ഭാരതത്തില്‍ അതിപുരാതന കാലം മുതല്‍ ശൈവ സമ്പ്രദായം നിലവിലുണ്ടായിരുന്നതായി കരുതപ്പെടുന്നു. രുദ്രന്‍ അഥവാ ശിവന്‍ വേദത്തിലെ ഒരു ആരാധനാമൂര്‍ത്തിയായിരുന്നു. യജുര്‍വേദത്തിലെ ‘ശതരുദ്രീയം’ രുദ്രനെ സ്തുതിക്കുന്നതാണ്. തൈത്തരീയ ആരണ്യകം, ചില ഉപനിഷത്തുകള്‍, മഹാഭാരതം, ചില പുരാണങ്ങള്‍ മുതലായവയും ശിവനെ വാഴ്ത്തുന്നുണ്ട്. രാവണന്‍ ശിവഭക്തനായിരുന്നുവെന്ന് രാമായണത്തില്‍ പറയപ്പെടുന്നുണ്ടല്ലോ. ശൈവ സമ്പ്രദായത്തിന്റെ തുടക്കം വേദത്തില്‍ നിന്നാണെങ്കിലും അതിന്റെ തത്ത്വചിന്തയും അനുഷ്ഠാനങ്ങളും ആഗമങ്ങളിലാണ് കാണാന്‍ സാധിക്കുക. ശൈവ ആഗമങ്ങള്‍ ഭഗവാന്‍ ശിവനില്‍ നിന്ന് ശിവാചാര്യന്മാരിലൂടെ നേരിട്ടു വന്നുചേര്‍ന്നവയാണെന്നും വിശ്വസിക്കപ്പെടുന്നു. എന്നാല്‍ ഈ ആചാര്യന്മാര്‍ ജീവിച്ചിരുന്ന കാലമേതെന്നോ അതിന്റെ ചരിത്രമെന്തെന്നോ അറിയില്ല.
ശൈവ സമ്പ്രദായക്കാരും അതുപോലെതന്നെ വൈഷ്ണവരും ശാക്തേയരും വേദത്തിനു തുല്യമായി ആഗമങ്ങള്‍ക്ക് ആധികാരികത കല്‍പ്പിക്കുന്നവരാണ്. എന്നാല്‍ അടിസ്ഥാനപരമായി ഈ മൂന്നു സമ്പ്രദായങ്ങളും വൈദിക ജ്ഞാനത്തെയാണ് ആശ്രയിക്കുന്നത്. ഇവര്‍ക്കെല്ലാം ആത്യന്തിക സത്യമെന്നത് വേദത്തിലെ സത്ചിദാനന്ദ സ്വരൂപമാകുന്ന ബ്രഹ്മമാണ്. ഈ ബ്രഹ്മത്തെയാണ് ശൈവര്‍ ശിവനായും വൈഷ്ണവര്‍ വിഷ്ണുവായും ശാക്തേയര്‍ പരാശക്തിയായും ആരാധിക്കുന്നത്. എന്നാല്‍ താത്ത്വികമായ വിശദീകരണങ്ങളിലും ചില അനുഷ്ഠാനങ്ങളിലും ഇവര്‍ വൈദിക പാരമ്പര്യത്തില്‍ നിന്ന് വ്യത്യസ്തത പുലര്‍ത്തുന്നുണ്ട്.
