മധ്യേഷ്യന്‍ ആക്രമണകാരികള്‍ ഇന്ത്യയിലേയ്ക്കു കടന്നുവന്നതു മുതല്‍ ഇന്ത്യയില്‍ അധികാരവും മതവും തമ്മില്‍ ഇടപെടാന്‍ തുടങ്ങി. അതിനുമുന്‍പ് മതം അധികാരത്തെ നിര്‍ണ്ണയിക്കാനോ അതിനെ തകര്‍ക്കാനോ ഒരു കാരണമായിരുന്നതേയില്ല. ഇന്നു കാണുന്ന രീതിയില്‍ മതം എന്ന വാക്കും ഉപയോഗിക്കപ്പെട്ടിരുന്നതായി തോന്നുന്നില്ല. ഹിന്ദുമതവും ബുദ്ധമതവും അക്കാലത്തു സജീവമായിരുന്നെങ്കിലും ഭരണാധികാരികള്‍ ഉള്‍പ്പെടെ ആര്‍ക്കും അവ പരസ്പരം ഏറ്റമുട്ടലിനുള്ള ഉപാധികളായിത്തോന്നിയിരുന്നില്ല. സംഘര്‍ഷങ്ങള്‍ ആശയപരം മാത്രമായിരുന്നു. ഒരാളുടെ ജീവിതകാലത്ത് പലപ്പോഴും രണ്ട് ചിന്താരീതികള്‍ മാറി മാറി സ്വീകരിച്ചതായി കാണാന്‍ കഴിയുന്നുണ്ട്. മൗര്യസാമ്രാജ്യത്തിന്റെ കാലത്ത് ബുദ്ധമതം ഭാരതം മുഴുവന്‍ വ്യാപിച്ചിരുന്നു. എന്നാല്‍ ഗുപ്തന്മാരുടെ കാലത്ത് ഹൈന്ദവാശയങ്ങള്‍ വീണ്ടും സ്വീകരിക്കപ്പെടുന്നു. വാളുകൊണ്ട് മതം പ്രചരിപ്പിക്കുന്ന സെമറ്റിക് മതങ്ങളുടെ രീതി പരിചയിച്ചവര്‍ ഈ മാറ്റത്തില്‍ അത്തരം ഇടപെടലുകള്‍ ഉണ്ടായിട്ടുള്ളതായി പ്രചരിപ്പിച്ചു. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള ഏറ്റുമുട്ടലുകള്‍ നടന്നതായി ചരിത്രത്തില്‍ തെളിവുകളൊന്നുമില്ല. ഹിന്ദുമതത്തിനു കൂടെക്കൂടെയുണ്ടായ തളര്‍ച്ചയും വളര്‍ച്ചയും ആശയപരമായി ഉണ്ടായ സ്വീകാര്യതയും തിരസ്‌കരണവുമായിരുന്നു.
