‘മോഹന്‍ജൊ-ദാരോയിലും ഹാരപ്പയിലും വ്യക്തവും അവ്യക്തവുമായ ഒരു കാര്യം, ഈ രണ്ട് സ്ഥലങ്ങളിലും ഇതുവരെ വെളിപ്പെട്ട നാഗരികത ഒരു പ്രാരംഭ നാഗരികതയല്ല എന്നതാണ്. മറിച്ച് സഹസ്രാബ്ദങ്ങള്‍ നീണ്ട മനുഷ്യ പ്രയത്‌നങ്ങളുടെ ഫലമായി ഇന്ത്യന്‍ മണ്ണില്‍ ഇതിനകം തന്നെ പഴക്കമുള്ളതും മുദ്രപതിപ്പിച്ചതുമായ മറ്റൊന്ന് കൂടിയുണ്ട്. അതിനാല്‍ ഇനിമുതല്‍ പേര്‍ഷ്യ, മെസപ്പൊട്ടേമിയ, ഈജിപ്ത് എന്നിവയ്ക്കൊപ്പം സമൂഹത്തിന്റെ നാഗരിക പ്രക്രിയകള്‍ ആരംഭിക്കുകയും വികസിപ്പിക്കുകയും ചെയ്ത ഏറ്റവും പ്രധാനപ്പെട്ട മേഖലകളിലൊന്നായി ഇന്ത്യയെ അംഗീകരിക്കേണ്ടതുണ്ട്.’
1922- 1927 കാലഘട്ടത്തിനിടയില്‍ അന്നത്തെ ഇന്ത്യ ഗവണ്മെന്റ് നടത്തിയ പുരാവസ്തു ഖനനത്തിന്റെ ഔദ്യോഗിക വിവരണമായ ‘മോഹന്‍ജൊ-ദാരോയും സിന്ധു നാഗരികതയു’ മെന്ന റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ ഖനനത്തിന് നേതൃത്വം നല്‍കിയ സര്‍ ജോണ്‍ മാര്‍ഷല്‍ രേഖപ്പെടുത്തിയ നിരീക്ഷണം ഇപ്രകാരമാണ്. ഇതനുസരിച്ചു ഇന്ന് നാം വിശ്വസിക്കുന്ന ഹാരപ്പന്‍ അല്ലെങ്കില്‍ സിന്ധു നദീതട സാംസ്‌കാരികതയില്‍ നിന്നായിരുന്നില്ല ഭാരതീയരുടെ യഥാര്‍ത്ഥ ദേശീയ ജീവിതമാരംഭിക്കുന്നത്. പകരം അവയ്ക്ക് സാഹസ്രാബ്ദങ്ങള്‍ക്ക് മുമ്പേയാണ്.
ജ്ഞാനത്തിന്റെയും സമത്വത്തിന്റെയും കാലഘട്ടം
മെസൊപ്പൊട്ടേമിയന്‍, ഈജിപ്ഷ്യന്‍ തുടങ്ങിയ ആദ്യകാല നാഗരിക സമൂഹങ്ങള്‍ വിവിധ രൂപത്തിലുള്ള അസമത്വങ്ങളാല്‍ സങ്കീര്‍ണ്ണമായിരുന്നു. എന്നാല്‍ അസമത്വങ്ങളില്ലാത്ത, സമ്പത്തിന്റ വിതരണത്തില്‍ തരംതിരിവുകളില്ലാത്ത അധികാര ശ്രേണികളില്ലാത്തൊരു ഭൂതകാലം ഒരിക്കല്‍ ഭാരതത്തിനുണ്ടായിരുന്നു. അത് സിന്ധു നദീതീരത്തെ ഹാരപ്പയില്‍ ജനവാസമാരംഭിക്കുന്നതിന് എത്രയോ സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പ് ഉദയം ചെയ്തു. അവിടെ രാജവംശങ്ങളോ, പ്രഭുക്കന്മാരോ കൊട്ടാരങ്ങളോ അവരുടേതായ സൈന്യങ്ങളോ, കോടതികളോ, അടിമകളെയോ കണ്ടിരുന്നില്ല. വിഭവങ്ങളും ഉല്‍പ്പാദന