ജ്ഞാനപീഠത്തിലിരുന്നരുളും
ആനന്ദരൂപനെ കാണുവാനായ്
ഞാനന്നുപോയ വഴിയില്‍ നീളെ
തൂമുല്ല പൂത്തുവിടര്‍ന്നിരുന്നു
കേരളപ്പൂവനമാകമാനം
കോരിത്തരിച്ചുരസിച്ചുനിന്നു
എന്റെയാണിക്കൊമ്പനെന്റെയാണെ-
ന്നെല്ലാരുമുത്സവച്ചന്തമാര്‍ന്നു.
ദേവായനത്തിന്റെ വാതിലോളം
തൂവിക്കിടക്കും പ്രസാദമുണ്ണാന്‍
നാനാവഴിയില്‍ തിരക്കിയെത്തും
കൂനനുറുമ്പിലൊന്നായി ഞാനും!
ആനന്ദക്കണ്ണീരണിഞ്ഞുനില്‌ക്കെ,
ആയിരം സൂര്യനുദിച്ച പോലെ.
ആ നറുംപുഞ്ചിരിപ്പാല്‍ നിലാവില്‍,
ആത്മാവുകൂടി കുതിര്‍ന്ന പോലെ.
കഷ്ടകാലത്തില്‍ പിറന്നവര്‍ നാം,
കെട്ടതേ കണ്ടു കനച്ചവര്‍ നാം!
മാഹാത്മ്യമേറുന്ന മാതൃഭാഷാ-
മാധുര്യമെല്ലാം മറന്നവര്‍ നാം!
ഭാഷാപിതാവിനെ കണ്ടതില്ല,
ഗാഥാ മുരളിക കേട്ടുമില്ല,
തേനൂറും പാനയില്‍ മുങ്ങിമുങ്ങി-
പ്പാനം ചെയ്താനന്ദമാര്‍ന്നുമില്ല.
കൊഞ്ചും ചിലമ്പില്‍ കവിതതുള്ളി-
കുഞ്ചന്റെ കൂടെ കളിച്ചതില്ല,
വഞ്ചിതുഴഞ്ഞു വൈകുണ്ഠമെത്തി-
പ്പഞ്ചാരപ്പായസമുണ്ടുമില്ല.
എങ്കിലും ഭാഗ്യമേ! കണ്ടുവല്ലോ,
കണ്‍കുളിര്‍ത്തിക്കവി വിഗ്രഹം നാം!
ഭാഗവതപ്പാല്‍ കറന്ന കൈയാല്‍
നീറും നെറുക തലോടിയല്ലോ!
ഉള്ളം കൈ നെല്ലിക്ക പോലെയെല്ലാം
ഉള്ളിലറിഞ്ഞു രമിച്ചിരിക്കെ,
തുള്ളിയായ്, തുള്ളിയായ് പെയ്ത വാക്കില്‍
സ്വര്‍ഗവും ഭൂമിയും കണ്ടുവല്ലോ!
കട്ടിയായെന്തുണ്ടീ ജീവിതത്തില്‍,
മുട്ടിയാല്‍ പൊട്ടാത്ത സത്യമായി?
കിട്ടിയല്ലോ, നമുക്കക്ഷരത്തിന്‍-
മട്ടിലാ’യക്കിത്ത’മെന്ന പുണ്യം!
ജ്ഞാനപീഠത്തിലിരുന്നരുളും
ആനന്ദരൂപനെ തൊട്ടുനില്‍ക്കെ,
ഞാനില്ല, നീയില്ല, ലോകമില്ല
നാരായണപ്രഭുമാത്രമെങ്ങും!