സെമറ്റിക് മതങ്ങളുടെ വരവോടെ അധികാരത്തിനുള്ള ഉപാധികളിലൊന്നായി മതം ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങി. അതിന്റെ തുടര്‍ച്ചയായി ജാതിയും ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങി. മൗര്യരാജാക്കന്മാര്‍ ശൂദ്രരായിരുന്നു. ഗുപ്തന്മാര്‍ വൈശ്യരും. രണ്ടു വിഭാഗക്കാരും അധികാരത്തില്‍ നിന്നു അകറ്റിനിര്‍ത്തപ്പെട്ടവരെന്ന് ഇക്കാലത്ത് പലരും പ്രചരിപ്പിക്കുന്ന വിഭാഗമാണ്. ചരിത്രത്തില്‍ ഇക്കാര്യങ്ങള്‍ തീരെ പ്രചരിപ്പിക്കപ്പെടാതിരിക്കുന്നതില്‍ ബോധപൂര്‍വ്വമായ ഇടപെടല്‍ ഉണ്ടോ എന്നു തീര്‍ച്ചയില്ല. മൗര്യന്മാരുടെയും ഗുപ്തന്മാരുടെയും ജാതിയെക്കുറിച്ച് പ്രധാന ചരിത്രഗ്രന്ഥങ്ങളിലൊന്നും ഒരു പരാമര്‍ശവുമില്ല. എന്നാല്‍ ബ്രാഹ്മണാധിപത്യത്തെ കുറിച്ചും ഹിന്ദുബുദ്ധ ഏറ്റുമുട്ടലിനെക്കുറിച്ചുമൊക്കെ സാങ്കല്പികമായി മെനഞ്ഞെടുത്ത ധാരാളം കഥകള്‍ ഉണ്ടുതാനും. എം.എല്‍. ബാഷാമിന്റെ (Arthur Llewllyn Basham) ‘The wonder that was India’ വായിക്കുന്നതുവരെ മൗര്യന്മാരുടെയും ഗുപ്തന്മാരുടെ ജാതിയെക്കുറിച്ച് ഈ ലേഖകന് അറിയുമായിരുന്നില്ല.
മതത്തെയും ജാതിയെയും സമര്‍ത്ഥമായി പ്രയോജനപ്പെടുത്തിയത് ബ്രിട്ടീഷ് ഭരണാധികാരികളാണ്. പിന്നാക്ക ജാതി വിഭാഗങ്ങളുടെ രക്ഷകരായി ബ്രിട്ടണ്‍ നടിച്ചെങ്കിലും അവരുടെ ഭരണകാലത്ത് ആ വിഭാഗങ്ങള്‍ക്ക് ഒരു തരത്തിലുള്ള സാമൂഹ്യ വളര്‍ച്ചയും ഉണ്ടായില്ല എന്നതാണ് വാസ്തവം. 200 വര്‍ഷക്കാലത്തെ ബ്രിട്ടീഷ് ഭരണത്തിലുണ്ടായതിന്റെ എത്രയോ മടങ്ങാണ് 75 വര്‍ഷത്തെ സ്വതന്ത്ര ഇന്ത്യയിലുണ്ടായത്. എന്നിരുന്നിട്ടും താഴ്ന്ന ജാതി വിഭാഗങ്ങളുടെ സംരക്ഷകരായിരുന്നു ബ്രിട്ടീഷുകാര്‍ എന്ന നിലയില്‍ ഇപ്പോഴും ചിലര്‍ പ്രചാരണം നടത്തുന്നു. ഇന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയും പ്രസിഡന്റുമുള്‍പ്പെടെ 90% ഭരണാധികാരികളും താഴ്ന്ന ജാതിയായി ഒരു കാലത്ത് കണക്കാക്കപ്പെട്ടിരുന്ന വിഭാഗങ്ങളില്‍ നിന്നും വന്നവരാണ്. എങ്കിലും ചിലര്‍ വര്‍ണ്ണ വ്യവസ്ഥയെക്കുറിച്ചും ജാതിയെക്കുറിച്ചും നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നതിന്റെ ദുരുദ്ദേശ്യം