സിദ്ധാന്തഭാരമില്ലാത്ത കഥകളുടെ അപൂര്‍വകാന്തി എന്തെന്ന് മലയാള ഭാവനയെ ബോധ്യപ്പെടുത്തിയ ശ്രേഷ്ഠനായ കഥാകാരനാണ് ടി.പത്മനാഭന്‍. സാഹിത്യ പ്രസ്ഥാനങ്ങളുടെയും സാഹിത്യസങ്കേതങ്ങളുടെയും പരിമിതമായ വലയങ്ങള്‍ക്കതീതമായി കഥ എന്ന സംസ്‌കാരരൂപത്തെ സൂക്ഷ്മമായി ഉപാസിക്കുന്ന ഈ കഥാകൃത്തിന്റെ രചനാലോകം വേറിട്ട ജീവിതചിത്രണങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് ഏറെ ശ്രദ്ധേയമാണ്. അപൂര്‍വ വ്യക്തിത്വശോഭയുള്ള അനേകമനേകം കഥാപാത്രങ്ങളെയും ജീവിതപരിസരങ്ങളെയും വ്യക്തിമനസ്സിന്റെ ആന്തരിക സംഘര്‍ഷങ്ങളെയും സര്‍ഗ്ഗാത്മകമായി ആവിഷ്‌കരിച്ചുകൊണ്ട് വായനക്കാരുടെ പ്രിയ കാഥികനായി സുദീര്‍ഘ ജീവിതം നയിച്ചു വരുന്ന ഈ എഴുത്തുകാരന്‍, സാമൂഹികതക്ക് അമിത പ്രാധാന്യം കല്പിച്ച വസ്തുനിഷ്ഠ വീക്ഷണാധിഷ്ഠിതമായ റിയലിസ്റ്റിക് ചിന്തകളുടെ എതിര്‍ധ്രുവത്തിലാണ് എന്നും നിലയുറപ്പിച്ചിരുന്നത്. കാല്പനിക ഭാഷാപ്രയോഗങ്ങളിലൂടെയും അന്തരീക്ഷസൃഷ്ടിയിലൂടെയും റിയലിസത്തിന്റെ ആഖ്യാനസമ്പ്രദായത്തെ കുടഞ്ഞെറിഞ്ഞുകൊണ്ട് മലയാളകഥയെ പുതിയ ഭാവുകത്വപരിസരത്തിലേക്ക് ഉയര്‍ത്തിയ കഥാകൃത്താണ് ടി. പത്മനാഭന്‍.
മനുഷ്യമനസ്സിന്റെ സൂക്ഷ്മവ്യാപാരങ്ങളെ കൃത്യമായി ചിത്രീകരിച്ചും അന്തര്‍ഭാവപരമായ വൈചിത്ര്യത്തോടെ കഥാപാത്രങ്ങളുടെ ആന്തരികസ്വത്വത്തെ വ്യാഖ്യാനിച്ചും മുന്നേറുന്ന സവിശേഷമായ ഒരു രചനാ ശൈലിയാണ് ടി. പത്മനാഭന്റെ കഥകളെ ശില്പഭദ്രമാക്കുന്ന മുഖ്യഘടകം. കവിതാമയമായ വാക്യങ്ങള്‍ കൊരുത്ത് കൊരുത്ത് കഥയുടെ അകക്കാമ്പിലേക്ക് വായനക്കാരുടെ ശ്രദ്ധയാകര്‍ഷിച്ചും ധ്വനിപ്രധാനമായ അവതരണത്തിലൂടെ സാഹിതീയമായ ഉന്നത ചിന്തയെ ആവാഹിച്ചും ടി.പത്മനാഭനെഴുതിയ കഥകള്‍ ഏകാന്തതയുടെയും ധ്യാനാത്മകതയുടെയും കാവ്യാത്മകതയുടെയും ഉത്തമപാഠങ്ങളായി നല്ല വായനക്കാര്‍ തിരിച്ചറിഞ്ഞാദരിച്ചിട്ടുണ്ട്. ആഖ്യാനസങ്കീര്‍ണതയോ ദുരൂഹതയോ തന്റെ കഥകളെ മലിനപ്പെടുത്തരുതെന്ന ദൃഢചിന്ത രചനാജീവിതത്തിലുടനീളം ടി.