അവിട്ടം നാള്‍ വൈകീട്ട് ആല്‍ത്തറയ്ക്കല്‍ ചൂടുള്ള ചര്‍ച്ച.
നമ്പ്യാരങ്കിളും മുകുന്ദനുണ്ണിയും പിന്നെ ഞാനും.
നമ്പ്യാരങ്കിള്‍ : ‘അല്ല, എന്നാലും അതെങ്ങനെ സംഭവിച്ചു?’
ഓണത്തിന് ഇത്തവണ മദ്യവില്‍പ്പന കുറഞ്ഞു എന്നുള്ളതാണ് വിഷയം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 14 കോടിയുടെ കുറവ്.
വിറ്റുവരവ് ഇത്തവണ വര്‍ദ്ധിക്കും എന്ന് കരുതി ബീവറേജ് തൊഴിലാളികള്‍ക്ക് വമ്പന്‍ ബോണസും നല്‍കിയതാണ്. വര്‍ദ്ധിച്ചില്ലെന്നത് പോകട്ടെ ഇടിവ് സംഭവിച്ചിരിക്കുന്നു.
മുകുന്ദനുണ്ണി ശ്രീജിത് പണിക്കരെപ്പോലെ അനലിസ്റ്റ് ആയി ചമഞ്ഞ് പറഞ്ഞു. ‘മൂന്നു കാര്യങ്ങള്‍ ഞാന്‍ അതില്‍ കാണുന്നുണ്ട്. ഒന്ന് മയക്കുമരുന്നിന്റെ ആധിക്യം. രണ്ട് മലയാളി യുവാക്കളുടെ തിരോധാനം, മൂന്ന് സാമ്പത്തിക മാന്ദ്യം.’
ഞാന്‍ ചോദിച്ചു ‘എന്താ മലയാളിയ്ക്ക് ബോധവല്‍ക്കരണം കൊണ്ട് സ്വഭാവം മാറ്റിക്കൂടെ?’
എല്ലാവരും ചിരിച്ചു.
മുകുന്ദനുണ്ണി പറഞ്ഞു. ‘അങ്ങനെ സംഭവിക്കണമെങ്കില്‍ കാക്ക മലര്‍ന്ന് പറക്കണം.’ കുടിച്ചങ്ങു വാറായി അടിച്ചങ്ങു പൂസായി’ എന്ന് പാടി മുണ്ടു മടക്കി കുത്തി ചെള്ളിക്കാലും കാണിച്ച് ആടിയാടി തല കുത്തി വീണ് കിടക്കുന്നത് മലയാളിയുടെ സ്വതസിദ്ധഭാവമാണ്. ഒരു ഓണക്കാഴ്ചയാണ്’.
‘ഹ.ഹ.ഹ’ എല്ലാവരും ചിരിച്ചപ്പോള്‍ നമ്പ്യാരങ്കിള്‍ പറഞ്ഞു. ‘മുകുന്ദന്‍ പറഞ്ഞ ആ മൂന്നു കാര്യത്തിലും കുറെ ശരിയുണ്ട്. മയക്കുമരുന്ന് ലോബിക്ക് ഭരണസംവിധാനത്തിന്റെ പിന്തുണ ഉണ്ടെന്നു ചില റിപ്പോര്‍ട്ടുകള്‍ വായിക്കുമ്പോള്‍ തോന്നിപ്പോകും. അതിന്റെ വര്‍ദ്ധന ഭീതിതമാണ്. അത് മദ്യപാനത്തെ ബാധിച്ചുവോ അറിയില്ല. ഉണ്ടാവാം. സാമ്പത്തിക മാന്ദ്യം ശരിയാണ്. അതോടൊപ്പം മദ്യത്തിന്റെ വില ഉയര്‍ത്തിയതും കാരണമായിരിക്കാം. മദ്യപാനികള്‍ സമരത്തിനിറങ്ങില്ലെന്ന് സര്‍ക്കാരിന് നന്നായി അറിയാം. അതിനാല്‍ ദുര മൂത്ത് നികുതി വര്‍ദ്ധിപ്പിച്ചത് വിനയായിത്തീര്‍ന്നിരിക്കാം. യുവാക്കളുടെ തിരോധാനം അത് ശരിയാണെന്ന് തോന്നുന്നില്ല. കുറെയേറെ പേര്‍ വിദേശത്തേയ്ക്ക് പോയി. വിദ്യാര്‍ത്ഥികളാണ് അധികവും. പക്ഷെ അതൊന്നും വില്‍പ്പനയിലെ മാന്ദ്യത്തെ ബാധിക്കില്ല. പുകവലിയോടും മദ്യപാനത്തോടും ഒരു വിരക്തി യുവാക്കളില്‍ ഉണ്ടായിട്ടുണ്ട് എന്നുള്ളത് ശരിയാണ്. അത് ബോധവല്‍ക്കരണം കൊണ്ടോ സാമ്പത്തിക ഞെരുക്കം കൊണ്ടോ ആവാം. ചിലരുടെ ഭാഗത്ത് നിന്ന് ‘സര്‍ക്കാര്‍ അങ്ങനെ ഓണത്തിന് കോളടിക്കണ്ട, ഇത്തവണ ഓണത്തിന് കുടി വേണ്ട’ എന്ന ഒരു ക്യാമ്പയിന്‍ ഉണ്ടായിരുന്നു. അത് പലരിലും ഏശിയിട്ടുണ്ടാവാം. പലരും മദ്യപാനത്തില്‍ നിന്നും വിട്ട്‌നിന്നു എന്ന് വേണം കരുതാന്‍. അല്ലാതെ ഇത്ര ഇടിവ് ഉണ്ടാവുകയില്ല.’
ഞാന്‍ പറഞ്ഞു ‘സര്‍ക്കാരിന്റെ മദ്യ നയം തീര്‍ത്തും തെറ്റാണ്. ഒരു വശത്ത് എതിരാണെന്ന് പറയുക മറുവശത്ത് കൂടുതല്‍ മദ്യഷാപ്പുകള്‍ തുറക്കുക. തികഞ്ഞ കപടതയാണെന്ന് എല്ലാവര്‍ക്കും അറിയാം. മദ്യത്തില്‍ നിന്നും വരുമാനം വേണം. എന്നാല്‍ മദ്യത്തെ പ്രോത്സാഹിപ്പിച്ചു എന്നു ആരും തങ്ങളെ കുറ്റപ്പെടുത്തുകയുമരുത്. മദ്യത്തിന് ഇവിടെ കേട്ടുകേള്‍വിയില്ലാത്ത നികുതിയാണ്. കുടിക്കുന്നത് അധികവും തൊഴിലാളികളാണ്. ആ വഴി നശിക്കുന്നതും അവര്‍ തന്നെ. എന്നാല്‍ ഇവരോ തൊഴിലാളി പാര്‍ട്ടി എന്ന് ഞെളിയുകയും ചെയ്യും! ചൂഷണത്തിന്റെയും ഇരട്ടത്താപ്പിന്റെയും അപ്പോസ്തലന്മാര്‍. മലയാളി ചെറുപ്പക്കാര്‍ വിദേശത്ത് പല രാജ്യങ്ങളിലും ചെന്ന് മദ്യ നിര്‍മ്മാണ വ്യവസായം തുടങ്ങി സമ്പന്നരാവുന്നുണ്ട്. അവര്‍ ഇവിടെ തുടങ്ങിയാല്‍ ഓടിക്കും.’
‘അങ്ങനെ ആരോ പറഞ്ഞു കേട്ടു. അതുള്ളതാണോ?’ മുകുന്ദനുണ്ണിയ്ക്ക് സംശയം.