എന്താണോ എന്തോ? ഋഗ്വേദത്തില്‍ ഒരേയൊരു ശ്ലോകത്തില്‍ മാത്രമേ ശൂദ്രര്‍ എന്ന പദം ഉപയോഗിക്കുന്നുള്ളൂ. പുരുഷസൂക്തത്തില്‍ മാത്രം. സ്മൃതികളില്‍ ശൂദ്രശബ്ദം പലയിടത്തും പറയുന്നുണ്ടെങ്കിലും തുടര്‍ന്നുള്ള സാമൂഹ്യ യാഥാര്‍ത്ഥ്യം ശൂദ്രന് പാതിത്യം നല്‍കുന്നതല്ല എന്നതാണ് യാഥാര്‍ത്ഥ്യം. മൗര്യന്മാര്‍ മാത്രമല്ല വേറേയും ശൂദ്രരാജാക്കന്മാര്‍ ഇന്ത്യയിലുണ്ടായിരുന്നു. നന്ദരാജാക്കന്മാരും കുശാനന്മാരും സിദ്ധന്മാരും മതിപൂര്‍ രാജാക്കന്മാരുമൊക്കെ ശൂദ്രന്മാരാണെന്നു പറയപ്പെടുന്നു. കേരളരാജാക്കന്മാരും മിക്കവാറും എല്ലാവരും സാമന്തക്ഷത്രിയരായ നായന്മാര്‍ ആയിരുന്നല്ലോ. ഇത്രയധികം രാജാക്കന്മാര്‍ ഈ വിഭാഗത്തില്‍ നിന്നുവരണമെങ്കില്‍ വര്‍ണ്ണവ്യവസ്ഥ എങ്ങനെ ജാതിവിവേചനത്തിന്റെ അടയാളമാകും. മാധ്യമം വാരിക തുറന്നാല്‍ എവിടെയും വര്‍ണ്ണവ്യവസ്ഥയും ജാതിയും അംബേദ്ക്കറുമാണ്. സപ്തംബര്‍ 23-30 ലെ മാധ്യമത്തിലും അതിന്റെ ഭാഗമായൊരു ലേഖനമുണ്ട്. പി.പി.സത്യന്‍ എഴുതിയിരിക്കുന്ന ‘അംബേദ്ക്കറും മാര്‍ക്‌സും കൈകോര്‍ക്കുമോ’ എന്ന ലേഖനത്തിലും വര്‍ണ്ണവ്യവസ്ഥയെക്കുറിച്ചുള്ള വ്യാകുലതകള്‍ തന്നെ. ലോകം മുഴുവന്‍ ഇസ്ലാം മതവിശ്വാസികള്‍ ഷിയ-സുന്നി എന്ന ചേരിതിരിവിന്റെ പേരില്‍ പരസ്പരം കൊല്ലുന്നു. പാകിസ്ഥാനില്‍ ആഴ്ചയില്‍ ഒരു സ്‌ഫോടനമെങ്കിലും ഷിയ പള്ളിയില്‍ നടക്കുന്നു. അഫ്ഗാനിസ്ഥാനിലും ഷിയാകള്‍ ആക്രമിക്കപ്പെടുന്നു. അതൊക്കെ പരിഹരിച്ചിട്ടു പോരെ മാധ്യമം ഹിന്ദുക്കളുടെ ജാതിവ്യത്യാസം പരിഹരിക്കാന്‍ ഒരുങ്ങേണ്ടത്!!
ജാതിയെ രാഷ്ട്രീയത്തിന്റെ കേന്ദ്ര ബിന്ദുവാക്കുക എന്ന ഏറ്റവും അപകടകരമായ നിലപാടിലേയ്ക്ക് കോണ്‍ഗ്രസ് നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ അപകടത്തില്‍ പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ദേശീയതയെക്കുറിച്ച് എല്ലാ ഇന്ത്യക്കാര്‍ക്കും ബോധ്യമുണ്ടായാലേ മതിയാകൂ! പലരും പ്രചരിപ്പിക്കുന്നതുപോലെ ജാതി വലിയ പ്രശ്‌നങ്ങളൊന്നും ഭാരതത്തില്‍ പഴയകാലത്ത് ഉണ്ടാക്കിയിരുന്നില്ല എന്നതാണു യാഥാര്‍ത്ഥ്യം. എന്നാല്‍ അതിന്റെ പേരില്‍ ചിലയിടങ്ങളില്‍ നിലനിന്ന അയിത്തം ഗുരുതരമായ സാമൂഹ്യ വിപത്ത് ആയിരുന്നു. എന്നാലിന്ന് പ്രത്യക്ഷത്തില്‍ അയിത്തം കാര്യമായ രീതിയില്‍ ഇന്ത്യയില്‍ എവിടേയും നിലനില്‍ക്കുന്നില്ല. തമിഴ്‌നാടുപോലെ ചിലയിടങ്ങളില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും മൊത്തത്തില്‍ ജാതി ഇന്നൊരു സാമൂഹ്യ വിപത്ത് എന്ന നിലയില്‍ നിലനില്‍ക്കുന്നില്ല. കേരളം, ബംഗാള്‍, തമിഴ്‌നാട് എന്നിവിടങ്ങളിലൊഴികെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ദളിത് വിഭാഗങ്ങള്‍ രാഷ്ട്രീയനേതൃത്വത്തിലുണ്ട്. ഗുജറാത്തില്‍ അമര്‍സിങ് ചൗധരി എന്ന ആദിവാസി നേതാവ് മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്. 1985 മുതല്‍ 89 വരെ അദ്ദേഹം ഗുജറാത്ത് ഭരിച്ചു. ഹേമാനന്ദബിസ്വാള്‍ ഒഡീഷയില്‍ മുഖ്യമന്ത്രിയായിരുന്ന ആദിവാസി നേതാവായിരുന്നു. ഇപ്പോഴത്തെ മുഖ്യമന്ത്രി മോഹന്‍ ചരണ്‍മാജിയും സന്താള്‍ വിഭാഗത്തില്‍പ്പെട്ട ഒരാദിവാസി വിഭാഗക്കാരനാണ്. ഛത്തിസ്ഗഡ് മുഖ്യമന്ത്രി വിഷ്ണുദേവ് സായിയും ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമെല്ലാം ആദിവാസി വിഭാഗക്കാര്‍ തന്നെ. രാജസ്ഥാനിലെ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മയും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും മാത്രമാണ് ഇന്ത്യയിലെ ബ്രാഹ്മണ മുഖ്യമന്ത്രിമാര്‍. മറ്റു സംസ്ഥാനങ്ങളില്‍ കേരളവും കര്‍ണാടകവും മധ്യപ്രദേശും തുടങ്ങി മിക്കവാറും എല്ലാ സംസ്ഥാനങ്ങളും ഭരിക്കുന്നത് പിന്നാക്കജാതി മുഖ്യമന്ത്രിമാരാണ്.
ഈ നേതാക്കന്മാരുടെ സ്ഥിതി പരിഗണിച്ചാല്‍ ഇന്ത്യയില്‍ ജാതി ഇന്നൊരു ഗുരുതരമായ പ്രശ്‌നമേ അല്ല എന്നു ബോധ്യപ്പെടും. എന്നിരുന്നിട്ടും ജാതിയെ വലിയ ഒരു സാമൂഹ്യവിപത്ത് എന്ന നിലയില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ജമാഅത്ത് ഇസ്ലാമി പ്രസിദ്ധീകരണമായ മാധ്യമം അതിന്റെ ഉദ്ഭവകാലം മുതല്‍ തന്നെ ശ്രമിച്ചു വരുന്നുണ്ട്. ഹിന്ദു സമൂഹത്തെ തമ്മിലടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രസിദ്ധീകരണം പ്രവര്‍ത്തിക്കുന്നത്. ഇത്തരം ഇടുങ്ങിയ മതതാല്പര്യങ്ങള്‍ കൊണ്ട് ലോകത്തിനെന്താണു പ്രയോജനമുള്ളത്? മറ്റു മതങ്ങളെ ഇല്ലാതാക്കി ഇസ്ലാം