പത്മനാഭന്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. ഉദാത്തമായ സാരള്യത്തിന്റെ വെളിച്ചം ആ കഥകളുടെ ഘനകേന്ദ്രമാണ്. അനായാസമായും സ്വാഭാവികമായും വിടരുന്ന ചെറിയ ചെറിയ വാക്യങ്ങളിലൂടെ കഥയുടെ ആത്മാവിലേക്ക് വായനക്കാരെ പ്രവേശിപ്പിക്കുന്നതില്‍ ഇത്രത്തോളം വിജയിച്ച കഥാകൃത്തുക്കള്‍ നമുക്ക് അധികമില്ല. ഭാവാവിഷ്‌ക്കാരപരമായ ഏകാഗ്രത ദീക്ഷിച്ചും ഉചിത ബിംബങ്ങളെ വിന്യസിച്ചും ടി.പത്മനാഭന്‍ രചിച്ച കഥകള്‍ കഥ എന്ന സാഹിത്യജനുസ്സിന്റെ മൂല്യം മലയാളസാഹിത്യത്തില്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ സുപ്രധാനപങ്കു വഹിച്ചിട്ടുണ്ട്. പ്രകാശം പരത്തുന്ന പെണ്‍കുട്ടി, മഖന്‍ സിങ്ങിന്റെ മരണം, ശേഖൂട്ടി, കടയനെല്ലൂരിലെ ഒരു സ്ത്രീ, കടല്‍, സാക്ഷി, കാലഭൈരവന്‍, മനസ്സിന്റെ ഭാരം, മഞ്ഞനിറമുള്ള റോസാപ്പൂ,പഴയ തൊപ്പികള്‍, ഗൗരി തുടങ്ങിയ കഥകള്‍ ഏതു അളവുകോലുകള്‍ ഉപയോഗിച്ച് മൂല്യനിര്‍ണയനം നടത്തിയാലും മികച്ച കഥകള്‍ എന്ന ബഹുമതി കരസ്ഥമാക്കും.
ഔചിത്യദീക്ഷ പുലര്‍ത്തിക്കൊണ്ട് കഥാരചന എങ്ങനെ നിര്‍വ്വഹിക്കാമെന്ന് പഠിക്കാനുള്ള പാഠപുസ്തകങ്ങളാണ് ടി.പത്മനാഭന്റെ കഥകള്‍. കഥക്ക് അവശ്യമല്ലാത്ത ഒരു വാക്കുപോലും ഉപയോഗിക്കാതിരിക്കുന്നതില്‍ ബദ്ധശ്രദ്ധനാണ് അദ്ദേഹം. കഥയുടെ ശില്പത്തികവിനെ ദോഷകരമായി ബാധിക്കുന്ന വിധത്തില്‍ താന്‍ പെരുമാറരുതെന്ന ബോധ്യം കഥാകൃത്തുക്കള്‍ക്കുണ്ടാവണമെന്ന് പ്രത്യക്ഷമായിത്തന്നെ പ്രഖ്യാപിച്ചിട്ടുണ്ട് അദ്ദേഹം. ഈ പ്രഖ്യാപനമാണ് പരോക്ഷമായി തന്റെ കഥകളിലൂടെയും അദ്ദേഹം നിര്‍വഹിച്ചുപോരുന്നത്. പത്മനാഭന്റെ കഥകളിലെ മൗനത്തിന്റെ ഗഹനസാന്നിധ്യം അനേകമനേകം നിരൂപകന്മാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മൗനത്തിന് ദാര്‍ശനികവും അസ്തിത്വപരമായ അര്‍ത്ഥമാനങ്ങളുണ്ടെന്ന് നന്നായി തിരിച്ചറിഞ്ഞ കഥാകൃത്താണ് അദ്ദേഹം. ഗുല്‍മുഹമ്മദ്, നളിനകാന്തി, വീട് നഷ്ടപ്പെട്ട ഒരു കുട്ടി, കാലവര്‍ഷം തുടങ്ങിയ കഥകളിലെ മൗനത്തിന് കഥാന്തരീക്ഷത്തിലുള്ള പ്രാധാന്യം എത്രമാത്രമെന്ന് തിട്ടപ്പെടുത്താനാവില്ല. ടി. പത്മനാഭന്റെ കഥകളുടെ ശീര്‍ഷകങ്ങളുടെ മികവും വാക്യവിന്യസനരീതിയുടെ ക്രമവും ഖണ്ഡികകള്‍ തിരിക്കുന്നതിലെ ജാഗരൂകതയും എന്തിന് ചിഹ്നങ്ങള്‍ക്ക് നല്കുന്ന പ്രാധാന്യം പോലും ഏറെ പഠനാര്‍ഹമാണ്.