ശൈവ സമ്പ്രദായത്തിന്റെ തുടക്കത്തെയും തുടര്‍ന്നുള്ള വികാസത്തെയും സംബന്ധിച്ച് കൃത്യമായ ചരിത്രം ലഭ്യമല്ല. ഇതിന്റെ ദര്‍ശനം ദ്രാവിഡ ഭാഷകളിലും സംസ്‌കൃതത്തിലും രേഖപ്പെടുത്തിയിരിക്കുന്നു. ദ്രാവിഡ ഭാഷകളില്‍ പ്രകാശിപ്പിക്കപ്പെട്ട ദര്‍ശനം സംസ്‌കൃതത്തില്‍ നിന്നു പരിഭാഷപ്പെടുത്തിയതാണോ അതോ സംസ്‌കൃത രചനകളുടെ സ്വാധീനത്തില്‍ നിര്‍മിക്കപ്പെട്ടതാണോ എന്നും വ്യക്തമല്ല. ശൈവ ദര്‍ശനം ആദ്യമായി അവതരിപ്പിക്കപ്പെട്ടത് ആഗമങ്ങളിലാണ്. ഈ ആഗമങ്ങളുടെ കാലം കൃത്യമായി കണക്കാക്കപ്പെട്ടിട്ടില്ല. ഇപ്പോള്‍ ലഭ്യമായിട്ടുള്ള ആഗമങ്ങളില്‍ കൂടുതലും വിവിധ ദ്രാവിഡ ലിപികളുപയോഗിച്ചുള്ള സംസ്‌കൃത രചനകളാണ്. ‘ആര്യ സംസ്‌കാരം’ വ്യാപിക്കുന്നതിനു മുന്‍പ് ദ്രാവിഡ ഭാഷയില്‍ ദര്‍ശനങ്ങളടങ്ങുന്ന ഏതെങ്കിലും കൃതി ഉണ്ടായിരുന്നതിന് യാതൊരു തെളിവുമില്ലെന്ന് സംസ്‌കൃത പണ്ഡിതനും ഭാരതീയ തത്ത്വചിന്തയുടെ ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളയാളുമായ സുരേന്ദ്രനാഥ് ദാസ് ഗുപ്ത പറയുന്നുണ്ട്. ഏറ്റവും പുരാതനമെന്ന് കരുതപ്പെടുന്ന കാമിക ആഗമത്തെ ആശ്രയിക്കുന്ന മൃഗേന്ദ്ര ആഗമത്തില്‍, ശൈവ സമ്പ്രദായം വേദത്തിലെ ഉപാസനാ മാര്‍ഗത്തില്‍ നിന്ന് എപ്രകാരം വികാസം പ്രാപിച്ചുവെന്ന് വ്യക്തമാക്കുന്നുണ്ട്. വേദത്തിലെ ഉപാസനയില്‍ മന്ത്രങ്ങള്‍ മാത്രമാണ് ദേവതകളെ പ്രതിനിധീകരിക്കുന്നത്. എന്നാല്‍ ശൈവ സമ്പ്രദായത്തില്‍ സ്ഥൂലരൂപങ്ങളാകുന്ന ക്ഷേത്രങ്ങള്‍, വിഗ്രഹങ്ങള്‍ എന്നിവയും ദേവതകളെ പ്രതിനിധാനം ചെയ്യുന്നു.
ശൈവ ദര്‍ശനത്തിന്റെ തുടക്കം ദക്ഷിണ ഭാരതത്തിലാണെന്നും അതല്ല, കശ്മീരിലാണെന്നും വാദമുണ്ട്. ഇതുസംബന്ധിച്ച് കൃത്യമായി പറയാനുള്ള തെളിവുകള്‍ ലഭ്യമല്ല. അതിനാല്‍ അതിപുരാതന കാലത്ത് ഭാരതത്തില്‍ പലയിടങ്ങളിലായി വ്യാപിച്ചിരുന്ന ഒന്നായിരുന്നു ശൈവ ദര്‍ശനമെന്ന് പൊതുവെ അംഗീകരിക്കപ്പെടുന്നു. അഭിനവഗുപ്തന്റെയും (975-1025 സി.ഇ) മറ്റും ശ്രമഫലമായി ശൈവദര്‍ശനത്തിന്റെ താന്ത്രിക പാരമ്പര്യവും രൂപപ്പെടുകയുണ്ടായി. കശ്മീരില്‍ അഞ്ച് നൂറ്റാണ്ടോളം ശൈവദര്‍ശനം നിലനിന്നിരുന്നു.
ആഗമങ്ങള്‍ പ്രതിപാദിക്കുന്ന ശൈവ ദര്‍ശനത്തില്‍ ശിവന്‍ പ്രപഞ്ചത്തിന്റെ സൃഷ്ടി സ്ഥിതി ലയങ്ങള്‍ക്ക് നിമിത്ത കാരണവും, ശിവന്റെ ശക്തി ഉപാദാന കാരണവുമാകുന്നു. ആത്മാക്കള്‍ സര്‍വ്വവ്യാപികളായിട്ടുള്ള ചിത്‌സ്വരൂപങ്ങളും. അവയെ തമോഗുണത്തിന്റെ വ്യാപനമാകുന്ന അശുദ്ധ ശക്തി ബാധിക്കുന്നു. ഇതിനു കാരണം ശക്തിയുടെ അംശങ്ങളോടുള്ള ആത്മാവിന്റെ സംഗമാകുന്നു. ഇവയില്‍ നിന്ന് മോചനമാഗ്രഹിക്കുന്ന ആത്മാവ് ഭഗവാന്റെ അനുഗ്രഹത്താല്‍ തമസ്സിന്റെ ആവരണത്തില്‍ നിന്ന് പുറത്തുവരുന്നു.
