സംസ്ഥാനത്ത് സംവരണം എന്ന വിഷയം സമീപകാലത്ത് സജീവമായ ചര്‍ച്ചയ്ക്ക് കളമൊരുങ്ങിയിരിക്കുകയാണ്. മുന്നാക്കത്തില്‍ പിന്നാക്കമായ സമൂഹത്തിന് 10 ശതമാനം സംവരണം ഭരണഘടനാ ഭേദഗതിയിലൂടെ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിലൂടെയാണ് ചര്‍ച്ചയ്ക്ക് ആരംഭം കുറിച്ചത്. ന്യൂനപക്ഷസമൂഹം ഭരണഘടനാ വിരുദ്ധമായി കൈവശപ്പെടുത്തി അനുഭവിച്ച് പോരുന്ന ന്യൂനപക്ഷസംവരണവും ഒ.ബി.സി. സംവരണവും ചര്‍ച്ചയ്ക്ക് വിധേയമാകുമ്പോള്‍ സംവരണാവകാശം തട്ടിയെടുത്ത് അനുഭവിച്ച് പോരുന്ന സംഘടിത മതസമൂഹം തെറ്റായ ധാരണ സമൂഹത്തില്‍ പ്രചരിപ്പിക്കുകയാണ്. ഈ സാഹചര്യത്തില്‍ സംവരണം എന്ത് എന്നും അവകാശികള്‍ ആര് എന്നും വീണ്ടും ചര്‍ച്ചചെയ്യപ്പെടണം എന്ന് കേരളം ആഗ്രഹിക്കുന്നു.
നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ഹിന്ദുമതത്തിലെ ജാതിയും, അയിത്തവും അനാചാരങ്ങളും മൂലം സാമൂഹ്യമായ പിന്നോക്കാവസ്ഥയും അവശതയും അനുഭവിക്കേണ്ടിവന്ന പിന്നാക്ക- പട്ടിക ജാതി/പട്ടിക വര്‍ഗ്ഗ സമൂഹത്തെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെയാണ് ഭരണഘടനാ ശില്പിയായ ഡോ.ബി.ആര്‍. അംബേദ്ക്കറുടെ നേതൃത്വത്തിലുള്ള ഭരണഘടനാ നിര്‍മ്മാണസമിതി സംവരണം ഏര്‍പ്പെടുത്താന്‍ തയ്യാറായത്. ഇതരമത സമൂഹത്തില്‍ ജാതി സമൂഹം ഉണ്ടായിരുന്നില്ല എന്നതിനാല്‍ വിവേചനം അനുഭവിച്ച ഹിന്ദുസമുദായങ്ങളെ മാത്രമാണ് സംവരണ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
ഭരണഘടനാ ശില്‍പികള്‍ സംവരണത്തിന് അവകാശി ഹിന്ദുക്കള്‍ മാത്രമാണ് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സംവരണം ഹിന്ദുസമൂഹത്തിലെ ജാതിസമൂഹത്തിന് മാത്രമായി നിജപ്പെടുത്തി.
ഭരണഘടനാ നിര്‍മ്മാണ സമിതിക്ക് മുമ്പാകെ ക്രൈസ്തവ മത മേലദ്ധ്യക്ഷന്മാര്‍ അന്ന് സ്വീകരിച്ച നിലപാടുകളിലും ഉന്നയിച്ച ആവശ്യങ്ങളിലും അവര്‍ സ്ഥിരീകരിച്ചത് ക്രൈസ്തവരില്‍ ജാതിവിഭാഗങ്ങള്‍ ഇല്ലെന്നും, അതിനാല്‍ പരിവര്‍ത്തിതരായ ക്രിസ്ത്യാനികളെ മതന്യൂനപക്ഷമായി പരിഗണിക്കണമെന്നുമായിരുന്നു. ന്യൂനപക്ഷസംവരണമാണ് ഞങ്ങള്‍ക്ക് വേണ്ടതെന്നുള്ള വാദവും ഉന്നയിച്ചു. അത് അംഗീകരിക്കപ്പെട്ടതിനാല്‍ പരിവര്‍ത്തിതരുടെ ജനസംഖ്യ ക്രൈസ്തവരോടൊപ്പം ചേര്‍ക്കപ്പെട്ടു. മുസ്ലീം സമൂഹം അവരില്‍ ജാതിയുണ്ടെന്നോ, ജാതി സംവരണം വേണമെന്നോ പട്ടികജാതിയില്‍ ഉള്‍പ്പെടുത്തണമെന്നോ ആവശ്യപ്പെട്ടില്ല. കാരണം മുസ്ലീങ്ങള്‍ തമ്മില്‍ ഭേദവിചാരം ഖുര്‍ആന്‍ അംഗീകരിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ആനുകൂല്യങ്ങള്‍ മുസ്ലീങ്ങള്‍ കൈപ്പറ്റുന്നത് ഖുര്‍ആനിന് വിരുദ്ധമായ കാര്യമാണ്. ഉച്ചനീച ഭേദ ഭാവമില്ലാത്ത, വിവേചനമില്ലാത്ത ഇസ്ലാമിന് ജാതി സംവരണം വേണ്ടെന്നും ന്യൂനപക്ഷ സംവരണമാണ് വേണ്ടതെന്നുമാണ് പണ്ഡിതന്‍മാര്‍ ആവശ്യപ്പെട്ടത്.
1935 ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ട് സെക്ഷന്‍ 37 പ്രകാരം മതം മാറിയ ക്രിസ്ത്യന്‍-മുസ്ലീം സമൂഹത്തില്‍പ്പെട്ടവരെ പട്ടികജാതി അംഗമായി കണക്കാക്കാന്‍ കഴിയില്ലെന്നും പ്രഖ്യാപിച്ചിട്ടുള്ളതാണ്. 1936 ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റും ഈ ആവശ്യം നിരാകരിച്ചു.