പ്രവര്‍ത്തനങ്ങളും സാമൂഹികവും രാഷ്ട്രീയവുമായ വര്‍ഗ്ഗത്തിന്റെ കുത്തകയായിരുന്നില്ല. ഇപ്രകാരം ലോകത്തെ ഏറ്റവും സമത്വ സുന്ദരമായ സമൂഹമായിരുന്നു അത്. ആ നാഗരിക സമൂഹത്തിന്റെ പൊതുഭരണം ഏറ്റവും കുറഞ്ഞ ബലപ്രയോഗത്തിലൂടെ മാത്രമേ നടത്തേണ്ടിയിരുന്നുള്ളൂ. അക്കാലത്ത് സ്ത്രീകള്‍ സമൂഹത്തില്‍ ബഹുമാനിക്കപ്പെടുകയും സഭ, സമിതികള്‍ തുടങ്ങിയ സമൂഹത്തിലെ പ്രധാന ഭരണ ചട്ടക്കൂടുകളുടെ ഭാഗമാകുകയും ചെയ്തിരുന്നു. സ്ത്രീകളില്‍ പലരും കവികളായിരുന്നു: ഘോഷ, വിശ്വവര, അപല, ലോപാമുദ്ര തുടങ്ങിയവരാണ് ആക്കാലത്തെ പ്രമുഖര്‍.
സ്ത്രീകളുള്‍പ്പെടെ സമൂഹത്തിലെ എല്ലാവര്‍ക്കും ഉപനയനം അഥവാ പൂണൂല്‍ ചടങ്ങിന് അവകാശമുണ്ടായിരുന്നു. വേദപഠനത്തിനുള്ള ആരംഭമായിരുന്നു അത്. വിദ്യാഭ്യാസം സാര്‍വത്രികമായിരുന്നു. ആ കാലത്ത് ആചാര്യന്മാരും പണ്ഡിതന്മാരും ഉന്നത വിദ്യാഭ്യാസം നേടിയവരും ബ്രാഹ്മണരെന്ന പേരില്‍ അറിയപ്പെട്ടു. അവര്‍ക്ക് സമൂഹത്തില്‍ ഏറ്റവും ഉയര്‍ന്ന ബഹുമാനം നല്‍കി. ക്ഷത്രിയര്‍ ഭരണാധികാരികളും യോദ്ധാക്കളുമായിരുന്നു. അവര്‍ സമൂഹത്തെ സംരക്ഷിക്കുവാന്‍ താത്പര്യപ്പെട്ടു. കര്‍ഷകരും വ്യാപാരികളും കടയുടമകളും അടങ്ങുന്നതായിരുന്നു വൈശ്യര്‍. ദൈനംദിന ജീവിത കര്‍ത്തവ്യങ്ങള്‍ നിര്‍വഹിച്ച പ്രത്യേകിച്ചു കരകൗശല തൊഴിലാളികള്‍, തോട്ടക്കാര്‍, ശുചീകരണത്തൊഴിലാളികള്‍, എന്നിവര്‍ ശൂദ്രര്‍ എന്നറിയപ്പെട്ടു. ആ കാലത്ത് ഈ നാല് വിശേഷണങ്ങളും ആര്‍ജ്ജിതമായിരുന്നു ജന്മനാ ആയിരുന്നില്ല. ഒന്നും ഒന്നിനെക്കാള്‍ ചെറുതോ വലുതോ ആയിരുന്നില്ല. പകരം സമൂഹത്തിലെ ഏതൊരു സമൂഹത്തിനും അവരുടെ തൊഴിലിന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന പേരുകള്‍ മാത്രമായിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് ഇവ ജാതികളായി പരിണമിക്കുകയും സാമൂഹിക പദവികളുടെ അടിസ്ഥാനം ജന്മമായി മാറുകയും തൊട്ടുകൂടാത്തവരെന്ന പുതിയ വിഭാഗമുണ്ടാകുകയും ചെയ്തു. സ്ത്രീകളുടെ സാമൂഹിക പദവിയ്ക്കും താഴ്ച്ചയുണ്ടായി.
