അമ്പത്തിയഞ്ചുവര്‍ഷം മുമ്പ് 1969 ജൂണ്‍ 16ന് ആണ് മലപ്പുറം ജില്ലയുണ്ടായത്. അത് വലിയ വിവാദങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും വഴിതുറന്നിരുന്നു. രൂപംകൊള്ളും മുമ്പേ പലരും പല താക്കീതുകളും നല്‍കി; ഉത്കണ്ഠകള്‍ പ്രകടിപ്പിച്ചു. ഓരോ കാലത്തും മലപ്പുറം വിവാദത്തിലൂടെയും വിശേഷവാര്‍ത്തകളിലൂടെയും ശ്രദ്ധേയമായി. കരിപ്പൂരില്‍ കോഴിക്കോട് വിമാനത്താവളം ആരംഭിച്ചപ്പോഴുമുണ്ടായി വിവാദങ്ങളേറെ. കരിപ്പൂര്‍ എന്നും വാര്‍ത്തയില്‍ നിറഞ്ഞിട്ടുണ്ട്, ഇന്നും.
കൊച്ചുകേരളത്തില്‍ പുതിയ ജില്ലകളുടെ രൂപീകരണത്തിന് ഭൂമിശാസ്ത്രത്തേക്കാളും ജനസംഖ്യാ ശാസ്ത്രത്തേക്കാളും പ്രാധാന്യത്തോടെ മാനദണ്ഡമായത് രാഷ്ട്രീയ താല്‍പര്യവും പരിഗണനയുമാണ്. മുസ്ലിംലീഗ്, അവരുടെ രാഷ്ട്രീയ താല്‍പര്യത്തിന് മതതാല്‍പ്പര്യം കൂടിച്ചേര്‍ത്ത് പ്രത്യേകജില്ല വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, സംസ്ഥാനത്ത് ഭരണം പിടിച്ചു നിര്‍ത്താന്‍, തൊട്ടുമുമ്പ് പിളര്‍ന്ന്, ശക്തിചോര്‍ന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ മാര്‍ക്‌സിസ്റ്റുകളായ സിപിഎമ്മാണ് മലപ്പുറം ജില്ലക്ക് പിന്തുണയും അംഗീകാരവും നല്‍കിയത്. കോഴിക്കോടും പാലക്കാടും മുറിച്ച് മലപ്പുറം ഉണ്ടാക്കുകയായിരുന്നു. ഇത് രാഷ്ട്രീയ അപകടമാകുമെന്ന് അന്നുതന്നെ മുന്നറിയിപ്പു നല്‍കിയവര്‍ ഏറെയാണ്. കേരള ഗാന്ധി കെ. കേളപ്പന്‍ പറഞ്ഞു: ”ഇത് രാഷ്ട്രീയ ശിഥിലീകരണം ഉണ്ടാക്കും.” കേളപ്പജിയെ പഴി പറയാനും ആക്ഷേപിക്കാനും മുന്നില്‍ നിന്നത് സിപിഎമ്മായിരുന്നു. അന്ന് മലപ്പുറം ജില്ല, അങ്ങനെ, രൂപീകരിക്കും മുമ്പേത്തന്നെ ദേശീയതലത്തില്‍ ശ്രദ്ധേയമായി. 1969 മെയ് 14ന് വിഭജനവിരുദ്ധസമിതി രൂപീകരിച്ചു; പെരിന്തല്‍മണ്ണയിലായിരുന്നു അത്. സമിതിയുടെ തിരുവനന്തപുരം യോഗം ഉദ്ഘാടനം ചെയ്യാനെത്തിയത് ജനസംഘത്തിന്റെ അന്നത്തെ നേതാവ് അടല്‍ബിഹാരി വാജ്‌പേയി ആയിരുന്നു. 1969 ജൂണ്‍ രണ്ടു മുതല്‍ ജൂലായ് 16 വരെ നടന്ന വിഭജന വിരുദ്ധ പ്രക്ഷോഭത്തില്‍ ദേശീയ രാഷ്ട്രീയത്തിലെ ഒട്ടേറെപ്പേര്‍ പങ്കുചേര്‍ന്നു; ജനസംഘം നേതാവായ മദന്‍ലാല്‍ ഖുറാന, ബച്ച്‌രാജ് സിങ്, നാനാജി ദേശ്മുഖ്, ജഗന്നാഥറാവു ജോഷി തുടങ്ങിയവര്‍. എന്തായാലും 1969 ജൂണ്‍ 16ന് മലപ്പുറം ജില്ല നിലവില്‍വന്നു. ഭാരതത്തിന്റെ സൈനിക അഭിമാനമായിരുന്ന, ജനറല്‍ കരിയപ്പ, മലപ്പുറം ജില്ല അപകടമാകുമെന്ന് അന്നേ പ്രസ്താവിച്ചു. പക്ഷേ, മലപ്പുറം പൊതുവേ മറ്റുജില്ലകളെപ്പോലെയോ അവയ്ക്കും മേലെയോതന്നെ വളര്‍ന്നു വികസിച്ചു.