ശൈവദര്‍ശനത്തിന് അനേകം അവാന്തരവിഭാഗങ്ങള്‍ ഉള്ളതുകാരണം വ്യവസ്ഥാപിതമായ ഒരു ദര്‍ശന ഘടന കാണാന്‍ സാധ്യമല്ല. കൂടുതല്‍ പ്രചാരത്തിലുള്ള ദര്‍ശന ശാഖകള്‍ തമിഴ്‌നാട്ടില്‍ വ്യാപിച്ചിട്ടുള്ള ശൈവ സിദ്ധാന്തം, കര്‍ണാടകത്തിലെ വീര ശൈവ മതം, ഗുജറാത്തില്‍ അറിയപ്പെടുന്ന പാശുപത വിഭാഗം, കശ്മീരിലെ പ്രത്യഭിജ്ഞാ വിഭാഗം എന്നിവയാണ്. രക്തതര്‍പ്പണമുള്‍പ്പെടെയുള്ള വാമാചാരങ്ങള്‍ അനുഷ്ഠിക്കുന്ന കാപാലികരും ശൈവമതക്കാരായുണ്ട്. പക്ഷേ ശങ്കരാചാര്യരും രാമാനുജാചാര്യരും ഈ ശാഖയെ വൈദിക വിരുദ്ധമായിട്ടാണ് പരിഗണിച്ചത്.
ശൈവ സിദ്ധാന്തവും പാശുപത ദര്‍ശനവും
ദക്ഷിണ ഭാരതത്തിലും ശ്രീലങ്കയിലും പ്രചാരത്തിലുണ്ടായിരുന്ന ഒന്നാണ് ‘ശൈവ സിദ്ധാന്തം.’ തമിഴ്‌നാട്ടില്‍ ശൈവ സിദ്ധാന്ത രചയിതാക്കള്‍ ക്രിസ്തുവര്‍ഷം രണ്ടാം നൂറ്റാണ്ടിനും ക്രിസ്തുവിനു മുന്‍പ് നാലാം നൂറ്റാണ്ടിനുമിടയ്ക്ക് ജീവിച്ചിരുന്ന തിരുമുലരും, പിന്നീട് അഞ്ചാം നൂറ്റാണ്ടിനും ഒന്‍പ താം നൂറ്റാണ്ടിനുമിടയിലെ മാണിക്കവാചകര്‍, അപ്പര്‍, ജ്ഞാന സംബന്ധര്‍, സുന്ദരര്‍ എന്നിവരും, പതിമൂന്നാം നൂറ്റാണ്ടിലെ മെയ്ക്കണ്ടദേവരുമാണ്.
തമിഴിലെ പ്രസിദ്ധമായ ഭക്തി സാഹിത്യത്തില്‍ കാണപ്പെടുന്ന ഈ ദര്‍ശനം ദ്വൈത സ്വഭാവമുള്ളതാണ്. കാരണം ഇതുപ്രകാരം മോക്ഷാവസ്ഥയില്‍ ആത്മാവ് ശിവനുമായി ലയിച്ച് ഒന്നാകുന്നില്ല. ആത്മാവിന്റെ അനുഭവങ്ങളും അവയ്ക്കനുസൃതമായി വന്നുചേരുന്ന അവസ്ഥകളും പ്രപഞ്ചവും അതിലെ വസ്തുക്കളും ജീവജാലങ്ങളും അസ്ഥിരമാണ്. എന്നാല്‍ ശുദ്ധബോധസ്വരൂപമാകുന്ന ആത്മാവും തനതായ ശക്തിയും ശാശ്വതമായി നിലനില്‍ക്കുന്നവയാണ്. അവയുടെ അസ്തിത്വം ശിവനെ ആശ്രയിച്ചാണെന്നുമാത്രം. അവ എപ്പോഴും ശിവനോട് യോജിച്ചു നിലനില്‍ക്കുന്നവയാണ്.