ഇന്ത്യന്‍ ഭരണഘടന അനുസരിച്ചുള്ള രാഷ്ട്രപതിയുടെ 1950 ലെ ഭരണഘടന (പട്ടികജാതി) കല്‍പ്പന 1935 ലെ ബ്രിട്ടീഷ് ചക്രവര്‍ത്തിയുടെ ഉത്തരവിനെ മറികടന്നെങ്കെിലും ക്രിസ്തുമതത്തെ ഒഴിവാക്കാതെ ഹിന്ദുമതവിശ്വാസികളല്ലാത്ത ഏതൊരാളും പട്ടിക ജാതിക്കാരനായി പരിഗണിക്കപ്പെടുകയില്ല എന്ന് പ്രഖ്യാപിച്ചു. പട്ടികജാതി സംവരണം ക്രൈസ്തവ, ഇസ്ലാം മതം സ്വീകരിച്ചവര്‍ക്ക് അര്‍ഹതപ്പെട്ടതല്ലെന്ന് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവും 1950ല്‍ തന്നെ വിശദീകരിച്ചു.
ഇന്ത്യന്‍ ഭരണഘടന മതത്തിന്റെ പേരില്‍ സംവരണം വിഭാവനം ചെയ്തിട്ടില്ല എന്നതിനാല്‍ സംവരണത്തിന് ഭരണഘടനാപരമായ അവകാശം ഹിന്ദുക്കള്‍ക്ക് മാത്രമാണ്. ഹിന്ദുസമാജത്തിലുള്ള പിന്നാക്ക സമൂഹമാണ് സാമൂഹ്യഅവശതകള്‍ അനുഭവിച്ചത് എന്നതാണ് കാരണം. മതസമൂഹത്തിന് സംവരണം എന്നത് ഭരണഘടനാ ശില്‍പികളും ബ്രിട്ടീഷ് ഗവണ്‍മെന്റും ബ്രിട്ടീഷ് കോടതിയും സുപ്രീം കോടതികളും പല തവണ തള്ളിക്കളഞ്ഞിട്ടുള്ളതാണ്. പില്‍ക്കാലത്ത് കാക്കാ കാലേക്കര്‍ കമ്മീഷന്‍, മണ്ഡല്‍ കമ്മീഷന്‍ തുടങ്ങിയവയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ 27 ശതമാനം സംവരണം ഒ.ബി.സി സമൂഹത്തിന് പ്രഖ്യാപിക്കപ്പെട്ടു. ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലീം സമൂഹത്തിലെ സാമൂഹിക അവശത അനുഭവിക്കുന്ന വിഭാഗങ്ങള്‍ക്ക് മാത്രമാണ് സംവരണം അനുവദിച്ചത്. 27% സംവരണത്തിനാണ് ശുപാര്‍ശ ചെയ്തത്. വിദ്യാഭ്യാസ രംഗത്തും സര്‍ക്കാര്‍ സര്‍വ്വീസിലും അനുപാതിക പ്രാതിനിധ്യം ഇല്ലാത്തവര്‍ക്കാണ് ഇത് അനുവദിക്കപ്പെട്ടത്. കേരളത്തില്‍ മുസ്ലീം സമൂഹത്തിലെ മുഴുവന്‍ ജനസമൂഹത്തിനും സംവരണം അനുവദിക്കപ്പെട്ടു.
നെഹ്‌റു അടക്കമുള്ള മുന്‍കാല നേതാക്കന്‍മാര്‍ സ്വീകരിച്ച നയങ്ങളില്‍ നിന്നും പരിപാടികളില്‍ നിന്നും ഭിന്നമായതും വിരുദ്ധമായതുമായ നിലപാട് സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭരണം നിലവില്‍ വന്നതിലൂടെയാണ് വീണ്ടും സംജാതമായത്. പട്ടികജാതി-പട്ടികവര്‍ഗ്ഗ സമൂഹത്തിന് ഭരണഘടന സംരക്ഷണം നല്‍കുന്ന സംവരണം മതം മാറിയവര്‍ക്കും നല്‍കണമെന്ന് ആവശ്യപ്പെട്ടത് അന്നത്തെ പാര്‍ട്ടി സെക്രട്ടറിയും ഇന്നത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയനാണ്. എല്ലാ കാലത്തും പിന്നാക്ക പട്ടികജാതി സമൂഹങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് ഇരുമുന്നണികളും കേരളത്തില്‍ സ്വീകരിച്ചത്. കേന്ദ്ര സംവരണത്തില്‍ എസ്.സി സമൂഹത്തിന് 15%, എസ്.റ്റി സമൂഹത്തിന് 71/2% വും അനുവദിച്ചപ്പോള്‍ കേരളത്തില്‍ എസ്സ്.സി ക്ക ് 8%, എസ്.റ്റി സമൂഹത്തിന് 2% വും ആണ് നല്‍കിയത്.