മലപ്പുറം ഇപ്പോള്‍ വീണ്ടും ദേശീയതലത്തില്‍ രാഷ്ട്രീയമായും മറ്റു തരത്തിലും ചര്‍ച്ചയായിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് അതിനും ‘കാരണഭൂതന്‍’ എന്നത് തികച്ചും യാദൃച്ഛികമാണോ? ഭരിക്കുന്നത് സിപിഎം, മലപ്പുറത്തിന്റെ സ്രഷ്ടാക്കള്‍. അവര്‍ക്ക് രാഷ്ട്രീയ ലക്ഷ്യം മുസ്ലിം ലീഗിനെ വീണ്ടും ഇടതുപക്ഷ മുന്നണിയില്‍ കൊണ്ടുവരിക എന്നതാണ്. അതായത് ലീഗിനെ 55 വര്‍ഷം മുമ്പത്തെപ്പോലെ ഒപ്പംകൂട്ടുക. ഇതിനായി പതിറ്റാണ്ടിലേറെയായി നടത്തുന്ന പരിശ്രമത്തിന്റെ പരമാവധിയില്‍ എത്തിനില്‍ക്കുമ്പോഴാണ് മലപ്പുറം വിവാദചര്‍ച്ചയാകുന്നത്.
മലപ്പുറത്തിന്റെ ‘മോശം ചിത്രം’ അവതരിപ്പിച്ചത് മുഖ്യമന്ത്രിയാണ്; തികച്ചും ഔദ്യോഗികമായിത്തന്നെ. അത്, ചിലര്‍ പറയുംപോലെ, ‘ദ ഹിന്ദു’ പത്രത്തിന് നല്‍കിയ അഭിമുഖത്തിലൂടെയല്ല. സപ്തംബര്‍ 21ന് കാലത്ത് 10 മണിക്ക് മുഖ്യമന്ത്രി തിരുവനന്തപുരത്ത് ഓഫീസില്‍ നടത്തിയ പത്രസമ്മേളനത്തിലെ ആദ്യത്തെ ഒരു മണിക്കൂര്‍ 17 മിനിട്ട് മുതല്‍ മൂന്നു മിനിട്ടിലേറെ നീണ്ട വിശദീകരണമാണ് മലപ്പുറത്തെ ഇപ്പോള്‍ വിവാദത്തിലാക്കിയിരിക്കുന്നത്. മലപ്പുറത്തുകാര്‍ നടത്തിയ സ്വര്‍ണ്ണക്കള്ളക്കടത്ത്, അതില്‍ കരിപ്പൂര്‍ വിമാനത്താവളത്തിനുള്ള പങ്ക്, വിശദീകരിച്ച് ആധികാരിക രേഖകള്‍ ഉദ്ധരിച്ച്, മുഖ്യമന്ത്രി പിണറായി വിജയന്‍ വെളിപ്പെടുത്തിയ വിവരങ്ങള്‍ നിര്‍ണായകമാണ്. മുഖ്യമന്ത്രിയുടെ വാക്കുകളില്‍ പറഞ്ഞാല്‍, ‘നാടിനെതിരായ കുറ്റകൃത്യ’മായ സ്വര്‍ണ്ണക്കടത്തിലൂടെ മൂന്നു വര്‍ഷത്തിനിടെ ജില്ലയിലെത്തിയത് 124.47 കിലോഗ്രാം സ്വര്‍ണ്ണവും 87.22 കോടിയുടെ ഹവാലാപ്പണവുമാണ്. മലപ്പുറം ജില്ലയും കരിപ്പൂര്‍ വിമാനത്താവളവും അങ്ങനെ നാടിനെതിരായ കുറ്റകൃത്യത്തിന്റെ താവളമാണ്!