മഹാഭാരതം ശാന്തിപര്‍വ്വത്തിലെ പരാമര്‍ശമനുസരിച്ച് രണ്ടാം നൂറ്റാണ്ടില്‍ പ്രചാരത്തില്‍ വന്ന പാശുപത സമ്പ്രദായമാണ് ആദ്യത്തെ ശൈവവിഭാഗം. ഈ ദര്‍ശനത്തില്‍ ജീവാത്മാക്കള്‍ ശിവന്റെ തിരോധാന ശക്തി അഥവാ അശുദ്ധ ശക്തിയാകുന്ന ‘പാശ’ ത്താല്‍ ബന്ധിക്കപ്പെട്ടവരാണ്. അതിനാല്‍ ബദ്ധനായ ആത്മാവ് ‘പശു’ എന്നും ആത്മാക്കളുടെ നാഥനായ ശിവന്‍ ‘പശുപതി’ എന്നും വിളിക്കപ്പെടുന്നു. അതായത് ‘പശുപതി’ കാളയുടെ പുറത്തേറി സഞ്ചരിക്കുന്ന ദൈവമല്ല എന്നര്‍ത്ഥം. ശിവന്‍ ജീവാത്മാക്കളുടെ പതിയാവുന്നു. ഇവിടെ മറ്റൊരു കാര്യവും ശ്രദ്ധയില്‍ വരുന്നുണ്ട്. ജീവാത്മാക്കളെ യമപുരിയിലേക്ക് നയിക്കാന്‍ യമന്‍ അഥവാ കാലന്‍ കയറുമായി പോത്തിന്റെ പുറത്തേറി ആഗതനാവുമെന്ന സങ്കല്‍പ്പവും ഈ ദര്‍ശനത്തില്‍ നിന്നുദ്ഭവിച്ചതായിരിക്കാം. കാരണം ‘പാശം’ എന്ന പദത്തിന് ‘കയറ്’ എന്നും, ഉണ്മയെ മറച്ചുപിടിക്കുന്ന തിരോധാന ശക്തിയെന്നും അര്‍ത്ഥമുണ്ട്. തിരോധാന ശക്തിയാല്‍ ബദ്ധരായ ആത്മാക്കളെ മാത്രമാണ് യമന്‍ പാശത്താല്‍ ബന്ധിച്ചുകൊണ്ടുപോവുകയെന്നതും ഇവിടെ ശ്രദ്ധേയമാണ്. ഇതിനര്‍ത്ഥം നിര്‍മലരല്ലാത്ത ആത്മാക്കള്‍ പാശത്താല്‍ (തിരോധാന ശക്തിയാല്‍) ബദ്ധരായിട്ടുതന്നെ മരണപ്പെടുന്നുവെന്നാണ്.
പുരാണങ്ങളിലെ ഇത്തരം പ്രതീകാത്മസിദ്ധാന്തങ്ങളെ പഠിതാക്കളും പണ്ഡിതന്മാര്‍പോലും അക്ഷരാര്‍ത്ഥത്തില്‍ സ്വീകരിക്കുന്നതു മൂലം അവ പാശ്ചാത്യരുടെ ‘മിത്തു’കളുടെ നിലവാരത്തില്‍ അന്ധവിശ്വാസമായും വിലയിരുത്തപ്പെടുന്നു. കള്‍ച്ചറല്‍ മാര്‍ക്‌സിസ്റ്റുകള്‍ ഹൈന്ദവ പാരമ്പര്യത്തെ ഇകഴ്ത്തിക്കാട്ടാന്‍ ഇത്തരം പ്രതീകങ്ങളെയാണ് ആശ്രയിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഭാരതീയരുടെ പുരാണങ്ങളില്‍ കാണുന്ന സങ്കല്‍പ്പകഥകള്‍ പാശ്ചാത്യരുടെ ‘മിത്തു’ കളെപ്പോലെ കെട്ടുകഥകളല്ല. അവ ആത്മീയ ദര്‍ശനങ്ങളുടെ പ്രതീകാത്മക ചിത്രീകരണങ്ങളാണ്.