വിവിധ മേഖലകളിലെ വളര്‍ച്ചകൊണ്ട് ലോകത്തിന്റെ അത്ഭുതമായിരുന്നു അന്നത്തെ ഭാരത സമാജം. സഹസ്രാബ്ദങ്ങള്‍ കൊണ്ടു രൂപപ്പെടുത്തിയ സമ്പന്നമായൊരു ബൗദ്ധിക പൈതൃകം അതിനുണ്ടായിരുന്നു. വൈവിദ്ധ്യമാര്‍ന്ന ശാസ്ത്ര മേഖലകളിലെ പുരോഗതിക്ക് വൈദിക നാഗരികത അടിത്തറ പാകി. വേദങ്ങള്‍, ഇതിഹാസങ്ങള്‍, ബ്രാഹ്മണങ്ങള്‍, ആരണ്യകങ്ങള്‍, ഉപനിഷത്തുകള്‍, പുരാണങ്ങള്‍ എന്നിവ തത്വശാസ്ത്രപരവും ആത്മീയവുമായ മേഖലകളിലേക്ക് കടന്നുചെല്ലുക മാത്രമല്ല, ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം എന്നിവയിലും മറ്റും അഗാധമായ ഉള്‍ക്കാഴ്ച ലോകത്തിന് നല്‍കുകയും ചെയ്തു. ഗ്രഹങ്ങളെ കുറിച്ചുള്ള അറിവ്, അന്തരീക്ഷ ഊര്‍ജം, വൈമാനികശാസ്ത്രം, ഗുരുത്വാകര്‍ഷണബലം, അളവ് തൂക്കങ്ങള്‍, ഭൂമിയുടെ വ്യാസം, പ്രപഞ്ചശാസ്ത്രം, സമുദ്രയാത്ര, ഭൂമിയുടെയും ഭൂഖണ്ഡങ്ങളുടെയും ആകൃതി, മാത്യ യന്ത്രം അഥവാ നാവികരുടെ കോമ്പസ്, തോക്ക് പൊടി, സൈനിക മിസൈലുകളും റോക്കറ്റുകളും, ആയുര്‍വേദ മരുന്നുകള്‍, ശസ്ത്രക്രിയകള്‍, ഇന്നത്തെ പ്ലാസ്റ്റിക് സര്‍ജറി, സൂക്ഷ്മമായ നഗരാസൂത്രണവും വാസ്തുവിദ്യയും, കൃഷി, കല, നൃത്തം സംഗീതം, യോഗ, രാഷ്ട്രീയം എന്നിവയില്‍ പ്രാവീണ്യമുള്ളവരായിരുന്നു അവര്‍. അത് അതിന്റെ വ്യാപ്തിയിലും ആത്മാവിലും ആഗോളവും സാര്‍വത്രികവുമായിരുന്നു. പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്, ഈ മഹത്തായ ജീവിത ദര്‍ശനം ഉരുത്തിരിഞ്ഞത് പുണ്യ പുരാതന സരസ്വതിയുടെ തീരത്തായിരുന്നുവെന്നാണ്.