ആകെയുള്ള 50% സംവരണത്തില്‍ 10% എസ്.സി/എസ്.റ്റി സംവരണം ഒഴിച്ച് 40% സംവരണത്തില്‍ 12% മുസ്ലിം സമൂഹവും 6% ക്രിസ്ത്യാനികളും കൈവശപ്പെടുത്തി. ഭരണഘടന മതത്തിന്റെ പേരില്‍ സംവരണം വിഭാവനം ചെയ്തിട്ടില്ല എന്നിരിക്കെ എങ്ങനെയാണ് സംസ്ഥാനത്ത് മുസ്ലിം, ക്രിസ്ത്യന്‍ സമൂഹത്തിന് സംവരണം ലഭിച്ചത്? ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 15(4) 16(4) പ്രകാരം സാമൂഹ്യപരമായും, വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തിന് സംവരണം കൊടുക്കാന്‍ സര്‍ക്കാരിന് തടസമില്ല എന്നത് ദുരുപയോഗം ചെയ്താണ് കേരളത്തില്‍ ഇന്ന് നടക്കുന്ന മുസ്ലീം-ക്രിസ്ത്യന്‍ സംവരണ തട്ടിപ്പിന് കളമൊരുങ്ങിയത്. അതിന്‍പ്രകാരം മുസ്ലീം സമൂഹത്തിന് 12%, ലത്തീന്‍ കാത്തലിക് 4%, നാടാര്‍ 1%, പരിവര്‍ത്തന ക്രിസ്ത്യന്‍ 1% അടക്കം 18% സംവരണം കൈയ്യടക്കി. ഈ നിയമത്തില്‍ ഉള്‍പ്പെടുന്ന വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ ഓരോ 10 വര്‍ഷം കൂടുമ്പോഴും പഠനം നടത്തി വിലയിരുത്തി പുനര്‍നിര്‍ണ്ണയിക്കപ്പെടണം എന്ന വ്യവസ്ഥ ഇന്നേവരെ പാലിച്ചിട്ടില്ല.
ഒ.ബി.സി. വിഭാഗത്തില്‍പ്പെടുന്ന മോസ്റ്റ് ബാക്ക്‌വേര്‍ഡ് ഹിന്ദുവിന് (80% അധികം വരുന്ന സമൂഹം) കേവലം 3% സംവരണം, ഈഴവ 14%, വിശ്വകര്‍മ്മ 3%, ധീവരന്‍ 1%, ഹിന്ദു നാടാര്‍ 1% എന്നിങ്ങനെയാണ് മറ്റ് പിന്നാക്ക ഹിന്ദുസംവരണം.
1992 ലെ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ആക്ട് സെക്ഷന്‍ 2 ലെ വകുപ്പ് സിയില്‍ നിര്‍വ്വചിക്കപ്പെട്ടിരിക്കുന്ന പ്രകാരം ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള സാമൂഹികവും, വിദ്യാഭ്യാസപരവുമായ പിന്നാക്കകാര്‍ക്ക് 4.5% (2012 ജനുവരി നമ്പര്‍ 36012/3293 അനുസരിച്ച് സര്‍ക്കാര്‍ അറിയിപ്പ് പ്രകാരം) സംവരണം ഉള്‍പ്പെടെ മറ്റ് പിന്നാക്കവിഭാഗക്കാര്‍ക്ക് 27% സംവരണത്തിനുള്ള ഉത്തരവായി. 08.09.1993 തീയതികളില്‍ മുമ്പത്തെ ഖണ്ഡികയില്‍ പരാമര്‍ശിച്ചിരിക്കുന്ന അതേ നിബന്ധനകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായിട്ടാണ് 27% സംവരണവും പരിഗണിച്ചത്. ഗവണ്‍മെന്റ് മുന്‍കാല പ്രമേയത്തില്‍ വ്യക്തമാക്കിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന സംവരണം ന്യൂനപക്ഷങ്ങള്‍ക്കായി 4.5% സംവരണവും സബ് ക്വാട്ടയ്ക്ക് വിധേയമായി തുടരണമെന്ന് ഇതിനാല്‍ വ്യക്തമാക്കിയതാണ്. ഇത് അനുസരിച്ച് കേന്ദ്രലിസ്റ്റിലുള്ള ന്യൂനപക്ഷങ്ങളുടെ ജാതി/സമുദായങ്ങള്‍ ലിസ്റ്റ് സാമൂഹ്യനീതി മന്ത്രാലയം സംസ്ഥാനാടിസ്ഥാനത്തില്‍ അറിയിക്കണമെന്നും വ്യവസ്ഥയുണ്ട്. എന്നാല്‍ സംസ്ഥാനതലത്തില്‍ മുസ്ലീം സമൂഹത്തിലെ ജാതികളെ പരിഗണിക്കാന്‍ തയ്യാറാകാത്ത മുഴുവന്‍ മുസ്ലിങ്ങളെയും ഒറ്റ പട്ടികയില്‍ ഉള്‍പ്പെടുത്തി 12% സംവരണം നല്‍കി പോരുന്നു.
വടക്കന്‍ കേരളത്തിലെ തീരപ്രദേശ സമൂഹത്തില്‍ നിന്ന്(ധീവര) രാജശാസനം അനുസരിച്ച് മതംമാറ്റി മാര്‍ഗം കൂടിയ മാപ്പിള എന്ന ജാതിയില്‍പ്പെട്ടവരാണ് സംവരണാവകാശികള്‍ എന്നാണ് കമ്മീഷന്‍ കണ്ടെത്തിയത്. മാപ്പിള സമുദായത്തിനുള്ള സംവരണം മുഴുവന്‍ മുസ്ലീം സമൂഹത്തിനും ക്രിമിലെയര്‍ പോലും ബാധകമാകാതെ സര്‍ക്കാരുകള്‍ മത പ്രീണനാര്‍ത്ഥം നല്‍കുകയായിരുന്നു.
ഈ സാഹചര്യം നിലനില്‍ക്കെയാണ് ഭരണഘടനയുടെ 103-ാമത് ഭേദഗതി പ്രകാരം മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് (Economically weaker sector (EWS)) 10% സംവരണം ജനറല്‍ ക്വാട്ടയില്‍ നിന്ന് കൊടുക്കാന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്. ഈ ഭരണഘടനാഭേദഗതി സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ചിട്ടുള്ള കേസ് സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചെങ്കിലും നിയമം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചു.