കഥ എഴുതുകയും പറയുകയും ചെയ്യുന്ന കഥാകൃത്തുക്കളുടെ ഗണത്തില്‍ നിന്ന് ടി.പത്മനാഭന്‍ വ്യതിരിക്തനാണ്. കഥ അനുഭവവേദ്യമാക്കുന്ന കലയോടാണ് അദ്ദേഹത്തിന് പ്രിയം. ആത്മഭാവങ്ങളെ കഥാപാത്രങ്ങളിലൂടെ തന്മയത്വത്തോടെ മുദ്രിതമാക്കുകയാണ് അദ്ദേഹം. സ്‌നേഹത്തിന്റെ നിരുപാധികവും സൗമ്യവുമായ മഹത്വം വിളംബരം ചെയ്യുന്ന ഉറൂബിന്റെ പാരമ്പര്യവും പ്രകൃതിയുടെ സൂക്ഷ്മസൗന്ദര്യം ചിത്രീകരിക്കുന്ന പൊറ്റക്കാടിന്റെ പാരമ്പര്യവും വ്യംഗ്യമധുരമായി ഭാഷ പ്രയോഗിക്കുന്ന കാരൂരിന്റെ പാരമ്പര്യവും ടി.പത്മനാഭനില്‍ ഏകത്ര സമ്മേളിക്കുന്നുണ്ട്. കേവല പ്രയോജനമൂല്യവാദത്തെ കലയുമായി വിളക്കിച്ചേര്‍ക്കുന്ന പ്രചരണപരതയുടെ യുക്തികള്‍ ടി.പത്മനാഭന്റെ കഥകളില്‍ കണ്ടെടുക്കാനാവില്ല. സ്ഥൂലമായ പ്രമേയങ്ങളും ഉപരിപ്ലവമായ ചിന്തകളും ടൈപ്പ് കഥാപാത്രങ്ങളും പ്രത്യക്ഷരാഷ്ട്രീയ വിളംബരങ്ങളും അകന്നു നില്‍ക്കുന്നുണ്ട് ഈ കഥകളില്‍ നിന്ന്. ജീവിതത്തിന്റെ അവ്യാഖ്യേയമായ പൊരുള്‍ തേടുന്ന ഒരു നിത്യസഞ്ചാരിയുടെ, ഒരേകാകിയുടെ ഭാവഗീതങ്ങളായി ഈ കഥകള്‍ വിപുലപ്പെടുന്നതും ഇതിനാല്‍ തന്നെ. താന്‍ പുലരുന്ന ചരിത്ര സന്ധികളോടും വര്‍ത്തമാന പ്രശ്‌നങ്ങളോടും നിസ്സംഗത പുലര്‍ത്തിയ കഥാകാരനല്ല ടി.പത്മനാഭന്‍. മഖന്‍ സിങിന്റെ മരണം എന്ന കഥ മാത്രം മതി ഈ വസ്തുതക്ക് ആധാരശിലയൊരുക്കാന്‍. തന്റെ കാലഘട്ടത്തില്‍ തിടം വെക്കുന്ന ധാര്‍മികമായ മൂല്യശോഷണം കൃത്യമായി ചിത്രീകരിക്കുന്നതില്‍ എന്നും ടി.പത്മനാഭന്‍ സന്നദ്ധനായിട്ടുണ്ട്. ഋജുവായ ആഖ്യാന വഴിയിലൂടെയാണ് പൊതുവെ ടി.പത്മനാഭന്റെ കഥകള്‍ സഞ്ചരിക്കുന്നത്. ഫ്‌ളാഷ്ബാക്ക് പോലുള്ള സങ്കേതങ്ങള്‍ അവതരിപ്പിക്കുമ്പോഴും ഈ ഋജുത്വം അദ്ദേഹം കൈവെടിയുന്നില്ല എന്നതാണ് സത്യം. വിചാരപരതയേക്കാള്‍ വൈകാരികതക്ക് പ്രാധാന്യം നല്‍കി മിഴിവോടെ കഥ എഴുതുവാനാണ് അദ്ദേഹത്തിനിഷ്ടം. ബാഹ്യ പ്രകൃതി ചിത്രീകരിക്കുന്നതില്‍ അസൂയാര്‍ഹമാം വിജയിച്ച ഈ കഥാകൃത്ത്, കഥാപാത്രങ്ങളുടെ ആന്തരികപ്രകൃതിയെ അവതരിപ്പിച്ച് ഫലിപ്പിക്കുന്നതിലും സമര്‍ത്ഥനാണ്. ടി.പത്മനാഭന്റെ കഥാപാത്രങ്ങള്‍ വായനക്കാരുടെ ഇഷ്ടക്കാരാവുന്നത് ഇതിനാലാണ്. പുഴ കടന്ന് മരങ്ങളുടെ ഇടയിലേക്ക്, ഒരു കഥാകൃത്ത് കുരിശില്‍, പെരുമഴ പോലെ, ഹാരിസണ്‍ സായ്പിന്റെ നായ തുടങ്ങിയ കഥകളിലെ കഥാപാത്രങ്ങള്‍ ഇതിന് മുന്‍പ് മലയാളഭാവനക്ക് അപരിചിതരായിരുന്നു.
