പുഴ
…………………….
ആദ്യ വളവിലൊരു
പുഴയില്‍ ഭാരമില്ലാതെ
ചീര്‍ത്തൊഴുകിയ
പെണ്ണിന്‍ ജഡത്തില്‍
ജീവനില്ലെന്നവര്‍!
പോസ്റ്റ്‌മോര്‍ട്ടത്തില്‍
തെളിഞ്ഞത്,
മനസ്സ് നിറഞ്ഞു
വയറിലൊതുക്കിയ
കിനാവറ്റ രണ്ടു-
തുറക്കാത്ത മിഴികള്‍…
മാമ്പൂവ്
………………………………..
രണ്ടാം വളവിലൊരു മാവ്
അതില്‍ രണ്ടു മാമ്പൂവ്,
രണ്ടു ബാല്യങ്ങള്‍
കുറേക്കാലം
തൂങ്ങിയാടിയിട്ടും
ഒരിക്കലുമെത്താത്ത
ഉയരത്തില്‍ നീതിയുടെ
മാമ്പഴത്തിന് മധുരം
ബന്ധം
………………………………
മൂന്നാം വളവില്‍
വൃദ്ധരായ
ഭിക്ഷക്കാരാണ്,
അവിടെയാണ്
പണ്ടിറക്കിവിട്ട-
അമ്മയെ തേടി
വര്‍ഷങ്ങള്‍ക്കു ശേഷം
ഭാഗപത്രവുമായി
മക്കള്‍ തമ്മിലടിച്ചത്!
രൂപം
……………………………..
നാലാം വളവിലെ
ദൈവാലയത്തിന്
അസാധ്യ ശക്തിയെന്ന്
എല്ലാ വിശ്വാസികളും,
ദൈവമില്ലെന്ന്
പതുക്കെ സ്വന്തം
മനസ്സിനോട് പറയുന്ന
ഭിക്ഷയാചിക്കുന്ന ഞാന്‍
ആ ദൈവരൂപത്തിന്റെ
ശില്‍പ്പിയെന്നു പറയാതെ!
പാലം
……………………………….
അഞ്ചാം വളവിലൊരു
കോണ്‍ക്രീറ്റു പാലം,
അതിന് തലമുറകളുടെ
ഉറപ്പുണ്ടെന്നവര്‍!
അന്ധവിശ്വാസത്തില്‍
ആള്‍ബലിയിലുറപ്പിച്ച
ഈ പാലത്തില്‍ അച്ഛന്‍
എവിടെയാണെന്ന്
പറയുമോയെന്ന് ഞാന്‍
വേട്ടക്കാര്‍
………………………………..
ആറാം വളവില്‍
വേട്ടയ്ക്കിരയായി
നീതിദേവത കരയുന്നു!
അന്ധയായതിനാല്‍,
പതിവുപോലെ
വേട്ടക്കാരനെ
തിരിച്ചറിയാനാകാതെ
അപകടം
…………………………..
എഴാം വളവിലൊരു
കലാപം നടന്നു!
നെയ്ത സ്വപ്‌നങ്ങളും
സംഭവിച്ച സത്യങ്ങളും
തമ്മിലാണ് പൊരുതിയത്!
തോറ്റ സ്വപ്‌നങ്ങളുടെ
ജഡങ്ങളില്‍ നിറയെ
ഒരിക്കലുമുണങ്ങാത്ത
അപകട മുറിവുകള്‍!