പുനര്‍ജനിക്കുന്ന സരസ്വതി നദി
സരസ്വതി നദി ഒരു മിത്താണെന്ന ആഖ്യാനമാണ് ഭാരതത്തില്‍ ഇത്രയും നാള്‍ നിറഞ്ഞു നിന്നിരുന്നത്. എന്നാല്‍ അതൊരു കെട്ടുകഥയല്ലെന്ന് പ്രാചീന സാഹിത്യങ്ങള്‍ തന്നെ സൂചിപ്പിച്ചിരുന്നു. ഋഗ്വേദം 2.41.16 ല്‍ പരാമശിക്കുന്നത് ‘അംബിതമേ ദേവിതമേ നദിതമേ സരസ്വതി’ അഥവാ ‘അമ്മമാരിലും നദികളിലും ദേവതകളിലും ഏറ്റവും മികച്ചത് സരസ്വതി നദി’ യാണെന്നാണ്. ഋഗ്വേദം 7.36.6 പ്രകാരം സരസ്വതിയെ സപ്തതി സിന്ധുമാതായെന്നാണ് വിളിച്ചിരുന്നത്. ഇത് പ്രകാരം ഏഴ് പോഷകനദികളുള്ളവളാണ് സരസ്വതി. അതില്‍ സിന്ധു നദിയുടെ മാതാവായാണ് സരസ്വതിയെ വിശേഷിപ്പിക്കുന്നത്. ഇത്തരത്തില്‍ സരസ്വതി നദിയെക്കുറിച്ച് ഋഗ്വേദത്തില്‍ കുറഞ്ഞത് എഴുപത് തവണയെങ്കിലും പരാമര്‍ശിക്കുന്നുണ്ട്. വേദങ്ങളില്‍ പ്രകൃതിയാല്‍ അനിയന്ത്രിതമായ, ത്വരിതഗതിയിലൊഴുകുന്ന, രോഷാകുലമായ നദിയായിരുന്നവള്‍. ഋഗ്വേദത്തിനു പുറമെ ബ്രഹ്മാണ്ഡപുരാണം, ശ്രൗതസൂത്ര സാഹിത്യം, മഹാഭാരതം, രാമായണം, ഭഗവത്പുരാണം, വാമനപുരാണം, ഉപനിഷത്തുകള്‍ തുടങ്ങിയ വൈദിക, പ്രാചീന സാഹിത്യങ്ങളില്‍ ഈ പുണ്യനദിയെ സംബന്ധിച്ച പരാമര്‍ശങ്ങളുണ്ട്. യാജ്ഞവല്‍ക്യനെപ്പോലുള്ള ഋഷിമാര്‍ വസിച്ചിരുന്നതും അവരുടേതായ അനേകം പഠനകേന്ദ്രങ്ങളും ആശ്രമങ്ങളും ഈ നദീതീരത്തായിരുന്നു.
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ഓര്‍ഗനൈസേഷന്‍ (ഐ.സ്.ആര്‍.ഒ) യുടെ നേതൃത്വത്തില്‍ ഡിജിറ്റല്‍ എലവേഷന്‍ മോഡലിനൊപ്പം ഇന്ത്യന്‍ റിമോട്ട് സെന്‍സിംഗ് സാറ്റലൈറ്റ് ഡാറ്റയും ഉപയോഗിച്ചാണ് വടക്ക് പടിഞ്ഞാറന്‍ ഭാരതത്തില്‍ സരസ്വതി നദിയുടെ ഗതിയെ സംബന്ധിച്ച് ഇപ്പോള്‍ പഠനം നടക്കുന്നത്. ചരിത്രപരമായ ഭൂപടങ്ങള്‍, പുരാവസ്തു സൈറ്റുകള്‍, ഹൈഡ്രോ-ജിയോളജിക്കല്‍, ഡ്രില്ലിംഗ് ഡാറ്റ എന്നിവ ഇതിനായി ഉപയോഗിക്കുന്നു. പഠനപ്രകാരം സരസ്വതി നദി 1,500 കിലോമീറ്റര്‍ നീളവും മൂന്ന് മുതല്‍ പതിനഞ്ച് കിലോമീറ്റര്‍ വരെ വീതിയും ഏകദേശം അഞ്ച് മീറ്റര്‍ ആഴവുമുള്ളതായിരുന്നുവെന്ന് നിഗമനം ചെയ്യുന്നു. ഹിമാലയത്തില്‍ നിന്ന് ഉത്ഭവിച്ചു ഇന്നത്തെ ഹിമാചല്‍ പ്രദേശ്, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലൂടെ നദി കടന്നുപോയിരിക്കാമെന്ന് കണക്കാക്കുന്നു.