പ്രകൃതിയെ ബാഹ്യതലത്തില്‍ കേവലമായി ചിത്രീകരിക്കുന്ന രീതി ഒരു കാലത്തും ടി.പത്മനാഭന്‍ പിന്തുടര്‍ന്നിട്ടില്ല. കഥാപാത്രങ്ങളുടെ സ്വകാര്യ നൊമ്പരങ്ങളെയും അന്തര്‍വൃത്തികളുടെ വ്യാപാരങ്ങളെയും അനുവാചക ഹൃദയങ്ങളില്‍ ആഴത്തില്‍ പതിപ്പിക്കുവാന്‍ പര്യാപ്തമായ വിധത്തിലാണ് പ്രകൃതിയെ അദ്ദേഹം വരച്ചു കാട്ടാറുള്ളത്. ടി.പത്മനാഭന്റെ കഥകളെ ജൈവികമാക്കുന്നത് തന്നെ പ്രകൃതിയുടെ സാന്നിധ്യമാണ്. ഗഹനമായ പാരിസ്ഥിതിക ബോധത്തിന്റെ വിവേകം പത്മനാഭന്റെ കഥകളെ ചേതോഹരമാക്കുന്നു. പത്മനാഭന്റെ കഥാലോകത്ത് സന്നിഹിതമായ സസ്യ ജന്തുരാശികളുടെ സാന്നിധ്യം വിസ്മയകരം മാത്രമല്ല പഠനാര്‍ഹം കൂടിയാണ്. ശുഭകരമായ വൃഷ്ടിസമഷ്ടി ദര്‍ശനത്തിന്റെ ഭാരതീയ പാഠങ്ങളായി ആ കഥകള്‍ വിപുലപ്പെടുന്നുണ്ട്. ഹ്യൂമനിസ്റ്റ് ദര്‍ശനത്തിന്റെ പരിമിതികള്‍ കൃത്യമായി കണ്ടറിഞ്ഞ ഒരു മനസ്സിനേ ഇത്തരം കഥകളെഴുതാനാവൂ. ആര്‍ഷവും കാളിദാസീയവുമായ പാരമ്പര്യം എന്ന് നിസ്സംശയം ഇതിനെ വിശേഷിപ്പിക്കാം. ഉദഗ്ര രമണീയമായ പൃഥ്വിയാണ് ടി.പത്മനാഭന്റെ ആദര്‍ശ ലോകം. കാപട്യങ്ങളൊഴിഞ്ഞതും സഹജീവി സ്‌നേഹത്തിലധിഷ്ഠിതവുമായ തനിമയുടെ പലമട്ടിലുള്ള പ്രകാശനങ്ങളായി ആ കഥകള്‍ വളരുന്നു. കടലും നദിയും നിലാവും മഴയും സൂര്യചന്ദ്രന്മാരും നക്ഷത്രരാശികളും വൃക്ഷലതാദികളും ജീവജാലങ്ങളും സമ്യക്കായി പുലരുന്നതിന്റെ ഹൃദ്യചിത്രണങ്ങള്‍ ടി.പത്മനാഭന്റെ കഥാലോകത്തെമ്പാടും കാണാനാവും. വാച്യമായും രൂപകതലത്തിലും പ്രതീകഭാവത്തിലും മാറി മാറി ഇവ പ്രത്യക്ഷപ്പെടുന്നു. സംഗീതബന്ധിതങ്ങളായ ബിംബങ്ങളുടെ നിബിഡ സാന്നിധ്യമാണ് പത്മനാഭന്റെ കഥകള്‍ക്ക് ഭാവഗീതത്തിന്റെ സൗന്ദര്യം പകര്‍ന്നേകുന്നത്. സാര്‍വലൗകികമാണല്ലോ സംഗീതത്തിന്റെ ഭാഷ. സംഗീതജ്ഞരും സംഗീതോപകരണങ്ങളും വിശ്രുതഗാനങ്ങളും ലയിച്ചൊന്നായിത്തീര്‍ന്നതിന്റെ സദ്ഫലമായി ഉരുവം കൊള്ളുന്ന അതിവിപുലമായ ഒരു ഓര്‍ക്കസ്ട്രയാവുന്നു ആ കഥകള്‍. പത്മനാഭന്റെ കഥയുടെ ഖജനാവില്‍ നിറയുന്ന പ്രാപഞ്ചികതയുടെയും സൗന്ദര്യാഭിനിവേശത്തിന്റെയും ഭാഗമായി ഇതിനെ വിലയിരുത്തുന്നതാണ് ഉചിതം.
