1986 മുതല്‍ സപ്തംബറിലെ മൂന്നാം ശനിയാഴ്ച അന്തര്‍ദ്ദേശീയ സമുദ്രതീര ശുചീകരണ ദിനമായി ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ആചരിച്ചു വരികയാണ്. ‘സ്വച്ഛ തീരം സുരക്ഷിത സമുദ്രം’ എന്നതാണ് ഈ ദിനാചരണം ലോകത്തിനു മുമ്പില്‍ വയ്ക്കുന്ന സന്ദേശം. ഭാരത സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായിട്ടാണ് 2022 മുതല്‍ ഭാരതത്തില്‍ പൊതുജനപങ്കാളിത്തത്തോടെ ഈ ദിനാചരണം ആരംഭിച്ചത്. സമുദ്രതീര ശുചീകരണ വര്‍ഷം സപ്തംബര്‍ 21 ന് പര്യാവരണ്‍ സംരക്ഷണ്‍ ഗതിവിധിയുടെ ആഭിമുഖ്യത്തില്‍ സമുദ്രതീരം വരുന്ന 10 സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചു കൊണ്ട് ഈ ദിനാചരണം നടത്തുകയുണ്ടായി.
7500 കി.മീറ്റര്‍ ദൈര്‍ഘ്യമുള്ള ഭാരതത്തിലെ കടല്‍ത്തീരം ലോകത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമുള്ള കടല്‍ത്തീരങ്ങളിലൊന്നാണ്. കേന്ദ്രഭൗമശാസ്ത്ര മന്ത്രാലയം, വനം-പരിസ്ഥിതി മന്ത്രാലയം, ഭാരതീയ തീര രക്ഷാസൈന്യം, ഇതര സൈനിക വിഭാഗങ്ങള്‍, വിവിധ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, സാമൂഹിക- സന്നദ്ധ സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ പൊതുജനങ്ങള്‍ ഇവരെല്ലാം അണിചേര്‍ന്ന സമുദ്രതീര ശുചീകരണമാണ് ദേശവ്യാപകമായി നടന്നത്. സമുദ്രസംരക്ഷണത്തിന്റെയും സമുദ്രതീര ശുചിത്വത്തിന്റെയും പ്രാധാന്യം പൊതു സമൂഹം സ്വീകരിച്ചു തുടങ്ങിയിരിക്കുന്നു എന്നതിന്റെ തെളിവാണ് ഈ പരിപാടികളിലെ വമ്പിച്ച ജനപങ്കാളിത്തം.
9 ജില്ലകളിലായി 590 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് കേരളത്തിന്റെ കടല്‍ത്തീരം. ബഹുജന പങ്കാളിത്തത്തോടെ കേരളത്തിലെ കടല്‍ത്തീരം ശുചീകരിക്കുവാനായി, സപ്തംബര്‍ 3ന് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളില്‍ വച്ച് പ്രമുഖ ഭൗമശാസ്ത്രജ്ഞനായ ഡോ. വി.സുഭാഷ് ചന്ദ്രബോസ് അദ്ധ്യക്ഷനായി വിവിധ മേഖലകളിലെ പ്രമുഖരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സംസ്ഥാനതല സംഘാടക സമിതി രൂപീകരിക്കുകയുണ്ടായി. പര്യാവരണ്‍ സംരക്ഷണ്‍ ഗതിവിധി അഖില ഭാരതീയ സംയോജക് ഗോപാല്‍ ആര്യാജിയാണ് സംഘാടക സമിതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. തുടര്‍ന്ന് ജില്ലാതലത്തിലും പ്രാദേശികതലത്തിലും രൂപീകരിച്ച സമിതികളാണ് ഈ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. എന്‍.സി.സി, എന്‍ എസ്. എസ്, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് എന്നീ വിദ്യാര്‍ത്ഥി സന്നദ്ധ വിഭാഗങ്ങളുടെ സാന്നിദ്ധ്യം ഭൂരിഭാഗം ബീച്ചുകളിലുമുണ്ടായിരുന്നു. 6 കേന്ദ്രങ്ങളില്‍ തീര രക്ഷാസേനയും പങ്കെടുത്തു. ചില സ്ഥലങ്ങളില്‍ സി.ഐ.എസ്.എഫ്, കേരളാപോലീസ്, സി. ആര്‍.പി.എഫ് എന്നീ സേനകളും ശുചീകരണത്തില്‍ പങ്കാളികളായി. ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം, പൂര്‍വ സൈനിക സേവാപരിഷത്ത്, ദേശീയ സേവാഭാരതി, ഭാരതീയ മസ്ദൂര്‍ സംഘം, ഭാരതീയ വിദ്യാനികേതന്‍, റോട്ടറി ക്ലബ്, തപസ്യ, ഹരിത കര്‍മ്മസേന, വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഭാരത് പെട്രോളിയം, ജിയോ നെറ്റ് വര്‍ക്‌സ് തുടങ്ങി 55 സ്ഥാപനങ്ങളും, 11 സര്‍ക്കാര്‍ സ്ഥാപനങ്ങളും, 17 ബഹുജന സേവന സംഘടനകളും വിവിധ സ്ഥാപനങ്ങളും ഈ ശുചീകരണത്തില്‍ അണിചേര്‍ന്നു. സമുദ്രതീരം ശുചിയായി സൂക്ഷിക്കുമെന്നും പ്രകൃതിയേയും സമുദ്രത്തേയും മാതൃഭാവത്തോടെ സംരക്ഷിക്കുമെന്നും എല്ലാവരും പ്രതിജ്ഞയെടുത്തു കൊണ്ടാണ് ശുചീകരണം ആരംഭിച്ചത്.