ഭരണഘടനാ ഭേദഗതി ചെയ്യാതെ മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സംവരണം നല്‍കിയിരുന്നെങ്കില്‍ അത് ഭരണഘടനാവിരുദ്ധം ആകുമായിരുന്നു. എന്നാല്‍ ഭരണഘടനാ ഭേദഗതിയിലൂടെ നല്‍കുന്ന സംവരണം ഭരണഘടനാ വിധേയമാണ്. മണ്ഡല്‍ കമ്മീഷന്‍ കേസില്‍ സുപ്രീം കോടതി വിധിയിലെ സംവരണം 50 ശതമാനത്തില്‍ അധികരിക്കാന്‍ പാടില്ല എന്ന വിധിയെ ഇതോടെ കേന്ദ്രസര്‍ക്കാര്‍ മറികടന്നു.
സംവരണ സമുദായങ്ങള്‍ക്ക് സംവരണത്തില്‍ ഒരു തരത്തിലുള്ള നഷ്ടവും വരുത്തില്ല എന്ന് പ്രധാനമന്ത്രി ഇന്ത്യന്‍ പാര്‍ലമെന്റിന് ഉറപ്പുനല്‍കുകയും ചെയ്തു. ഒന്നാം ഭരണഘടനാ ഭേദഗതിയിലൂടെ വിദ്യാഭ്യാസത്തിന് സംവരണം ഏര്‍പ്പെടുത്തിയത് ഭരണഘടനാവിരുദ്ധം എന്ന് പറയുന്ന പോലെയാണ്, ഭരണഘടനയുടെ 103-ാം ഭേദഗതിയും ഭരണഘടനാവിരുദ്ധം എന്ന് പറയുന്നത്. SC/ST/SEBC എന്നീ വിഭാഗങ്ങള്‍ക്കുള്ള സംവരണത്തില്‍ കൈകടത്താതെയുള്ള സംവരണത്തില്‍ എന്തിനാണ് സംവരണ വിഭാഗക്കാര്‍ വ്യാകുലരാകുന്നത്.
ഇഡബ്ല്യുഎസ് സംവരണത്തെ എതിര്‍ത്തുകൊണ്ട് വരുന്ന 12% സംവരണം കൈവശം വച്ചനുഭവിക്കുന്ന ഇസ്ലാം സമൂഹത്തിന്റെ വാദത്തില്‍ എന്തെങ്കിലും കഴമ്പുണ്ടോ? യഥാര്‍ത്ഥത്തില്‍ ഭരണഘടനാവിരുദ്ധമാകുന്നത് ജാതിക്കുള്ള സംവരണം മതം കൈവശപ്പെടുത്തുമ്പോഴല്ലെ? ആയിരത്താണ്ടുകളിലായി രാജ്യം അടക്കി ഭരിച്ച വൈദേശികഭരണകൂടത്തിന്റെ എല്ലാവിധ സംരക്ഷണവും, അവര്‍ നല്‍കിയ ഉന്നതാധികാരങ്ങളും, അവകാശ – ആനുകൂല്യങ്ങളും അനുഭവിച്ച് പോരുന്ന സംഘടിത മതങ്ങളായ ഇസ്ലാം – ക്രൈസ്തവ സമൂഹങ്ങള്‍ ഇവര്‍ക്ക് ഇന്ത്യന്‍ ഭരണകര്‍ത്താക്കളില്‍ നിന്ന് ലഭിച്ച പിന്നാക്കസംവരണവും ന്യൂനപക്ഷ സംവരണവും അവര്‍ ഒരേ സമയം അനുഭവിച്ചുപോരുകയാണ്.
സംവരണത്തിന്റെ അവകാശികള്‍ക്ക് നിഷേധിക്കപ്പെട്ട കാര്യക്ഷമതാവാദം ഇന്നേവരെ ന്യൂനപക്ഷ സംവരണ കാര്യത്തിലും സാമ്പത്തിക സംവരണകാര്യത്തിലും ഉന്നയിക്കപ്പെട്ടില്ല എന്നത് വിരോധാഭാസമാണ്.
10 ശതമാനം സംവരണം ജനറല്‍ ക്വാട്ടയില്‍ നിന്ന് മുന്നാക്ക സമുദായങ്ങള്‍ക്ക് അനുവദിക്കുമ്പോള്‍ സംവരണ സമുദായങ്ങള്‍ക്ക് ഓപ്പണ്‍ക്വാട്ടയില്‍ അവസരം നിഷേധിക്കുകയാണെന്ന് വിലപിക്കുന്നവരും, സംവരണസമുദായങ്ങളെ മുന്നില്‍നിര്‍ത്തി ലാഭം കൊയ്യാന്‍ ശ്രമിക്കുന്ന സംഘടിത മതങ്ങള്‍ ഒരു കാര്യത്തില്‍ അവര്‍ വിശദീകരണം നല്‍കാതെ മൗനം നടിക്കുകയാണ്. ജാതി സംവരണം കൈവശപ്പെടുത്തി മതങ്ങള്‍ സംവരണാവകാശം അനുഭവിക്കുന്നത് ഭരണഘടനാലംഘനവും സാമൂഹ്യനീതി നിഷേധവുമല്ലേ? 12% ഒ.ബി.സി. സംവരണവും, ന്യൂനപക്ഷ സംവരണവും ഒരുപോലെ അനുഭവിക്കുന്നവര്‍ ഇഡബ്ല്യുഎസ് സംവരണത്തിലും പങ്ക് പറ്റാനുള്ള ഗൂഢ നീക്കമാണ് നടത്തുന്നത്.
