലാതെ, അനുകൂല സാഹചര്യങ്ങളില്‍പ്പോലും, ലോകത്തിന്റെയും മനുഷ്യത്വത്തിന്റെയും ക്ഷേമത്തിനായുള്ള ഒരു പ്രവര്‍ത്തനവും നടക്കില്ല. ഒന്‍പത് ദിനരാത്രങ്ങള്‍ ജാഗരൂകരായി, എല്ലാ ദേവതകളും അവരവരുടെ ശക്തികളെ സംഘടിപ്പിച്ചപ്പോഴാണ് ഗുണസമ്പന്നമായ ശക്തിയോടെ ചിന്മയി ജഗദംബ ഉണര്‍ന്നത്. ദുഷ്ടന്മാരെ നിഗ്രഹിച്ചത്, സജ്ജനങ്ങളെ സംരക്ഷിച്ചത്, ലോകക്ഷേമം പരിപാലിച്ചത്. ഈ വിശ്വമംഗള സാധനയില്‍ സംഘം മൗനപൂജാരിയാണ്. നമ്മുടെ പവിത്രമായ മാതൃഭൂമിയെ പരമവൈഭവശാലിയാക്കാനുള്ള ശക്തിയും വിജയവും ഇതേ സാധനയിലൂടെ നമുക്ക് നേടാനാകും. ഇതേ സാധനയിലൂടെ, എല്ലാ രാജ്യങ്ങളും അവരുടേതായ പുരോഗതി കൈവരിക്കുകയും സന്തോഷവും സമാധാനവും സദ്ഭാവവും നിറഞ്ഞ ഒരു പുതിയ ലോകം സൃഷ്ടിക്കുന്നതില്‍ സംഭാവന നല്‍കുകയും ചെയ്യും. ഈ സാധനയിലേക്ക് എല്ലാവരെയും സാദരം ക്ഷണിക്കുന്നു.
ഹിന്ദുഭൂമി കാ കണ് കണ് ഹോ അബ്
ശക്തി കാ അവതാര്‍ ഉഠേ
ജല് ഥല് സേ അംബര്‍ സേ ഫിര്‍
ഹിന്ദു കി ജയ്ജയ്കാര്‍ ഉഠേ
ജഗജനനി കാ ജയകാര്‍ ഉഠേ
ഹിന്ദു ഭൂമിയിലെ ഓരോ കണികയിലും ഇപ്പോള്‍ ശക്തിയുടെ അവതാരം ഉയര്‍ന്നുവന്നിരിക്കുന്നു. ജലത്തില്‍ നിന്നും ഭൂമിയില്‍ നിന്നും ആകാശത്തുനിന്നും ഹിന്ദുവിന്റെ ജയകാരങ്ങള്‍ വീണ്ടും ഉയരുന്നു. ജഗജനനിക്ക് ജയകാരങ്ങള്‍ ഉയരുന്നു.
ഭാരത് മാതാ കീ ജയ്