ശിവമഹാപുരാണത്തിലെ അവസാന ഭാഗമാകുന്ന വായവീയ സംഹിതയില്‍ പാശുപത ദര്‍ശനത്തിന്റെ വിശദീകരണമുണ്ട്. ഈ സമ്പ്രദായത്തില്‍ ബ്രഹ്മം എന്നത് സച്ചിദാനന്ദ സ്വരൂപം മാത്രമല്ല, ശിവ-ശക്തികളുടെ സംയോഗവുമാണ്. ശിവന്‍ സൃഷ്ടിയുടെ നിമിത്ത കാരണവും ശക്തി അഥവാ പ്രകൃതി ഉപാദാന കാരണവുമാകുന്നു. ശിവന്‍ സൃഷ്ടിക്ക് നിമിത്ത കാരണമാകുന്നുവെങ്കിലും സൃഷ്ടിക്കതീതനായിത്തന്നെ നിലകൊള്ളുന്നു. ഇപ്രകാരം പാശുപത സമ്പ്രദായവും ദ്വൈതത്തെ ഉള്‍ക്കൊള്ളുന്നതാണ്. പാശുപത ദര്‍ശനത്തിലെ കര്‍മസിദ്ധാന്തമനുസരിച്ച് കര്‍മം സ്വാഭാവികമായി ഫലത്തിലേക്ക് നീങ്ങുന്നില്ല. കര്‍മം അനുഷ്ഠിക്കപ്പെട്ടു കഴിഞ്ഞാല്‍ അത് നിര്‍ജീവമാണ്. അതിനാല്‍ തനിയേ ഫലവത്താകാന്‍ സാധിക്കുന്നില്ല. ഫലപ്രാപ്തിയുണ്ടാകുന്നത് ഈശ്വരേച്ഛമൂലമാണ്.
വീരശൈവ ശാഖയും കശ്മീര ശൈവവും
ബസവേശ്വരന്റെ നേതൃത്വത്തില്‍ കര്‍ണാടകയില്‍ രൂപംകൊണ്ടതാണ് വീരശൈവ വിഭാഗം. അല്ലാമ പ്രഭുവും അക്ക മഹാദേവിയുമാണ് ഇതിന്റെ അനുയായികള്‍. പൊതുവെ അവരുടെ മതത്തിന്റെ സംരക്ഷണാര്‍ത്ഥം പോരാടുന്നവരാണ്. അതിനാലാണ് വീരശൈവന്മാര്‍ എന്നറിയപ്പെട്ടത്. പാശുപത ദര്‍ശനത്തിനു ശേഷം പതിനൊന്നാം നൂറ്റാണ്ടില്‍ പ്രചരിച്ചതാണ് വീരശൈവദര്‍ശനം എന്നു കരുതുന്നു. വീരശൈവക്കാരെ തമിഴ് നായനാര്‍മാര്‍ സ്വാധീനിച്ചിരുന്നുവെന്നതിന് തെളിവുകളുണ്ട്. കന്നടയിലുള്ള വീരശൈവ കൃതികള്‍ തമിഴ് ശൈവാചാര്യന്മാരെ കുറിച്ചുള്ള ധാരാളം വിവരങ്ങളടങ്ങുന്നവയാണ്. ബസവ പുരാണത്തിലെ സിംഹഭാഗവും തമിഴ് സിദ്ധന്മാരെ സംബന്ധിച്ചുള്ളതാണ്.
വീരശൈവ ദര്‍ശനത്തില്‍ ഈശ്വരനെ സംബന്ധിച്ച് അമൂര്‍ത്തവും മൂര്‍ത്തവും ചേര്‍ന്ന സങ്കല്പമാണുള്ളത്. ഉദാഹരണത്തിന് ശ്രീകണ്ഠന്‍ വിവരിക്കുന്ന പ്രകാരം ശിവന്‍ ഒരേ സമയം സച്ചിദാനന്ദ സ്വരൂപമാകുന്ന ബ്രഹ്മവും സര്‍വ്വശക്തിമാനായ സൃഷ്ടിസ്ഥിതി സംഹാരകനുമാകുന്നു. ഇതിലും ശിവന്‍ സൃഷ്ടിക്ക് നിമിത്ത കാരണവും അദ്ദേഹത്തിന്റെ ശക്തി ഉപാദാന കാരണവുമാകുന്നു. ആത്മാവിനെ ഈശ്വരന്റെ ഭാഗമായും മറ്റ് ചിലപ്പോള്‍ ഈശ്വരന് സമമായും കരുതുന്നു. ഇപ്രകാരം ഏകത്വവും ദ്വൈതവും ഇട കലര്‍ന്നു കാണാം.