മതം സ്ഥാപിച്ച പ്രദേശങ്ങളില്‍ പലയിടത്തും ഗോത്രവര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള ഒടുങ്ങാത്ത യുദ്ധമാണ് നടക്കുന്നത്. തുര്‍ക്കിയിലും ഇറാക്കിലും ഇറാനിലും സിറിയയിലുമായി പടര്‍ന്നുകിടക്കുന്ന കുര്‍ദ്ദുകള്‍ മുഖ്യമായും സുന്നിമുസ്ലീങ്ങളാണെങ്കിലും ഐ.എസും സുന്നികളും അവരെ വ്യാപകമായികൊന്നു തള്ളിക്കൊണ്ടിരിക്കുന്നു. മറ്റ് ഇസ്ലാമിക രാഷ്ട്രീയങ്ങളിലും നിരന്തരസംഘര്‍ഷങ്ങള്‍ തന്നെ. അവിടെയെങ്ങും മതം സമാധാനം കൊണ്ടുവരുന്നില്ല. ഇന്ത്യയിലേതുപോലെ ജനാധിപത്യ സ്വഭാവത്തോടുകൂടിയുള്ള മതബോധം നിലനിര്‍ത്തിയാലേ മതത്തിനു നിലനില്പുള്ളൂ. ആചാരങ്ങള്‍ അടിച്ചേല്‍പ്പിച്ചാല്‍ ജനങ്ങള്‍ ഒരിക്കല്‍ അതിനെതിരെ രംഗത്തിറങ്ങുക തന്നെ ചെയ്യും.
ഇറാനിലെ മത ഭരണകൂടം നിലനിന്നു പോകുന്നത് അതിന്റെ സുന്നി-ജൂത വിരോധത്തിന്റെ പേരിലാണ്. അതുരണ്ടും ഇല്ലാതായാല്‍ ഇറാന്‍ എന്ന മതരാഷ്ട്രം അപ്രത്യക്ഷമാകും. അവിടെ ഇപ്പോള്‍ ശ്വാസം മുട്ടിക്കൊണ്ടിരിക്കുന്ന ജനത വലിയ കലാപങ്ങളിലേര്‍പ്പെടാനും നിലവിലുള്ള ഭരണകൂടത്തെ വലിച്ചെറിഞ്ഞ് ജനാധിപത്യം സ്ഥാപിക്കാനും സാധ്യതയുണ്ട്.
കാളീശ്വരം രാജ് ഇന്ത്യയിലെ അറിയപ്പെടുന്ന അഭിഭാഷകനാണ്. മാധ്യമത്തില്‍ അദ്ദേഹം ഒരു ലേഖനമെഴുതിയിരിക്കുന്നു. അത് നമ്മുടെ നാട്ടിലെ ആക്ടിവിസ്റ്റുകളെ കുറിച്ചാണ്. ആക്ടിവിസ്റ്റുകള്‍ വലിയ മനുഷ്യസ്‌നേഹികള്‍ ആണെന്ന തരത്തിലാണ് ‘അധികാരവും ചെറുത്തുനില്പും’ എന്ന ലേഖനത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. സത്യസന്ധമായി കാര്യങ്ങള്‍ വിലയിരുത്തുന്ന ഒരാള്‍ക്ക് കപട ആക്ടിവിസ്റ്റുകളെ ന്യായീകരിക്കാനാവില്ല. ഇന്ത്യയിലെ മൊത്തം ആക്ടിവിസ്റ്റുകളില്‍ രാജ്യനന്മയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ ഏറിയാല്‍ ഒരു ശതമാനം പോലും വരില്ല. ഈ ലേഖകനും വളരെക്കാലം ആക്ടിവിസ്റ്റുകളോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിച്ചയാളാണ്. അവരില്‍ പലരും എത്രമാത്രം രാജ്യവിരുദ്ധരും ഗൂഢതാല്പര്യങ്ങളുള്ളവരുമാണെന്ന് തിരിച്ചറിഞ്ഞ് അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നു പിന്‍വാങ്ങുകയാണുണ്ടായത്.