വാക്കുകള്‍ കൊണ്ട് നിവേദിക്കുവാന്‍ സാധിക്കാത്ത വിലോലമായ ഭാവ ലോകങ്ങള്‍ സൂക്ഷ്മമായും ഹൃദയാവര്‍ജ്ജകമായും ചിത്രീകരിക്കുന്നതില്‍ അസാമാന്യപാടവം ടി.പത്മനാഭനുണ്ട്. കടല്‍, പഴയ തൊപ്പികള്‍, മഞ്ഞനിറമുള്ള റോസാപ്പൂവ്, സാക്ഷി, ഒരു ചെറിയ കഥ, കടയനല്ലൂരിലെ ഒരു സ്ത്രീ, ഗൗരി തുടങ്ങിയ കഥകളുടെ പാരായണാനുഭവം ഇത് ബോധ്യപ്പെടുത്തുന്നുണ്ട്. നഗരകാപട്യങ്ങള്‍ മുഖ്യ പ്രമേയമായ സാക്ഷി, ഔദ്യോഗിക ജീവിത സംഘര്‍ഷങ്ങളില്‍ പെട്ടുഴലുന്നതിന്റെ ഭാഗമായി പാരുഷ്യം പ്രകടിപ്പിക്കേണ്ടി വന്ന മനസ്സിന്റെ വേദന കാട്ടിത്തന്ന പഴയ തൊപ്പികള്‍, അരക്ഷിതയും പരമദരിദ്രയുമായ പഹാഡി പെണ്‍കുട്ടിയോട് രൂപപ്പെട്ട സ്‌നേഹവും അവളുടെ തിരോധാനം സൃഷ്ടിച്ച വ്യഥയും വരച്ചിട്ട മഞ്ഞനിറമുള്ള റോസാപ്പൂവ്, പ്രണയത്തിന്റെ താപനില വ്യാഖ്യാനാതീതമാണെന്ന് പ്രഖ്യാപിച്ച പ്രകാശം പരത്തുന്ന പെണ്‍കുട്ടി എന്നീ കഥകള്‍ സഭ്യതയുടെ സീമകള്‍ ലംഘിക്കാതെ ആവിഷ്‌കരിച്ച ഭാവന ടി.പത്മനാഭനിലെ മനുഷ്യ പ്രേമിയുടെ അന്തസ്സാണ് വിളിച്ചോതുന്നത്. ശ്യാമമായ പാപബോധത്തിന്റെയും അശാന്തിയുടെയും ഭ്രമാത്മകസാന്നിധ്യത്താല്‍ കരുത്താര്‍ജ്ജിച്ച കാലഭൈരവന്റെ കാശിയെ കുറിച്ചുള്ള വിവേകത്തിലും ഇതേ ആത്മബോധ്യം പ്രകടമാവുന്നുണ്ട്. ദാര്‍ശനികത ഇത്തരം കഥകളില്‍ ബാഹ്യാവരണമാവാതെ അന്തരംഗധന്യതയുടെ വിളവെടുപ്പായി മാറിത്തീരുന്നുണ്ട്.
വ്യക്തിമനസ്സിലെ സ്വകാര്യ വൈകാരികവിഹ്വലതകള്‍ക്ക് ചരിത്രവുമായി ഏറെ ബന്ധമുണ്ടെന്ന് കാട്ടിത്തരുന്ന മഖന്‍സിങ്ങിന്റെ മരണം, സ്‌തോഭജനകമാവും വിധം അവസാനിക്കുമ്പോള്‍ സാമൂഹികകഥനം, വ്യക്തികഥനം എന്നിങ്ങനെയുള്ള വര്‍ഗീകരണയുക്തികള്‍ തന്നെ അസാധുവാകുന്നത് കാണാനാവും. സംഭവ പ്രധാനങ്ങളായ കഥകളില്‍ പോലും ആഖ്യാന നൈപുണിയുടെ സ്പര്‍ശത്താല്‍ കാവ്യമയഭാവമേകാന്‍ ടി.പത്മനാഭന് കഴിഞ്ഞിട്ടുണ്ട്. ഊഷരമായ, ദരിദ്രമായ സ്ഥലരാശിയായി കടയനല്ലൂരെന്ന അകേരളീയഗ്രാമത്തെ വിശദാംശങ്ങളോടെ ചിത്രണം ചെയ്തു കൊണ്ട് മുന്നേറുന്ന കടയനല്ലൂരിലെ ഒരു സ്ത്രീ എന്ന കഥയിലെ നായകന്റെ ജീവിത വൈരസ്യവും ജീവിത കാമനയും പാപബോധവും സ്ഥിതസദാചാര ലംഘനവും കുറ്റബോധവും എത്ര ഭംഗിയായിട്ടാണ് ചിത്രീകരിച്ചതെന്നോര്‍ക്കുക. വരണ്ട ജീവിത കാലാവസ്ഥയെ അദമ്യവും തീവ്രവുമായ സ്‌നേഹജലം തളിച്ച് ഉര്‍വരമാക്കുകയാണ് ടി.