കശ്മീരില്‍ അതിപുരാതനകാലം തുടങ്ങി ശിവന്‍ ആരാധ്യദേവനായിരുന്നു. അവിടെ ആദ്യം പ്രചാരത്തിലുണ്ടായിരുന്നത് ദ്വൈത ദര്‍ശനമുള്‍ക്കൊള്ളുന്ന പാശുപത സമ്പ്രദായമായിരുന്നു. എന്നാല്‍ ഒന്‍പതാം നൂറ്റാണ്ടായപ്പോഴേക്കും അവിടത്തെ ശൈവസമ്പ്രദായത്തിന്റെ സ്വഭാവം മാറി. ശ്രീശങ്കരന്റെ സ്വാധീനത്താല്‍ അവിടത്തെ ശൈവ ദര്‍ശനം ദ്വൈതം വെടിഞ്ഞ് ഏകതത്ത്വവാദമായിത്തീര്‍ന്നു. വസുഗുപ്തന്റെ പ്രസിദ്ധമായ ‘ശിവസൂത്രങ്ങള്‍’ ഏകതത്ത്വ ശൈവ ദര്‍ശനമാണ് ഉള്‍ക്കൊള്ളുന്നത്. പാശുപത ദര്‍ശനത്തിന്റെ ദ്വൈതം അദ്വൈതവാദിയായ ശ്രീശങ്കരന് സ്വീകാര്യമല്ലായിരുന്നു. കശ്മീര ശൈവ മതത്തിന്റെ പുതിയ നിലപാടനുസരിച്ച് ശിവന്‍ മാത്രമാണ് സ്വതന്ത്രാസ്തിത്വമുള്ള ഏക തത്ത്വം. ചിദാനന്ദ സ്വരൂപമായിട്ടുള്ള ഈ ശിവതത്ത്വം തന്നെയാണ് ബ്രഹ്മം. ഇതിന്റെ രൂപാന്തരങ്ങളാണ് പ്രപഞ്ചവും അതിലെ വസ്തുക്കളും. ശിവനും പ്രപഞ്ചവും തമ്മില്‍ സത്തയില്‍ വ്യത്യാസമില്ല. രണ്ടും ഉള്ളടക്കത്തില്‍ ചിദാനന്ദസ്വരൂപം തന്നെയാകുന്നു. ശിവന്‍ നിശ്ചലാവസ്ഥയില്‍ സ്ഥിതിചെയ്യുന്ന ബ്രഹ്മം, പ്രപഞ്ച ശക്തിയാവട്ടെ ചലിക്കുകയും പരിണമിക്കുകയും ചെയ്യുന്ന ബ്രഹ്മം എന്നതാണ് വ്യത്യാസം. സൃഷ്ടിയുടെ ആരംഭത്തില്‍ സമുദ്രത്തില്‍ തിരമാലകളെന്നതുപോലെ ശിവ തത്ത്വത്തില്‍ ഒരു സ്പന്ദനം അഥവാ തരംഗം ഉണ്ടാകുന്നു. സമുദ്രത്തിന്റെയും തിരയുടെയും ഉള്ളടക്കം ഒന്നുതന്നെയാണല്ലോ. ശിവന്റെ ഇച്ഛാശക്തി ഒരു സ്പന്ദനമായി ഉദ്ഭവിക്കുകയും, പ്രപഞ്ചമായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. ഇക്കാരണത്താല്‍ കശ്മീര ശൈവ ദര്‍ശനം സ്പന്ദവാദം എന്ന പേരിലും അറിയപ്പെടുന്നു. മോക്ഷാവസ്ഥയില്‍ ആത്മാവും ശിവതത്ത്വമായിത്തീരുന്നു. ഇപ്രകാരമാണ് കശ്മീര ശൈവദര്‍ശനം ശ്രീശങ്കരന്റെ ഏകത്വ സിദ്ധാന്തത്തിന്റെ പാത സ്വീകരിച്ചതെന്നാണ് പല പണ്ഡിതന്മാരുടെയും അഭിപ്രായം.