ഒട്ടുമിക്കവാറും പരിസ്ഥിതി-മനുഷ്യാവകാശ പ്രവര്‍ത്തകരും വിദേശഫണ്ടുകള്‍ കൈപ്പറ്റുന്നുണ്ട്. ഫണ്ടുകൈപ്പറ്റുന്നുവെന്നു മാത്രമല്ല രാജ്യത്തെ തകര്‍ക്കാനായി ബോധപൂര്‍വ്വം പ്രവര്‍ത്തിക്കുന്നുമുണ്ട്. കൂട്ടത്തില്‍ ഇക്കാര്യങ്ങള്‍ ഒന്നും തിരിച്ചറിയാതെ മനുഷ്യനന്മയെ ലാക്കാക്കി പ്രവര്‍ത്തിക്കുന്ന തീരെ ചെറിയ ഒരു വിഭാഗവുമുണ്ട്. രണ്ടുകൂട്ടരേയും തമ്മില്‍ തിരിച്ചറിയുക എളുപ്പമല്ല. ഫാക്ടറികളും വ്യവസായസംരംഭങ്ങളും സ്ഥാപിക്കപ്പെടുമ്പോള്‍ സമീപവാസികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള മാലിന്യപ്രശ്‌നങ്ങള്‍ ഉണ്ടാകാതെ നോക്കേണ്ടത് ജനാധിപത്യ സര്‍ക്കാരുകളുടെ കടമയാണ്. എന്നാല്‍ നമ്മുടെ നാട്ടിലെ സര്‍ക്കാരുകള്‍ അത്തരം കാര്യങ്ങളിലൊന്നും ശ്രദ്ധാലുക്കളല്ല. അതില്‍ നിന്നാണ് ആക്ടിവിസ്റ്റുകള്‍ മുതലെടുക്കുന്നത്. വ്യവസായസ്ഥാപന ഉടമകളില്‍ നിന്നും ക്വാറി ഉടമകളില്‍ നിന്നും സ്ഥിരമായി കൈക്കൂലി വാങ്ങുന്ന ചില ആക്ടിവിസ്റ്റുകളെയും രാഷ്ട്രീയ പ്രവര്‍ത്തകരേയും എനിക്കറിയാം. അവര്‍ വ്യവസായങ്ങളെ അവരുടെ കറവപ്പശുക്കളായിക്കണ്ട് നിരന്തരം ഇല്ലാത്ത പരിസ്ഥിതി പ്രശ്‌നം കുത്തിപ്പൊക്കുക പതിവാണ്.
മാധ്യമത്തില്‍ പതിവുപോലെ കവിതകളുടെ ഒരു വലിയ ശേഖരമുണ്ട്. പത്തു കവികള്‍ അതില്‍ ഭാഗ്യം പരീക്ഷിക്കുന്നു. ഒന്നുപോലും വായനയെ സന്തോഷപ്രദമായ ഒരനുഭവം ആക്കുന്നില്ല. കളത്തറ ഗോപന്‍, എ.കെ.റിയാസ് മുഹമ്മദ്, ബാബുസക്കറിയ, ദുര്‍ഗപ്രസാദ് തുടങ്ങി സുകുമാരന്‍ ചാലിഗദ്ധ വരെ. സുകുമാരന്‍ ചാലിഗദ്ധയുടെ കവിത ‘കോര്‍മ്പെ’ എന്താണെന്ന് ആദ്യം പിടികിട്ടിയില്ല. ‘ചൂണ്ട’ യാണെന്ന് കവിത ശ്രദ്ധിച്ചുവായിച്ചപ്പോഴാണ് മനസ്സിലായത്. അദ്ദേഹത്തിന്റെ പ്രാദേശിക ഭാഷയില്‍ ഉള്ള പദമായിരിക്കാം. അതിനൊരടിക്കുറിപ്പു കൊടുത്ത് വായനക്കാരനെ രക്ഷിക്കാമായിരുന്നു.