അതിന്റെ തീരത്ത് ശാസ്ത്രീയമായും സാംസ്‌കാരികമായും മികവ് പുലര്‍ത്തുന്ന ശക്തവും സമ്പന്നവുമായ ഒരു നാഗരികത വളര്‍ന്നു. വൈദ്യശാസ്ത്രം, ഗണിതം, ഭൗതികശാസ്ത്രം, പ്രപഞ്ചശാസ്ത്രം, കല, വാസ്തുവിദ്യ, കൃഷി, വിദ്യാഭ്യാസം, ആത്മീയത, സംസ്‌കാരം തുടങ്ങിയ വിവിധ മേഖലകളില്‍ ഈ നാഗരികത വിസ്മയിപ്പിക്കുന്ന നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്തു. എന്നാല്‍ ബി.സി 1900 ഓടെ സരസ്വതി നദി വറ്റിവരണ്ടു. ശാസ്ത്രീയമായി കോണ്ടിനെന്റല്‍ ഡ്രിഫ്റ്റ് അഥവാ ഭൂഖണ്ഡങ്ങളുടെ തെന്നിമാറല്‍ എന്ന പ്രതിഭാസം മൂലം ഇന്ത്യന്‍, യുറേഷ്യന്‍ ഫലകങ്ങള്‍ കൂട്ടിമുട്ടിയതിന്റെ ഫലമായി സരസ്വതി നദിയുടെ രണ്ട് പ്രധാന ഹിമ സ്രോതസ്സുകളായ മാനസരോവറിനടുത്തുള്ള കപല്‍ശിഖര്‍, ഹര്‍-കി-ധുന്‍ താഴ്വരയില്‍ നിന്നും അത് വിച്ഛേദിക്കപ്പെട്ടു. തുടര്‍ന്ന് സരസ്വതിക്ക് അതിന്റെ പ്രധാന പോഷകനദികളായ യമുനയും സത്‌ലെജും നഷ്ടമായി. ഇവ പിന്നീട് യഥാക്രമം ഗംഗയുമായും ബിയാസുമായും കൂടി ചേര്‍ന്നു. സരസ്വതി നദി പൂര്‍ണമായും വറ്റി വരളാന്‍ ഏകദേശം നാന്നൂറ് വര്‍ഷമെടുത്തുവെന്ന് പറയപ്പെടുന്നു.
യൂറോപ്യന്‍ റിമോട്ട് സെന്‍സിംഗ് ഉപഗ്രഹങ്ങളില്‍ നിന്നുള്ള ലാന്‍ഡ്സ്റ്റാറ്റ് ചിത്രങ്ങളും റഡാര്‍ ചിത്രങ്ങളും ഉപയോഗിച്ച് നടത്തിയ പഠനത്തില്‍ സരസ്വതി നദിയുടെ ഉപരിതലവും ഭൂഗര്‍ഭ ഗതിയും ഹിമാചല്‍ പ്രദേശ്, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് വരെ വ്യാപിച്ചിരുന്നതായി കണ്ടെത്തി. എന്നാല്‍ നദി വറ്റി 4000 വര്‍ഷങ്ങള്‍ക്ക് ശേഷവും വലിയ ഭൂഗര്‍ഭ ജലവിതാനമായി അത് ഇന്നും അറുപത് മീറ്റര്‍ താഴെ സ്ഥിതി ചെയ്യുന്നു. ഭാബ അറ്റോമിക് റിസര്‍ച്ച് സെന്ററിലെ ശാസ്ത്രജ്ഞര്‍ ട്രിറ്റിയം വിശകലനം ഉപയോഗിച്ചു നടത്തിയ പരിശോധനയില്‍ ഈ ഭൂഗര്‍ഭജലത്തിന് 8400 വര്‍ഷം പഴക്കമുണ്ടെന്നും ഹിമാലയന്‍ ഹിമാനിയില്‍ നിന്ന് ഉരുത്തിരിഞ്ഞതാണെന്നും തെളിയുകയുണ്ടായി. ഇതുവരെ നടത്തിയ പഠനത്തില്‍ ബി.സി 3000 മുതലുള്ള ആയിരത്തിലധികം പുരാവസ്തു സ്ഥലങ്ങള്‍ ഈ നദിയുടെ ഗതിയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് സരസ്വതിയുടെ തീരത്ത് വളര്‍ന്നുവന്ന ചരിത്രാതീതമായ ഒരു വലിയ നാഗരികതയിലേക്ക് വിരല്‍ ചൂണ്ടുന്നു. വേദങ്ങള്‍ രചിക്കപ്പെട്ടത് ഈ പുണ്യ നദിയുടെ തീരത്താണ്. സരസ്വതി നദിയെ അടിസ്ഥാനമാക്കിയുള്ള മഹാഭാരതം ബി.സി 3000 കാലഘട്ടത്തിലാണ് എഴുതപ്പെട്ടത്.