ഇസ്ലാമിക സമൂഹം ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥമായ സമീപനമാണ് പുലര്‍ത്തുന്നതെങ്കില്‍ സംവരണ സമുദായ ലിസ്റ്റിലെ 39-ാം നമ്പരായി ചേര്‍ത്തിട്ടുള്ള മാപ്പിള, 39 എ നമ്പരില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ബൊഹ്‌റ, കച്ചി, മേന്‍മന്‍, കെവയാറ്റ്, തുറക്കന്‍, ദഹാനി മുസ്ലീം എന്നീ യഥാര്‍ത്ഥ പിന്നോക്ക മുസ്ലീങ്ങളുടെ ജനസംഖ്യാനുപാതിക സംവരണത്തില്‍ മുഴുവന്‍ മുസ്ലീമുകള്‍ക്കായി കൈവശപ്പെടുത്തി അനുഭവിച്ച് വന്നിരുന്ന ആനുകൂല്യങ്ങളും, സംവരണം ഉപയോഗിച്ച് നേടിയ നിയമങ്ങളും, പദവികളും ഒഴിവാക്കാന്‍ തയ്യാറാകുമോ? ഭാഷാന്യൂനപക്ഷത്തിനും, മതന്യൂനപക്ഷത്തിനും ഉള്ള സംവരണം സംസ്ഥാനത്ത് 26.64% വരുന്ന ഇസ്ലാമിന് എങ്ങനെ ലഭ്യമാകും. ഓരോ സെന്‍സസ് വര്‍ഷവും ജനസംഖ്യയില്‍ വളര്‍ച്ച പ്രാപിക്കുന്ന ക്രൈസ്തവ-ഇസ്ലാമിക സമൂഹം സംസ്ഥാനത്ത് ഭൂരിപക്ഷമായിരിക്കുന്നു. ക്രിസ്ത്യന്‍, ഇസ്ലാം സമൂഹത്തിലെ പ്രച്ഛന്ന ക്രിസ്ത്യന്‍, മുസ്ലീം സമൂഹം ഹിന്ദു ജനസംഖ്യയുടെ കണക്കില്‍ ഉള്‍പ്പെട്ട് ജീവിക്കുന്ന 4% ഈ ജനസംഖ്യ ജാതിതിരിച്ചുള്ള കണക്കില്‍ ഉള്‍പ്പെടുത്തിയാല്‍ ഹിന്ദു ജനസംഖ്യ 48% മായി ചുരുങ്ങും. ഈ സാഹചര്യത്തില്‍ ന്യൂനപക്ഷ സംവരണം ഹിന്ദുസമൂഹത്തിന് വിട്ടുനല്‍കാന്‍ ഇസ്ലാം, ക്രൈസ്തവ മതങ്ങള്‍ തയ്യാറാകുമോ? എല്ലാരംഗത്തും മുന്നാക്കം ആയ മതസമൂഹം 18% സംവരണം ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കേണ്ടതാണ്.
മുന്നാക്ക സമൂഹത്തില്‍പ്പെട്ട പിന്നാക്കക്കാര്‍ക്ക് ജനറല്‍ക്വാട്ടയില്‍നിന്ന് 10% സംവരണം നിയമനിര്‍മ്മാണത്തിലൂടെ അനുവദിച്ചത് വിവാദമാക്കാനും, ഉത്തരവിനെ തെറ്റിദ്ധരിപ്പിച്ച് ഹിന്ദു സമൂഹത്തില്‍ ആശങ്ക വളര്‍ത്തി പരസ്പരം തമ്മിലടിപ്പിക്കാനും സംഘടിത മതസമൂഹവും, സംഘടിത ന്യൂനപക്ഷത്തെ എക്കാലത്തും കൂടെനിര്‍ത്തി പ്രീണിപ്പിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും നടത്തുന്ന ശ്രമങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറുന്നത്.
ന്യൂനപക്ഷ അവകാശങ്ങള്‍ മൗലികാവകാശമായി അനുഭവിച്ചുപോരുന്നവര്‍ ഒ.ബി.സി. പട്ടികയില്‍ നിന്ന് ഒഴിവാകുകയോ, ഒഴിവാക്കുകയോ ചെയ്യണം എന്ന ആവശ്യത്തിന് ഇന്നത്തെ സാഹചര്യത്തില്‍ പ്രസക്തി വര്‍ദ്ധിക്കുകയാണ്. ഒ.ബി.സി. പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നവര്‍ക്ക് ഇഡബ്ല്യുഎസ് പട്ടികയില്‍ ഉള്‍പ്പെടുത്തി സംവരണം നല്‍കാവുന്നതാണ്.
മുന്നാക്ക വിഭാഗത്തിലെ സാമ്പത്തിക പിന്നാക്കാവസ്ഥ അനുഭവിക്കുന്നവര്‍ക്ക് സംവരണം അനുവദിക്കുന്നതിലൂടെ അനര്‍ഹര്‍ ആനുകൂല്യങ്ങളും, അധികാരസ്ഥാനങ്ങളും കൈയ്യടക്കും എന്ന് ചന്ദ്രഹാസം ഇളക്കുന്ന സമസ്ത അടക്കമുള്ള മുസ്ലീം സംഘടനകള്‍, ഭരണഘടനാ തത്വങ്ങള്‍ കാറ്റില്‍പറത്തി കാലങ്ങളായി അനുഭവിക്കുന്ന അവകാശങ്ങളും, അധികാരങ്ങളും, ഭരണപങ്കാളിത്തത്തിലൂടെ നേടിയ സ്ഥാപനങ്ങളുടെയും കണക്ക് പരിശോധിക്കുമ്പോഴാണ് തട്ടിപ്പിന്റെ കാണാപ്പുറങ്ങള്‍ പുറത്തുവരുന്നത്. ഏതുമുന്നണി ഭരിച്ചാലും ഭരണത്തെ നിയന്ത്രിക്കുന്ന സമൂഹമായി 1967 മുതല്‍ ഇവര്‍ മാറിയതാണ്. സാമൂഹ്യവും വിദ്യാഭ്യാസവും, സാമ്പത്തികവുമായി ഇവര്‍ ഏറെ മുന്നിലാണ് എന്നത് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാക്കാന്‍ കഴിയുന്നതാണ്.