‘പിന്നെ.. യൂറോപ്പില്‍ പലയിടത്തും മലയാളിയുടെ മദ്യം കിട്ടും. പോളണ്ടില്‍ മലയാളി ബിയറും കാലികൂത് 1498 ബിയറും, അയര്‍ലാന്‍ഡില്‍ മഹാറാണി ജിന്‍, കാനഡയില്‍ മന്ദാകിനി മലബാര്‍ വാറ്റ്, യു.കെയില്‍ കൊമ്പന്‍ ബിയര്‍.. മലയാളി ആരാ മോന്‍?’
‘ഹ..ഹ.ഹ.. അമ്പട കുമ്പടാ..’ എല്ലാരും ചിരിയില്‍ പങ്കാളികളായി.
‘എന്നാല്‍ അതൊക്കെ ഇവിടെയും തുടങ്ങി കൂടെ?’
‘അതാ നേരത്തെ പറഞ്ഞത് സംരംഭം പറ്റൂലാ അവരുടെ കാശ് പറ്റും’
‘എന്നാല്‍ പിന്നെ നുമ്മടെ സ്വന്തം ലുലു മുതലാളിയോട് പറഞ്ഞ് അതൊക്കെ ഇറക്കുമതി ചെയ്തൂടെ?’
‘അയ്യോ അത് പറ്റില്ല.. നമുക്ക് ഹറാമാണ്.’
‘അപ്പൊ പിന്നെ എന്ത് ചെയ്യും?’
‘ബീവറേജ് കമ്പനി പൂട്ടി പോവും വരെ കുടിയന്മാര്‍ കുടിച്ച് നശിക്കും. കമ്പനി പൂട്ടിപ്പോയാല്‍ വാറ്റു ചാരായവില്‍പ്പന, അബ്കാരി കോണ്‍ട്രാക്ട്, വിഷമദ്യം അങ്ങനെ തുടര്‍ക്കഥ രചിക്കാം.’
‘ഈ കേരളം നന്നാവണമെങ്കില്‍ കുറെ അധര്‍മ്മികളും അവരുടെ സംഘടനകളും ഇല്ലാതാവണം’ മുകുന്ദനുണ്ണിയ്ക്ക് ദേഷ്യം വന്നു.
‘ആരോ പറഞ്ഞു ഈ ഓണത്തിന് മില്‍മ പാലിന്റെ വില്പന കൂടിയിട്ടുണ്ട്. അതിനാല്‍ മറ്റു സംസ്ഥാനങ്ങളിലെ പാല്‍ നിരോധിച്ച് മില്‍മയ്ക്ക് മദ്യത്തിനെന്നപോലെ 300 -400 ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ സാധ്യത ഉണ്ടെന്ന്. ബാക്കി നികുതികള്‍ 1000 മുതല്‍ 2000 ശതമാനം വര്‍ദ്ധിപ്പിച്ചവര്‍ അതിനും മടിക്കില്ല. ജനങ്ങളെ ദു:ഖത്തിലാഴ്ത്തുന്ന ദുര്‍ഭരണം.’
‘എങ്കിലും മദ്യവില്‍പ്പനയിലെ താല്‍ക്കാലിക ഇടിവിന് നാം ഇത്രയും പറയണോ?’ ഞാന്‍ ചോദിച്ചു.
നമ്പ്യാര്‍ അങ്കിള്‍ അതിന് അനുകൂലമായി പറഞ്ഞു.
‘ശരിയാണ്. 14 കോടി നമുക്ക് വലിയ തുകയായിരിക്കാം. എന്നാല്‍ മുഖ്യനും കൂട്ടര്‍ക്കും അത് ചില്ലറക്കാശാണ്. കണ്ടില്ലേ വയനാട് ദുരന്തത്തിലെ കണക്കില്‍ കോടികളുടെ കളികള്‍.’
‘എല്ലാവരും അറിഞ്ഞപ്പോള്‍ ചീഫ് സെക്രട്ടറി വരെ ഉരുണ്ടു കളിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ചോദിച്ചത് തന്നില്ല എന്ന് വരുത്തി തീര്‍ക്കാനാണ് ഈ കൂട്ടി ഇടല്‍. അല്ലെങ്കിലും ഇവന്മാരുടെ ഒരു കണക്കും സുതാര്യമല്ല. അധര്‍മ്മികളില്‍ നിന്ന് നേരും നെറിയും പ്രതീക്ഷിക്കുന്നത് തെറ്റാണ്. ‘മുകുന്ദനുണ്ണി ഭാഷ കടുപ്പിച്ചു.’