ഇത് മലപ്പുറത്തുകാരെ ഒന്നടങ്കം ആക്ഷേപിക്കുന്നതായി എന്നും, ‘ഹിന്ദു പത്ര’ത്തിനോട് അങ്ങനെ പറഞ്ഞത് ശരിയായില്ലെന്നും മറ്റും മാത്രമായി ആരോപണങ്ങളും വിവാദങ്ങളും വഴിതിരിയുമ്പോള്‍ വാസ്തവത്തില്‍ ചര്‍ച്ച ചെയ്യേണ്ടത് 55 വര്‍ഷം പ്രായമായ മലപ്പുറത്തെക്കുറിച്ചാണ്. സര്‍ക്കാര്‍ അറിവില്‍ പിടികൂടിയ, ‘നാടിനെതിരായ കുറ്റകൃത്യ’ങ്ങള്‍ മാത്രമാണ് മുഖ്യമന്ത്രി പരാമര്‍ശിച്ചത് എന്നത് ഓര്‍മ്മിക്കണം. അത് ‘ദ ഹിന്ദു പത്ര’ത്തില്‍ മുഖ്യമന്ത്രിയുടെ വാക്കായി വന്നത് മുഖ്യമന്ത്രി നിഷേധിച്ചു. പക്ഷേ ഔദ്യോഗിക പത്രസമ്മേളനത്തില്‍ പറഞ്ഞത് അവിടെ രേഖയിലുണ്ട്.
സംസ്ഥാനത്തെ, മലപ്പുറത്തെ സ്വര്‍ണ്ണക്കടത്തു സംബന്ധിച്ച മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലുക്കളെക്കുറിച്ച് സംസ്ഥാന ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഔദ്യോഗികമായി ചോദിക്കുമ്പോള്‍ ‘തര്‍ക്കുത്തരം’ പറഞ്ഞ് രക്ഷപ്പെടുന്ന മുഖ്യമന്ത്രി, തന്റെ ഓഫീസിനെതിരെ, പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ, പരോക്ഷമായി തനിക്കെതിരെ എംബസി വഴി സ്വര്‍ണക്കടത്തു നടത്തുന്നുവെന്നു വാര്‍ത്ത വന്നപ്പോള്‍ ”… എങ്കില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കട്ടെ” എന്നു പറഞ്ഞു ചങ്കുറ്റം (ഇരട്ട) കാണിച്ചല്ലോ. അതെന്താണ് ഈ വിഷയത്തില്‍ ഇവിടെ കാണിക്കാത്തത്. ‘നാടിനെതിരായ കുറ്റകൃത്യം’ തടയാന്‍ കേന്ദ്ര സര്‍ക്കാരും ഗവര്‍ണറും മുഖ്യമന്ത്രിയും പോലീസും ഒന്നിച്ചുനിന്നാല്‍ എളുപ്പമല്ലേ. അത് കേരളത്തിന്റെ രക്ഷയ്ക്ക് സഹായകമാകില്ലേ? പിന്നെയെന്തിന് മടിക്കുന്നുവെന്ന ചോദ്യം ഉയരുന്നുണ്ട്. അപ്പോള്‍ കേരളത്തിന്റെ രക്ഷയും സുരക്ഷയും മുഖ്യമന്ത്രിയുടെ ലക്ഷ്യമല്ലെന്നാണോ കരുതേണ്ടത്?
