അയോദ്ധ്യാവിധി ഭാരതചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറിയിരിക്കുന്നു. ലക്ഷക്കണക്കിന് പവിത്ര ക്ഷേത്രസങ്കേതങ്ങള്‍ ഉള്ള നാട്ടില്‍ മറ്റൊരു ഭവ്യമായ ക്ഷേത്രം കൂടി ഉയരുന്നുവെന്ന പ്രാധാന്യം മാത്രമല്ല ഇതിനുള്ളത്. നേടിയ സ്വാതന്ത്ര്യം ഭാരതത്തിന്റെ ഓരോ തരിമണ്ണിലും പ്രകടമാവുന്നുവെന്ന സുപ്രധാനമായ ചരിത്രനിയോഗമാണ് അയോദ്ധ്യാ വിധിയിലൂടെ നടപ്പാവുന്നത്. നിരവധി നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ച് സ്വതന്ത്രഭാരതം നിലവില്‍ വന്നതിനുശേഷമുണ്ടാവുന്ന നിര്‍ണ്ണായക വഴിത്തിരിവാണിത്. ഉപദേശീയതകളെ ചൊല്ലിയും പ്രാദേശികത്തനിമകളെക്കുറിച്ചും വാചാലരാവുന്ന ബ്രേക്കിംഗ് ഇന്ത്യാ ബ്രിഗേഡിനു സുപ്രധാനമായ തിരുത്താണ് വിധിയിലൂടെ ഉണ്ടായിരിക്കുന്നത്.
ലോകാത്താകമാനം ശക്തി പ്രാപിച്ചു കൊണ്ടിരിക്കുന്ന അതത് ദേശീയതകളുടെ മുന്നേറ്റത്തിന് ഭാരതത്തിന്റേതായ സംഭാവനയാണിത്. അയോദ്ധ്യാവിധിയെ ഭാരതം ഒന്നടങ്കം ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്തത് അലയടിച്ചുയരുന്ന ദേശീയബോധത്തിന്റെ പ്രകടീകരണം തന്നെയാണ്. വിധിയെ വളച്ചൊടിച്ച് രാജ്യത്ത് അട്ടിമറികള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന വിഘടനവാദ ശക്തികളെ പരിഗണിച്ചുകൊണ്ട് തന്നെയാണ് ഭാരതം മുഴുവന്‍ ഈ വിധിയെ ഹൃദയത്തിലേറ്റി എന്നു പറയുന്നത്. പാകിസ്ഥാന്റെയും ചൈനയുടേയും അതിമോഹങ്ങള്‍ക്ക് സ്ഥാനമില്ലെന്നും ഭാരതജനത ഒറ്റക്കെട്ടാണെന്നുമുള്ള ശക്തമായ സൂചനയാണ് അയോദ്ധ്യാവിധിക്കുശേഷമുള്ള ഭാരതം.
ദേശീയവികാരം പ്രാദേശികതയിലേക്കും ജാതി, വംശീയ വേര്‍തിരിവുകളിലേക്കും ആണ്ടുപോകുന്നുവെന്ന ദൗര്‍ഭാഗ്യകരമായ സാഹചര്യത്തെയാണ് സ്വതന്ത്രഭാരതം നേരിട്ടത്. വടക്കുകിഴക്കന്‍ മേഖലകള്‍, കാശ്മീര്‍, മണ്ഡല്‍ കമ്മീഷനുശേഷമുള്ള സാഹചര്യം, പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന സമ്മര്‍ദ്ദം തുടങ്ങി സങ്കീര്‍ണ്ണമായിരുന്നു സ്വതന്ത്രഭാരതത്തിന്റെ ചരിത്രം. നിരവധി നാട്ടുരാജ്യങ്ങളെ ഏകോപിപ്പിച്ച് സ്വതന്ത്രഭാരതം ഉയര്‍ത്തെഴുന്നേറ്റപ്പോള്‍ സ്വതന്ത്രഭാരതം പരസ്പരം പോരടിക്കുന്ന പ്രാദേശിക രാഷ്ട്രീയത്തിന്റെ വിളനിലങ്ങളായി മാറുകയായിരുന്നു. സ്വാതന്ത്ര്യത്തിന് മുമ്പ് പരസ്പരം പോരടിച്ചുകഴിഞ്ഞ നാട്ടുരാജ്യങ്ങളുടെ സ്ഥിതിയിലേക്ക് ഭാരതം