അതിന് മറുപടിയായി ഞാന്‍ പറഞ്ഞു.
‘നമ്മള്‍ ഇന്ത്യക്കാര്‍ ചെലവ് എഴുതി എടുക്കുന്നതില്‍ പൊതുവെ സത്യസന്ധത പുലര്‍ത്താറില്ല. കമ്മ്യൂണിസ്റ്റുകള്‍ക്കാകട്ടെ ധര്‍മ്മ ചിന്തയില്ലാത്തത് കൊണ്ട് അസത്യം പറയുന്നതിനു ഒരു മടിയും ഇല്ല താനും. പണ്ടത്തെ ഒരു സിനിമയിലെ രംഗം ഓര്‍മ്മ വരുകയാണ്. വായനശാലാ വാര്‍ഷികമാണെന്നു തോന്നുന്നു. അതിന്റെ കണക്ക് വായിക്കുകയാണ് ഒരാള്‍. സ്റ്റേജ് കെട്ടാന്‍ മുള വേണം. വളരെ കുറഞ്ഞ വിലയ്ക്ക് മുള വാങ്ങാന്‍ കോതമംഗലത്ത് പോയി, മുള കിട്ടിയില്ല, ചെലവ് ആയിരം. ചെറുതോണിയില്‍ പോയി, മുള കിട്ടിയില്ല, ചെലവ് രണ്ടായിരം അങ്ങനെ ചിലവ് വര്‍ദ്ധിച്ച് വര്‍ദ്ധിച്ച്.. എന്നിട്ട് മുള കിട്ടിയോ? എന്ന് ചോദ്യം ഇല്ല എന്നുത്തരം.
അവസാനം മുളയുടെ വില കണ്ട് നിങ്ങള്‍ ഞെട്ടണ്ട, അത് പോലെ കണ്ണട വാങ്ങാന്‍ നമ്മുടെ മന്ത്രിമാര്‍ ന്യൂയോര്‍ക്കില്‍ പോയിട്ടുണ്ടാവണം.’
‘ഹ.ഹ.ഹ തീര്‍ച്ച’ എല്ലാവരും യോജിച്ചു.
മദ്യത്തോടു വലിയ വിരോധമില്ലാത്ത എക്‌സ് സര്‍വീസ്മാനായ നമ്പ്യാര്‍ അങ്കിള്‍ പറഞ്ഞു. ‘നമ്മള്‍ മദ്യപാനത്തെ ഒരു നീചവൃത്തിയായി കണക്കാക്കാതെ ആധുനികവല്‍ക്കരിക്കണം. ഇതെന്തൊരു ഗോഷ്ടിയാണ്. കള്ള്ഷാപ്പ് എന്ന ബോര്‍ഡ് കണ്ടാല്‍ ശൗചാലയം പോലെ ദൂരെ മാറി എന്നിട്ട് ആളുകള്‍ തലയില്‍ മുണ്ടിട്ട് പോയി കുടിക്കുക. ഛെ വൃത്തികേട്. എല്ലാ സൂപ്പര്‍മാര്‍ക്കറ്റിലും ബിയറും ഒരളവ് വരെ അല്‍ക്കോഹോള്‍ ഉള്ള മദ്യവും അവെയ്‌ലബിള്‍ ആയിരിക്കണം. സൂപ്പര്‍മാര്‍ക്കറ്റിനു സര്‍ക്കാര്‍ സപ്ലൈ ചെയ്‌തോട്ടെ, വരുമാനം കൂടും. ഈ ഹിപ്പോക്രസി നന്നല്ല. അത് വഴി ടൂറിസ വരുമാനവും വര്‍ദ്ധിക്കും.’