പാലൊളി സമിതി റിപ്പോര്‍ട്ടില്‍ 3000 ത്തോളം നിര്‍ദ്ദേശങ്ങള്‍ മുസ്ലീം ക്ഷേമത്തിനായി കുത്തിനിറച്ച് മുസ്ലീം സമൂഹത്തെ പ്രീണിപ്പിക്കാനാണ് സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്. സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ട് പ്രകാരം മുസ്ലീം സമൂഹത്തിന് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാണ്. കച്ചവടം, സ്വയംതൊഴില്‍, ഉയര്‍ന്ന സര്‍ക്കാര്‍ തസ്തിക, നിക്ഷേപം ബാങ്ക് അക്കൗണ്ടുകള്‍ എന്നിവയിലും അധികാര സ്ഥാനങ്ങളിലെ പങ്കാളിത്തത്തിലും വളരെ മുന്നിലാണ്. സ്വന്തമായുള്ള ഭൂമി 77.1%, വിദേശവരുമാനം 67.09% കാര്‍ഷിക മേഖല 18.3% ദാരിദ്ര്യരേഖയ്ക്ക് താഴെ 24.7 ലക്ഷം എന്നിങ്ങനെയാണ് മുസ്ലിം ഉന്നമനത്തിന്റെ കണക്ക്. ആത്മഹത്യചെയ്യുന്ന കണക്കില്‍ 1.5% മാത്രമാണ് മുസ്ലീം സമൂഹം. സാമൂഹ്യ സാമ്പത്തിക നിലവാരത്തില്‍ വാഹനങ്ങള്‍, വീട്, കൂടുതല്‍ വിദേശയാത്ര, ഭൂമി വാങ്ങുന്നവര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയം, ധര്‍മ്മ സ്ഥാപനങ്ങളുടെയും നിലവാരം തുടങ്ങിയ കാര്യങ്ങള്‍ പഠിച്ചാല്‍ മുസ്ലീം സമൂഹം ഈ രംഗങ്ങളിലും മുന്നിലാണ്.
ന്യൂനപക്ഷത്തെ നിശ്ചയിക്കുന്ന മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി ടി.എം.എ.പൈ കേസിലെ വിധിയില്‍ ഭാഷാപരം, മതപരം എന്ന നിലയിലാണ് ന്യൂനപക്ഷത്തെ കണക്കാക്കേണ്ടതെന്നും, ഭാഷാ സംസ്ഥാനങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഭാഷാ ന്യൂനപക്ഷത്തെ കണക്കാക്കുന്നത് സംസ്ഥാന അടിസ്ഥാനത്തില്‍ ആയതിനാല്‍ മതന്യൂനപക്ഷത്തെയും, കണക്കാക്കേണ്ടത് സംസ്ഥാന അടിസ്ഥാനത്തിലാണെന്ന് പ്രസ്താവിച്ചു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് കിട്ടുന്ന പ്രത്യേക അവകാശം വിവേചനമല്ലെന്ന് ഉറപ്പുവരുത്തണമെന്നും, അത് തിരിച്ചുള്ള വിവേചനത്തിന് (റിവേഴ്‌സ് ഡിസ്‌ക്രിമിനേഷന്‍) ഇടയാക്കരുതെന്നും, നിഷ്‌കര്‍ഷിക്കുന്നു. ഒരു ഭേദഗതിയും പ്രത്യേക അവകാശങ്ങള്‍ക്ക് അര്‍ഹരാകുന്നില്ലെന്ന് ഭരണഘടനാ വിദഗ്ധരുടെ നിര്‍ദ്ദേശങ്ങളും, നിഗമനങ്ങളും നിലനില്‍ക്കെയാണ് ഭരണഘടനയുടെ അന്തഃസത്തയ്ക്ക് നിരക്കാത്ത നിയമഭേദഗതികളും, നിര്‍മ്മാണങ്ങളും പദ്ധതികളും നടപ്പിലാക്കുന്നത്.
സദുദ്ദേശത്തോടെ ആന്റണി സര്‍ക്കാര്‍ കൊണ്ടുവന്ന 50% മെറിറ്റും സര്‍ക്കാര്‍ഫീസും എന്ന സംവിധാനത്തെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അട്ടിമറിച്ചത് കോടതിവിധി സമ്പാദിച്ച് ആയിരുന്നെങ്കില്‍ കോടതികള്‍ക്ക് പുറമെ ന്യൂനപക്ഷ പദവി നേടിയെടുത്ത് ന്യൂനപക്ഷ പദവി ബില്ലില്‍ നിന്ന് ഇവര്‍ പുറത്ത് കടന്ന് സംവരണാവകാശവും മെറിറ്റ് സംവിധാനവും സര്‍ക്കാര്‍ഫീസും അട്ടിമറിച്ചു.
സംസ്ഥാനത്ത് ലഭിച്ചുവരുന്ന വര്‍ദ്ധിച്ച തോതിലുള്ള സംവരണം മറ്റ് സംസ്ഥാനങ്ങളില്‍ മതസമൂഹത്തിന് ഇന്നേവരെ ലഭ്യമായിട്ടില്ല എന്നത് മറച്ച് വച്ചാണ് ഇവിടെ കാലാപക്കൊടി ഉയര്‍ത്തുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ മുസ്ലീം സമൂഹത്തില്‍ ചെറിയ വിഭാഗത്തിന് മാത്രമാണ് സംവരണാവകാശം ലഭിക്കുന്നത്. കര്‍ണ്ണാടക, കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങളില്‍ സംവരണേതര വിഭാഗത്തില്‍പ്പെടുന്ന ന്യൂനപക്ഷ മതങ്ങള്‍ക്ക് സാമ്പത്തിക സംവരണ ആനുകൂല്യമാണ് ലഭിച്ചു വരുന്നത്.