മാറുന്നുവെന്ന പ്രതീതി ജനിപ്പിക്കുന്നതായിരുന്നു പരസ്പര സംഘര്‍ഷങ്ങള്‍. ബ്രിട്ടീഷുകാര്‍ നാട്ടുവിട്ടാല്‍ ഭാരതത്തിന് നിലനില്പുണ്ടാവില്ലെന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ പ്രവചനം ശരിയാണെന്ന് തോന്നിക്കുന്ന സാഹചര്യമാണ് പിന്നീട് ഉരുത്തിരിഞ്ഞത്. പാമ്പാട്ടികളുടെയും കന്നുകാലിമേയ്ക്കുന്നവരുടെയും ഇന്ത്യ ഒരിക്കലും രക്ഷപ്പെടാന്‍ സാധ്യതയില്ലാത്ത ഒരു രാജ്യം എന്നായിരുന്നല്ലോ ചര്‍ച്ചില്‍ ശപിച്ചത്. മൂവായിരത്തിലേറെ ജാതികള്‍, ഉപജാതികള്‍, ഭാഷാഭേദങ്ങള്‍, ലിപികള്‍ തുടങ്ങി ഒറ്റനോട്ടത്തില്‍ മുഴുത്ത വൈരുദ്ധ്യങ്ങള്‍ മുഴച്ചു നില്‍ക്കുന്ന നാടിനെ അങ്ങിനെയല്ലാതെ വിശേഷിപ്പിക്കാന്‍ ചര്‍ച്ചിലിനെപ്പോലെയുള്ളവര്‍ക്ക് കഴിയില്ലല്ലോ. ചര്‍ച്ചിലിന്റെ ശാപവാക്കുകളെ അന്വര്‍ത്ഥമാക്കുന്നതായിരുന്നു പിന്നീടുണ്ടായ സംഭവങ്ങള്‍ തെക്കനെന്നും വടക്കനെന്നും ആര്യനെന്നും ദ്രാവിഡനെന്നും, ഹിന്ദി പ്രദേശമെന്നും അഹിന്ദി പ്രദേശമെന്നും തുടങ്ങി വൈരുദ്ധ്യങ്ങളുടെ കുത്തൊഴുക്കില്‍ ആടിയുലഞ്ഞ നാട് പളുങ്കുപാത്രം പോലെ തകര്‍ന്നുപോവുമെന്ന ശാപം ഭാരതത്തെ ഗ്രസിക്കുന്നുവെന്ന സാഹചര്യം.
പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ ഉയര്‍ത്തിയ വെല്ലുവിളി ഏറെ ശക്തമായിരുന്നു. എന്നാല്‍ ഈ വൈരുദ്ധ്യങ്ങളെയെല്ലാം അതിലംഘിച്ച് വൈവിദ്ധ്യങ്ങളെ സമന്വയിക്കുന്ന ശുഭസൂചകമായ പുതിയ പ്രഭാതത്തിലേക്ക് ഭാരതം ഉണര്‍ന്നെഴുന്നേല്‍ക്കുകയാണ്. അതിന്റെ സുവര്‍ണ്ണ ഉദാഹരണമാണ് അയോദ്ധ്യാവിധിക്കുശേഷമുള്ള ഭാരതം. ഒരു ഭാഷയില്‍ ചിന്തിക്കുന്ന ഭാരതം പല ഭാഷയില്‍ എഴുതുന്നുവെന്ന എസ്.രാധാകൃഷ്ണന്റെ നിരീക്ഷണത്തെ ശക്തമാക്കുന്ന ദൃശ്യങ്ങളാല്‍ ഭാരതം സമ്പന്നമായിക്കൊണ്ടിരിക്കുന്നു. ദേശീയത പഴഞ്ചനാണെന്നും സാര്‍വ്വദേശീയതയാണ് യാഥാര്‍ത്ഥ്യമെന്നും പുരോഗമനം നടിച്ചവരുടെ മുമ്പില്‍ സുശക്തമായ ദേശീയതയുടെ ആവിഷ്‌കാരത്താല്‍ മികവാര്‍ന്ന സാര്‍വ്വദേശീയത എന്ന സര്‍വ്വാശ്ലേഷിയായ ദര്‍ശനത്തിന് സ്വീകാര്യത ഉണ്ടായിരിക്കുന്നു. ദേശീയതകളുടെ ശവപ്പറമ്പിലൂടെ സാര്‍വ്വദേശീയത ഉയര്‍ന്നുവരുമെന്ന പ്രവചനം അസ്ഥാനത്തായിരിക്കുന്ന ലോകസാഹചര്യമാണ് ഇന്നുള്ളത്. സുശക്തമായ ദേശരാഷ്ട്രങ്ങളുടെ ഉയിര്‍ത്തെഴുന്നേല്പാണ് ലോകത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