സ്വല്പനേരത്തേയ്ക്ക് ഒരു മൗനം. മൗനം കാര്യത്തിലുള്ള സമ്മതമാവേണ്ടെന്നു കരുതിയോ എന്തോ മുകുന്ദനുണ്ണി പറഞ്ഞു,
‘സര്‍വ്വത്ര ലഭ്യമായാല്‍ തലയ്ക്ക് വെളിവില്ലാത്ത മലയാളികളുടെ യോഗാഭ്യാസം എല്ലായിടത്തും കാണാം.’
‘ഹ.ഹ.ഹ.’
‘പഹയന്മാര്‍ക്ക് വളഞ്ഞ് പിരിഞ്ഞു ഓടയിലേയ്ക്ക് കഴുത്ത് തൂക്കി എത്ര മണിക്കൂറുകളോളം കിടന്നാലും ഒന്നും പറ്റില്ല. നമ്മള്‍ കുറച്ച് നേരം അങ്ങനെ കിടന്നാല്‍ മൂന്നു ദിവസത്തിനു പിന്നെ കഴുത്ത് ഉളുക്കും. ഇവന്മാര്‍ വൃത്തികെട്ട ചളിക്കുണ്ടിലും പുല്ലാനിക്കാട്ടിലും കിടക്കും ഒരു പാമ്പും കടിക്കില്ല. അത് ഉള്ളില്‍ കിടക്കുന്ന സാധനത്തിന്റെ വീര്യമാണ്’ എന്ന് നമ്പ്യാരങ്കിള്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഞാന്‍ പറഞ്ഞു.
‘അല്ല, അത് പൂര്‍വ്വ ജന്മസുകൃതം കൊണ്ടാണ്.’
എന്നു പറഞ്ഞ് ഭര്‍ത്തൃഹരിയുടെ വരികള്‍ ക്വോട്ട് ചെയ്തു.
‘വനേ രണേ ശത്രു ജലാഗ്‌നിമദ്ധ്യേ
മഹാര്‍ണ്ണവേ പര്‍വ്വത മസ്തകേ വാ
സുപ്തം പ്രമത്തം വിഷമസ്ഥിതം വാ
രക്ഷന്തി പുണ്യാനി പുരാകൃതാനി’
ഘോരവനത്തില്‍ പെട്ടുഴലുമ്പോഴും യുദ്ധത്തില്‍പെട്ട് ഹതാശയനാവുമ്പോഴും ശത്രു, ജലം, അഗ്‌നി മുതലായവയുടെ മധ്യത്തില്‍ കുടുങ്ങുമ്പോഴും മഹാസമുദ്രത്തിലോ പര്‍വ്വതത്തിന്റെ ഉച്ചിയിലോ പെട്ട് കരയുമ്പോഴും ഉറങ്ങുമ്പോഴും മദ്യപാനത്താല്‍ മത്ത് പിടിച്ച് കിടക്കുമ്പോഴും വിഷമസ്ഥിതിയിലാവുമ്പോഴും എല്ലാം പൂര്‍വ്വ ജന്മത്തില്‍ ചെയ്ത പുണ്യ കര്‍മ്മഫലം കൊണ്ടാണ് ഒരുവന്‍ രക്ഷിക്കപ്പെട്ട് പോരുന്നത്.’
നമ്പ്യാരങ്കിള്‍ പറഞ്ഞു: ‘അത് ശരിയാ..അങ്ങനെ വഴിയില്‍ കുടിച്ച് കിടക്കുന്നവനെ ഒരു തെരുവ് നായപോലും കടിക്കില്ല.’
മുകുന്ദനുണ്ണി പറഞ്ഞു ‘എന്തായാലും കുടി ഒരു ദുരന്തം തന്നെ.’
‘ദുരന്തമാകട്ടെ കോടികള്‍ സമ്പാദിക്കാനുള്ള വഴിയും’ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ എല്ലാവരും ചിരിച്ചു.
പിന്നെ യാത്ര പറഞ്ഞു പിരിഞ്ഞു.