കടല്‍ത്തീര ശുചീകരണ യജ്ഞം
590 കി.മീ. കടല്‍ത്തീരം വരുന്ന കേരളത്തിലെ കടലോര മേഖലയില്‍ 245 ഗ്രാമ പഞ്ചായത്തുകളും 19 മുന്‍സിപ്പാലിറ്റികളും, 5 കോര്‍പ്പറേഷനുകളുമുണ്ട്. 9 സമുദ്രതീര ജില്ലകളിലെ 79 ബീച്ചുകളില്‍ പരിസ്ഥിതി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ കടല്‍ത്തീര ശുചീകരണം നടന്നു. 94 കി.മീ. ദൂരം കടല്‍ത്തീരം 2 മണിക്കൂര്‍ കൊണ്ട് ശുചീകരിക്കാനായി. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ 25 ബീച്ചുകളും ഉത്തര കേരളത്തില്‍ 54 ബീച്ചുകളും ശുചീകരിക്കാനായി. 55 വിദ്യാഭ്യാസ സ്ഥാപനങ്ങളും 11 സര്‍ക്കാര്‍ – അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും 17 സാമൂഹ്യ സേവന സംഘടനകളും കേരളത്തിലുടനീളം സമുദ്രതീര ശുചീകരണ യജ്ഞത്തില്‍ പങ്കെടുത്തു. 2750 വിദ്യാര്‍ത്ഥികളും 3300 മറ്റുള്ളവരും ഉള്‍പ്പടെ 6000 ല്‍ അധികം പേര്‍ ഈ പരിശ്രമത്തില്‍ ഭാഗഭാക്കായി. 15.5 ടണ്‍ അജൈവ മാലിന്യങ്ങളും 4.75 ടണ്‍ ജൈവമാലിന്യങ്ങളുമുള്‍പ്പടെ 20 ടണ്ണിലധികം മാലിന്യം സമുദ്രതീര ശുചീകരണത്തിലൂടെ ശേഖരിക്കുകയും അതാത് സ്ഥലത്തെ ഹരിത കര്‍മ്മസേനയെ ഏല്‍പ്പിക്കുകയും ചെയ്തു. ഈ മാലിന്യങ്ങളില്‍ 57 ശതമാനവും പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ്. ചെരിപ്പ്, ബാഗ്, പോലുള്ള റബര്‍ സിന്തറ്റിക് മാലിന്യങ്ങള്‍ 20 ശതമാനം വരും. തെര്‍മോക്കോള്‍, ലോഹഭാഗങ്ങള്‍, കുപ്പികള്‍, ഇലക്ട്രിക് – ഇലക്ട്രോണിക് അവശിഷ്ടങ്ങള്‍, തുണികള്‍, പേപ്പര്‍ വസ്തുക്കള്‍, തടിക്കഷ്ണങ്ങള്‍ തുടങ്ങി 40 ല്‍പ്പരം വിവിധ മാലിന്യങ്ങളുമുണ്ടായിരുന്നു
.