അതിനിടയിലാണ്, മറ്റൊരു സ്വര്‍ണക്കടത്തുക്കേസില്‍ സംശയ നിഴലിലായിരുന്ന എംഎല്‍എ: കെ.ടി. ജലീല്‍ സുവര്‍ണ വിവാദമുണ്ടാക്കിയത്. സ്വര്‍ണക്കടത്തില്‍ ‘മതം കലര്‍ത്തുക’യായിരുന്നു ജലീല്‍. ‘നാടിനെതിരായ കുറ്റകൃത്യം’ തടയാന്‍ ഭരണഘടനയും ശിക്ഷനിയമവും മറ്റും ഉള്ളപ്പോള്‍, ജനാധിപത്യ ക്രമത്തില്‍ അതാണ് വിനിയോഗിക്കേണ്ടതെന്നിരിക്കെ, മതനേതാക്കള്‍ ഇടപെടണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിയമനിര്‍മ്മാതാവായ ജലീലിന്റെ ആവശ്യം. അത് മതേതര നിലപാടല്ല, മതരാജ്യത്തിനു വേണ്ടിയുള്ള ഭരണക്രമമാണ്. ‘ഫത്വ’കളല്ല, ഭരണഘടനയാണ് പരമം. മറ്റൊരു കേസിനെക്കുറിച്ചുള്ള പരാമര്‍ശത്തിലാണെങ്കിലും കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഒരു ഉത്തരവ് വന്നത് ഈ വിഷയത്തില്‍ ശ്രദ്ധേയമാണ്. ”ഒരു മത വിശ്വാസവും ഭരണഘടനയ്ക്ക് അതീതമല്ല”, എന്ന്.
വിഷയം സ്വര്‍ണക്കടത്താണ്. ചര്‍ച്ച മലപ്പുറം ജില്ല കേന്ദ്രീകരിച്ചാണ്. വിഷയം ഇപ്പോള്‍ ഉയര്‍ത്തിയത് ഭരണകക്ഷിയായ സിപിഎമ്മിന്റെ, എം.എല്‍.എ. മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്തയാളായ പി.വി. അന്‍വര്‍ നാല്‍ക്കവലയില്‍ വിളിച്ചു പറയുന്ന പാര്‍ട്ടി രഹസ്യങ്ങളും സര്‍ക്കാര്‍ വിക്രിയകളും നേതാക്കളുടെ കള്ളക്കളികളും ജനങ്ങള്‍ ചര്‍ച്ചചെയ്യാതിരിക്കാനാണ്. അതൊക്കെ പഴയകാല രാഷ്ട്രീയ അടവുകളാണ്. ഇപ്പോള്‍ ഏത് പഴയ വിഷയവും എപ്പോഴും ചര്‍ച്ച ചെയ്യിക്കാന്‍ ജനങ്ങള്‍ നിയന്ത്രിക്കുന്ന സംവിധാനങ്ങളുണ്ട്.
പക്ഷേ, യഥാര്‍ത്ഥ ചോദ്യം, സ്വര്‍ണംകൊണ്ടുള്ള കള്ളക്കളിയില്‍ ആരു ജയിക്കുന്നുവെന്നതല്ല. സ്വര്‍ണക്കപ്പ് ആര് നേടുന്നുവെന്നതല്ല. കേരളത്തിന്റെ എല്ലാത്തരം സുരക്ഷയേയും ബാധിക്കുന്ന, അതുവഴി രാജ്യത്തിന്റെയാകെ സുരക്ഷയെ ബാധിക്കുന്ന വിഷയത്തില്‍ ഭരണ സംവിധാനങ്ങള്‍ എന്തുചെയ്യുന്നുവെന്നതാണ്. അതെ, നമ്മുടെ നാടിനെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുകയാണെന്ന് പറയുന്നത് മുഖ്യമന്ത്രിയാണ്. ജനങ്ങളാണ് ഇനി ശരിയായി പ്രവര്‍ത്തിക്കേണ്ടതെന്നാണ് ഇതിന്റെ സന്ദേശം.