പത്മനാഭനിലെ ലോകപ്രേമി. ആത്മഹത്യയുടെ ഇരുണ്ട ഗര്‍ത്തത്തിനരികില്‍ നിന്ന് ഒരു യുവാവിനെ ജീവിതത്തിന്റെ പ്രകാശവൃത്തത്തിലേക്ക് മടക്കിക്കൊണ്ടുവന്ന ഒരു പെണ്‍കുട്ടിയെ അനശ്വരതയുടെ പീഠത്തിലേക്ക് ഉയര്‍ത്തിയ പ്രകാശം പരത്തുന്ന കാഥികനാണല്ലോ ടി.പത്മനാഭന്‍. നിരുപാധികമായ സ്‌നേഹം നല്‍കിയ ബലവും ആത്മ ത്യാഗസന്നദ്ധതയും രക്തസാക്ഷിയാക്കിയ മഖന്‍ സിങ്ങിന്റെ കഥ പറഞ്ഞ കഥാകാരന്‍ എന്നും ആര്‍ദ്രതയുടെ ഉപാസകനായിരുന്നു. നീചഭാവങ്ങളും ഹിംസയും വെടിഞ്ഞു മുന്നേറുന്ന പ്രണയത്തിന്റെയും കാരുണ്യത്തിന്റെയും നന്മയുടെയും സൂര്യകിരണങ്ങളാണ് പത്മനാഭന്‍ തന്റെ കഥകളിലേക്ക് ആവാഹിച്ചു പോന്നത്. ഗ്രാമീണമായ സ്ഥലരാശിയും ഗൃഹാതുരതയും പാരമ്പര്യ സ്‌നേഹവും വാര്‍ധക്യ ഭാവങ്ങളും മൃത്യുബോധവും ഇടകലരുന്ന മനസ്സിന്റെ ഭാരം എന്ന കഥയിലും ഇതേ ഭാവാത്മകമായ സൂക്ഷ്മത കാണാനാവും. ജീര്‍ണിച്ച തറവാടും കറവ വറ്റിയ പശുവും മരണത്തിന്റെ നിഴലും ശോകബിംബങ്ങളാവുന്ന ഈ കഥയിലും സാത്വികഭാവത്തിന് മങ്ങലേതും ഉണ്ടാവുന്നില്ല. ഇരുട്ടില്‍ പൊതിഞ്ഞ തിരിനാളമെന്ന കല്പന ടി.പത്മനാഭന്റെ കഥകള്‍ക്ക് നല്കാവുന്ന മികച്ച ശീര്‍ഷകമാവുന്നുണ്ട്.
യാഥാര്‍ത്ഥ്യത്തെ തമസ്‌കരിക്കുകയോ ന്യൂനീകരിക്കുകയോ ചെയ്യാതെ ജീവിത സമസ്യകളെ കാല്പനികമായ അനുഭൂതിതലത്തില്‍ അവതരിപ്പിക്കുവാന്‍ ഭൂതവര്‍ത്തമാന സംഭവങ്ങളെ കൂട്ടിക്കലര്‍ത്തി ചിത്രീകരിക്കുന്നതില്‍ ഈ കഥാകാരന്‍ പുലര്‍ത്തുന്ന സമീപനത്തിന്റെ ഉത്തമ നിദര്‍ശനമാണ് മഖന്‍സിങ്ങിന്റെ മരണം പോലുള്ള കഥകള്‍. സ്വപ്‌നത്തിന്റെയും പ്രതീക്ഷയുടെയും വ്യഥയുടെയും ചേരുവകള്‍ ചേര്‍ത്ത് കാല്പനിക യാഥാതഥ്യത എന്ന സവിശേഷസങ്കേതം മലയാളത്തില്‍ ഫലപ്രദമായി പരീക്ഷിച്ചു വിജയിച്ച കഥാകാരന്മാരുടെ നിരയില്‍ ടി.പത്മനാഭന്റെ സ്ഥാനം മുന്‍നിരയിലാണ്. ചായം കൂടി പോകാതെയും അതിവൈകാരികതയുടെ അതിപ്രസരമില്ലാതെയും കാല്പനികമായ അനുഭൂതി കലാത്മകമായും ഫലപ്രദമായും അടയാളപ്പെടുത്തുവാന്‍ കൃതഹസ്തനായ ഒരെഴുത്തുകാരനേ സാധിക്കൂ. കലാകാരന്റെ ആത്മസമര്‍പ്പണം എന്ന ആശയം ചിത്രീകരിച്ച അപൂര്‍ണമായ പ്രതിമ പോലുള്ള കഥകളില്‍ ഈ സിദ്ധി കൂടുതല്‍ തെളിഞ്ഞു കാണാം. മനസ്സിലെ ഇരുട്ടിനെ അകറ്റുന്ന സ്‌നേഹസാന്നിദ്ധ്യമായി കാല്പനികരൂപകങ്ങള്‍ നിരന്തരം കടന്നുവരുന്നുണ്ട് ടി.