ഭാരതത്തിന്റേത് വൈദിക സരസ്വതി നാഗരികത
ലോകസമൂഹത്തിനു മാതൃകയും വഴികാട്ടിയുമായിരുന്ന ഭാരതത്തിന്റെ മൂല നാഗരികത പിറന്നത് സരസ്വതി നദീതടത്തിലാണ്. വിദ്യയുടെയും അറിവിന്റെയും ദേവതയായാണ് ദേവി സരസ്വതിയെ ഭാരതീയര്‍ ആരാധിക്കുന്നത്. ഭാരതീയരുടെ അറിവിന്റെയും ജീവിത ദര്‍ശനങ്ങളുടെയും സ്രോതസ്സും അടിസ്ഥാനവുമായ വേദഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടതും വിവിധ കണ്ടുപിടുത്തങ്ങള്‍ നടത്തിയതും ഈ പുണ്യ നദിയുടെ തീരത്തായതിനാലാവാം അതിനെ സരസ്വതിയെന്ന് നാം വിളിച്ചത്.
സരസ്വതി നദി പ്രദേശമായിരുന്ന കുരുക്ഷേത്രയിലെ, ഇന്നത്തെ ഹരിയാന, രാഖിഗര്‍ഹി എന്ന പ്രദേശം സിന്ധുനദീതീരത്തുണ്ടായിരുന്ന ഹാരപ്പയെയും മോഹന്‍ജൊ-ദാരോയെയും അപേക്ഷിച്ച് വലുതും പഴക്കമുള്ളതുമാണെന്ന് അടുത്തിടെ നടത്തിയ പുരാവസ്തു ഖനനത്തില്‍ കണ്ടെത്തുകയുണ്ടായി. ഭാരതത്തിന്റെ പുരാതന നാഗരികതയെ ഹാരപ്പയേക്കാള്‍ രാഖിഗര്‍ഹിയുമായി ബന്ധപ്പെടുത്തുന്നതാണ് കൂടുതല്‍ കൃത്യതയുള്ളതെന്ന് ഈ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 1997 മുതല്‍ ഇവിടെ തുടങ്ങിയ ഖനനത്തിന്റെ മൂന്നാം ഘട്ടത്തില്‍ (2021 മുതല്‍) ഏഴായിരം മുതല്‍ എണ്ണായിരം വരെ പഴക്കമുള്ള ഒരു ജനത അവിടെ ജീവിച്ചിരുന്നതായുള്ള തെളിവുകള്‍ ലഭിക്കുകയുണ്ടായി.ബി.സി 3300 മുതല്‍ 1900 വരെ സിന്ധു നദീതീരത്ത് നിലനിന്നിരുന്ന ഹാരപ്പന്‍ ജനതയാണ് നമ്മുടെ പൂര്‍വ്വികരെന്ന് ധരിക്കുന്ന പശ്ചാത്തലത്തിലാണ് രാഖിഗര്‍ഹിയിലെ പുതിയ വിവരങ്ങളെ നാം പ്രാധാന്യത്തോടെ കാണേണ്ടത്. ചുരുക്കത്തില്‍ സിന്ധു നദീതട നാഗരികത അഥവാ ഹാരപ്പന്‍ നാഗരികത ഈ മഹത്തായ വൈദിക സരസ്വതി നാഗരികതയുടെ ഒരു ഭാഗം മാത്രമായിരുന്നു. ഹാരപ്പ, മോഹന്‍-ജോദാരോ, കാളിബംഗന്‍ (രാജസ്ഥാന്‍), ബനാവാലി, ധോലവീര, ലോഥല്‍ (ഗുജറാത്ത്) എന്നീ പ്രധാന ഹാരപ്പന്‍ പ്രദേശങ്ങള്‍ യഥാര്‍ത്ഥത്തില്‍ സരസ്വതി നദിയുടെ തീരത്തായിരുന്നു സ്ഥിതി ചെയ്തിരുന്നത്. സിന്ധു-സരസ്വതി നാഗരികതയില്‍ സാംസ്‌കാരികമായ ഏകീകൃതത ഉണ്ടായിരുന്നു. ചുരുക്കത്തില്‍, ലഭ്യമായ സമകാലികവും ശാസ്ത്രീയവും ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ തെളിവുകളുടെയും എല്ലാ യുക്തിയുടെയും അടിസ്ഥാനത്തില്‍ ഭാരത സംസ്‌കാരം വൈദിക സരസ്വതി നാഗരികതയെന്നാണ് എന്നറിയപ്പെടേണ്ടത്. കൂടാതെ രാഖിഗര്‍ഹിയില്‍ കണ്ടെത്തിയ അസ്ഥികൂടങ്ങളുടെ ഡി.