കേരളത്തിന്റെ പരിതസ്ഥിതിയില്‍ ജനസംഖ്യയുടെ 28.6% വരുന്ന മുസ്ലിങ്ങളും, 19% വരുന്ന ക്രിസ്ത്യാനികളും ന്യൂനപക്ഷ പരിരക്ഷയ്ക്ക് അര്‍ഹരല്ല. അവര്‍ രാഷ്ട്രീയ രംഗത്തും, സാമ്പത്തിക- വിദ്യാഭ്യാസ രംഗങ്ങളിലുമെല്ലാം ആധിപത്യം പുലര്‍ത്തുന്നവരാണ്. ഈ സാമൂഹ്യ യാഥാര്‍ത്ഥ്യം അംഗീകരിച്ച് അവരെ ന്യൂനപക്ഷപദവിയ്ക്ക് പുറത്ത് നിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടതാണ്. എന്നാല്‍ രാഷ്ട്രീയ കാരണങ്ങളാല്‍ അവരുടെ ന്യൂനപക്ഷാവകാശം സംരക്ഷിക്കുന്നതിന് 50% ല്‍ കുറവ് ജനസംഖ്യയുള്ളവര്‍ക്ക് ന്യൂനപക്ഷാവകാശത്തിന് അര്‍ഹതയുണ്ട് എന്ന് അവര്‍ വാദിക്കുന്നത്. ക്രിസ്ത്യന്‍-മുസ്ലീം സമൂഹങ്ങള്‍ക്ക് ന്യൂനപക്ഷ പദവിയ്ക്ക് അര്‍ഹതയില്ലെന്ന് പ്രഖ്യാപിക്കാനുള്ള രാഷ്ട്രീയ ധൈര്യം മുന്‍ സര്‍ക്കാരുകള്‍ക്ക് ഇല്ലാതെപോയി. 2002-ല്‍ പാസാക്കിയ ഐക്യരാഷ്ട്ര സഭ പ്രമേയത്തില്‍ ജനസംഖ്യാപരമായി താഴെയുള്ള വിഭാഗങ്ങളെയാണ് ന്യൂനപക്ഷമായി കണക്കാക്കേണ്ടതെന്നാണ് പറഞ്ഞിട്ടുള്ളത്. മത്സരാധിഷ്ഠിതമായ വ്യവസ്ഥയില്‍ മത്സരിക്കാന്‍ വേണ്ട ജനസംഖ്യയും, സാമൂഹ്യസാഹചര്യങ്ങളും ശക്തിയുമില്ലാത്ത സമൂഹങ്ങള്‍ക്കാണ് പ്രത്യേക സംരക്ഷണം നല്‍കി അവരുടെ സവിശേഷതകളും അവകാശങ്ങളും സംരക്ഷിക്കാനാണ് ഭരണഘടനയും നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ജാതീയമായ അവശതകള്‍ക്ക് പരിഹാരമായി ഭരണഘടനയില്‍ ഉറപ്പുനല്‍കിയ സംവരണം ജാതി അവശതകള്‍ക്ക് വിധേയമാകാത്ത സമൂഹങ്ങള്‍ക്ക് ഭരണഘടനാ ഭേദഗതിയിലൂടെ നല്‍കുന്നതിനെ ചോദ്യം ചെയ്യാനുള്ള അവകാശം ഹിന്ദു സമുദായത്തിലെ സംവരണ സമുദായങ്ങള്‍ക്ക് മാത്രമാണെന്നിരിക്കെ സംവരണ അവകാശങ്ങള്‍ തട്ടിയെടുത്ത ജാതിയില്ലാത്ത മതങ്ങള്‍ എന്തിനുവേണ്ടിയാണ് പ്രചാരണകോലാഹലങ്ങളും പ്രക്ഷോഭ പരിപാടികളും നിയമയുദ്ധവും നടത്തുന്നത്.
എല്ലാ രംഗത്തും മേല്‍ക്കൈ നേടിയ മതസമൂഹങ്ങള്‍ പിന്നോക്ക ദളിത് മുസ്ലീം ഐക്യം എന്ന പുതിയ പ്രലോഭന തന്ത്രങ്ങള്‍ അവതരിപ്പിച്ച് ഐക്യ കേരളത്തെ രണ്ടായി വീതിച്ചെടുക്കാനും മലബാര്‍ പ്രദേശം മുസ്ലീം സമൂഹത്തിനും, തിരുവിതാംകൂര്‍ കൊച്ചി പ്രദേശം ക്രൈസ്തവ സമൂഹത്തിനുമായി വീതംവച്ച് അധികാരസ്ഥാനം ഉറപ്പിക്കാനാണ് എന്ന് ആരെങ്കിലും ആരോപണം ഉന്നയിച്ചാല്‍ അവരെ തെറ്റ് പറയാന്‍ കഴിയില്ല. മലബാര്‍ കേന്ദ്രീകരിച്ച് സംസ്ഥാനം എന്ന് ആവശ്യങ്ങള്‍ ഉന്നയിച്ച് മുസ്ലീം സംഘടനകള്‍ പാസാക്കിയ പ്രമേയങ്ങള്‍ വിലയിരുത്തുമ്പോഴാണ് ഇതിന്റെ പിന്നിലുള്ള ദുരുദ്ദേശം മനസ്സിലാവുന്നത്.