നമ്മുടേത് കടലിനെ കടലമ്മയായി കാണുന്ന സംസ്‌കാരം -സുരേഷ് ഗോപി
കടലിനെ കടലമ്മയായി കണക്കാക്കുന്ന സംസ്‌കാരമാണ് നമ്മുടേതെന്നും കടലും കടല്‍ത്തീരവും ശുചിയായി സൂക്ഷിക്കേണ്ട ഉത്തരവാദിത്തം ഓരോ വ്യക്തിക്കും ബോധ്യമാകുമ്പോഴാണ് ഇത്തരം ദിനാചരണങ്ങളുടെ സന്ദേശം യാഥാര്‍ത്ഥ്യമാവുന്നതെന്നും കേന്ദ്രടൂറിസം-പെട്രോളിയം സഹമന്ത്രി സുരേഷ്‌ഗോപി പറഞ്ഞു. പരിസ്ഥിതി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ 79 ബീച്ചുകളിലായി നടന്ന സമുദ്രതീര ശുചീകരണ പരിപാടിയുടെ ഉദ്ഘാടനം എറണാകുളത്തെ ഫോര്‍ട്ട് കൊച്ചി, കുഴിപ്പിള്ളി ബീച്ചുകളില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ഓരോ ആഴ്ചയിലും രണ്ടു മണിക്കൂര്‍ വീതം ശുചീകരണ പ്രവര്‍ത്തനത്തിന് നീക്കിവയ്ക്കണമെന്നും ഭൂമി സംരക്ഷണമെന്ന ലക്ഷ്യം നമ്മുടെ തലമുറയില്‍പ്പെട്ട ഓരോരുത്തര്‍ക്കും വരും തലമുറയ്ക്കും കൈമാറാനുമുള്ള ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ടെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
സമുദ്ര മലിനീകരണം ഇങ്ങനെ തുടര്‍ന്നാല്‍ 150 വര്‍ഷത്തിനകം ഭൂമിയിലെ ജനവാസം സാധ്യമല്ലാതാകുമെന്ന് എറണാകുളം പുതുവൈപ്പ് ബീച്ചില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് കേരള ഹൈക്കോടതി ജസ്റ്റിസ് എന്‍.നഗരേഷ് സൂചിപ്പിച്ചു. വൈല്‍ഡ് ട്രസ്റ്റ് സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ: സാജന്‍ ജോണ്‍, കോസ്റ്റ് ഗാര്‍ഡ് ഡി.ഐ.ജി. എന്‍.രവി, സംഘാടക സമിതി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡോ:സി.എം.ജോയി, സീമാ ജാഗരണ്‍ മഞ്ച് ദേശീയ രക്ഷാധികാരി എ.ഗോപാലകൃഷ്ണന്‍, പ്രശസ്ത പ്രകൃതി സംരക്ഷകന്‍ ശ്രീമന്നാരായണന്‍, വൈപ്പിന്‍ എം.എല്‍.എ കെ.എന്‍.ഉണ്ണികൃഷ്ണന്‍, കൊല്ലം ജില്ലാ കളക്ടര്‍ എന്‍.ദേവിദാസ് ഐ.എ.എസ്, എന്‍.സി.സി.കേരള ബ്രിഗേഡിയര്‍ ആനന്ദകുമാര്‍, ഭൗമശാസ്ത്രജ്ഞന്‍ ഡോ: സുഭാഷ് ചന്ദ്രബോസ്, തോമസ് ലോറന്‍സ്, ലോക മലയാളി കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ അജിത പിള്ള, ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം സംസ്ഥാന അദ്ധ്യക്ഷന്‍ പീതാംബരന്‍ തുടങ്ങി നിരവധി പ്രമുഖവ്യക്തികള്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുകയുണ്ടായി.
കടല്‍സംരക്ഷണം കരയുടെ രക്ഷയ്ക്ക്
കടല്‍ത്തീര ശുചിത്വത്തിന്റെയും അതിലൂടെ സമുദ്ര സംരക്ഷണത്തിന്റെയും പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് UNEP (United Nations Environment Program) ഇങ്ങനെയൊരു പദ്ധതിക്ക് രൂപം കൊടുത്തിരിക്കുന്നത്. ‘ജീവിക്കാനൊരിടം’ (Make room for life) എന്നതാണ് ഈ വര്‍ഷത്തെ അന്തര്‍ദ്ദേശീയ ദിനാചരണത്തിന്റെ സന്ദേശവാക്യം. സമുദ്രത്തിലെയും പ്രകൃതിയിലെയും ആവാസ വ്യവസ്ഥയും നിലനില്പും അസ്ഥിരപ്പെടുത്തുന്ന ഏക ജീവി മനുഷ്യന്‍ മാത്രമാണെന്നതാണ് വസ്തുത. മനുഷ്യന്റെ സ്വാര്‍ത്ഥതക്കും സുഖഭോഗത്തിനും സുന്ദരമായ ഈ പ്രകൃതിയെ അമിതമായി ചൂഷണം ചെയ്തു കൊണ്ടിരിക്കുന്നതിന്റ പ്രത്യാഘാതങ്ങള്‍ ഇന്ന് മാനവരാശിയും സകലജീവജാലങ്ങളും അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. കരയിലെ പ്രകൃതി സംരക്ഷണം പോലെ തന്നെ പ്രാധാന്യമേറിയതാണ് സമുദ്രസംരക്ഷണവും. മഴ മാത്രമല്ല സമുദ്രം നമുക്ക് നല്‍കുന്നത്; നാം ശ്വസിക്കുന്ന ശുദ്ധവായുവിന്റെ 75 ശതമാനവും ലഭിക്കുന്നത് സമുദ്രത്തിലെ സൂക്ഷ്മ സസ്യങ്ങളില്‍ നിന്നാണ് എന്നതാണ് വസ്തുത. സമുദ്രത്തില്‍ എത്തിച്ചേരുന്ന രാസമാലിന്യങ്ങളും പ്ലാസ്റ്റിക്ക് – പെട്രോളിയം മാലിന്യങ്ങളുമെല്ലാം ഇത്തരം സൂക്ഷ്മ സസ്യങ്ങളുടെ അന്തകരാവുകയാണ്. മണിക്കൂറില്‍ 11 ലക്ഷം കിലോഗ്രാം മാലിന്യമാണ് സമുദ്രത്തിലേക്ക് ഒഴുകിയെത്തുന്നത് എന്നു പറയുമ്പോള്‍ നമുക്ക് ബോധ്യമാകും, സമുദ്രത്തില്‍ മനുഷ്യന്‍ എത്തിക്കുന്ന മാലിന്യത്തിന്റെ ഭീകരത. നമ്മുടെ ചിന്തയ്ക്കുമപ്പുറത്താണ് അത്. അതുപോലെ തന്നെ ലോകത്തിലെ ആണവശക്തികളുടെ പരീക്ഷണ കേന്ദ്രവും സമുദ്രമായി മാറുന്നതിലൂടെ സമുദ്രത്തിലെ ആണവമാലിന്യത്തിന്റെ അളവും വര്‍ദ്ധിക്കുകയാണ്. ഈ ദുഷ്പ്രവൃത്തിയുടെയെല്ലാം ഫലമായി സമുദ്രത്തില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന ഓക്‌സിജന്റെ അളവ് കുറയുകയും കാര്‍ബണ്‍ വാതകങ്ങളുടേയും മീഥൈന്‍ വാതകങ്ങളുടേയും മറ്റും അളവ് വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഇതിന്റെയൊക്കെ പരിണിത ഫലമാണ് ഇന്നു കാണുന്ന ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും, അപ്രതീക്ഷിത ന്യൂനമര്‍ദ്ദങ്ങളും, കൊടുങ്കാറ്റും, വരള്‍ച്ചയും കാട്ടുതീയുമെല്ലാം. അതുകൊണ്ട്, സമുദ്ര പരിപാലനത്തിനായി ആഗോള ജനത തയ്യാറായില്ലായെങ്കില്‍ ഇതിലും ഗുരുതരമായ പ്രത്യാഘാതങ്ങളാണ് മനുഷ്യരാശി നേരിടാനിരിക്കുന്നത് എന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ ദിനാചരണത്തിന്റെ കാതല്‍. മനുഷ്യന്‍ കരയിലും തോടുകളിലും നദികളിലും കായലുകളിലുമെല്ലാമായി നിക്ഷേപിക്കുന്ന പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ സമുദ്രത്തിലെത്തി കുന്നു കൂടുകയാണ്. 2050 ഓടെ സമുദ്രത്തിലെ മത്സ്യസമ്പത്തിനേക്കാള്‍ അധികമാകും പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവ് എന്നാണ് സമുദ്ര ഗവേഷകര്‍ തന്നെ പറയുന്നത്. സമുദ്രത്തില്‍ നിറയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സമുദ്ര ആവാസ വ്യവസ്ഥക്ക് തന്നെ ഭീഷണിയാവുകയും കടല്‍ ജീവികളുടെ സുഗമമായ സഞ്ചാരത്തിന് തടസ്സമാവുകയുമാണ്. കടലില്‍ മൈക്രോ പ്ലാസ്റ്റിക്കിന്റെ അളവ് വര്‍ദ്ധിച്ചു വരുന്നതിന്റെ ഫലമായി കടല്‍ജീവികളുടേയും മത്സ്യവും ഉപ്പുമെല്ലാം ഉപയോഗിക്കുന്നതിലൂടെ മനുഷ്യന്റെയും ആരോഗ്യത്തിനും നിലനില്പിനും കടുത്ത ഭീഷണിയായി മാറുകയുമാണ് മനുഷ്യനിര്‍മ്മിതമായ ഈ മാലിന്യങ്ങള്‍. പൊതു ഇടങ്ങളിലും ജലാശയങ്ങളിലും മാലിന്യങ്ങള്‍ വലിച്ചെറിയുന്ന സ്വഭാവം അവസാനിപ്പിക്കുക എന്നതു മാത്രമാണ് ഇതിനുള്ള പരിഹാരം. ജലാശയങ്ങളുടെയും കടലിന്റെയും കടല്‍ത്തീരത്തിന്റെയും കാവലാളായി മാറണം ഓരോ പ്രകൃതിസ്‌നേഹിയും. അതാണ് ഈ ദിനാചരണത്തിന്റെ പ്രസക്തിയും.