ശ്രീശങ്കരനും ഗുരുദേവനും
ആധുനിക കാലത്ത് കേരളത്തിലെ സന്ന്യാസി ശ്രേഷ്ഠനും തത്ത്വജ്ഞാനിയുമായ ശ്രീനാരായണഗുരു ഏകതത്ത്വ വേദാന്തിയായിരുന്നു. അതിനാല്‍ ഗുരു ശ്രീശങ്കരന്റെ പാതയില്‍ തന്നെയായിരുന്നു. എന്നാല്‍ ഗുരുവിന് കൂടുതല്‍ സ്വീകാര്യമായത് കശ്മീര ശൈവ ദര്‍ശനമായിരുന്നു എന്നു കാണാം. ഗുരുവിന്റെ ദര്‍ശനം വേദാന്തത്തിലെ നിര്‍ഗുണ ബ്രഹ്മത്തെയും സഗുണബ്രഹ്മത്തെയും സ്പന്ദവാദത്തെയും കൂട്ടിയിണക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഇതു തന്നെയാണ് കശ്മീര ദര്‍ശനത്തിന്റെയും സ്വഭാവം. ഗുരുവിന്റെ ദര്‍ശനത്തില്‍ ബ്രഹ്മം ത്രിഗുണങ്ങള്‍ക്ക് (സത്വം, രജസ്സ്, തമസ്സ്) അതീതമാണ്, അതിനാല്‍ നിര്‍ഗുണനാണ്. പക്ഷേ ബ്രഹ്മം അനന്തശക്തിയുടെ ഉടമയുമാണ്. ബ്രഹ്മത്തിന്റെ ഇച്ഛയാലാണ് സൃഷ്ടിസ്ഥിതിലയങ്ങള്‍ നടക്കുന്നത്. ഇപ്രകാരം നിര്‍ഗുണബ്രഹ്മവും സഗുണബ്രഹ്മമാകുന്ന ഈശ്വരനും ഒന്നുതന്നെയാകുന്നു. ശ്രീനാരായണ ഗുരുദേവന്റെ ‘ദൈവ ദശകം’ എന്ന കൃതിയിലെ വരികള്‍ ഗഹനമായ ഈ തത്ത്വം അതിലളിതമായി പറയുന്നുണ്ട്.
”നീയല്ലോ സൃഷ്ടിയും
സ്രഷ്ടാ-
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ സൃഷ്ടി-
ക്കുള്ള സാമഗ്രിയായതും.”
(നീ (ഈശ്വരന്‍) തന്നെയാണ് സൃഷ്ടി, നീ തന്നെയാണ് സ്രഷ്ടാവ്, നീ തന്നെയാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ള സര്‍വ്വതും, അല്ലയോ ദൈവമേ സൃഷ്ടിക്കാനുള്ള സാമഗ്രികളും നീ തന്നെയാണ്).
പ്രപഞ്ചം ഈശ്വരനില്‍ നിന്നുദ്ഭവിക്കുന്നത് സമുദ്രത്തില്‍ തിരമാലയിളകുന്നതു പോലെയാണ്. രണ്ടിന്റെയും ഉള്ളടക്കം ഒന്നുതന്നെ. എന്നാല്‍ ഒന്ന് (ബ്രഹ്മം) നിശ്ചലതത്ത്വമായി സ്ഥിതിചെയ്യുകയും, മറ്റേത് (പ്രപഞ്ചശക്തി) ചലിക്കുകയും പരിണമിക്കുകയും ചെയ്യുന്നു. ഗുരുദര്‍ശനത്തിന്റെ ആഴം അറിയിക്കുന്ന ‘ആത്മോപദേശ ശതകം’ എന്ന കൃതിയില്‍ ഇപ്രകാരം പറയുന്നു:
”വെളിയില്‍ ഇരുന്നു വിവര്‍ത്തമിങ്ങു കാണും
വെളി മുതലായ വിഭൂതിയഞ്ചുമോര്‍ത്താല്‍
ജലനിധി തന്നിലുയര്‍ന്നിടും തരംഗാ-
വലിയതുപോലെ യഭേദമായ് വരേണം”
(വെളിയിലിരിക്കുന്നതുപോലെ വിവര്‍ത്തരൂപത്തില്‍ നാം കാണുന്ന ആകാശം മുതലായ അഞ്ചുഭൂതങ്ങളും മനന വിധേയമാക്കിയാല്‍ കടലില്‍ ഉണ്ടായി മറയുന്ന തിരകളുടെ നിര എന്നതുപോലെ അഭേദമായി വരണം)
ഗുരുദര്‍ശനത്തില്‍ ഈശ്വരശക്തിയാകുന്ന മായ മിഥ്യയല്ല, മറിച്ച് അനശ്വരതത്ത്വമായ ബ്രഹ്മം തന്നെയാകുന്നു. മായയുടെ ഉല്‍പ്പന്നങ്ങളാണ് നശ്വരമായിട്ടുള്ളതും സംസാരകാരണമാകുന്നതും. ദൈവദശകത്തില്‍ ഇത് വ്യക്തമാക്കുന്നുണ്ട്:
”നീയല്ലോ മായയും മായാ-
വിയും മായാ വിനോദനും
നീയല്ലോ മായയെ നീക്കി
സ്സായുജ്യം നല്‍കുമാര്യനും.”