എസ്‌സി-എസ്ടി വിഭാഗത്തിനും സംവരണത്തില്‍ ക്രിമിലെയര്‍ ഏര്‍പ്പെടുത്തണമെന്ന് സുപ്രീംകോടതിയുടെ ഉത്തരവ് വന്നുകഴിഞ്ഞു. അനുകൂലിച്ചും, പ്രതികൂലിച്ചും അഭിപ്രായങ്ങളും വിവിധ തലങ്ങളില്‍ ഉയര്‍ന്നു വരുന്നുണ്ട്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, ലോക്‌സഭ അദ്ധ്യക്ഷന്‍, പ്രധാനമന്ത്രി, മറ്റു മന്ത്രിമാര്‍,മുഖ്യമന്ത്രി, സഹ മന്ത്രിമാര്‍, സംസ്ഥാന ഗവര്‍ണ്ണര്‍, ലഫ്‌നന്റ് ഗവര്‍ണ്ണര്‍, എംപി, എംഎല്‍എമാരുടെയും, യുപിഎസ്‌സി അദ്ധ്യക്ഷന്‍, അംഗങ്ങള്‍ സംസ്ഥാന പിഎസ്‌സി ചെയര്‍മാന്‍മാര്‍, അംഗങ്ങള്‍, ഇന്ത്യന്‍ ചീഫ്ജസ്റ്റിസ്, സുപ്രീം കോടതി ജസ്റ്റിസുമാര്‍, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, മറ്റു ജസ്റ്റിസുമാര്‍, മറ്റു ഭരണഘടന പദവികള്‍ വഹിക്കുന്നവരുടെയും ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് തുടങ്ങിയ പദവികള്‍ വഹിക്കുന്നവരുടെയും സമാന പദവികള്‍ വഹിക്കുന്നവരുടെയും മക്കള്‍ ഒബിസി വിഭാഗത്തില്‍ ക്രിമിലെയര്‍ ആണ്.
അവര്‍ക്ക് സംവരണത്തിന് അര്‍ഹതയില്ല! ക്രിമിലെയര്‍ പട്ടികജാതി/പട്ടികഗോത്രവര്‍ഗ്ഗക്കാരിലും ഏര്‍പ്പെടുത്തണമെന്നാണ് കോടതി വിധി.
സര്‍വ്വീസില്‍ എന്‍ട്രി കേഡറില്‍ ഗസസ്റ്റഡ് പദവികളില്‍ അതായത് ഡോക്ട്‌ടേഴ്സ്, എഞ്ചിനീയേഴ്സ്, കോളേജ് അധ്യാപകര്‍, മുന്‍സിഫ്, മജിസ്‌ട്രേറ്റ്, മുതലായ പദവികള്‍ വഹിക്കുന്നവരുടെ മക്കള്‍ക്കും, ആദായ നികുതി നല്കുന്ന അഭിഭാഷകര്‍, സിഎ, ഐടി ഉദ്യോഗസ്ഥര്‍, ബാങ്ക് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും സംവരണം വേണോ?
പാടത്തും പറമ്പിലും കാട്ടിലും മേട്ടിലും പണിയെടുക്കുന്ന കര്‍ഷകത്തൊഴിലാളികളുടെ പട്ടിണി പാവങ്ങളായ മക്കള്‍ക്ക് മേല്‍പ്പറഞ്ഞവരുടെ മക്കളുമായി മത്സരിച്ചു ഉദ്യോഗത്തില്‍ കയറാന്‍ പറ്റുന്നില്ല എന്ന സാഹചര്യം ഇന്ന് നിലവിലുണ്ട്. അവര്‍ക്കല്ലേ സംവരണത്തിന്റെ ആദ്യ പങ്ക് നല്‍കേണ്ടത്?
കര്‍ഷത്തൊഴിലാളിയുടെ മക്കള്‍ കര്‍ഷകത്തൊഴിലാളിയും, തോട്ടിയുടെ മക്കള്‍ തോട്ടിയും, ചെരുപ്പ് കുത്തിയുടെ മക്കള്‍ ചെരുപ്പ് കുത്തിയും ആയി കഴിഞ്ഞാല്‍ മതിയോ എന്ന കാര്യവും ഇവിടെ ചിന്തിക്കേണ്ടതാണ്.
സംവരണ സമുദായത്തില്‍ ഉള്‍പ്പെട്ടവര്‍ ആണെങ്കിലും പാവപ്പെട്ട സംവരണ വിഭാഗക്കാരന്റെ മക്കള്‍ക്ക് അവസരം നിഷേധിക്കപെടുന്നുവെങ്കില്‍ അത് വിവേചനം അല്ലേ?
എല്ലാവിധ സംവരണത്തിലും ക്രിമിലേയര്‍ വിഭാഗത്തെ ഒഴിവാക്കണമെന്ന ആവശ്യത്തെക്കുറിച്ച് സംവരണസമൂഹങ്ങളും ചര്‍ച്ചയ്ക്ക് തയ്യാറാകണം.
സംസ്ഥാനത്ത് ഇന്ന് സംവരണ ചര്‍ച്ചകളെ കാണേണ്ടത് സംവരണ വിഷയത്തിലെ വസ്തുതകളെ പരിഗണിച്ചു വേണം എന്നതാണ് മുന്‍കാല അനുഭവങ്ങള്‍ നല്‍കുന്ന വലിയ ഒരു സന്ദേശം. കവര്‍ന്നെടുക്കപ്പെട്ട സംവരണം ഹിന്ദുസമൂഹത്തിലെ സാമൂഹ്യമായ അവശത അനുഭവിച്ച ജാതിസമൂഹങ്ങള്‍ക്കാണ് ലഭ്യമാകേണ്ടത് എന്നതിനാല്‍ ജാതി സംവരണം ജാതി സമൂഹങ്ങള്‍ക്ക് മാത്രമായി നിജപ്പെടുത്താന്‍ തീരുമാനമെടുക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിക്കുകയാണ് സാമൂഹ്യനീതി.
(ഹിന്ദുഐക്യവേദി സംസ്ഥാന വക്താവ് ആണ് ലേഖകന്‍)