പത്മനാഭന്റെ കഥകളില്‍. പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി, ഗൗരി തുടങ്ങിയ കഥകള്‍ ഇതിന് നല്ല തെളിവുകളാണ്. തിര്യക്കുകളോട് പുലര്‍ത്തുന്ന ആത്മബന്ധം ശേഖൂട്ടി, കത്തുന്ന രഥ ചക്രം എന്നീ കഥകളില്‍ നിറയുന്നു. സാക്ഷിത്വം എന്ന അവസ്ഥ പുതിയ കാലത്തിന്റെ മുദ്രയാണ്. സകലതിനും സാക്ഷിയായി, അസ്വസ്ഥചിത്തനായി നിലകൊള്ളുന്ന ആധുനികനായ വ്യക്തിയുടെ ഉള്ള് കാട്ടിത്തരുന്ന സാക്ഷി എന്ന കഥ മലയാളകഥാസാഹിത്യത്തിലെ രത്‌നങ്ങളിലൊന്നാണ്. കേരളത്തിനപ്പുറമുള്ള ദേശങ്ങളെ ഇത്ര ചാരുതയോടെയും സൂക്ഷ്ത്രയോടെയും അവതരിപ്പിച്ച കഥാകാരന്മാരും ചുരുക്കമാണ്. ഗൗരി, മഖന്‍ സിങ്ങിന്റെ മരണം, കടയനല്ലൂരിലെ സ്ത്രീ എന്നീ കഥകള്‍ ഇതിന് മുന്തിയ ഉദാഹരണങ്ങളത്രേ. സ്ത്രീപുരുഷബന്ധമെന്ന എക്കാലത്തെയും മഹാസമസ്യയെ വിധി ദര്‍ശനവുമായി അന്വയിച്ചവതരിപ്പിച്ച ഗൗരി, കഥയുടെ രാജപാത കാട്ടിത്തരുന്നുണ്ട്. സുതാര്യ ശില്പത്തിലൂടെ രസാനുഭൂതികളെ വ്യംഗ്യമായി ചിത്രീകരിക്കുന്നതിന്റെ എക്കാലത്തെയും മികച്ച മാതൃകയാണ് ഇക്കഥ. സഹൃദയഹൃദയങ്ങളെ മലീമസമാക്കാതെയും ക്ഷുദ്രവികാരങ്ങളെ ആശ്രയിക്കാതെയും പ്രണയകാമനകളെയും സ്‌നേഹഭാവങ്ങളെയും അവതരിപ്പിക്കുന്നതില്‍ കാരൂരിന്റെ നേര്‍പിന്‍ഗാമിയാണ് ടി.പത്മനാഭന്‍. പത്മനാഭന്റെ കഥകള്‍ ഏകതാനമാണെന്നും അവക്ക് വൈവിധ്യം ഇല്ലെന്നും ചില നിരൂപകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹത്തിന്റെ ഗൗരി, മഖന്‍സിങ്ങിന്റെ മരണം, കടല്‍ എന്നീ കഥകള്‍ മാത്രം വിലയിരുത്തിയാല്‍ ബോധ്യമാകും. മനുഷ്യ ബന്ധങ്ങളുടെ വൈചിത്ര്യത്തെക്കുറിച്ച് നല്ല ബോധ്യമുള്ള കഥാകാരനായതിനാല്‍ തന്നെ അവ ഒന്നിനൊന്ന് വ്യത്യസ്തങ്ങളായിരിക്കുന്നു. ബോധധാരയും ഉത്തമപുരുഷഏകവചന വീക്ഷണവും പുലര്‍ത്തവേ തന്നെ സൂക്ഷ്മതലത്തില്‍ ഭിന്നാര്‍ത്ഥനിവേദനക്ഷമങ്ങളാണ് ടി.പത്മനാഭന്റെ കഥകള്‍. മനശ്ശാസ്ത്രപരവും സാമൂഹികവും ചരിത്രപരവുമായ അന്വേഷണത്തിന് പഴുതുകള്‍ നല്‍കുന്ന ഇക്കഥകളുടെ വിവൃതഘടന നിരൂപകര്‍ വേണ്ടവിധം വിശകലനം ചെയ്തിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