(അല്ലയോ ദൈവമേ, നീ തന്നെയാണ് മായ, നീ തന്നെയാണ് മായാവി, നീ തന്നെയാണ് മായകൊണ്ട് ലീലാവിനോദം നടത്തുന്നവന്‍, നീ തന്നെയാണ് മായയെ നീക്കി സായുജ്യം നല്‍കുന്ന ആര്യനും-ശ്രേഷ്ഠനും).
മോക്ഷമാര്‍ഗ്ഗത്തിന്റെ കാര്യത്തിലും ഗുരു മറ്റ് വേദാന്ത ശാഖകള്‍, വൈഷ്ണവ ദര്‍ശനം, ശൈവ ദര്‍ശനം എന്നിവയുടെ മാര്‍ഗ്ഗങ്ങളും സ്വീകരിക്കുന്നു. അതിനാല്‍ ജ്ഞാനത്തിനു മാത്രമല്ല, സല്‍ക്കര്‍മം, ഭക്തി, ഈശ്വരാനുഗ്രഹം എന്നിവയ്ക്കും പ്രാധാന്യം കല്‍പ്പിക്കുന്നു. മോക്ഷാവസ്ഥയില്‍ ആത്മാക്കള്‍ ബ്രഹ്മത്തില്‍ നിന്നു വ്യത്യസ്തരല്ല. ഇക്കാര്യത്തില്‍ ഗുരുദര്‍ശനവും കശ്മീര ശൈവ ദര്‍ശനവും അദ്വൈതത്തെ അനുഗമിക്കുന്നു. മോക്ഷത്തിന്റെ കാര്യത്തില്‍ ഈശ്വരാനുഗ്രഹത്തിന് പ്രാധാന്യം കല്‍പ്പിക്കുന്നതില്‍ ഗുരുദര്‍ശനവും കശ്മീര ദര്‍ശനവും ഒരുമിക്കുന്നു.
ഇവിടെ വ്യക്തമാകുന്ന ഒരു കാര്യം അതിപുരാതനകാലം തുടങ്ങി ഭാരതത്തിലുടനീളം സനാതനധര്‍മം തന്നെയാണ് നിലനിന്നിരുന്നത് എന്നാണ്. മാത്രമല്ല, വൈദിക ദര്‍ശനത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ ശൈവ ദര്‍ശനം പോലുള്ള വിവിധ മതങ്ങളും തെക്കുവടക്കെന്ന ഭേദമില്ലാതെ സര്‍വ്വത്ര വ്യാപിച്ചിരുന്നു. കേരളത്തിലെ ഏറ്റവും പ്രമുഖരായ രണ്ട് ആചാര്യന്മാര്‍, ശ്രീശങ്കരനും ശ്രീനാരായണഗുരുവും, രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളില്‍ ഭാരതത്തിന്റെ വടക്കേയറ്റത്തുള്ള കശ്മീരികളുടെ ദര്‍ശനത്തെ യഥാക്രമം സ്വാധീനിക്കുകയും സ്വീകരിക്കുകയും ചെയ്തുവെന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
(തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് ഫിലോസഫി വിഭാഗം മുന്‍ അധ്യക്ഷയാണ് ലേഖിക)