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ മലയാളി ആല്‍ബം എന്ന പേരില്‍ (സപ്തംബര്‍ 5-29) നമ്പൂതിരി സ്ത്രീകളെക്കുറിച്ചുള്ള ഒരു വിവരണവും ഏതാനും ചിത്രങ്ങളും നല്‍കിയിരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലുള്ള നമ്പൂതിരി സ്ത്രീകളുടെ ചിത്രങ്ങളാണ് കൊടുത്തിരിക്കുന്നത്. അനന്തകൃഷ്ണയ്യര്‍ എന്നയാളുടെ ശേഖരത്തിലുള്ള നമ്പൂതിരി സ്ത്രീകളുടെ ഫോട്ടോകള്‍ ആണ് വിവരണത്തോടൊപ്പം നല്‍കിയിരിക്കുന്നത്. ആ ചിത്രങ്ങളിലൊന്നിലും സ്ത്രീകള്‍ മാറുമറച്ചിട്ടില്ല. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭകാലത്തുപോലും കേരളത്തിലെ ബ്രാഹ്മണസ്ത്രീകള്‍ മാറുമറച്ചിരുന്നില്ല എന്ന യാഥാര്‍ത്ഥ്യം നമ്മളെ അത്ഭുതപ്പെടുത്തുന്നതാണ്. താഴ്ന്ന ജാതി സ്ത്രീകളെ മാറുമറയ്ക്കാന്‍ മേല്‍ജാതിക്കാര്‍ അനുവദിച്ചിരുന്നില്ലെന്നും മേല്‍ജാതിപ്പെണ്ണുങ്ങള്‍ യഥേഷ്ടം മാറുമറച്ചിരുന്നുവെന്നുമുള്ള മിത്തിന്റെ കുമിള പൊട്ടുന്നതാണ് ഈ ചിത്രങ്ങളെല്ലാം. 1911-ല്‍ നടന്ന ഒരു സെന്‍സസ് വിവരവും ചിത്രത്തോടൊപ്പം ചേര്‍ത്തിട്ടുണ്ട്. 3199 നമ്പൂതിരി സ്ത്രീകളില്‍ 2557 പേര്‍ക്കും എഴുത്തും വായനയും അറിയില്ല എന്നതായിരുന്നു അന്നത്തെ യാഥാര്‍ത്ഥ്യം.
വിദ്യാഭ്യാസ പിന്നാക്കാവസ്ഥ, മാറുമറയ്ക്കല്‍ വസ്ത്രധാരണം തുടങ്ങി പല സാമൂഹ്യാവസ്ഥകളും ഏതെങ്കിലും ജാതിയുടേയോ സമുദായത്തിന്റേയോ ഒന്നും പ്രശ്‌നമായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇവിടത്തെ ഭൂപ്രകൃതി പ്രത്യേകതകളോ കാലാവസ്ഥയോ മറ്റോ കാരണം പൊതുവെ ആളുകള്‍ സ്വീകരിച്ചിരുന്നതാണ് അതൊക്കെ. പില്‍ക്കാലത്ത് അതൊക്കെ ക്രമേണ മാറി എന്നല്ലാതെ അതില്‍ ജാതിയുടെ ഘടകങ്ങള്‍ ചേര്‍ത്തുവയ്ക്കുന്നതില്‍ വലിയ അര്‍ത്ഥമുണ്ടെന്നു തോന്നുന്നില്ല. ചരിത്രത്തില്‍ വലിയ സംഭവമായി കൊട്ടിഘോഷിപ്പിക്കപ്പെടുന്ന മാറുമറയ്ക്കല്‍ സമരത്തിന്റെ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ ആവശ്യമായി വന്നിരിക്കുന്നു. 1822ല്‍ മാറുമറയ്ക്കല്‍ സമരം നടന്നത്രേ! പക്ഷേ 1911 ലെ ചിത്രങ്ങളില്‍ നമ്പൂതിരി സ്ത്രീകള്‍ കൂടി മാറുമറക്കുന്നില്ല. അത്ഭുതം തന്നെ.