എന്‍.എ സാമ്പിളുകളുടെ പരിശോധനയില്‍ ആര്യന്‍ അധിനിവേശ സിദ്ധാന്തത്തില്‍ പറയും പ്രകാരമുള്ള വിവിധ വംശങ്ങളുമായി അതിന് ബന്ധമില്ലയെന്ന് കണ്ടെത്തി. എന്നാല്‍ ദക്ഷിണ ഭാരതത്തിലെ ചില ഗോത്രങ്ങളുമായി സാമ്യതയുള്ളതായി തെളിഞ്ഞു. കൂടാതെ തമിഴ് തുടങ്ങിയ ഭാഷകളുമായി സിന്ധുതീരത്തെ ജനങ്ങള്‍ക്ക് ബന്ധമുണ്ടായിരുന്നതായും പഠനങ്ങള്‍ സൂചന നല്‍കുന്നു.
ഹാരപ്പയെന്ന നാമം തുടരേണ്ടതുണ്ടോ?
അടുത്തിടെ എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകത്തില്‍ ഹാരപ്പന്‍ നാഗരികതയ്ക്ക് പകരം സിന്ധു -സരസ്വതി നാഗരികതയെന്ന പദം ചേര്‍ത്തത് ചര്‍ച്ചയായിരുന്നു. കാരണം സിന്ധു നദീതീരത്തെ ഹാരപ്പന്‍ നാഗരികതയില്‍ നിന്നാണ് ഭാരതീയരുടെ ദേശീയ ജീവിതം ആരംഭിച്ചതെന്നാണ് ഇത്രയും നാള്‍ നമ്മെ ധരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ‘ഹാരപ്പ’ യെന്ന പദം പുരാതന കാലം മുതലുള്ള ഭാരതത്തിന്റെ ചരിത്രത്തില്‍ ഒരു തുടര്‍ച്ചയും സൂചിപ്പിക്കുന്ന പദമല്ലെന്ന് മാത്രമല്ല വേദങ്ങളില്‍ പോലും അതിന് ഒരു സ്ഥാനവുമില്ല. സര്‍ മോര്‍ട്ടിമര്‍, വീലര്‍ പോലെയുള്ള ആര്യന്‍ അധിനിവേശ സിദ്ധാന്തത്തിന്റെ വക്താക്കളായിരുന്നു ഈ നാമം ഭാരതീയരുടെ മേല്‍വിലാസമായി അടിച്ചേല്‍പ്പിച്ചത്. മോഹന്‍ജോ-ദാരോയിലെ തദ്ദേശീയരെ കൊന്നൊടുക്കിയെന്ന ആഖ്യാനത്തിന്റെ അടിസ്ഥാനത്തിലുള്ള ആര്യന്‍ അധിനിവേശ സിദ്ധാന്തം പോലുള്ളവ നിലനിറുത്തുന്നതിന് അത്തരമൊരു വേദേതര പദം അവര്‍ക്ക് ഉപയോഗപ്രദമായിരുന്നു. ഹാരപ്പക്കാരെ പലപ്പോഴും വേദത്തിനു മുമ്പുള്ളതോ വേദേതരമെന്നോ വിളിക്കാറുണ്ട്. ഇത് ഹരിയാനയിലെ രാഖിഗര്‍ഹിയിലെ പുതിയ കണ്ടെത്തലുകള്‍ തെറ്റാണെന്ന് തെളിയിക്കുന്നു. അതുകൊണ്ട് തന്നെ ഹാരപ്പയുടെ സ്ഥാനത്ത് നാഗരികതയെ ‘വൈദിക സരസ്വതി നാഗരികത’ എന്ന് വിളിക്കുന്നതാവും ഉചിതം. എന്നാല്‍ ‘ഹാരപ്പന്‍’ എന്ന പദം ഉപയോഗിച്ചു അഭിസംബോധന ചെയ്യുന്നത് മഹത്തായ ഈ രാഷ്ട്രത്തിന്റെ ചരിത്രപഠനത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഭാരതത്തിന്റെ വിഭജനത്തിന് മുമ്പ് പുരാതന നഗര പ്രദേശങ്ങളായ മോഹന്‍ജൊ-ദാരോയ് ക്കൊപ്പം പാകിസ്ഥാനിലെ ഹാരപ്പയെന്ന ഒരു പുരാവസ്തു സ്ഥലത്ത് നിന്ന് ഉരുത്തിരിഞ്ഞ കൃത്രിമവും ആകസ്മികവുമായ പദമാണ് ഹാരപ്പ.