യഥാര്‍ത്ഥത്തില്‍ 1947ല്‍ അവസാനിച്ചുപോയ സ്വാതന്ത്ര്യസമരത്തിന്റെ തുടര്‍ച്ചയും അതിന്റെ സ്വാഭാവികമായ വിജയവുമാണ് ഭാരതത്തിന്റെ വിവിധ ജീവിതമേഖലകളില്‍ കണ്ടുവരുന്നത്. ഏത് ശക്തന്റെയും മര്‍മ്മസ്ഥാനങ്ങള്‍ എതിരാളിയുടെ നിയന്ത്രണത്തിലായാല്‍ ശക്തിയുള്ളതുകൊണ്ട് മാത്രം വിജയിക്കാനാവില്ലല്ലോ. അധിനിവേശത്തിന്റെ അവശിഷ്ടമായിരുന്നു അയോദ്ധ്യയിലെ അടിമത്ത കെട്ടിടം. ബാബര്‍ മുസ്ലിമായതുകൊണ്ടല്ല, വിദേശഅക്രമി ആയത് കൊണ്ടാണ് രാമജന്മഭൂമി പ്രക്ഷോഭം ദേശീയതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പെന്ന് വിശേഷിപ്പിക്കപ്പെട്ടത്. മര്‍മ്മസ്ഥാനങ്ങള്‍ കൈയടക്കിവെച്ചിരിക്കുന്ന അധിനിവേശത്തിന്റെ ശക്തികളില്‍ നിന്നുള്ള മോചനമാണ് സ്വാതന്ത്ര്യത്തിന്റെ ലക്ഷണങ്ങളില്‍ ഒന്ന്. ദാദനാര്‍ഹവേലിയുടെ മോചനം, ഗോവാവിമോചനം തുടങ്ങി സ്വാതന്ത്ര്യത്തിനുശേഷം നടന്ന സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രത്തിലേക്കാണ് അയോദ്ധ്യയുടെ മോചനവും ഇടംപിടിക്കുന്നത്. തിരുവനന്തപുരം വിജെടി ഹാളിന് മഹാത്മാ അയ്യങ്കാളിയുടെ പേരിടുന്നത് സ്വാതന്ത്ര്യത്തിന്റെ മറ്റൊരു പ്രകടീകരണമാണ്. നാടിന്റെ ഓരോ തരിമണ്ണിലും സ്വാതന്ത്ര്യം അനുഭവപ്പെടുമ്പോഴാണ് സ്വാതന്ത്ര്യം സമ്പൂര്‍ണ്ണമാവുന്നത്. ഇവിടെ മതമോ സമുദായമോ അല്ല പ്രശ്‌നം, മറിച്ച് ദേശീയത മാത്രമാണ്. വൈദേശിക അക്രമികളെ പ്രത്യയശാസ്ത്രബന്ധം കൊണ്ടോ സാമുദായികബന്ധം കൊണ്ടോ തങ്ങളുടെ ബന്ധുക്കളാണെന്ന് തോന്നുന്ന മനോഭാവം പരിവര്‍ത്തനം ചെയ്യപ്പെടേണ്ടതുണ്ട്. മാവോയിസ്റ്റുകളും മുസ്ലിം മതതീവ്രവാദിസംഘങ്ങളും സൃഷ്ടിക്കുന്ന അരാജകത്വം ഈ വൈദേശികബന്ധത്തിന്റേതാണ്. മാറേണ്ടത് മനോഭാവമാണെന്ന് ചുരുക്കം. അതിന് മതവും രാഷ്ട്രീയവും തടസ്സമായിക്കൂടാ.
ദേശീയതയുടെ ആവിഷ്‌കാരമാണ് അയോദ്ധ്യയുടെ മോചനം. ഭാരതത്തിന്റെ ഒരു രാഷ്ട്രം അതിന്റെ സ്വത്വത്തെ തിരിച്ചറിയുന്ന സന്ദര്‍ഭം. രാഷ്ട്രജീവിതത്തിന്റെ സമസ്തമേഖലകളിലും ദേശീയതയുടെ ആവിഷ്‌കരണം ഉണ്ടാകുന്നുവെന്നതാണ് ഈ സംക്രമണ കാലത്തെ അനുഭവം. സമ്പൂര്‍ണ്ണ മാനവരാശിയും ധര്‍മനിരതരും സുഖമ്പൂര്‍ണ്ണരുമാകണമെന്ന ഭാരതാദര്‍ശത്തിന്റെ മൂര്‍ത്തീകരണമാണ് ശ്രീരാമന്‍. ധര്‍മ്മത്തിന്റെ വിജയമാണ് ആത്യന്തികമായി സംഭവിക്കുകയെന്ന ആപ്തവാക്യം യാഥാര്‍ത്ഥ്യമാകുന്നുവെന്നതാണ് അയോദ്ധ്യ നല്‍കുന്ന പാഠം.