സമുദ്ര സംരക്ഷണ പ്രതിജ്ഞ
സമുദ്രത്തില്‍ അധിവസിക്കുന്ന ഭൂമാതാവ് നമുക്ക് മാതൃതുല്യമാണ്. ഭാരതീയ സംസ്‌കാരമനുസരിച്ച് കടല്‍ നമുക്ക് കടലമ്മയാണ് എന്നു ഞാന്‍ വിശ്വസിക്കുന്നു. ഈ ഭൂമിയേയും സമുദ്രത്തേയും പ്രകൃതിയേയും ദേവതാ ഭാവത്തില്‍ ആരാധിക്കുന്ന ഭാരതീയ പാരമ്പര്യത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. അതിന്റെ സംരക്ഷണത്തിനുള്ള ഉത്തരവാദിത്തം എനിക്കുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.ഭൂമിയിലെ സകല ജീവജാലങ്ങള്‍ക്കുമാവശ്യമായ ഓക്‌സിജന്റെ 75 ശതമാനവും നല്‍കുന്നത് സമുദ്രമാണെന്ന് ഞാന്‍ തിരിച്ചറിയുന്നു. മാനവരാശിയുടെ ഭക്ഷ്യ സമ്പത്തിന്റെ ഒരു ഭാഗം സമുദ്രങ്ങള്‍ തന്നെയാണ് നല്‍കുന്നത്. മനുഷ്യന്റെയും സമുദ്രജീവികളുടെയും ആരോഗ്യത്തിനും നിലനില്‍പ്പിനും ഭീഷണിയാകും വിധം സമുദ്രത്തെ മലിനമാക്കുന്നതിന്റെ കാരണക്കാരും മനുഷ്യര്‍ മാത്രമാണെന്നതും വേദനാജനകമാണ്. സമുദ്ര ആവാസ വ്യവസ്ഥയ്ക്ക് ഭീഷണിയാകും വിധം കരയിലെ രാസമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളുമുള്‍പ്പെടെ സകല മാലിന്യങ്ങളുടേയും സംഭരണകേന്ദ്രമാക്കി സമുദ്രത്തെ മാറ്റിയിരിക്കുന്നത് ഞാന്‍ ഉള്‍പ്പെടുന്ന മനുഷ്യ സമൂഹമാണ്. ഇതുള്‍പ്പടെ വിവിധങ്ങളായ കാരണങ്ങള്‍ കൊണ്ട് സമുദ്രതാപം വര്‍ദ്ധിക്കുകയാണ്. സമുദ്ര പരിരക്ഷയുടെ പ്രാധാന്യം മനസ്സിലാക്കി കടല്‍ത്തീരങ്ങളിലോ അവയിലേക്ക് എത്തിച്ചേരുന്ന ജലസ്രോതസ്സുകളിലേക്കോ പൊതു ഇടങ്ങളിലോ ഇനി മുതല്‍ മലിനവസ്തുക്കള്‍ ഞാന്‍ വലിച്ചെറിയുകയില്ല. നമ്മുടെ അതിര്‍ത്തിയെ സൈന്യം കാത്തുരക്ഷിക്കുംപോലെ തന്നെ പ്രധാനമാണ് സമുദ്രരക്ഷയെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആയതുകൊണ്ട് സമുദ്രമുള്‍പ്പെടെ പ്രകൃതിയുടെ സംരക്ഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുമെന്നും അവയെ മാലിന്യ മുക്തമാക്കി സംരക്ഷിക്കുമെന്നും ഇതിനാല്‍ ഞാന്‍ പ്രതിജ്ഞ ചെയ്തു കൊള്ളുന്നു.
*ഭാരത് മാതാ കീ ജയ്*
(പര്യാവരണ്‍ സംരക്ഷണ്‍ ഗതിവിധി ദക്ഷിണ കേരള പ്രാന്ത സംയോജക് ആണ് ലേഖകന്‍)