റോമില ഥാപ്പര്‍, ഇര്‍ഫാന്‍ ഹബീബ് പോലുള്ള ഭാരതത്തിലെ മാര്‍ക്സിസ്റ്റ് ചരിത്രകാരന്മാരാണ് സരസ്വതി നാഗരികതയുടെ വിശ്വസനീയതയെ പ്രധാനമായും ചോദ്യം ചെയ്യുന്നത്. നിര്‍ഭാഗ്യവശാല്‍ ബ്രിട്ടീഷ് ഭരണത്തിന് ശേഷം ഭാരതത്തില്‍ അധികാരത്തിലേറിയ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ മുന്‍പുണ്ടായിരുന്ന കൊളോണിയല്‍ നയം തുടരുകയും രാഷ്ട്ര വിരുദ്ധരായ മാര്‍ക്‌സിസ്റ്റ് പണ്ഡിതന്മാര്‍ക്ക് ഭാരതത്തിന്റെ ചരിത്ര പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്നതിനുള്ള ചുമതല നല്‍കുകയും ചെയ്തു. അവര്‍ ഭാരതത്തെ അധിനിവേശക്കാരുടെ രാജ്യമായി ചിത്രീകരിച്ചു. ഹിന്ദു ധര്‍മ്മത്തെ വിലകുറച്ചു അവതരിപ്പിച്ചു. ഭാരതം വിവിധ ദേശീയതകള്‍ ചേരുന്ന ഭൂമിയാണെന്ന് പഠിപ്പിച്ചു. ഇപ്രകാരം ഭാരതത്തിലെ യുവാക്കള്‍ക്ക് രാഷ്ട്രത്തിന്റെ ചരിത്രത്തെ സംബന്ധിച്ച് ആധികാരികമായി നല്‍കിയത് വികലമായ വീക്ഷണങ്ങളാണ്. ഇത് അവരെ സ്വന്തം സംസ്‌കാരത്തെയും ധാര്‍മിക നാഗരികതയെയും നിരന്തരം നിരാകരിക്കാനും ചോദ്യം ചെയ്യുവാനും പ്രേരിപ്പിച്ചു.
ഭാരതത്തിന്റെ മൂല സംസ്‌കൃതി തേടിയുള്ള അന്വേഷണം ഇപ്പോള്‍ സരസ്വതി തീരത്ത് എത്തിച്ചേര്‍ന്നിക്കുകയാണ്. ഒപ്പം കൊളോണിയല്‍ -മാര്‍ക്‌സിസ്റ്റ് ചരിത്ര രചന തെറ്റാണെന്നും അജണ്ടകള്‍ വെച്ചുള്ളവയായിരുന്നു അതെന്നും തെളിയുന്നു. സ്വാതന്ത്ര്യാനന്തരം വിസ്മരിച്ച പല ചരിത്രങ്ങളും നാം അന്വേഷിേക്കണ്ടതായിട്ടുണ്ട്. കൂടാതെ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു നൂറ്റാണ്ട് മുന്‍പ് എത്തിച്ചേര്‍ന്ന നിലവിലെ കാലഗണനകള്‍ പുനഃപരിശോധിക്കുകയും തെറ്റുണ്ടെങ്കില്‍ തിരുത്തുകയും വേണം.
(ന്യൂദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനാണ് ലേഖകന്‍.)