മൂര്‍ത്തവും അമൂര്‍ത്തവുമായ ബിംബങ്ങള്‍ അന്തരീക്ഷ സൃഷ്ടിക്ക് പോഷകമാം വിധം ഔചിത്യദീക്ഷയോടെ കഥാശരീരത്തില്‍ വിന്യസിച്ച് പ്രമേയാനുസാരിയായി ഭിന്നഘടനകളെ ഉപയോഗപ്പെടുത്തിയും വ്യതിരിക്തമായ ഭാഷാരീതി സ്വീകരിച്ചും തനതായ ഒരു മനോഭാവത്തോടെ പ്രപഞ്ചാനുഭവങ്ങളെ ആത്മസാത്കരിച്ചും സങ്കേതബദ്ധതയുടെ കുടുക്കുകള്‍ ഉപേക്ഷിച്ചും ടി.പത്മനാഭന്‍ പടുത്തുയര്‍ത്തിയ കഥയുടെ പ്രകാശഗോപുരങ്ങള്‍ കാല്പനികതയില്‍ ചുവടുറപ്പിക്കുമ്പോള്‍ തന്നെ ആധുനികതയിലേക്കും പ്രവേശിക്കുന്നു. ഒരു കഥാകൃത്ത് കുരിശില്‍ എന്ന കഥ മാത്രം വായിച്ചാല്‍ ഇത് ബോധ്യമാകും. പ്രത്യക്ഷവത്കരണം, ഇന്ദ്രിയസംവേദ്യമായ അനുഭവപ്രതീതി, ആഖ്യാനശൈലിയിലെ കാവ്യാത്മകത എന്നിവ നിലനിര്‍ത്തിക്കൊണ്ടു തന്നെ ജീവിത സങ്കീര്‍ണതകള്‍ ചിത്രീകരിച്ചുവെന്നത് ഒരു ചെറിയ കാര്യമല്ല. ഏകാകികളും വിഷാദികളുമാണ് മിക്ക കഥാപാത്രങ്ങളും. എന്നാലവരൊന്നും തന്നെ സമൂഹദ്രോഹികളോ ലോക നിഷേധികളോ അരാജകവാദികളോ അല്ല താനും. ആധുനികകഥാകൃത്തുക്കളില്‍ നിന്ന് ടി.പത്മനാഭന്റെ അകലം ഗണിക്കുമ്പോള്‍ ഈ വസ്തുത നാം കാണാതിരുന്നുകൂടാ. ഹാരിസണ്‍ സായ്‌വിന്റെ നായ, ഗോട്ടി, തിന്നുവാന്‍ പറ്റാത്ത ബിസ്‌കറ്റ് എന്നീ കഥകള്‍ കാല്പനികതയില്‍ നിന്നുള്ള മുന്നേറ്റവും ആധുനികതയിലേക്കുള്ള ചുവടുമാറ്റവും കൃത്യമായി പ്രതിഫലിപ്പിക്കുന്ന കഥകളില്‍ ചിലതാണ്. ആത്മനിഷ്ഠത കൈവെടിയാതെയും സ്‌നേഹോഷ്മളതകള്‍ ഒഴിവാക്കാതെയും അനുവാചകഹൃദയങ്ങളെ നാട്യങ്ങളില്ലാതെ കഥയുടെ തീവ്രകാന്തിയിലേക്ക് നയിക്കുകയാണ് ഈ മുതിര്‍ന്ന കഥാകൃത്ത്.
മലയാളകഥയുടെ ചരിത്രം രചിക്കുന്ന വേളയില്‍ ടി.പത്മനാഭനോട് നീതിപുലര്‍ത്തുവാന്‍ നാം മലയാളികള്‍ ബാദ്ധ്യസ്ഥരാണ്. മേഘങ്ങള്‍ക്ക് നിരന്തര രൂപപരിണാമം വരുന്നത് പോലെ മലയാളകഥയും അനുനിമിഷം രൂപഭാവപരിണാമങ്ങള്‍ക്ക് വിധേയമാവുകയാണ്. കൃത്രിമ പരീക്ഷണങ്ങളും ക്ഷിപ്രപ്രസിദ്ധി ലാക്കാക്കിയുള്ള പ്രമേയസ്വീകരണ ശ്രമങ്ങളും ശക്തിപ്പെടുന്ന ഘട്ടത്തില്‍ ലാളിത്യത്തിന്റെ ഭാഷയില്‍ നന്മയുടെയും പ്രണയത്തിന്റെയും ഒറ്റപ്പെടലിന്റെയും സ്‌നേഹദാഹത്തിന്റെയും വിഷാദത്തിന്റെയും സ്വച്ഛസുന്ദരമായ നീലത്തടാകങ്ങള്‍ സൃഷ്ടിച്ച ടി.പത്മനാഭന്റെ രചനകള്‍ക്ക് പ്രസക്തിയേറുന്നു. തന്റെ കഥകളെ ജീവിതമുഹൂര്‍ത്തങ്ങളുടെ അക്ഷയപാത്രമായി ദര്‍ശിച്ച ഈ കഥാകാരനെ സംസ്‌കൃതചിത്തരായ വായനക്കാര്‍ കൂടുതല്‍ കൂടുതല്‍ അടുത്തറിയട്ടേ.
(സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ് കോഴിക്കോട്, മലയാള ഗവേഷണവിഭാഗം മേധാവിയാണ് ലേഖകന്‍.)